Wednesday, July 26, 2006

വെളയാടൽ!

"ഇക്കൊല്ലം മുതൽ നീ തുള്ളണം"

ഓലമേഞ്ഞ വീടിന്റെ മുന്നിലെ ദ്രവിച്ചുതുടങ്ങിയ കഴുക്കോലിൽ പിടിച്ചു തൂങ്ങി ശ്വാസം വലിച്ചുവിട്ടുകൊണ്ട്‌ പപ്പനാവൻ അചാരി മകനോട്‌ പറഞ്ഞു.
"ഇക്കൊല്ലം മൊതൽ മാടൻ വെളയാടണത്‌ നീയാണ്‌. എന്നെക്കൊണ്ടിനി വയ്യ. ഒറഞ്ഞുതുള്ളി വരണ മാടൻ തമ്പുരാനെ താങ്ങിനിർത്താനൊള്ള കെൽപ്പൊന്നും എന്റെ വെറയ്ക്കണ കാലിനില്ല അരവിന്ദാ.."


വായിച്ചുകൊണ്ടിരുന്ന പുസ്തകം അവജ്ഞയോടെ മടക്കി അരവിന്ദൻ എണീറ്റ്‌ പോയി. പപ്പനാവൻ അചാരിയുടെ കണ്ണുകൾ അടുത്ത പറമ്പിലേക്ക്‌ നീണ്ടു. പതിവുപോലെ യക്ഷിപ്പനയുടെ മുകളിൽ ഒരുനിമിഷം കണ്ണുടക്കി. പിന്നെ താഴേയ്ക്ക്‌. ഉത്സവം അടുക്കാറായതു കൊണ്ട്‌ അമ്പലം മോടിപിടിപ്പിക്കൽ തകൃതിയിൽ നടക്കുന്നു.
തലമുറകളായി കൈമാറിവന്ന കുടുംബക്ഷേത്രം. കാലാകാലം ഉത്സവം നടത്താനും പൂജാ കർമ്മങ്ങൾ ചെയ്യാനും വരുമാനം ഇല്ലാതായപ്പോള്‍ വച്ചുവാഴിച്ചുപോന്ന രാജരാജേശ്വരിയെ ട്രസ്റ്റിനു വിട്ടുകൊടുക്കുകയായിരുന്നു. എങ്കിലും ദേവിയെ പൂജിക്കാനും വർഷംതോറും ഉത്സവത്തിനു മാടൻ തമ്പുരാനെ ശരീരത്തിൽ കയറ്റി ഉറയാനുള്ള അവകാശവും അചാരി സൂക്ഷിച്ചു പോന്നു. അയാളുടെ ചിന്തകളിൽ പഴയകാലത്തിന്റെ മേളം ഒരു നിമിഷം മുറുകി. കൊതിപ്പിക്കുന്ന വിറ പെരുവിരലിൽ നിന്നും കയറി. അതു നെഞ്ചിലെത്തിയപ്പോൾ ഒരു ചുമ അതിനെ തടഞ്ഞു. ചുമയെ തടുക്കാനാവാത്ത ക്ഷീണിച്ച ശ്വാസകോശം വിങ്ങി. അതു കുറുകി. അചാരി മണ്ണിന്റെ അരച്ചുവരിൽ ഇരുന്നു. നെഞ്ചിലെ കുറുകൽ ഒന്നടങ്ങിയപ്പോൾ അയാൾ ഇറങ്ങി നടന്നു.


ബലിക്കല്ലിൽ കൈതൊട്ട്‌ വണങ്ങി അയാൾ അമ്പലപറമ്പിലേക്ക്‌ കടന്നു. ചുവരിൽ ദ്വാരപാലകന്റെ ചിത്രം വിട്ടുള്ള ഭാഗത്ത്‌ വെള്ള പൂശിക്കൊണ്ടിരിക്കുന്ന സതീശൻ പപ്പനാവൻ അചാരിയോട്‌ ചോദിച്ചു,
"പൂയാരിയേയ്‌ എന്തരായി കാര്യങ്ങള്‌? ഇത്തവണ പൊങ്കാലവെളയാടലും ഗുരുസിയും പൂപ്പടയും നമക്ക്‌ കലക്കണം. ഒന്ന് അറയണം. മഞ്ഞീരാട്ട്‌ നേരം കൊറച്ചൂടെ വെളുത്തിറ്റ്‌ മതി. എന്നാലെ വൊരു പൊലിപ്പൊള്ളൂ"

അചാരി കൽതൂണിൽ കൈ ചാരി നിന്നു. എന്നിട്ട്‌ പറഞ്ഞു,
"പഴേ പോലൊന്നും ഒറയാn വയ്യ ചെല്ലാ. ഇത്തവണേങ്കിലും മാടനെ ആവാഹിച്ചുവരാൻ അരവിന്ദനോട്‌ പറഞ്ഞിട്ടൊണ്ട്‌. അവൻ ചെയ്യൂല. പുതിയ പിള്ളേരല്ലീ ദൈവം കെട്ടിവരാൻ അവന്മാർക്ക്‌ നാണക്കേടായിരിക്കും."


ഉത്സവം അടുക്കും തോറും അചാരിയുടെ മനസു പിടച്ചു, മാടൻ തമ്പുരാൻ കാലിടറിയോ ശ്വാസം മുട്ടിയോ മറ്റോ നിലത്തുവീഴുമോ? എന്തായാലും വരുന്നത്‌ വഴിക്ക്‌ കാണാം എന്നു മനസിൽ പറഞ്ഞ്‌ അചാരിയുടെ ജീവിതം ഒരു പൂജാരിയിലേക്ക്‌ വഴിമാറി തുടങ്ങി.
ഉത്സവ ദിവസം രാവിലേയും അരവിന്ദനോട്‌ അചാരി കേണു,
"നീ പൊങ്കാല കോരണ്ട, മഞ്ഞനീരാടണ്ട, ഒറഞ്ഞു തുള്ളണ്ട, വൊന്നും ചെയ്യണ്ട. ചൂരലും പിടിച്ചോണ്ടു കൂടെ നടന്നാ മതി."
ഭാർഗ്ഗവിത്തള്ളയും പറഞ്ഞു, “അരവിന്ദാ മക്കളേ എന്തരാണെടാ നെനക്കൊന്ന് മാടൻ കെട്ടി അനുഗ്രഹിച്ചാൽ? നീയല്ലീ ഇനി അതു ചെയ്യാനൊള്ളത്‌. ദൈവഗോപം ഒണ്ടാവുമെടാ"

കമ്മ്യൂണിസവും പുരോഗമന വാദവും തലയിൽ പിടിച്ച അരവിന്ദൻ പുകയുന്ന വെറുപ്പോടെ പറഞ്ഞു,
"ഞാൻ എത്ര തവണപറഞ്ഞു, എന്നക്കൊണ്ട് പറ്റൂലെന്ന്. ഹും, ദൈവകോപം പോലും! കോപിക്കാത്ത ദൈവം എന്തരൊണ്ടാക്കി തന്നു പപ്പനാവന്‍ പൂജാരിക്ക്‌ ഇത്രേം കാലം കൊണ്ട്‌? ദൈവ കോപം. ഫൂ!"
അരവിന്ദൻ ഒരു കൊടുംകാറ്റുപോലെ ഇടവഴിയിലേക്ക്‌ ഇറങ്ങി നടന്നു. പൂച്ചയുടേയും മത്തങ്ങയുടേയും രൂപത്തിലുള്ള ബലൂണുകൾ വീർപ്പിച്ചു കുത്തിയ വാഴത്തടയുമായി ഉത്സവ പറമ്പിലേക്ക്‌ കയറിയ ഒരു കച്ചവടക്കാരന്റെ ചുമലിൽ അരവിന്ദന്റെ ചുമലിടിച്ചു. ഉത്സവപറമ്പിൽ പൊടി ഉയർന്നു. കോളാമ്പിയിൽ നിന്ന് ചലച്ചിത്രഗാനങ്ങളും.


പറമ്പിനോട്‌ ചേർന്നുള്ള വീട്ടിൽ പപ്പനാവൻ ആചാരി ശ്വാസം ബുദ്ധിമുട്ടി വലിച്ച് മകനുവേണ്ടി കാത്തിരിന്നു. സന്ധ്യകഴിയുമ്പോളെങ്കിലും എത്തും എന്ന് അയാൾ വിശ്വസിച്ചു. ഒന്നും സംഭവിച്ചില്ല.
"നീ ഇങ്ങനെ ഇരുന്നാലെങ്ങനെ പപ്പനാവാ..? രണ്ടുതൊട്ടിവെള്ളവും കോരി ഒഴിച്ചോണ്ട്‌ നീ കോവിലിലോട്ട്‌ കേറ്‌."
ഈ ഒരു വാക്കിനു കാത്തിരുന്ന പോലെ പപ്പനാവൻ അചാരിയുടെ കാലുകൾ നിവർന്നു. അരയിൽ ഒരു പട്ടു ചുറ്റി. അയാള്‍ കിണറ്റിനരുകിലേക്ക്‌ നടന്നു.


പാർട്ടി ഓഫീസിൽ പുസ്തകം വായിച്ചിരുന്ന അരവിന്ദൻ പെട്ടന്ന് പുറത്തേക്കിറങ്ങി, ഒരു വെളിപാട് പോലെ. പാർട്ടി ഓഫീസിന്റെ പടികൾ അവൻ ഓടി ഇറങ്ങി. ബസ്‌ സ്റ്റാന്റും കടന്ന് ചന്തമുക്കിലേക്ക്‌ അവൻ നടന്നു. മങ്ങിയ ഇരുട്ടിൽ ബാറിന്റെ മുന്നിൽ അവന്റെ കാലുകൾ ലക്ഷ്യം കണ്ടു.
ഇടുങ്ങിയ മുറിയിൽ ചെറിയ ടേബിളിനു മുന്നിൽ ഇരുന്ന് അവൻ ഓർഡർ കൊടുത്തു.
"രണ്ട്‌ ഓസിയാർ. തണുത്ത സോഡയും"


ചെറിയ കാറ്റിൽ പപ്പനാവൻ അചാരിക്ക്‌ തണുത്തു. അയാൾ തണുത്ത പട്ട്‌ ഒന്നു ഇറക്കി ഉടുത്തു. മേളം മുറുകുന്നു. ദേഹമാസകലം സിന്ദൂരം വാരിപ്പൂശുമ്പോൾ അചാരി പ്രാർത്ഥിച്ചു, മേളത്തിനൊത്ത്‌ തന്റെ കാലുകളെ ചലിപ്പിച്ചുതരണേ!.


ഓർഡർ കൊടുത്ത സാധനം റ്റേബിളിൽ എത്താൻ താമസിക്കും തോറും അരവിന്ദൻ അസ്വസ്തനായി. ഇരുണ്ട വെളിച്ചം അവന്റെ കണ്ണിൽ ഇരുട്ട്‌ പാകി. രൂക്ഷഗന്ധം അവന്റെ നാസാരന്ധ്രങ്ങളെ പുകച്ചു. അവന്റെ ചിന്തകളിൽ അസ്വസ്തതയുടെ ചെണ്ട മുറുകി. അരവിന്ദന്‌ തലവേദനിച്ചു. അവന്റെ കാലുകൾ വിറച്ചു. ഉള്ളിൽ ഒരു കൊടുങ്കാറ്റിന്റെ കെട്ടിളകി. അരവിന്ദൻ അലറിവിളിച്ചുകൊണ്ട്‌ എഴുന്നേറ്റു. അയാൾ പുറത്തേക്ക്‌ ഇറങ്ങി ഓടി.
അലറിവിളിച്ചുകൊണ്ടോടുന്ന അരവിന്ദൻ ശരിക്കും കെട്ടഴിച്ചുവിട്ട ഒരു കൊടുംകാറ്റായി മാറി. ബാങ്ക്‌ മുക്കും കടന്ന് അരവിന്ദന്‍ പുതിയ റോഡിലൂടെ പാഞ്ഞു, നെടുമങ്ങാടിന്റെ ജനത ഒന്നും മനസിലാകാതെ നോക്കി നിന്നു. തെരുവുവിളക്കിന്റെ വെളിച്ചത്തിൽ ചിലരൊക്കെ തിരിച്ചറിഞ്ഞു അരവിന്ദനെ.


പാടം കടന്നു ഒരു അലർച്ചയോടെ വന്ന അരവിന്ദന്റെ പിന്നിൽ കാര്യമറിയാത്ത ഒരു പുരുഷാരം തന്നെ ഉണ്ടായിരുന്നു. ഉത്സവപറമ്പിൽ അവൻ ഉറക്കെ അലറി. അലർച്ചയിൽ ഉത്സവപറമ്പു തരിച്ചു. ഉച്ഛഭാഷിണി അല്ലാതെ എല്ലാ ശബ്ദവും നിലച്ചു. വേലിക്കല്ലും കടന്നുവന്ന അരവിന്ദൻ മാടന്റെ നടയിൽ നിവർന്നു നിന്നു. പുരുഷാരം പിന്നിൽ നിന്നു. അരവിന്ദൻ ശരീരം പിന്നിലേക്ക്‌ വളച്ച്‌ വില്ലുപോലെയാക്കി. എന്നിട്ട്‌ ആ വില്ലുനിവർത്തി അമ്പലത്തിനകത്തേക്ക്‌ തെറിച്ചു.
ആകാംഷപൂണ്ട മുഖങ്ങൾക്ക്‌ മുന്നിൽ വാതിലടഞ്ഞു.
അകത്ത്‌ ഉണ്ടായിരുന്ന പപ്പനാവന്‍ അചാരി ഒന്നും മിണ്ടിയില്ല. സ്വന്തം കാലിൽ നിന്നും ചിലമ്പ് ഊരി മകന്റെ കാലിലണിയിച്ചു. അരവിന്ദന്‍ ഒന്നുകൂടി അലറി. താഴ്‌ന്നു തളർന്ന ശബ്ദത്തിൽ അചാരിയും ഒപ്പം അലറി. പുറത്ത്‌ ഭാനുവിന്റെ ചെണ്ട ഉറഞ്ഞു. മണി ഒച്ചയിൽ വാതിൽ തുറന്നു. വായിൽ ഒരു പന്തവും കടിച്ച്‌ പിടിച്ച്‌ മുതുകിലൂടെ ഒരു ചങ്ങലയും ചുറ്റി, വീതിയുള്ള ചൂരൽ കാലിന്റെ പെരുവിരലിനിടയിൽ കുത്തി, ശരീരം മുഴുവൻ സിന്ദൂരം പൂശി. അരവിന്ദൻ പുറത്തുവന്നു.
അയാളുടെ വായിലിരുന്ന പന്തത്തിലേക്ക്‌ അചാരി കുന്തിരിക്കം ഏറിഞ്ഞു. മുഖത്തിനു മുന്നിൽ തീയാളി. ചുവന്നു തുടുത്ത അരവിന്ദമുഖം കണ്ട്‌ ജനം കൈകൂപ്പി.
ചെണ്ട മുറുകി. അരവിന്ദന്റെ ശരീരം മുഴുവൻ വിറച്ചു. അയാൾ ഒന്നുകൂടി അലറി. ഓരോ അലർച്ചയിലും അവന്റെ ശക്തി വർദ്ധിച്ചു. അയാൾ ചങ്ങല ചുഴറ്റി ശരീരത്തിൽ അടിച്ചു. ഭാര്‍ഗ്ഗവിത്തള്ള കണ്ണുപൊത്തി. പപ്പനാവന്‍ അചാരിയുടെ കണ്ണുനിറഞ്ഞു.


വിരിയിച്ച ഒരു കമുകിന്‍ പുക്കുല അരവിന്ദന്റെ കയ്യിലേക്ക്‌ ശിവരത്തിനം പിള്ള തിരുകിക്കൊടുത്തു. അമ്പലമുറ്റത്തെ പണ്ടാരഅടുപ്പിൽ തിളച്ചു മറിയുന്ന പൊങ്കാലയിൽ ആ പൂക്കുല മുങ്ങി. പിന്നെ അത്‌ അരവിന്ദന്റെ മുഖത്തേക്ക്‌. ഒന്നല്ല ഒരുപാട്‌ തവണ. അയാളുടെ മുഖത്തു നിന്നും ആവിപൊങ്ങി. ശരീരമാസകലം തിളച്ച പായസം.
അരവിന്ദനു മതിയായില്ല.
ഭാനു ഒരു ലഹരിയോടെ ചെണ്ടയില്‍ തന്റെ മാസ്റ്റര്‍ പീസായ 'കൊച്ചു ചക്കറം കൊല്ലത്തെ ചക്കറം' കയറ്റിറക്കത്തോടെ വായിച്ചു. വീണ്ടും വീണ്ടും പൂക്കുല പായസത്തിൽ മുങ്ങി. അതിന്റെ ലഹരി മൂത്തപ്പോൾ പൂക്കുല വലിച്ചെറിഞ്ഞ്‌ കൈകള്‍കൊണ്ട്‌ തിളച്ചുകൊണ്ടിരിക്കുന്ന പൊങ്കാല കോരി അവൻ മുഖത്ത്‌ പൂശി.

ഒരിക്കൽ കൂടി അലറിവിളിച്ചു അരവിന്ദൻ. പിന്നെ പിന്നിലേക്ക്‌ മറിഞ്ഞു. ചെണ്ടയുടെ താളം അയഞ്ഞു. ശിവരത്തിനം പിള്ള അരവിന്ദനെ വാരിയെടുത്ത്‌ മടിയിൽ ഇട്ടു.

പായസത്തിൽ മുങ്ങിക്കിടക്കുന്ന പുരോഗമനവാദിയുടെ ചുറ്റും ഭക്തജനം തൊഴുകയ്യോടെ നിന്നു. കൂട്ടത്തിൽ പ്രായം ചെന്ന മാധവന്‍ മൂത്താശാരി പറഞ്ഞു,
"വെളയാടല്‍! ഇതാണ്‌ വിളയാടല്!‍"


പായസം വറ്റിക്കിടന്ന കൺപോളകൾക്കിടയിലൂടെ, അതിന്റെ ചൂടോടെ അരവിന്ദൻ അഛനെ നോക്കി. പപ്പനാവൻ അചാരിയുടെ കൺപോളകളിൽ കണ്ണീര്‍ നിറഞ്ഞുകിടന്നു. ഒരുവിളയാടലിന്റെ ആലസ്യത്തിൽ അരവിന്ദൻ ഓർത്തത്‌ അതു സന്തോഷത്തിന്റെ കണ്ണുനീരാണോ അതോ ദുഃഖത്തിന്റെ കണ്ണുനീരാണോ എന്നാണ്‌.


വേറൊരു അടുപ്പിൽ മഞ്ഞനീരാട്ടിനുള്ള വെള്ളം തിളയ്ക്കുന്നു. അരവിന്ദൻ അതിന്റെ കനലിന്റെ ചുവപ്പ്‌ നോക്കിക്കിടന്നു. ചിന്തകളിൽ ഉറച്ചുപോയ മറ്റൊരു ചുവപ്പ്‌ കറുത്തുതുടങ്ങിയിരിക്കുന്നു.

Monday, June 19, 2006

അനുരാധ.

അനുരാധ എന്നായിരുന്നു അവൾ അവിടെ അറിയപ്പെട്ടിരുന്നത്‌. മുട്ടുവരെ വേഷം. അറടിയോളം പൊക്കം. അതുകാരണം അരയിൽ ചുറ്റിയിരുന്ന സാരിത്തുണ്ട് പലപ്പോഴും മുട്ടിനുമുകളിൽ തന്നെ നിൽക്കും. അത്‌ പിന്നെയും എത്ര മുകളിലേക്ക്‌ പോയാലും അവൾക്ക് പ്രശ്നമില്ല. പക്ഷെ മാറുമറയ്ക്കുന്ന കാര്യത്തിൽ അവൾ അതീവശ്രദ്ധാലുവായിരുന്നു. മാറുമറയ്ക്കാതെ ആരും അവളെ ഇതുവരെ കണ്ടിട്ടില്ല.

രാത്രിമഴ കഴിഞ്ഞ്‌ അൽപ്പം താമസിച്ചു പുലർന്ന ഒരു ബുധനാഴ്ചയാണ്‌ ബസ്റ്റാന്റിന്റെ സിമന്റു ബഞ്ചിൽ അവൾ ആദ്യമായി പ്രത്യക്ഷപ്പെട്ടത്‌. വെയിൽ മൂക്കുന്നത്‌ വരെ അവൾ അവിടെ ബസിന്റെ വരവും പോക്കും നോക്കിയിരുന്നു. പരിസരങ്ങളിൽ മനപൂര്‍വ്വം വെറുതെ നിന്ന ചിലർ അവളുടെ മുട്ടുവരെ ഉള്ള പുടവയുടെ വരവും പോക്കും ആയിരുന്നു നോക്കിയിരുന്നത്‌.
നാടകത്തിനിടയിൽ അറിയാതെ കുടുംബകാര്യങ്ങൾ ഓർത്തിരുന്ന നടി തന്റെ സീൻ ആയി എന്നറിഞ്ഞ്‌ ഞെട്ടി ഉണർന്നപോലെ അവൾ എണീറ്റു. പുറത്തേക്കിറങ്ങി. സ്റ്റാന്റിനു മുന്നില്‍ സ്ഥാപിച്ചിട്ടുള്ള "ഗോ സ്ലോ" എന്നുള്ള ബോർഡിൽ അവൾ കൈചുറ്റി ഒന്നു കറങ്ങി. അവളുടെ ചേല കാറ്റിലുലഞ്ഞു. പിന്നെ അവൾ നാരായണപിള്ളയുടെ കടയിലേക്ക്‌.

