Tuesday, July 17, 2007

ഹാര്‍ളിക്സിനൊപ്പം ഫ്രീ.

“നമ്മളടുത്താണ് അവളുമാര് വേലകള് എറക്ക്‍ണത്.“

സോമന്‍ മേശിരി ആരോടെന്നില്ലാതെ ഉറക്കെ പറഞ്ഞു. മേസ്തിരി എന്ന പദപ്രയോഗം ഞങ്ങള്‍ പരമ്പരാഗത നെടുമങ്ങാട്ടുകാര്‍ ഉപയോഗിക്കാറില്ല. മേസ്തിരിയിലെ ബോറടിപ്പിക്കുന്ന തകാരം പറിച്ചെറിഞ്ഞ് ഞങ്ങള്‍ മേശിരിയാക്കും, നെടുമങ്ങാട്കാരനാക്കും. അതിനി സോമനായാലും പപ്പനാവന്‍ ആയാലും എസ്തപ്പാനായാലും.

തുടക്കത്തില്‍ തന്നെ വിഷയം മാറാന്‍ പാടില്ല. നമുക്ക് വിഷയത്തില്‍ ചേര്‍ന്ന് സോമന്‍ മേശിരിയുടെ കടയിലെ തടി ബഞ്ചില്‍ ഇരിക്കാം. സോമന്‍ മേശിയിയുടേത് വെറും പെട്ടിക്കടയല്ല, വീടിനോട് ചേര്‍ന്ന് ഒരു സ്റ്റേഷനറിക്കടയോളമെത്തുന്ന ഒരു ഗ്ലോറിഫൈഡ്‌ മുറുക്കാന്‍ കട.

അകത്തുള്ളവളെങ്കിലും കേള്‍ക്കട്ടെ എന്നു കരുതി സോമന്‍ മേശിരി ഒന്നുകൂടി ഉറക്കെ പറഞ്ഞു,
“അവളുമാര് എന്തരു വിയാരിച്ചത്..? യെനിക്ക് ഇംഗ്ലീ‍ഷ് വായിക്കാന്‍ അറിഞ്ഞൂടെന്നാ..?”

“നിങ്ങളെന്തരുമനുഷ്യാ കെടന്ന് പൊളക്കണത്? ചട്ടിയില്‍ മുറിച്ചുകഴുകിയ മീനുമായി മാധവിഅക്കന്‍ വീടിന്റെ ഇടതുവശം കെട്ടിയ ചായ്പില്‍ നിന്നും ഇറങ്ങിവന്നു. അവര്‍ നടുവ് നിവര്‍ത്തി, എന്നിട്ടു ചോദിച്ചു,
“ആരു എന്തരു വിയാരിച്ചെന്ന്?”

“ലവളില്ലീ.. പെരിയകടേല് ഇരിക്കിന പെണ്ണ്, അവളു നമ്മളെ പറ്റിക്കാന്‍ നോക്കിയാല് എങ്ങനേടീ വിട്ടുകൊടുക്കണെ?”
എന്നിട്ട് സോമന്‍ മേശിരി മീന്‍ ചട്ടിയിലേക്ക് നോക്കി ചോദിച്ചു, “എന്തരു മീനെടീ?”
“കൊഴിയാള”
"കൊഴിയാളയല്ലാതെ നെനക്ക് ഒരു മീനും കിട്ടൂലീ?” മേശിരി ഉള്ളില്‍ കിടന്ന ദേഷ്യത്തില്‍ അല്പം കൊഴിയാളയോടു തീര്‍ത്തു.

“ഇതു നല്ല കൂത്ത്! വല്ലവളും പറ്റിച്ചയിനു കൊഴിയാള എന്തരു പെഴച്ച്? പോയി അവളുമാരൂടെ ചോയിരു്”
മാധവിയക്കന്‍ അകത്തേക്ക് പോയി, ചട്ടിയില്‍ മുറിഞ്ഞുകിടന്ന കൊഴിയാളയും ഒപ്പം പോയി. അവിടെ കെട്ടിനിന്ന മീനിന്റെ ഉലുമ്പു നാറ്റവും അവര്‍ക്കുപിന്നാലെ പോയി.

