Sunday, March 19, 2006

കുളസ്‌ട്രാള്‍!

നാടുമുഴുവനും ഊടുവഴികളിലൂടെ പപ്പന്റെ വീട്ടുമുറ്റത്തേയ്ക്ക്‌ ഒഴുകി. നാട്ടുകാരുടെ ചുണ്ടുകളില്‍ നിന്നുയര്‍ന്ന ചോദ്യങ്ങള്‍ വഴിക്കിരുവശവും വളര്‍ന്നു നില്‍ക്കുന്ന വേലിപ്പരുത്തിയിലും കുറുവട്ടിയിലും തട്ടിത്തെറിച്ചു.

“പപ്പനെന്തര് ‌പറ്റി?”

"പപ്പയ്‌ വാതില്‌ തൊറക്കണില്ല"

"വിളിച്ച്‌ നോക്കീല്ലീ?"

"വിളിച്ച്‌, പക്ഷെ എന്തരാന്തോ വാതില്‌ തൊറക്കണില്ല".

"പപ്പനെ രാവിലേം കണ്ടതാണല്ല്, ശിവരായ അണ്ണന്റെ കടേല്‌ ബോഞ്ചികുടിച്ചോണ്ട്‌ നിക്ക്നത്‌. പിന്നെ എന്തരു പറ്റിയത്‌?"

"യെങ്ങനെ അറിയായ്‌? വാതിലു തൊറന്നാലല്ലീ വല്ലതും ചോതിക്കാന്‍ പറ്റു!"

ബാക്കിവന്ന ചോദ്യങ്ങളുമായി നാട്ടുകാര്‍ എരിയുന്ന വെയിലില്‍ പപ്പന്റെ വീട്ടുമുന്നിലെ കൂട്ടമായി.

അവന്റെ അമ്മ പാറുഅമ്മ വീടിനു ചുറ്റും ഓടി നടന്ന് വിളിക്കുന്നു. അവന്റെ മുറിയുടെ വാതിലും ജനലും അടച്ചിട്ടിരിക്കുന്നു. ചുവരിനു മുകളില്‍ വായു സഞ്ചാരത്തിനുള്ള ചെറിയ വിടവുപോലും പേപ്പര്‍ ഉപയോഗിച്ച്‌ അടച്ചു വച്ചിരിക്കുന്നു പപ്പന്‍.

നാട്ടിലെ പ്രമുഖ രാഷ്ട്രീയ നേതാവ്‌ ഞങ്ങളുടെ കോവാലകിഷയണ്ണന്‍ പപ്പന്റെ അമ്മയോട്‌ തിരക്കി. "പാറുഅക്കാ, എന്തര്‌ പറ്റിയത്‌ പപ്പന്‌?"

മനസില്‍ അടച്ചു വച്ചതെല്ലാം നാട്ടുക്കൂട്ടത്തിലേക്ക്‌ വാരിയെറിഞ്ഞ്‌ പാറുഅമ്മ വിലപിച്ചു "എന്റെ കോവാലേഷാ ഇന്നലെ അവന്റെ കമ്പനീല്‌ ഡാക്ടരന്മാര്‌ വന്ന് സൌജന്യ പരിശോധന വൊണ്ടായിര്‌ന്ന്. എന്തര്‌ കുളസ്ട്രാളാ അങ്ങനെ എന്തരാ കൊഴുപ്പിന്റെ കൊഴപ്പം വൊണ്ടെന്ന് അവന്‍ ഇന്നലെ പറഞ്ഞിര്‌ന്ന്. രാവിലെ ചന്തേപ്പോയി മീനും മരിച്ചിനിയും വാങ്ങിച്ചിറ്റ്‌വന്ന് കേറി വാതിലടച്ച്‌ കെടന്നതാണ്‌. ഞായ്‌ കൊറേനേരമായിറ്റ്‌ വിളിക്കന്‌. അവയ്‌ വിളിക്യാക്കണത്‌ പോലും ഇല്ല. ഞാന്‍ എന്തര്‌ ചെയ്യിറ്റപ്പീ?"

പാറുഅമ്മ പിന്നെയും വിലപിച്ചു.


യുവജനത തീരുമാനിച്ചു, വാതില്‍ തല്ലിപ്പൊളിക്കാം.

ജിം അനിയും പട്ടാളം സാജുവും മസില്‍ പെരുക്കി മുന്നോട്ടുവന്നു.

