Friday, April 21, 2006

ബീ പ്രിപ്പേര്‍ഡ്

പരേഡ് ഉള്ള ദിവസങ്ങളില്‍ എന്‍സീസി കുട്ടികളുടെ എടുപ്പും നടപ്പും പത്രാസുമൊക്കെ ഒന്നു കാണേണ്ടതുതന്നെ.മറ്റുദിവസങ്ങളില്‍ ചെരുപ്പിട്ടു നടക്കാത്തവര്‍ പോലും അന്ന് ബൂട്ടിട്ട് ചരല്‍‌വഴികളില്‍ കിര്കിര് ഒച്ച കേള്‍പ്പിച്ചു ചെത്തും.

സത്യമാണോന്നറിയില്ല, പരേഡ് ദിവസങ്ങളില്‍ കിട്ടുന്ന, കോവാലയണ്ണന്റെ കടയിലെ ഇഡ്ഡലിയാണ് ചിലരെയെങ്കിലും എന്‍സീസിയിലേയ്ക്ക് ആകര്‍ഷിച്ചിരുന്നത്.

എന്തായാലും എന്‍സീസിയില്‍ എടുക്കപ്പെടാന്‍ വേണ്ട ശാരീരികക്ഷമത അന്ന് ഇല്ലാതിരുന്നതിനാല്‍ - ഇന്നുണ്ടോ?- ഇതൊക്കെ വെറും ഷോ എന്നു തള്ളിക്കളയാനായിരുന്നു ഞങ്ങളില്‍ ചില പിള്ളാരുടെ തീരുമാനം. എട്ടാം ക്ലാസില്‍ അങ്ങനെയൊക്കെ കരുതി കഴിച്ചുകൂട്ടിയെങ്കിലും അടുത്ത വര്‍ഷമായപ്പോഴേയ്ക്കും ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന സാലി സാര്‍ സ്കൌട്ടിന്റെ ചാര്‍ജ്ജെടുത്ത് ഞങ്ങളെയും കാന്‍‌വാസ് ചെയ്യാനെത്തി. എന്‍സീസി പോലെ യൂണിഫോമാദി കാര്യങ്ങള്‍ ഇതിന് സര്‍ക്കാര്‍ തരില്ല എന്നറിയാത്ത ഞങ്ങള്‍ ശിശുക്കള്‍ സന്തോഷത്തോടെ ലിസ്റ്റില്‍ കയറി. പിറ്റേന്നു മുതല്‍ കാര്യങ്ങള്‍ ഓരോന്നായി അറിഞ്ഞുവന്നപ്പോഴേയ്ക്കും ഒരു പിന്മാറ്റത്തിനുള്ള സ്കോപ്പില്ലാതെയായി.

ഒരു തരത്തിലെ ആനുകൂല്യങ്ങളും ഇല്ല എന്നു മാത്രമല്ല ഗ്ലാമറസ് ആയിട്ടുള്ള ആക്റ്റിവിറ്റികള്‍ ഒന്നുപോലും ഇതിലില്ല. ലോഡ് ബേഡന്‍ പവല്‍, മാഡം, ബീ പ്രിപ്പേര്‍ഡ്, റീഫ് നോട്ട്, സ്ക്വയര്‍ നോട്ട്, ബോലൈന്‍, പ്രസിഡന്റ് സ്കൌട്ട് അങ്ങനെ കുറേ വാക്കുകള്‍ പുതുതായി കേട്ടു.
എന്‍സീസിയില്‍ അലറി വിളിച്ചു കേള്‍ക്കാറുള്ള മുദ്രാവാക്യങ്ങളുടെ സ്ഥാനത്ത് ഞങ്ങള്‍ക്ക് ‘അലെര്‍ട്ട്, സ്റ്റാന്‍ഡറ്റീസ്’ എന്നിങ്ങനെ ഉയിരില്ലാത്ത ചില മന്ത്രങ്ങള്‍. ലാഡമൊന്നും വയ്ക്കാത്ത സാധാ ഷൂസിട്ടു നടന്നാല്‍ ഹവായ് ചപ്പലിന്റെയത്ര ഒച്ച പോലുമില്ല.

എങ്കിലും ഒരു കാര്യത്തില്‍ സമാധാനമുണ്ടായിരുന്നു. തോക്കെടുത്തുള്ള തീക്കളി ഇതിലില്ല; കൌതുകകരമായ മറ്റുചില സംഭവങ്ങള്‍ ഉണ്ടുതാനും. മാപ്പുവരച്ച് കോമ്പസ് വച്ചു ദിക്കൊക്കെ കണ്ടുപിടിച്ച് യാത്രചെയ്യാനുള്ള പരിശീലനം അതിലൊന്നായിരുന്നു. അതില്‍ എല്ലാവരും
മിടുമിടുക്കന്മാരായിത്തീര്‍ന്നു എന്നു പറഞ്ഞാല്‍ ഞങ്ങളുടെ ബുദ്ധിശക്തി എത്രയുണ്ടെന്നു മനസിലാക്കാം.