“ചോയിക്കുമെടീ ചോയിക്കും. ഈ സോമനെ പറ്റിക്കാനൊന്നും ഇപ്പഴത്തെ പിള്ളരു വളര്‍ന്നിറ്റില്ല. ഇംഗ്ലീ‍ഷുവായിക്കാനറിഞ്ഞൂടാത്തെ കഴുപ്പണം കെട്ടവന്മാരെ പോലെയല്ല സോമന്‍. ബ്ലെടി റാസ്കല്‍.”

ദേഷ്യം വന്നാലുംസന്തോഷം വന്നാലും സോമന്‍ മേശിരിയ്ക്ക് ഇംഗ്ലീഷുവരും നാവിന്‍ തുമ്പില്‍. സോമന്‍ മേശിരിയുടെ “റിപ്പീറ്റ്” ഞങ്ങളുടെ നാട്ടില്‍ റിപ്പീറ്റ് എന്ന വാക്കിനു പുതിയ ഒരു അര്‍ത്ഥം തന്നെ കൊടുത്തിട്ടുണ്ട്.

“എന്തരെടേയ് സോമാ.. എന്തരുപറ്റി?”
ചീത്തവിളികേട്ടാണ് അപ്പുപിള്ള കടയുടെ മുന്നില്‍ തിരിഞ്ഞു നിന്നത്.
വിഷയം പറയാന്‍ ഒരാളെകിട്ടുമ്പോള്‍ പറയാന്‍ വിതുമ്പുന്ന ഒരാളുടെ തുറന്ന മനസോടെ സോമന്‍ മേശിരി പിള്ളയെ നോക്കി. എന്നിട്ട് പറഞ്ഞു,
“നിങ്ങളിത് നോക്ക്യാണീം അപ്പുവണ്ണാ.. പറ്റിപ്പാണെന്ന്. പറ്റിപ്പ്.”

“എന്തരെടെയ് സോമാ നീ കാരിയം പറ”

“അപ്പുവണ്ണാ.. ഇംഗ്ലീഷ് അറിയാത്തവന്മാരെ പറ്റിക്കും പോലെ എന്നെ പറ്റിക്കാം എന്ന് അവളുമാരു കരുതിയാ..?“
കടയില്‍ സാധങ്ങള്‍ നിരത്തിവച്ചിരിക്കുന്നതില്‍ നിന്നും സോമന്‍ മേശിരി ഒരു ഹോര്‍ളിക്സ് എടുത്ത് മേശപ്പുറത്തേക്ക് വച്ചു എന്നിട്ടു പറഞ്ഞു, “വലിയ കടേന്ന് മൂന്ന് ഹാര്‍ളിക്സ് ഞാന്‍ ഇന്നലെ വാങ്ങിച്ച്. അപ്പഴ് നോക്കിയില്ല, ഇപ്പം നോക്കിയപ്പഴാണ് കണ്ടത്, അതില് ഫ്രീ ഒണ്ടായിരുന്നു ഒരു സാധനം. അവളുമാരത് തന്നില്ല. അതൊക്കെ മറിച്ച് വിയ്ക്കും! നമക്കു അറിഞ്ഞൂടീ..”

“വോ തന്ന!“ അപ്പുപിള്ള ശരിവച്ചു.

