Showing posts with label ഭാഷ. Show all posts
Showing posts with label ഭാഷ. Show all posts

Thursday, July 19, 2007

കലിപ്പും പുലിയും കടിച്ചുകുടയുന്ന ഒരു ഭാഷ.

“ഹാര്‍ളിക്സിനൊപ്പം ഫ്രീ” എന്ന മുന്‍പത്തെ പോസ്റ്റില്‍ എതിരന്‍ കതിരവന്‍ എഴുതിയ കമന്റില്‍ മിമിക്രിക്കാര്‍ തിരുവനന്തപുരം ഭാഷയെ കളിയാക്കുന്നതിലുള്ള സങ്കടം രേഖപ്പെടുത്തിയിരുന്നു. അതിനുള്ള മറുപടിയായിട്ടല്ല മറിച്ച് അതില്‍ പിടിച്ചു തുടങ്ങുന്ന ഒരു കുറിപ്പായി ഇതിനെ കാണാം.


ഇന്ന് തിരുവന്തരം ഭാഷയെന്നാല്‍ “തള്ളെ കലിപ്പുകള് തന്നീ? യെവന്‍ പുലിയല്ല ക്യാട്ടാ..” എന്നിങ്ങനെ പോകുന്ന മിമിക്രിയാണ് മറ്റു ജില്ലാ വാസികള്‍ക്ക്. മിമിക്രിയും സിനിമയും ഞങ്ങളോട് ചോദിക്കാതെ ഞങ്ങളെക്കുറിച്ച് പുറത്തേക്ക് കൊടുത്തൊരു ഇമേജാണ് ഇത്.
ഒരിക്കലും ഒരു മോശം ഭാഷയല്ല തിരുവനന്തപുരം ഭാഷ. മറ്റുള്ള ദേശങ്ങളുടെ ഭാഷയെ വച്ചു നോക്കുമ്പോള്‍ ചിരിയുണര്‍ത്തുന്ന ഒരു തരം താണ ഭാഷയും അല്ല. തിരുവനന്തപുരം ഭാഷയെ അനുകരിച്ച് സംസാരിക്കുമ്പോള്‍ മറ്റുഭാഷക്കാരുടെ മുഖത്ത് ഒരു കളിയാക്കല്‍ ടോണ്‍ വരാറുണ്ട്. അത് അവര്‍ക്കു കൊടുത്തത് മിമിക്രിയും പിന്നെ രാജമാണിക്യം പോലെയുള്ള കഥാപാത്രങ്ങളുമാണ്. ആ സിനിമ കണ്ടപ്പോള്‍ ഞങ്ങളും ചിരിച്ചു രസിച്ചു (തിരുവനന്തപുരം മിമിക്രിഭാഷ കേട്ടാല്‍ ഏറ്റവും കൂടുതല്‍ ചിരിക്കുന്നതും തിരുവനന്തപുരത്തുകാര്‍ തന്നെ) പക്ഷെ അതൊരു മിമിക്രിയായി കണ്ടതുകൊണ്ടാണ് ഞങ്ങള്‍ ചിരിച്ചതെന്നു സ്വയം മനസിലാക്കുകയുംചെയ്തു.