സോമന്‍ മേശിരി വാതിലിന്റെ പാളിയില്‍ തട്ടി പറഞ്ഞു "നല്ല സ്റ്റ്‌ട്രാങ്ങ്‌ തടിയാണ്‌. നിങ്ങള്‌ വിചാരിച്ചപോലെ പൊളിയൂല്ല പിള്ളരെ."

കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ല. പപ്പന്റെ ജീവനാണ്‌ ഉള്ളില്‍.
കൊളസ്ട്രോള്‍ ഉണ്ടെന്നു സ്ഥീരികരിച്ച സ്ഥിതിക്ക്‌ ഇനി വല്ല അറ്റാക്കും? ആരും പരസ്പരം പറയാന്‍ ധൈര്യം കാണിക്കാത്ത ഈ ചോദ്യം അവരുടെ ഒക്കെ മനസില്‍ ഇരുന്നു പുകഞ്ഞു.

ജിമ്മും പട്ടാളവും ഒരുമിച്ച്‌ വാതിലിന്റെ നേര്‍ക്ക്‌.

..................!

വാതിലിന്റെ ഒരുപാളി പതിവുദിക്കില്‍തുറന്നു, മറ്റേതു ഉറഞ്ഞുതീര്‍ന്ന വെളിച്ചപ്പാട്‌, ദൈവത്തെ കൈവിട്ട്‌ നിലത്തേക്കുവീഴുന്ന പോലെ അകത്തേക്കും വീണു.

ചവിട്ടിപ്പൊളിയുടെ ശബ്ദത്തില്‍ ഞെട്ടി ഉണര്‍ന്ന പപ്പന്‍ കട്ടിലില്‍ നിന്നും ചാടി എഴുന്നേറ്റു. ഉള്ളിലേക്കുള്ള ചവിട്ടിന്റെ വേഗത്തില്‍ അനിയും സാജും ആദ്യം അകത്തേക്ക്‌ തെറിച്ചു.

"പപ്പാ..? "എന്ത്‌ എന്തരു പറ്റി"

ഒന്നുമറിയാത്ത പപ്പന്‍ പുരുഷാരത്തെ നോക്കി. പുരുഷാരം പപ്പനേയും. ആവിയിട്ട്‌ പഴുക്കാന്‍ വച്ച അറയില്‍ നിന്നും തിരിച്ചെടുത്ത നേന്ത്രവാഴക്കുലപോലെ നനഞ്ഞുകുതിര്‍ന്നു പപ്പന്‍ നിന്നു.

..... നിശബ്ദത. പാറു അക്കന്റെ കരച്ചില്‍ അതിനെ നിര്‍ദയാപൂര്‍വ്വം ബ്രേക്ക്‌ ചെയ്തു.

"എന്തരു പറ്റിയെട ചെല്ല നെനക്ക്‌?" പാറുഅമ്മ പപ്പന്റെ കൈക്കു പിടിച്ചു കൊണ്ട്‌ ചോദിച്ചു.
തകര്‍ന്നുകിടക്കുന്ന വാതില്‍ പാളിയില്‍ ഒന്നു നോക്കിയിട്ട്‌ പുരുഷാരത്തിന്റെ മുന്നില്‍ നില്ക്കുന്നവരോട്‌ പപ്പന്‍ പറഞ്ഞു
"ഞാന്‍ കുളസ്ട്രാള്‍ കൊറക്കേര്‌ന്ന്."
"......?" ആകാംക്ഷതുടിക്കുന്ന മുഖങ്ങള്‍.

പപ്പന്‍ തുടര്‍ന്നു.

"ഇന്നലെ ഡാക്ടര്‍ പറഞ്ഞ്‌ കുളസ്ട്രാള്‍ കൊറയ്ക്കാന്‍ വ്യായാമം ചെയ്യനം എന്ന്. അപ്പഴ്‌ ഞാന്‍ ചോതിച്ച്‌, എങ്ങനത്ത വ്യായാമം ആണ്‌ ചെയ്യേണ്ടതെന്ന്. അപ്പഴ്‌ അങ്ങേര്‌ പറഞ്ഞ്‌ എങ്ങനെ ചെയ്താലും കൊഴപ്പമില്ല, അരമണിക്കൂറു നന്നായി വെയര്‍ത്താ മതി എന്ന്. അതുകൊണ്ടല്ലീ ഞായ്‌ ഈ എരിയനാവെയിലത്ത്‌ വായു സഞ്ചാരം എല്ലാം അടച്ച്‌ കമ്പിളീം പൊതച്ച്‌ കെടന്നത്‌? നല്ല ഒറക്കോം ആയിര്‌ന്ന്." നാട്ടുമുഖങ്ങള്‍ പരസ്പരം നോക്കി.