വര്‍ഷാവസാനം പൊന്മുടിയില്‍ ഒരാഴ്ച വിപുലമായ ഒരു ക്യാമ്പുണ്ടാവുമെന്നും അതിനുമുമ്പ് നെടുമങ്ങാട് താലൂക്കില്‍ പല ഹൈക്കുകള്‍ നടത്തുമെന്നും അറിയിപ്പുകിട്ടി. ഹൈക്കിന്റെ വിശദ വിവരങ്ങള്‍ സാറ് തികച്ചും രഹസ്യമായി സൂക്ഷിച്ചു. എവിടെ നിന്നു തുടങ്ങുന്നു എവിടെ അവസാനിക്കുന്നു എന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് ഒരൂഹത്തിനുള്ള ചാന്‍സ് പോലും തന്നില്ല. ഇത്രയൊക്കെ പരിശീലനം കിട്ടിയതല്ലേ. പോരെങ്കില്‍ സ്വന്തം നാട്ടിലല്ലേ. ഒരു കൈ നോക്കാമെന്നുതന്നെ കരുതി. ഒന്നു മാത്രം സാര്‍ പറഞ്ഞു. വൈകുന്നേരം ഞങ്ങള്‍ ലക്ഷ്യത്തിലെത്തിയാല്‍ ടെന്റ് കെട്ടി ആഹാരം പാകം ചെയ്തു വിശ്രമിക്കാനുള്ള സ്ഥലമൊക്കെ നാട്ടുകാരില്‍ ചിലരുടെ സഹായത്തോടെ സാറു റെഡിയാക്കിയിട്ടുണ്ട്.


അങ്ങനെ ഒരു ശനിയാഴ്ച ഉച്ചനേരത്ത് എല്ലാവരും തയാറായി സ്കൂളിലെത്തി. അധികം വൈകാതെ സാറിന്റെ റാലീസൈക്കിള്‍ പാഞ്ഞെത്തി. ഓരോ പട്രോള്‍ ലീഡറുടെയും കൈയില്‍ ഓരോ മാപ്പ് കൊടുത്തു. റാലി പാഞ്ഞു പോയി. മാപ്പുനോക്കിയ ഞങ്ങള്‍ ആനന്ദാതിരേകത്താല്‍ വലഞ്ഞുപോയി.

മഞ്ചറോഡു വഴി ജൂനിയര്‍ ടെക്നിക്കല്‍ സ്കൂള്‍ വരെയുള്ള വഴി ഒരു നിമിഷത്തിനകം ഞങ്ങള്‍ കണ്ടുപിടിച്ചു, അടുത്തനിമിഷത്തില്‍ കാല്‍നടയായി അങ്ങോട്ടേയ്ക്കു വച്ചുപിടിച്ചു.
ആറര മണിയ്ക്കാണ് അന്തിമലക്ഷ്യത്തില്‍ എത്തിച്ചേരേണ്ട ഡെഡ് ലൈന്‍. ജെ.റ്റി.എസില്‍ എത്തി അധികം കഴിയുന്നതിനുമുമ്പ് സാറെത്തി, അടുത്ത മാപ്പ് തന്നു. എല്ലാവര്‍ക്കും ഇടംകൈ തന്നു. അഭിനന്ദിച്ചു. വളരെ തൃപ്തനായതുകൊണ്ടാവും മൂന്നാമത്തെയും അവസാനത്തേതുമായ മാപ്പും
ഓരോ കവറിലിട്ട് തന്നിട്ടു സാറു പോയി. രണ്ടാമത്തെ മാപ്പിലെ ലക്ഷ്യം കണ്ടിട്ടേ അതു തുറക്കാവൂ എന്ന വാണിംഗും തന്നു.രണ്ടാമത്തെ മാപ്പും ഞങ്ങള്‍ക്ക് ചീളുകേസായിത്തന്നെ തോന്നി. എന്നാല്‍പ്പിന്നെ മൂന്നാമത്തേതും തുറന്ന് ഫൈനല്‍ ഡെസ്റ്റിനേഷന്‍
ഒന്നറിഞ്ഞിട്ടുതന്നെ കാര്യം. യാതൊരു പ്രയാസവും കൂടാതെ, കഴിയുന്നത്ര ഷോര്‍ട്‌കട്ടുകള്‍ ഉപയോഗിച്ച് അങ്ങെത്താമല്ലോ.തുറന്നു. സാറിന്റെ ബുദ്ധിയില്ലായ്മയില്‍ ഞങ്ങള്‍ക്ക് ലജ്ജ തോന്നിയ നിമിഷമായിരുന്നു അത്. അത്ര ദൂരത്തല്ലാതെ കിടക്കുന്ന അരുവിക്കരയാണല്ലോ സാര്‍ തെരഞ്ഞെടുത്തത്. ജലാശയത്തിന്റെ സൂചന പടത്തില്‍ കണ്ടപാടെ എല്ലാവരുടെയും രോമാഞ്ചകുഞ്ചന്മാരായി. വെള്ളിയാഴ്ചകളിലെ നീണ്ട ഉച്ചയൊഴിവിന് വാടക സൈക്കിളെടുത്ത് ഞങ്ങള്‍ പോയ്‌വരാറുള്ള ലോക്കല്‍ ടൂറിസ്റ്റ് പായിന്റ് കം കുടിവെള്ളസ്രോതസ് ഓഫ് തിരുവനന്തപുരം സിറ്റി.


