Tuesday, July 24, 2007

..ഹോ.. ഹോ.. ജവഹര് ലാല്‍...

( പഴയകാലത്ത് കണ്ട ചില ജീവിതങ്ങൾ ഒരു കഥയുടെ പതിവു പൈങ്കിളിചിറകടിയോടെ.. എന്ന ജാമ്യം സമർപ്പയാമി :)

“..ഇന്ത്യന്‍ മണ്ണില്‍ കാലമുയര്‍ത്തിയ രണ്ടാം താജ് മഹാൽ
ഹോ ഹോ ജവഹർ ലാൽ
‍ഹോ ഹോ ജവഹർ ലാൽ..”

ജയചന്ദ്രന്റെ ഓര്‍മ്മ പിന്നെയും ആ വേദിയിൽ കുറെ നേരം കൂടി കുരുങ്ങിക്കിടന്നു. ജയചന്ദ്രൻ ഇപ്പോൾ ആ സ്റ്റേജിലെ സൈഡിലെ കര്‍ട്ടന്‍ ചെറുതായി വകഞ്ഞുമാറ്റി ആ സംഘഗാനം കേള്‍ക്കുകയാണ്. പതിവുപോലെ ജെസ്സി തന്നെയാണ് ഹൈ പിച്ചില്‍ ലീഡ് പാടുന്നത്. കഴിഞ്ഞവർഷവും ജില്ലാതലത്തിലെ യുവജനോത്സവത്തിൽ സംഘഗാനത്തിനു സ്കൂളിനു ഒന്നാം സമ്മാനം കിട്ടിയത് ഈ പാട്ടിനുതന്നെയാണ്. ഇത്തവണയും കിട്ടിയേക്കും എന്ന് അവനു അപ്പോൾ തോന്നി.

കണ്ണുനീരിൻ യമുനയ്ക്കരുകില്‍ കാലമുയര്‍ത്തിയ താജ് മഹാൽ
‍ഹോ ഹോ ജവഹർ ലാൽ
‍ഹോ ഹോ ജവഹര് ലാൽ
ജവഹർലാൽ
ജവഹർ ലാൽ.. അതിങ്ങനെ താഴ്ത്തിപ്പാടിയപ്പോൾ ജെസ്സിയുടെ നോട്ടം സൈഡിലെ കര്‍ട്ടന്റെ അരികിലേക്ക് ഒന്നു പാളി. അവനു സന്തോഷമായി.

ഓര്‍മ്മയിൽ നിന്നും പിടിവിടുമ്പോൾ, സ്കൂള്‍ കാലം വിട്ടുവരാന്‍ മടിച്ചുനില്‍ക്കുമ്പോൾ ജംഗ്ഷനിലെ തിരിവും കടന്ന് ജെസ്സി മറഞ്ഞു കഴിഞ്ഞു. അവളുടെ കടുത്ത പച്ചനിറമുള്ള സാരി മാത്രം കണ്ണിൽ. മനസിൽ അവനറിയാതെ മൂളുന്ന “വോ ഹോ ജവഹര് ലാലും”

“എന്തരാണെടെയ് ജെയാ, പഴയ കേസ് പൊടിതട്ടി എടുക്കാൻ വല്ല പരിപാടിയും ഒണ്ടാ? നിവർത്തിയിട്ട പാന്റിന്റെ തുണിയിൽ പതിഞ്ഞ ചോക്കുകൊണ്ട് ഷേപ്പ് വരച്ചിടുമ്പോള്‍ പ്രതീപ് ചോദിച്ചു.
“ഏയ്.. ഞാൻ അവളുടെ പണ്ടത്തെ പാട്ട് ആലോചിക്കേരുന്നു. ഇപ്പൊ പാട്ടുപരിപാടി ഒന്നുമില്ലേ അവൾക്ക്?“

“ഇപ്പം പാട്ടില്ല. പരിപാടി കാര്യമായിറ്റ് ഒണ്ടെന്നാണ് കേക്കണത്” പ്രതീപ് അര്‍ഥഗര്‍ഭമായി ചിരിച്ചു.

“ഇവളുടെ കല്യാണം ഒന്നും കഴിഞ്ഞില്ലീ ഇതുവരെ? ഇവളിപ്പം എവിടേണ്?“

“താമസമൊക്കെ പഴേസ്ഥലത്ത് തന്നെ. അവക്കിപ്പം എന്നും കല്യാണം തന്നെ. ആകെ ഒണ്ടായിരുന്ന തള്ള ചത്തത് ഇന്നാളാണ്. അതോടെ കാര്യങ്ങള് ലൈസന്‍സോടെ ആയി. പക്ഷെ ഇപ്പം നന്നായിറ്റ് ഒന്ന് ഒടഞ്ഞിറ്റൊണ്ട്. സിറ്റിയില് നല്ല ആഫറാണെന്നാണ് പയലുകള് പറയണത്.”

“ഉം. ഞാൻ എറങ്ങണെടെ പ്രതീപെ.. നിന്റെ പണീം നടക്കട്ട്”
പലകപ്പടികളിൽ ജയചന്ദ്രന്റെ കാല്‍പ്പാടുകൾ ഇറങ്ങിപോകുന്ന ശബ്ദം താഴ്ന്നു തുടങ്ങിയപ്പോൾ പ്രതീപ് ഓര്‍ത്തത് ജയന്റെ സംസാരത്തിലുണ്ടായ താളമാറ്റമാണ്. നാടുവിട്ടവര്‍ക്കെല്ലാം തിരികെവരുമ്പോൾ ഒരു പ്രത്യേക മണവും സംസാരരീതികളുമാണ്. അളക്കാനുള്ള ടേയ്പ്പ് കഴുത്തിലേക്ക് ഇട്ടിട്ട് അവന്‍ കത്രിക കയ്യിലെടുത്തു.

***

“ഇന്നെന്തുപറ്റി ന്യാരത്തെ? കമ്പനികളൊന്നുമില്ലീ മുക്കില്‍?” ലീവിനുവന്നിട്ട് ആദ്യമായാണ് സന്ധ്യകഴിഞ്ഞപ്പോൾ തന്നെ വീട്ടിൽ തിരികെ എത്തുന്നത് എന്ന കാര്യം അവൻ അപ്പോഴാണ് ശ്രദ്ധിച്ചത്. വീടിന്റെ വടക്കുവശത്ത് ഇറക്കികെട്ടിയ മുറിയിലേക്ക് കയറുമ്പോള്‍ ജയൻ ഉത്തരമായി വെറുതെ ഒന്നു മൂളുകമാത്രം ചെയ്തു. കട്ടിലിൽ കിടക്കുമ്പോൾ എവിടെ നിന്നോ ഓടിവന്നതു പോലെ ആ പാട്ട്.

ഇന്ത്യൻ മണ്ണിൽ കാലമുയര്‍ത്തിയ രണ്ടാം താജ് മഹാൽ..
അവൻ വെറുതെ അതു മൂളി. ജെസ്സിയായിരുന്നു അന്നു സ്കൂളിലെ നല്ല പാട്ടുകാരി. ലളിതഗാനത്തിനും സംഘഗാനത്തിനും അവൾ തന്നെയായിരുന്നു 3 വര്‍ഷവും തുടര്‍ച്ചയായി സ്കൂൾ
യുവജനോത്സവത്തിൽ സമ്മാനം വാങ്ങുക. ലളിതഗാനത്തിൽ എല്ലയ്പ്പോഴും കിട്ടിയില്ലെങ്കിലും അവൾ നയിക്കുന്ന സംഘഗാനം ജില്ലാ തലത്തില രണ്ടുവർഷവും ഒന്നാമതായിരുന്നു. പത്താം തരത്തിൽ പഠിക്കുമ്പോൾ ജില്ലാതലത്തിൽ മത്സരിക്കാൻ പോകുന്ന കുട്ടികളുടെ സംഘത്തിൽ കയറിക്കൂടാൻ അവന്റെ കവിതകൾക്കും കഴിഞ്ഞിരുന്നു.

“ഓടി നടന്ന പൈക്കളും ഒരു കുടന്നപ്പൂവും
ഒടുവിലായ് നീയും
ഒന്നൊഴിയാതെ പടിയിറങ്ങിപ്പോയ്
കരിന്തിരികത്തും വിളക്കില്‍
പുകയുടെ നാമ്പുയരും രാവിൽ
കാറ്റിനായ് ഞാനാ ജാലകം തുറന്നിട്ടു,
കണ്ടില്ല നിന്റെ നിഴലുപോലും..”