വിയര്‍പ്പിലൂടെ കൊളസ്ട്രോള്‍ ഒഴുകിപോകുന്നത്‌ നോക്കി പപ്പന്‍ സംതൃപ്തിയോടെ ചിരിച്ചു. എന്നിട്ട്‌ ചോദിച്ചു " എന്തര്‌ എല്ലാരും കൂടെ ഇവിടെ? ടേയ്‌ സാജു അണ്ണാ എന്തരിനെടേയ്‌ നീ ഈ വാതില്‌ ചവിട്ടിപ്പൊളിച്ചത്‌?

Wednesday, March 15, 2006

തിരിച്ചടി.

ബാബു!

അഥവാ ആട്ടോ ബാവു. തടിമില്ലിലെ പെട്ടി ആട്ടോ (ഓട്ടോ എന്നു നിങ്ങള്‍ പറഞ്ഞാല്‍ മതി) ഓടിക്കുന്നയാളാണ്‌.
സൌമ്യമായി ചിരിക്കുന്ന എണീറ്റ്‌ നില്‍ക്കാന്‍ ശേഷിയില്ലാത്ത സുമുഖനായ ചെറുപ്പക്കാരന്‍.
ഒരു കാലത്ത്‌ അവിടം നടുക്കിയിരുന്ന ഗുണ്ട എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്‌. പക്ഷേ ഇതുവരെ വിശ്വാസമായിട്ടില്ല. എങ്കിലും ബാബുവിന്റെ ധൈര്യവും തന്റേടവും ഒരുപാടുതവണ നേരില്‍ ഞാന്‍ കണ്ടിട്ടുണ്ട്‌. അവിടുത്തെ പ്രമുഖ ഗുണ്ടകളൊക്കെ ഇവനോട്‌ മുട്ടില്ല എന്നും അറിയാം.


എന്റെ അമ്മാവപുത്രന്മാര്‍ ആ തടിമില്ലില്‍ പങ്കാളികള്‍ ആണ്‌. ഞാന്‍ അന്ന് തിരുവനന്തപുരത്ത്‌ "ജ്വാലി" ചെയ്യുന്ന കാലം. നേരത്തെ ഓഫീസില്‍ നിന്നിറങ്ങാന്‍ കഴിഞ്ഞാല്‍ തടിമില്ലില്‍ തടിയുടെ പുറത്തിരുന്ന് അവര്‍ക്കൊപ്പം അല്‍പ്പം വായനോക്കും (ഹോ! ആലോചിച്ചിട്ട്‌ വായില്‍ വെള്ളമൂറുന്നു).


അന്തക്കാലത്ത്‌ ഒരു നാള്‍.
ബാബുവിന്റെ സംഘം (അവന്റെ ചേട്ടനടക്കം) കന്യാകുമാരിയില്‍ ഒരു അടിച്ചുപൊളിയാത്ര പോയി ഒരു വാനില്‍. ഇവിടം മുതലുള്ള ഷാപ്പുകളും ബാറുകളും ഔട്ട്‌ ഓഫ്‌ സ്റ്റോക്ക്‌ ആക്കിക്കൊണ്ടുള്ള ഒരു ഒഴുക്ക്‌.


പിറ്റേന്നു വൈകുന്നേരത്ത്‌ തിരിച്ചെത്തിയതും അടിച്ചു പൊളിഞ്ഞുതന്നെയാണ്‌.
കയ്യിലും കാലിലുമൊക്കെ ഒട്ടിപ്പും മുഖത്ത്‌ കരുവാളിപ്പും മനസില്‍ പകയുമായി.


"എന്തര്‌ പറയാനണ്ണാ, കിട്ടി, നന്നായിറ്റ്‌ കിട്ടി. എല്ലാണ്ണോം വെള്ളങ്ങളായിരിന്ന്. പാണ്ടികളെല്ലാകൂടെ നമ്മളെ കാര്യമായിറ്റ്‌ പൂശി. അടിച്ച്‌ പൊളിക്കാന്‍ പോയ പോക്കായത്‌ കൊണ്ട്‌ നമ്മള 'റ്റൂള്‍സ്‌' ഒന്നും എടുത്തില്ലേരിന്ന്. എന്തിനണ്ണാ പറയണ ഒരു കെയിലാഞ്ചി (കത്തി) പോലും എടുത്തില്ലേരിന്ന്." ബാബു നിസ്സഹായതയോടെ പറഞ്ഞു.