വയറിലെ ചേല അൽപ്പം താഴ്‌ത്തി മടിക്കുത്തിൽ നിന്നും പണസഞ്ചി വലിച്ചെടുക്കുമ്പോൾ നാരയണപിള്ളയുടെ കടയ്ക്കരുകിൽ ബീഡിതെറുത്തിരുന്ന ചന്ദ്രപ്പൻ അവളുടെ വെളുത്ത വയറിലേക്ക്‌ നോട്ടമെറിഞ്ഞു. അയാളുടെ കയ്യിലിരുന്ന നൂൽ, ബീഡിയും കഴിഞ്ഞ്‌ വിരലിൽ ചുറ്റിപ്പൊട്ടി.
അവൾ ആ ശീലയിൽ ഇന്നും രണ്ട്‌ ഒറ്റരൂപാ നാണയം എടുത്ത്‌ നാരങ്ങാമിഠായിയുടെ കുപ്പിക്കു മുകളിൽ വച്ചു. നാരായണ പിള്ള അവളെ നോക്കി. അവൾ രണ്ടുവിരൽ ഉയർത്തി സിഗരറ്റ്‌ വലിച്ചൂതുന്ന ആക്ഷന്‍ കാണിച്ചു. പിള്ള ഞെട്ടി. ഞെട്ടലിൽ നിന്നും തന്റെ ശോഷിച്ച ശരീരം ഊരിമാറ്റും മുന്‍പു തന്നെ അയാളുടെ വിരലുകൾ സിസറിന്റെ ടിന്നിനു മുകളിൽ പോയി. അതല്ല എന്ന് അവള്‍ ആക്ഷന്‍ കാണിച്ചു. എന്നിട്ട്‌ ചന്ദ്രപ്പന്റെ നിറഞ്ഞുകിടക്കുന്ന ബീഡിമുറത്തിലേക്ക്‌ കൈ ചൂണ്ടി.
ഇപ്പോൾ ഞെട്ടിയത്‌ ചന്ദ്രപ്പനാണ്‌.
കയ്യിൽ കിട്ടിയ ബീഡിയിൽ ഒന്നു വായിൽ വച്ചു. ബാക്കിയെല്ലാം വയറിനോട്‌ ചേർന്നുള്ള ശീലയറയിൽ വച്ചു. കീറിയിട്ടിരുന്ന സിഗരറ്റുകവറിന്റെ തുണ്ടിൽ നിന്നും ഒന്നെടുത്ത്‌ കുഞ്ഞു ചിമ്മിനി വിളക്കിൽ നിന്നും തീകത്തിച്ചു ബീഡിയിലേക്ക്‌ പകർന്നു. പിന്നെ ആഞ്ഞൊന്നുവലിച്ചു. അവളുടെ വെളുത്ത വയറിൽ ചുളുവികൾ വീണത്‌ നാഗപ്പന്‍ കണ്ടു. അവൾ നെടുമങ്ങാടിന്റെ തെരുവിലേക്കിറങ്ങി. അവൾ ഊതിവിട്ട പുക നെടുമങ്ങാടിന്റെ ഉച്ഛ്വാസവായുവിൽ ഡീസൽ കരിഞ്ഞ പുകയ്ക്കൊപ്പം ലയിച്ചു.

നാരയണപിള്ളയുടെ കടയിൽ ഇരുന്നു ചന്ദ്രപ്പൻ തീർത്ത ബീഡികൾ മാത്രമല്ല ഒരുപാട്‌ ചന്ദ്രപ്പന്മാർ ഒരുപാട്‌ കടകളിൽ ഇരുന്നു തീർത്തുവിട്ട ബീഡികൾ അവൾ വാങ്ങി കത്തിച്ച്‌ നാടിന്റെ തിരക്കിലേക്ക്‌ പുകയൂതി. ആ പുകയ്ക്കൊപ്പം അവളും നെടുമങ്ങാടിന്റെ ഭാഗമാവുകയായിരുന്നു. അവളുടെ വേഷവിധാനങ്ങളുടെ പ്രത്യേകതയാവും അവൾക്ക്‌ വളരെ വേഗത്തിൽ അനുരാധ എന്നുള്ള മനോഹരമായ്‌ പേരു പതിച്ചുകൊടുത്തു. അന്ന് അവിടുത്ത സിനിമാതീയറ്ററുകളിൽ മോർണിംഗ്‌ ഷോയ്ക്കും സെക്കന്റ്‌ ഷോയ്ക്കും റീലുകൾ കറക്കിയിരുന്ന സെൻസേഷൻ ആയിരുന്നു നടി അനുരാധ. എല്ലാവിധ അചാര്യ മര്യാദകളോടും കൂടി ആ പേരുതന്നെ അവൾക്ക് നാട്ടുകാർ സമ്മാനിച്ചു. അല്ലെങ്കിലും രസകരമയ പേരിടുന്നതിൽ ഞങ്ങളുടെ നാട്ടുകാർ വളരെ മുന്നിലാണ്‌.

ബസ്റ്റാന്റിലെ സിമന്റ്‌ ബഞ്ചിൽ ഉറങ്ങിയും എൽ പി സ്കൂളിലെ കുഞ്ഞുങ്ങളൊത്ത്‌ ചിരിച്ചും പോലീസുകാരെ നോക്കി കൊഞ്ചിയും മുന്നിൽ കാണുന്ന ചായക്കട ഏതായാലും അവിടെ ഒരു ഇലയ്ക്ക്‌ കൈനീട്ടിയും സ്ഥലത്തെ പ്രധാന റൌഡികളോടൊത്ത്‌ തണ്ടുകാണിച്ചും കണ്ടവരോടൊക്കെ തെണ്ടിയും അനുരാധ ജീവിച്ചു. പക്ഷെ അവൾ മാന്യമായാണ്‌ അവിടെ നടന്നത്‌. അവളെക്കുറിച്ച്‌ ഒരു ചീത്തവക്കുപോലും അവിടുത്തെ രാത്രികൾ കേട്ടിട്ടില്ല. ചില രാത്രികളിൽ ഞങ്ങൾക്ക്‌ അന്യമായ അവളുടെ ഭാഷയിൽ ആരൊടെന്ന പോലെ അവൾ ഉറക്കെ ഉറക്കെ സംസാരിക്കും. അതിൽ നിന്നും നാട്ടുകാരിൽ ചിലർ മനസിലാക്കി ഇവൾക്ക്‌ ഭ്രാന്താണ്‌ എന്ന്.
അവൾ ആദ്യം പഠിച്ച മലയാളം വാക്കുകൾ മറ്റ്‌ എല്ലാവരേയും പോലെ എത്തിപ്പെട്ട നാട്ടിലെ ചീത്തകളാണ്‌.

കാലം കഴിയും തോറും അനുരാധയിൽ ഒരു മാറ്റം വന്നു തുടങ്ങി. അവൾ കറുത്തു തുടങ്ങി. അതിന്റെ രഹസ്യവും നാട്ടിൽ പാട്ടായി. അതിന്റെ രഹസ്യം കണ്ടുപിടിച്ചത്‌ രത്നാകരയണ്ണന്റെ മില്ലിൽ അരിപൊടിക്കാൻ നിൽക്കുന്ന ബാബു ആണ്‌, ബാബു തറപ്പിച്ചു പറഞ്ഞു.
"അവള്‌ കുളിക്കൂല. അമ്മേണ! അതല്ലീ കറുകറാന്ന് ഇരിക്കിനത്‌"
"ഉം സത്യം തന്നേരിക്കും എവൻ പറയിനത്‌. ഭ്രാന്തൊള്ളവര്‌ കുളിക്കൂല"
സോമന്‍ മേശിരി തന്റെ അറിവ്‌ മറ്റുള്ളവര്‍ക്ക്‌ പങ്കുവച്ചു.
അതെ അനുരാധ. അവൾ കുളിക്കില്ല. നാട്‌ മുഴുവൻ ഇത് തന്നെ പലരും പറഞ്ഞു നടന്നു. അനുരാധയ്ക്ക്‌ മാത്രം അറിയില്ല നാട്ടുകാരുടെ പരാതി ഇതാണെന്ന്. അവൾ കണംകാലിനു മുകളിൽ സാരിത്തുണ്ടും തെറുത്തുകയറ്റി വലത്തു നിന്നും ഇടത്തേക്ക്‌ മാറും മറച്ച്‌ നടന്നു. രാത്രികളിൽ സിമന്റു ബഞ്ചില്‍ അവളുടെ ഭാഷയിൽ ആക്രോശിച്ച്‌ ബീഡിപ്പുക മുകളിലേക്ക്‌ ഊതി. ബീഡിക്കറപുരണ്ട അവളുടെ വായിൽ നിന്നും ഇടയ്ക്കിടെ വീണുകൊണ്ടിരുന്ന മലയാളം ചീത്തകൾ ഇരുളിൽ സിമന്റു ബഞ്ചിനു ചുറ്റും ചൂടുപിടിച്ചുകിടന്നു.

എകദേശം നാലുമാസം ആയിക്കാണും, കുളിക്കാത്ത അനുരാധയുടെ കുളിതെറ്റി. ബസ്റ്റാന്റിലെ സിമന്റു ബഞ്ചിലും സ്കൂളിന്റെ വരാന്തയിലും അവൾ മഞ്ഞനിറത്തിൽ ഛർദ്ദിച്ചു. ജെയിംസ്‌ ആശാന്റെ പച്ചക്കറികടയിൽ വിൽക്കാൻ വച്ചിരുന്ന പച്ചമാങ്ങ അവൾ എടുത്ത്‌ കടിച്ചു. തൊട്ടടുത്ത്‌ പച്ചപ്പയറും തേങ്ങയും വിൽക്കാനിരുന്ന ഭാര്‍ഗ്ഗവിത്തള്ളയാണ്‌ അത്‌ കണ്ടുപിടിച്ചത്‌. അവർ ഉറക്കെപ്പറഞ്ഞു

"ആശാനെ ഇതു കണ്ടാ, അവള്‌ പച്ചമാങ്ങ എട്‌ത്ത്‌ കടിക്കിനത്‌. രണ്ടൂന്ന് ദെവസമായിറ്റ് ചെല ലക്ഷണങ്ങളു കാണിക്കിനു യെവളു. ആശാനെ യെവക്ക്‌ ഗെർപ്പം ആണ്‌. ചുമ്മയല്ല എവള്‌ കക്കിക്കോണ്ട്‌ നടന്നത്‌."

ഗർഭിണിയായ അനുരാധ പുകയും വിട്ട്‌ തെരുവിലൂടെ നടന്നു. കുറച്ചു മാസങ്ങൾ കൂടി കഴിഞ്ഞപ്പോൾ അവൾക്ക്‌ മുന്നിലായി അവളുടെ വയറും നടന്നു.
ഉച്ചയ്ക്ക്‌ കല്ലമ്പാറ ആറ്റിന്റെ കരയിൽ കാലുകൾ വെള്ളത്തിലേക്ക്‌ ഇറക്കി അവളിരുന്നു. അവളുടെ വയറ്റിൽ വെയിൽ തട്ടിയപ്പോൾ അവിടെ കുഞ്ഞു പാദങ്ങൾ തെളിഞ്ഞുവന്നു. പിന്നെയും ഒരിക്കൽ കൂടി അവളുടെ വയർ അനങ്ങി. പക്ഷെ അവൾ മാത്രം അറിഞ്ഞില്ല അവളുടെ വയറ്റിലെ ആളനക്കം.

അവൾ പണ്ടുമുതൽ എന്ന പോലെ തെരുവിലൂടെ വെറുതെ നടന്നു. കോലപ്പൻ വൈദ്യരുടെ വൈദ്യശാലയുടെ മുന്നിലെ മുറുക്കാൻ കടയിൽ അവൾ ബീഡിവാങ്ങാനായി അവൾ നിന്നു. കടയിൽ ഇരുന്ന കമലാസനനോട്‌ വൈദ്യർ പറഞ്ഞു,
"അവക്ക്‌ നല്ല ക്ഷീണമൊണ്ട്‌. എങ്ങനെ ഇല്ലായിരിക്കും? പെറാനൊള്ള പെണ്ണ്‍ കഴിക്കാനൊള്ള വല്ലതും എവളു
കഴിച്ചിട്ടൊണ്ടാ?" അതും പറഞ്ഞ്‌ വൈദ്യർ അകത്തു നിന്നും ഒരു ലേഹ്യം എടുത്തു കൊണ്ടുവന്ന് അവൾക്ക്‌ കൊടുത്തു.
വൈദ്യരെ ഒന്നു നോക്കിയ ശേഷം അതിൽ വിരലിട്ട്‌ അൽപ്പം എടുത്ത്‌ നാക്കിൽ തേച്ചു അതിന്റെ ചവർപ്പ്‌ സഹിക്കാതെ ആ ടിന്ന്‌ ഓടയിലേക്ക്‌ എറിഞ്ഞു. അവിടെ തൂക്കിയിരുന്ന പഴക്കുലയിൽ നിന്നും ഒരു പഴം ചീന്തി എടുത്ത്‌ അവൾ കഴിച്ചു. കനിവുതോന്നിയ കടക്കാരൻ ഒരു പഴം കൂടി അവൾക്ക്‌ കൊടുത്തു. അവൾ അതു വാങ്ങാതെ ആകാശത്തേക്ക്‌ ആഞ്ഞു പുക ഊതി നിരത്തിലേക്കിറങ്ങി.
അവൾ ഇന്ന് ഈ നാടിന്റെ ഗർഭിണിയാണ്‌.
അവൾക്ക്‌ എന്തും നല്‍കാൻ തയ്യാറാണ്‌ എല്ലാവരും. അവളുടെ പേറ്‌ അടുക്കും തോറും ബസ്റ്റാന്റിലെ രാത്രിവാസികൾക്ക്‌ ടെൻഷനായി. അതിൽ ഏറ്റവും വ്യകുലമായത്‌ മൊണ്ടി കാർത്തു എന്ന കാർത്ത്യായനിയാണ്‌. കടകളുടെ മുൻഭാഗമൊക്കെ വൃത്തിയാക്കി അവർകൊടുക്കുന്നതെന്തും വങ്ങിയാണ്‌ ആ തള്ള ജീവിച്ചിരുന്നത്‌. അവർ അനുരാധ കാണാതെ അവൾക്ക്‌ കാവലിരുന്നു. അവൾ കണ്ടാൽ അവളുടെ പതിവുഭാഷയ്ക്കൊപ്പം തെറിയുടെ പൂരമാവും പിന്നെ ഉണ്ടാവുക. മാത്രമല്ല ഈ അടുത്ത കാലത്തായി ഇരിക്കുന്നതിനു ചുറ്റും അവൾ ഉരുളൻ കല്ലുകൾ നിരത്തിവച്ചിരിക്കും. ആശുപത്രിയിൽ നിർബദ്ധിച്ച്‌ പാർപ്പിക്കാനുള്ള ഒരു ശ്രമത്തിനു ശേഷമാണ്‌ അവളുടെ ഈ നീക്കം.

മകരമാസത്തിലെ ഞായറാഴ്ച സന്ധ്യമുതൽ നല്ല മഴയായിരുന്നു. കറണ്ടും ഇല്ല. അനുരാധയുടെ രാത്രി ആക്രമണം പേടിച്ച്‌ ബസ്റ്റാന്റിന്റെ വടക്കുവശത്ത്‌ കിടന്നുറങ്ങുകയായിരുന്ന മൊണ്ടി കാർത്തു. പുലരും മുൻപു കാർത്തു ഉണരും. പതിവുപോലെ അനുരാധ കിടന്നിടത്തേക്ക്‌ നോക്കിയപ്പോൾ അവിടെ അനുരാധ ഇല്ല.
നേരിയ പുലരിവെട്ടത്തിലാണ്‌ കാർത്തു അത്‌ കണ്ടത്‌, സിമന്റ്‌ ബഞ്ചിൽ ചുറ്റും നിരത്തിവച്ച കല്ലുകൾക്ക്‌ നടുവിൽ കൈകാലിട്ടടിക്കുന്ന ഒരു ചോരക്കുഞ്ഞ്‌.
കാർത്തു അതിനെ വാരി എടുത്തു.
കുഞ്ഞുകരഞ്ഞു. അതിന്റെ ചുണ്ടുകൾ കാർത്തുവിന്റെ മാറിൽ എന്തോ തപ്പി.
അതു വീണ്ടും കരഞ്ഞു. പിന്നെ നിർത്താതെ കരഞ്ഞു.
അതിന്റെ കരച്ചിലിൽ സൂര്യനുദിച്ചു.

അനുരാധയെപ്പിന്നെ ആരും കണ്ടിട്ടില്ല.

പകരം എന്നും അവളുടെ കുട്ടിയെ കണ്ടു. നെടുമങ്ങാടിന്റെ മാറിലിട്ട്‌ തന്നെ കാർത്തു ആ കുഞ്ഞിനെ വളർത്തി. പക്ഷെ ഉത്തരമില്ലാത്ത ഒരു ചോദ്യം മാത്രം അപ്പോഴും ബാക്കികിടന്നു.
പക്ഷെ അതു ആ കുഞ്ഞിന്റെ അമ്മയക്കുറിച്ചായിരുന്നില്ല.

Saturday, June 17, 2006

ആവര്‍സിയര്‍ !

ശ്രീമാന്‍ ഗോപാലപിള്ള ഓവര്‍സിയര്‍ അല്ല. ഗോപാലപിള്ള തൂപ്പുകാരന്‍ ആണ്‌.
പറയങ്കാവിലുള്ള കെ എസ്‌ ഈ ബി സബ്സ്റ്റേഷന്‍ വളപ്പൊക്കെ തൂത്ത്‌ വൃത്തിയാക്കി ആവശ്യമില്ലാത്ത പേപ്പൊറൊക്കെ കത്തിച്ചുകളയലാണ്‌ മഹത്തായ മുഖ്യ കര്‍മ്മം. പഴയ ഒരുപാട്‌ മഞ്ഞഫയലുകള്‍ ഗോപാലപിള്ളയ്ക്ക്‌ അവിടെ നിന്നും ലഭിക്കാറുണ്ട്‌. അതൊക്കെ കത്തിക്കാതെ സൂക്ഷിച്ചുവയ്ക്കും. ഉച്ചയോടെ പണിനിര്‍ത്തി വീട്ടിലേക്ക്‌ പോകുമ്പോള്‍ അവയൊക്കെ കക്ഷത്തില്‍ തിരുകി തല ഉയര്‍ത്തിപ്പിടിച്ചാണ്‌ നടപ്പ്‌. വീട്ടില്‍, ഉളുപ്പന്‍ കുത്തിത്തുടങ്ങിയ തടിയലമാരയില്‍ മഞ്ഞ ഫയലുകള്‍ കീറിയവയും കീറാത്തവയും പ്രത്യേകമായി അടുക്കി വയ്ക്കും.


ഇപ്പോള്‍ ഈ ഫയലുകള്‍ ഇല്ലാതെ ഗോപാലപിള്ളയ്ക്ക്‌ ജീവിക്കാന്‍ വയ്യാതായി. എക്സിക്യൂട്ടീവ്‌ എഞ്ചിനിയര്‍മാരുടെ ഓവര്‍സിയര്‍മാരുടെയും കക്ഷത്തിലുരുന്ന് വിയര്‍ത്തതാണി ഫയലുകള്‍. ചിലപ്പോള്‍ വെറുതെ പുറത്തേക്ക്‌ ഇറങ്ങുമ്പോള്‍ ഇതിലൊന്ന് എടുത്ത്‌ ഗോപാലപിള്ളയും കക്ഷത്തില്‍ തിരുകും. എന്നിട്ട്‌ തലയുയര്‍ത്തിനടന്നുപോകും.


"ഓവര്‍സിയറേ......."
യൂണിയന്‍ ഗ്രൌണ്ടിന്റെ വശത്തു നിന്നാണ്‌ ആദ്യമൊക്കെ വിളിവന്നു തുടങ്ങിയത്‌. പിന്നെയത്‌ ഓട്ടോ സ്റ്റാന്റിലേക്കും നീണ്ടു. ഗോപാലപിള്ളയുടെ തലകണ്ടാല്‍ മതി എവിടെ നിന്നെങ്കിലും നീണ്ട വിളി ഉയരും.
"ഓവര്‍സിയറേ......."
ആദ്യമൊക്കെ ഗോപാലപിള്ള രസിച്ചു, തല കുറച്ചു കൂടി ഉയത്തി നടന്നു. പിന്നെ പിന്നെ വിളിയുടെ ടോണും സ്റ്റൈലും മാറിത്തുടങ്ങി. സത്രംമുക്കിലും ബാങ്ക്‌ ജംഷനിലും കച്ചേരി നടയിലും ഒക്കെ വിളികള്‍ ഉയര്‍ന്നു..
"ഓവര്‍സിയറേ......."
ഇപ്പൊ കക്ഷത്തില്‍ ഫയലൊന്നും വേണ്ട, ഗോപാലപിള്ളയെ കണ്ടാല്‍ മതി.
"ഓവര്‍സിയറേ......."
കുടുംബവുമായി പുറത്തിറങ്ങിയാലും അമ്പലത്തില്‍ പോയാലും വിവാഹത്തിനു പോയാലും..
"ഓവര്‍സിയറേ......."


ഒരുദിവസം ഗോപാലപിള്ള ആ കടുംകൈ ചെയ്തു, സൂക്ഷിച്ചുവച്ചിരുന്ന ഫയലൊക്കെ വീട്ടുവളപ്പിലിട്ട്‌ കത്തിച്ചു.
എന്നിട്ടും..
"ഓവര്‍സിയറേ......."
നെടുമങ്ങാടിന്റെ യുവജനത ആ വിളി ഒരു മന്ത്രം പോലെ കൊണ്ട്‌ നടന്നു."നിങ്ങള്‌ പോലീസി പരാതി കൊടുക്കീം." സഹികെട്ട ഭാര്യയാണ്‌ ഒരു പോംവഴി പറഞ്ഞത്‌.
"നിങ്ങള്‌ ഇതെല്ലാം ക്യാട്ടോണ്ട്‌ മിണ്ടാതെ ഇരിന്നിറ്റാണ്‌ പിള്ളരുക്ക്‌ ഏളുവം കൂടണത്‌. ഒര്‌ പെടപെടയ്ക്ക്‌ പോയാ അവിടേം വര്‌ം വിളി, ആവര്‍സിയരേന്ന്. മേലാങ്കോട്ടമ്മച്ചീ ഇതെന്തര്‌ തലേവിധിയാണ്‌."