അന്നെഴുതിയ കവിതയുടെ ചിലവരികൾ ഇടയ്ക്കൊക്കെ ഒരു അറിയാതെ മനസിൽ വരും. പക്ഷെ അതിനെ ചുറ്റി വരുന്ന മറ്റു ചിലതിന്റെ ഓര്‍മ്മകൾ പുകപോലെ ചുറ്റുമ്പോൾ അവൻ ആ ഓര്‍മ്മകളെ പോലും വെറുക്കും. മനസിലിട്ട് കൊല്ലും. പക്ഷെ ഇന്ന് ജയന്‍ ഓർത്തു. പച്ചയും വെള്ളയുമാണ് ജെസ്സിയുടെ നിറം. അതായിരുന്നു അവരുടെ സ്കൂളിലെ എല്ലാ പെണ്‍കുട്ടികളുടേയും നിറം. അതിൽ അവൻ ജെസ്സിയെ വേർതിരിച്ചു കണ്ടിരുന്നത് അവളുടെ ചിരിയാണ്. ചിരിയിൽ അവൻ വേർതിരിച്ച് കണ്ടിരുന്നത് നിരതെറ്റി നിൽക്കുന്ന ഒരു പല്ലാണ്. അത് അവനെ ഒരുപാട് സന്തോഷിപ്പിച്ചിരുന്നു, മത്തുപിടിപ്പിച്ചിരുന്നു. ഒരു ദിവസം രാവിലെ അവർ രണ്ടാളും മാത്രം നേരത്തെ ക്ലാസിൽ എത്തിയ ദിവസം അവന്‍ ചോദിച്ചു, ഞാൻ ആ പല്ലിലൊന്നു തൊട്ടോട്ടേ എന്ന്. അവള്‍ ചിരിച്ചുകൊണ്ട് സമ്മതിച്ചു. ആ ചിരിയണയാതെ തന്നെ അവൾ നിന്നു. അവൻ ചൂണ്ടുവിരൽ കൊണ്ട് ആ പല്ലിൽ തൊട്ടു. പെട്ടന്നെ കൈ തിരികെ എടുത്തു. രണ്ടുപേരും ചിരിച്ചു.

പതിവുപോലെയുള്ള ക്ലാസ്. പക്ഷെ അന്നവർ പതിവു തെറ്റിച്ച് ഒരു കാര്യം കൂടി ചെയ്തു. ഒരുകാര്യവും ഇല്ലാതെ ഒരുപാടുതവണ പരസ്പരം നോക്കി.

“ജയചന്ദ്രന്‍ സീക്കേ.. ഇവിടെ ശ്രദ്ധിച്ചിരിക്കു.” കവിളില്‍ വന്നു കൊണ്ട ഒരു കഷണം ചോക്ക് നോട്ടത്തിന്റെ തരംഗങ്ങളെ തൽക്കാലത്തേക്ക് മുറിച്ചു. ക്ലാസില്‍ ശ്രദ്ധിക്കാത്തതിന് നാഗപ്പന്‍ സാർ ചിരിച്ചുകൊണ്ടൊരു വാണിങ്ങ് നോട്ടം അവനു കൊടുത്തു. പിന്നെ ഒരുപാടു ക്ലാസുകളില്‍ ഒരുപാടു നോട്ടങ്ങൾ ഒരുപാട് തരംഗവേഗങ്ങളിൽ സഞ്ചരിച്ചു, ഒരു ചോക്കു കഷണത്തിനും പിടികൊടുക്കാതെ.

എന്നും തിരിച്ചു വീട്ടിലേക്ക് പോകുന്ന കൂട്ടങ്ങളിൽ നിന്നും അവർ മാത്രം മനപൂർവ്വം മാറി തുടങ്ങി. പകുതിയോളം ദൂരം അവരൊന്നിച്ചായിരുന്നു യാത്ര, ഒരുദിവസം ചീലാന്തിമുടുക്കിൽ എത്തിയപ്പോൾ, മുന്നിലും പിന്നിലും ആളില്ലാ എന്ന് ഉറപ്പുവരുത്തി അവൻ അവളുടെ ഇടതു കൈക്കു പിടിച്ചു. അവൾ ആ കൈ തട്ടിയില്ല. അവനെ ഒന്നു നോക്കുകമാത്രം ചെയ്തു. അവൻ പെട്ടന്ന് കൈ എടുത്തു. എപ്പോഴോ അതുപിന്നെ പതിവായി. വളർന്നു പന്തലിച്ചു കിടക്കുന്ന ചീലാന്തികളുടെ ഇടയിലൂടെ ഉള്ള വഴിയിൽ അവന്റെ കൈകൾ അവളുടെ വിരലിന്റെ തണുപ്പ് ഒരുപാടുതവണ അറിഞ്ഞു. അവളുടെ ആര്‍ദ്രമായ നോട്ടം അവനുമറിഞ്ഞു. ചീലാന്തിപ്പടര്‍പ്പുകൾ ഇതു രണ്ടും അറിഞ്ഞു. ആ അറിവിനു മറപിടിക്കാനെന്നവണ്ണം ചീലാന്തികള്‍ ഒരു നിമിഷം അവർക്കു വേണ്ടി നിശബ്ദമായി നിന്നുകൊടുത്തു.
.....

ജയചന്ദ്രൻ കട്ടിലിന്റെ അടിയിലെ ബാഗില്‍ നിന്നും വിദേശമദ്യത്തിന്റെ ഒരു കുപ്പി വലിച്ചെടുത്തു. കൂട്ടുകാർക്ക് കൊടുക്കാൻ ക്യാന്റീനിൽ നിന്നും വാങ്ങിക്കൊണ്ടുവന്നതിൽ ഒന്നാണത്. അതു പൊട്ടിച്ച് മേശപ്പുറത്തിരുന്ന ഗ്ലാസിന്റെ പകുതിയോളം ഒഴിച്ചു കൂജയിൽ നിന്നും തണുത്ത വെള്ളവും അല്പം ഒഴിച്ച് ഒറ്റവലിക്ക് കുടിച്ചു. എന്നിട്ട് കണ്ണുതുറന്നപ്പോഴാണ് അയാള്‍ തിരിച്ചറിഞ്ഞത്, ഒറ്റവലിക്കടിച്ചാൽ താന്‍ കണ്ണടയ്ക്കാറുണ്ടെന്ന്. തലയിൽ എവിടെയോ എന്തോ ഒന്നു വന്നു തുടങ്ങി. അവനു അതിനെ ഒന്നുകൂടി കൊഴുപ്പിക്കാൻ തോന്നി. ഒരു പെഗ് കൂടി ഒഴിച്ചു. കുറച്ചുമാത്രം വെള്ളം ഒഴിച്ചു. പക്ഷെ ഇത്തവണ രണ്ടായിട്ടാണ് വലിച്ചത്. എന്നിട്ട് കട്ടിലിലേക്കിരുന്നു. പത്താൻകോട്ടിലെ തണുപ്പിൽ പോലും രണ്ടെണ്ണം അടിച്ചാൽ വേഗം ഫിറ്റാകുന്നവൻ ആണ് താൻ എന്ന് അവനോർത്തു.
പക്ഷെ അത്തരത്തിൽ ഒരു ഭാരക്കുറവ് അവനു കിട്ടിത്തുടങ്ങിയത് കട്ടിലിലേക്ക് ചായ്ഞ്ഞപ്പോളാ‍ണ്.

ഹോ ഹോ ജവഹർ ലാൽ.. ഹോ ഹോ ജവഹർ ലാൽ..
എന്തുകഷ്ടമാണ്. ഈ പാട്ടെന്തിനു ഇപ്പോൾ ഇവിടെ വരുന്നു? അവൻ കിടക്കയിൽ കൈ മുറുക്കി ഇടിച്ചു. എന്നിട്ടും ജവഹർ ലാൽ അവന്റെ ഉള്ളിൽ കിടന്നു കറങ്ങി. ആ പാട്ടുകേൾക്കുമ്പോളൊക്കെ വെളുത്ത തൊപ്പി വച്ച് ഉടുപ്പിന്റെ കീശയിൽ റോസാപൂവും തിരുകി പിന്നിൽ കൈ കെട്ടി നില്‍ക്കുന്ന നെഹൃ അവന്റെ മനസിൽ വരും. ആ കിടപ്പിൽ അവന്‍ ആ നില്‍പ്പ് ഒന്നുകൂടി സങ്കല്‍പ്പിച്ചു. വെളുത്ത നിറവും പൂവും തൊപ്പിയും എല്ലാം സാവധാനം പച്ചയോട് ചേർന്ന് പച്ചയും വെള്ളയുമായി. തണുത്ത വിരലുകളായി. ആർദ്രമായ നോട്ടങ്ങളായി.

സംഘഗാനം അവസാന ദിനമാണ് സാധരണ നടക്കാറുള്ളത്. അതു കഴിഞ്ഞാൽ സമാപനചടങ്ങ്. പിറ്റേന്ന് രാവിലെ തിരിച്ച് പുറപ്പെടും. എല്ലാവരും താമസിച്ചിരുന്നത് പതിവുപോലെ ആ സ്കൂളില്‍ തന്നെ. പെൺകുട്ടികളും ആൺകുട്ടികളും ഒരു ഗ്രൌണ്ടിനു എതിരേയുള്ള കെട്ടിടങ്ങളില്‍. അവന്റെ സ്കൂളിനു പൊതുവേ സമ്മാനങ്ങൾ കൂടുതൽ കിട്ടിയതു കൊണ്ടാവും ടീച്ചേര്‍സും കുട്ടികളും ഒക്കെ ഗ്രൌണ്ടിന്റെ സൈഡിൽ നിന്ന് കൂട്ടമായി സംസാരിച്ചു നിന്നു. പലരുടേയും പെര്‍ഫോമന്‍സിനെ കുറിച്ചുള്ള വിലയിരുത്തലും. “ജയചന്ദ്രനു എന്തുപറ്റി? ഞങ്ങൾ ഉറപ്പായും പ്രതീക്ഷിച്ച മൂന്ന് ഒന്നാം സമ്മാനങ്ങളിൽ ഒന്നു ജയചന്ദ്രനായിരുന്നു.

