Monday, June 19, 2006

അനുരാധ.

അനുരാധ, അങ്ങിനെയായിരുന്നു അവൾ അറിയപ്പെട്ടിരുന്നത്. അറടിയോളം പൊക്കം. അരയിൽ ചുറ്റിയിരുന്നത് ഒരു ഒരു മുഷിഞ്ഞ സാരിത്തുണ്ട്. അത് അലസമായി മുട്ടിനു താഴെയായി കാലൊട്ടിക്കിടന്നു. ഇനി അഥവാ കാറ്റിൽ അതിനു സ്ഥാന ചലനങ്ങൾ ഉണ്ടായാലും അവൾക്ക് അതൊരു പ്രശ്നമല്ലായിരുന്നു. പക്ഷെ ഈആദ്യ കാഴ്ച മുതൽക്കു തന്നെ മാറു മറയ്ക്കുന്ന കാര്യത്തിൽ അവൾ അതീവ ശ്രദ്ധാലുവായിരുന്നു. അങ്ങിനെയല്ലാതെ ആരും അവളെ ഇന്നേവരെ ആ നാട്ടിൽ കണ്ടിട്ടുമില്ല.

രാത്രിമഴ കഴിഞ്ഞ്‌, അൽപ്പം താമസിച്ചു പുലർന്ന ഒരു ബുധനാഴ്ചയാണ്‌ ബസ്റ്റാന്റിന്റെ സിമന്റു ബഞ്ചിൽ അനുരാധ ആദ്യമായി പ്രത്യക്ഷപ്പെട്ടത്‌, അന്ന് അവൾക്ക് അനുരാധ എന്ന പേരില്ലായിരുന്നു. വെയിൽ മൂക്കുന്നത്‌ വരെ അവിടെ ബസിന്റെ വരവും പോക്കും നോക്കിയിരുന്നു, അവൾ. പരിസരങ്ങളിൽ ബസ് കാത്തു നിന്നവരിൽ ചിലർ അവളുടെ പുടവയിൽ കാറ്റിന്റെ വരവും പോക്കും നോക്കിനിന്നു..

ഓർമ്മയുടേത് എന്ന് നമ്മൾ തെറ്റിദ്ധരിക്കുന്ന നിശബ്ദതയിൽ നിന്നും, അവൾ ഉണർന്നെണീറ്റു നടന്നു. സ്റ്റാന്റിനു മുന്നില്‍ സ്ഥാപിച്ചിട്ടുള്ള "ഗോ സ്ലോ" എന്നുള്ള ബോർഡിൽ അവൾ കൈചുറ്റി ഒന്നു കറങ്ങി. അവളുടെ ചേല കാറ്റിലുലഞ്ഞു. കറങ്ങിവന്നു നിന്നപ്പോൾ അവളുടെനോട്ടം റോഡിലേയ്ക്ക് അലസമായി ഒന്നു പാളി, റോഡരുകിലെ പങ്കജാക്ഷൻ പിള്ളയുടെ കടയിലെ എന്തിലോ ആ നോട്ടം താഴിട്ടു നിന്നു.   പിന്നെ അവൾ പങ്കജാക്ഷൻ പിള്ളയുടെ കടയിലേക്ക്‌.

വയറിലെ ചേല അൽപ്പം താഴ്‌ത്തി മടിക്കുത്തിൽ കെട്ടിവച്ച ചില്ലറ തുട്ടുകൾ വലിച്ചെടുത്തു,  കടയ്ക്കരുകിൽ ബീഡിതെറുത്തിരുന്ന ചന്ദ്രപ്പന്റെ പതിവ് അശ്രദ്ധമായ നോട്ടങ്ങളിൽ ഒന്ന് അവളിലേക്കും എറിഞ്ഞു. അശ്രദ്ധ ഒരു നിമിഷത്തിന്റെ വേഗത്തിൽ ശ്രദ്ധയായി, പിന്നെ അയാൾ നോട്ടങ്ങൾ മറ്റൊരിടത്തേയ്ക്കും പായിച്ചില്ല.

കുറച്ച് നാണയങ്ങൾ എടുത്ത്‌ അവൾ മിഠായി കുപ്പിക്കു മുകളിൽ വച്ചു. പങ്കജാക്ഷൻ പിള്ള അവളെയും നാണയങ്ങളെയും മാറിമാറി നോക്കി. അവൾ രണ്ടുവിരൽ ഉയർത്തി പുകവലിച്ച് ഊതുന്ന ആക്ഷന്‍ കാണിച്ചു. പിള്ള ഞെട്ടി. ആ ഞെട്ടലിൽ നിന്നും തന്റെ ശോഷിച്ച ശരീരം ഊരിമാറ്റും മുന്‍പു തന്നെ അയാളുടെ വിരലുകൾ സിഗരറ്റ്  ടിന്നിലേയ്ക്ക് പോയി. അതല്ല എന്ന് അവള്‍ ഉറപ്പുള്ള ഒരു ആക്ഷന്‍ കാണിച്ചു. എന്നിട്ട്‌ ചന്ദ്രപ്പന്റെ നിറഞ്ഞുകിടക്കുന്ന ബീഡിമുറത്തിലേക്ക്‌ കൈ ചൂണ്ടി.
ഇപ്പോൾ ഞെട്ടിയത്‌ ചന്ദ്രപ്പനാണ്‌.

കയ്യിൽ കിട്ടിയ ബീഡികളിൽ ഒന്നു ചുണ്ടിൽ തിരുകിയശേഷം ബാക്കിയെല്ലാം വയറിനോട്‌ ചേർന്നുള്ള ശീലയറയിൽ വച്ചു. കീറിയിട്ടിരുന്ന സിഗരറ്റുകവറിന്റെ തുണ്ടിൽ നിന്നും ഒന്നെടുത്ത്‌ കുഞ്ഞു ചിമ്മിനി വിളക്കിൽ നിന്നും തീകത്തിച്ചു, ബീഡിയിലേക്ക്‌ പകർന്നു, ആഞ്ഞൊന്നുവലിച്ചു. ആ വലിയുടെ വലിപ്പത്തിൽ അവളുടെ വെളുത്ത വയറിൽ ചുളുവികൾ വീണത്‌ നാഗപ്പന്‍ കണ്ടു. അയാളുടെ കയ്യിലിരുന്ന നൂൽ, ബീഡിയുടെ കെട്ടിന്റെ മുറുക്കത്തിൽ വലിഞ്ഞു പൊട്ടി.

അവൾ നെടുമങ്ങാടിന്റെ തെരുവിലേക്കിറങ്ങി. അവൾ ഊതിവിട്ട പുക നെടുമങ്ങാടിന്റെ ഉച്ഛ്വാസവായുവിൽ അമർന്നു. ഇന്നുമുതൽ അവൾക്കും കൂടി അവകാ‍ശപ്പെട്ടതാണ് ആ വായുമണ്ഡലം.
ആ ചന്ദ്രപ്പൻ തീർത്ത ബീഡികൾ മാത്രമല്ല ഒരുപാട്‌ ചന്ദ്രപ്പന്മാർ ഒരുപാട്‌ കടകളിൽ ഇരുന്നു തീർത്തുവിട്ട ബീഡികൾ അവൾ വാങ്ങി കത്തിച്ച്‌ നാടിന്റെ തിരക്കിലേക്ക്‌ പുകയൂതി. ആ പുകയ്ക്കൊപ്പം അവളും നെടുമങ്ങാടിന്റെ ഭാഗമാവുകയായിരുന്നു.

വസ്ത്രധാരണത്തിലെ അശ്രദ്ധയാണ്, വളരെ വേഗത്തിൽ അവൾക്ക് അനുരാധ എന്നുള്ള പേരു പതിച്ചുകൊടുത്തത്. അന്ന് അവിടുത്തെ സിനിമാ തീയറ്ററുകളിൽ നൂൺ ഷോയ്ക്ക് റീലുകൾ കറക്കിയിരുന്ന സെൻസേഷൻ ആയിരുന്നു, നടി അനുരാധ. എല്ലാവിധ അചാര്യ മര്യാദകളോടും കൂടി ആ പേരുതന്നെ അവൾക്ക് നാട്ടുകാർ സമ്മാനിച്ചു. അല്ലെങ്കിലും രസകരമയ പേരിടുന്നതിൽ ഞങ്ങൾ നെടുമങ്ങാട്ടുകാരും ഒട്ടും മോശമല്ല.