സ്ഥലം കണ്ടുപിടിച്ചുവെങ്കിലും വെപ്രാളപ്പെട്ട് അവിടെ എത്തിച്ചേരേണ്ട ആവശ്യമില്ലെന്നുകണ്ട് ഞങ്ങള്‍ വിധിപ്രകാരമുള്ള രീതി തന്നെ അവലംബിച്ചായിരുന്നു അവിടന്നങ്ങോട്ടുള്ള യാത്ര. മാപ്പു പ്രകാരമുള്ള പാലങ്ങള്‍, പാടശേഖരങ്ങള്‍, പാതകള്‍ ഒക്കെ വലിയ തെറ്റില്ലാതെ ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു. പിന്നെ കണ്ടെത്താന്‍ കഴിഞ്ഞ വിവരം സാറ് ഞങ്ങളെ വളരെയധികം ചുറ്റിച്ചാണ് ലക്ഷ്യത്തിലെത്തിയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നതായിരുന്നു. അതൊരു വെല്ലുവിളിയായെടുത്തു തന്നെ ഞങ്ങളും നീങ്ങി. ഞങ്ങളറിയാതെയെന്നവണ്ണം സമയവും
ഇതിനകം വളരെയധികം നീങ്ങിയിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ നില്‍ക്കുന്നത് ഒരു വലിയ മടവയുടെ (മുറിഞ്ഞുപോയ പാടവരമ്പ്) ഇങ്ങേക്കരയിലാണ്. ഒറ്റച്ചാട്ടത്തിന് അതു കടക്കാന്‍ കഴിയുന്ന ആരും കൂട്ടത്തിലില്ല. ഏറ്റവും ഉയരമുള്ള രാധാകൃഷ്ണന്‍ പായ്ക്കുകളെല്ലാം രണ്ടുമൂന്നു ട്രിപ്പായി അക്കരെയെത്തിച്ചു. പിന്നെ ഓരോരുത്തരെയും പിടിച്ചുനടത്തിയും.


മാപ്പെടുത്തുനിവര്‍ത്തി. അടുത്ത ലാന്‍ഡ്‌മാര്‍ക്ക് എവിടെയാവുമെന്നു തപ്പി. ആകെ ഒരു കണ്‍ഫ്യൂഷന്‍. ഞങ്ങള്‍ ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലം പോലും മാപ്പിലെവിടെയാണെന്നു കണ്ടുപിടിക്കാന്‍ പട്രോള്‍ ലീഡര്‍മാര്‍ക്കുപോലും കഴിയാതെയായി എന്നു പറഞ്ഞാല്‍ മതിയല്ലോ. പോരെങ്കില്‍ ഫൈനല്‍ ഡെസ്റ്റിനേഷനില്‍ എത്താനുള്ള സമയമായി വരുന്നു. ഏതായാലും അരുവിക്കര അല്ല സാറുദ്ദേശിച്ചിരുന്നതെന്ന മഹത്തായ ഒരു കണ്ടുപിടിത്തം വൈകിയ വേളയില്‍ ഏതോ ഒരു പട്രോള്‍ സെക്കന്റ് കണ്ടുപിടിച്ചു. മിടുക്കന്‍. ജലാശയമെന്നു സ്ഥലജലഭ്രാന്തിയില്‍ ഞങ്ങള്‍ക്കു തോന്നിയത് അരുവിക്കര ഡാമായിരുന്നില്ല. വേറേതോ സ്ഥലത്തുള്ള ഒരു വലിയ കുളമായിരുന്നു അത്.ഹൈക്ക് ആകെ കുളമായെന്ന സത്യം ഓരോരുത്തരുടെയും മനസില്‍ ഇടവേളയിലെ പരസ്യസ്ലൈഡ് പോലെ തെളിഞ്ഞുവരവേ മടവയുടെ അങ്ങേക്കരയില്‍ റാലീ സൈക്കിളിന്റെ ബെല്‍; ഇടവേള തീരുമ്പോള്‍ തിയറ്ററില്‍ അടിക്കുന്നപോലെ തന്നെ അതും.


സാറെന്താണ് അവിടെ നിന്നു പറഞ്ഞതെന്നോ അതു പറഞ്ഞു തീര്‍ന്നെന്നോ ഞങ്ങള്‍ക്കു മനസിലായില്ല. ഒരദ്ധ്യാപകന്‍ തന്റെ അരുമകളോട് പറയാന്‍ മടിക്കുന്ന വാക്കുകളില്‍ ചിലതൊക്കെ സാര്‍ പ്രയോഗിച്ചിരുന്നു എന്ന് ഞങ്ങള്‍ക്ക് പിന്നീടാണ് മനസിലായത്.ഏതായാലും നിമിഷാര്‍ദ്ധത്തില്‍ പരസഹായം കൂടാതെ ഞങ്ങളെല്ലാം മടവ ചാടി മറുകര പൂകി.ആ സാഹസം കണ്ടാവും സാര്‍ അല്‍പ്പം തണുത്തിരുന്നു.