എന്തുപറ്റി കുട്ടീ..? രാഗിണി ടീച്ചര്‍ അവന്റെ അടുത്തുവന്നു ചോദിച്ചു. അവൻ ഒന്നും മിണ്ടിയില്ല. സംഘഗാന സംഘത്തിലെ എല്ലാവരും രണ്ടാം തവണയും സമ്മാനം അടിച്ച സന്തോഷത്തിലാണ്. ഇരുട്ടു പരന്നു തുടങ്ങി എങ്കിലും അതിന്റെ ഇടയിലൂടെ നോട്ടത്തിന്റെ ചാട്ടുളി പാഞ്ഞു. തന്റെ കവിത സി ഗ്രേഡിലേക്ക് പോയത് അവന്‍ മറന്നു. അവന്റെ കൈകൾ തണുത്ത വിരലുകൾക്കു വേണ്ടി മോഹിച്ചു.
...

ജയചന്ദ്രൻ കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റു. ഗ്ലാസ് എടുത്തു. കുപ്പിയിലെ ബ്രാന്റി പകുതിയോളം ഒഴിച്ചു. പിന്നെ അത് നേരേ തൊണ്ടയിലേക്ക് ഒഴിച്ചു. പിന്നെ സാവധാനം കിടക്കയിലേക്കിരുന്നു. ഇരുപ്പിനേക്കാൾ വേഗത്തിൽ അവൻ കിടന്നു.
...

ആ ക്ലാസിൽ ഒപ്പം താമസിച്ചിരുന്നവർ ആരും കാണാതെ അവൻ ക്ലാസിൽ നിന്നും പുറത്തിറങ്ങി. എതിരേയുള്ള കെട്ടിടത്തിലേക്ക് നോക്കി. ജനാല വഴി അവനെ കണ്ട ജെസ്സിയും പുറത്തേക്കിറങ്ങി. അവൻ കോറിഡോറിലൂടെ നടന്നു. എതിരേ നോക്കിയപ്പോൾ അവളും അതേദിശയില്‍നടക്കുന്നു. അവൻ നടത്തയ്ക്ക് വേഗത കൂട്ടി.അവളും. വലതുവശത്തായുള്ള ബിൽഡിങ്ങ് ഇരുട്ടിലാണ്.

ഇരുട്ട്. ഇരുട്ടിൽ ജെസ്സി ചുവർ ചാരി നിന്നും. അടുത്ത ബിൽഡിങ്ങിൽ നിന്നും വരുന്ന നേരിയ പ്രകാശത്തിന്റെ ചെറിയ പാളികൾ അവളുടെ കവിളിൽ തട്ടി. അപ്പോഴാണ് അവൻ ശ്രദ്ധിച്ചത് അവൾ ചിരിക്കുകയാണ്.

“എന്തു പറ്റി നെനക്ക് സി ഗ്രേഡ് ആയിപ്പോയത്?”

“എഴുതാനുള്ള വിഷയം കേട്ടപ്പം തന്നെ എന്റെ പ്രതീക്ഷ പോയി.“
പിന്നെ അവൾ ഒന്നും മിണ്ടിയില്ല. അവനും. അവളുടെ കൈകളിലേക്ക് നീങ്ങാനൊരുങ്ങുന്ന അവന്റെ കൈകളെ അവൻ പോക്കറ്റിന്റെ തടവിലിട്ടു.

“എന്താ ഈ ചെസ്റ്റ് നമ്പര് അഴിച്ചുമാറ്റാത്തത്.? ഞാൻ മാറ്റട്ടെ?”

അവള്‍ ഒന്നും മിണ്ടിയില്ല. അവന്‍ വിറയ്ക്കുന്ന കയ്യോടെ അവളുടെ ഉടുപ്പിൽ കൊരുത്തുവച്ചിരുന്ന മൊട്ടുസൂചിയിൽ കൈവച്ചു. അതിളക്കി മാറ്റുമ്പോൾ അവൾ ഒരുപാട് അടുത്തുവരുന്നതായി അവനറിഞ്ഞു. അത് ഇളക്കി മാറ്റാതെ തന്നെ അവൻ അവളെ ചേർത്തു പിടിച്ചു. അടുത്ത ബിൽഡിങ്ങിൽ നിന്നും വരുന്ന നേരിയ പ്രകാശത്തിന്റെ ചെറിയ പാളികൾ ഇപ്പോൾ അവരുടെ രണ്ടു പേരുടെയും കവിളിൽ തട്ടുന്നു. ആ പ്രകാശത്തിൽ നിന്നും ആ രണ്ടുകവിളുകളും ഒരുമിച്ച് വഴി മാറി.

ഇരുട്ട്.

സമാപന സമ്മേളനത്തിന്റെ ശബ്ദം‍ ഉച്ചഭാഷിണിയിൽ. പക്ഷെ അവർ രണ്ടാളും അതൊന്നും കേട്ടില്ല. അവരുടെ ഉള്ളിലും ഇരുട്ടുകയറുന്നു.
ഇരുട്ട്.
ഉച്ചത്തിലുള്ള കൂക്കിവിളി

അവർ രണ്ടുപേരും അതു കേട്ടു. ഞെട്ടിമാറി. ഒരു കൂക്കിവിളി അല്ല. ഒരുപാട് കൂകലുകൾ. ആരുടെയും മുഖങ്ങൾ വ്യക്തമല്ല. ശബ്ദം മാത്രം. ഇരുട്ടുപിടിച്ച രൂപങ്ങൾ. പക്ഷെ അതിൽ പല ശബ്ദങ്ങളും രൂപങ്ങളും ഏത് ഇരുട്ടിലും താൻ തിരിച്ചറിയുന്ന തന്റെ സഹപാഠികളുടേതുതന്നെ എന്ന് മനസിലാക്കാന്‍ കഴിഞ്ഞു. ഇരുട്ടിൽ തെന്നിവന്ന വെളിച്ചത്തിൽ ജയചന്ദ്രൻ ഒന്നു കണ്ടു. ഉടുപ്പിന്റെ കുടുക്കുകൾ വലിച്ചടുപ്പിച്ച് കൂട്ടത്തെ ഭേദിച്ച് അവൾ ഓടുന്നു. കൂട്ടം കൂകലുമായി അവളുടെ പിന്നാലെ കുറച്ചുദൂരം ഓടി. അവളെ വിട്ടിട്ട് കൂവലുകൾ ഇപ്പോൾ തന്റെ നേരേയാണ് വരുന്നത്. ജയചന്ദ്രന്റെ തൊണ്ട വരണ്ടു. ഇരുട്ടുമാറി പെട്ടന്ന് പകൽ ആയതുപോലെ. പക്ഷെ കണ്ണിൽ മാത്രം ഇരുട്ടുകയറും പോലെ.
...

അയാൾ ചാടി എഴുന്നേറ്റു. കാലുകൾ നിലത്തുറയ്ക്കുന്നില്ല. പുറത്തെ വെളിച്ചം ജനലിലൂടെ അകത്തേക്ക് വരുന്നു. ലൈറ്റ് ഇടാൻ തോന്നിയില്ല. ചെവിക്കു ചുറ്റും ഇപ്പോഴും കൂകലുകൾ മുഴങ്ങുന്നു. പിന്നെ ആ ശബ്ദങ്ങൾ അകലെയാകുന്നു. അയാളുടെ കൈകൾ മേശപ്പുറത്തിരുന്ന മദ്യകുപ്പി തേടി നടന്നു. ഇരുട്ടിലതിന്റെ കഴുത്തില്‍ പിടിച്ച് എടുത്തു. നേരിട്ട് തൊണ്ടയിലേക്ക് ഒഴിച്ചു. ദാഹം തീരുവോളം ഒഴിച്ചു.

വാതിൽ പിടിച്ചടച്ച് ഇറങ്ങുമ്പോൾ, അമ്മ അവിടെ അകത്തുണ്ടോ എന്നുപോലും ശ്രദ്ധിക്കാൻ അവനു തോന്നിയില്ല. ഇരുട്ടിലേക്ക് അവൻ നടന്നു. ഒരുപാട് നടന്നവഴികളിലെന്നപോലെ അവൻ വേച്ചുവേച്ച് നടന്നു. ഓരോ കയറ്റിറക്കങ്ങളും അവനെ താളത്തിലാട്ടി നടത്തി. അവന്റെ നാവിൽ ഒരുപാട്ട് വന്ന് കുഴഞ്ഞു കുരുങ്ങി. അവൻ പാടി.

