Tuesday, February 28, 2006

എത്‌പ്പ്‌ !

നെടുമങ്ങാട്‌.

അതാണ്‌ സ്ഥലനാമം.


പ്രസിദ്ധിയെക്കാള്‍ കുപ്രസിദ്ധിയാണ്‌ ഞങ്ങളുടെ നാടിനെക്കുറിച്ച്‌ പുറംലോകത്തിനു കൂടുതല്‍. അതിന്റെ കാരണം രസകരമാണ്‌. തിരുവനന്തപുരത്തിനുവടക്കോട്ടുള്ള വാര്‍ത്തകള്‍ എല്ലാം അച്ചടിച്ചുവരുന്നതു നെടുമങ്ങാട്‌ റൂറല്‍ ന്യൂസ്‌ ബ്യൂറോയുടെ കീഴിലാണ്‌.

അതുകാരണം ഞങ്ങളുടെ നാടിനെ കുറിച്ചുള്ള വാര്‍ത്തകള്‍ക്ക്‌ അന്നും ഇന്നും ചില പതിവുനിറങ്ങളെയുള്ളു. ഒന്നുകില്‍ ആത്മഹത്യ അല്ലെങ്കില്‍ പെണ്‍വാണിഭം. അതുമല്ലെങ്കില്‍ കഞ്ചാവുവേട്ട. അല്ലെങ്കില്‍ വാറ്റുചാരായം.
ഈ ഏറ്റുപറച്ചിലിലൂടെ നെടുമങ്ങാടിനെ ഈയുള്ളവന്‍ സദാചാരത്തിന്റെ ഈറ്റില്ലമാക്കുകയല്ല.


അതുകൊണ്ടുതന്നെ നമുക്ക്‌ മറിയയില്‍ തുടങ്ങാം.
കല്ലംമ്പാറ മറിയ.

നെടുമങ്ങാടിന്റെ സ്വന്തമായി അറിയപ്പെട്ട വേശ്യ.
ഞാന്‍ രണ്ടുതവണയെ മറിയയെ കണ്ടിട്ടുള്ളു. ഒന്ന്; ആറാം ക്ലാസില്‍ പടിക്കുമ്പോള്‍ ഗവണ്‍മന്റ്‌ ബോയ്സ്‌ യു. പി. സ്കൂളിന്റെ മുന്നില്‍.
അന്നെനിക്കു അവരെ കാണിച്ചുതന്നത്‌ എന്റെ സഹപാഠി, അരശുപറമ്പിലുള്ള പ്രസന്നനാണ്‌. കണ്ടപ്പോള്‍ എനിക്ക്‌ അതിശയം തോന്നി. കറുത്തമുഖത്ത്‌ അമിതമായി പൌഡറും പൂശി തിളങ്ങുന്ന പച്ചനിറമുള്ള സാരിയുടുത്തു ചുണ്ടില്‍ ചായം തേച്ച ഒരു സ്ത്രീ.
ഒരുപാട്‌ സംശയങ്ങളുടെ ഇടയില്‍ ഒരു സംശയം മാത്രമേ അന്നു ബലമായുണ്ടായിരുന്നുള്ളു. പ്രസന്നന്‌ ഇവരെ എങ്ങനെ അറിയാം. അതു ഞാന്‍ ചോദിച്ചു.
ഞാനിതൊക്കെ കുറേകണ്ടതാണെന്നുള്ള ചിരി അതിനുത്തരമായി ചിരിച്ചു അന്നത്തെ ആ ആറാം ക്ലാസുകാരന്‍.


പിന്നെ ഞാന്‍ കണ്ടു മറിയയെ, സ്കൂള്‍ കാലമൊക്കെ കഴിഞ്ഞു കുറേ വര്‍ഷങ്ങള്‍ക്ക്‌ ശേഷം.
എന്റെ ഒരു സുഹ്രുത്തിന്റെ കാസറ്റ്‌ ഷോപ്പിനുമുന്നില്‍.
അവന്‍ പറഞ്ഞു, "നിനക്കറിയുമോ ഇവരെ? ഇതാണെടാ പഴയ കല്ലംപാറ മറിയ".
ഞാന്‍ നോക്കി.
മങ്ങിയ പച്ചപൂക്കളുള്ള ഒരു മങ്ങിയ സാരി. ഹവായ്‌ ചപ്പലുകള്‍.
ഒരുപാടു ചുളുക്കുകള്‍ വീണ വരണ്ടമുഖം. അതില്‍ നിറം തെറ്റി വരച്ചതുപോലെ പഴമയുടെ ബാക്കിയായ്‌ കുങ്കുമം കലക്കിതേച്ച ചുണ്ടുകളും.
മുഖത്ത്‌ പഴയ ശൃംഗാരമില്ല. പുറംലോകത്തോടുള്ള പേടി മാത്രം.
ഒഴിഞ്ഞുപോയ ശൃംഗാരം ഉള്ളില്‍ ഓര്‍മ്മിച്ച്‌ മറിയ നടന്നു.
ഒരു തെരുവുമുഴുവന്‍ അവജ്ഞയോടെ മറിയയെ നോക്കി നിന്നു.
ഇന്നു നേടുമങ്ങാടിന്റെ നെഞ്ചില്‍ മറിയയുടെ നടത്തമില്ല. പുറം ലോകമറിയാത്ത മറിയമാര്‍ മറ്റുള്ള നാട്ടിലെന്നപോലെ ഇവിടെയും നടക്കുന്നുണ്ടാവണം.