"അമ്മച്ച്യാണ ഇത്‌ തിരിച്ച്‌ കൊട്ത്തിര്‌യ്ക്കും." ബാബുവിന്റെ ചേട്ടന്‍.

"ഇതു തിരിച്ച്‌ കൊടുത്തില്ലങ്കി തള്ളേ എടാ ബാവു നമ്മളു ജീവിച്ചിര്‌ന്നിറ്റു കാര്യമൊണ്ടാ?"



ഒരാഴ്ച ബാബുവിനെ കണ്ടില്ല. ഓട്ടോ മാത്രം അനാഥനായി വട്ടവാളിന്റെ സ്വരം കേട്ട്‌ പൊടിയും പിടിച്ചു കിടന്നു.


ശനിയാഴ്ച വൈകുന്നേരം തടിപ്പുറത്തിരിക്കുമ്പോള്‍ അവരെത്തി, അനിയനും ചേട്ടനും.
മുഖത്തെ കരിവാളിപ്പൊക്കെ പോയി. പകരം ദുബായ്‌ ഓപ്പണില്‍ സാനിയ മിര്‍സയുടെ കളി മുന്‍നിരയില്‍ ഇരുന്നു കണ്ടിട്ടിറങ്ങുന്ന മറുനാടന്‍ മലയാളിയുടെ ഭാവമാണ്‌.
വന്നപാടെ തടിപ്പുറത്തേക്ക്‌ വലിഞ്ഞുകയറി.

"കൊട്ത്ത്‌" ചേട്ടന്‍ പറഞ്ഞു

"...?" എല്ലാവരും ആകാക്ഷയോടെ നോക്കി.

ബാക്കി കഥപറയണമെങ്കില്‍ കേള്‍ക്കാന്‍ ഇനിയും പ്രേക്ഷകര്‍ വേണം എന്നുള്ള ഭാവത്തില്‍ അവര്‍ ചുറ്റുപാടും നോക്കി. തടിപ്പണി കഴിഞ്ഞ സമയമായതുകൊണ്ട്‌ ഒരോരുത്തരായി അവിടെ വന്നു തുടങ്ങി. അനിയനും ചേട്ടനും ആ സമൃദ്ധിയില്‍ ചാര്‍ജ്ജ്‌ ആയി.

"മപ്പായിറ്റ്‌ തിരിച്ച്‌ കൊട്ത്ത്‌" ബാബു പറഞ്ഞു.

ഇടം കൈകൊണ്ട്‌ ഉടുമുണ്ട്‌ പൊക്കി വള്ളിനിക്കറിന്റെ പോക്കറ്റില്‍ നിന്നും ബീഡി എടുത്തുകൊണ്ട്‌ വട്ടവാളിലെ അണ്ണാച്ചി പറഞ്ഞു : "ഉം കൊടുത്തി. എങ്കെയിട്ട്‌ കൊടുത്തി?. സുമ്മാതാണ്ണ്‍?"

സര്‍വേക്കല്ലില്‍ ഓന്ത്‌ ഇരിക്കുന്നപോലെ ആഞ്ഞിലി തുണ്ടിന്റെ മുകളിലിരുന്ന അണ്ണാച്ചിയെ നോക്കി ബാബു അലറി
"വാപ്പിളാട്ടാതെ മിണ്ടാതിരിന്ന് കേക്കീ അണ്ണാച്ചീ" പിന്നെ അവന്‍ തുടര്‍ന്നു

"ഞങ്ങള്‌ ഒരാഴ്ചയായി തപ്പി നടക്കേരിന്ന്. സൌകര്യത്തിന്‌ കൊറച്ച്‌ തമിഴന്മാരെ. ഇന്ന് കിട്ടി. വാട്ടറ്‌ വര്‍ക്ക്സിനെ കാമ്പൌണ്ടില്‌ കൊറേ പാണ്ടിതമിഴന്മാര്‌ പണി ചെയ്യേര്‌ന്ന്. പിന്നെ ഒന്നും നോക്കീല എട്‌ത്തിട്ടങ്ങ്‌ ചാര്‍ത്തി. മപ്പായിറ്റ്‌ ചാര്‍ത്തി."

"ഞായ്‌ പിടിച്ചില്ലേരുന്നെങ്കീ യെവന്‍ ഒരുത്തന്റെ തലമണ്ട അടിച്ചു പൊളിച്ചനെ" ചേട്ടന്‍ അഭിമാനത്തോടെ പറഞ്ഞു.