മൂന്നു മാപ്പിന്റെയും കോപ്പികള്‍ വരമ്പത്തു നിരത്തിവച്ച് മങ്ങിയവെളിച്ചത്തില്‍ സാര്‍ ഞങ്ങള്‍ക്ക് വഴി പറഞ്ഞുതന്നു. ജെറ്റിയെസ് വരെ മാത്രമേ ഞങ്ങള്‍ അതനുസരിച്ചുള്ള വഴിയ്ക്കു നീങ്ങിരുന്നുള്ളൂ എന്ന സത്യം സാര്‍ ഞങ്ങള്‍ക്കൊരു വെളുപാടുപോലെ തന്നു.

അതിന്റെ തേജസില്‍ വിളറിയ ഞങ്ങള്‍ ചോദിച്ചു, “അപ്പഴീ കൊളം എവിടെയാണു സാറേ, ജലാശയം...?”


“കൊളം! എന്നെക്കൊണ്ടൊന്നും പറയിക്കണ്ട. എടാ അതു കൊളമൊന്നുമല്ല, ആനന്ദപുരം സ്കൂളിന്റെ മുന്നിലെ വയലീന്ന് കട്ടയ്ക്കു മണ്ണെടുത്ത വെള്ളക്കെട്ടാണ്” “അവിടന്ന് ഒന്നൊന്നരക്കിലോമീറ്റര്‍ നടന്ന് തിരിച്ചിട്ടപ്പാറേടെ അടുത്ത് നിങ്ങളെത്തുന്നതും കാത്തിരുന്ന എന്നെ പറഞ്ഞാല്‍ മതിയല്ലോ. ഏതായാലും ഇന്നിനി അവിടെയെത്താന്‍ പറ്റില്ല. നീയൊക്കെ ഇന്ന് സ്കൂളില്‍ കിടന്നുറങ്ങിയ്ക്കോ. വെളുപ്പിന് അവനോന്റെ വീട്ടില്‍ പൊയ്കോ”


അരുവിക്കര എവിടെക്കിടക്കുന്നു, തിരിച്ചിട്ടപ്പാറ എവിടെ. എവിടെയാണാവോ ഞങ്ങള്‍ക്ക് തെറ്റിയത്.

------EARLIER COMMENTS-------

At 21/4/06 00:11, നളന്‍ ഇങ്ങനെ പരാമർശിച്ചു...
ഇഡ്ഡലിയായിരുന്നോ അവിടൊക്കെ, മോശം..

ഇങ്ങോട്ടൊക്കെ പൊറോട്ടയും ബീഫുമായിരുന്നില്ലേ!..

കുറേ എന്‍സീസി ഓര്‍മ്മകളയവിറക്കി. വെള്ള യൂണിഫോമുമിട്ട് തണ്ടുപിടിച്ചു അഷ്ടമുടിക്കായലിലൂടെ..നൊവാള്‍ജിയ! നൊവാള്‍ജിയ!


At 21/4/06 06:11, Umesh P Nair ഇങ്ങനെ പരാമർശിച്ചു...
ഓ സ്കൌട്ട്!

Promise, law, motto, sign, salute, left hand shake and badge എന്നീ നിയമസംഹിതകളുള്ള സ്കൌട്ട്...

On my honour I promise that I will do my best to do my duty to God... എന്നു തുടങ്ങുന്ന promise...

സ്കൌട്ടിന്റെ പത്തു ഗുണങ്ങള്‍ പറയുന്ന law...

“ദയാകര്‍ ദാനഭക്തീ കാ...” എന്നു തുടങ്ങുന്ന പ്രെയര്‍ സോംഗ്...“ഭാരത് സ്കൌട്ട് ഗൈഡ് ഝണ്ഡാ ഊംചാ സദാ രഹേഗാ..” എന്നു തുടങ്ങുന്ന ഫ്ലാഗ് സോംഗ്...ആണ്‍കെട്ടു്, തൈരുപാളക്കെട്ടു്, ജീവരക്ഷക്കെട്ടു്, തൊട്ടില്‍ക്കെട്ടു്, ചൂണ്ടക്കെട്ടു്, ചുരുക്കിക്കെട്ടു് തുടങ്ങിയ കെട്ടുകള്‍...

ടെണ്ടര്‍ ഫൂട്, സെക്കന്റ് ക്ലാസ്സ്, ഫസ്റ്റ് ക്ലാസ് തുടങ്ങി പ്രസിഡന്‍സി വരെയുള്ളതും പിന്നെ സരിഗമ, പ്രോഫിഷന്‍സി തുടങ്ങിയവ അടങ്ങിയതുമായ ബാഡ്‌ജുകള്‍...