ഭാര്യ പറഞ്ഞതില്‍ കാര്യമുണ്ടെന്ന് ഗോപാലപിള്ളയ്ക്കും തോന്നി.
പിറ്റേന്ന് തിരുച്ചുവരുന്ന വഴിയില്‍ പോലീസ്‌ സ്റ്റേഷനില്‍ ഗോപാലപിള്ള കയറി. പാറാവുകാരനോട്‌ പറഞ്ഞു എസ്‌ ഐ യെക്കണ്ട്‌ ഒരു പരാതി ബോധിപ്പിക്കാനുണ്ടെന്ന്. അയാള്‍ എസ്‌ ഐ യുടെ മുറികാട്ടിക്കൊടുത്തു. ഹാഫ്‌ ഡോറില്‍ കൈവച്ചപ്പോള്‍ ഗോപാലപിള്ളയുടെ ഉള്ളുപിടച്ചു. "മാടന്‍ എസ്‌ ഐ" എന്നാണ്‌ ആ മഹാന്‍ നാട്ടില്‍ അറിഞ്ഞിരുന്നത്‌. അടിച്ചിടുന്നവന്‍ എന്നര്‍ഥം. തിരിച്ചുപോയാലോ എന്ന് ഓര്‍ത്തു. കാലുകള്‍ പരുങ്ങി.


"ആരാ അത്‌?" അകത്തുനിന്നും പാറയില്‍ പറണ്ടുന്ന പോലൊരു ശബ്ദം.
ഗോപാലപിള്ള താനറിയാതെ മൊത്തമായി അകത്തേക്ക്‌ നീങ്ങി.
കാലുകള്‍ മേശമേല്‍ കയറ്റിവച്ച്‌ എസ്‌ ഐ ഇരിക്കുന്നു. ഫിക്സ്‌ ചെയ്ത ആ ഇരിപ്പില്‍തന്നെ എസ്‌ ഐ ചോദിച്ചു
"എന്തുവേണം?"
മൂത്രം ഒഴിക്കണം എന്നു പറയണാണ്‌ ഗോപാലപിള്ളയ്ക്ക്‌ തോന്നിയത്‌. തോന്നലിന്റെ ഒടുവില്‍ അയാള്‍ പറഞ്ഞു
"യെന്റെ പേരു കോവാലവിള്ള. ഒര്‌ പരാതി ഒണ്ടാരിന്ന്."
"ഉം" പറഞ്ഞൊ എന്ന അര്‍ഥത്തില്‍ എസ്‌ ഐ മൂളി.
"യെന്നെ യെല്ലാവരും ആവര്‍സിയറേ, ആവര്‍സിയറേ എന്ന് വിളിച്ച്‌ കളിയാക്കിണ്‌. സാറ്‌ യെന്തരെങ്കിലും ചെയ്ത്‌ ഈ വിളി വൊന്നു നിര്‍ത്തി തരനം"
എസ്‌ ഐ കാലുകള്‍ ഇറക്കിവച്ചു നിലത്തേക്ക്‌ ഇറങ്ങി. ഗോപാലപിള്ളയുടെ അടുത്തുവന്നു. എന്നിട്ട്‌ സാവധാനം ചോദിച്ചു;
"എന്തരാണ്‌ നിന്റെ ജ്വാലി?"
"എലറ്റ്രിസിറ്റീല്‌ തൂപ്പാണ്‌"
"എത്രാംക്ലാസുവരെ പഠിച്ചിറ്റൊണ്ട്‌?"
"എട്ടാം ക്ലാസ്‌"
"ഉം."നിശബ്ദത.

എസ്‌ ഐയുടെ കൈ സ്വന്തം പാന്റിന്റെ പോക്കറ്റില്‍ എന്തോ തിരയുന്നു.
ഗോപാലപിള്ളക്ക്‌ ഇറങ്ങി ഓടാന്‍ തോന്നി.
കയ്യില്‍ തടഞ്ഞ പൊടിക്കുപ്പി എടുത്ത്‌ എസ്‌ ഐ തുറന്നു. ഇടതുകയ്യിലേക്ക്‌ കുടഞ്ഞു, വലതുകൈവിരലില്‍ അതെല്ലാം ചേര്‍ത്ത്‌ പിടിച്ച്‌ മൂക്കിലേക്ക്‌ തിരുകി.
ഉണര്‍ന്നു വന്ന ഒരു തുമ്മല്‍ ആസ്വദിച്ചടക്കി. ഗോപാലപിള്ളയെ നോക്കി.

"ഡാ നെനക്കറിയുമോ, കഷ്ടപ്പെട്ട്‌ പഠിച്ച്‌ ഞാന്‍ ഹിസ്റ്ററി എം എ എടുത്തു. കുത്തിയിരുന്നു പഠിച്ച്‌ പി എസ്‌ സി ടെസ്റ്റ്‌ എഴുതി ആദ്യം PWD ക്ലാര്‍ക്ക്‌ ആയി. അവിടെ ഇരുന്ന് ടെസ്റ്റ്‌ എഴുതി പോലീസിക്കേറി. സബ്‌ ഇന്‍സ്പെക്റ്റര്‍ വരെയായി ഉടനെ സി ഐ ആകും.
ആ എന്നെ ഇവിടെയുള്ള നായിന്റെ മോന്‍മാര്‍ വിളിക്കിനത്‌ "മാടന്‍" എന്നാണ്‌.
എട്ടാം ക്ലാസും ഗുസ്തിയും കഴിഞ്ഞു തൂത്തുവാരി നടക്കണ നിന്നെ "ഓവര്‍സിയറേ" എന്നു വിളിച്ചപ്പം നിനക്കു വലിയ നാണക്കേടാണല്ലേടാ" മാടന്‍ എസ്‌ ഐ അലറി
"എറങ്ങിപ്പോടാ വെളിയില്‍. അവന്റെ ഒരു ആവര്‍സിയര്‍!"


ഈ സംഭവത്തിന്റെ ത്രെഡ്‌ പറഞ്ഞ ഹരിക്ക്‌ നന്ദി.

Wednesday, June 14, 2006

രായപ്പയണ്ണന്‍!

"രായപ്പയണ്ണന്‍ ഗെള്‌ഫീന്ന് വന്ന്"

രാജപ്പന്‍ പിള്ള ഗോപിനാഥ പിള്ള എന്ന് പാസ്പോര്‍ട്ടില്‍ പേരുള്ള ഞങ്ങളുടെ രായപ്പയണ്ണനും ഗള്‍ഫില്‍ നിന്നും വന്നു. 8 വര്‍ഷം കഴിഞ്ഞുള്ള വരവാണ്‌.

പക്ഷെ രവിയണ്ണന്‍ വന്നതുപോലുള്ളവരവല്ല. ഇതു ശരിക്കും ഉള്ള ഗള്‍ഫീന്നുള്ള വരവ്‌. കെട്ടിയവളും 14 വയസുള്ള മോനും 12 വയസുള്ള മോളും ഒത്തുള്ള വരവ്‌.


വരവ്‌ തന്നെ ഒരു ആഘോഷമായിരുന്നു.
മുന്നില്‍ ഒരു ടാക്സിയില്‍ ഇവിടുന്നു 'ഏറോഡ്രാമില്‍' വിളിക്കാന്‍ പോയ ബന്ധു സംഘം. പിന്നിലെ കാറില്‍ കുത്തിനിറച്ച്‌ കുറേ നാട്ടുകാര്‍. നടുവില്‍ ഒരു ചുവന്ന എസ്റ്റീം കാറില്‍ കറുത്ത കൂളിംഗ്‌ ഗ്ലാസ്‌ വച്ച്‌ രായപ്പയണ്ണന്‍.
മഹാന്‍ തന്റെ ഒരു കൈ ഭാര്യയുടെ കഴുത്തില്‍ ചുറ്റിയിരിക്കുന്ന പോലെ അഭിനയിക്കുന്നുണ്ട്‌. എല്ലാ കാറുകള്‍ക്കും മുകളില്‍ ഒരുപാട്‌ പെട്ടികളിലായി 'പൊളിച്ചടുക്കി വച്ചിരിക്കുന്ന ഒരു കൊച്ചു ഗള്‍ഫ്‌.'


ജംഗ്ഷനിലെ ഗണപതി ക്ഷേത്രത്തിനു മുന്നിലെത്തിയപ്പോള്‍, രായപ്പയണ്ണന്റെ വണ്ടി നിന്നു. ഒരു കാന്തിക ശക്തിയില്‍ എന്നപോലെ മുന്നിലേയും പിന്നിലേയും വണ്ടികളും നിന്നും. കാറിന്റെ ഗ്ലാസ്‌ താഴ്ത്തി തന്റെ കൂളിംഗ്‌ ഗ്ലാസ്‌ മാറ്റാതെ രായപ്പയണ്ണന്‍ തൊഴുതു. കറുത്ത ഗ്ലാസിനുള്ളിലൂടെ ചാരനിറത്തിലുള്ള ഗണപതിയെ രായപ്പയണ്ണന്‍ കണ്ടു. തന്റെ മണിപേഴ്സില്‍ സൂക്ഷിച്ചു വച്ചിരുന്ന ഒരു ഗള്‍ഫ്‌ നാണയം അയാള്‍ ദൈവസന്നിധിയിലേക്ക്‌ എറിഞ്ഞു. വാഹനവ്യൂഹം നീങ്ങി.


പുതുതായി പണിതീര്‍ന്ന വീട്ടിന്റെ നടയില്‍ വണ്ടി നിന്നു. മുന്‍കൂട്ടി തയ്യാറാക്കിയ ഒരു തിരക്കഥയിലെന്ന പോലെ മുന്നിലേയും പിന്നിലേയും സംഘം കാറിനിരുവശവും നിരന്നു.
രാജപ്പന്‍പിള്ള ഗോപിനാഥപിള്ള തന്റെ കാലുകള്‍ നിലത്തൂന്നി. വെറുതെ ചുറ്റും കൈ വീശി. എന്നിട്ട്‌ ഷര്‍ട്ടിന്റെ കോളര്‍ വലിച്ച്‌ മുകളിലേക്ക്‌ ഉയര്‍ത്തി പറഞ്ഞു.
"ഹാര്‍ സ്യാദാ"*
മുന്നില്‍ നിന്ന പിതാശ്രി കോവിപ്പിള്ള ശരിയാണെന്ന് തലയാട്ടി. രായപ്പയണ്ണന്‍ ജന്മനാട്ടിലെ തിരിച്ചെത്തിയ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യവാചകം വടക്കുനിന്നും വന്നകാറ്റില്‍ നാട്ടിലലിഞ്ഞു. . കേട്ട്‌ നിന്നവര്‍ അത്‌ വീടിനെക്കുറിച്ചാവും എന്നു കരുതി, കോവിപ്പിള്ളയെപ്പോലെ.

രായപ്പണ്ണന്‍ കൂളിംഗ്‌ ഗ്ലാസിനുള്ളിലൂടെ തന്റെ കൊട്ടാരം കണ്ണുകള്‍ കൊണ്ട്‌ ഒന്ന് ഉഴിഞ്ഞു. ബാല്ക്കണിയുടെ താഴെ നിരന്ന ദീര്‍ഘചതുരങ്ങളില്‍ അടിച്ചിരിക്കുന്ന ബഹുവര്‍ണ്ണങ്ങള്‍ രായപ്പയണ്ണന്റെ കണ്ണില്‍ കുളിരുവിരിയിച്ചു. വീട്‌ പണിക്കാരന്‍ രാമന്‍ മേസ്തിരിയുടെ തോളില്‍ കൈവച്ച്‌ ചോദിച്ചു.
"കൈഫാലക്ക്‌?"*
ആ പറഞ്ഞതു ശരിതന്നെ എന്നുള്ള അര്‍ഥത്തില്‍ രാമന്‍ മേശിരി തലകുലുക്കി.

രായപ്പയണ്ണന്‍ പിന്നെ അധികം ആരോടും മിണ്ടിയില്ല. ആകെ മിണ്ടിയതോ നാട്ടുകാര്‍ക്ക്‌ മനസിലാവാത്ത അറബിയും.


രായപ്പയണ്ണന്റെ മാറ്റം നാട്ടുകാര്‍ ഉള്‍ക്കൊണ്ടു. അതുകൊണ്ടാരും അധികം സംസാരിക്കാനും നിന്നില്ല.
നാട്ടുകാരൊക്കെ പറഞ്ഞു, രായപ്പന്‍ ആളാകെ മാറി. മലയാളം പോലും മറന്നു. ഇംഗ്ലീഷാണ്‌ സംസാരിക്കുന്നത്‌ എന്ന്.
എക്സ്‌ ഗള്‍ഫുകാരില്‍ പ്രമുഖനായ റമല്‌ ബാലന്‍ തിരുത്തി.
"അയ്യീ അത്‌ അറബാണ്‌. നമ്മള്‌ കൊറേക്കാലം പറഞ്ഞതല്ലീ, എന്റെ അറബാബയ്ക്ക്‌ ഇംഗ്ലീഷറിഞ്ഞൂടേരിന്ന്. കര്‍സാനയ്ക്ക്‌* കുഴയ്ക്കുമ്പം അറബാബ എപ്പഴും ചോയിക്കും ഇസ്മന്റ്‌ ആവശ്യത്തിനിട്ടാടാ എന്ന്."
അറബ്‌ പറയുമ്പോള്‍ ബാലന്‌ നൂറുനാവാണ്‌ ഒരു അറേബ്യന്‍ ഓര്‍മ്മയുടെ നിറംമുള്ള വര്‍ണ്ണങ്ങള്‍ ബാലന്റെ മുഖത്ത്‌ വിരിയും. പ്രവാസജീവിതത്തിനപ്പുറം നാട്ടില്‍ കെട്ടിടം പണിക്ക്‌ പോകുമ്പോഴും ബാലന്‍ ചില അറബ്‌ വാക്കുകള്‍ സ്ഥിരമായി ഉപയോഗിച്ചിരുന്നു.
"റമലരിച്ച്‌ കൊണ്ട്‌ വാ" എന്നൊക്കെ ബാലന്‍ നീട്ടിവിളിക്കുമ്പോള്‍ സഹപ്രവര്‍ത്തകര്‍ ആദ്യമൊക്കെ വാപൊളിക്കുമായിരുന്നു. ആ വാക്കിന്റെ അതി പ്രസരം ക്രമേണ ബാലന്‍ എന്ന പേരിനു മുന്‍പു ഒരു കൂട്ടുപേരായി നിന്നു. റമല്‌ *ബാലന്‍.

ഒരുകാര്യം മറന്നു, നമ്മള്‍ ബാലനെക്കുറിച്ചോ അവന്റെ റമലിനെ കുറിച്ചോ അല്ല പറഞ്ഞുവന്നത്‌. വിഷയം മാറാന്‍ പാടില്ല. നമുക്ക്‌ രാജപ്പന്‍ പിള്ളയുടെ ബ്രൂട്ട്‌ മണത്തിന്റെ പിന്നാലെ പോകാം.

അതെ, നാട്ടുകാര്‍ അടിച്ചുറപ്പിച്ചു തന്നെ പറഞ്ഞു,
"രായപ്പണ്ണന്‍ മലയാളം മറന്നു"


പിറ്റേദിവസം തന്നെ രായപ്പയണ്ണന്‍ ഒരു 'സെക്കനാന്റ്‌' ചവര്‍ലെറ്റ്‌ (ഷവര്‍ലേ) കാറുവാങ്ങി. അന്നു വൈകുന്നേരം തന്നെ ത്രീ പീസ്‌ കോട്ടും അണിഞ്ഞ്‌ എക്സ്റ്റ്രാ ഫിറ്റിംഗ്‌ അല്ലാത്ത കണ്ണടയും വച്ച്‌ ഭാര്യയും ഒത്ത്‌ സിറ്റിയിലേക്ക്‌ പോയി. ആദ്യം പത്മനാഭസ്വാമിക്ഷേത്രത്തിലും പിന്നെ ആറ്റുകാല്‍ അമ്പലത്തിലും. അതുകഴിഞ്ഞ്‌ മസ്കറ്റ്‌ ഹോട്ടലില്‍ ഒരു ചായകുടി.

അതു കഴിഞ്ഞു നേരേ പോയത്‌ നോക്കിയയുടെ ഷോറൂമിലേക്ക്‌ ആണ്‌. ഗമ ഒട്ടും കുറയ്ക്കാതെ ഭാര്യയുടെ കൈ പിടിച്ച്‌ അയാള്‍ ആ ഷോപ്പിലേക്ക്‌ കയറി. സെക്കൂരിറ്റിക്കാരന്‍ ഭയ ഭക്തി ബഹുമാനത്തോടെ വാതില്‍ തുറന്നു. ഷോഫര്‍ ഡ്രിവണ്‍ ഷവര്‍ലേയില്‍ വന്നിറങ്ങിയ കോട്ടും സൂട്ടും ഇട്ട കസ്റ്റമറെ കണ്ട്‌ ഫുള്‍സ്ലീവും ടൈയും കെട്ടിയ സെയില്‍സ്മാന്‍ ഓടി വന്നു.
"സര്‍ മേ ഐ ഹെല്‍പ്പ്‌ യൂ?"
രായപ്പയണ്ണന്‍ കോട്ടിന്റെ പോക്കറ്റില്‍ നിന്നും തന്റെ മൊബെയില്‍ ഫോണ്‍ എടുത്തു. സെയില്‍സ്‌മാന്‍ ഭക്തിയാദരവോടേ അതു വാങ്ങി. എന്നിട്ട് ചോദിച്ചു
"സര്‍ വാട്ട്‌ യൂ വാണ്‍ മീ റ്റു ടൂ സര്‍?"

അറിയാവുന്ന ഇംഗ്ലീഷ്‌ ആദ്യം രായപ്പയണ്ണന്‍ പറഞ്ഞു. ' ആച്ച്വലീ... യെസ്‌ യെസ്‌." പിന്നെ പിടിച്ചുനിലക്കാനായില്ല. മസ്കറ്റ്‌ ഹോട്ടലില്‍ പോയി ദോ ടീ, ദോ വടൈ എന്നു പറഞ്ഞപോലെ ഇവിടെ കാര്യം പറഞ്ഞു മനസിലാക്കാനാവില്ല.
ഒടുവില്‍ രായപ്പണ്ണന്‍ വാ തുറന്നു,
" എടേയ്‌ അതിന്റെ കൂട്‌ തായെ വീണ്‌ പ്വോറി പോയെടേ, അമ്മേണ. ചെല്ലക്കിളീ ഇതില്‌ ഒരു നല്ല പോതരവൊള്ള ഒരു കൂട്‌ ഇട്ട്‌ തരീ.."


വാല്‍ക്കഷണം : ഞങ്ങള്‍ ഈ നാട്ടുകാരുടെ നാവ്‌, പതിറ്റാണ്ടുകാലം മറ്റേതു ഭാഷയില്‍ ഉപ്പിലിട്ടാലും മുളകിലിട്ടാലും "ഇങ്ങ്‌നെ തന്നേരിക്കും, അമ്മേണ ഒള്ളതാണ്‌"


എന്നെ പോലെ ഗള്‍ഫുകാര്‍ അല്ലാത്തവര്‍ക്ക്
*"ഹാര്‍ സ്യാദാ" - ചൂട് കൂടുതലാണ്.
* “കൈഫാലക്ക്‌“ - How are you?
*റമല്‍ - മണല്‍
*കര്‍സാന - കോണ്‍ക്രീറ്റ്


(അറബ് വാക്കുകള്‍ പറഞ്ഞുതന്ന ഗള്‍ഫന്മാര്‍ക്ക് നന്ദി)

Wednesday, June 07, 2006

പുകച്ചുരുളുകള്‍

"അറിഞ്ഞില്ലീ? ഗെള്‌ഫില്‍ പോയ രവിയണ്ണന്‍ തിരിച്ച് വന്ന്‌."
അതെ, ശാരദചേച്ചി കാത്തിരുന്ന രവിയണ്ണന്‍ വന്നു.
ഒരു തിങ്കളാഴ്ചയുടെ ശാന്തതയ്ക്ക്‌ മുകളിലൊരു പിരിമുറുക്കത്തിന്റെ കുളിരില്ലാക്കാറ്റുപോലെ ഈ വാര്‍ത്ത പരന്നു.

"ഒറ്റയ്ക്കാണോ വന്നത്‌?"

വാര്‍ത്ത കേള്‍ക്കുമ്പോള്‍ നാടുമുഴുവന്‍ ആകാക്ഷയോടെ ചോദിക്കേണ്ടതാണ്‌ ഈ ചോദ്യം.
പക്ഷെ ആരും ചോദിക്കാതെ അതും കാറ്റിനൊപ്പം അലഞ്ഞു. ഇടവഴിയില്‍, വേലിക്കരുകില്‍, മേലാംകോട്‌ ഏലായില്‍, ഒക്കെ ആ ചോദ്യം വിമ്മിഷ്ടപ്പെട്ട്‌ കിടന്നു.

സുധാകരയണ്ണനാണ്‌ അത്‌ പറഞ്ഞത്‌, "എടേയ്‌ അവയ്‌ പെണ്ണും കെട്ടികൊച്ചിനേം കൊണ്ടാണ്‌ വന്നത്‌"
"നീ ചുമ്മാ ഇല്ലാത്തത്‌ ഒണ്ടാക്കി പറയല്ലേ സുധാരാ" പ്രഭാകരന്‍പിള്ള എതിര്‍ത്തു.
"എടേയ്‌ പ്രവാരാ രാവിലെ അവന്റെ തള്ള ഇവ്‌ടെ വന്നിരിന്ന് അവന്റെ പിള്ളരിക്ക്‌ രണ്ട്‌ വാഴക്കേപ്പവും വാങ്ങിച്ചോണ്ടല്ലീ അവര്‌ പോയത്‌. അവരല്ലീ പറഞ്ഞത്‌ എന്റൂടെ. ഞായ്‌ എന്തരിനു ഒണ്ടാക്കി പറയിനത്‌" സുധാകരയണ്ണന്‍ തറപ്പിച്ചു പറഞ്ഞു.
വാര്‍ത്ത കേട്ടവര്‍ അവിടെ തരിച്ചിരുന്നു. അവര്‍ അങ്ങനെ സുധാകരയണ്ണന്റെ ചായക്കടയില്‍ തരിച്ചിരിക്കുമ്പോള്‍ വാര്‍ത്ത ഒരു മിന്നായം പൊലെ പാഞ്ഞുപോയി. അതു നാടുമുഴുവന്‍ ഞെട്ടലിന്റെ ഇടിമുഴക്കി, പ്രതിക്ഷേധത്തിന്റെ തീ കത്തിച്ചു.