ബസ്റ്റാന്റിലെ സിമന്റ്‌ ബഞ്ചിൽ ഉറങ്ങിയും, എൽ പി സ്കൂളിലെ കുഞ്ഞുങ്ങളൊത്ത്‌ ചിരിച്ചും, പോലീസുകാരെ നോക്കി കൊഞ്ചിയും, മുന്നിൽ കാണുന്ന ചായക്കട ഏതായാലും അവിടെ ഒരു ഇലയ്ക്ക്‌ കൈനീട്ടിയും, സ്ഥലത്തെ പ്രധാന റൌഡികളോടൊത്ത്‌ തണ്ടുകാണിച്ചും, കണ്ടവരോടൊക്കെ തെണ്ടിയും അനുരാധ അവിടെ ജീവിച്ചു. അവളെക്കുറിച്ച്‌ ഒരു ചീത്തവക്കുപോലും അവിടുത്തെ രാത്രികൾ കേട്ടിട്ടില്ല, എന്നതും അവളുടെ കഥയിൽ എടുത്തു പറയേണ്ട കാര്യങ്ങളിൽ ഒന്നാണ്. ചില രാത്രികളിൽ ഞങ്ങൾക്ക്‌ അന്യമായ അവളുടെ ഭാഷയിൽ ആരൊടെന്ന പോലെ അവൾ ഉറക്കെ ഉറക്കെ സംസാരിക്കും. അതിൽ നിന്നും നാട്ടുകാരിൽ ചിലർ മനസിലാക്കി, ഇവൾക്ക്‌.. ഭ്രാന്താണ്‌.

മറ്റ്‌ എല്ലാവരേയും പോലെതന്നെ, എത്തിപ്പെട്ട നാട്ടിലെ ചീത്തകളാണ്‌
അവൾ ആദ്യം പഠിച്ച മലയാളം വാക്കുകൾ.

മാസങ്ങൾ കഴിയും തോറും അഴുക്ക് അടിഞ്ഞ് അനുരാധയുടെ രൂപം മാറി തുടങ്ങി. അവളുടെ നിറം നഷ്ടത്തെ കുറിച്ച് പറഞ്ഞിരുന്നവരുടെ മുന്നിൽ പങ്കജാക്ഷൻപിള്ള തന്റെ അറിവ്‌ പങ്കുവയ്ക്കുമ്പോലെ പറഞ്ഞു.
'ഭ്രാന്തൊള്ളവര്‌ കുളിക്കൂല"

ആ കടവരാന്തയിലെ പലരും അത് ശരിവച്ചു. പക്ഷെ അനുരാധയ്ക്ക്‌ മാത്രം അറിയില്ല, തന്റെ ഒരു ജീവിതയാഥാർഥ്യം നാട്ടുകാർ കണ്ടുപിടിച്ചതും, തുടർ ചർച്ചയ്ക്ക് വച്ചതും. അവൾ കണം കാലിന് മുകളിൽ സാരിത്തുണ്ടും തെറുത്തുകയറ്റി വലത്തു നിന്നും ഇടത്തേക്ക്‌ മാറും മറച്ച്‌ നടന്നു. രാത്രികളിൽ സിമന്റു ബഞ്ചില്‍ അവളുടെ ഭാഷയിൽ ആക്രോശിച്ചു. ബീഡിക്കറപുരണ്ട അവളുടെ വായിൽ നിന്നും ബീഡിപ്പുകയ്ക്ക് ഒപ്പം ഇടയ്ക്കിടെ പുറത്തേയ്ക്ക് വീണുകൊണ്ടിരുന്ന മലയാളം തെറികൾ, ഇരുളിൽ സിമന്റു ബഞ്ചിനു ചുറ്റും അനാഥമായി കിടന്നു.

വർഷം ഒന്നിനോട് അടുത്തുകാണും, കുളിക്കാത്ത അനുരാധയുടെ കുളിതെറ്റി. ജെയിംസ്‌ ആശാന്റെ പച്ചക്കറികടയിൽ നിന്നും അവൾ ഒരു പച്ചമാങ്ങ എടുത്ത്‌ കടിക്കുമ്പോൾ, തൊട്ടടുത്ത്‌ പച്ചപ്പയറും തേങ്ങയും വിൽക്കാനിരുന്ന ഭാര്‍ഗ്ഗവിത്തള്ളയാണ്‌ അത്‌ കണ്ടുപിടിച്ചത്‌. അവർ ഉറക്കെപ്പറഞ്ഞു,
"ആശാനെ ഇതു കണ്ടാ, അവള്‌ പച്ചമാങ്ങ എട്‌ത്ത്‌ കടിക്കിനത്‌ കണ്ടാ?. രണ്ടൂന്ന് ദെവസമായിറ്റ് യെവള് ചെല ലക്ഷണങ്ങളു കാണിക്കിന്. ആശാനെ യെവക്ക്‌ ഗെർപ്പം ആണ്‌. ചുമ്മയല്ല എവള്‌ ബസ്റ്റാന്റിലൊക്കെ മഞ്ഞ നിറത്തില് കക്കിക്കോണ്ട്‌ നടന്നത്‌."

അനുരാധ ഭാർഗ്ഗവിത്തള്ളയെ ഒന്നു അലസമായി നോക്കി. അപ്പോൾ ആ മുഖത്തു വന്ന ഭാവം ഡീക്കോഡ് ചെയ്യാൻ ഇന്നും ഭാർഗ്ഗവിത്തള്ള്യ്ക്കോ ജെയിംസ് ആശാനോ കഴിഞ്ഞിട്ടില്ല.

ഗർഭിണിയായ അനുരാധ, പുകയും വിട്ടു അങ്ങിനെ ഞങ്ങളുടെ തെരുവിലൂടെ നടന്നു. കുറച്ചു മാസങ്ങൾ കൂടി കഴിഞ്ഞപ്പോൾ അവൾക്ക്‌ മുന്നിലായി അവളുടെ വയറും നടന്നു.

വൈകുന്നേരത്തെ വെയിലിൽ, കല്ലമ്പാറ ആറ്റിന്റെ കരയിലെ പാറക്കല്ലിൽ കാലുകൾ വെള്ളത്തിലേക്ക്‌ ഇറക്കിവച്  അവളിരുന്നു. അവളുടെ വയറ്റിൽ വെയിൽ തട്ടിയപ്പോൾ അവിടെ കുഞ്ഞു പാദങ്ങൾ തെളിഞ്ഞുവന്നു. പിന്നെയും ഒരിക്കൽ കൂടി അവളുടെ വയർ ഒന്ന് അനങ്ങി. പക്ഷെ അവൾ മാത്രം അറിഞ്ഞില്ല അവളുടെ വയറ്റിലെ ആളനക്കം.