“വോ ഹോ ജവഹർ ലാൽ.. വോ ഹോ ജവഹർ ലാൽ..“

ആ പാട്ടിന്റെ ശബ്ദത്തിന്റെ കയറ്റിറക്കത്തെ കുറിച്ച് അവൻ ബോധവാനായിരുന്നില്ല. പാട്ടുപാടൽ മാത്രമായിരുന്നു അവന്റെ കര്‍മ്മം. കർമ്മത്തിനു ബോധത്തെ ഉറക്കിക്കിടത്താൻ ലഭിക്കുന്ന ഒറ്റമൂലിയാണ് മദ്യം. എതിരെ വന്നവരിൽ പലരും മങ്ങിയ വെട്ടത്തിൽ അവനെ കണ്ടു. അവന്റെ പാട്ടു കേട്ടു. പക്ഷെ ആരെയും അവൻ കണ്ടില്ല. കാലുകൾ ആടുന്ന താളത്തിൽ അത്പോകുന്ന വഴിയിലേക്ക് അവനും സഞ്ചരിച്ചു.

വാതില്‍ക്കൽ ഒരുപാടു തവണ മുട്ടി. ഒടുവിലത്തെ മുട്ടുകള്‍ കൈവീശിയുള്ള അടിയായിരുന്നു. ചുറ്റും അധികം വീടുകൾ ഇല്ല. ഉള്ളതിൽ പലതിനും പ്രകാശവും ഇല്ല. ലൈറ്റുണ്ടായിരുന്ന ഒരു വീട്ടിലെ പ്രകാശവും കെട്ടു. അടുത്ത അടിക്കു കയ്യോങ്ങുമ്പോൾ ആ വാതിൽ തുറന്നു.

ജെസ്സി. അവൾ ഉറക്കക്കണ്ണോടെ അവനെ നോക്കി. അവൾ ചിരിക്കാതിരുന്നിട്ടും അവളുടെ പല്ലുകളിലെ നിരയിൽ ഉന്തി നിൽക്കുന്ന പല്ലിന്റെ സ്ഥാനം അവനു കണ്ടുപിടിക്കാനായി. ഒരു നരച്ച നൈറ്റ് ഗൌണിൽ ഒരു വരണ്ട സ്വപ്നം പോലെ നിൽക്കുന്ന അവളെ നോക്കി അവൻ തളർന്ന ശബ്ദത്തിൽ വിളിച്ചു.

“ജെസ്സീ...”
അവൾ അവനെ ഒരു നിമിഷം നോക്കി നിന്നു. പിന്നെ അവൾ വഴിമാറി. അവൻ അകത്തേക്ക് കയറി.

“ജം‌ഗ്‌ഷനില് വച്ച് കണ്ടു നിന്നെ. ഇന്നു വയ്യുംന്നേരത്ത്. നീ ഒരു പച്ചസാരിയെക്കെ ഉടുത്തിറ്റ്”

“നീ എന്ന് വന്നത്?”

“രണ്ടൂന്നു ദെവസായി”

പിന്നെ ആരും ഒന്നും മിണ്ടിയില്ല. തമ്മിൽ കാണാത്ത കുറേ വർഷങ്ങൾ അവരുടെ മുന്നിൽ കൊഴിഞ്ഞുവീണ്ടുകൊണ്ടിരുന്നു. അവന്റെ കാൽ ക്ഷീണിച്ചു. അവൻ കൂടുതല്‍ തളർന്നു.

“എനിക്ക് എവിടേങ്കിലും ഒന്ന് കെടക്കണം.“
കട്ടിലിന്റെ അടുത്തു നിന്ന അവൾ ഒരു വശത്തേയ്ക്ക് മാറി നിന്നു. അവൻ കട്ടിലിൽ ഇരുന്നു. അവളുടെ കുപ്പായത്തിനു കുപ്പായത്തിനു കുടുക്കുകളാണോ എന്നവൻ വെറുതേ നോക്കി. ചെസ്റ്റ് നമ്പർ കുത്തിവച്ചിട്ടുണ്ടോ? അവന്റെ കണ്ണുകൾ തിരഞ്ഞു. അവന്റെ തല തളർന്നു. അവൻ അവിടെ കിടന്നു. അവളുടെ തണുത്ത വിലരുകൾ തേടി അവന്റെ കൈകൾക്ക് പോകണമെന്നുണ്ട്. പക്ഷെ അവനു അവയെ എടുത്തുയർത്താനുള്ള ശക്തി പോലും ഇല്ല. തളർന്ന ശബ്ദത്തിൽ, അബോധാവസ്ഥയിൽ അവൻ പാടി.

..ഓ ഹോ ജഹവർ ലാൽ
ഓ ഹോ ജഹവർ ലാൽ
ഓ ഹോ...

അവന്‍ പിന്നെ ഉറങ്ങി.

Thursday, July 19, 2007

കലിപ്പും പുലിയും കടിച്ചുകുടയുന്ന ഒരു ഭാഷ.

“ഹാര്‍ളിക്സിനൊപ്പം ഫ്രീ” എന്ന മുന്‍പത്തെ പോസ്റ്റില്‍ എതിരന്‍ കതിരവന്‍ എഴുതിയ കമന്റില്‍ മിമിക്രിക്കാര്‍ തിരുവനന്തപുരം ഭാഷയെ കളിയാക്കുന്നതിലുള്ള സങ്കടം രേഖപ്പെടുത്തിയിരുന്നു. അതിനുള്ള മറുപടിയായിട്ടല്ല മറിച്ച് അതില്‍ പിടിച്ചു തുടങ്ങുന്ന ഒരു കുറിപ്പായി ഇതിനെ കാണാം.


ഇന്ന് തിരുവന്തരം ഭാഷയെന്നാല്‍ “തള്ളെ കലിപ്പുകള് തന്നീ? യെവന്‍ പുലിയല്ല ക്യാട്ടാ..” എന്നിങ്ങനെ പോകുന്ന മിമിക്രിയാണ് മറ്റു ജില്ലാ വാസികള്‍ക്ക്. മിമിക്രിയും സിനിമയും ഞങ്ങളോട് ചോദിക്കാതെ ഞങ്ങളെക്കുറിച്ച് പുറത്തേക്ക് കൊടുത്തൊരു ഇമേജാണ് ഇത്.
ഒരിക്കലും ഒരു മോശം ഭാഷയല്ല തിരുവനന്തപുരം ഭാഷ. മറ്റുള്ള ദേശങ്ങളുടെ ഭാഷയെ വച്ചു നോക്കുമ്പോള്‍ ചിരിയുണര്‍ത്തുന്ന ഒരു തരം താണ ഭാഷയും അല്ല. തിരുവനന്തപുരം ഭാഷയെ അനുകരിച്ച് സംസാരിക്കുമ്പോള്‍ മറ്റുഭാഷക്കാരുടെ മുഖത്ത് ഒരു കളിയാക്കല്‍ ടോണ്‍ വരാറുണ്ട്. അത് അവര്‍ക്കു കൊടുത്തത് മിമിക്രിയും പിന്നെ രാജമാണിക്യം പോലെയുള്ള കഥാപാത്രങ്ങളുമാണ്. ആ സിനിമ കണ്ടപ്പോള്‍ ഞങ്ങളും ചിരിച്ചു രസിച്ചു (തിരുവനന്തപുരം മിമിക്രിഭാഷ കേട്ടാല്‍ ഏറ്റവും കൂടുതല്‍ ചിരിക്കുന്നതും തിരുവനന്തപുരത്തുകാര്‍ തന്നെ) പക്ഷെ അതൊരു മിമിക്രിയായി കണ്ടതുകൊണ്ടാണ് ഞങ്ങള്‍ ചിരിച്ചതെന്നു സ്വയം മനസിലാക്കുകയുംചെയ്തു.


സിനിമയും മിമിക്രിയും

സിനിമയിലെ തിരുവനന്തപുരം ഭാഷയ്ക്ക് രണ്ടു രീതിയുണ്ടായിരുന്നു. ഒറിജിനലും ഹാസ്യം കയറ്റിയ മിമിക്രിയും. തിരുവനന്തപുരത്തിന്റെ തന്നെ മക്കളായ മോഹന്‍ലാലും ജഗതിയും ഒറിജിനല്‍ തിരുവനന്തപുരം ഭാഷ വളരെ തന്മയത്തോടെ അവതരിപ്പിക്കും. മോഹന്‍ലാലിന്റെ
തിരുവനന്തപുരം ആക്സന്റ് അദ്ദേഹത്തിന്റെ തന്നെ ഒരു പ്രത്യേകതയായി ചില രംഗങ്ങളില്‍ വന്നിട്ടുണ്ട്. തിരുവനന്തപുരം ഭാഷയുടെ താളമാണ് അതിന്റെ ആകര്‍ഷണം (പ്രശസ്തമായ ചില ഉദാ: 1. ചന്ദ്രലേഖയില്‍ കയര്‍കൊണ്ട് പാന്റ് കെട്ടിവച്ചിരിക്കുന്ന ശ്രീനിവാസനോട് “എന്തര്‍ടേയ് കൊല ഒറയിലിട്ട് വച്ചിരിക്കിണാ..” എന്നോ മറ്റോ ചോദിക്കുന്ന രംഗം, 2. തേന്മാവിന്‍ കൊമ്പത്ത് എന്ന സിനിമയില്‍ വഴിതെറ്റി ഭാഷയറിയാത്ത നാട്ടില്‍ ഒരു പീടിക മുറ്റത്ത് ഇരുന്നു അവിടുത്തെ ഭാഷ പറയുന്ന സ്ത്രീയോട് “വഴീ കുത്തിയിരിക്കാതെ എഴിച്ച് പോയീ അമ്മച്ചീ” എന്നു പറയുന്ന രംഗം.)