നാട്ടുകാരില്‍ ചോരതിളച്ചവരില്‍ ചിലര്‍ രവിയണ്ണന്റെ വീട്ടിലേക്ക്‌ ഒന്നു പോകുന്നതിനെക്കുറിച്ച്‌ ആഴത്തില്‍ ചര്‍ച്ച ചെയ്തു.
"നമ്മടെ ചാരദയോട്‌ കാത്തിരിക്കാന്‍ പറഞ്ഞിറ്റ്‌ അവയ്‌ എന്തരിനു ഈ മറ്റേപ്പണി കാണിച്ചത്‌" എരപ്പന്‍ ദിവാകരയണ്ണന്റെ ചോരതിളച്ചു.
വര്‍ഷാപ്പ്‌ മുരളി തിളച്ച ചോരയില്‍ വീണ്ടും തീ വച്ചു."ഇത്‌ ചോദിച്ചില്ലെങ്കി നമ്മളെന്തരിനെടേയ്‌ അവളെ നാട്ട്‌ കാരെന്നും പറഞ്ഞോണ്ടിരിക്കിനത്‌"

സുധാകരയണ്ണന്റെ കടയില്‍ നിന്നിറങ്ങിയവര്‍ രവിയണ്ണന്റെ വീട്ടിലേക്ക്‌ നടന്നു. വഴിയരുകില്‍ കഥയറിഞ്ഞവര്‍ വഴിയരുകുവിട്ട്‌ ഈ കൂട്ടത്തോടൊപ്പം നടന്നു. കൂട്ടം വലുതായി. അതൊരുസംഘമായി. അതിനു വേഗത കൈവന്നു.
മേലേതടത്തിനരുകില്‍ രണ്ടാമത്തെ വളവുതിരിഞ്ഞുവരുന്നു കണ്ണന്‍ കോവി. കഥയൊന്നും കേള്‍ക്കാന്‍ നിന്നില്ല ഗോപി, അവരൊട്ട്‌ പറയാനും. പതിവുപോലെ ബുദ്ധിമുട്ടി ഗോപി യൂ ടേണ്‍ അടിച്ചു സംഘത്തിനൊപ്പം നടന്നു. പുരുഷാരത്തിന്റെ വേഗത്തിനനുസരിച്ചു നടക്കാന്‍ ഗോപിയുടെ ഉള്ളില്‍ തിരയിളക്കുന്ന മദ്യം അദ്ദേഹത്തെ അനുവദിച്ചില്ല. ഗോപി ഇടത്തോട്ടും വലത്തോട്ടും തെറിച്ചുകൊണ്ടിരുന്നു, വേഗത്തില്‍ ഓടുന്ന സംഘത്തിനു ആടുന്ന ഒരു വാല്‍ എന്ന പോലെ. പുഷ്പാംഗദയണ്ണന്റെ കള്ളുഷാപ്പിനടുത്ത്‌ എത്തിയപ്പോള്‍ ആ വാല്‍ മുറിഞ്ഞു ഇടത്തേക്ക്‌ മാറി. 'ഗോപിവാല്‍' ഇല്ലാതെ സംഘം രവിയണ്ണന്റെ വീടിന്റെ അടുത്തെത്തി. ആടുന്ന വാല്‍ പോയാലെന്താ അവര്‍ക്ക്‌ അവിടെ നിന്നും ഒരു നല്ല ഉറപ്പുള്ള തലകിട്ടി. ആറുമുഖന്‍ ചെട്ടി, റിട്ടയേര്‍ഡ്‌ 'കാണ്‍സ്റ്റബിള്‍'.

പാടത്തേക്കുള്ള ഒരു ഇറക്കത്തിലാണ്‌ രവിയണ്ണന്റെ വീട്‌. മണ്‍കട്ടകെട്ടിയ വീട്ടില്‍ വര്‍ഷങ്ങളായി കമലമ്മയക്കന്‍ ഒറ്റയ്ക്കായിരുന്നു താമസം.
വീടിന്റെ വാതില്‍ക്കല്‍ പാടത്തേക്ക്‌ നോക്കി, വെളുത്ത പെറ്റിക്കോട്ട്‌ ഇട്ട ഒരു കൊച്ചു പെണ്‍കുട്ടി ഇരിക്കുന്നു.

നാട്ടുക്കൂട്ടത്തെ കണ്ടതും "ദേ ആരാണ്ടും വന്നിരിക്കണു" എന്നു പറഞ്ഞവള്‍ അകത്തേക്ക്‌ ഓടി.
അവളുടെ ആക്സന്റ്‌ കേട്ട്‌ പുരുഷാരം ഒന്ന് അമ്പരന്നു.

അവരുടെ കണ്ണുകള്‍ അവിടെ മുറ്റത്ത്‌ ഫോറിന്‍ മിഠായികളുടെ കവറുകള്‍ ഒട്ടിക്കിടക്കുന്നോ എന്ന് തിരഞ്ഞു. അവരുടെ മൂക്ക്‌ ബ്രൂട്ടിന്റെ രൂക്ഷഗന്ധത്തിനായി തപ്പുന്നു. കാതുകള്‍ കാസറ്റ്‌ റിക്കോര്‍ഡറില്‍ നിന്നുള്ള ഗാനത്തിനായി വട്ടം പിടിക്കുന്നു.

അവരുടെ മുന്നില്‍ രവിയണ്ണന്‍.
കഷണ്ടികയറി നശിപ്പിച്ച തല. നരകയറിയ മീശ. കാഴ്ച മടുപ്പിക്കുന്ന വസൂരിക്കലകള്‍. കുഴിയിലേക്ക്‌ ആണ്ടുപോയ കണ്ണുകള്‍. അതിനുള്ളിലെ കറുത്ത ഗോളത്തില്‍ ഒളിപ്പിച്ചുവച്ച ദൈന്യത.
അതിനെയും ഒളിപ്പിച്ച്‌ വച്ച്‌ രവിയണ്ണന്‍ ചിരിച്ചു.

സംഘത്തിലെ യുവ ജനത ഓര്‍ത്തു, തങ്ങള്‍ അന്നു ആരാധനയോടെ കണ്ടിരുന്ന കട്ടമീശ, ചീകി ഒതുക്കിയ ചുരുണ്ട മുടി. സിന്തോള്‍ സോപ്പിന്റെ മണം. സൂപ്പര്‍ വൈറ്റ്‌ മുക്കിയ വലിയ കരമുണ്ട്‌. അതിങ്ങനെ അരയിലെക്ക്‌ മടക്കി ഉടുത്ത്‌ കീഴേവീട്ടുനടയിലെ കയറ്റം കയറിവരുന്ന രവിയണ്ണന്‍.

അതെ, എല്ലാം ഒളിപ്പിച്ച്‌ വച്ച്‌ രവിയണ്ണന്‍ ചിരിച്ചു.
"എന്താ എല്ലാവരും അവിടെ നിന്നുകളഞ്ഞത്‌ അകത്തേയ്ക്ക്‌ ഇരിക്കിന്‍" രവിയണ്ണന്റെ ഭാഷയിലും മാറ്റം. ചിലര്‍ പരസ്പരം മുഖത്തോട്‌ മുഖം നോക്കി. പിന്നാം പുറത്തുനിന്നും ആടിനു കൊടുക്കാനുള്ള കാടിയുമായി കനകമ്മയക്കന്‍ വന്നു. പുരുഷാരം കണ്ട്‌ അവര്‍ വാ പൊളിച്ചു.

സംഘം ആറുമുഖം ചെട്ടി എന്ന തലയിലേക്ക്‌ നോക്കി. ആറുമുഖംചെട്ടി ഒരു സ്റ്റെപ്പ്‌ മുന്നോട്ട്‌ വന്നു. പിന്നെ ആധികാരികമായി പറഞ്ഞു.
"ഞങ്ങള്‌ പരിചയം പുതുക്കാനക്കൊണ്ട്‌ വന്നതല്ല. വളച്ച്‌ കെട്ടില്ലാതെ പറയാം. നിന്നെ കാത്ത്‌ വൊരു പെണ്ണ്‌ വര്‍ഷങ്ങളായി ഇവടെ ഇരിക്കേര്‌ന്ന്‌. നെനക്ക്‌ വോര്‍മ്മ ഒണ്ടാന്നറിഞ്ഞൂട. ചാരദ. കെഴക്കേപണയിലെ ചാരദ. നീ വന്ന് അവള കെട്ടും എന്നും നിരുവിച്ച്‌ അവള്‌ ഇവടെ കെടന്ന് തീ തിന്നേര്‌ന്ന്. അത്‌ നെനക്ക്‌ അറിയാമോ?" ആറുമുഖംചെട്ടി ഒന്നു നിര്‍ത്തി.
ബാക്കി എല്ലാവരേയും ഒന്നു നോക്കി, താന്‍ പറഞ്ഞതെല്ലം പെര്‍ഫെക്റ്റ്‌ ആണെന്നു ഉറപ്പുവരുത്തി. പിന്നെ തുടര്‍ന്നു
"എന്നിറ്റ്‌ നീ ഗെളുഫീന്ന് വേറേ പെണ്ണും കെട്ടി കൊച്ചുങ്ങളുമായി സുഖിക്കേരിന്ന് അല്ലീ"
പറയുമ്പോള്‍ ആറുമുഖംചെട്ടിയുടെ ചീര്‍ത്ത കണ്ണുകള്‍ വാതിലിനുള്ളിലൂടെ അകത്തേക്ക്‌ അറിയാതെ പാളിപ്പോകും.
രവിയണ്ണന്‍ മുറ്റത്തേക്കിറങ്ങിവന്ന് ചെട്ടിയുടെ കൈപിടിച്ച്‌ അകത്തേക്ക്‌ ഇരുത്തി.
രവിയണ്ണന്‍ തന്റെ കഥ പറഞ്ഞുതുടങ്ങി.
ഗള്‍ഫിലേക്കെന്നു പറഞ്ഞു പോയിട്ട്‌ ബോംബൈയില്‍ യാത്ര നിന്നതും അവിടെ കിടന്നു കഷ്ടപ്പെട്ടതും വസൂരി പിടിപെട്ടപ്പോള്‍ നാട്ടിലേക്ക്‌ കള്ളവണ്ടി കയറിയതും, തിണര്‍ത്തുപൊട്ടലില്‍, തിളച്ചു പൊന്തലില്‍ യാത്ര പാലക്കാടെത്തിയതും.
കഥ കേട്ടു നിന്നവരില്‍‍ ചിലരൊക്കെ വരാന്തയുടെ അരികില്‍ ഇരുന്നു.

രവിയണ്ണന്റെ കഥ കഴിഞ്ഞില്ല. അവിടെ പരിചയപ്പെട്ട മാതുമുത്തനൊപ്പം ഇഷ്ടികക്കളത്തിലെ പണി. മാതുമുത്തന്‍ മരിച്ചപ്പോള്‍ അയാളുടെ അന്ധയായ മകളെയും ഒപ്പം കൂട്ടേണ്ടിവന്നു. അവളുടെ ജീവിതത്തില്‍ വെളിച്ചവും അവന്റെ ജീവിതതില്‍ ഇരുട്ടും കടന്നുവന്നു.
കഥപറയലിന്റെ ഒരു തിരിവില്‍ രവിയണ്ണന്‍ മിണ്ടാതെ ഇരുന്നു കുറേനേരം.
വാതില്‍ക്കല്‍ ആ പെണ്‍കുട്ടിവന്നു. അവളുടെ തോളില്‍ കൈവച്ച്‌ രവിയണ്ണന്റെ ഭാര്യയും വന്നു.
അവരുടെ കൃഷ്ണമണികള്‍ കണ്ണിന്റെ പൊയ്കയില്‍ ചത്തു മലര്‍ന്നു കിടന്നു. അവര്‍ അനന്തയില്‍ നോക്കാതെ നോക്കി ചിരിച്ചു.

ആരും ഒന്നും മിണ്ടിയില്ല. ഇളകി മറിഞ്ഞുവന്ന സമുദ്രം ഒരു പൊട്ടക്കണ്ണിന്റെ വറ്റിയ കുഴിക്കരുകില്‍ നിശ്ചലമായി നിന്നു. ആദ്യം ആറുമുഖന്‍ ചെട്ടി എണിറ്റു. ഇരുന്നവരൊക്കെ ഒരോരുത്തരായി എണീറ്റു.
അവസാനം പടിയിറങ്ങിയത്‌ അസനാര്‌ ആയിരുന്നു. ഇറങ്ങുമ്പോള്‍ അയാളുടെ മടിക്കുത്തില്‍ പത്രക്കടലാസില്‍ പൊതിഞ്ഞുവച്ചിരുന്നതില്‍ നിന്നും ഒരു പാരീസ്‌ മിഠായി ഏടുത്ത്‌ ആ കുട്ടിക്ക്‌ കൊടുത്തു. അവള്‍ രവിയണ്ണനെ നോക്കി. എന്നിട്ട്‌ ആ മിഠായി വാങ്ങി. അവള്‍ അത്‌ പോളിച്ച്‌ വായിലേക്കുവച്ചു. ഒരു നിയമത്തിന്റെ തുടര്‍ച്ചപോലെ അതിന്റെ പ്ലാസ്റ്റിക്‌ പേപ്പര്‍ മുറ്റത്തേയ്ക്ക് എറിഞ്ഞു. പാടത്തുനിന്നും വന്നകാറ്റില്‍ അത് പറന്നു പറന്ന് എവിടേയ്ക്കൊ മറഞ്ഞു.

അധികം അകലെയല്ലാത്ത ഒരു അംഗന്‍വാടി. അതിന്റെ പിന്നിലെ ചായ്പ്പില്‍ ഉപ്പുമാവ്‌ വേവുന്ന അടുപ്പില്‍ തീകെട്ടു. പുകഉയര്‍ന്നു. പുകചുറ്റി. പുകയുടെ നീറ്റലില്‍ രണ്ടു കണ്ണുകള്‍ നിറഞ്ഞുകിടന്നു.

(ചില കഥാപാത്രങ്ങളെക്കുറിച്ചറിയാന്‍ നിറം മാറിക്കിടക്കുന്ന അതാത് ലിങ്കില്‍ ക്ലിക്ക് ചെയ്യുക.)

Monday, May 29, 2006

തിരിച്ചടിയുടെ "അണ്ണന്‍ സ്റ്റ്‌റാറ്റജി"

"ടേയ്‌ ഇത്തിരി അച്ചാറും കൂടെ കൊണ്ടുവരീം ചെല്ലാ"

ഓര്‍ഡറും എടുത്ത്‌ വെയ്റ്റര്‍ തിരിച്ചുപോകാനൊരുങ്ങുമ്പോള്‍ എന്തോ ഓര്‍ത്തിട്ടെന്ന പോലെ ഗോപാലകിഷയണ്ണന്‍ പറഞ്ഞു.
ആദ്യ പെഗ്‌ അടിക്കുമ്പോള്‍ അതിനു വാലായ്‌ തൊട്ടുതേയ്ക്കുന്ന അച്ചാറിന്റെ എരിവ്‌ അയാളുടെ മനോമുകുളങ്ങളില്‍ ഒരുനിമിഷം കൊതിയായ്‌ നിറഞ്ഞു.

"അപ്പഴ്‌, ടേയ്‌ പിള്ളരെ നമ്മള്‌ പറഞ്ഞുവന്ന കാര്യം എന്തരായിരിന്ന്?"

"കോവാലേഷണ്ണാ, നമ്മള്‌ തിരിച്ചടിക്കന കാര്യമാണ്‌ പറഞ്ഞോണ്ടിരിന്നത്‌. വെളപ്പെറത്തെ മോഹനനെ തിരിച്ച്‌ അടിക്കനകാര്യം." തിരിച്ചടിയുടെ സ്പിരിറ്റ്‌ ഉള്‍ക്കൊണ്ട്‌ പപ്പന്‍ പറഞ്ഞു.
വാചകത്തില്‍ തിരിച്ചടിയുടെ വിഷയത്തിലേക്ക്‌ എത്തിയപ്പോള്‍ത്തന്നെ ഓര്‍ഡര്‍ എടുക്കാന്‍ വെയ്റ്റര്‍ വന്നതു തന്നെ മദ്യപാനിയല്ലാത്ത പപ്പനു തീരെ ഇഷ്ടമായില്ല. വറുത്തതും കരിച്ചതും മനുഷ്യനെ കൊണ്ട്‌ തീറ്റിക്കുന്നത്‌ മദ്യമാണ്‌ എന്ന ഒരു ശക്തമായ ധാരണയാണ്‌ പപ്പന്‌. പപ്പന്റെ ചോരയില്‍ അലിയാതെ കിടക്കുന്ന അല്‍പ്പം കൊളസ്റ്റ്രോള്‍ആണ്‌ ഈ ധാരണകള്‍ക്കൊക്കെ കാരണം.


"അപ്പഴ്‌ തിരിച്ചടിക്ക്‍ന കാര്യം." ഗോപാലകിഷയണ്ണന്‍ തുടര്‍ന്നു. "ടേയ്‌ പിള്ളരെ നമ്മള്‌ ഇങ്ങനെ ഒതുങ്ങിയിരിക്കുംത്വോറും അവന്മാരു പയലുകള്‌ നമ്മളെ മേലേ ക്യാറിയിരുന്നു നെരങ്ങും. കാര്യങ്ങളെ പോക്ക്‌ ഇങ്ങനെയാണങ്കി നമ്മള പാര്‍ട്ടി ഒരു പുല്ലും അവൂലടെ ഇവടെ. അതുവൊണ്ട്‌ തിരിച്ചടിക്കിനം"

"ഈ തിരിച്ചടിക്ക്‍ണം തിരിച്ചടിക്ക്‍ണം എന്ന് പറഞ്ഞോണ്ടിരിക്കാതെ എങ്ങനെ അടിക്ക്‍ണം എന്ന് അണ്ണന്‍ പറ. ഈ കാര്യത്തില്‌ വൊരു തീരുമാനമായിറ്റ്‌ വേണം എനിക്കിപ്പം രണ്ടെണ്ണം അടിക്കാന്‍" സഹിച്ചിരുന്ന ദീപു തുറന്നടിച്ചു.

"ഒരു പൊടിക്ക്‌ അടങ്ങെടെ ദീവൂ. അപ്പഴ്‌ നമ്മള്‌ പറഞ്ഞുവന്ന കാര്യം...."

ഗോപാലകിഷയണ്ണന്‍ തുടര്‍ന്നു. കറകളഞ്ഞ ഒരു ഡെഡിക്കേറ്റട്‌ രാഷ്ടീയക്കാരന്‍ അല്ലെങ്കിലും അങ്ങനെ ഒരാള്‍ക്കുവേണ്ട എല്ലാ സ്പിരിറ്റും ഗോപാലകിഷയണ്ണനുണ്ട്‌. ഗോപാല കിഷയണ്ണന്‍ സെക്രട്ടറിയേറ്റിലെ ജോലിക്കാരനാണ്‌. രാഷ്ട്രീയം ഒരു ഹരവും. തിരഞ്ഞെടുപ്പ്‌ മുന്നിലെത്തുമ്പോള്‍ അത്‌ ഒന്നുകൂടി മൂക്കും.
ഇനി വിഷയത്തിലേക്ക്‌. ഇലക്ഷനുമായി ബന്ധപ്പെട്ട്‌ ഒരു പോസ്റ്റര്‍ ഒട്ടിക്കുന്ന പ്രശ്നത്തില്‍ ഗോപാലകിഷയണ്ണന്റെ മരുമകനു തല്ലുകിട്ടി. അതിനു എങ്ങനെ തിരിച്ചടിക്കും എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയാണ്‌ ഇവിടെ ഞങ്ങളുടെ ആസ്ഥാന ബാര്‍ ആയ സഫാരിയില്‍ നടക്കുന്നത്‌. മേശമേല്‍ നിരക്കാന്‍ പോകുന്ന ബ്രാണ്ടിയുടെ കൊതിപ്പിക്കുന്ന കത്തല്‍ ചര്‍ച്ചയെ ചൂടായി മുന്നോട്ട്‌ കൊണ്ട്‌ പോയി. വെയ്റ്റര്‍ ഗ്ലാസുകളും കുറേ സോഡയും കൊണ്ടുവന്നു മേശമേല്‍ ഇടിച്ചുവച്ചിട്ടു പോയി.


"ഞായ്‌ പറയാം വൊരു വഴി."

ഗോപലകിഷയണ്ണന്‍ മേശമേല്‍ അടിച്ച്‌ ഉറക്കെ പറഞ്ഞു. അവിടെയിരുന്ന സോഡാക്കുപ്പികള്‍ വിറച്ചു. അടുത്ത ടേബിളില്‍ ഇരുന്നവരൊക്കെ ഇവനിതാരെടാ വെള്ളം അടിക്കും മുന്‍പു ഫിറ്റായവന്‍ എന്ന അര്‍ഥത്തില്‍ തിരിഞ്ഞുനോക്കി.
കൂടിയാലോചനയില്‍ ഒപ്പമുണ്ടായിരുന്നവന്‍ ആകാംഷയോടെ ഗോപാലകിഷയണ്ണനെ നോക്കി.
കാര്യത്തിന്റെ ഗൌരവം മനസിലാക്കിക്കൊടുക്കാന്‍ ഒരു നിമിഷം ആ മഹാനുഭാവന്‍ അനന്തതയില്‍ നോക്കിയിരുന്നു.