അനുരാധ എന്ന ഗർഭിണിയുടെ ബീഡിപ്പുക, ആ നാട്ടിൽ അതിന്റെ പതിവു ചുരുളൂകൾ നിവർത്തി നടന്ന ദിവസങ്ങളിൽ ഒന്നിൽ, കോലപ്പൻ വൈദ്യരുടെ വൈദ്യശാലയോട് ചേർന്നുള്ള മുറുക്കാൻ കടയിൽ  ബീഡിവാങ്ങാനായി അവൾ നിന്നപ്പോൾ, കടയിൽ ഇരുന്ന കമലാസനനോട്‌ വൈദ്യർ പറഞ്ഞു,
"അവക്ക്‌ നല്ല ക്ഷീണമൊണ്ട്‌. എങ്ങനെ ഇല്ലായിരിക്കും? പെറാനൊള്ള പെണ്ണ് കഴിക്കാനൊള്ളത് വല്ലതും എവളു കഴിച്ചിറ്റൊണ്ടാ?"
അതും പറഞ്ഞ്‌ വൈദ്യർ അകത്തു നിന്നും ഒരു ടിൻ ലേഹ്യം എടുത്തു കൊണ്ടുവന്ന് അവൾക്ക്‌ നീട്ടി.
വൈദ്യരെ ഒന്നു നോക്കിയ ശേഷം അതിൽ ചൂണ്ടുവിരലിട്ട് അൽപ്പം എടുത്ത്‌ നാക്കിൽ തേച്ചു. മുഖത്ത് അതിന്റെ ചവർപ്പ്‌. ആ ടിന്ന്‌ ഓടയിലേക്ക്‌ എറിഞ്ഞ്, അവിടെ തൂക്കിയിരുന്ന പഴക്കുലയിൽ നിന്നും ഒരു പഴം ചീന്തി എടുത്ത്‌ അവൾ കഴിച്ചു. കനിവുതോന്നിയ കടക്കാരൻ ഒരു പഴം കൂടി അവൾക്ക്‌ കൊടുത്തു. അവൾ അതു വാങ്ങാതെ, ആകാശത്തേക്ക്‌ ആഞ്ഞ് പുക ഊതി നിരത്തിലേക്കിറങ്ങി.

ഇപ്പോൾ ഈ നാടിന്റെ തന്നെ ഗർഭിണിയാണ്‌ അനുരാധ.
അവൾക്ക്‌ എന്തും നല്‍കാൻ തയ്യാറാണ്‌ നാട്ടുകാർ. അവളുടെ പേറ്‌ അടുക്കും തോറും ബസ്റ്റാന്റിലെ പതിവു കിടപ്പുകാർക്ക് ആകുലതയായി. അത് ഏറ്റവും അനുഭവിച്ചത് മൊണ്ടി കാർത്തു എന്ന കാർത്ത്യായനിയാണ്‌. കടകളുടെ മുൻഭാഗമൊക്കെ വൃത്തിയാക്കി അവർ കൊടുക്കുന്നതെന്തും വങ്ങിയാണ്‌ ആ തള്ള ജീവിച്ചിരുന്നത്‌. രാത്രിയിൽ അവർ അനുരാധ കാണാതെ അവൾക്ക്‌ കാവലിരുന്നു. അവൾ കണ്ടാൽ അവളുടെ പതിവുഭാഷയ്ക്കൊപ്പം തെറിയുടെ പൂരമാവും പിന്നെ ഉണ്ടാവുക എന്ന് കാർത്തുവിന് അറിയാം. മാത്രമല്ല, കിടക്കുന്നതിന് ചുറ്റും ഉരുളൻ കല്ലുകൾ നിരത്തിവയ്ക്കുന്ന ഒരു പുതിയ പരിപാടി അവൾ ഈയിടെയായി തുടങ്ങിയിട്ടുണ്ട്. ആശുപത്രിയിൽ നിർബദ്ധിച്ച്‌ പാർപ്പിക്കാനുള്ള ഒരു ശ്രമത്തിനു ശേഷമാണ്‌ അവളുടെ ഈ സുരക്ഷാ നീക്കം.

മകരമാസത്തിലെ ഞായറാഴ്ച സന്ധ്യമുതൽ നല്ല മഴയായിരുന്നു. കറണ്ടും ഇല്ല. അനുരാധയുടെ രാത്രി ആക്രമണം പേടിച്ച്‌ ബസ്റ്റാന്റിന്റെ വടക്കുവശത്ത്‌ കിടന്നുറങ്ങുകയായിരുന്നു മൊണ്ടി കാർത്തു. പതിവുപോലെ പുലരും മുൻപു ഉണർന്ന അനുരാധ കിടന്നിടത്തേക്ക്‌ നോക്കിയപ്പോൾ അവിടെ അവൾ ഇല്ല.
നേരിയ പുലരിവെട്ടത്തിലാണ്‌ കാർത്തു അത്‌ കണ്ടത്‌, സിമന്റ്‌ ബഞ്ചിൽ ചുറ്റും നിരത്തിവച്ച കല്ലുകൾക്ക്‌ നടുവിൽ കൈകാലിട്ടടിക്കുന്ന ഒരു ചോരക്കുഞ്ഞ്‌.
കാർത്തു അതിനെ വാരി എടുത്തു. കുഞ്ഞുകരഞ്ഞു. അതിന്റെ ചുണ്ടുകൾ കാർത്തുവിന്റെ മാറിൽ എന്തോ തപ്പി.
അതു വീണ്ടും കരഞ്ഞു. പിന്നെ നിർത്താതെ കരഞ്ഞു.
അതിന്റെ കരച്ചിലിൽ ആണ് അന്ന് സൂര്യൻ ഉദിച്ചത്.

അനുരാധയെപ്പിന്നെ ആരും കണ്ടിട്ടില്ല.

പകരം അവളുടെ കുട്ടിയെ എല്ലാവരും കണ്ടു, പെറ്റമ്മയില്ലെങ്കിലും ഒരു നാറ്റുമുഴുവൻ പോറ്റമ്മയായി. നെടുമങ്ങാടിന്റെ മാറിലിട്ട്‌ തന്നെ കാർത്തു ആ കുഞ്ഞിനെ വളർത്തി. പക്ഷെ ഉത്തരമില്ലാത്ത ഒരു ചോദ്യം മാത്രം ഇപ്പോഴും ബാക്കികിടക്കുന്നു, അതു പക്ഷെ ആ കുഞ്ഞിന്റെ അമ്മയക്കുറിച്ചായിരുന്നില്ല.

Saturday, June 17, 2006

ആവര്‍സിയര്‍ !

ശ്രീമാന്‍ ഗോപാലപിള്ള ഓവര്‍സിയര്‍ അല്ല. ഗോപാലപിള്ള തൂപ്പുകാരന്‍ ആണ്‌.
പറയങ്കാവിലുള്ള കെ എസ്‌ ഈ ബി സബ്സ്റ്റേഷന്‍ വളപ്പൊക്കെ തൂത്ത്‌ വൃത്തിയാക്കി ആവശ്യമില്ലാത്ത പേപ്പൊറൊക്കെ കത്തിച്ചുകളയലാണ്‌ മഹത്തായ മുഖ്യ കര്‍മ്മം. പഴയ ഒരുപാട്‌ മഞ്ഞഫയലുകള്‍ ഗോപാലപിള്ളയ്ക്ക്‌ അവിടെ നിന്നും ലഭിക്കാറുണ്ട്‌. അതൊക്കെ കത്തിക്കാതെ സൂക്ഷിച്ചുവയ്ക്കും. ഉച്ചയോടെ പണിനിര്‍ത്തി വീട്ടിലേക്ക്‌ പോകുമ്പോള്‍ അവയൊക്കെ കക്ഷത്തില്‍ തിരുകി തല ഉയര്‍ത്തിപ്പിടിച്ചാണ്‌ നടപ്പ്‌. വീട്ടില്‍, ഉളുപ്പന്‍ കുത്തിത്തുടങ്ങിയ തടിയലമാരയില്‍ മഞ്ഞ ഫയലുകള്‍ കീറിയവയും കീറാത്തവയും പ്രത്യേകമായി അടുക്കി വയ്ക്കും.


ഇപ്പോള്‍ ഈ ഫയലുകള്‍ ഇല്ലാതെ ഗോപാലപിള്ളയ്ക്ക്‌ ജീവിക്കാന്‍ വയ്യാതായി. എക്സിക്യൂട്ടീവ്‌ എഞ്ചിനിയര്‍മാരുടെ ഓവര്‍സിയര്‍മാരുടെയും കക്ഷത്തിലുരുന്ന് വിയര്‍ത്തതാണി ഫയലുകള്‍. ചിലപ്പോള്‍ വെറുതെ പുറത്തേക്ക്‌ ഇറങ്ങുമ്പോള്‍ ഇതിലൊന്ന് എടുത്ത്‌ ഗോപാലപിള്ളയും കക്ഷത്തില്‍ തിരുകും. എന്നിട്ട്‌ തലയുയര്‍ത്തിനടന്നുപോകും.