സിനിമയും മിമിക്രിയും

സിനിമയിലെ തിരുവനന്തപുരം ഭാഷയ്ക്ക് രണ്ടു രീതിയുണ്ടായിരുന്നു. ഒറിജിനലും ഹാസ്യം കയറ്റിയ മിമിക്രിയും. തിരുവനന്തപുരത്തിന്റെ തന്നെ മക്കളായ മോഹന്‍ലാലും ജഗതിയും ഒറിജിനല്‍ തിരുവനന്തപുരം ഭാഷ വളരെ തന്മയത്തോടെ അവതരിപ്പിക്കും. മോഹന്‍ലാലിന്റെ
തിരുവനന്തപുരം ആക്സന്റ് അദ്ദേഹത്തിന്റെ തന്നെ ഒരു പ്രത്യേകതയായി ചില രംഗങ്ങളില്‍ വന്നിട്ടുണ്ട്. തിരുവനന്തപുരം ഭാഷയുടെ താളമാണ് അതിന്റെ ആകര്‍ഷണം (പ്രശസ്തമായ ചില ഉദാ: 1. ചന്ദ്രലേഖയില്‍ കയര്‍കൊണ്ട് പാന്റ് കെട്ടിവച്ചിരിക്കുന്ന ശ്രീനിവാസനോട് “എന്തര്‍ടേയ് കൊല ഒറയിലിട്ട് വച്ചിരിക്കിണാ..” എന്നോ മറ്റോ ചോദിക്കുന്ന രംഗം, 2. തേന്മാവിന്‍ കൊമ്പത്ത് എന്ന സിനിമയില്‍ വഴിതെറ്റി ഭാഷയറിയാത്ത നാട്ടില്‍ ഒരു പീടിക മുറ്റത്ത് ഇരുന്നു അവിടുത്തെ ഭാഷ പറയുന്ന സ്ത്രീയോട് “വഴീ കുത്തിയിരിക്കാതെ എഴിച്ച് പോയീ അമ്മച്ചീ” എന്നു പറയുന്ന രംഗം.)

ജഗതി വളരെ രസകരമായി അവതരിപ്പിക്കാറുണ്ട് തിരുവനന്തപുരത്തിന്റെ ഭാഷ. ധിം തരികിട തോം എന്ന ചിത്രം തന്നെയാണ് ആദ്യം മനസിലെത്തുന്ന ഉദാഹരണം. അതില്‍ അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസാണ് “വോ തന്ന തന്ന“ പക്ഷേ രാജമാണിക്യത്തില്‍ കേട്ടത് ഇതിന്റെ മിമിക്രി വെര്‍ഷന്‍ ആണ്. അതിങ്ങനെ “ഓ തെന്നെ തെന്നെ”. തിരുവനന്തപുരത്തുകാര്‍ ഒരുപാട് “തന്നെ” ഉപയോഗിക്കാറുണ്ട്. “അതേ!“ എന്ന അര്‍ത്ഥത്തില്‍. പക്ഷെ ആരും “തെന്നെ” എന്നു പറയുന്നതു കേട്ടിട്ടില്ല.
മാട്ടുപ്പെട്ടി മച്ചാന്‍ എന്ന സിനിമ ഒരു തിരുവനന്തപുരം ഭാഷപ്പടം ആണ്. അതില്‍ ജഗതിയും ഒടുവില്‍ ഉണ്ണികൃഷ്ണനും ചെയ്ത കഥാപാത്രങ്ങള്‍ തിരുവനന്തപുരം ഭാഷയാണ് പറയുന്നത്. വര്‍ഷങ്ങളായി ആ നാടുവിട്ടിട്ട് എങ്കിലും ഭാഷയുടെ കാര്യത്തില്‍ ഇപ്പോഴും ഒരു തനി തിരുവനന്തപുരത്തുകാരനായ ഞാന്‍ പറയും, ജഗതി അവതരിപ്പിച്ചത് തിരുവനന്തപുരം ഭാഷയും ഒടുവില്‍ അവതരിപ്പിച്ചത് മിമിക്രി ഭാ‍ഷയും എന്ന്. കാരണം മിമിക്രിയില്‍ ഭാഷയെ അഭിനയിപ്പിച്ച് കടുപ്പിക്കേണ്ടിവരുന്നു. ആ കടുപ്പിക്കല്‍ ആണ് ഈ ഭാഷയെന്നു കേള്‍ക്കുമ്പോള്‍ മറുനാട്ടുകാരുടെ മുന്നില്‍ വളിപ്പ് ആക്കിയത്. ഒന്നു മറന്നു, മുകേഷ് കൊല്ലത്തുകാരനായിട്ടും നല്ല രീതിയില്‍ തിരുവനന്തപുരം ഭാഷ നന്നായി കൈകാര്യം ചെയ്യും.