ജഗതി വളരെ രസകരമായി അവതരിപ്പിക്കാറുണ്ട് തിരുവനന്തപുരത്തിന്റെ ഭാഷ. ധിം തരികിട തോം എന്ന ചിത്രം തന്നെയാണ് ആദ്യം മനസിലെത്തുന്ന ഉദാഹരണം. അതില്‍ അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസാണ് “വോ തന്ന തന്ന“ പക്ഷേ രാജമാണിക്യത്തില്‍ കേട്ടത് ഇതിന്റെ മിമിക്രി വെര്‍ഷന്‍ ആണ്. അതിങ്ങനെ “ഓ തെന്നെ തെന്നെ”. തിരുവനന്തപുരത്തുകാര്‍ ഒരുപാട് “തന്നെ” ഉപയോഗിക്കാറുണ്ട്. “അതേ!“ എന്ന അര്‍ത്ഥത്തില്‍. പക്ഷെ ആരും “തെന്നെ” എന്നു പറയുന്നതു കേട്ടിട്ടില്ല.
മാട്ടുപ്പെട്ടി മച്ചാന്‍ എന്ന സിനിമ ഒരു തിരുവനന്തപുരം ഭാഷപ്പടം ആണ്. അതില്‍ ജഗതിയും ഒടുവില്‍ ഉണ്ണികൃഷ്ണനും ചെയ്ത കഥാപാത്രങ്ങള്‍ തിരുവനന്തപുരം ഭാഷയാണ് പറയുന്നത്. വര്‍ഷങ്ങളായി ആ നാടുവിട്ടിട്ട് എങ്കിലും ഭാഷയുടെ കാര്യത്തില്‍ ഇപ്പോഴും ഒരു തനി തിരുവനന്തപുരത്തുകാരനായ ഞാന്‍ പറയും, ജഗതി അവതരിപ്പിച്ചത് തിരുവനന്തപുരം ഭാഷയും ഒടുവില്‍ അവതരിപ്പിച്ചത് മിമിക്രി ഭാ‍ഷയും എന്ന്. കാരണം മിമിക്രിയില്‍ ഭാഷയെ അഭിനയിപ്പിച്ച് കടുപ്പിക്കേണ്ടിവരുന്നു. ആ കടുപ്പിക്കല്‍ ആണ് ഈ ഭാഷയെന്നു കേള്‍ക്കുമ്പോള്‍ മറുനാട്ടുകാരുടെ മുന്നില്‍ വളിപ്പ് ആക്കിയത്. ഒന്നു മറന്നു, മുകേഷ് കൊല്ലത്തുകാരനായിട്ടും നല്ല രീതിയില്‍ തിരുവനന്തപുരം ഭാഷ നന്നായി കൈകാര്യം ചെയ്യും.


സുരാജ് വെഞ്ഞാറമൂട് എന്ന മിമിക്രികലാകാരന്‍ ആണ് തിരുവനന്തപുരം ഭാഷയുടെ ലേറ്റസ്റ്റ് മിമിക്രി വെര്‍ഷന്‍ തയ്യാറാക്കിയിട്ടുള്ളത്. അദ്ദേഹത്തിന്റെ പ്രശസ്തമായ “എന്തരു പെണ്ണേ“ വിളി ശരിക്കും തിരുവനന്തപുരം വിളിതന്നെയാണ്. പക്ഷെ “എന്തരു പെണ്ണേ ചെല്ലക്കിളീ” എന്നുള്ള കലര്‍ത്തലില്‍ ജില്ലയിലെ ചില സ്ഥലങ്ങളുടെ ലോക്കല്‍ സ്ലാങുകള്‍ കയറുന്നു. സുരാജ് അവതരിപ്പിക്കുന്നത് ശരിക്കും ഉള്ള തിരുവനന്തപുരം ഭാഷയല്ല, ബാലരാമപുരവും അതുകഴിഞ്ഞ് പാറശ്ശാല വഴി തമിഴ് നാടിലേക്ക് ചേക്കേറുന്ന ഭാഷയാണ്. അദ്ദേഹത്തിന്റെ സംസാരത്തിലെ പകുതിയോളം രീതി ശരിക്കും ഉള്ള തിരുവനന്തപുരം സംസാരത്തില്‍ നില്‍ക്കുന്നു. ബാക്കി പകുതി ചിരിക്കാന്‍ വേണ്ടി കടുപ്പം കയറ്റിയ തിരോന്തരം വര്‍ത്താനങ്ങളും. സുരാജിന്റെ ഈ മിക്സ് കണ്ടിട്ടുള്ളതുകൊണ്ടാവും രാജമാണിക്യം കണ്ട തിരുവനന്തപുരത്തുകാര്‍ക്ക് തോന്നിയത് തിരുവനന്തപുരം ഭാഷ എന്നാല്‍ സുരാജിനെ അനുകരിക്കല്‍ ആണോ എന്ന്. (മമ്മൂട്ടി അതു വളരെ നന്നായിട്ട് തന്മയത്തോടുകൂടി ചെയ്തു എന്നതു സത്യം).

മിമിക്രിയിലും സിനിമയിലും തമാശക്കാര്‍ കേരളത്തിലെ ഓരോരോ ദേശത്തിലെ ഭാഷകളിലൂടെ തമാശകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷെ ഒരു ഭാഷ സംസാരിക്കുമ്പോള്‍‍ അതിലെ വാക്കുകള്‍ തന്നെ ഒരു തമാശയാകുന്നത് തിരുവനന്തപുരം ഭാഷയുടെ മാത്രം ശാപമാണ്.

സിനിമയിലും സീരിയലിലും സംസാരിക്കുന്ന ഭാഷയാണ് ശരിയായ ഭാഷ (ന്യൂട്രല്‍ ഭാഷ) എന്നൊരു വിശ്വാസം ജനങ്ങളില്‍ എങ്ങിനെയോ വന്നുപോയി. ഇത് കേരളം മുഴുവന്‍ അടിച്ചേല്‍പ്പിച്ച വിശ്വാസമായിപോയി. എല്ലാ പ്രാദേശിക ഭാഷകളും ഇതോര്‍ത്ത് വിഷമിക്കുന്നുണ്ടാവും.


സംസാരതാളവും സ്ലാങ്ങുകളും

തിരുവനന്തപുരം ഭാഷ, തൃശ്ശൂര്‍ ഭാഷപോലെയോ കോട്ടയം ഭാഷപോലെയോ കോഴിക്കോട് ഭാഷ പോലെയോ ഒന്നല്ല, സംസാരത്തിന്റെ താളത്തില്‍ അതു വിവിധ സ്ഥലങ്ങളില്‍ വ്യത്യാസപ്പെട്ട് കിടക്കുന്നു. ബാലരാമപുരത്തും (ബാലനാപുരം. അങ്ങനെയാണ് നാട്ടുകാര്‍ അധികവും പറയുക) നെയ്യാറ്റിന്‍ങ്കരയും(നെയ്യന്റുംങ്കര) സംസാരിക്കുന്ന ഭാഷയല്ല ആറ്റിങ്ങലും (ആറ്റിങ്ങ) വര്‍ക്കലയും സംസാരിക്കുക. നെടുമങ്ങാട്ടും (നെടുവങ്ങാട്) പാലോടും സംസാരിക്കുന്ന താളമല്ല മറ്റു സ്ഥലങ്ങളില്‍. അതായത് “ടേയ് എന്തരെടേയ്” എന്നതും “എന്തരു ചെല്ലക്കിളീ”, “എന്തരപ്പീ” എന്നതും “എന്തയ്‌ടേയ്” എന്നതും ഒക്കെ ഓരോരോ താളത്തില്‍ ഓരോരോ രിതിയായി പല സ്ഥലങ്ങളിലായ് സംസാരിക്കപ്പെടുന്നു. ആറ്റിങ്ങല്‍ കഴിഞ്ഞ് വര്‍ക്കല എത്തുമ്പോള്‍ അത് എന്തരെടേയുടേയും എന്തുവാടേയുടെയും ഒരു മിക്സ് ഭാഷയിലേക്ക് തിരിയുന്നു.