വെയ്റ്റര്‍ അച്ചാറും ബ്രാണ്ടിയും കൊണ്ടുമേശപ്പുറത്ത്‌ വച്ചിട്ടു പോയി. ഗോപാലകിഷയണ്ണന്‍ സിനിമയില്‍ സി. ഐ. ഡിമാര്‍ പ്ലാന്‍ ചെയ്യുംപോലെ തല ചെറുതായി കുനിച്ച്‌ ശംബ്ദം താഴ്ത്തിപ്പറഞ്ഞു.
"ടേയ്‌ ലവയ്‌ യെന്നും ഉച്ചയ്ക്ക്‌ പപ്പനാവഅണ്ണന്റെ കടയില്‌ ഉണ്ണാന്‍ വരും എന്നാണ്‌ അറിഞ്ഞത്‌. അതിന്റെ താഴെമുക്കില്‌ നാലുവഴിക്കും കൂടി നമുക്കവനെ പൂട്ടണം. എന്നിട്ട്‌ അവിടെ ഇട്ടു കൊടുക്കാം അടി" ഗോപാലകിഷയണ്ണന്‍ ആക്രമണത്തിന്റെ സ്റ്റ്രാറ്റജി വ്യക്തമാക്കിതുടങ്ങി

"അതുകൊണ്ട്‌ പപ്പാ, നീയും ശശിയും മൊരളീം കൂടെ ബാങ്ക്‌ മുക്കീന്ന് വരണം, വന്ന് ആ തേരി ക്യാറി നില്‍ക്കണം. നിങ്ങള്‌ മൂന്നുവര്‌ സ്കൂളിന്റെ താഴേന്ന് വരണം. സെല്‍വനും, ദീവുവും, സതീശനും കൂടെ ബസ്റ്റാന്റീന്ന് വരണം. രായപ്പനും, കരീമും, ഗുണ്ട്‌ രായനും കൂടെ പോസ്റ്റാപ്പീസിന്റെ അവിടന്നും വരണം.

പിടി കിട്ടിയാ?" ഒരു ചാണക്യചിരിയോടെ ഗോപാലകിഷയണ്ണന്‍ പറഞ്ഞവസാനിപ്പിച്ചു.


"അപ്പഴ്‌ അണ്ണനാ? അണ്ണയ്‌ എവിട്‌ന്ന് വരും?" സംശയത്തോടെ ദീപു ഗോപാലകിഷയണ്ണനോട്‌ ചോദിച്ചു.


ചൂണ്ട്‌ വിരല്‍ അച്ചാറില്‍ മുക്കി നാവില്‍ തേച്ച്‌ നാവ്‌ വച്ചൊരു ശബ്ദം പുറപ്പെടുവിച്ച്‌ അതിന്റെ അനുബന്ധ പ്രക്രിയയായ വായു അകത്തേയ്ക്ക്‌ വലിച്ചുകയറ്റലും കഴിഞ്ഞ്‌ ഇടതു കൈകൊണ്ട്‌ ദീപുവിന്റെ ചെവിയില്‍ സ്നേഹത്തോടെ നുള്ളി ഒന്നു കൊഞ്ചിക്കൊണ്ട്‌ ഗോപാലകിഷയണ്ണന്‍ മൊഴിഞ്ഞു

"അയ്യൊ, അണ്ണന്‌ നാളെ അപ്പീസില്‌ പോവാനുള്ളതല്ലീ.."

----------------------------------------------------------- ---------------

ആദ്യപിന്മൊഴികള്‍:
----------------------------------------------------------------------- -

ഹാഹാ ഇക്കഥ രസിച്ചു. ഈ തിരോന്തോരംകാര്‌ടെ ഓരോ കാര്യങ്ങളേ ;)
--
Posted by പെരിങ്ങോടന്‍ to നെടുമങ്ങാടീയം at 5/29/2006 12:03:13 AM
--------------------------------------
ഗോപാലകിഷയണ്ണന്‍ പുലിയാണ് കേട്ടാ.

കുമാറേട്ടാ, കഥ കലക്കി. നര്‍മ്മ അസ്സലായി കൈകാര്യം ചെയ്യാന്‍ അറിയാമല്ലേ. വിവരണം കലക്കിപ്പൊളിച്ചു.
--
Posted by ശ്രീജിത്ത്‌ കെ to നെടുമങ്ങാടീയം at 5/29/2006 12:05:27 AM
-------------------------------------
അണ്ണനാള് കൊള്ളാലോ..!
ഹഹ..മുടുക്കന്‍.

കലക്കന്‍ വിവരണം. നമിച്ചു മാഷെ.
കുമാറിന്റെ ഫോട്ടോകള്‍ പോലെയൊരു പെര്‍ഫെക്ട്നെസ്സ് ഫീല്‍ ചെയ്തു. അടിപൊളി പോസ്റ്റ്.
--
Posted by വിശാല മനസ്കൻ to നെടുമങ്ങാടീയം at 5/29/2006 12:14:05 AM
-----------------------------------------
ഹി ഹി..:-))
നന്നായി കുമാര്‍ജീ..രസകരം. :-))
ഒരോര്‍മ്മ ഓടി വരുന്നു. സമയം കിട്ടുമ്പോള്‍ എഴുതാം. :-)
--
Posted by അരവിന്ദ് :: aravind to നെടുമങ്ങാടീയം at 5/29/2006 12:16:09 AM
---------------------------------------
കുമാറേ, അണ്ണന്റെ കാര്യമൊക്കെ ഉഷാറായി. പക്ഷെ എന്തെങ്കിലും കാര്യം വരുമ്പോള്‍ ആ സ്വഭാവം അനുകരിച്ച് തടിതപ്പല്ലേ.
കണ്ണൂസ് പ്രത്യക്ഷപ്പെട്ടു :)
--
Posted by സു Su to നെടുമങ്ങാടീയം at 5/29/2006 12:17:51 AM
-------------------------------------
കുമാറേ,
നന്നായിട്ടുണ്ട്, കേട്ടോ..!!
Posted by evuraan to നെടുമങ്ങാടീയം at 5/29/2006 12:10:13 AM
-------------------------------------
യെന്തരു സ്റ്റോറികള് അണ്ണാ... ഞെരിപ്പുകളു തെന്നെ കെട്ടാ...
--
Posted by Adithyan to നെടുമങ്ങാടീയം at 5/29/2006 12:18:23 AM
--------------------------------------
കുമാറെ ഒരു തിരക്കഥ വായിച്ച പോലെ. ഒരു കൈ നോക്കിക്കൂടേ?
--
Posted by അതുല്യ :: atulya to നെടുമങ്ങാടീയം at 5/29/2006 12:22:35 AM
--------------------------------
കുമാറ്ജീ
വളരെ നന്നായിരിക്കുന്നു.
നല്ല പെര്‍ഫെക്ഷന്‍ ആയിട്ടാണ് എഴുതിയിരിക്കുന്നത്. അഭിനന്ദനങ്ങള്‍!!!
--
Posted by ചില നേരത്ത്.. to നെടുമങ്ങാടീയം at 5/29/2006 12:30:13 AM
-----------------------------------------
വരണ്ടുകിടക്കുന്ന നെടുമങ്ങാടീയത്തില്‍ മഴപെയ്യുന്നതും കാത്തിരിക്ക്യാരുന്നു ഞാന്‍. നല്ല ഞെരിപ്പന്‍ മഴ.
ആഹാ ആ പുതുമണ്ണിന്‍റെ മണം വീണ്ടും.
അപ്പോള്‍ നമുക്കിതെല്ലാം കൂടി ഒരു പുത്തകമാക്കേണ്ടേ?
--
Posted by സാക്ഷി to നെടുമങ്ങാടീയം at 5/29/2006 01:03:19 AM
------------------------------
കോവാലേഷണ്ണന്‍ ആള് പയിങ്കരനാണല്ല്.

ഓ.ടോ:
സു പറയിനത് മറ്റേ പോസ്റ്റ് കള്ളനെ അടിക്കിന കാര്യവല്ലീ? അതിന് മിയ്ക്കവാറും ഒരുവാട് കോവാലകിഷമ്മാരെ കിട്ടും.:)
--
Posted by അനില്‍ :‌Anil to നെടുമങ്ങാടീയം at 5/29/2006 01:38:03 AM
---------------------------
ഇപ്പോഴാണ്‌ വായിച്ചത്‌. തന്നെ തന്നെ, ഒരു ലേഡീ കോവാലകിഷന്‍ ആണ്‌ ഞാന്‍. :)( അയ്യോ എന്നു വച്ചു അടി കൂടിക്കാനും പ്ലാനൊന്നും ഇടില്ലാട്ടോ)
--
Posted by ബിന്ദു to നെടുമങ്ങാടീയം at 5/29/2006 09:12:59 AM
-----------------------------------

Friday, April 21, 2006

ബീ പ്രിപ്പേര്‍ഡ്

പരേഡ് ഉള്ള ദിവസങ്ങളില്‍ എന്‍സീസി കുട്ടികളുടെ എടുപ്പും നടപ്പും പത്രാസുമൊക്കെ ഒന്നു കാണേണ്ടതുതന്നെ.മറ്റുദിവസങ്ങളില്‍ ചെരുപ്പിട്ടു നടക്കാത്തവര്‍ പോലും അന്ന് ബൂട്ടിട്ട് ചരല്‍‌വഴികളില്‍ കിര്കിര് ഒച്ച കേള്‍പ്പിച്ചു ചെത്തും.

സത്യമാണോന്നറിയില്ല, പരേഡ് ദിവസങ്ങളില്‍ കിട്ടുന്ന, കോവാലയണ്ണന്റെ കടയിലെ ഇഡ്ഡലിയാണ് ചിലരെയെങ്കിലും എന്‍സീസിയിലേയ്ക്ക് ആകര്‍ഷിച്ചിരുന്നത്.

എന്തായാലും എന്‍സീസിയില്‍ എടുക്കപ്പെടാന്‍ വേണ്ട ശാരീരികക്ഷമത അന്ന് ഇല്ലാതിരുന്നതിനാല്‍ - ഇന്നുണ്ടോ?- ഇതൊക്കെ വെറും ഷോ എന്നു തള്ളിക്കളയാനായിരുന്നു ഞങ്ങളില്‍ ചില പിള്ളാരുടെ തീരുമാനം. എട്ടാം ക്ലാസില്‍ അങ്ങനെയൊക്കെ കരുതി കഴിച്ചുകൂട്ടിയെങ്കിലും അടുത്ത വര്‍ഷമായപ്പോഴേയ്ക്കും ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന സാലി സാര്‍ സ്കൌട്ടിന്റെ ചാര്‍ജ്ജെടുത്ത് ഞങ്ങളെയും കാന്‍‌വാസ് ചെയ്യാനെത്തി. എന്‍സീസി പോലെ യൂണിഫോമാദി കാര്യങ്ങള്‍ ഇതിന് സര്‍ക്കാര്‍ തരില്ല എന്നറിയാത്ത ഞങ്ങള്‍ ശിശുക്കള്‍ സന്തോഷത്തോടെ ലിസ്റ്റില്‍ കയറി. പിറ്റേന്നു മുതല്‍ കാര്യങ്ങള്‍ ഓരോന്നായി അറിഞ്ഞുവന്നപ്പോഴേയ്ക്കും ഒരു പിന്മാറ്റത്തിനുള്ള സ്കോപ്പില്ലാതെയായി.

ഒരു തരത്തിലെ ആനുകൂല്യങ്ങളും ഇല്ല എന്നു മാത്രമല്ല ഗ്ലാമറസ് ആയിട്ടുള്ള ആക്റ്റിവിറ്റികള്‍ ഒന്നുപോലും ഇതിലില്ല. ലോഡ് ബേഡന്‍ പവല്‍, മാഡം, ബീ പ്രിപ്പേര്‍ഡ്, റീഫ് നോട്ട്, സ്ക്വയര്‍ നോട്ട്, ബോലൈന്‍, പ്രസിഡന്റ് സ്കൌട്ട് അങ്ങനെ കുറേ വാക്കുകള്‍ പുതുതായി കേട്ടു.
എന്‍സീസിയില്‍ അലറി വിളിച്ചു കേള്‍ക്കാറുള്ള മുദ്രാവാക്യങ്ങളുടെ സ്ഥാനത്ത് ഞങ്ങള്‍ക്ക് ‘അലെര്‍ട്ട്, സ്റ്റാന്‍ഡറ്റീസ്’ എന്നിങ്ങനെ ഉയിരില്ലാത്ത ചില മന്ത്രങ്ങള്‍. ലാഡമൊന്നും വയ്ക്കാത്ത സാധാ ഷൂസിട്ടു നടന്നാല്‍ ഹവായ് ചപ്പലിന്റെയത്ര ഒച്ച പോലുമില്ല.

എങ്കിലും ഒരു കാര്യത്തില്‍ സമാധാനമുണ്ടായിരുന്നു. തോക്കെടുത്തുള്ള തീക്കളി ഇതിലില്ല; കൌതുകകരമായ മറ്റുചില സംഭവങ്ങള്‍ ഉണ്ടുതാനും. മാപ്പുവരച്ച് കോമ്പസ് വച്ചു ദിക്കൊക്കെ കണ്ടുപിടിച്ച് യാത്രചെയ്യാനുള്ള പരിശീലനം അതിലൊന്നായിരുന്നു. അതില്‍ എല്ലാവരും
മിടുമിടുക്കന്മാരായിത്തീര്‍ന്നു എന്നു പറഞ്ഞാല്‍ ഞങ്ങളുടെ ബുദ്ധിശക്തി എത്രയുണ്ടെന്നു മനസിലാക്കാം.


വര്‍ഷാവസാനം പൊന്മുടിയില്‍ ഒരാഴ്ച വിപുലമായ ഒരു ക്യാമ്പുണ്ടാവുമെന്നും അതിനുമുമ്പ് നെടുമങ്ങാട് താലൂക്കില്‍ പല ഹൈക്കുകള്‍ നടത്തുമെന്നും അറിയിപ്പുകിട്ടി. ഹൈക്കിന്റെ വിശദ വിവരങ്ങള്‍ സാറ് തികച്ചും രഹസ്യമായി സൂക്ഷിച്ചു. എവിടെ നിന്നു തുടങ്ങുന്നു എവിടെ അവസാനിക്കുന്നു എന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് ഒരൂഹത്തിനുള്ള ചാന്‍സ് പോലും തന്നില്ല. ഇത്രയൊക്കെ പരിശീലനം കിട്ടിയതല്ലേ. പോരെങ്കില്‍ സ്വന്തം നാട്ടിലല്ലേ. ഒരു കൈ നോക്കാമെന്നുതന്നെ കരുതി. ഒന്നു മാത്രം സാര്‍ പറഞ്ഞു. വൈകുന്നേരം ഞങ്ങള്‍ ലക്ഷ്യത്തിലെത്തിയാല്‍ ടെന്റ് കെട്ടി ആഹാരം പാകം ചെയ്തു വിശ്രമിക്കാനുള്ള സ്ഥലമൊക്കെ നാട്ടുകാരില്‍ ചിലരുടെ സഹായത്തോടെ സാറു റെഡിയാക്കിയിട്ടുണ്ട്.


അങ്ങനെ ഒരു ശനിയാഴ്ച ഉച്ചനേരത്ത് എല്ലാവരും തയാറായി സ്കൂളിലെത്തി. അധികം വൈകാതെ സാറിന്റെ റാലീസൈക്കിള്‍ പാഞ്ഞെത്തി. ഓരോ പട്രോള്‍ ലീഡറുടെയും കൈയില്‍ ഓരോ മാപ്പ് കൊടുത്തു. റാലി പാഞ്ഞു പോയി. മാപ്പുനോക്കിയ ഞങ്ങള്‍ ആനന്ദാതിരേകത്താല്‍ വലഞ്ഞുപോയി.

മഞ്ചറോഡു വഴി ജൂനിയര്‍ ടെക്നിക്കല്‍ സ്കൂള്‍ വരെയുള്ള വഴി ഒരു നിമിഷത്തിനകം ഞങ്ങള്‍ കണ്ടുപിടിച്ചു, അടുത്തനിമിഷത്തില്‍ കാല്‍നടയായി അങ്ങോട്ടേയ്ക്കു വച്ചുപിടിച്ചു.
ആറര മണിയ്ക്കാണ് അന്തിമലക്ഷ്യത്തില്‍ എത്തിച്ചേരേണ്ട ഡെഡ് ലൈന്‍. ജെ.റ്റി.എസില്‍ എത്തി അധികം കഴിയുന്നതിനുമുമ്പ് സാറെത്തി, അടുത്ത മാപ്പ് തന്നു. എല്ലാവര്‍ക്കും ഇടംകൈ തന്നു. അഭിനന്ദിച്ചു. വളരെ തൃപ്തനായതുകൊണ്ടാവും മൂന്നാമത്തെയും അവസാനത്തേതുമായ മാപ്പും
ഓരോ കവറിലിട്ട് തന്നിട്ടു സാറു പോയി. രണ്ടാമത്തെ മാപ്പിലെ ലക്ഷ്യം കണ്ടിട്ടേ അതു തുറക്കാവൂ എന്ന വാണിംഗും തന്നു.രണ്ടാമത്തെ മാപ്പും ഞങ്ങള്‍ക്ക് ചീളുകേസായിത്തന്നെ തോന്നി. എന്നാല്‍പ്പിന്നെ മൂന്നാമത്തേതും തുറന്ന് ഫൈനല്‍ ഡെസ്റ്റിനേഷന്‍
ഒന്നറിഞ്ഞിട്ടുതന്നെ കാര്യം. യാതൊരു പ്രയാസവും കൂടാതെ, കഴിയുന്നത്ര ഷോര്‍ട്‌കട്ടുകള്‍ ഉപയോഗിച്ച് അങ്ങെത്താമല്ലോ.തുറന്നു. സാറിന്റെ ബുദ്ധിയില്ലായ്മയില്‍ ഞങ്ങള്‍ക്ക് ലജ്ജ തോന്നിയ നിമിഷമായിരുന്നു അത്. അത്ര ദൂരത്തല്ലാതെ കിടക്കുന്ന അരുവിക്കരയാണല്ലോ സാര്‍ തെരഞ്ഞെടുത്തത്. ജലാശയത്തിന്റെ സൂചന പടത്തില്‍ കണ്ടപാടെ എല്ലാവരുടെയും രോമാഞ്ചകുഞ്ചന്മാരായി. വെള്ളിയാഴ്ചകളിലെ നീണ്ട ഉച്ചയൊഴിവിന് വാടക സൈക്കിളെടുത്ത് ഞങ്ങള്‍ പോയ്‌വരാറുള്ള ലോക്കല്‍ ടൂറിസ്റ്റ് പായിന്റ് കം കുടിവെള്ളസ്രോതസ് ഓഫ് തിരുവനന്തപുരം സിറ്റി.


സ്ഥലം കണ്ടുപിടിച്ചുവെങ്കിലും വെപ്രാളപ്പെട്ട് അവിടെ എത്തിച്ചേരേണ്ട ആവശ്യമില്ലെന്നുകണ്ട് ഞങ്ങള്‍ വിധിപ്രകാരമുള്ള രീതി തന്നെ അവലംബിച്ചായിരുന്നു അവിടന്നങ്ങോട്ടുള്ള യാത്ര. മാപ്പു പ്രകാരമുള്ള പാലങ്ങള്‍, പാടശേഖരങ്ങള്‍, പാതകള്‍ ഒക്കെ വലിയ തെറ്റില്ലാതെ ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു. പിന്നെ കണ്ടെത്താന്‍ കഴിഞ്ഞ വിവരം സാറ് ഞങ്ങളെ വളരെയധികം ചുറ്റിച്ചാണ് ലക്ഷ്യത്തിലെത്തിയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നതായിരുന്നു. അതൊരു വെല്ലുവിളിയായെടുത്തു തന്നെ ഞങ്ങളും നീങ്ങി. ഞങ്ങളറിയാതെയെന്നവണ്ണം സമയവും
ഇതിനകം വളരെയധികം നീങ്ങിയിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ നില്‍ക്കുന്നത് ഒരു വലിയ മടവയുടെ (മുറിഞ്ഞുപോയ പാടവരമ്പ്) ഇങ്ങേക്കരയിലാണ്. ഒറ്റച്ചാട്ടത്തിന് അതു കടക്കാന്‍ കഴിയുന്ന ആരും കൂട്ടത്തിലില്ല. ഏറ്റവും ഉയരമുള്ള രാധാകൃഷ്ണന്‍ പായ്ക്കുകളെല്ലാം രണ്ടുമൂന്നു ട്രിപ്പായി അക്കരെയെത്തിച്ചു. പിന്നെ ഓരോരുത്തരെയും പിടിച്ചുനടത്തിയും.


മാപ്പെടുത്തുനിവര്‍ത്തി. അടുത്ത ലാന്‍ഡ്‌മാര്‍ക്ക് എവിടെയാവുമെന്നു തപ്പി. ആകെ ഒരു കണ്‍ഫ്യൂഷന്‍. ഞങ്ങള്‍ ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലം പോലും മാപ്പിലെവിടെയാണെന്നു കണ്ടുപിടിക്കാന്‍ പട്രോള്‍ ലീഡര്‍മാര്‍ക്കുപോലും കഴിയാതെയായി എന്നു പറഞ്ഞാല്‍ മതിയല്ലോ. പോരെങ്കില്‍ ഫൈനല്‍ ഡെസ്റ്റിനേഷനില്‍ എത്താനുള്ള സമയമായി വരുന്നു. ഏതായാലും അരുവിക്കര അല്ല സാറുദ്ദേശിച്ചിരുന്നതെന്ന മഹത്തായ ഒരു കണ്ടുപിടിത്തം വൈകിയ വേളയില്‍ ഏതോ ഒരു പട്രോള്‍ സെക്കന്റ് കണ്ടുപിടിച്ചു. മിടുക്കന്‍. ജലാശയമെന്നു സ്ഥലജലഭ്രാന്തിയില്‍ ഞങ്ങള്‍ക്കു തോന്നിയത് അരുവിക്കര ഡാമായിരുന്നില്ല. വേറേതോ സ്ഥലത്തുള്ള ഒരു വലിയ കുളമായിരുന്നു അത്.ഹൈക്ക് ആകെ കുളമായെന്ന സത്യം ഓരോരുത്തരുടെയും മനസില്‍ ഇടവേളയിലെ പരസ്യസ്ലൈഡ് പോലെ തെളിഞ്ഞുവരവേ മടവയുടെ അങ്ങേക്കരയില്‍ റാലീ സൈക്കിളിന്റെ ബെല്‍; ഇടവേള തീരുമ്പോള്‍ തിയറ്ററില്‍ അടിക്കുന്നപോലെ തന്നെ അതും.