“മുറിവുകളും പോറലുകളും” എന്നതില്‍ തുടങ്ങി എല്ലാ പ്രഥമശുശ്രൂഷകളും വിവരിക്കുന്ന നോട്ടുകള്‍...“ഠോ, ഠോ, ഠൊഠോഠോ..” എന്നു മൂന്നുതവണ ആവര്‍ത്തിക്കുന്ന കയ്യടി...

ഇടത്തുകൈ കൊണ്ടുള്ള ഹസ്തദാനം...

ക്യാമ്പ്, ക്യാമ്പ് ഫയര്‍...

ചുവപ്പും നീലയും നിറമുള്ള സ്കാര്‍ഫ്...

അങ്ങനെയങ്ങനെ...

നൊസ്റ്റാള്‍ജിയ, നോവാള്‍ജിയ...

എനിക്കെന്റെ സ്കൂളില്‍ പോണേ...

Thursday, April 20, 2006

തിരിച്ചിട്ടപ്പാറ.


നെടുമങ്ങാട് ടൌണില്‍ നിന്ന് ഏകദേശം അഞ്ചുകിലോമീറ്റര്‍ ദൂരത്താണ് തിരിച്ചിട്ടപ്പാറ.

തിരിച്ചിട്ടു എന്നുതന്നെയാണ് അമ്മുമ്മക്കഥയുടെ പുരാണത്തില്‍.
രാമരാവണയുദ്ധസമയത്ത്, ഇന്ദ്രജിത്തിന്റെ ബ്രഹ്മാസ്ത്രത്തില്‍ ലക്ഷ്മണന്‍ പോര്‍ക്കളത്തില്‍ വീണപ്പോള്‍ ശ്രീമാന്‍ ഹനുമാന്‍ മരുത്വാമല തപ്പി ഈ ലോകം മുഴുവനും പറന്നു നടന്നു. പുള്ളിക്കാരന്‍ കണ്ടതും കയ്യില്‍ കിട്ടിയതുമായ മലകളൊക്കെ സംശയത്തിന്റെ പേരില്‍ നുള്ളിയെടുത്തു കൊണ്ട് പോയി. അങ്ങനെ പൊക്കിയെടുത്തുകൊണ്ട് പോയതാണത്രേ മേല്‍പ്പറഞ്ഞ പാറയും.
ഇതും ഉള്ളം കയ്യില്‍ താങ്ങിപ്പിടിച്ച് പറന്ന് യുദ്ധഭൂവിലെത്തിയ ഹനുമാനോട്, വിഭീഷണന്‍ അലറി,
“ഹനുമാന്‍, എന്താണിത്? കണ്ണില്‍ കണ്ട പാറയൊക്കെ എടുത്തുകൊണ്ട് വരുന്നത്? ഇതിനെ തിരിച്ചുകൊണ്ടുപോയി നാട്ടിലാക്കു.“

അങ്ങനെ ആഞ്ജനേയന്‍ തിരിച്ചുകൊണ്ടുവന്നിട്ട പാറയാണ്, തിരിച്ചിട്ട പാറ. അമ്മുമ്മ പറഞ്ഞുനിര്‍ത്തി, എന്നിട്ട് തലയിലെ നരച്ചമുടിയിഴകളുടെ ഇടയിലുള്ള മുഴയില്‍ വിരല്‍ തടവി.

വാക്‌മൊഴിയുടെ നിരന്തരമായ തള്ളലില്‍ വാക്കുകള്‍ കൂടിചേര്‍ന്ന് തിരിച്ചിട്ടപ്പാറയായി. ഒരു നിയോഗം പോലെ പുരാണത്തിലൂന്നി ഞങ്ങളുടെ നാട്ടിലെ വെറും പാറ, തിരിച്ചിട്ടപ്പാറയായി.
മയ്യഴിയിലെ “ആടിനെ പോറ്റുന്ന ചാത്തു“ തന്റെ പുന്നാരമകന്‍ ഫ്രാന്‍സില്‍ നിന്നും വന്ന് ആടിനെ വിറ്റപ്പോള്‍ “ആടിനെ പോറ്റാത്ത ചാത്തു“ ആയപോലെ.


ഈ പാറയുടെ അടിവാരത്തില്‍ ഒരു ശിവക്ഷേത്രം ഉണ്ട്. ഒരു താഴ്വാരത്തിലെ ക്ഷേത്രത്തിന്റെ എല്ലാ ഭംഗികളും ചേര്‍ത്തുവരച്ചപോലെ.
അവിടെ കല്ലില്‍ കൊത്തിയ, കഴുത്തില്‍ മണികെട്ടിയ ഒരുപാട് കുഞ്ഞിക്കാളകള്‍ ഉണ്ട്. ആള്‍ക്കാര്‍ നേര്‍ച്ചയായി കൊണ്ടുവച്ചാതാവാം അത്.