"ഓവര്‍സിയറേ......."
യൂണിയന്‍ ഗ്രൌണ്ടിന്റെ വശത്തു നിന്നാണ്‌ ആദ്യമൊക്കെ വിളിവന്നു തുടങ്ങിയത്‌. പിന്നെയത്‌ ഓട്ടോ സ്റ്റാന്റിലേക്കും നീണ്ടു. ഗോപാലപിള്ളയുടെ തലകണ്ടാല്‍ മതി എവിടെ നിന്നെങ്കിലും നീണ്ട വിളി ഉയരും.
"ഓവര്‍സിയറേ......."
ആദ്യമൊക്കെ ഗോപാലപിള്ള രസിച്ചു, തല കുറച്ചു കൂടി ഉയത്തി നടന്നു. പിന്നെ പിന്നെ വിളിയുടെ ടോണും സ്റ്റൈലും മാറിത്തുടങ്ങി. സത്രംമുക്കിലും ബാങ്ക്‌ ജംഷനിലും കച്ചേരി നടയിലും ഒക്കെ വിളികള്‍ ഉയര്‍ന്നു..
"ഓവര്‍സിയറേ......."
ഇപ്പൊ കക്ഷത്തില്‍ ഫയലൊന്നും വേണ്ട, ഗോപാലപിള്ളയെ കണ്ടാല്‍ മതി.
"ഓവര്‍സിയറേ......."
കുടുംബവുമായി പുറത്തിറങ്ങിയാലും അമ്പലത്തില്‍ പോയാലും വിവാഹത്തിനു പോയാലും..
"ഓവര്‍സിയറേ......."


ഒരുദിവസം ഗോപാലപിള്ള ആ കടുംകൈ ചെയ്തു, സൂക്ഷിച്ചുവച്ചിരുന്ന ഫയലൊക്കെ വീട്ടുവളപ്പിലിട്ട്‌ കത്തിച്ചു.
എന്നിട്ടും..
"ഓവര്‍സിയറേ......."
നെടുമങ്ങാടിന്റെ യുവജനത ആ വിളി ഒരു മന്ത്രം പോലെ കൊണ്ട്‌ നടന്നു.



"നിങ്ങള്‌ പോലീസി പരാതി കൊടുക്കീം." സഹികെട്ട ഭാര്യയാണ്‌ ഒരു പോംവഴി പറഞ്ഞത്‌.
"നിങ്ങള്‌ ഇതെല്ലാം ക്യാട്ടോണ്ട്‌ മിണ്ടാതെ ഇരിന്നിറ്റാണ്‌ പിള്ളരുക്ക്‌ ഏളുവം കൂടണത്‌. ഒര്‌ പെടപെടയ്ക്ക്‌ പോയാ അവിടേം വര്‌ം വിളി, ആവര്‍സിയരേന്ന്. മേലാങ്കോട്ടമ്മച്ചീ ഇതെന്തര്‌ തലേവിധിയാണ്‌."


ഭാര്യ പറഞ്ഞതില്‍ കാര്യമുണ്ടെന്ന് ഗോപാലപിള്ളയ്ക്കും തോന്നി.
പിറ്റേന്ന് തിരുച്ചുവരുന്ന വഴിയില്‍ പോലീസ്‌ സ്റ്റേഷനില്‍ ഗോപാലപിള്ള കയറി. പാറാവുകാരനോട്‌ പറഞ്ഞു എസ്‌ ഐ യെക്കണ്ട്‌ ഒരു പരാതി ബോധിപ്പിക്കാനുണ്ടെന്ന്. അയാള്‍ എസ്‌ ഐ യുടെ മുറികാട്ടിക്കൊടുത്തു. ഹാഫ്‌ ഡോറില്‍ കൈവച്ചപ്പോള്‍ ഗോപാലപിള്ളയുടെ ഉള്ളുപിടച്ചു. "മാടന്‍ എസ്‌ ഐ" എന്നാണ്‌ ആ മഹാന്‍ നാട്ടില്‍ അറിഞ്ഞിരുന്നത്‌. അടിച്ചിടുന്നവന്‍ എന്നര്‍ഥം. തിരിച്ചുപോയാലോ എന്ന് ഓര്‍ത്തു. കാലുകള്‍ പരുങ്ങി.


"ആരാ അത്‌?" അകത്തുനിന്നും പാറയില്‍ പറണ്ടുന്ന പോലൊരു ശബ്ദം.
ഗോപാലപിള്ള താനറിയാതെ മൊത്തമായി അകത്തേക്ക്‌ നീങ്ങി.
കാലുകള്‍ മേശമേല്‍ കയറ്റിവച്ച്‌ എസ്‌ ഐ ഇരിക്കുന്നു. ഫിക്സ്‌ ചെയ്ത ആ ഇരിപ്പില്‍തന്നെ എസ്‌ ഐ ചോദിച്ചു
"എന്തുവേണം?"
മൂത്രം ഒഴിക്കണം എന്നു പറയണാണ്‌ ഗോപാലപിള്ളയ്ക്ക്‌ തോന്നിയത്‌. തോന്നലിന്റെ ഒടുവില്‍ അയാള്‍ പറഞ്ഞു
"യെന്റെ പേരു കോവാലവിള്ള. ഒര്‌ പരാതി ഒണ്ടാരിന്ന്."
"ഉം" പറഞ്ഞൊ എന്ന അര്‍ഥത്തില്‍ എസ്‌ ഐ മൂളി.
"യെന്നെ യെല്ലാവരും ആവര്‍സിയറേ, ആവര്‍സിയറേ എന്ന് വിളിച്ച്‌ കളിയാക്കിണ്‌. സാറ്‌ യെന്തരെങ്കിലും ചെയ്ത്‌ ഈ വിളി വൊന്നു നിര്‍ത്തി തരനം"
എസ്‌ ഐ കാലുകള്‍ ഇറക്കിവച്ചു നിലത്തേക്ക്‌ ഇറങ്ങി. ഗോപാലപിള്ളയുടെ അടുത്തുവന്നു. എന്നിട്ട്‌ സാവധാനം ചോദിച്ചു;
"എന്തരാണ്‌ നിന്റെ ജ്വാലി?"
"എലറ്റ്രിസിറ്റീല്‌ തൂപ്പാണ്‌"
"എത്രാംക്ലാസുവരെ പഠിച്ചിറ്റൊണ്ട്‌?"
"എട്ടാം ക്ലാസ്‌"
"ഉം."



നിശബ്ദത.

എസ്‌ ഐയുടെ കൈ സ്വന്തം പാന്റിന്റെ പോക്കറ്റില്‍ എന്തോ തിരയുന്നു.
ഗോപാലപിള്ളക്ക്‌ ഇറങ്ങി ഓടാന്‍ തോന്നി.
കയ്യില്‍ തടഞ്ഞ പൊടിക്കുപ്പി എടുത്ത്‌ എസ്‌ ഐ തുറന്നു. ഇടതുകയ്യിലേക്ക്‌ കുടഞ്ഞു, വലതുകൈവിരലില്‍ അതെല്ലാം ചേര്‍ത്ത്‌ പിടിച്ച്‌ മൂക്കിലേക്ക്‌ തിരുകി.
ഉണര്‍ന്നു വന്ന ഒരു തുമ്മല്‍ ആസ്വദിച്ചടക്കി. ഗോപാലപിള്ളയെ നോക്കി.

"ഡാ നെനക്കറിയുമോ, കഷ്ടപ്പെട്ട്‌ പഠിച്ച്‌ ഞാന്‍ ഹിസ്റ്ററി എം എ എടുത്തു. കുത്തിയിരുന്നു പഠിച്ച്‌ പി എസ്‌ സി ടെസ്റ്റ്‌ എഴുതി ആദ്യം PWD ക്ലാര്‍ക്ക്‌ ആയി. അവിടെ ഇരുന്ന് ടെസ്റ്റ്‌ എഴുതി പോലീസിക്കേറി. സബ്‌ ഇന്‍സ്പെക്റ്റര്‍ വരെയായി ഉടനെ സി ഐ ആകും.
ആ എന്നെ ഇവിടെയുള്ള നായിന്റെ മോന്‍മാര്‍ വിളിക്കിനത്‌ "മാടന്‍" എന്നാണ്‌.
എട്ടാം ക്ലാസും ഗുസ്തിയും കഴിഞ്ഞു തൂത്തുവാരി നടക്കണ നിന്നെ "ഓവര്‍സിയറേ" എന്നു വിളിച്ചപ്പം നിനക്കു വലിയ നാണക്കേടാണല്ലേടാ" മാടന്‍ എസ്‌ ഐ അലറി
"എറങ്ങിപ്പോടാ വെളിയില്‍. അവന്റെ ഒരു ആവര്‍സിയര്‍!"