മറിയയില്‍ തുടങ്ങുന്നതും തീരുന്നതുമല്ല ഈ നാടിന്റെ കഥ.
മറിയയില്‍ തുടങ്ങുക മാത്രമായിരുന്നു ഞാന്‍. വായനക്കാര്‍ക്കും എന്നിലെ "മഹത്തായ ചരിത്രകാരനും" (കനം ഇത്രമതിയോ?) ഐശ്വര്യമായ ഒരു തുടക്കം കിട്ടാനുള്ള "എത്‌പ്പാണ്‌" മറിയ.
എത്‌പ്പുപോലുള്ള വാക്കുകള്‍ എവിടെ നിന്നെങ്കിലും പഠിക്കുക. നെടുമങ്ങാടിന്റെ ചരിത്രവായനയ്ക്കിടയില്‍ ഇതുപോലുള്ള വാക്കുകള്‍ ഒരു പാട്‌ കടന്നു വരും.
ആദ്യമായതുകൊണ്ട്‌ പറഞ്ഞുതരാം എത്‌പ്പ്‌ എന്നുപറഞ്ഞാല്‍ ശുഭകാര്യങ്ങള്‍ക്ക്‌ ഇറങ്ങുമ്പോള്‍ എതിരേ വരുന്നതിനെ പറയുന്നതാണ്‌.
തന്നെ. അമ്മച്ച്യാണ തന്നെ.


10 comments:

സൂഫി said...

കുമാറേട്ടാ…ശുഭകരമായ എത്പ്പ് കല്ലംമ്പാറ മേരി!
നെടുമങ്ങാടിന്റെ ചരിത്രം തുടങ്ങട്ടെ…

Visala Manaskan said...

ഒന്നുരണ്ടു ദിവസം വായിക്കാതെ പോയാല്‍, പിന്നെ മുടങ്ങിയ ദിവസത്തെ 'പോര്‍ഷന്‍' ഒക്കെ കവര്‍ ചെയ്യല്‍ ഇപ്പോള്‍ എളുപ്പല്ലാതായിരിക്കുന്നു. എത്രോണ്ട്‌ പോസ്റ്റിങ്ങാണപ്പോ!

കുമാറിന്റെ നെടുമങ്ങാടി ചരിതവും അതിന്‌ വച്ച എത്‌പ്പും (ഈ വാക്കെനിക്ക്‌ പുതിയത്‌) വളരെ നന്നായിട്ടുണ്ട്‌. അഭിനന്ദനങ്ങള്‍.

നെടുമങ്ങാട്ടെ കൂടുതല്‍ വിശേഷങ്ങള്‍ക്കായി ഞാനും കാത്തിരിക്കുന്നു..

Kalesh Kumar said...

കുമാര്‍ ഭാ‍യ്, ഉഗ്രന്‍ തുടക്കം! ഭാഷയും കിടിലം!
ഇതുപോലെ ഒരുപാട് ലോക്കല്‍ വാക്കുകള്‍ ഉണ്ട് തിരുവന്തോരം സ്ലാങ്ങില്‍.
അടുത്തത് “പേശ” ആകട്ടെ!
അങ്ങനെ ഓരോന്നോരോന്നാ‍യിട്ട് വരട്ടെ!

aneel kumar said...

പേശ തെറ്റ് കലേഷേ. അത് ‘പ്യേശ’ അല്ലേ?
“കയലീ മുണ്ടിത് ലുംഗിതാന്‍ പേശ
കാഷായാംബര ബഹുകൃതവേഷ”

രാജ് said...

ദൈവമേ തിരോന്തരം ഭാഷയില്‍ ശ്ലോകങ്ങളും ഇറങ്ങുന്നുണ്ടോ?

നെടുമങ്ങാടുകാരാ അതിരാണിപ്പാടം, ലന്തന്‍‌ബത്തേരി, മയ്യഴി, പുന്നയൂര്‍ക്കുളം, കൂര്‍ക്കഞ്ചേരി (ഇതു തന്നെയല്ലേ സാറാ ജോസഫിന്റെ അലാഹയുടെ പെണ്‍‌മക്കളിലെ ഗ്രാമം?) എന്നീ പേരുകളുടെ കൂടെ നെടുമങ്ങാടും ചരിത്രത്താളിലേക്കുള്ള പ്രയാണം തുടരട്ടെ! ബിവേര്‍ പെരിങ്ങോടും വരും ഒരൂസം ;)

Unknown said...

അമ്മച്ച്യാണേ.. എനിക്കിതിഷ്‌ടായ്‌.. ഈ നെടുമങ്ങാട്‌ നെടുമങ്ങാട്‌ എന്നെവിടെയോ കേട്ടിട്ടുണ്ടല്ലോ... ഛെ!! മറന്നു..!!!!

keralafarmer said...

എന്റെ നാടീലും ഉണ്ടൊരു ഉണ്ണിമേരി തന്തയില്ലാത്ത ഒരു കുഞ്ഞിനെ പ്രസവിച്ചു. ഏതോ അനാധാലയത്തിൽ വളരുന്നു.

അരവിന്ദ് :: aravind said...

കൊള്ളാം നെടുമങ്ങാടരേ..
നെടുമങ്ങാടന്‍ കഥകള്‍ അങ്ങനെ നെടുകെ പോരട്ടെ.

ചില നേരത്ത്.. said...

പ്രാദേശിക ചരിത്രങ്ങള്‍ കേട്ടാലും കേട്ടാലും മതിവരാത്തത് തന്നെ..
നെടുമങ്ങാട് ഒരു തുടക്കമാവട്ടെ..

ദേവന്‍ said...

എല്ലാ നാടിനുമുണ്ട് ഇതുപോലൊരു മേരി അല്ലേ‌?
(ശ്ലോകം കലക്കി അനിലേ വക്കാരിയുടെ “അതു താന്‍ അല്യോ ഇത്” നെ വെല്ലും)