സാറെന്താണ് അവിടെ നിന്നു പറഞ്ഞതെന്നോ അതു പറഞ്ഞു തീര്‍ന്നെന്നോ ഞങ്ങള്‍ക്കു മനസിലായില്ല. ഒരദ്ധ്യാപകന്‍ തന്റെ അരുമകളോട് പറയാന്‍ മടിക്കുന്ന വാക്കുകളില്‍ ചിലതൊക്കെ സാര്‍ പ്രയോഗിച്ചിരുന്നു എന്ന് ഞങ്ങള്‍ക്ക് പിന്നീടാണ് മനസിലായത്.ഏതായാലും നിമിഷാര്‍ദ്ധത്തില്‍ പരസഹായം കൂടാതെ ഞങ്ങളെല്ലാം മടവ ചാടി മറുകര പൂകി.ആ സാഹസം കണ്ടാവും സാര്‍ അല്‍പ്പം തണുത്തിരുന്നു.


മൂന്നു മാപ്പിന്റെയും കോപ്പികള്‍ വരമ്പത്തു നിരത്തിവച്ച് മങ്ങിയവെളിച്ചത്തില്‍ സാര്‍ ഞങ്ങള്‍ക്ക് വഴി പറഞ്ഞുതന്നു. ജെറ്റിയെസ് വരെ മാത്രമേ ഞങ്ങള്‍ അതനുസരിച്ചുള്ള വഴിയ്ക്കു നീങ്ങിരുന്നുള്ളൂ എന്ന സത്യം സാര്‍ ഞങ്ങള്‍ക്കൊരു വെളുപാടുപോലെ തന്നു.

അതിന്റെ തേജസില്‍ വിളറിയ ഞങ്ങള്‍ ചോദിച്ചു, “അപ്പഴീ കൊളം എവിടെയാണു സാറേ, ജലാശയം...?”


“കൊളം! എന്നെക്കൊണ്ടൊന്നും പറയിക്കണ്ട. എടാ അതു കൊളമൊന്നുമല്ല, ആനന്ദപുരം സ്കൂളിന്റെ മുന്നിലെ വയലീന്ന് കട്ടയ്ക്കു മണ്ണെടുത്ത വെള്ളക്കെട്ടാണ്” “അവിടന്ന് ഒന്നൊന്നരക്കിലോമീറ്റര്‍ നടന്ന് തിരിച്ചിട്ടപ്പാറേടെ അടുത്ത് നിങ്ങളെത്തുന്നതും കാത്തിരുന്ന എന്നെ പറഞ്ഞാല്‍ മതിയല്ലോ. ഏതായാലും ഇന്നിനി അവിടെയെത്താന്‍ പറ്റില്ല. നീയൊക്കെ ഇന്ന് സ്കൂളില്‍ കിടന്നുറങ്ങിയ്ക്കോ. വെളുപ്പിന് അവനോന്റെ വീട്ടില്‍ പൊയ്കോ”


അരുവിക്കര എവിടെക്കിടക്കുന്നു, തിരിച്ചിട്ടപ്പാറ എവിടെ. എവിടെയാണാവോ ഞങ്ങള്‍ക്ക് തെറ്റിയത്.

------EARLIER COMMENTS-------

At 21/4/06 00:11, നളന്‍ ഇങ്ങനെ പരാമർശിച്ചു...
ഇഡ്ഡലിയായിരുന്നോ അവിടൊക്കെ, മോശം..

ഇങ്ങോട്ടൊക്കെ പൊറോട്ടയും ബീഫുമായിരുന്നില്ലേ!..

കുറേ എന്‍സീസി ഓര്‍മ്മകളയവിറക്കി. വെള്ള യൂണിഫോമുമിട്ട് തണ്ടുപിടിച്ചു അഷ്ടമുടിക്കായലിലൂടെ..നൊവാള്‍ജിയ! നൊവാള്‍ജിയ!


At 21/4/06 06:11, Umesh P Nair ഇങ്ങനെ പരാമർശിച്ചു...
ഓ സ്കൌട്ട്!

Promise, law, motto, sign, salute, left hand shake and badge എന്നീ നിയമസംഹിതകളുള്ള സ്കൌട്ട്...

On my honour I promise that I will do my best to do my duty to God... എന്നു തുടങ്ങുന്ന promise...

സ്കൌട്ടിന്റെ പത്തു ഗുണങ്ങള്‍ പറയുന്ന law...

“ദയാകര്‍ ദാനഭക്തീ കാ...” എന്നു തുടങ്ങുന്ന പ്രെയര്‍ സോംഗ്...“ഭാരത് സ്കൌട്ട് ഗൈഡ് ഝണ്ഡാ ഊംചാ സദാ രഹേഗാ..” എന്നു തുടങ്ങുന്ന ഫ്ലാഗ് സോംഗ്...ആണ്‍കെട്ടു്, തൈരുപാളക്കെട്ടു്, ജീവരക്ഷക്കെട്ടു്, തൊട്ടില്‍ക്കെട്ടു്, ചൂണ്ടക്കെട്ടു്, ചുരുക്കിക്കെട്ടു് തുടങ്ങിയ കെട്ടുകള്‍...

ടെണ്ടര്‍ ഫൂട്, സെക്കന്റ് ക്ലാസ്സ്, ഫസ്റ്റ് ക്ലാസ് തുടങ്ങി പ്രസിഡന്‍സി വരെയുള്ളതും പിന്നെ സരിഗമ, പ്രോഫിഷന്‍സി തുടങ്ങിയവ അടങ്ങിയതുമായ ബാഡ്‌ജുകള്‍...

“മുറിവുകളും പോറലുകളും” എന്നതില്‍ തുടങ്ങി എല്ലാ പ്രഥമശുശ്രൂഷകളും വിവരിക്കുന്ന നോട്ടുകള്‍...“ഠോ, ഠോ, ഠൊഠോഠോ..” എന്നു മൂന്നുതവണ ആവര്‍ത്തിക്കുന്ന കയ്യടി...

ഇടത്തുകൈ കൊണ്ടുള്ള ഹസ്തദാനം...

ക്യാമ്പ്, ക്യാമ്പ് ഫയര്‍...

ചുവപ്പും നീലയും നിറമുള്ള സ്കാര്‍ഫ്...

അങ്ങനെയങ്ങനെ...

നൊസ്റ്റാള്‍ജിയ, നോവാള്‍ജിയ...

എനിക്കെന്റെ സ്കൂളില്‍ പോണേ...

Thursday, April 20, 2006

തിരിച്ചിട്ടപ്പാറ.


നെടുമങ്ങാട് ടൌണില്‍ നിന്ന് ഏകദേശം അഞ്ചുകിലോമീറ്റര്‍ ദൂരത്താണ് തിരിച്ചിട്ടപ്പാറ.

തിരിച്ചിട്ടു എന്നുതന്നെയാണ് അമ്മുമ്മക്കഥയുടെ പുരാണത്തില്‍.
രാമരാവണയുദ്ധസമയത്ത്, ഇന്ദ്രജിത്തിന്റെ ബ്രഹ്മാസ്ത്രത്തില്‍ ലക്ഷ്മണന്‍ പോര്‍ക്കളത്തില്‍ വീണപ്പോള്‍ ശ്രീമാന്‍ ഹനുമാന്‍ മരുത്വാമല തപ്പി ഈ ലോകം മുഴുവനും പറന്നു നടന്നു. പുള്ളിക്കാരന്‍ കണ്ടതും കയ്യില്‍ കിട്ടിയതുമായ മലകളൊക്കെ സംശയത്തിന്റെ പേരില്‍ നുള്ളിയെടുത്തു കൊണ്ട് പോയി. അങ്ങനെ പൊക്കിയെടുത്തുകൊണ്ട് പോയതാണത്രേ മേല്‍പ്പറഞ്ഞ പാറയും.
ഇതും ഉള്ളം കയ്യില്‍ താങ്ങിപ്പിടിച്ച് പറന്ന് യുദ്ധഭൂവിലെത്തിയ ഹനുമാനോട്, വിഭീഷണന്‍ അലറി,
“ഹനുമാന്‍, എന്താണിത്? കണ്ണില്‍ കണ്ട പാറയൊക്കെ എടുത്തുകൊണ്ട് വരുന്നത്? ഇതിനെ തിരിച്ചുകൊണ്ടുപോയി നാട്ടിലാക്കു.“

അങ്ങനെ ആഞ്ജനേയന്‍ തിരിച്ചുകൊണ്ടുവന്നിട്ട പാറയാണ്, തിരിച്ചിട്ട പാറ. അമ്മുമ്മ പറഞ്ഞുനിര്‍ത്തി, എന്നിട്ട് തലയിലെ നരച്ചമുടിയിഴകളുടെ ഇടയിലുള്ള മുഴയില്‍ വിരല്‍ തടവി.

വാക്‌മൊഴിയുടെ നിരന്തരമായ തള്ളലില്‍ വാക്കുകള്‍ കൂടിചേര്‍ന്ന് തിരിച്ചിട്ടപ്പാറയായി. ഒരു നിയോഗം പോലെ പുരാണത്തിലൂന്നി ഞങ്ങളുടെ നാട്ടിലെ വെറും പാറ, തിരിച്ചിട്ടപ്പാറയായി.
മയ്യഴിയിലെ “ആടിനെ പോറ്റുന്ന ചാത്തു“ തന്റെ പുന്നാരമകന്‍ ഫ്രാന്‍സില്‍ നിന്നും വന്ന് ആടിനെ വിറ്റപ്പോള്‍ “ആടിനെ പോറ്റാത്ത ചാത്തു“ ആയപോലെ.


ഈ പാറയുടെ അടിവാരത്തില്‍ ഒരു ശിവക്ഷേത്രം ഉണ്ട്. ഒരു താഴ്വാരത്തിലെ ക്ഷേത്രത്തിന്റെ എല്ലാ ഭംഗികളും ചേര്‍ത്തുവരച്ചപോലെ.
അവിടെ കല്ലില്‍ കൊത്തിയ, കഴുത്തില്‍ മണികെട്ടിയ ഒരുപാട് കുഞ്ഞിക്കാളകള്‍ ഉണ്ട്. ആള്‍ക്കാര്‍ നേര്‍ച്ചയായി കൊണ്ടുവച്ചാതാവാം അത്.


വേറൊരു ഐതീഹ്യത്തിന്റെ വേലിക്കെട്ടിനുള്ളില്‍, അമ്പലം പണ്ട് പാറയുടെ മുകളില്‍ ആയിരുന്നു.
എന്നും അമ്പലം അടിച്ചുവാരാന്‍ മലകയറി പോകുമായിരുന്നു ഒരു സ്ത്രീ. അവര്‍ക്ക് തീരെ സുഖമില്ലാതിരുന്ന ഒരു രാത്രിയില്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു,
“ശിവനേ, എന്നക്കൊണ്ട് വയ്യ ശിവനേ, നാളെ ന്യാരം വെള്ക്ക്മ്പം ആ പാറേലൂടെ ക്യാറാന്‍”
നേരം പുലര്‍ന്നപ്പോള്‍, അടിവാരത്തിലെത്തിയ അവരുടെ കണ്ണില്‍ പരമമായ ദൈവത്തിന്റെ കനിവ് പൂത്തുവിരിഞ്ഞു.
അമ്പലം പാറയുടെ താഴെ എത്തിയിരിക്കുന്നു. ഓം ശിവായ! കനിവായ!.


പണ്ട് പാറയുടെ മുകളില്‍ ഉണ്ടായിരുന്നത് ചില “സാമി’മാരുടെ ആശ്രമവും, സാമിമാരും, പിന്നെ എണ്ണിയാലൊടുങ്ങാത്ത കുരങ്ങന്മാരും, കാറ്റത്തു പൊഴിയുന്ന നെല്ലിക്കകളും മാത്രം.
അവിടെ നിന്ന് തെക്ക് പടിഞ്ഞാറ് (ദിക്ക് ശരിയല്ലേ?) നോക്കിയാല്‍ ശംഖുംമുഖം കടപ്പുറവും ദൂരദര്‍ശന്റെ ടവറും കാണാം. കാശുചെലവില്ലാത്ത ഒരു തിര്വന്തരം കാഴ്ച.
ഞങ്ങളൊക്കെ ആദ്യമായി സിഗരറ്റ് വലിക്കാന്‍ അഞ്ചുകിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി ഇവിടെയെത്തി, താഴ്വാരത്തില്‍ സൈക്കിള്‍ പൂട്ടിവച്ച്, കഷ്ടപ്പെട്ട് ഇതിന്റെ മുകളില്‍ വലിഞ്ഞു കയറുമായിരുന്നു.
പാറമുകളില്‍ എത്തിയാല്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍ മനോഹരയണ്ണന്റെ കടയില്‍ നിന്നും ആരുംകാണാതെ വാങ്ങിസൂക്ഷിച്ച ചാംസ് സിഗരറ്റ് ഓരരുത്തരായി പുറത്തെടുക്കും. ചെറുപ്പത്തിന്റെ ആദ്യപുക ആവേശത്തോടെ സൂര്യനെനോക്കി ഊതും.
സഹ്യന്റെ മലനിരകള്‍ ചുറ്റി നെടുമങ്ങാട് നഗരസഭ തൊടാതെ വരുന്ന കാറ്റില്‍ ആ പുക പടിഞ്ഞാറേക്ക് പോകും.


തന്നിലും തനിക്കു ചുറ്റും നടക്കുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും തിരിച്ചറിയുവാനുമാകാതെ തിരിച്ചിട്ടപ്പാറ, നെടുമങ്ങാട് പട്ടണത്തിന്റെ അതിരുകാക്കുന്നു.
ഇന്ന് പാറയുടെ പിന്നിലൂടെ കയറാവുന്ന രീതിയില്‍ ഒരു പുതിയ ആഞ്ജനേയ ക്ഷേത്രം ഉണ്ട്.
മറ്റൊരുവശത്തുകൂടെ പുരോഗതിയുടെ റബ്ബര്‍ കാട് മലകയറിവരുന്നു.
പാറ എല്ലം കണ്ടുകൊണ്ടിരിക്കുന്നു.

മറ്റൊരു ഹനുമാന്‍ വഴിതെറ്റിവരുന്നതും കാത്ത്.

Monday, April 10, 2006

ഹൌവൈ വണ്ടാ വാട്ട്യു വാര്‍!

"ടിങ്കിള്‍ ടിങ്കിള്‍ ലിറ്റിസ്റ്റാര്‍
ഹൌവൈ വണ്ടാ വാട്ട്യു വാര്‍"
ശാരദചേച്ചി പാടി.

"ടിങ്കിള്‍ ടിങ്കിള്‍ ലിറ്റിസ്റ്റാര്‍
ഹൌവൈ വണ്ടാ വാട്ട്യു വാര്‍"
കുഞ്ഞുങ്ങള്‍ ചേര്‍ന്നു പാടി.
അതില്‍ ചിലര്‍ ചുമച്ചു. ചുറ്റും പുക. ശാരദചേച്ചി പാട്ട്‌ നിര്‍ത്തി. കുട്ടികളും.
ശാരദചേച്ചി അംഗന്‍വാടിയുടെ പിന്നാമ്പുറത്തേക്ക്‌ പോയി. ഉപ്പുമാവു വേവുന്ന അടുപ്പില്‍ നിന്നും പുക ഉയരുന്നു. അടുപ്പിനകത്തേക്ക്‌ വിറകുതള്ളിവച്ചിട്ട്‌ ശാരദചേച്ചി അതിനുള്ളിലേക്ക്‌ ഒന്ന് ആഞ്ഞ്‌ ഊതി. ചാരം പറന്നു. കണ്ണുകളില്‍ അത്‌ നീരിന്റെ ഉറവ പൊട്ടിച്ചു. ശാരദചേച്ചി തലയുയര്‍ത്തി മുന്നിലെ പാടത്തേക്ക്‌ നോക്കി. കണ്ണുനീരിനുള്ളിലൂടെ പാടം തിളങ്ങി. അതിന്റെ അങ്ങേത്തലക്കല്‍ ഇരുമ്പുപാലത്തിനും അപ്പുറം നാരായണിയക്കന്റെ പച്ചക്കറി കുട്ട തെളിഞ്ഞു. അവര്‍ക്കുമുന്നില്‍ ഇരുമ്പുപാലം വെയിലില്‍ ജ്വലിച്ചു. ശാരദചേച്ചി ഓര്‍ത്തു.അതും കടന്ന്‌ ഇതുപോലൊരു വെയിലിലാണ്‌ രവിയണ്ണന്‍ പോയത്‌.


രവിയണ്ണന്‍ നാട്ടിലെ അറിയപ്പെടുന്ന ഒരു പെയിന്റര്‍ ആയിരുന്നു. പക്ഷെ രവിവര്‍മ്മയെപോലൊരു പെയിന്റര്‍ അല്ല. ചുവരുകളും വാതിലുകളും പെയിന്റ്‌ ചെയ്യുന്ന പെയിന്റര്‍. നാട്ടുകാര്‍ക്ക്‌ പെയിന്റര്‍ ആയിരുന്നെങ്കിലും രവിയണ്ണന്‍ ശാരദചേച്ചിക്ക്‌ എല്ലാമായിരുന്നു.
ഉമ്മറത്തിണ്ണയില്‍ വാരികകള്‍ വായിച്ചിരുന്നതും, വൈകുന്നേരം കുളിച്ച്‌ ഈറന്മുടിയില്‍ ഒരു തുളസിയിലയും തിരുകി കൈകളില്‍ "മോഡേണ്‍ ഫാന്‍സിയില്‍" നിന്നും വാങ്ങിയ കുപ്പിവളകളുമണിഞ്ഞ്‌ വേലിക്കല്‍ കാത്തുനിന്നതും രവിയണ്ണനുവേണ്ടിയായിരുന്നു.
നാടുകുലുക്കിയ ഒരു പ്രണയം.


മേലങ്കോട്ടമ്മയുടെ പൊങ്കാലയ്ക്ക്‌ പൊങ്കാലക്കലത്തില്‍ തീ പൂട്ടുമ്പോള്‍ പുകയുടെ മറവില്‍, കണ്ണിന്റെ നീറ്റലില്‍, ജമന്തിപൂക്കളുടെ മഞ്ഞനിറത്തില്‍, ചെണ്ടയുടെ താളത്തില്‍ മുറുകി തുടങ്ങിയ നോട്ടം, കുറുകി തുടങ്ങിയ പ്രണയം. അതു കാലം ഏറുംതോറും കീഴേവീട്ടുനടയിലെ ഇടുങ്ങിയ വഴിയിലേക്കും, ഞാറയ്കാട്‌ തോടിന്റെ ഓരത്തുള്ള പടിക്കെട്ടിലേക്കും ഒക്കെ നീണ്ടു. അവര്‍ അവരുടെ പ്രണയം ആഘോഷിക്കുകയായിരുന്നു, ഞങ്ങളും! കാരണം അന്ന് അതു ഞങ്ങളുടെ നാടിന്റെ പ്രണയമായിരുന്നു.
റ്റൈപ്പ്‌ റൈറ്റിംഗ്‌ ഇന്‍സ്റ്റിറ്റ്യൂട്ടില്‍, മാഞ്ഞുതുടങ്ങിയ അക്ഷരങ്ങള്‍ക്ക്‌ മുകളില്‍ വിരല്‍ കുത്തിയടിക്കുമ്പോള്‍ ശാരദചേച്ചി വേഗം ഒരുമണിക്കൂര്‍ കഴിയണെ എന്ന് പ്രാര്‍ത്ഥിക്കും. പഞ്ചായത്ത്‌ വായനശാലയുടെ മതിലിനുള്ളില്‍ ചിലപ്പോള്‍ രവിയണ്ണന്‍ കാത്തുനില്‍പ്പുണ്ടാകും! ടൈപ്പ്‌ ചെയ്തു കഴിഞ്ഞ്‌ പേപ്പറില്‍ ബാക്കി സ്ഥലം വരുമ്പോള്‍ അടുത്താരും കാണാതെ ചില കീ കളില്‍ ഒരു ചിരിയോടെ ശാരദചേച്ചി വിരലമര്‍ത്തും, "റെമിങ്ങ്‌ടണിന്റെ" പഴയ മെഷിനില്‍ തേഞ്ഞുതുടങ്ങിയ അച്ചുകള്‍ പേപ്പറില്‍ വന്നടിക്കുമ്പോള്‍ ചതഞ്ഞു തെളിഞ്ഞുവരും, my dear ravindra anna i love you. എന്നിട്ട്‌ കള്ളചിരിയോടെ ആരും കാണാതെ അതു കീറിയെടുത്ത്‌ പേഴ്സിനുള്ളില്‍ തിരുകി ഇറങ്ങി ഓടും.


അവരുടെ പ്രണയത്തെ നാടിന്റെ ഭൂപടത്തില്‍ നിന്നും മായ്ചുകളഞ്ഞത്‌ ഒരു വിസയായിരുന്നു. സൌദിയിലുള്ള മൂത്തമച്ചമ്പി അയച്ചുകൊടുത്ത ഒരു 'സൌദി വിസ'.
പോകുന്നതിനു തലേന്നാള്‍ കോയിക്കല്‍ കൊട്ടാരത്തിന്റെ വളപ്പില്‍, നീരാഴിയുടെ പടവില്‍ വച്ച്‌ ശാരദചേച്ചിയുടെ കൈകള്‍ എടുത്ത്‌ നെഞ്ചില്‍ വച്ച്‌ രവിയണ്ണന്‍ സത്യം ചെയ്തു. "ഞായ്‌ വരും നീ യെനിക്ക്‌ വേന്‍ണ്ടി കാത്തിരിക്ക്‍നം"


"യെടീ ചാരദേയ്‌, ഇത്തിരിപ്പോരം കഞ്ഞിവെള്ളം ഇഞ്ഞോട്ട്‌ യെടുത്താണെടീയേയ്‌.."
നാരായണിയക്കന്‍ അടുത്തെത്തി. ശാരദചേച്ചി കണ്ണുതുടച്ചു. ചാരം കണ്ണില്‍ കലങ്ങി.
നാരായണിയക്കന്‍ പച്ചക്കറിക്കുട്ട നിലത്തേക്ക്‌ ഇറക്കിവച്ച്‌ മാറിലെ തോര്‍ത്തെടുത്ത്‌ മുഖം തുടച്ചുകൊണ്ട്‌ ചോദിച്ചു.