ആ ശരിവയ്ക്കല്‍ സോമന്‍ മേശിരിക്കു ഒരു ചാര്‍ജ്ജ് ആയിരുന്നു. അതില്‍ മേശിരി കത്തികയറി. കുപ്പിയിലെ "Free" എന്ന് എഴുതിയിരിക്കുന്ന സ്ഥലത്തു തൊട്ടുകൊണ്ടു പറഞ്ഞു,
“ദാ കണ്ടാ ഫ്രീ എന്ന് എഴുതീരിക്കിനത്. ഫ്രീ കിട്ടണ സാധനമാണ് അവിടെ ഇംഗ്ലീഷില്‍ എഴുതീരിക്കിനത്. ഈ സാധനം ആണ് അവരു മുക്കിയത്. ഇവിടെ ഹാര്‍ളിക്സ് വാങ്ങിക്കാന്‍ വരണ ആരെങ്കിലും ഫ്രീ എവിടെന്നു ചോയിച്ചാ ഞായ് എന്തെരെടുത്തു കൊടുക്കും? നിങ്ങളു പറ!“

അംഗന്‍‌വാടിയിലെ ശാരദ ചേച്ചിയും കുറച്ചു പെണ്‍കുട്ടികളും കൂടി നടത്തിയ സാക്ഷരതാ ക്ലാസില്‍ പോയി നാലക്ഷരം പഠിച്ചതല്ലാതെ അഞ്ചാമതൊരു അക്ഷര വിവരവും ഇല്ലാത്ത ആളാണ് അപ്പുപിള്ള. പഠനകാലത്തുതന്നെ അദ്ദേഹം മടുത്തതാണ് അക്ഷരങ്ങള്‍. പ്രധാനമായും കൂട്ടക്ഷരങ്ങള്‍. “മാ”, “ന്‍” എന്നിവ കൂട്ടി വായിക്കാന്‍ ശാരദചേച്ചി പറയുമ്പോള്‍ “മായിന്‍” എന്നുവായിച്ചത് അന്ന് ക്ലാസില്‍ കൂട്ട ചിരി ഉയര്‍ത്തി. അത്തരത്തിലുള്ള അപ്പുപിള്ളയ്ക്ക് സോമന്മേശിരിയുടെ ഇംഗ്ലീഷ് പരിജ്ഞാനത്തെകുറിച്ച് എന്നും അതിശയമാണ്.

“ഡേയ് സോമാ, ഇതു വച്ചു താമസിപ്പിക്കല്ല്. അവിടെ കൊണ്ടുപെയ് കൊടുത്ത് ഫ്രീ ഇഞ്ഞുവാങ്ങിരു. അല്ലങ്കി അതിന്റെ കായി തരാമ്പറാ..”
പച്ചക്കറി സഞ്ചീടുത്ത് ഇറങ്ങുമ്പോള്‍ അപ്പുപിള്ള അകേത്തേയ്ക്ക് വിളിച്ചു പറഞ്ഞു, “എടീ മാധവിപ്പെണ്ണേ.. ഞായ് എറങ്ങണ്”

“എടിയേയ് ഞാനും എറങ്ങണ്.. ഇവിടെ ഒരു കണ്ണു വ്യാണം.. കള്ളത്തമിഴന്മാരു കറങ്ങി നടക്കണ സമയമാണ്” ഹോര്‍ളിക്സ് മൂന്നും എടുത്ത് സഞ്ചിയിലാക്കി കുപ്പായവും എടുത്തിട്ട് സോമന്‍മേശിരി ഇറങ്ങി. പെട്ടന്ന് എന്തോ മറന്നതുപോലെ തിരികെ കയറിവന്ന് തന്റെ സ്വര്‍ണ്ണ ഫ്രെയിമുള്ള കണ്ണെട എടുത്തുവച്ചു. മനസില്‍ പറഞ്ഞു, ഇത്തിരി വെയിറ്റ് ഇല്ലെങ്കി അവളുമാരു വകവയ്ക്കൂലാ..

വഴിയില്‍ ഉടനീളം സോമന്‍ മേശിരി അറ്റാക്ക് പ്ലാന്‍ ചെയ്തു. അവരോട് ചൂടാകുന്നതിനിടയില്‍ തിരുകി കയറ്റാനുള്ള ഇംഗ്ലീഷ് വാക്കുകള്‍ മനസില്‍ എടുത്ത് പൊടി തുടച്ചു ഓര്‍ഡറില്‍ നിര്‍ത്തി.