ഈ സംഭവത്തിന്റെ ത്രെഡ്‌ പറഞ്ഞ ഹരിക്ക്‌ നന്ദി.

Wednesday, June 14, 2006

രായപ്പയണ്ണന്‍!

"രായപ്പയണ്ണന്‍ ഗെള്‌ഫീന്ന് വന്ന്"

രാജപ്പന്‍ പിള്ള ഗോപിനാഥ പിള്ള എന്ന് പാസ്പോര്‍ട്ടില്‍ പേരുള്ള ഞങ്ങളുടെ രായപ്പയണ്ണനും ഗള്‍ഫില്‍ നിന്നും വന്നു. 8 വര്‍ഷം കഴിഞ്ഞുള്ള വരവാണ്‌.

പക്ഷെ രവിയണ്ണന്‍ വന്നതുപോലുള്ളവരവല്ല. ഇതു ശരിക്കും ഉള്ള ഗള്‍ഫീന്നുള്ള വരവ്‌. കെട്ടിയവളും 14 വയസുള്ള മോനും 12 വയസുള്ള മോളും ഒത്തുള്ള വരവ്‌.


വരവ്‌ തന്നെ ഒരു ആഘോഷമായിരുന്നു.
മുന്നില്‍ ഒരു ടാക്സിയില്‍ ഇവിടുന്നു 'ഏറോഡ്രാമില്‍' വിളിക്കാന്‍ പോയ ബന്ധു സംഘം. പിന്നിലെ കാറില്‍ കുത്തിനിറച്ച്‌ കുറേ നാട്ടുകാര്‍. നടുവില്‍ ഒരു ചുവന്ന എസ്റ്റീം കാറില്‍ കറുത്ത കൂളിംഗ്‌ ഗ്ലാസ്‌ വച്ച്‌ രായപ്പയണ്ണന്‍.
മഹാന്‍ തന്റെ ഒരു കൈ ഭാര്യയുടെ കഴുത്തില്‍ ചുറ്റിയിരിക്കുന്ന പോലെ അഭിനയിക്കുന്നുണ്ട്‌. എല്ലാ കാറുകള്‍ക്കും മുകളില്‍ ഒരുപാട്‌ പെട്ടികളിലായി 'പൊളിച്ചടുക്കി വച്ചിരിക്കുന്ന ഒരു കൊച്ചു ഗള്‍ഫ്‌.'


ജംഗ്ഷനിലെ ഗണപതി ക്ഷേത്രത്തിനു മുന്നിലെത്തിയപ്പോള്‍, രായപ്പയണ്ണന്റെ വണ്ടി നിന്നു. ഒരു കാന്തിക ശക്തിയില്‍ എന്നപോലെ മുന്നിലേയും പിന്നിലേയും വണ്ടികളും നിന്നും. കാറിന്റെ ഗ്ലാസ്‌ താഴ്ത്തി തന്റെ കൂളിംഗ്‌ ഗ്ലാസ്‌ മാറ്റാതെ രായപ്പയണ്ണന്‍ തൊഴുതു. കറുത്ത ഗ്ലാസിനുള്ളിലൂടെ ചാരനിറത്തിലുള്ള ഗണപതിയെ രായപ്പയണ്ണന്‍ കണ്ടു. തന്റെ മണിപേഴ്സില്‍ സൂക്ഷിച്ചു വച്ചിരുന്ന ഒരു ഗള്‍ഫ്‌ നാണയം അയാള്‍ ദൈവസന്നിധിയിലേക്ക്‌ എറിഞ്ഞു. വാഹനവ്യൂഹം നീങ്ങി.


പുതുതായി പണിതീര്‍ന്ന വീട്ടിന്റെ നടയില്‍ വണ്ടി നിന്നു. മുന്‍കൂട്ടി തയ്യാറാക്കിയ ഒരു തിരക്കഥയിലെന്ന പോലെ മുന്നിലേയും പിന്നിലേയും സംഘം കാറിനിരുവശവും നിരന്നു.
രാജപ്പന്‍പിള്ള ഗോപിനാഥപിള്ള തന്റെ കാലുകള്‍ നിലത്തൂന്നി. വെറുതെ ചുറ്റും കൈ വീശി. എന്നിട്ട്‌ ഷര്‍ട്ടിന്റെ കോളര്‍ വലിച്ച്‌ മുകളിലേക്ക്‌ ഉയര്‍ത്തി പറഞ്ഞു.
"ഹാര്‍ സ്യാദാ"*
മുന്നില്‍ നിന്ന പിതാശ്രി കോവിപ്പിള്ള ശരിയാണെന്ന് തലയാട്ടി. രായപ്പയണ്ണന്‍ ജന്മനാട്ടിലെ തിരിച്ചെത്തിയ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യവാചകം വടക്കുനിന്നും വന്നകാറ്റില്‍ നാട്ടിലലിഞ്ഞു. . കേട്ട്‌ നിന്നവര്‍ അത്‌ വീടിനെക്കുറിച്ചാവും എന്നു കരുതി, കോവിപ്പിള്ളയെപ്പോലെ.

രായപ്പണ്ണന്‍ കൂളിംഗ്‌ ഗ്ലാസിനുള്ളിലൂടെ തന്റെ കൊട്ടാരം കണ്ണുകള്‍ കൊണ്ട്‌ ഒന്ന് ഉഴിഞ്ഞു. ബാല്ക്കണിയുടെ താഴെ നിരന്ന ദീര്‍ഘചതുരങ്ങളില്‍ അടിച്ചിരിക്കുന്ന ബഹുവര്‍ണ്ണങ്ങള്‍ രായപ്പയണ്ണന്റെ കണ്ണില്‍ കുളിരുവിരിയിച്ചു. വീട്‌ പണിക്കാരന്‍ രാമന്‍ മേസ്തിരിയുടെ തോളില്‍ കൈവച്ച്‌ ചോദിച്ചു.
"കൈഫാലക്ക്‌?"*
ആ പറഞ്ഞതു ശരിതന്നെ എന്നുള്ള അര്‍ഥത്തില്‍ രാമന്‍ മേശിരി തലകുലുക്കി.

രായപ്പയണ്ണന്‍ പിന്നെ അധികം ആരോടും മിണ്ടിയില്ല. ആകെ മിണ്ടിയതോ നാട്ടുകാര്‍ക്ക്‌ മനസിലാവാത്ത അറബിയും.