"നീ എന്തരുപെണ്ണേ ഇങ്ങനെ ഇരുന്ന് നിരുവിക്ക്നത്‌? പത്തിരുവത്‌ കൊല്ലം ആയില്ലീ? ഇനീം നീ എന്തരിന്‌ നിന്റെ ജീവിതം കളയിനത്‌? അവയ്‌ വടക്ക്‌ എവടയാ പെണ്ണുംകെട്ടി ജീവിക്കേണ്‌. മേലത്തെ മണിയന്‍ കണ്ടന്നല്ലീ പറയിനത്‌?"
അലുമിയപാത്രത്തില്‍ നിന്നും വെള്ളമെടുത്ത്‌ നാരായണിയക്കനു കൊടുക്കുമ്പോള്‍ പച്ചക്കറികുട്ടയില്‍ നോക്കി അവള്‍ വിഷയം മാറ്റാന്‍ വേണ്ടി ചോദിച്ചു
" ഇന്ന് എന്തരക്കാ വെള്ളരിക്ക മാത്രമേ ഒള്ളാ?"
"വോ, കത്തിരിയ്ക്കയ്ക്കും പയറ്റുവള്ളിക്കും ഒക്കെ മുടിഞ്ഞ വെല ചെല്ലാ." നാരയണിയമ്മ കുട്ടയെടുത്ത്‌ തലയില്‍ വച്ചിറങ്ങി.
ശാരദചേച്ചി അംഗന്‍വാടിയുടെ മുന്‍വശത്തേക്ക്‌ പോയി. കുഞ്ഞുങ്ങള്‍ക്കൊപ്പം പാടാന്‍. ഇന്നു ശാരദചേച്ചിക്ക്‌ മറ്റാരുമില്ല, ഈ "പകല്‍കുഞ്ഞുങ്ങള്‍" അല്ലാതെ.
ഇല്ലാത്തജീവിതം അവരുമായി ആഘോഷിക്കുകയാണ്‌ ശാരദചേച്ചി .
ഒരു ചോരവറ്റിയ പ്രണയത്തിന്റെ ജീവിക്കുന്ന രക്തമില്ലാസാക്ഷി.

രവിയണ്ണന്‍?
അറിയില്ല! ഇപ്പോള്‍ 'എവിടെയോ' 'ആരോ' ആണ്‌. ചിലപ്പോള്‍ ഇതൊന്നുമാവില്ല.

.." അപ്പ്‌ എബൌദ വേള്‍സോ ഹൈ
ലൈക്കേ ഡയ്‌മണ്‍ ഇന്‍ദസ്കൈ"
ശാരദചേച്ചി കുഞ്ഞുങ്ങള്‍ക്ക് താളത്തില്‍ പാടിക്കൊടുത്തു.

Sunday, March 19, 2006

കുളസ്‌ട്രാള്‍!

നാടുമുഴുവനും ഊടുവഴികളിലൂടെ പപ്പന്റെ വീട്ടുമുറ്റത്തേയ്ക്ക്‌ ഒഴുകി. നാട്ടുകാരുടെ ചുണ്ടുകളില്‍ നിന്നുയര്‍ന്ന ചോദ്യങ്ങള്‍ വഴിക്കിരുവശവും വളര്‍ന്നു നില്‍ക്കുന്ന വേലിപ്പരുത്തിയിലും കുറുവട്ടിയിലും തട്ടിത്തെറിച്ചു.

“പപ്പനെന്തര് ‌പറ്റി?”

"പപ്പയ്‌ വാതില്‌ തൊറക്കണില്ല"

"വിളിച്ച്‌ നോക്കീല്ലീ?"

"വിളിച്ച്‌, പക്ഷെ എന്തരാന്തോ വാതില്‌ തൊറക്കണില്ല".

"പപ്പനെ രാവിലേം കണ്ടതാണല്ല്, ശിവരായ അണ്ണന്റെ കടേല്‌ ബോഞ്ചികുടിച്ചോണ്ട്‌ നിക്ക്നത്‌. പിന്നെ എന്തരു പറ്റിയത്‌?"

"യെങ്ങനെ അറിയായ്‌? വാതിലു തൊറന്നാലല്ലീ വല്ലതും ചോതിക്കാന്‍ പറ്റു!"

ബാക്കിവന്ന ചോദ്യങ്ങളുമായി നാട്ടുകാര്‍ എരിയുന്ന വെയിലില്‍ പപ്പന്റെ വീട്ടുമുന്നിലെ കൂട്ടമായി.

അവന്റെ അമ്മ പാറുഅമ്മ വീടിനു ചുറ്റും ഓടി നടന്ന് വിളിക്കുന്നു. അവന്റെ മുറിയുടെ വാതിലും ജനലും അടച്ചിട്ടിരിക്കുന്നു. ചുവരിനു മുകളില്‍ വായു സഞ്ചാരത്തിനുള്ള ചെറിയ വിടവുപോലും പേപ്പര്‍ ഉപയോഗിച്ച്‌ അടച്ചു വച്ചിരിക്കുന്നു പപ്പന്‍.

നാട്ടിലെ പ്രമുഖ രാഷ്ട്രീയ നേതാവ്‌ ഞങ്ങളുടെ കോവാലകിഷയണ്ണന്‍ പപ്പന്റെ അമ്മയോട്‌ തിരക്കി. "പാറുഅക്കാ, എന്തര്‌ പറ്റിയത്‌ പപ്പന്‌?"

മനസില്‍ അടച്ചു വച്ചതെല്ലാം നാട്ടുക്കൂട്ടത്തിലേക്ക്‌ വാരിയെറിഞ്ഞ്‌ പാറുഅമ്മ വിലപിച്ചു "എന്റെ കോവാലേഷാ ഇന്നലെ അവന്റെ കമ്പനീല്‌ ഡാക്ടരന്മാര്‌ വന്ന് സൌജന്യ പരിശോധന വൊണ്ടായിര്‌ന്ന്. എന്തര്‌ കുളസ്ട്രാളാ അങ്ങനെ എന്തരാ കൊഴുപ്പിന്റെ കൊഴപ്പം വൊണ്ടെന്ന് അവന്‍ ഇന്നലെ പറഞ്ഞിര്‌ന്ന്. രാവിലെ ചന്തേപ്പോയി മീനും മരിച്ചിനിയും വാങ്ങിച്ചിറ്റ്‌വന്ന് കേറി വാതിലടച്ച്‌ കെടന്നതാണ്‌. ഞായ്‌ കൊറേനേരമായിറ്റ്‌ വിളിക്കന്‌. അവയ്‌ വിളിക്യാക്കണത്‌ പോലും ഇല്ല. ഞാന്‍ എന്തര്‌ ചെയ്യിറ്റപ്പീ?"

പാറുഅമ്മ പിന്നെയും വിലപിച്ചു.


യുവജനത തീരുമാനിച്ചു, വാതില്‍ തല്ലിപ്പൊളിക്കാം.

ജിം അനിയും പട്ടാളം സാജുവും മസില്‍ പെരുക്കി മുന്നോട്ടുവന്നു.

സോമന്‍ മേശിരി വാതിലിന്റെ പാളിയില്‍ തട്ടി പറഞ്ഞു "നല്ല സ്റ്റ്‌ട്രാങ്ങ്‌ തടിയാണ്‌. നിങ്ങള്‌ വിചാരിച്ചപോലെ പൊളിയൂല്ല പിള്ളരെ."

കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ല. പപ്പന്റെ ജീവനാണ്‌ ഉള്ളില്‍.
കൊളസ്ട്രോള്‍ ഉണ്ടെന്നു സ്ഥീരികരിച്ച സ്ഥിതിക്ക്‌ ഇനി വല്ല അറ്റാക്കും? ആരും പരസ്പരം പറയാന്‍ ധൈര്യം കാണിക്കാത്ത ഈ ചോദ്യം അവരുടെ ഒക്കെ മനസില്‍ ഇരുന്നു പുകഞ്ഞു.

ജിമ്മും പട്ടാളവും ഒരുമിച്ച്‌ വാതിലിന്റെ നേര്‍ക്ക്‌.

..................!

വാതിലിന്റെ ഒരുപാളി പതിവുദിക്കില്‍തുറന്നു, മറ്റേതു ഉറഞ്ഞുതീര്‍ന്ന വെളിച്ചപ്പാട്‌, ദൈവത്തെ കൈവിട്ട്‌ നിലത്തേക്കുവീഴുന്ന പോലെ അകത്തേക്കും വീണു.

ചവിട്ടിപ്പൊളിയുടെ ശബ്ദത്തില്‍ ഞെട്ടി ഉണര്‍ന്ന പപ്പന്‍ കട്ടിലില്‍ നിന്നും ചാടി എഴുന്നേറ്റു. ഉള്ളിലേക്കുള്ള ചവിട്ടിന്റെ വേഗത്തില്‍ അനിയും സാജും ആദ്യം അകത്തേക്ക്‌ തെറിച്ചു.

"പപ്പാ..? "എന്ത്‌ എന്തരു പറ്റി"

ഒന്നുമറിയാത്ത പപ്പന്‍ പുരുഷാരത്തെ നോക്കി. പുരുഷാരം പപ്പനേയും. ആവിയിട്ട്‌ പഴുക്കാന്‍ വച്ച അറയില്‍ നിന്നും തിരിച്ചെടുത്ത നേന്ത്രവാഴക്കുലപോലെ നനഞ്ഞുകുതിര്‍ന്നു പപ്പന്‍ നിന്നു.

..... നിശബ്ദത. പാറു അക്കന്റെ കരച്ചില്‍ അതിനെ നിര്‍ദയാപൂര്‍വ്വം ബ്രേക്ക്‌ ചെയ്തു.

"എന്തരു പറ്റിയെട ചെല്ല നെനക്ക്‌?" പാറുഅമ്മ പപ്പന്റെ കൈക്കു പിടിച്ചു കൊണ്ട്‌ ചോദിച്ചു.
തകര്‍ന്നുകിടക്കുന്ന വാതില്‍ പാളിയില്‍ ഒന്നു നോക്കിയിട്ട്‌ പുരുഷാരത്തിന്റെ മുന്നില്‍ നില്ക്കുന്നവരോട്‌ പപ്പന്‍ പറഞ്ഞു
"ഞാന്‍ കുളസ്ട്രാള്‍ കൊറക്കേര്‌ന്ന്."
"......?" ആകാംക്ഷതുടിക്കുന്ന മുഖങ്ങള്‍.

പപ്പന്‍ തുടര്‍ന്നു.

"ഇന്നലെ ഡാക്ടര്‍ പറഞ്ഞ്‌ കുളസ്ട്രാള്‍ കൊറയ്ക്കാന്‍ വ്യായാമം ചെയ്യനം എന്ന്. അപ്പഴ്‌ ഞാന്‍ ചോതിച്ച്‌, എങ്ങനത്ത വ്യായാമം ആണ്‌ ചെയ്യേണ്ടതെന്ന്. അപ്പഴ്‌ അങ്ങേര്‌ പറഞ്ഞ്‌ എങ്ങനെ ചെയ്താലും കൊഴപ്പമില്ല, അരമണിക്കൂറു നന്നായി വെയര്‍ത്താ മതി എന്ന്. അതുകൊണ്ടല്ലീ ഞായ്‌ ഈ എരിയനാവെയിലത്ത്‌ വായു സഞ്ചാരം എല്ലാം അടച്ച്‌ കമ്പിളീം പൊതച്ച്‌ കെടന്നത്‌? നല്ല ഒറക്കോം ആയിര്‌ന്ന്." നാട്ടുമുഖങ്ങള്‍ പരസ്പരം നോക്കി.


വിയര്‍പ്പിലൂടെ കൊളസ്ട്രോള്‍ ഒഴുകിപോകുന്നത്‌ നോക്കി പപ്പന്‍ സംതൃപ്തിയോടെ ചിരിച്ചു. എന്നിട്ട്‌ ചോദിച്ചു " എന്തര്‌ എല്ലാരും കൂടെ ഇവിടെ? ടേയ്‌ സാജു അണ്ണാ എന്തരിനെടേയ്‌ നീ ഈ വാതില്‌ ചവിട്ടിപ്പൊളിച്ചത്‌?

Wednesday, March 15, 2006

തിരിച്ചടി.

ബാബു!

അഥവാ ആട്ടോ ബാവു. തടിമില്ലിലെ പെട്ടി ആട്ടോ (ഓട്ടോ എന്നു നിങ്ങള്‍ പറഞ്ഞാല്‍ മതി) ഓടിക്കുന്നയാളാണ്‌.
സൌമ്യമായി ചിരിക്കുന്ന എണീറ്റ്‌ നില്‍ക്കാന്‍ ശേഷിയില്ലാത്ത സുമുഖനായ ചെറുപ്പക്കാരന്‍.
ഒരു കാലത്ത്‌ അവിടം നടുക്കിയിരുന്ന ഗുണ്ട എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്‌. പക്ഷേ ഇതുവരെ വിശ്വാസമായിട്ടില്ല. എങ്കിലും ബാബുവിന്റെ ധൈര്യവും തന്റേടവും ഒരുപാടുതവണ നേരില്‍ ഞാന്‍ കണ്ടിട്ടുണ്ട്‌. അവിടുത്തെ പ്രമുഖ ഗുണ്ടകളൊക്കെ ഇവനോട്‌ മുട്ടില്ല എന്നും അറിയാം.


എന്റെ അമ്മാവപുത്രന്മാര്‍ ആ തടിമില്ലില്‍ പങ്കാളികള്‍ ആണ്‌. ഞാന്‍ അന്ന് തിരുവനന്തപുരത്ത്‌ "ജ്വാലി" ചെയ്യുന്ന കാലം. നേരത്തെ ഓഫീസില്‍ നിന്നിറങ്ങാന്‍ കഴിഞ്ഞാല്‍ തടിമില്ലില്‍ തടിയുടെ പുറത്തിരുന്ന് അവര്‍ക്കൊപ്പം അല്‍പ്പം വായനോക്കും (ഹോ! ആലോചിച്ചിട്ട്‌ വായില്‍ വെള്ളമൂറുന്നു).


അന്തക്കാലത്ത്‌ ഒരു നാള്‍.
ബാബുവിന്റെ സംഘം (അവന്റെ ചേട്ടനടക്കം) കന്യാകുമാരിയില്‍ ഒരു അടിച്ചുപൊളിയാത്ര പോയി ഒരു വാനില്‍. ഇവിടം മുതലുള്ള ഷാപ്പുകളും ബാറുകളും ഔട്ട്‌ ഓഫ്‌ സ്റ്റോക്ക്‌ ആക്കിക്കൊണ്ടുള്ള ഒരു ഒഴുക്ക്‌.


പിറ്റേന്നു വൈകുന്നേരത്ത്‌ തിരിച്ചെത്തിയതും അടിച്ചു പൊളിഞ്ഞുതന്നെയാണ്‌.
കയ്യിലും കാലിലുമൊക്കെ ഒട്ടിപ്പും മുഖത്ത്‌ കരുവാളിപ്പും മനസില്‍ പകയുമായി.


"എന്തര്‌ പറയാനണ്ണാ, കിട്ടി, നന്നായിറ്റ്‌ കിട്ടി. എല്ലാണ്ണോം വെള്ളങ്ങളായിരിന്ന്. പാണ്ടികളെല്ലാകൂടെ നമ്മളെ കാര്യമായിറ്റ്‌ പൂശി. അടിച്ച്‌ പൊളിക്കാന്‍ പോയ പോക്കായത്‌ കൊണ്ട്‌ നമ്മള 'റ്റൂള്‍സ്‌' ഒന്നും എടുത്തില്ലേരിന്ന്. എന്തിനണ്ണാ പറയണ ഒരു കെയിലാഞ്ചി (കത്തി) പോലും എടുത്തില്ലേരിന്ന്." ബാബു നിസ്സഹായതയോടെ പറഞ്ഞു.

"അമ്മച്ച്യാണ ഇത്‌ തിരിച്ച്‌ കൊട്ത്തിര്‌യ്ക്കും." ബാബുവിന്റെ ചേട്ടന്‍.

"ഇതു തിരിച്ച്‌ കൊടുത്തില്ലങ്കി തള്ളേ എടാ ബാവു നമ്മളു ജീവിച്ചിര്‌ന്നിറ്റു കാര്യമൊണ്ടാ?"ഒരാഴ്ച ബാബുവിനെ കണ്ടില്ല. ഓട്ടോ മാത്രം അനാഥനായി വട്ടവാളിന്റെ സ്വരം കേട്ട്‌ പൊടിയും പിടിച്ചു കിടന്നു.


ശനിയാഴ്ച വൈകുന്നേരം തടിപ്പുറത്തിരിക്കുമ്പോള്‍ അവരെത്തി, അനിയനും ചേട്ടനും.
മുഖത്തെ കരിവാളിപ്പൊക്കെ പോയി. പകരം ദുബായ്‌ ഓപ്പണില്‍ സാനിയ മിര്‍സയുടെ കളി മുന്‍നിരയില്‍ ഇരുന്നു കണ്ടിട്ടിറങ്ങുന്ന മറുനാടന്‍ മലയാളിയുടെ ഭാവമാണ്‌.
വന്നപാടെ തടിപ്പുറത്തേക്ക്‌ വലിഞ്ഞുകയറി.

"കൊട്ത്ത്‌" ചേട്ടന്‍ പറഞ്ഞു

"...?" എല്ലാവരും ആകാക്ഷയോടെ നോക്കി.

ബാക്കി കഥപറയണമെങ്കില്‍ കേള്‍ക്കാന്‍ ഇനിയും പ്രേക്ഷകര്‍ വേണം എന്നുള്ള ഭാവത്തില്‍ അവര്‍ ചുറ്റുപാടും നോക്കി. തടിപ്പണി കഴിഞ്ഞ സമയമായതുകൊണ്ട്‌ ഒരോരുത്തരായി അവിടെ വന്നു തുടങ്ങി. അനിയനും ചേട്ടനും ആ സമൃദ്ധിയില്‍ ചാര്‍ജ്ജ്‌ ആയി.

"മപ്പായിറ്റ്‌ തിരിച്ച്‌ കൊട്ത്ത്‌" ബാബു പറഞ്ഞു.

ഇടം കൈകൊണ്ട്‌ ഉടുമുണ്ട്‌ പൊക്കി വള്ളിനിക്കറിന്റെ പോക്കറ്റില്‍ നിന്നും ബീഡി എടുത്തുകൊണ്ട്‌ വട്ടവാളിലെ അണ്ണാച്ചി പറഞ്ഞു : "ഉം കൊടുത്തി. എങ്കെയിട്ട്‌ കൊടുത്തി?. സുമ്മാതാണ്ണ്‍?"

സര്‍വേക്കല്ലില്‍ ഓന്ത്‌ ഇരിക്കുന്നപോലെ ആഞ്ഞിലി തുണ്ടിന്റെ മുകളിലിരുന്ന അണ്ണാച്ചിയെ നോക്കി ബാബു അലറി
"വാപ്പിളാട്ടാതെ മിണ്ടാതിരിന്ന് കേക്കീ അണ്ണാച്ചീ" പിന്നെ അവന്‍ തുടര്‍ന്നു

"ഞങ്ങള്‌ ഒരാഴ്ചയായി തപ്പി നടക്കേരിന്ന്. സൌകര്യത്തിന്‌ കൊറച്ച്‌ തമിഴന്മാരെ. ഇന്ന് കിട്ടി. വാട്ടറ്‌ വര്‍ക്ക്സിനെ കാമ്പൌണ്ടില്‌ കൊറേ പാണ്ടിതമിഴന്മാര്‌ പണി ചെയ്യേര്‌ന്ന്. പിന്നെ ഒന്നും നോക്കീല എട്‌ത്തിട്ടങ്ങ്‌ ചാര്‍ത്തി. മപ്പായിറ്റ്‌ ചാര്‍ത്തി."

"ഞായ്‌ പിടിച്ചില്ലേരുന്നെങ്കീ യെവന്‍ ഒരുത്തന്റെ തലമണ്ട അടിച്ചു പൊളിച്ചനെ" ചേട്ടന്‍ അഭിമാനത്തോടെ പറഞ്ഞു.


"ഇപ്പം എന്തര്‌ സുഖം. മനസ്സമാനം കിട്ടി. എത്തറ ദെവസമായിറ്റ്‌ നടക്കേര്‌ന്ന്. അവന്മാരെ നാട്ടിലിട്ട്‌ നമ്മക്കടി കിട്ടിയെങ്കി നമ്മളെ നാട്ടിലിട്ട്‌ അവന്മാരക്കും കൊടുത്തു." ബാബു തടിയില്‍ നിന്നിറങ്ങി.
"അണ്ണാ ഒന്ന് മിസ്സിംഗ്‌ ആവേണ്‌ കേട്ടാ. ചെലപ്പം പേലകളു (പോലീസുകാര്‍) തപ്പി വരും.
തിരിച്ചടിച്ചതിന്റെ സന്തോഷത്തിലും സംതൃപ്തിയിലും അനിയനും ചേട്ടനും താഴേക്ക്‌ നടന്നു.
സാമാന്യബുദ്ധിയെ മറയ്ക്കുന്ന ധൈര്യം അവന്മാരുടെ തലക്കുമുകളില്‍ ഒരു അലങ്കാരമായ്‌ ഒപ്പം നടന്നു.
ഞങ്ങള്‍ പിറ്റേന്നത്തെ പത്രവും കാത്തിരുന്നു.

Monday, March 06, 2006

കണ്ണന്‍കോവി.

ഏതെങ്കിലും വളവിനപ്പുറം താളം തെറ്റിയ കൂക്കല്‍ കേട്ടാല്‍ ഞങ്ങള്‍ക്കറിയാം, വളവുതിരിഞ്ഞു 'മറിഞ്ഞു'വരുന്നത്‌ കണ്ണന്‍കോവിയാണെന്ന്.