സുരാജ് വെഞ്ഞാറമൂട് എന്ന മിമിക്രികലാകാരന്‍ ആണ് തിരുവനന്തപുരം ഭാഷയുടെ ലേറ്റസ്റ്റ് മിമിക്രി വെര്‍ഷന്‍ തയ്യാറാക്കിയിട്ടുള്ളത്. അദ്ദേഹത്തിന്റെ പ്രശസ്തമായ “എന്തരു പെണ്ണേ“ വിളി ശരിക്കും തിരുവനന്തപുരം വിളിതന്നെയാണ്. പക്ഷെ “എന്തരു പെണ്ണേ ചെല്ലക്കിളീ” എന്നുള്ള കലര്‍ത്തലില്‍ ജില്ലയിലെ ചില സ്ഥലങ്ങളുടെ ലോക്കല്‍ സ്ലാങുകള്‍ കയറുന്നു. സുരാജ് അവതരിപ്പിക്കുന്നത് ശരിക്കും ഉള്ള തിരുവനന്തപുരം ഭാഷയല്ല, ബാലരാമപുരവും അതുകഴിഞ്ഞ് പാറശ്ശാല വഴി തമിഴ് നാടിലേക്ക് ചേക്കേറുന്ന ഭാഷയാണ്. അദ്ദേഹത്തിന്റെ സംസാരത്തിലെ പകുതിയോളം രീതി ശരിക്കും ഉള്ള തിരുവനന്തപുരം സംസാരത്തില്‍ നില്‍ക്കുന്നു. ബാക്കി പകുതി ചിരിക്കാന്‍ വേണ്ടി കടുപ്പം കയറ്റിയ തിരോന്തരം വര്‍ത്താനങ്ങളും. സുരാജിന്റെ ഈ മിക്സ് കണ്ടിട്ടുള്ളതുകൊണ്ടാവും രാജമാണിക്യം കണ്ട തിരുവനന്തപുരത്തുകാര്‍ക്ക് തോന്നിയത് തിരുവനന്തപുരം ഭാഷ എന്നാല്‍ സുരാജിനെ അനുകരിക്കല്‍ ആണോ എന്ന്. (മമ്മൂട്ടി അതു വളരെ നന്നായിട്ട് തന്മയത്തോടുകൂടി ചെയ്തു എന്നതു സത്യം).

മിമിക്രിയിലും സിനിമയിലും തമാശക്കാര്‍ കേരളത്തിലെ ഓരോരോ ദേശത്തിലെ ഭാഷകളിലൂടെ തമാശകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷെ ഒരു ഭാഷ സംസാരിക്കുമ്പോള്‍‍ അതിലെ വാക്കുകള്‍ തന്നെ ഒരു തമാശയാകുന്നത് തിരുവനന്തപുരം ഭാഷയുടെ മാത്രം ശാപമാണ്.

സിനിമയിലും സീരിയലിലും സംസാരിക്കുന്ന ഭാഷയാണ് ശരിയായ ഭാഷ (ന്യൂട്രല്‍ ഭാഷ) എന്നൊരു വിശ്വാസം ജനങ്ങളില്‍ എങ്ങിനെയോ വന്നുപോയി. ഇത് കേരളം മുഴുവന്‍ അടിച്ചേല്‍പ്പിച്ച വിശ്വാസമായിപോയി. എല്ലാ പ്രാദേശിക ഭാഷകളും ഇതോര്‍ത്ത് വിഷമിക്കുന്നുണ്ടാവും.