രായപ്പയണ്ണന്റെ മാറ്റം നാട്ടുകാര്‍ ഉള്‍ക്കൊണ്ടു. അതുകൊണ്ടാരും അധികം സംസാരിക്കാനും നിന്നില്ല.
നാട്ടുകാരൊക്കെ പറഞ്ഞു, രായപ്പന്‍ ആളാകെ മാറി. മലയാളം പോലും മറന്നു. ഇംഗ്ലീഷാണ്‌ സംസാരിക്കുന്നത്‌ എന്ന്.
എക്സ്‌ ഗള്‍ഫുകാരില്‍ പ്രമുഖനായ റമല്‌ ബാലന്‍ തിരുത്തി.
"അയ്യീ അത്‌ അറബാണ്‌. നമ്മള്‌ കൊറേക്കാലം പറഞ്ഞതല്ലീ, എന്റെ അറബാബയ്ക്ക്‌ ഇംഗ്ലീഷറിഞ്ഞൂടേരിന്ന്. കര്‍സാനയ്ക്ക്‌* കുഴയ്ക്കുമ്പം അറബാബ എപ്പഴും ചോയിക്കും ഇസ്മന്റ്‌ ആവശ്യത്തിനിട്ടാടാ എന്ന്."
അറബ്‌ പറയുമ്പോള്‍ ബാലന്‌ നൂറുനാവാണ്‌ ഒരു അറേബ്യന്‍ ഓര്‍മ്മയുടെ നിറംമുള്ള വര്‍ണ്ണങ്ങള്‍ ബാലന്റെ മുഖത്ത്‌ വിരിയും. പ്രവാസജീവിതത്തിനപ്പുറം നാട്ടില്‍ കെട്ടിടം പണിക്ക്‌ പോകുമ്പോഴും ബാലന്‍ ചില അറബ്‌ വാക്കുകള്‍ സ്ഥിരമായി ഉപയോഗിച്ചിരുന്നു.
"റമലരിച്ച്‌ കൊണ്ട്‌ വാ" എന്നൊക്കെ ബാലന്‍ നീട്ടിവിളിക്കുമ്പോള്‍ സഹപ്രവര്‍ത്തകര്‍ ആദ്യമൊക്കെ വാപൊളിക്കുമായിരുന്നു. ആ വാക്കിന്റെ അതി പ്രസരം ക്രമേണ ബാലന്‍ എന്ന പേരിനു മുന്‍പു ഒരു കൂട്ടുപേരായി നിന്നു. റമല്‌ *ബാലന്‍.

ഒരുകാര്യം മറന്നു, നമ്മള്‍ ബാലനെക്കുറിച്ചോ അവന്റെ റമലിനെ കുറിച്ചോ അല്ല പറഞ്ഞുവന്നത്‌. വിഷയം മാറാന്‍ പാടില്ല. നമുക്ക്‌ രാജപ്പന്‍ പിള്ളയുടെ ബ്രൂട്ട്‌ മണത്തിന്റെ പിന്നാലെ പോകാം.

അതെ, നാട്ടുകാര്‍ അടിച്ചുറപ്പിച്ചു തന്നെ പറഞ്ഞു,
"രായപ്പണ്ണന്‍ മലയാളം മറന്നു"


പിറ്റേദിവസം തന്നെ രായപ്പയണ്ണന്‍ ഒരു 'സെക്കനാന്റ്‌' ചവര്‍ലെറ്റ്‌ (ഷവര്‍ലേ) കാറുവാങ്ങി. അന്നു വൈകുന്നേരം തന്നെ ത്രീ പീസ്‌ കോട്ടും അണിഞ്ഞ്‌ എക്സ്റ്റ്രാ ഫിറ്റിംഗ്‌ അല്ലാത്ത കണ്ണടയും വച്ച്‌ ഭാര്യയും ഒത്ത്‌ സിറ്റിയിലേക്ക്‌ പോയി. ആദ്യം പത്മനാഭസ്വാമിക്ഷേത്രത്തിലും പിന്നെ ആറ്റുകാല്‍ അമ്പലത്തിലും. അതുകഴിഞ്ഞ്‌ മസ്കറ്റ്‌ ഹോട്ടലില്‍ ഒരു ചായകുടി.

അതു കഴിഞ്ഞു നേരേ പോയത്‌ നോക്കിയയുടെ ഷോറൂമിലേക്ക്‌ ആണ്‌. ഗമ ഒട്ടും കുറയ്ക്കാതെ ഭാര്യയുടെ കൈ പിടിച്ച്‌ അയാള്‍ ആ ഷോപ്പിലേക്ക്‌ കയറി. സെക്കൂരിറ്റിക്കാരന്‍ ഭയ ഭക്തി ബഹുമാനത്തോടെ വാതില്‍ തുറന്നു. ഷോഫര്‍ ഡ്രിവണ്‍ ഷവര്‍ലേയില്‍ വന്നിറങ്ങിയ കോട്ടും സൂട്ടും ഇട്ട കസ്റ്റമറെ കണ്ട്‌ ഫുള്‍സ്ലീവും ടൈയും കെട്ടിയ സെയില്‍സ്മാന്‍ ഓടി വന്നു.
"സര്‍ മേ ഐ ഹെല്‍പ്പ്‌ യൂ?"
രായപ്പയണ്ണന്‍ കോട്ടിന്റെ പോക്കറ്റില്‍ നിന്നും തന്റെ മൊബെയില്‍ ഫോണ്‍ എടുത്തു. സെയില്‍സ്‌മാന്‍ ഭക്തിയാദരവോടേ അതു വാങ്ങി. എന്നിട്ട് ചോദിച്ചു
"സര്‍ വാട്ട്‌ യൂ വാണ്‍ മീ റ്റു ടൂ സര്‍?"

അറിയാവുന്ന ഇംഗ്ലീഷ്‌ ആദ്യം രായപ്പയണ്ണന്‍ പറഞ്ഞു. ' ആച്ച്വലീ... യെസ്‌ യെസ്‌." പിന്നെ പിടിച്ചുനിലക്കാനായില്ല. മസ്കറ്റ്‌ ഹോട്ടലില്‍ പോയി ദോ ടീ, ദോ വടൈ എന്നു പറഞ്ഞപോലെ ഇവിടെ കാര്യം പറഞ്ഞു മനസിലാക്കാനാവില്ല.
ഒടുവില്‍ രായപ്പണ്ണന്‍ വാ തുറന്നു,
" എടേയ്‌ അതിന്റെ കൂട്‌ തായെ വീണ്‌ പ്വോറി പോയെടേ, അമ്മേണ. ചെല്ലക്കിളീ ഇതില്‌ ഒരു നല്ല പോതരവൊള്ള ഒരു കൂട്‌ ഇട്ട്‌ തരീ.."


വാല്‍ക്കഷണം : ഞങ്ങള്‍ ഈ നാട്ടുകാരുടെ നാവ്‌, പതിറ്റാണ്ടുകാലം മറ്റേതു ഭാഷയില്‍ ഉപ്പിലിട്ടാലും മുളകിലിട്ടാലും "ഇങ്ങ്‌നെ തന്നേരിക്കും, അമ്മേണ ഒള്ളതാണ്‌"


എന്നെ പോലെ ഗള്‍ഫുകാര്‍ അല്ലാത്തവര്‍ക്ക്
*"ഹാര്‍ സ്യാദാ" - ചൂട് കൂടുതലാണ്.
* “കൈഫാലക്ക്‌“ - How are you?
*റമല്‍ - മണല്‍
*കര്‍സാന - കോണ്‍ക്രീറ്റ്


(അറബ് വാക്കുകള്‍ പറഞ്ഞുതന്ന ഗള്‍ഫന്മാര്‍ക്ക് നന്ദി)

Wednesday, June 07, 2006

പുകച്ചുരുളുകള്‍

"അറിഞ്ഞില്ലീ? ഗെള്‌ഫില്‍ പോയ രവിയണ്ണന്‍ തിരിച്ച് വന്ന്‌."
അതെ, ശാരദചേച്ചി കാത്തിരുന്ന രവിയണ്ണന്‍ വന്നു.
ഒരു തിങ്കളാഴ്ചയുടെ ശാന്തതയ്ക്ക്‌ മുകളിലൊരു പിരിമുറുക്കത്തിന്റെ കുളിരില്ലാക്കാറ്റുപോലെ ഈ വാര്‍ത്ത പരന്നു.

"ഒറ്റയ്ക്കാണോ വന്നത്‌?"

വാര്‍ത്ത കേള്‍ക്കുമ്പോള്‍ നാടുമുഴുവന്‍ ആകാക്ഷയോടെ ചോദിക്കേണ്ടതാണ്‌ ഈ ചോദ്യം.
പക്ഷെ ആരും ചോദിക്കാതെ അതും കാറ്റിനൊപ്പം അലഞ്ഞു. ഇടവഴിയില്‍, വേലിക്കരുകില്‍, മേലാംകോട്‌ ഏലായില്‍, ഒക്കെ ആ ചോദ്യം വിമ്മിഷ്ടപ്പെട്ട്‌ കിടന്നു.