"ഇപ്പം എന്തര്‌ സുഖം. മനസ്സമാനം കിട്ടി. എത്തറ ദെവസമായിറ്റ്‌ നടക്കേര്‌ന്ന്. അവന്മാരെ നാട്ടിലിട്ട്‌ നമ്മക്കടി കിട്ടിയെങ്കി നമ്മളെ നാട്ടിലിട്ട്‌ അവന്മാരക്കും കൊടുത്തു." ബാബു തടിയില്‍ നിന്നിറങ്ങി.
"അണ്ണാ ഒന്ന് മിസ്സിംഗ്‌ ആവേണ്‌ കേട്ടാ. ചെലപ്പം പേലകളു (പോലീസുകാര്‍) തപ്പി വരും.
തിരിച്ചടിച്ചതിന്റെ സന്തോഷത്തിലും സംതൃപ്തിയിലും അനിയനും ചേട്ടനും താഴേക്ക്‌ നടന്നു.
സാമാന്യബുദ്ധിയെ മറയ്ക്കുന്ന ധൈര്യം അവന്മാരുടെ തലക്കുമുകളില്‍ ഒരു അലങ്കാരമായ്‌ ഒപ്പം നടന്നു.
ഞങ്ങള്‍ പിറ്റേന്നത്തെ പത്രവും കാത്തിരുന്നു.

Monday, March 06, 2006

കണ്ണന്‍കോവി.

ഏതെങ്കിലും വളവിനപ്പുറം താളം തെറ്റിയ കൂക്കല്‍ കേട്ടാല്‍ ഞങ്ങള്‍ക്കറിയാം, വളവുതിരിഞ്ഞു 'മറിഞ്ഞു'വരുന്നത്‌ കണ്ണന്‍കോവിയാണെന്ന്.

ഗോപി (കോവി എന്ന് വായ്മൊഴി) സ്ഥലത്തെ പ്രധാന കുടിയനാണ്‌. ഉണ്ടക്കണ്ണുകളുള്ള കുടിയന്‍. നാട്ടുകാര്‍ അയാളെ സ്നേഹത്തോടെ കണ്ണന്‍കോവി എന്നു വിളിക്കും.
നന്നേ മെലിഞ്ഞിട്ടാണ്‌ ലക്ഷണം (കുടിയന്മാരൊക്കെ മെലിഞ്ഞിരിക്കണം എന്നതാണ്‌ മദ്യവര്‍ഗ്ഗ തത്വം).
ഗോപിയെ കണ്ടാല്‍ "ചാനലിലെ കുടിയന്‍" അയ്യപ്പബൈജുവിനെ പോലിരിക്കും, ചില മാനറിസങ്ങളും അതുപോലെ തന്നെ.


കണ്ണന്‍കോവിക്ക്‌ ഒരു വീക്‌ക്‍നെസ്സേയുള്ളു, അതു മദ്യമല്ല.

മദ്യം ഗോപിയുടെ വീക്‌ക്‍നെസ്സല്ല നിലനില്‍പ്പാണ്‌. കണ്ണന്‍കോവി ചീത്തവിളിക്കും. ഓരോ വാചകത്തിലും കതിരിന്റെ ഇടയില്‍ കളപോലെ ഓരോ ചീത്ത മുളച്ചു നില്ക്കും. അതൊരു വീക്‌ക്‍നെസ്സ്‌ തന്നെയാണ്‌.


പക്ഷെ കോവി ചീത്തവിളിക്കാറില്ല എന്നാണ്‌ പുള്ളിക്കാരന്‍ അവകാശപ്പെടുന്നത്‌. ആളുകൂടുന്ന വൈകുന്നേരങ്ങളില്‍ പഴകുറ്റിയിലും

കൊല്ലങ്കാവിലുമൊക്കെ നിന്ന് കോവി പ്രഖ്യാപിക്കാറുണ്ട്‌ "കണ്ണന്‍കോവി വെള്ളമടിക്കും വ്യവിചരിക്കും. പക്ഷേ ചീത്തവിള്‌ക്കില്ല" (ഒപ്പം വാക്യത്തിനു വാലായ്‌ ഒരു ചീത്തയും).