സംസാരതാളവും സ്ലാങ്ങുകളും

തിരുവനന്തപുരം ഭാഷ, തൃശ്ശൂര്‍ ഭാഷപോലെയോ കോട്ടയം ഭാഷപോലെയോ കോഴിക്കോട് ഭാഷ പോലെയോ ഒന്നല്ല, സംസാരത്തിന്റെ താളത്തില്‍ അതു വിവിധ സ്ഥലങ്ങളില്‍ വ്യത്യാസപ്പെട്ട് കിടക്കുന്നു. ബാലരാമപുരത്തും (ബാലനാപുരം. അങ്ങനെയാണ് നാട്ടുകാര്‍ അധികവും പറയുക) നെയ്യാറ്റിന്‍ങ്കരയും(നെയ്യന്റുംങ്കര) സംസാരിക്കുന്ന ഭാഷയല്ല ആറ്റിങ്ങലും (ആറ്റിങ്ങ) വര്‍ക്കലയും സംസാരിക്കുക. നെടുമങ്ങാട്ടും (നെടുവങ്ങാട്) പാലോടും സംസാരിക്കുന്ന താളമല്ല മറ്റു സ്ഥലങ്ങളില്‍. അതായത് “ടേയ് എന്തരെടേയ്” എന്നതും “എന്തരു ചെല്ലക്കിളീ”, “എന്തരപ്പീ” എന്നതും “എന്തയ്‌ടേയ്” എന്നതും ഒക്കെ ഓരോരോ താളത്തില്‍ ഓരോരോ രിതിയായി പല സ്ഥലങ്ങളിലായ് സംസാരിക്കപ്പെടുന്നു. ആറ്റിങ്ങല്‍ കഴിഞ്ഞ് വര്‍ക്കല എത്തുമ്പോള്‍ അത് എന്തരെടേയുടേയും എന്തുവാടേയുടെയും ഒരു മിക്സ് ഭാഷയിലേക്ക് തിരിയുന്നു.

കലിപ്പുകള്‍! ഇത് ഒരു ഗുണ്ടാ സ്ലാങ്ങ് ആയിരുന്നു. തല്ലുപ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ അവര്‍ കൈമാറിയിരുന്ന കോഡ് ആയിരുന്നു പണ്ട് അത്. തിരുവനന്തപുരത്തെ ഗുണ്ടകളും അത്തരത്തിലെ സംഘങ്ങളും അവര്‍ക്കായി ഒരു നിഘണ്ടുതന്നെ ഉണ്ടാക്കി. കൈലാഞ്ചി (കത്തി), ടൂള്‍സ് (മാരകായുധങ്ങള്‍), പേല (പോലീസ്), വാപ്പിളാട്ടാതെ (വാചകം അടിക്കാതെ) മൊട (ജാഡ, അഹങ്കാരം) ഇത് തിരുവനന്തപുരത്തിന്റെ ഭാഷയായി മാറിയോ?


തിരുവനന്തപുരം ഭാഷയില്‍ തമിഴിന്റെ കടന്നുകയറ്റം അധികം ആണ്. തമിഴ് എന്നു പറയുമ്പോള്‍ നാഗര്‍കോവില്‍ / തക്കല തമിഴുകള്‍. പാറശ്ശാലക്കാര്‍ സംസാരിക്കുന്ന ഭാഷ ശരിക്കും തമിഴ് കയറിയ മലയാളത്തിന്റെ താളമാണ്. അതിന്റെ താളം തലസ്ഥാന നഗരത്തിനു പലപ്പോഴും അപരിചിതമാണ്. പക്ഷെ അത് പാലക്കാടുകാര്‍ സംസാരിക്കുന്ന പോലെയുള്ള വാക്കുകളോ താളമോ അല്ല. രണ്ടു അതിര്‍ത്തിയിലേയും തമിഴിന്റെ വ്യത്യാസമാണത്.