സുധാകരയണ്ണനാണ്‌ അത്‌ പറഞ്ഞത്‌, "എടേയ്‌ അവയ്‌ പെണ്ണും കെട്ടികൊച്ചിനേം കൊണ്ടാണ്‌ വന്നത്‌"
"നീ ചുമ്മാ ഇല്ലാത്തത്‌ ഒണ്ടാക്കി പറയല്ലേ സുധാരാ" പ്രഭാകരന്‍പിള്ള എതിര്‍ത്തു.
"എടേയ്‌ പ്രവാരാ രാവിലെ അവന്റെ തള്ള ഇവ്‌ടെ വന്നിരിന്ന് അവന്റെ പിള്ളരിക്ക്‌ രണ്ട്‌ വാഴക്കേപ്പവും വാങ്ങിച്ചോണ്ടല്ലീ അവര്‌ പോയത്‌. അവരല്ലീ പറഞ്ഞത്‌ എന്റൂടെ. ഞായ്‌ എന്തരിനു ഒണ്ടാക്കി പറയിനത്‌" സുധാകരയണ്ണന്‍ തറപ്പിച്ചു പറഞ്ഞു.
വാര്‍ത്ത കേട്ടവര്‍ അവിടെ തരിച്ചിരുന്നു. അവര്‍ അങ്ങനെ സുധാകരയണ്ണന്റെ ചായക്കടയില്‍ തരിച്ചിരിക്കുമ്പോള്‍ വാര്‍ത്ത ഒരു മിന്നായം പൊലെ പാഞ്ഞുപോയി. അതു നാടുമുഴുവന്‍ ഞെട്ടലിന്റെ ഇടിമുഴക്കി, പ്രതിക്ഷേധത്തിന്റെ തീ കത്തിച്ചു.

നാട്ടുകാരില്‍ ചോരതിളച്ചവരില്‍ ചിലര്‍ രവിയണ്ണന്റെ വീട്ടിലേക്ക്‌ ഒന്നു പോകുന്നതിനെക്കുറിച്ച്‌ ആഴത്തില്‍ ചര്‍ച്ച ചെയ്തു.
"നമ്മടെ ചാരദയോട്‌ കാത്തിരിക്കാന്‍ പറഞ്ഞിറ്റ്‌ അവയ്‌ എന്തരിനു ഈ മറ്റേപ്പണി കാണിച്ചത്‌" എരപ്പന്‍ ദിവാകരയണ്ണന്റെ ചോരതിളച്ചു.
വര്‍ഷാപ്പ്‌ മുരളി തിളച്ച ചോരയില്‍ വീണ്ടും തീ വച്ചു."ഇത്‌ ചോദിച്ചില്ലെങ്കി നമ്മളെന്തരിനെടേയ്‌ അവളെ നാട്ട്‌ കാരെന്നും പറഞ്ഞോണ്ടിരിക്കിനത്‌"

സുധാകരയണ്ണന്റെ കടയില്‍ നിന്നിറങ്ങിയവര്‍ രവിയണ്ണന്റെ വീട്ടിലേക്ക്‌ നടന്നു. വഴിയരുകില്‍ കഥയറിഞ്ഞവര്‍ വഴിയരുകുവിട്ട്‌ ഈ കൂട്ടത്തോടൊപ്പം നടന്നു. കൂട്ടം വലുതായി. അതൊരുസംഘമായി. അതിനു വേഗത കൈവന്നു.
മേലേതടത്തിനരുകില്‍ രണ്ടാമത്തെ വളവുതിരിഞ്ഞുവരുന്നു കണ്ണന്‍ കോവി. കഥയൊന്നും കേള്‍ക്കാന്‍ നിന്നില്ല ഗോപി, അവരൊട്ട്‌ പറയാനും. പതിവുപോലെ ബുദ്ധിമുട്ടി ഗോപി യൂ ടേണ്‍ അടിച്ചു സംഘത്തിനൊപ്പം നടന്നു. പുരുഷാരത്തിന്റെ വേഗത്തിനനുസരിച്ചു നടക്കാന്‍ ഗോപിയുടെ ഉള്ളില്‍ തിരയിളക്കുന്ന മദ്യം അദ്ദേഹത്തെ അനുവദിച്ചില്ല. ഗോപി ഇടത്തോട്ടും വലത്തോട്ടും തെറിച്ചുകൊണ്ടിരുന്നു, വേഗത്തില്‍ ഓടുന്ന സംഘത്തിനു ആടുന്ന ഒരു വാല്‍ എന്ന പോലെ. പുഷ്പാംഗദയണ്ണന്റെ കള്ളുഷാപ്പിനടുത്ത്‌ എത്തിയപ്പോള്‍ ആ വാല്‍ മുറിഞ്ഞു ഇടത്തേക്ക്‌ മാറി. 'ഗോപിവാല്‍' ഇല്ലാതെ സംഘം രവിയണ്ണന്റെ വീടിന്റെ അടുത്തെത്തി. ആടുന്ന വാല്‍ പോയാലെന്താ അവര്‍ക്ക്‌ അവിടെ നിന്നും ഒരു നല്ല ഉറപ്പുള്ള തലകിട്ടി. ആറുമുഖന്‍ ചെട്ടി, റിട്ടയേര്‍ഡ്‌ 'കാണ്‍സ്റ്റബിള്‍'.

പാടത്തേക്കുള്ള ഒരു ഇറക്കത്തിലാണ്‌ രവിയണ്ണന്റെ വീട്‌. മണ്‍കട്ടകെട്ടിയ വീട്ടില്‍ വര്‍ഷങ്ങളായി കമലമ്മയക്കന്‍ ഒറ്റയ്ക്കായിരുന്നു താമസം.
വീടിന്റെ വാതില്‍ക്കല്‍ പാടത്തേക്ക്‌ നോക്കി, വെളുത്ത പെറ്റിക്കോട്ട്‌ ഇട്ട ഒരു കൊച്ചു പെണ്‍കുട്ടി ഇരിക്കുന്നു.

നാട്ടുക്കൂട്ടത്തെ കണ്ടതും "ദേ ആരാണ്ടും വന്നിരിക്കണു" എന്നു പറഞ്ഞവള്‍ അകത്തേക്ക്‌ ഓടി.
അവളുടെ ആക്സന്റ്‌ കേട്ട്‌ പുരുഷാരം ഒന്ന് അമ്പരന്നു.

അവരുടെ കണ്ണുകള്‍ അവിടെ മുറ്റത്ത്‌ ഫോറിന്‍ മിഠായികളുടെ കവറുകള്‍ ഒട്ടിക്കിടക്കുന്നോ എന്ന് തിരഞ്ഞു. അവരുടെ മൂക്ക്‌ ബ്രൂട്ടിന്റെ രൂക്ഷഗന്ധത്തിനായി തപ്പുന്നു. കാതുകള്‍ കാസറ്റ്‌ റിക്കോര്‍ഡറില്‍ നിന്നുള്ള ഗാനത്തിനായി വട്ടം പിടിക്കുന്നു.

അവരുടെ മുന്നില്‍ രവിയണ്ണന്‍.
കഷണ്ടികയറി നശിപ്പിച്ച തല. നരകയറിയ മീശ. കാഴ്ച മടുപ്പിക്കുന്ന വസൂരിക്കലകള്‍. കുഴിയിലേക്ക്‌ ആണ്ടുപോയ കണ്ണുകള്‍. അതിനുള്ളിലെ കറുത്ത ഗോളത്തില്‍ ഒളിപ്പിച്ചുവച്ച ദൈന്യത.
അതിനെയും ഒളിപ്പിച്ച്‌ വച്ച്‌ രവിയണ്ണന്‍ ചിരിച്ചു.

സംഘത്തിലെ യുവ ജനത ഓര്‍ത്തു, തങ്ങള്‍ അന്നു ആരാധനയോടെ കണ്ടിരുന്ന കട്ടമീശ, ചീകി ഒതുക്കിയ ചുരുണ്ട മുടി. സിന്തോള്‍ സോപ്പിന്റെ മണം. സൂപ്പര്‍ വൈറ്റ്‌ മുക്കിയ വലിയ കരമുണ്ട്‌. അതിങ്ങനെ അരയിലെക്ക്‌ മടക്കി ഉടുത്ത്‌ കീഴേവീട്ടുനടയിലെ കയറ്റം കയറിവരുന്ന രവിയണ്ണന്‍.

