
എഴുതാത്ത വരികള്‍ ഉള്ളിലൊളിപ്പിച്ച് ഉത്തമന് തിരികെ പോയി.
ഉത്തമന് ഞങ്ങളുടെ നാടിന്റെ എഴുത്തുകാരന് ആയിരുന്നു.
ഞങ്ങളുടെ അയല്‍വീട്ടുകാരനും കളിക്കൂട്ടുകാരനും ആയിരുന്നു.
പി എ ഉത്തമന് (47) ഇന്നലെ (10 ജൂണ്‍) രാവിലെ അന്തരിച്ചു. കുറച്ചുനാളായി അസുഖ ബാധിതനായിരുന്നു.
ഉത്തമന്റെ പുതിയ (ആദ്യ) നോവല്‍ ആയ ചാവൊലി ഡിസി ബുക്സ് പബ്ലീഷ് ചെയ്തത് കുറച്ചു നാള് മുന്‍പാണ്. ഞങ്ങളുടെ നാടിന്റെ ചരിത്രത്തിലൂടെ ചേര്‍ന്നു പോയ ഒരു സമുദായത്തിന്റെ വികാസം പ്രതിപാദിക്കുന്ന നോവല്‍ ഞങ്ങളുടെ പ്രാദേശിക ഭാഷാനിഘണ്ടുകൂടിയാണ്.
അവസാനമായിട്ട് ഉത്തമന്റെ ഒപ്പം ഞങ്ങള്‍ ഇരുന്നു സംസാരിക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഓടിച്ച് വായിക്കാന്‍ ചാവൊലിയുടെ കയ്യെഴുത്തുപ്രതിയും ചില പ്രിന്റൌട്ടുകളും കരുതിയിരുന്നു. ഈ ഒരു സ്വപ്നനോവല്‍ പബ്ലീഷ് ചെയ്യുന്നതിന്റെ ചെറിയ സന്തോഷം ആ കണ്ണുകളില്‍ നുരയിടുന്നതു കാണാമായിരുന്നു. അതിന്റെ ഒരു കയ്യെഴുത്തു പ്രതി കോവിലനു അയച്ചുകൊടുത്തതും കോവിലന്റെ നല്ല പ്രതികരണവും സന്തോഷങ്ങളായി പറഞ്ഞു.
പിന്നെ ഒരിക്കല്‍കൂടി കണ്ടപ്പോള്‍ ഉത്തമന് ഒരുപാട് ക്ഷീണിച്ചിരുന്നു. ശ്വാസകോശത്തെ ബാധിച്ച രോഗം ഒരു വേദനയായി ഉത്തമനെ കാര്‍ന്നു തുടങ്ങിയിരുന്നു.
ഞങ്ങളറിയുമായിരുന്ന ഉത്തമന് ഒരു തലമുറയിലെ കൊടിപ്പുറത്തിന്റെ ബാലതാരം തന്നെയായിരുന്നു. ഗോലികളി, സെവന്റീസ്, ഓണപ്പന്ത്, കബടി, കിളിത്തട്ട്, ടയറോട്ടല്, ചൂണ്ടയിടല്‍, മാവേലേറ്, മരം കയറ്റം എന്നിങ്ങനെ എന്തിനും മുന്നില്‍ നിന്ന് നയിക്കുന്ന ഉത്തമന്. ഒഴിവു സമയങ്ങള്‍ പുസ്തകങ്ങള്‍ക്കൊപ്പം ചെലവഴിച്ച്, കഥകള്‍ കുത്തിക്കുറിച്ച് പിന്നീടുള്ള ഘട്ടം ഞങ്ങളറിയാത്ത ലോകങ്ങള്‍ ചുറ്റിയ ഉത്തമന്. ‘കഥ’യില്‍ ആദ്യ കഥ അച്ചടിച്ചുവരുന്നതുവരെയും നാട് അറിയാതിരുന്ന കഥാകാരന്.
ആ സുഹൃത്തിന്റെ, പ്രതിഭയുടെ മുന്നില്‍ ഞങ്ങളുടെ ആദരാഞ്ജലികള്‍.

ഉത്തമന്റെ കഥാ സമാഹാരങ്ങള്‍ : സുന്ദര പുരുഷന്മാര്, കവാടങ്ങള്‍ക്കരുകില്‍, കറുത്ത കുരിശ്
നോവല്‍ : ചാവൊലി
---------------------
ഉത്തമന്റെ ചിത്രത്തിനും ചാവൊലി ആസ്വാദന ലിങ്കിനും ശ്രീ.പി..കെ.സുധിയോട് കടപ്പാട്.