കലിപ്പുകള്‍! ഇത് ഒരു ഗുണ്ടാ സ്ലാങ്ങ് ആയിരുന്നു. തല്ലുപ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ അവര്‍ കൈമാറിയിരുന്ന കോഡ് ആയിരുന്നു പണ്ട് അത്. തിരുവനന്തപുരത്തെ ഗുണ്ടകളും അത്തരത്തിലെ സംഘങ്ങളും അവര്‍ക്കായി ഒരു നിഘണ്ടുതന്നെ ഉണ്ടാക്കി. കൈലാഞ്ചി (കത്തി), ടൂള്‍സ് (മാരകായുധങ്ങള്‍), പേല (പോലീസ്), വാപ്പിളാട്ടാതെ (വാചകം അടിക്കാതെ) മൊട (ജാഡ, അഹങ്കാരം) ഇത് തിരുവനന്തപുരത്തിന്റെ ഭാഷയായി മാറിയോ?


തിരുവനന്തപുരം ഭാഷയില്‍ തമിഴിന്റെ കടന്നുകയറ്റം അധികം ആണ്. തമിഴ് എന്നു പറയുമ്പോള്‍ നാഗര്‍കോവില്‍ / തക്കല തമിഴുകള്‍. പാറശ്ശാലക്കാര്‍ സംസാരിക്കുന്ന ഭാഷ ശരിക്കും തമിഴ് കയറിയ മലയാളത്തിന്റെ താളമാണ്. അതിന്റെ താളം തലസ്ഥാന നഗരത്തിനു പലപ്പോഴും അപരിചിതമാണ്. പക്ഷെ അത് പാലക്കാടുകാര്‍ സംസാരിക്കുന്ന പോലെയുള്ള വാക്കുകളോ താളമോ അല്ല. രണ്ടു അതിര്‍ത്തിയിലേയും തമിഴിന്റെ വ്യത്യാസമാണത്.

അണ്ണാ, അക്കാ, മാമാ, വലിയപ്പാ, ചിറ്റപ്പാ, മാമാ, മാമി, മയിനി, പെണ്ടാട്ടി (പൊണ്ടാട്ടി), ചെല്ലാ എന്നുള്ള അഭിസംബോധനകളും, അത്തരത്തില്‍ അതിര്‍ത്തികടന്നു കയറിയവയാണ്. അതുപോലെ തന്നെ ഇംഗ്ലീഷ് പ്രയോഗങ്ങളായ ക്ലാക്ക് (ക്ലോക്ക്), ബാട്ടില്‍ (ബോട്ടില്‍), കാട്ടര്‍ (ക്വാട്ടര്‍) , കാര്‍ക്ക് (കോര്‍ക്ക്) എന്നിവയിലും വ്യക്തമായ തമിഴ്‌പേച്ചിന്റെ സാന്നിദ്ധ്യം കൂടുതലാണ്. (പുതിയ തലമുറ തമിഴറുത്ത് മൊഴിമാറ്റിയാണ് സംസാരിക്കാറുള്ളത് എന്നുള്ളതും ശ്രദ്ധേയം).
പക്ഷെ ചില വാക്കുകളുടെ വന്ന വഴി എനിക്കിപ്പോഴും ഒരുപിടിയും കിട്ടാറില്ല. പിതുക്കി (അമര്‍ത്തി), ബോഞ്ചി (നാരങ്ങാവെള്ളം), അയ്യം (മോശം), തോനെ (ഒരുപാട്) തുടങ്ങി ഒരുപാടു വാക്കുകള്‍ ഉദാഹരണമായി പറയാം. ചിലതൊക്കെ ഇവിടെ


യകാരവും ബഹുവചനവും

ഇവ രണ്ടും നാട്ടിന്‍പുറങ്ങളിലെ സംസാരഭാഷയില്‍ ഒരുപാട് കടന്നുകയറാറുണ്ട്. വാക്കുകളില്‍ യകാരം ഞങ്ങളുടെ രീതിയായിരുന്നു. പേടി പ്യാടിയാകുന്നതും, വേളി വ്യാളിയാകുന്നതും, ദേവി ദ്യാവിയാകുന്നതും ഒക്കെ ഈ ഭാഷയില്‍ ഉണ്ടായിരുന്നു. അതെല്ലാം ഓരോ വാക്കിനും അമിതമായി കൊടുക്കുന്ന സ്ട്രസ്സ് ചെയ്യല്‍ ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.

വെള്ളങ്ങള്‍, ചായകള്‍, പൈസകള്‍ എന്നിങ്ങനെ ബഹുവചനങ്ങള്‍ ഉപയോഗിക്കുന്നത് ഒരു ആഡംഭരം പോലെയാണ്. “ചായകളൊക്കെ കുടിച്ചാ?” എന്നൊരാള്‍ ചോദിക്കുന്നത് ഒരു അമിതസന്തോഷത്തോടെയായിരിക്കും. മറിച്ച് ചായകുടിക്കാത്ത ദുഃഖിച്ചിരിക്കുന്ന ഒരാള്‍ ഒരിക്കലും “ചായകളൊന്നും കുടിച്ചില്ല“ എന്നു പറയില്ല. പകരം “വൊരു ചായപോലും കുടിച്ചില്ല” എന്നേ പറയു. അതാണ് “കള്‍” ന്റെ പിന്നിലെ സൈക്കോളജി.


നെയ്യാറ്റിന്‍കര, വാമനാപുരം, നെടുമങ്ങാട്, ആറ്റിങ്ങല്‍, പാലോട്, ബാലരാമപുരം, നെയ്യാറ്റിന്‍‌കര എന്നിങ്ങനെ നാനദേശത്തുനിന്നും വരുന്നവരുടെയും മറ്റു ജില്ലാക്കാരുടെയും കടുത്ത ഒരു സംഗമം ആണ് തലസ്ഥാനനഗരിയില്‍. അതുകൊണ്ടുതന്നെ അവിടെ ഒരു മിക്സ് ഭാഷ (തിരുവനന്തപുരം ഭാഷയല്ലാത്തതും ചേര്‍ത്ത്) സംസാരിക്കുന്നു. പക്ഷെ അതൊന്നും കേട്ട് തിരുവനന്തപുരത്തുകാര്‍ ചിരിക്കാറില്ല. കാരണം അവര്‍ക്ക് അത് മിമിക്രിയല്ല.

ഈ ഭാഷയെ കുറിച്ചുപറഞ്ഞാല്‍ ഒരുപാടു പറയേണ്ടിവരും. ഈ എഴുതിയതൊന്നും ജന്മനാടിന്റെ ഭാഷയോടുള്ള സ്നേഹം അല്ല. ഒരു ഭാഷ പരിഹാസം ആയിപോകുന്നതിലുള്ള വിഷമം മാത്രമാണ്.


വോ എന്തരോ ആവട്ട്! ഭാഷകള് എന്തരായാലും കാരിയങ്ങള്‍ നടന്നാപ്പോരീ..?

ചിരിക്കരുത്. “എന്താ” എന്ന ചോദ്യത്തിന്റെ തിരുവനന്തപുരം ദേശഭാഷയാണ് “എന്തരോ”. അതു തന്നെയാ‍ണ് “എന്തൂട്ടാ” ആയും “എന്നതാ” ആയും “എന്തുവാ” ആയും മറ്റു ദേശക്കാര്‍
സംസാരിക്കുന്നത്. അതില്‍ “എന്തരോ” മാത്രം അമിതമായ പരിഹാസം ഉണര്‍ത്തുന്നു എങ്കില്‍ ആ വാക്കിനു എന്തോ കുഴപ്പമുണ്ട്. തിരുവനന്തപുരത്തുകാരന്‍ തൃശ്ശൂരില്‍ (തൃശ്ശൂര്‍ എന്നത് വെറും ഉദാഹരണമാണ്. മറ്റു ജില്ലലുള്ളവര്‍ എന്ന് വായിക്കുക) ജീവിക്കാനായി എത്തിപ്പെട്ടാല്‍‍ കഷ്ടപ്പെട്ട് ആ ഭാഷ ആത്മാര്‍ത്ഥതയോടെ പറയാനും പഠിക്കാനും ശ്രമിക്കും (കളിയാക്കല്‍ ഭയന്നിട്ടാവും). പക്ഷെ തൃശ്ശൂര്‍കാര്‍ അധികവും തിരുവനന്തപുരത്തുവന്നാല്‍ തിരുവനന്തപുരം ഭാഷ തമാശയിലൂടെയല്ലാതെ സംസാരിക്കാറില്ല. തൃശ്ശൂര്‍ ഭാഷ സംസാരിച്ചാ‍ല്‍ ആരും ചിരിക്കാറും ഇല്ല. പകരം ആ ഭാഷയോടുള്ള
ബഹുമാനത്തോടെ ഇവിടുത്തെ പാവങ്ങള്‍ നോക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.

കൂട്ടരെ ഇത് ഞങ്ങള്‍ പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന ഭാഷയാണ്. പകര്‍ന്നുകിട്ടിയ പേച്ച്. ഞങ്ങളുടെ ഭാഷാ സംസ്കാരവും. ഇതില്‍ എവിടെയാണ് ചിരിക്കുള്ള വക ഞങ്ങള്‍ ഒളിച്ചുവച്ചിട്ടുള്ളത്? ഇതില്‍ എന്താണ് തമാശ? ഒന്നു പറഞ്ഞുതരുമോ?