സ്കൂളില്‍ പോകുന്ന കുട്ടികള്‍ റോഡ്‌ ക്രോസ്‌ ചെയ്യുമ്പോള്‍ അശ്രദ്ധ കാണിച്ചാല്‍ മുണ്ട്‌ മടക്കിക്കുത്തി കോവി സ്നേഹത്തോടെ പറയും " ഒതുങ്ങിപ്പോയീന്‍ അപ്പികളെ (ഒപ്പം ഒരു കുഞ്ഞു ചീത്തയും)" അതാണ്‌ കണ്ണന്‍കോവി.



ഇനി സംഭവത്തിലേക്ക്‌; ഒരു ഗള്‍ഫുകാരന്റെ വീടിന്റെ മുന്‍വശം.

ഒരു കുസൃതിയായ ഉണ്ണി. ഗേറ്റിലെ കമ്പിയില്‍ പിടിച്ചുതൂങ്ങിയാടുകയാണ്‌. അതിനു ആഹാരം കൊടുക്കുന്ന അമ്മ എത്ര വിളിച്ചിട്ടും അവന്‍ കൂട്ടാക്കുന്നില്ല. കൊതിപ്പിച്ചും വിരട്ടിയും അവരുടെ ക്ഷമകെട്ടു.



"കൂ..............."

വളവിനപ്പുറം കണ്ണന്‍കോവിയുടെ തലക്കെട്ട്‌. അതിനുതാഴെ ഒരു മൂന്നു പെഗ്ഗിന്റെ ചിരി.



"ടാ, ഇവിടെ വാടാ അല്ലെങ്കി ഞാന്‍ കോവിമാമനോട്‌ പറയും" അമ്മ ഒന്നുകൂടി കുഞ്ഞനെ വിരട്ടിനോക്കി.
,താളം നഷ്ടപ്പെട്ട ഗോപീപാദങ്ങള്‍ ഗേറ്റിനടുത്തെത്തി.
വീട്ടമ്മ പറഞ്ഞു " കോവി നോയ്ക്ക്യാണ്‌ യെവന്‍ പറഞ്ഞിറ്റ്‌ കേക്കിണില്ല. നീ ഒന്നു വെരട്ടിയാണ്‌"

ഗോപി അവരെ ഒന്നു നോക്കി. തന്റെ കുടിജീവിതത്തില്‍ ആദ്യമായാണ്‌ ഒരാളെ വിരട്ടാനുള്ള ഓര്‍ഡര്‍ കിട്ടുന്നത്‌.

ഗോപി മുണ്ട്‌ ഒന്നു മുറുക്കിയുടുത്തു.
ഞനിതൊക്കെ എത്ര കണ്ടതാണെന്നുള്ള ഭാവത്തില്‍ കുഞ്ഞു ഗോപിയെ നോക്കി.
എന്റെ പ്രിയ സുഹൃത്തുക്കളെ പിന്നെ അവിടെ നടന്നത്‌ ചീത്തവിളിയുടെ ഒരു ഏകാംഗ കച്ചേരിയായിരുന്നു. ഇതുവരെ കേള്‍ക്കാത്ത വാക്കുകള്‍ കേട്ട്‌ ആ പാവം കുഞ്ഞു പേടിച്ചരണ്ടു. അതിനേക്കാളും പേടിച്ച തള്ള ആ കുഞ്ഞിനെയും എടുത്ത്‌ വീടിനകത്തേക്ക്‌ പാഞ്ഞു കയറി വാതിലടച്ചു.


ഗേറ്റിന്റെ കൊളുത്തുപിടിച്ചിട്ടിട്ട്‌ വഴിയിലേക്കിറങ്ങുമ്പോള്‍ ഗോപി പറഞ്ഞു "വെരട്ടാന്‍ പറഞ്ഞ്‌ വെരട്ടി. എന്നിറ്റ്‌ കാര്യം നടന്നപ്പം കണ്ടാ അവര്‌ ഗ്യാറ്റ്‌ പോലും അടയ്കാതെ വോടിക്കളഞ്ഞത്‌. ഇതാണ്‌ പണ്ടൊള്ളോരുപറേണത്‌ ഇന്നത്തെക്കാലത്ത്‌ ആര്‍ക്കും വൊരു വുപകാരവും ആര്‌ക്കും ചെയ്യല്ലെന്ന്."

Saturday, March 04, 2006

'നമ്മള' നിഘണ്ടു

നെടുമങ്ങാട്ടുള്ളവര്‍ ഉപയോഗിച്ചിരുന്ന/ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വാക്കുകളും പ്രയോഗങ്ങളും. Link to SpreadSheet

മേലാല്‍ റിപ്പീറ്റ്‌ ചെയ്യരുത്‌!