വേറൊരു ഐതീഹ്യത്തിന്റെ വേലിക്കെട്ടിനുള്ളില്‍, അമ്പലം പണ്ട് പാറയുടെ മുകളില്‍ ആയിരുന്നു.
എന്നും അമ്പലം അടിച്ചുവാരാന്‍ മലകയറി പോകുമായിരുന്നു ഒരു സ്ത്രീ. അവര്‍ക്ക് തീരെ സുഖമില്ലാതിരുന്ന ഒരു രാത്രിയില്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു,
“ശിവനേ, എന്നക്കൊണ്ട് വയ്യ ശിവനേ, നാളെ ന്യാരം വെള്ക്ക്മ്പം ആ പാറേലൂടെ ക്യാറാന്‍”
നേരം പുലര്‍ന്നപ്പോള്‍, അടിവാരത്തിലെത്തിയ അവരുടെ കണ്ണില്‍ പരമമായ ദൈവത്തിന്റെ കനിവ് പൂത്തുവിരിഞ്ഞു.
അമ്പലം പാറയുടെ താഴെ എത്തിയിരിക്കുന്നു. ഓം ശിവായ! കനിവായ!.


പണ്ട് പാറയുടെ മുകളില്‍ ഉണ്ടായിരുന്നത് ചില “സാമി’മാരുടെ ആശ്രമവും, സാമിമാരും, പിന്നെ എണ്ണിയാലൊടുങ്ങാത്ത കുരങ്ങന്മാരും, കാറ്റത്തു പൊഴിയുന്ന നെല്ലിക്കകളും മാത്രം.
അവിടെ നിന്ന് തെക്ക് പടിഞ്ഞാറ് (ദിക്ക് ശരിയല്ലേ?) നോക്കിയാല്‍ ശംഖുംമുഖം കടപ്പുറവും ദൂരദര്‍ശന്റെ ടവറും കാണാം. കാശുചെലവില്ലാത്ത ഒരു തിര്വന്തരം കാഴ്ച.
ഞങ്ങളൊക്കെ ആദ്യമായി സിഗരറ്റ് വലിക്കാന്‍ അഞ്ചുകിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി ഇവിടെയെത്തി, താഴ്വാരത്തില്‍ സൈക്കിള്‍ പൂട്ടിവച്ച്, കഷ്ടപ്പെട്ട് ഇതിന്റെ മുകളില്‍ വലിഞ്ഞു കയറുമായിരുന്നു.
പാറമുകളില്‍ എത്തിയാല്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍ മനോഹരയണ്ണന്റെ കടയില്‍ നിന്നും ആരുംകാണാതെ വാങ്ങിസൂക്ഷിച്ച ചാംസ് സിഗരറ്റ് ഓരരുത്തരായി പുറത്തെടുക്കും. ചെറുപ്പത്തിന്റെ ആദ്യപുക ആവേശത്തോടെ സൂര്യനെനോക്കി ഊതും.
സഹ്യന്റെ മലനിരകള്‍ ചുറ്റി നെടുമങ്ങാട് നഗരസഭ തൊടാതെ വരുന്ന കാറ്റില്‍ ആ പുക പടിഞ്ഞാറേക്ക് പോകും.


തന്നിലും തനിക്കു ചുറ്റും നടക്കുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും തിരിച്ചറിയുവാനുമാകാതെ തിരിച്ചിട്ടപ്പാറ, നെടുമങ്ങാട് പട്ടണത്തിന്റെ അതിരുകാക്കുന്നു.
ഇന്ന് പാറയുടെ പിന്നിലൂടെ കയറാവുന്ന രീതിയില്‍ ഒരു പുതിയ ആഞ്ജനേയ ക്ഷേത്രം ഉണ്ട്.
മറ്റൊരുവശത്തുകൂടെ പുരോഗതിയുടെ റബ്ബര്‍ കാട് മലകയറിവരുന്നു.
പാറ എല്ലം കണ്ടുകൊണ്ടിരിക്കുന്നു.

മറ്റൊരു ഹനുമാന്‍ വഴിതെറ്റിവരുന്നതും കാത്ത്.

Monday, April 10, 2006

ഹൌവൈ വണ്ടാ വാട്ട്യു വാര്‍!

"ടിങ്കിള്‍ ടിങ്കിള്‍ ലിറ്റിസ്റ്റാര്‍
ഹൌവൈ വണ്ടാ വാട്ട്യു വാര്‍"
ശാരദചേച്ചി പാടി.