അതെ, എല്ലാം ഒളിപ്പിച്ച്‌ വച്ച്‌ രവിയണ്ണന്‍ ചിരിച്ചു.
"എന്താ എല്ലാവരും അവിടെ നിന്നുകളഞ്ഞത്‌ അകത്തേയ്ക്ക്‌ ഇരിക്കിന്‍" രവിയണ്ണന്റെ ഭാഷയിലും മാറ്റം. ചിലര്‍ പരസ്പരം മുഖത്തോട്‌ മുഖം നോക്കി. പിന്നാം പുറത്തുനിന്നും ആടിനു കൊടുക്കാനുള്ള കാടിയുമായി കനകമ്മയക്കന്‍ വന്നു. പുരുഷാരം കണ്ട്‌ അവര്‍ വാ പൊളിച്ചു.

സംഘം ആറുമുഖം ചെട്ടി എന്ന തലയിലേക്ക്‌ നോക്കി. ആറുമുഖംചെട്ടി ഒരു സ്റ്റെപ്പ്‌ മുന്നോട്ട്‌ വന്നു. പിന്നെ ആധികാരികമായി പറഞ്ഞു.
"ഞങ്ങള്‌ പരിചയം പുതുക്കാനക്കൊണ്ട്‌ വന്നതല്ല. വളച്ച്‌ കെട്ടില്ലാതെ പറയാം. നിന്നെ കാത്ത്‌ വൊരു പെണ്ണ്‌ വര്‍ഷങ്ങളായി ഇവടെ ഇരിക്കേര്‌ന്ന്‌. നെനക്ക്‌ വോര്‍മ്മ ഒണ്ടാന്നറിഞ്ഞൂട. ചാരദ. കെഴക്കേപണയിലെ ചാരദ. നീ വന്ന് അവള കെട്ടും എന്നും നിരുവിച്ച്‌ അവള്‌ ഇവടെ കെടന്ന് തീ തിന്നേര്‌ന്ന്. അത്‌ നെനക്ക്‌ അറിയാമോ?" ആറുമുഖംചെട്ടി ഒന്നു നിര്‍ത്തി.
ബാക്കി എല്ലാവരേയും ഒന്നു നോക്കി, താന്‍ പറഞ്ഞതെല്ലം പെര്‍ഫെക്റ്റ്‌ ആണെന്നു ഉറപ്പുവരുത്തി. പിന്നെ തുടര്‍ന്നു
"എന്നിറ്റ്‌ നീ ഗെളുഫീന്ന് വേറേ പെണ്ണും കെട്ടി കൊച്ചുങ്ങളുമായി സുഖിക്കേരിന്ന് അല്ലീ"
പറയുമ്പോള്‍ ആറുമുഖംചെട്ടിയുടെ ചീര്‍ത്ത കണ്ണുകള്‍ വാതിലിനുള്ളിലൂടെ അകത്തേക്ക്‌ അറിയാതെ പാളിപ്പോകും.
രവിയണ്ണന്‍ മുറ്റത്തേക്കിറങ്ങിവന്ന് ചെട്ടിയുടെ കൈപിടിച്ച്‌ അകത്തേക്ക്‌ ഇരുത്തി.
രവിയണ്ണന്‍ തന്റെ കഥ പറഞ്ഞുതുടങ്ങി.
ഗള്‍ഫിലേക്കെന്നു പറഞ്ഞു പോയിട്ട്‌ ബോംബൈയില്‍ യാത്ര നിന്നതും അവിടെ കിടന്നു കഷ്ടപ്പെട്ടതും വസൂരി പിടിപെട്ടപ്പോള്‍ നാട്ടിലേക്ക്‌ കള്ളവണ്ടി കയറിയതും, തിണര്‍ത്തുപൊട്ടലില്‍, തിളച്ചു പൊന്തലില്‍ യാത്ര പാലക്കാടെത്തിയതും.
കഥ കേട്ടു നിന്നവരില്‍‍ ചിലരൊക്കെ വരാന്തയുടെ അരികില്‍ ഇരുന്നു.

രവിയണ്ണന്റെ കഥ കഴിഞ്ഞില്ല. അവിടെ പരിചയപ്പെട്ട മാതുമുത്തനൊപ്പം ഇഷ്ടികക്കളത്തിലെ പണി. മാതുമുത്തന്‍ മരിച്ചപ്പോള്‍ അയാളുടെ അന്ധയായ മകളെയും ഒപ്പം കൂട്ടേണ്ടിവന്നു. അവളുടെ ജീവിതത്തില്‍ വെളിച്ചവും അവന്റെ ജീവിതതില്‍ ഇരുട്ടും കടന്നുവന്നു.
കഥപറയലിന്റെ ഒരു തിരിവില്‍ രവിയണ്ണന്‍ മിണ്ടാതെ ഇരുന്നു കുറേനേരം.
വാതില്‍ക്കല്‍ ആ പെണ്‍കുട്ടിവന്നു. അവളുടെ തോളില്‍ കൈവച്ച്‌ രവിയണ്ണന്റെ ഭാര്യയും വന്നു.
അവരുടെ കൃഷ്ണമണികള്‍ കണ്ണിന്റെ പൊയ്കയില്‍ ചത്തു മലര്‍ന്നു കിടന്നു. അവര്‍ അനന്തയില്‍ നോക്കാതെ നോക്കി ചിരിച്ചു.

ആരും ഒന്നും മിണ്ടിയില്ല. ഇളകി മറിഞ്ഞുവന്ന സമുദ്രം ഒരു പൊട്ടക്കണ്ണിന്റെ വറ്റിയ കുഴിക്കരുകില്‍ നിശ്ചലമായി നിന്നു. ആദ്യം ആറുമുഖന്‍ ചെട്ടി എണിറ്റു. ഇരുന്നവരൊക്കെ ഒരോരുത്തരായി എണീറ്റു.
അവസാനം പടിയിറങ്ങിയത്‌ അസനാര്‌ ആയിരുന്നു. ഇറങ്ങുമ്പോള്‍ അയാളുടെ മടിക്കുത്തില്‍ പത്രക്കടലാസില്‍ പൊതിഞ്ഞുവച്ചിരുന്നതില്‍ നിന്നും ഒരു പാരീസ്‌ മിഠായി ഏടുത്ത്‌ ആ കുട്ടിക്ക്‌ കൊടുത്തു. അവള്‍ രവിയണ്ണനെ നോക്കി. എന്നിട്ട്‌ ആ മിഠായി വാങ്ങി. അവള്‍ അത്‌ പോളിച്ച്‌ വായിലേക്കുവച്ചു. ഒരു നിയമത്തിന്റെ തുടര്‍ച്ചപോലെ അതിന്റെ പ്ലാസ്റ്റിക്‌ പേപ്പര്‍ മുറ്റത്തേയ്ക്ക് എറിഞ്ഞു. പാടത്തുനിന്നും വന്നകാറ്റില്‍ അത് പറന്നു പറന്ന് എവിടേയ്ക്കൊ മറഞ്ഞു.

അധികം അകലെയല്ലാത്ത ഒരു അംഗന്‍വാടി. അതിന്റെ പിന്നിലെ ചായ്പ്പില്‍ ഉപ്പുമാവ്‌ വേവുന്ന അടുപ്പില്‍ തീകെട്ടു. പുകഉയര്‍ന്നു. പുകചുറ്റി. പുകയുടെ നീറ്റലില്‍ രണ്ടു കണ്ണുകള്‍ നിറഞ്ഞുകിടന്നു.

(ചില കഥാപാത്രങ്ങളെക്കുറിച്ചറിയാന്‍ നിറം മാറിക്കിടക്കുന്ന അതാത് ലിങ്കില്‍ ക്ലിക്ക് ചെയ്യുക.)