അണ്ണാ, അക്കാ, മാമാ, വലിയപ്പാ, ചിറ്റപ്പാ, മാമാ, മാമി, മയിനി, പെണ്ടാട്ടി (പൊണ്ടാട്ടി), ചെല്ലാ എന്നുള്ള അഭിസംബോധനകളും, അത്തരത്തില്‍ അതിര്‍ത്തികടന്നു കയറിയവയാണ്. അതുപോലെ തന്നെ ഇംഗ്ലീഷ് പ്രയോഗങ്ങളായ ക്ലാക്ക് (ക്ലോക്ക്), ബാട്ടില്‍ (ബോട്ടില്‍), കാട്ടര്‍ (ക്വാട്ടര്‍) , കാര്‍ക്ക് (കോര്‍ക്ക്) എന്നിവയിലും വ്യക്തമായ തമിഴ്‌പേച്ചിന്റെ സാന്നിദ്ധ്യം കൂടുതലാണ്. (പുതിയ തലമുറ തമിഴറുത്ത് മൊഴിമാറ്റിയാണ് സംസാരിക്കാറുള്ളത് എന്നുള്ളതും ശ്രദ്ധേയം).
പക്ഷെ ചില വാക്കുകളുടെ വന്ന വഴി എനിക്കിപ്പോഴും ഒരുപിടിയും കിട്ടാറില്ല. പിതുക്കി (അമര്‍ത്തി), ബോഞ്ചി (നാരങ്ങാവെള്ളം), അയ്യം (മോശം), തോനെ (ഒരുപാട്) തുടങ്ങി ഒരുപാടു വാക്കുകള്‍ ഉദാഹരണമായി പറയാം. ചിലതൊക്കെ ഇവിടെ


യകാരവും ബഹുവചനവും

ഇവ രണ്ടും നാട്ടിന്‍പുറങ്ങളിലെ സംസാരഭാഷയില്‍ ഒരുപാട് കടന്നുകയറാറുണ്ട്. വാക്കുകളില്‍ യകാരം ഞങ്ങളുടെ രീതിയായിരുന്നു. പേടി പ്യാടിയാകുന്നതും, വേളി വ്യാളിയാകുന്നതും, ദേവി ദ്യാവിയാകുന്നതും ഒക്കെ ഈ ഭാഷയില്‍ ഉണ്ടായിരുന്നു. അതെല്ലാം ഓരോ വാക്കിനും അമിതമായി കൊടുക്കുന്ന സ്ട്രസ്സ് ചെയ്യല്‍ ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.

വെള്ളങ്ങള്‍, ചായകള്‍, പൈസകള്‍ എന്നിങ്ങനെ ബഹുവചനങ്ങള്‍ ഉപയോഗിക്കുന്നത് ഒരു ആഡംഭരം പോലെയാണ്. “ചായകളൊക്കെ കുടിച്ചാ?” എന്നൊരാള്‍ ചോദിക്കുന്നത് ഒരു അമിതസന്തോഷത്തോടെയായിരിക്കും. മറിച്ച് ചായകുടിക്കാത്ത ദുഃഖിച്ചിരിക്കുന്ന ഒരാള്‍ ഒരിക്കലും “ചായകളൊന്നും കുടിച്ചില്ല“ എന്നു പറയില്ല. പകരം “വൊരു ചായപോലും കുടിച്ചില്ല” എന്നേ പറയു. അതാണ് “കള്‍” ന്റെ പിന്നിലെ സൈക്കോളജി.


നെയ്യാറ്റിന്‍കര, വാമനാപുരം, നെടുമങ്ങാട്, ആറ്റിങ്ങല്‍, പാലോട്, ബാലരാമപുരം, നെയ്യാറ്റിന്‍‌കര എന്നിങ്ങനെ നാനദേശത്തുനിന്നും വരുന്നവരുടെയും മറ്റു ജില്ലാക്കാരുടെയും കടുത്ത ഒരു സംഗമം ആണ് തലസ്ഥാനനഗരിയില്‍. അതുകൊണ്ടുതന്നെ അവിടെ ഒരു മിക്സ് ഭാഷ (തിരുവനന്തപുരം ഭാഷയല്ലാത്തതും ചേര്‍ത്ത്) സംസാരിക്കുന്നു. പക്ഷെ അതൊന്നും കേട്ട് തിരുവനന്തപുരത്തുകാര്‍ ചിരിക്കാറില്ല. കാരണം അവര്‍ക്ക് അത് മിമിക്രിയല്ല.