"ടിങ്കിള്‍ ടിങ്കിള്‍ ലിറ്റിസ്റ്റാര്‍
ഹൌവൈ വണ്ടാ വാട്ട്യു വാര്‍"
കുഞ്ഞുങ്ങള്‍ ചേര്‍ന്നു പാടി.
അതില്‍ ചിലര്‍ ചുമച്ചു. ചുറ്റും പുക. ശാരദചേച്ചി പാട്ട്‌ നിര്‍ത്തി. കുട്ടികളും.
ശാരദചേച്ചി അംഗന്‍വാടിയുടെ പിന്നാമ്പുറത്തേക്ക്‌ പോയി. ഉപ്പുമാവു വേവുന്ന അടുപ്പില്‍ നിന്നും പുക ഉയരുന്നു. അടുപ്പിനകത്തേക്ക്‌ വിറകുതള്ളിവച്ചിട്ട്‌ ശാരദചേച്ചി അതിനുള്ളിലേക്ക്‌ ഒന്ന് ആഞ്ഞ്‌ ഊതി. ചാരം പറന്നു. കണ്ണുകളില്‍ അത്‌ നീരിന്റെ ഉറവ പൊട്ടിച്ചു. ശാരദചേച്ചി തലയുയര്‍ത്തി മുന്നിലെ പാടത്തേക്ക്‌ നോക്കി. കണ്ണുനീരിനുള്ളിലൂടെ പാടം തിളങ്ങി. അതിന്റെ അങ്ങേത്തലക്കല്‍ ഇരുമ്പുപാലത്തിനും അപ്പുറം നാരായണിയക്കന്റെ പച്ചക്കറി കുട്ട തെളിഞ്ഞു. അവര്‍ക്കുമുന്നില്‍ ഇരുമ്പുപാലം വെയിലില്‍ ജ്വലിച്ചു. ശാരദചേച്ചി ഓര്‍ത്തു.അതും കടന്ന്‌ ഇതുപോലൊരു വെയിലിലാണ്‌ രവിയണ്ണന്‍ പോയത്‌.


രവിയണ്ണന്‍ നാട്ടിലെ അറിയപ്പെടുന്ന ഒരു പെയിന്റര്‍ ആയിരുന്നു. പക്ഷെ രവിവര്‍മ്മയെപോലൊരു പെയിന്റര്‍ അല്ല. ചുവരുകളും വാതിലുകളും പെയിന്റ്‌ ചെയ്യുന്ന പെയിന്റര്‍. നാട്ടുകാര്‍ക്ക്‌ പെയിന്റര്‍ ആയിരുന്നെങ്കിലും രവിയണ്ണന്‍ ശാരദചേച്ചിക്ക്‌ എല്ലാമായിരുന്നു.
ഉമ്മറത്തിണ്ണയില്‍ വാരികകള്‍ വായിച്ചിരുന്നതും, വൈകുന്നേരം കുളിച്ച്‌ ഈറന്മുടിയില്‍ ഒരു തുളസിയിലയും തിരുകി കൈകളില്‍ "മോഡേണ്‍ ഫാന്‍സിയില്‍" നിന്നും വാങ്ങിയ കുപ്പിവളകളുമണിഞ്ഞ്‌ വേലിക്കല്‍ കാത്തുനിന്നതും രവിയണ്ണനുവേണ്ടിയായിരുന്നു.
നാടുകുലുക്കിയ ഒരു പ്രണയം.


മേലങ്കോട്ടമ്മയുടെ പൊങ്കാലയ്ക്ക്‌ പൊങ്കാലക്കലത്തില്‍ തീ പൂട്ടുമ്പോള്‍ പുകയുടെ മറവില്‍, കണ്ണിന്റെ നീറ്റലില്‍, ജമന്തിപൂക്കളുടെ മഞ്ഞനിറത്തില്‍, ചെണ്ടയുടെ താളത്തില്‍ മുറുകി തുടങ്ങിയ നോട്ടം, കുറുകി തുടങ്ങിയ പ്രണയം. അതു കാലം ഏറുംതോറും കീഴേവീട്ടുനടയിലെ ഇടുങ്ങിയ വഴിയിലേക്കും, ഞാറയ്കാട്‌ തോടിന്റെ ഓരത്തുള്ള പടിക്കെട്ടിലേക്കും ഒക്കെ നീണ്ടു. അവര്‍ അവരുടെ പ്രണയം ആഘോഷിക്കുകയായിരുന്നു, ഞങ്ങളും! കാരണം അന്ന് അതു ഞങ്ങളുടെ നാടിന്റെ പ്രണയമായിരുന്നു.
റ്റൈപ്പ്‌ റൈറ്റിംഗ്‌ ഇന്‍സ്റ്റിറ്റ്യൂട്ടില്‍, മാഞ്ഞുതുടങ്ങിയ അക്ഷരങ്ങള്‍ക്ക്‌ മുകളില്‍ വിരല്‍ കുത്തിയടിക്കുമ്പോള്‍ ശാരദചേച്ചി വേഗം ഒരുമണിക്കൂര്‍ കഴിയണെ എന്ന് പ്രാര്‍ത്ഥിക്കും. പഞ്ചായത്ത്‌ വായനശാലയുടെ മതിലിനുള്ളില്‍ ചിലപ്പോള്‍ രവിയണ്ണന്‍ കാത്തുനില്‍പ്പുണ്ടാകും! ടൈപ്പ്‌ ചെയ്തു കഴിഞ്ഞ്‌ പേപ്പറില്‍ ബാക്കി സ്ഥലം വരുമ്പോള്‍ അടുത്താരും കാണാതെ ചില കീ കളില്‍ ഒരു ചിരിയോടെ ശാരദചേച്ചി വിരലമര്‍ത്തും, "റെമിങ്ങ്‌ടണിന്റെ" പഴയ മെഷിനില്‍ തേഞ്ഞുതുടങ്ങിയ അച്ചുകള്‍ പേപ്പറില്‍ വന്നടിക്കുമ്പോള്‍ ചതഞ്ഞു തെളിഞ്ഞുവരും, my dear ravindra anna i love you. എന്നിട്ട്‌ കള്ളചിരിയോടെ ആരും കാണാതെ അതു കീറിയെടുത്ത്‌ പേഴ്സിനുള്ളില്‍ തിരുകി ഇറങ്ങി ഓടും.