ഗോപി (കോവി എന്ന് വായ്മൊഴി) സ്ഥലത്തെ പ്രധാന കുടിയനാണ്‌. ഉണ്ടക്കണ്ണുകളുള്ള കുടിയന്‍. നാട്ടുകാര്‍ അയാളെ സ്നേഹത്തോടെ കണ്ണന്‍കോവി എന്നു വിളിക്കും.
നന്നേ മെലിഞ്ഞിട്ടാണ്‌ ലക്ഷണം (കുടിയന്മാരൊക്കെ മെലിഞ്ഞിരിക്കണം എന്നതാണ്‌ മദ്യവര്‍ഗ്ഗ തത്വം).
ഗോപിയെ കണ്ടാല്‍ "ചാനലിലെ കുടിയന്‍" അയ്യപ്പബൈജുവിനെ പോലിരിക്കും, ചില മാനറിസങ്ങളും അതുപോലെ തന്നെ.


കണ്ണന്‍കോവിക്ക്‌ ഒരു വീക്‌ക്‍നെസ്സേയുള്ളു, അതു മദ്യമല്ല.

മദ്യം ഗോപിയുടെ വീക്‌ക്‍നെസ്സല്ല നിലനില്‍പ്പാണ്‌. കണ്ണന്‍കോവി ചീത്തവിളിക്കും. ഓരോ വാചകത്തിലും കതിരിന്റെ ഇടയില്‍ കളപോലെ ഓരോ ചീത്ത മുളച്ചു നില്ക്കും. അതൊരു വീക്‌ക്‍നെസ്സ്‌ തന്നെയാണ്‌.


പക്ഷെ കോവി ചീത്തവിളിക്കാറില്ല എന്നാണ്‌ പുള്ളിക്കാരന്‍ അവകാശപ്പെടുന്നത്‌. ആളുകൂടുന്ന വൈകുന്നേരങ്ങളില്‍ പഴകുറ്റിയിലും

കൊല്ലങ്കാവിലുമൊക്കെ നിന്ന് കോവി പ്രഖ്യാപിക്കാറുണ്ട്‌ "കണ്ണന്‍കോവി വെള്ളമടിക്കും വ്യവിചരിക്കും. പക്ഷേ ചീത്തവിള്‌ക്കില്ല" (ഒപ്പം വാക്യത്തിനു വാലായ്‌ ഒരു ചീത്തയും).

സ്കൂളില്‍ പോകുന്ന കുട്ടികള്‍ റോഡ്‌ ക്രോസ്‌ ചെയ്യുമ്പോള്‍ അശ്രദ്ധ കാണിച്ചാല്‍ മുണ്ട്‌ മടക്കിക്കുത്തി കോവി സ്നേഹത്തോടെ പറയും " ഒതുങ്ങിപ്പോയീന്‍ അപ്പികളെ (ഒപ്പം ഒരു കുഞ്ഞു ചീത്തയും)" അതാണ്‌ കണ്ണന്‍കോവി.ഇനി സംഭവത്തിലേക്ക്‌; ഒരു ഗള്‍ഫുകാരന്റെ വീടിന്റെ മുന്‍വശം.

ഒരു കുസൃതിയായ ഉണ്ണി. ഗേറ്റിലെ കമ്പിയില്‍ പിടിച്ചുതൂങ്ങിയാടുകയാണ്‌. അതിനു ആഹാരം കൊടുക്കുന്ന അമ്മ എത്ര വിളിച്ചിട്ടും അവന്‍ കൂട്ടാക്കുന്നില്ല. കൊതിപ്പിച്ചും വിരട്ടിയും അവരുടെ ക്ഷമകെട്ടു."കൂ..............."

വളവിനപ്പുറം കണ്ണന്‍കോവിയുടെ തലക്കെട്ട്‌. അതിനുതാഴെ ഒരു മൂന്നു പെഗ്ഗിന്റെ ചിരി."ടാ, ഇവിടെ വാടാ അല്ലെങ്കി ഞാന്‍ കോവിമാമനോട്‌ പറയും" അമ്മ ഒന്നുകൂടി കുഞ്ഞനെ വിരട്ടിനോക്കി.
,താളം നഷ്ടപ്പെട്ട ഗോപീപാദങ്ങള്‍ ഗേറ്റിനടുത്തെത്തി.
വീട്ടമ്മ പറഞ്ഞു " കോവി നോയ്ക്ക്യാണ്‌ യെവന്‍ പറഞ്ഞിറ്റ്‌ കേക്കിണില്ല. നീ ഒന്നു വെരട്ടിയാണ്‌"

ഗോപി അവരെ ഒന്നു നോക്കി. തന്റെ കുടിജീവിതത്തില്‍ ആദ്യമായാണ്‌ ഒരാളെ വിരട്ടാനുള്ള ഓര്‍ഡര്‍ കിട്ടുന്നത്‌.

ഗോപി മുണ്ട്‌ ഒന്നു മുറുക്കിയുടുത്തു.
ഞനിതൊക്കെ എത്ര കണ്ടതാണെന്നുള്ള ഭാവത്തില്‍ കുഞ്ഞു ഗോപിയെ നോക്കി.
എന്റെ പ്രിയ സുഹൃത്തുക്കളെ പിന്നെ അവിടെ നടന്നത്‌ ചീത്തവിളിയുടെ ഒരു ഏകാംഗ കച്ചേരിയായിരുന്നു. ഇതുവരെ കേള്‍ക്കാത്ത വാക്കുകള്‍ കേട്ട്‌ ആ പാവം കുഞ്ഞു പേടിച്ചരണ്ടു. അതിനേക്കാളും പേടിച്ച തള്ള ആ കുഞ്ഞിനെയും എടുത്ത്‌ വീടിനകത്തേക്ക്‌ പാഞ്ഞു കയറി വാതിലടച്ചു.


ഗേറ്റിന്റെ കൊളുത്തുപിടിച്ചിട്ടിട്ട്‌ വഴിയിലേക്കിറങ്ങുമ്പോള്‍ ഗോപി പറഞ്ഞു "വെരട്ടാന്‍ പറഞ്ഞ്‌ വെരട്ടി. എന്നിറ്റ്‌ കാര്യം നടന്നപ്പം കണ്ടാ അവര്‌ ഗ്യാറ്റ്‌ പോലും അടയ്കാതെ വോടിക്കളഞ്ഞത്‌. ഇതാണ്‌ പണ്ടൊള്ളോരുപറേണത്‌ ഇന്നത്തെക്കാലത്ത്‌ ആര്‍ക്കും വൊരു വുപകാരവും ആര്‌ക്കും ചെയ്യല്ലെന്ന്."

Saturday, March 04, 2006

'നമ്മള' നിഘണ്ടു

നെടുമങ്ങാട്ടുള്ളവര്‍ ഉപയോഗിച്ചിരുന്ന/ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വാക്കുകളും പ്രയോഗങ്ങളും.

മേലാല്‍ റിപ്പീറ്റ്‌ ചെയ്യരുത്‌!

സോമന്‍ മേശിരി.

മേസ്തിരി എന്നുള്ളത്‌ ഞങ്ങള്‍ "മേശിരി" എന്നേ പറയു. വാശിയൊന്നുമല്ല, വായ്‌മൊഴിയില്‍ ഞങ്ങള്‍ക്ക്‌ വരമായ്‌ കിട്ടിയ മൊഴി ഇതാണ്‌

സോമന്‍ മേശിരി വീടിനോട്‌ ചേര്‍ന്ന് ഒരു മുറുക്കാന്‍ കട നടത്തുന്നു. വെറും പെട്ടിക്കടയല്ല, ഒരു സ്റ്റേഷനറിക്കടയോളമെത്തുന്ന ഒരു ഗ്ലോറിഫൈഡ്‌ മുറുക്കാന്‍ കട.

സോമന്‍ മേശിരിക്ക്‌ എല്ലാം അറിയാം. അറിയാത്തതായി ഈ ഭൂമി മലയാളത്തിലും തമിഴിലും തെലുങ്കിലും ഒന്നുമില്ല. എന്തിനെക്കുറിച്ചും വ്യക്തമായ ധാരണയും ശക്തമായ അഭിപ്രായവും സോമന്‍ മേശിരിക്കുണ്ട്‌. അതിനി പൊക്ക്രാനിലെ പൊട്ടലാണെങ്കിലും, ഇന്ത്യാ പാകിസ്താന്‍ ക്രിക്കറ്റ്‌ യുദ്ധമാണെങ്കിലും.
ഇന്ത്യ പാകിസ്താനോട്‌ പരാജയപ്പെട്ടാല്‍ മേശിരിപറയും

" അല്ലങ്കിലും എവന്മാരുക്ക്‌ സായിപ്പിനെ കണ്ടാ മുട്ടിടിക്കും." ഇന്ത്യക്കുപുറത്തുള്ളവരൊക്കെ മേശിരിക്ക്‌ സായിപ്പന്മാരാണ്‌.മേശിരി വാടകയ്ക്ക്‌ വീടുകള്‍ കൊടുത്തിട്ടുണ്ട്‌. അതിലൊന്നില്‍ വാടകയ്ക്ക്‌ താമസിക്കുന്നത്‌ ഒരു ടാക്സി ഡ്രൈവര്‍ ആണ്‌. വൈകുന്നേരങ്ങളില്‍ അല്‍പ്പം മോന്തുന്നവന്‍.

മോന്തിക്കഴിഞ്ഞാന്‍ ഇംഗ്ലീഷ്‌ ഭാഷയുടെ അതിപ്രസരം സംസാരത്തില്‍ മുഴച്ചുനില്‍ക്കും.

മേശിരിക്കാണെങ്കില്‍ അത്‌ അല്‍പ്പം പോലും ഇഷ്ടമല്ല. കാരണം മേശിരിക്ക്‌ ഇംഗ്ലീഷെല്ലാം നല്ല പിടിയുണ്ടെന്നാണ്‌ അവകാശപ്പെടുന്നത്‌. ഡ്രൈവര്‍ പറയുന്നത്‌ ശരിക്കുള്ള ഇംഗ്ലീഷ്‌ വാക്കുകളല്ല എന്നും.

പണ്ട്‌ ഏ വി എമ്മിലൊക്കെ മേസിരി പണിക്കു പോയിട്ടുണ്ട്‌ (കെട്ടിടം പണിയായിരുന്നു മേഖല) അവിടെ വച്ച്‌ എം ജി ആറിനെയും ശിവാജി ഗണേശനെയും കണ്ടിട്ടുണ്ട്‌.
ശിവാജി ഗണേശന്‍ ഇപ്പോള്‍ കണ്ടാലും ചിലപ്പോള്‍ തിരിച്ചറിഞ്ഞേക്കും!
"ആരിത്‌ സോമാനാടേ?" എന്നു അദ്ദേഹം ചോദിച്ചേക്കും എന്നാണ്‌ പറയാറുള്ളത്‌.

താനും കാഴ്ചയില്‍ ഒരു ശിവാജിഗണേശനാണെന്നുള്ള ധാരണ മേശിരിക്കുണ്ടോ എന്നു ഞങ്ങള്‍ക്ക്‌ തോന്നാറുണ്ട്‌.
ദോഷം പറയരുതല്ലൊ, ശിവാജി ഗണേശനു ഐശ്വര്യം വറ്റിയപോലിരിക്കും നമ്മുടെ കക്ഷിയെക്കണ്ടാല്‍.


അങ്ങനെ ഒരു സന്ധ്യക്ക്‌ രണ്ടു പെഗ്ഗില്‍ നന്നായി ഇംഗ്ലീഷും തൊട്ടുകൂട്ടി നമ്മുടെ വാടകക്കാരന്‍ ഡ്രൈവര്‍ ചേട്ടന്‍ വന്നു.
വണ്ടിയൊക്കെ ഒതുക്കിയിട്ടുള്ള വരവാണ്‌.
അയാള്‍ മേശിരിയുടെ കടയിലെ തടി ബഞ്ചില്‍ തന്റെ അടുന്ന ആസനം പാര്‍ക്ക്‌ ചെയ്തു.
അവര്‍ തമ്മില്‍ സംസാരമായി. സംസാരം പല നിലകളിലേക്ക്‌ ഉയര്‍ന്നു.
വിഷയം വീടിന്റെ ചില സ്ഥലങ്ങളിലെ ചോര്‍ച്ചയാണ്‌.
അപ്പുറത്തും ഇപ്പുറത്തും ഇരുന്നവരൊക്കെ കടയുടെ മുന്നിലേക്കെത്തി.
ഇന്നു എന്തെങ്കിലും സംഭവിക്കും.
വാടകക്കാരന്റെ വര്‍ത്താനത്തിനിടയില്‍ ബ്ബ്ലെഡിഫൂള്‍, ഇഡിയെറ്റ്‌, നാണ്‍സെന്‍സ്‌, ബിക്കാസ്‌, ഷിറ്റ്‌ എന്നിങ്ങനെ ആംഗലേയം പുട്ടിന്റെ ഇടയിലെ തേങ്ങപോലെ വീണുകൊണ്ടിരുന്നു.
ഒരോവാക്കും മനസില്‍ ഒന്നാവര്‍ത്തിച്ച്‌ മേശിരി പല്ലിറുമ്മി.
മനസിലാകാത്ത ചിലതൊക്കെ പിടിച്ചെടുത്ത്‌ തിരിച്ചു പറഞ്ഞു.
എന്നിട്ട്‌ ഇംഗ്ലീഷ്‌ പറഞ്ഞ അഹങ്കാരത്തില്‍ ചിരിച്ചു.


വാടകക്കാരന്‍ അയയുന്ന മട്ടില്ല.
ഒടുവില്‍ നാട്ടുകാര്‍ ഇടപെട്ടു, അപ്പോള്‍ വാടകക്കാരന്‍ ഒന്നു തണുത്തു.
അയാള്‍ പറഞ്ഞു,
"ഇനി ഇങ്ങനെ ഉണ്ടാകരുത്‌. ഞാന്‍ വാടകതന്നു താമസിക്കുന്ന ആളാണ്‌. ഞാന്‍ എന്തെങ്കിലും കമ്പ്ലൈന്റ്‌ ഇവിടെ വന്നു പറഞ്ഞാല്‍ എന്നോട്‌ ഇതുപോലെ ചൂടാവരുത്‌. ഇതു കുറേ നാളായി ഞാന്‍ സഹിക്കുന്നു."


വാടകക്കാരന്‍ പതിവുപോലെ ആംഗലേയത്തില്‍ പറഞ്ഞു നിര്‍ത്തി.
"ഇനി മേലാല്‍ റിപ്പീറ്റ്‌ (repeat) ചെയ്യരുത്‌!"


സോമന്‍ മേശിരിക്കത്‌ ഇഷ്ടപ്പെട്ടില്ല.

"ഞാന്‍ റിപ്പീറ്റ്‌ ചെയ്താ? നീയല്ലീ ആദ്യം റിപ്പീറ്റ്‌ ചെയ്തത്‌?

പിള്ളരേ നിങ്ങള്‍ കണ്ടതല്ലീ, ഞാന്‍ ഇവിടെ ചുമ്മായിരുന്നതാണ്‌. എവനാണ്‌ ഡിപ്ലീക്കോസും അടിച്ചോണ്ട്‌ വന്ന് എന്റെ നേരെ റിപ്പീറ്റ്‌ ചെയ്തത്‌. എന്നിട്ടിപ്പം അവന്‍ പറയിനത്‌ ഞാന്‍ റിപ്പീറ്റ്‌ ചെയ്തെന്നാണ്‌. ഇത്‌ എന്തരു അന്ന്യായം?"

Tuesday, February 28, 2006

എത്‌പ്പ്‌ !

നെടുമങ്ങാട്‌.

അതാണ്‌ സ്ഥലനാമം.


പ്രസിദ്ധിയെക്കാള്‍ കുപ്രസിദ്ധിയാണ്‌ ഞങ്ങളുടെ നാടിനെക്കുറിച്ച്‌ പുറംലോകത്തിനു കൂടുതല്‍. അതിന്റെ കാരണം രസകരമാണ്‌. തിരുവനന്തപുരത്തിനുവടക്കോട്ടുള്ള വാര്‍ത്തകള്‍ എല്ലാം അച്ചടിച്ചുവരുന്നതു നെടുമങ്ങാട്‌ റൂറല്‍ ന്യൂസ്‌ ബ്യൂറോയുടെ കീഴിലാണ്‌.

അതുകാരണം ഞങ്ങളുടെ നാടിനെ കുറിച്ചുള്ള വാര്‍ത്തകള്‍ക്ക്‌ അന്നും ഇന്നും ചില പതിവുനിറങ്ങളെയുള്ളു. ഒന്നുകില്‍ ആത്മഹത്യ അല്ലെങ്കില്‍ പെണ്‍വാണിഭം. അതുമല്ലെങ്കില്‍ കഞ്ചാവുവേട്ട. അല്ലെങ്കില്‍ വാറ്റുചാരായം.
ഈ ഏറ്റുപറച്ചിലിലൂടെ നെടുമങ്ങാടിനെ ഈയുള്ളവന്‍ സദാചാരത്തിന്റെ ഈറ്റില്ലമാക്കുകയല്ല.


അതുകൊണ്ടുതന്നെ നമുക്ക്‌ മറിയയില്‍ തുടങ്ങാം.
കല്ലംമ്പാറ മറിയ.

നെടുമങ്ങാടിന്റെ സ്വന്തമായി അറിയപ്പെട്ട വേശ്യ.
ഞാന്‍ രണ്ടുതവണയെ മറിയയെ കണ്ടിട്ടുള്ളു. ഒന്ന്; ആറാം ക്ലാസില്‍ പടിക്കുമ്പോള്‍ ഗവണ്‍മന്റ്‌ ബോയ്സ്‌ യു. പി. സ്കൂളിന്റെ മുന്നില്‍.
അന്നെനിക്കു അവരെ കാണിച്ചുതന്നത്‌ എന്റെ സഹപാഠി, അരശുപറമ്പിലുള്ള പ്രസന്നനാണ്‌. കണ്ടപ്പോള്‍ എനിക്ക്‌ അതിശയം തോന്നി. കറുത്തമുഖത്ത്‌ അമിതമായി പൌഡറും പൂശി തിളങ്ങുന്ന പച്ചനിറമുള്ള സാരിയുടുത്തു ചുണ്ടില്‍ ചായം തേച്ച ഒരു സ്ത്രീ.
ഒരുപാട്‌ സംശയങ്ങളുടെ ഇടയില്‍ ഒരു സംശയം മാത്രമേ അന്നു ബലമായുണ്ടായിരുന്നുള്ളു. പ്രസന്നന്‌ ഇവരെ എങ്ങനെ അറിയാം. അതു ഞാന്‍ ചോദിച്ചു.
ഞാനിതൊക്കെ കുറേകണ്ടതാണെന്നുള്ള ചിരി അതിനുത്തരമായി ചിരിച്ചു അന്നത്തെ ആ ആറാം ക്ലാസുകാരന്‍.


പിന്നെ ഞാന്‍ കണ്ടു മറിയയെ, സ്കൂള്‍ കാലമൊക്കെ കഴിഞ്ഞു കുറേ വര്‍ഷങ്ങള്‍ക്ക്‌ ശേഷം.
എന്റെ ഒരു സുഹ്രുത്തിന്റെ കാസറ്റ്‌ ഷോപ്പിനുമുന്നില്‍.
അവന്‍ പറഞ്ഞു, "നിനക്കറിയുമോ ഇവരെ? ഇതാണെടാ പഴയ കല്ലംപാറ മറിയ".
ഞാന്‍ നോക്കി.
മങ്ങിയ പച്ചപൂക്കളുള്ള ഒരു മങ്ങിയ സാരി. ഹവായ്‌ ചപ്പലുകള്‍.
ഒരുപാടു ചുളുക്കുകള്‍ വീണ വരണ്ടമുഖം. അതില്‍ നിറം തെറ്റി വരച്ചതുപോലെ പഴമയുടെ ബാക്കിയായ്‌ കുങ്കുമം കലക്കിതേച്ച ചുണ്ടുകളും.
മുഖത്ത്‌ പഴയ ശൃംഗാരമില്ല. പുറംലോകത്തോടുള്ള പേടി മാത്രം.
ഒഴിഞ്ഞുപോയ ശൃംഗാരം ഉള്ളില്‍ ഓര്‍മ്മിച്ച്‌ മറിയ നടന്നു.
ഒരു തെരുവുമുഴുവന്‍ അവജ്ഞയോടെ മറിയയെ നോക്കി നിന്നു.
ഇന്നു നേടുമങ്ങാടിന്റെ നെഞ്ചില്‍ മറിയയുടെ നടത്തമില്ല. പുറം ലോകമറിയാത്ത മറിയമാര്‍ മറ്റുള്ള നാട്ടിലെന്നപോലെ ഇവിടെയും നടക്കുന്നുണ്ടാവണം.


മറിയയില്‍ തുടങ്ങുന്നതും തീരുന്നതുമല്ല ഈ നാടിന്റെ കഥ.
മറിയയില്‍ തുടങ്ങുക മാത്രമായിരുന്നു ഞാന്‍. വായനക്കാര്‍ക്കും എന്നിലെ "മഹത്തായ ചരിത്രകാരനും" (കനം ഇത്രമതിയോ?) ഐശ്വര്യമായ ഒരു തുടക്കം കിട്ടാനുള്ള "എത്‌പ്പാണ്‌" മറിയ.
എത്‌പ്പുപോലുള്ള വാക്കുകള്‍ എവിടെ നിന്നെങ്കിലും പഠിക്കുക. നെടുമങ്ങാടിന്റെ ചരിത്രവായനയ്ക്കിടയില്‍ ഇതുപോലുള്ള വാക്കുകള്‍ ഒരു പാട്‌ കടന്നു വരും.
ആദ്യമായതുകൊണ്ട്‌ പറഞ്ഞുതരാം എത്‌പ്പ്‌ എന്നുപറഞ്ഞാല്‍ ശുഭകാര്യങ്ങള്‍ക്ക്‌ ഇറങ്ങുമ്പോള്‍ എതിരേ വരുന്നതിനെ പറയുന്നതാണ്‌.
തന്നെ. അമ്മച്ച്യാണ തന്നെ.