ഈ ഭാഷയെ കുറിച്ചുപറഞ്ഞാല്‍ ഒരുപാടു പറയേണ്ടിവരും. ഈ എഴുതിയതൊന്നും ജന്മനാടിന്റെ ഭാഷയോടുള്ള സ്നേഹം അല്ല. ഒരു ഭാഷ പരിഹാസം ആയിപോകുന്നതിലുള്ള വിഷമം മാത്രമാണ്.


വോ എന്തരോ ആവട്ട്! ഭാഷകള് എന്തരായാലും കാരിയങ്ങള്‍ നടന്നാപ്പോരീ..?

ചിരിക്കരുത്. “എന്താ” എന്ന ചോദ്യത്തിന്റെ തിരുവനന്തപുരം ദേശഭാഷയാണ് “എന്തരോ”. അതു തന്നെയാ‍ണ് “എന്തൂട്ടാ” ആയും “എന്നതാ” ആയും “എന്തുവാ” ആയും മറ്റു ദേശക്കാര്‍
സംസാരിക്കുന്നത്. അതില്‍ “എന്തരോ” മാത്രം അമിതമായ പരിഹാസം ഉണര്‍ത്തുന്നു എങ്കില്‍ ആ വാക്കിനു എന്തോ കുഴപ്പമുണ്ട്. തിരുവനന്തപുരത്തുകാരന്‍ തൃശ്ശൂരില്‍ (തൃശ്ശൂര്‍ എന്നത് വെറും ഉദാഹരണമാണ്. മറ്റു ജില്ലലുള്ളവര്‍ എന്ന് വായിക്കുക) ജീവിക്കാനായി എത്തിപ്പെട്ടാല്‍‍ കഷ്ടപ്പെട്ട് ആ ഭാഷ ആത്മാര്‍ത്ഥതയോടെ പറയാനും പഠിക്കാനും ശ്രമിക്കും (കളിയാക്കല്‍ ഭയന്നിട്ടാവും). പക്ഷെ തൃശ്ശൂര്‍കാര്‍ അധികവും തിരുവനന്തപുരത്തുവന്നാല്‍ തിരുവനന്തപുരം ഭാഷ തമാശയിലൂടെയല്ലാതെ സംസാരിക്കാറില്ല. തൃശ്ശൂര്‍ ഭാഷ സംസാരിച്ചാ‍ല്‍ ആരും ചിരിക്കാറും ഇല്ല. പകരം ആ ഭാഷയോടുള്ള
ബഹുമാനത്തോടെ ഇവിടുത്തെ പാവങ്ങള്‍ നോക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.

കൂട്ടരെ ഇത് ഞങ്ങള്‍ പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന ഭാഷയാണ്. പകര്‍ന്നുകിട്ടിയ പേച്ച്. ഞങ്ങളുടെ ഭാഷാ സംസ്കാരവും. ഇതില്‍ എവിടെയാണ് ചിരിക്കുള്ള വക ഞങ്ങള്‍ ഒളിച്ചുവച്ചിട്ടുള്ളത്? ഇതില്‍ എന്താണ് തമാശ? ഒന്നു പറഞ്ഞുതരുമോ?

Saturday, March 04, 2006

'നമ്മള' നിഘണ്ടു

നെടുമങ്ങാട്ടുള്ളവര്‍ ഉപയോഗിച്ചിരുന്ന/ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വാക്കുകളും പ്രയോഗങ്ങളും. Link to SpreadSheet