അവരുടെ പ്രണയത്തെ നാടിന്റെ ഭൂപടത്തില്‍ നിന്നും മായ്ചുകളഞ്ഞത്‌ ഒരു വിസയായിരുന്നു. സൌദിയിലുള്ള മൂത്തമച്ചമ്പി അയച്ചുകൊടുത്ത ഒരു 'സൌദി വിസ'.
പോകുന്നതിനു തലേന്നാള്‍ കോയിക്കല്‍ കൊട്ടാരത്തിന്റെ വളപ്പില്‍, നീരാഴിയുടെ പടവില്‍ വച്ച്‌ ശാരദചേച്ചിയുടെ കൈകള്‍ എടുത്ത്‌ നെഞ്ചില്‍ വച്ച്‌ രവിയണ്ണന്‍ സത്യം ചെയ്തു. "ഞായ്‌ വരും നീ യെനിക്ക്‌ വേന്‍ണ്ടി കാത്തിരിക്ക്‍നം"


"യെടീ ചാരദേയ്‌, ഇത്തിരിപ്പോരം കഞ്ഞിവെള്ളം ഇഞ്ഞോട്ട്‌ യെടുത്താണെടീയേയ്‌.."
നാരായണിയക്കന്‍ അടുത്തെത്തി. ശാരദചേച്ചി കണ്ണുതുടച്ചു. ചാരം കണ്ണില്‍ കലങ്ങി.
നാരായണിയക്കന്‍ പച്ചക്കറിക്കുട്ട നിലത്തേക്ക്‌ ഇറക്കിവച്ച്‌ മാറിലെ തോര്‍ത്തെടുത്ത്‌ മുഖം തുടച്ചുകൊണ്ട്‌ ചോദിച്ചു.

"നീ എന്തരുപെണ്ണേ ഇങ്ങനെ ഇരുന്ന് നിരുവിക്ക്നത്‌? പത്തിരുവത്‌ കൊല്ലം ആയില്ലീ? ഇനീം നീ എന്തരിന്‌ നിന്റെ ജീവിതം കളയിനത്‌? അവയ്‌ വടക്ക്‌ എവടയാ പെണ്ണുംകെട്ടി ജീവിക്കേണ്‌. മേലത്തെ മണിയന്‍ കണ്ടന്നല്ലീ പറയിനത്‌?"
അലുമിയപാത്രത്തില്‍ നിന്നും വെള്ളമെടുത്ത്‌ നാരായണിയക്കനു കൊടുക്കുമ്പോള്‍ പച്ചക്കറികുട്ടയില്‍ നോക്കി അവള്‍ വിഷയം മാറ്റാന്‍ വേണ്ടി ചോദിച്ചു
" ഇന്ന് എന്തരക്കാ വെള്ളരിക്ക മാത്രമേ ഒള്ളാ?"
"വോ, കത്തിരിയ്ക്കയ്ക്കും പയറ്റുവള്ളിക്കും ഒക്കെ മുടിഞ്ഞ വെല ചെല്ലാ." നാരയണിയമ്മ കുട്ടയെടുത്ത്‌ തലയില്‍ വച്ചിറങ്ങി.
ശാരദചേച്ചി അംഗന്‍വാടിയുടെ മുന്‍വശത്തേക്ക്‌ പോയി. കുഞ്ഞുങ്ങള്‍ക്കൊപ്പം പാടാന്‍. ഇന്നു ശാരദചേച്ചിക്ക്‌ മറ്റാരുമില്ല, ഈ "പകല്‍കുഞ്ഞുങ്ങള്‍" അല്ലാതെ.
ഇല്ലാത്തജീവിതം അവരുമായി ആഘോഷിക്കുകയാണ്‌ ശാരദചേച്ചി .
ഒരു ചോരവറ്റിയ പ്രണയത്തിന്റെ ജീവിക്കുന്ന രക്തമില്ലാസാക്ഷി.

രവിയണ്ണന്‍?
അറിയില്ല! ഇപ്പോള്‍ 'എവിടെയോ' 'ആരോ' ആണ്‌. ചിലപ്പോള്‍ ഇതൊന്നുമാവില്ല.

.." അപ്പ്‌ എബൌദ വേള്‍സോ ഹൈ
ലൈക്കേ ഡയ്‌മണ്‍ ഇന്‍ദസ്കൈ"
ശാരദചേച്ചി കുഞ്ഞുങ്ങള്‍ക്ക് താളത്തില്‍ പാടിക്കൊടുത്തു.