സോമന്‍ മേശിരി.

മേസ്തിരി എന്നുള്ളത്‌ ഞങ്ങള്‍ "മേശിരി" എന്നേ പറയു. വാശിയൊന്നുമല്ല, വായ്‌മൊഴിയില്‍ ഞങ്ങള്‍ക്ക്‌ വരമായ്‌ കിട്ടിയ മൊഴി ഇതാണ്‌

സോമന്‍ മേശിരി വീടിനോട്‌ ചേര്‍ന്ന് ഒരു മുറുക്കാന്‍ കട നടത്തുന്നു. വെറും പെട്ടിക്കടയല്ല, ഒരു സ്റ്റേഷനറിക്കടയോളമെത്തുന്ന ഒരു ഗ്ലോറിഫൈഡ്‌ മുറുക്കാന്‍ കട.

സോമന്‍ മേശിരിക്ക്‌ എല്ലാം അറിയാം. അറിയാത്തതായി ഈ ഭൂമി മലയാളത്തിലും തമിഴിലും തെലുങ്കിലും ഒന്നുമില്ല. എന്തിനെക്കുറിച്ചും വ്യക്തമായ ധാരണയും ശക്തമായ അഭിപ്രായവും സോമന്‍ മേശിരിക്കുണ്ട്‌. അതിനി പൊക്ക്രാനിലെ പൊട്ടലാണെങ്കിലും, ഇന്ത്യാ പാകിസ്താന്‍ ക്രിക്കറ്റ്‌ യുദ്ധമാണെങ്കിലും.
ഇന്ത്യ പാകിസ്താനോട്‌ പരാജയപ്പെട്ടാല്‍ മേശിരിപറയും

" അല്ലങ്കിലും എവന്മാരുക്ക്‌ സായിപ്പിനെ കണ്ടാ മുട്ടിടിക്കും." ഇന്ത്യക്കുപുറത്തുള്ളവരൊക്കെ മേശിരിക്ക്‌ സായിപ്പന്മാരാണ്‌.



മേശിരി വാടകയ്ക്ക്‌ വീടുകള്‍ കൊടുത്തിട്ടുണ്ട്‌. അതിലൊന്നില്‍ വാടകയ്ക്ക്‌ താമസിക്കുന്നത്‌ ഒരു ടാക്സി ഡ്രൈവര്‍ ആണ്‌. വൈകുന്നേരങ്ങളില്‍ അല്‍പ്പം മോന്തുന്നവന്‍.

മോന്തിക്കഴിഞ്ഞാന്‍ ഇംഗ്ലീഷ്‌ ഭാഷയുടെ അതിപ്രസരം സംസാരത്തില്‍ മുഴച്ചുനില്‍ക്കും.

മേശിരിക്കാണെങ്കില്‍ അത്‌ അല്‍പ്പം പോലും ഇഷ്ടമല്ല. കാരണം മേശിരിക്ക്‌ ഇംഗ്ലീഷെല്ലാം നല്ല പിടിയുണ്ടെന്നാണ്‌ അവകാശപ്പെടുന്നത്‌. ഡ്രൈവര്‍ പറയുന്നത്‌ ശരിക്കുള്ള ഇംഗ്ലീഷ്‌ വാക്കുകളല്ല എന്നും.

പണ്ട്‌ ഏ വി എമ്മിലൊക്കെ മേസിരി പണിക്കു പോയിട്ടുണ്ട്‌ (കെട്ടിടം പണിയായിരുന്നു മേഖല) അവിടെ വച്ച്‌ എം ജി ആറിനെയും ശിവാജി ഗണേശനെയും കണ്ടിട്ടുണ്ട്‌.
ശിവാജി ഗണേശന്‍ ഇപ്പോള്‍ കണ്ടാലും ചിലപ്പോള്‍ തിരിച്ചറിഞ്ഞേക്കും!
"ആരിത്‌ സോമാനാടേ?" എന്നു അദ്ദേഹം ചോദിച്ചേക്കും എന്നാണ്‌ പറയാറുള്ളത്‌.

താനും കാഴ്ചയില്‍ ഒരു ശിവാജിഗണേശനാണെന്നുള്ള ധാരണ മേശിരിക്കുണ്ടോ എന്നു ഞങ്ങള്‍ക്ക്‌ തോന്നാറുണ്ട്‌.
ദോഷം പറയരുതല്ലൊ, ശിവാജി ഗണേശനു ഐശ്വര്യം വറ്റിയപോലിരിക്കും നമ്മുടെ കക്ഷിയെക്കണ്ടാല്‍.