Tuesday, July 17, 2007

ഹാര്‍ളിക്സിനൊപ്പം ഫ്രീ.

“നമ്മളടുത്താണ് അവളുമാര് വേലകള് എറക്ക്‍ണത്.“

സോമന്‍ മേശിരി ആരോടെന്നില്ലാതെ ഉറക്കെ പറഞ്ഞു. മേസ്തിരി എന്ന പദപ്രയോഗം ഞങ്ങള്‍ പരമ്പരാഗത നെടുമങ്ങാട്ടുകാര്‍ ഉപയോഗിക്കാറില്ല. മേസ്തിരിയിലെ ബോറടിപ്പിക്കുന്ന തകാരം പറിച്ചെറിഞ്ഞ് ഞങ്ങള്‍ മേശിരിയാക്കും, നെടുമങ്ങാട്കാരനാക്കും. അതിനി സോമനായാലും പപ്പനാവന്‍ ആയാലും എസ്തപ്പാനായാലും.

തുടക്കത്തില്‍ തന്നെ വിഷയം മാറാന്‍ പാടില്ല. നമുക്ക് വിഷയത്തില്‍ ചേര്‍ന്ന് സോമന്‍ മേശിരിയുടെ കടയിലെ തടി ബഞ്ചില്‍ ഇരിക്കാം. സോമന്‍ മേശിയിയുടേത് വെറും പെട്ടിക്കടയല്ല, വീടിനോട് ചേര്‍ന്ന് ഒരു സ്റ്റേഷനറിക്കടയോളമെത്തുന്ന ഒരു ഗ്ലോറിഫൈഡ്‌ മുറുക്കാന്‍ കട.

അകത്തുള്ളവളെങ്കിലും കേള്‍ക്കട്ടെ എന്നു കരുതി സോമന്‍ മേശിരി ഒന്നുകൂടി ഉറക്കെ പറഞ്ഞു,
“അവളുമാര് എന്തരു വിയാരിച്ചത്..? യെനിക്ക് ഇംഗ്ലീ‍ഷ് വായിക്കാന്‍ അറിഞ്ഞൂടെന്നാ..?”

“നിങ്ങളെന്തരുമനുഷ്യാ കെടന്ന് പൊളക്കണത്? ചട്ടിയില്‍ മുറിച്ചുകഴുകിയ മീനുമായി മാധവിഅക്കന്‍ വീടിന്റെ ഇടതുവശം കെട്ടിയ ചായ്പില്‍ നിന്നും ഇറങ്ങിവന്നു. അവര്‍ നടുവ് നിവര്‍ത്തി, എന്നിട്ടു ചോദിച്ചു,
“ആരു എന്തരു വിയാരിച്ചെന്ന്?”

“ലവളില്ലീ.. പെരിയകടേല് ഇരിക്കിന പെണ്ണ്, അവളു നമ്മളെ പറ്റിക്കാന്‍ നോക്കിയാല് എങ്ങനേടീ വിട്ടുകൊടുക്കണെ?”
എന്നിട്ട് സോമന്‍ മേശിരി മീന്‍ ചട്ടിയിലേക്ക് നോക്കി ചോദിച്ചു, “എന്തരു മീനെടീ?”
“കൊഴിയാള”
"കൊഴിയാളയല്ലാതെ നെനക്ക് ഒരു മീനും കിട്ടൂലീ?” മേശിരി ഉള്ളില്‍ കിടന്ന ദേഷ്യത്തില്‍ അല്പം കൊഴിയാളയോടു തീര്‍ത്തു.

“ഇതു നല്ല കൂത്ത്! വല്ലവളും പറ്റിച്ചയിനു കൊഴിയാള എന്തരു പെഴച്ച്? പോയി അവളുമാരൂടെ ചോയിരു്”
മാധവിയക്കന്‍ അകത്തേക്ക് പോയി, ചട്ടിയില്‍ മുറിഞ്ഞുകിടന്ന കൊഴിയാളയും ഒപ്പം പോയി. അവിടെ കെട്ടിനിന്ന മീനിന്റെ ഉലുമ്പു നാറ്റവും അവര്‍ക്കുപിന്നാലെ പോയി.

“ചോയിക്കുമെടീ ചോയിക്കും. ഈ സോമനെ പറ്റിക്കാനൊന്നും ഇപ്പഴത്തെ പിള്ളരു വളര്‍ന്നിറ്റില്ല. ഇംഗ്ലീ‍ഷുവായിക്കാനറിഞ്ഞൂടാത്തെ കഴുപ്പണം കെട്ടവന്മാരെ പോലെയല്ല സോമന്‍. ബ്ലെടി റാസ്കല്‍.”

ദേഷ്യം വന്നാലുംസന്തോഷം വന്നാലും സോമന്‍ മേശിരിയ്ക്ക് ഇംഗ്ലീഷുവരും നാവിന്‍ തുമ്പില്‍. സോമന്‍ മേശിരിയുടെ “റിപ്പീറ്റ്” ഞങ്ങളുടെ നാട്ടില്‍ റിപ്പീറ്റ് എന്ന വാക്കിനു പുതിയ ഒരു അര്‍ത്ഥം തന്നെ കൊടുത്തിട്ടുണ്ട്.

“എന്തരെടേയ് സോമാ.. എന്തരുപറ്റി?”
ചീത്തവിളികേട്ടാണ് അപ്പുപിള്ള കടയുടെ മുന്നില്‍ തിരിഞ്ഞു നിന്നത്.
വിഷയം പറയാന്‍ ഒരാളെകിട്ടുമ്പോള്‍ പറയാന്‍ വിതുമ്പുന്ന ഒരാളുടെ തുറന്ന മനസോടെ സോമന്‍ മേശിരി പിള്ളയെ നോക്കി. എന്നിട്ട് പറഞ്ഞു,
“നിങ്ങളിത് നോക്ക്യാണീം അപ്പുവണ്ണാ.. പറ്റിപ്പാണെന്ന്. പറ്റിപ്പ്.”

“എന്തരെടെയ് സോമാ നീ കാരിയം പറ”

“അപ്പുവണ്ണാ.. ഇംഗ്ലീഷ് അറിയാത്തവന്മാരെ പറ്റിക്കും പോലെ എന്നെ പറ്റിക്കാം എന്ന് അവളുമാരു കരുതിയാ..?“
കടയില്‍ സാധങ്ങള്‍ നിരത്തിവച്ചിരിക്കുന്നതില്‍ നിന്നും സോമന്‍ മേശിരി ഒരു ഹോര്‍ളിക്സ് എടുത്ത് മേശപ്പുറത്തേക്ക് വച്ചു എന്നിട്ടു പറഞ്ഞു, “വലിയ കടേന്ന് മൂന്ന് ഹാര്‍ളിക്സ് ഞാന്‍ ഇന്നലെ വാങ്ങിച്ച്. അപ്പഴ് നോക്കിയില്ല, ഇപ്പം നോക്കിയപ്പഴാണ് കണ്ടത്, അതില് ഫ്രീ ഒണ്ടായിരുന്നു ഒരു സാധനം. അവളുമാരത് തന്നില്ല. അതൊക്കെ മറിച്ച് വിയ്ക്കും! നമക്കു അറിഞ്ഞൂടീ..”

“വോ തന്ന!“ അപ്പുപിള്ള ശരിവച്ചു.

ആ ശരിവയ്ക്കല്‍ സോമന്‍ മേശിരിക്കു ഒരു ചാര്‍ജ്ജ് ആയിരുന്നു. അതില്‍ മേശിരി കത്തികയറി. കുപ്പിയിലെ "Free" എന്ന് എഴുതിയിരിക്കുന്ന സ്ഥലത്തു തൊട്ടുകൊണ്ടു പറഞ്ഞു,
“ദാ കണ്ടാ ഫ്രീ എന്ന് എഴുതീരിക്കിനത്. ഫ്രീ കിട്ടണ സാധനമാണ് അവിടെ ഇംഗ്ലീഷില്‍ എഴുതീരിക്കിനത്. ഈ സാധനം ആണ് അവരു മുക്കിയത്. ഇവിടെ ഹാര്‍ളിക്സ് വാങ്ങിക്കാന്‍ വരണ ആരെങ്കിലും ഫ്രീ എവിടെന്നു ചോയിച്ചാ ഞായ് എന്തെരെടുത്തു കൊടുക്കും? നിങ്ങളു പറ!“

അംഗന്‍‌വാടിയിലെ ശാരദ ചേച്ചിയും കുറച്ചു പെണ്‍കുട്ടികളും കൂടി നടത്തിയ സാക്ഷരതാ ക്ലാസില്‍ പോയി നാലക്ഷരം പഠിച്ചതല്ലാതെ അഞ്ചാമതൊരു അക്ഷര വിവരവും ഇല്ലാത്ത ആളാണ് അപ്പുപിള്ള. പഠനകാലത്തുതന്നെ അദ്ദേഹം മടുത്തതാണ് അക്ഷരങ്ങള്‍. പ്രധാനമായും കൂട്ടക്ഷരങ്ങള്‍. “മാ”, “ന്‍” എന്നിവ കൂട്ടി വായിക്കാന്‍ ശാരദചേച്ചി പറയുമ്പോള്‍ “മായിന്‍” എന്നുവായിച്ചത് അന്ന് ക്ലാസില്‍ കൂട്ട ചിരി ഉയര്‍ത്തി. അത്തരത്തിലുള്ള അപ്പുപിള്ളയ്ക്ക് സോമന്മേശിരിയുടെ ഇംഗ്ലീഷ് പരിജ്ഞാനത്തെകുറിച്ച് എന്നും അതിശയമാണ്.

“ഡേയ് സോമാ, ഇതു വച്ചു താമസിപ്പിക്കല്ല്. അവിടെ കൊണ്ടുപെയ് കൊടുത്ത് ഫ്രീ ഇഞ്ഞുവാങ്ങിരു. അല്ലങ്കി അതിന്റെ കായി തരാമ്പറാ..”
പച്ചക്കറി സഞ്ചീടുത്ത് ഇറങ്ങുമ്പോള്‍ അപ്പുപിള്ള അകേത്തേയ്ക്ക് വിളിച്ചു പറഞ്ഞു, “എടീ മാധവിപ്പെണ്ണേ.. ഞായ് എറങ്ങണ്”

“എടിയേയ് ഞാനും എറങ്ങണ്.. ഇവിടെ ഒരു കണ്ണു വ്യാണം.. കള്ളത്തമിഴന്മാരു കറങ്ങി നടക്കണ സമയമാണ്” ഹോര്‍ളിക്സ് മൂന്നും എടുത്ത് സഞ്ചിയിലാക്കി കുപ്പായവും എടുത്തിട്ട് സോമന്‍മേശിരി ഇറങ്ങി. പെട്ടന്ന് എന്തോ മറന്നതുപോലെ തിരികെ കയറിവന്ന് തന്റെ സ്വര്‍ണ്ണ ഫ്രെയിമുള്ള കണ്ണെട എടുത്തുവച്ചു. മനസില്‍ പറഞ്ഞു, ഇത്തിരി വെയിറ്റ് ഇല്ലെങ്കി അവളുമാരു വകവയ്ക്കൂലാ..

വഴിയില്‍ ഉടനീളം സോമന്‍ മേശിരി അറ്റാക്ക് പ്ലാന്‍ ചെയ്തു. അവരോട് ചൂടാകുന്നതിനിടയില്‍ തിരുകി കയറ്റാനുള്ള ഇംഗ്ലീഷ് വാക്കുകള്‍ മനസില്‍ എടുത്ത് പൊടി തുടച്ചു ഓര്‍ഡറില്‍ നിര്‍ത്തി.

ഹോള്‍സെയില്‍ ഷോപ്പാണ് പെരിയകട. ഉച്ചനേരം ആയതു കടയില്‍ തിരക്കു കുറവ്. പെണ്‍കുട്ടികള്‍ ആണ് അധികവും അവിടെ സെയിത്സ് സ്റ്റാഫ്. പടികള്‍ അമര്‍ച്ചി ചവിട്ടി കയറിവന്ന സോമന്‍ മേശിരി കൌണ്ടറിനു മുന്നില്‍ നിന്നു. എന്നിട്ട് അവിടെയുള്ള സ്റ്റാഫിനെ മുഴുവന്‍ ഒന്നു അധികാരത്തോടെ നോക്കി. അതിന്റെ ഇടയില്‍നിന്നും തനിക്കു സാധങ്ങളെടുത്തു തന്ന പെണ്‍കുട്ടിയെ കണ്ടെത്തി. നോട്ടം ഒന്നുകൂടി കടുപ്പിച്ചു. എന്നിട്ട് ഉച്ചത്തില്‍ വിളിച്ചു,
“എടീ പെങ്കൊച്ചേ.. ഇഞ്ഞോട്ട് വന്നാണ്..”

അവള്‍ ഒന്നു ചെറുതായി പകച്ചു.

“നിന്റൂടെ തന്നെ പറഞ്ഞത് ഇഞ്ഞോട്ട് വരാന്‍” മേശിരി സഞ്ചിയില്‍ നിന്നും മൂന്നു ഹോര്‍ളിക്സ് കുപ്പികള്‍ എടുത്ത് കൌണ്ടറില്‍ വച്ചു. പെണ്‍കുട്ടി അവിടേയ്ക്ക് വന്നു.
മേശിരി തുടര്‍ന്നു, “നീ എന്തരെന്ന് വിയാരിച്ചത്? മേശിരി പാവം ഇംഗ്ലീഷു വായിക്കാന്‍ അറിഞ്ഞൂടാത്ത കണ്ട്രിയാണെന്നാ?”

അവള്‍ പേടിച്ചു.
“നീ വിയാരിച്ചാ.. എന്നെ അങ്ങു വ്യാഗം പറ്റിച്ച് കളയാന്ന് ? അയാമെ ഫൂള്‍ എന്നാ? എനിക്കിപ്പം കിട്ടണം എന്റെ ഗിഫ്റ്റ്”

“ഗിഫ്റ്റാ?“ അതിന്റെ അവസാനത്തെ അകാരത്തില്‍ തുറന്ന അതിശയത്തിന്റെ വാ അവള്‍ അടയ്ക്കാതെ തുറന്നു തന്നെ പിടിച്ചു നിന്നു.

“അയ്യടി.. മനസിലായില്ലീ? ഈ ഹാര്‍ളിക്സിന്റെ കൂടെ ഫ്രീയായിറ്റ് കിട്ടണ ഗിഫ്റ്റ്. എവിടേന്നാണ് ചോയിക്കിനത്.”
അവളുടെ വാ പൊളിച്ച് നില്‍പ്പില്‍ മേശിരിക്കു ഹരം കയറി. “ഇതിന്റെ കൂടെ തരാനുള്ള മൂന്നു ഫ്രീകളും നീ അടിച്ചുമാറ്റിയാ..?” ബോട്ടിലില്‍ “ഫ്രീ” എന്നു എഴുതിയിട്ടുള്ള സ്ഥലത്ത് വിരല്‍തൊട്ടുകൊണ്ട് അയാള്‍ ചോദിച്ചു.
അപ്പോഴാണ് അവള്‍ അതു കണ്ടത്. അവള്‍ അതിശയത്തോടെ നോക്കി. പിന്നെ ചിരിച്ചു. അവള്‍ പോലും അറിയാതെ വന്നു പോയ ചിരിയായതുകൊണ്ട് അല്പം ഉറക്കെയായിപോയി.
എല്ലാവരും ശ്രദ്ധിച്ചു.

മേശിരിക്കു ഭ്രാന്തിളകി. “വെകിളിത്തരം കാണിച്ചതും പോരാതെ നിന്ന് ഇളിക്കണാ.. എന്റെ വായിലു വരണത് വല്ലതും ഞായ് ഇപ്പം വിളിച്ച് പറയും. പിന്നെ മേശിരി അതുപറഞ്ഞ് ഇതുപറഞ്ഞ് എന്ന് പറയെരുത്”

അവള്‍ ചിരിയടക്കി പറഞ്ഞു, “എന്റെ മേശിരി ഇത് ഫ്രീയായിറ്റ് ഒന്നും കിട്ടും എന്നല്ല. കൊളസ്റ്റ്രോള്‍ ഫ്രീ എന്നാ”

“എന്നുവച്ചാ?”

“എന്നുവച്ചാ.. ഈ ഹോര്‍ളിക്സില്‍ കൊളസ്റ്റ്രോള്‍ അടങ്ങിയിട്ടില്ല എന്ന്. ഇതു കഴിച്ചാല്‍ കൊളസ്റ്റ്രോള്‍ ഉണ്ടാവില്ല എന്ന്. കൊളസ്റ്റ്രോള്‍ ഫ്രീ!“

മേശിരി നോക്കിയപ്പോള്‍ ആ വാക്കില്‍ എല്ലും എസ്സും ആറും ഒക്കെ കാണുന്നു. കാഴ്ചയില്‍ അങ്ങനെ ഒരു വാക്കുതന്നെ. മേശിരി വിട്ടുകൊടുത്തില്ല.

“ഇതെന്തരു ഇംഗ്ലീഷ്? ‘കൊളസ്റ്റ്രാളില്ല‘ എന്ന് എഴുതണേന് ഫ്രീ എന്നാണാ എഴുതാനൊള്ളത്? കൊളസ്റ്റ്രാള്‍ നോ എന്നല്ലി എഴുതാനൊള്ളത്. ശരിയായിറ്റൊള്ള ഇംഗ്ലീഷ് എഴുതീലങ്കി ഇതാണ് കൊഴപ്പം.”
‘ഹാര്‍ളിക്സ്’ എടുത്ത് തിരികെ സഞ്ചിയില്‍ ഇടുമ്പോള്‍ മേശിരി അടുത്തു നിന്നവരോടു പറഞ്ഞു.