അങ്ങനെ ഒരു സന്ധ്യക്ക്‌ രണ്ടു പെഗ്ഗില്‍ നന്നായി ഇംഗ്ലീഷും തൊട്ടുകൂട്ടി നമ്മുടെ വാടകക്കാരന്‍ ഡ്രൈവര്‍ ചേട്ടന്‍ വന്നു.
വണ്ടിയൊക്കെ ഒതുക്കിയിട്ടുള്ള വരവാണ്‌.
അയാള്‍ മേശിരിയുടെ കടയിലെ തടി ബഞ്ചില്‍ തന്റെ അടുന്ന ആസനം പാര്‍ക്ക്‌ ചെയ്തു.
അവര്‍ തമ്മില്‍ സംസാരമായി. സംസാരം പല നിലകളിലേക്ക്‌ ഉയര്‍ന്നു.
വിഷയം വീടിന്റെ ചില സ്ഥലങ്ങളിലെ ചോര്‍ച്ചയാണ്‌.
അപ്പുറത്തും ഇപ്പുറത്തും ഇരുന്നവരൊക്കെ കടയുടെ മുന്നിലേക്കെത്തി.
ഇന്നു എന്തെങ്കിലും സംഭവിക്കും.
വാടകക്കാരന്റെ വര്‍ത്താനത്തിനിടയില്‍ ബ്ബ്ലെഡിഫൂള്‍, ഇഡിയെറ്റ്‌, നാണ്‍സെന്‍സ്‌, ബിക്കാസ്‌, ഷിറ്റ്‌ എന്നിങ്ങനെ ആംഗലേയം പുട്ടിന്റെ ഇടയിലെ തേങ്ങപോലെ വീണുകൊണ്ടിരുന്നു.
ഒരോവാക്കും മനസില്‍ ഒന്നാവര്‍ത്തിച്ച്‌ മേശിരി പല്ലിറുമ്മി.
മനസിലാകാത്ത ചിലതൊക്കെ പിടിച്ചെടുത്ത്‌ തിരിച്ചു പറഞ്ഞു.
എന്നിട്ട്‌ ഇംഗ്ലീഷ്‌ പറഞ്ഞ അഹങ്കാരത്തില്‍ ചിരിച്ചു.


വാടകക്കാരന്‍ അയയുന്ന മട്ടില്ല.
ഒടുവില്‍ നാട്ടുകാര്‍ ഇടപെട്ടു, അപ്പോള്‍ വാടകക്കാരന്‍ ഒന്നു തണുത്തു.
അയാള്‍ പറഞ്ഞു,
"ഇനി ഇങ്ങനെ ഉണ്ടാകരുത്‌. ഞാന്‍ വാടകതന്നു താമസിക്കുന്ന ആളാണ്‌. ഞാന്‍ എന്തെങ്കിലും കമ്പ്ലൈന്റ്‌ ഇവിടെ വന്നു പറഞ്ഞാല്‍ എന്നോട്‌ ഇതുപോലെ ചൂടാവരുത്‌. ഇതു കുറേ നാളായി ഞാന്‍ സഹിക്കുന്നു."


വാടകക്കാരന്‍ പതിവുപോലെ ആംഗലേയത്തില്‍ പറഞ്ഞു നിര്‍ത്തി.
"ഇനി മേലാല്‍ റിപ്പീറ്റ്‌ (repeat) ചെയ്യരുത്‌!"


സോമന്‍ മേശിരിക്കത്‌ ഇഷ്ടപ്പെട്ടില്ല.

"ഞാന്‍ റിപ്പീറ്റ്‌ ചെയ്താ? നീയല്ലീ ആദ്യം റിപ്പീറ്റ്‌ ചെയ്തത്‌?

പിള്ളരേ നിങ്ങള്‍ കണ്ടതല്ലീ, ഞാന്‍ ഇവിടെ ചുമ്മായിരുന്നതാണ്‌. എവനാണ്‌ ഡിപ്ലീക്കോസും അടിച്ചോണ്ട്‌ വന്ന് എന്റെ നേരെ റിപ്പീറ്റ്‌ ചെയ്തത്‌. എന്നിട്ടിപ്പം അവന്‍ പറയിനത്‌ ഞാന്‍ റിപ്പീറ്റ്‌ ചെയ്തെന്നാണ്‌. ഇത്‌ എന്തരു അന്ന്യായം?"