ഹോള്‍സെയില്‍ ഷോപ്പാണ് പെരിയകട. ഉച്ചനേരം ആയതു കടയില്‍ തിരക്കു കുറവ്. പെണ്‍കുട്ടികള്‍ ആണ് അധികവും അവിടെ സെയിത്സ് സ്റ്റാഫ്. പടികള്‍ അമര്‍ച്ചി ചവിട്ടി കയറിവന്ന സോമന്‍ മേശിരി കൌണ്ടറിനു മുന്നില്‍ നിന്നു. എന്നിട്ട് അവിടെയുള്ള സ്റ്റാഫിനെ മുഴുവന്‍ ഒന്നു അധികാരത്തോടെ നോക്കി. അതിന്റെ ഇടയില്‍നിന്നും തനിക്കു സാധങ്ങളെടുത്തു തന്ന പെണ്‍കുട്ടിയെ കണ്ടെത്തി. നോട്ടം ഒന്നുകൂടി കടുപ്പിച്ചു. എന്നിട്ട് ഉച്ചത്തില്‍ വിളിച്ചു,
“എടീ പെങ്കൊച്ചേ.. ഇഞ്ഞോട്ട് വന്നാണ്..”

അവള്‍ ഒന്നു ചെറുതായി പകച്ചു.

“നിന്റൂടെ തന്നെ പറഞ്ഞത് ഇഞ്ഞോട്ട് വരാന്‍” മേശിരി സഞ്ചിയില്‍ നിന്നും മൂന്നു ഹോര്‍ളിക്സ് കുപ്പികള്‍ എടുത്ത് കൌണ്ടറില്‍ വച്ചു. പെണ്‍കുട്ടി അവിടേയ്ക്ക് വന്നു.
മേശിരി തുടര്‍ന്നു, “നീ എന്തരെന്ന് വിയാരിച്ചത്? മേശിരി പാവം ഇംഗ്ലീഷു വായിക്കാന്‍ അറിഞ്ഞൂടാത്ത കണ്ട്രിയാണെന്നാ?”

അവള്‍ പേടിച്ചു.
“നീ വിയാരിച്ചാ.. എന്നെ അങ്ങു വ്യാഗം പറ്റിച്ച് കളയാന്ന് ? അയാമെ ഫൂള്‍ എന്നാ? എനിക്കിപ്പം കിട്ടണം എന്റെ ഗിഫ്റ്റ്”

“ഗിഫ്റ്റാ?“ അതിന്റെ അവസാനത്തെ അകാരത്തില്‍ തുറന്ന അതിശയത്തിന്റെ വാ അവള്‍ അടയ്ക്കാതെ തുറന്നു തന്നെ പിടിച്ചു നിന്നു.

“അയ്യടി.. മനസിലായില്ലീ? ഈ ഹാര്‍ളിക്സിന്റെ കൂടെ ഫ്രീയായിറ്റ് കിട്ടണ ഗിഫ്റ്റ്. എവിടേന്നാണ് ചോയിക്കിനത്.”
അവളുടെ വാ പൊളിച്ച് നില്‍പ്പില്‍ മേശിരിക്കു ഹരം കയറി. “ഇതിന്റെ കൂടെ തരാനുള്ള മൂന്നു ഫ്രീകളും നീ അടിച്ചുമാറ്റിയാ..?” ബോട്ടിലില്‍ “ഫ്രീ” എന്നു എഴുതിയിട്ടുള്ള സ്ഥലത്ത് വിരല്‍തൊട്ടുകൊണ്ട് അയാള്‍ ചോദിച്ചു.
അപ്പോഴാണ് അവള്‍ അതു കണ്ടത്. അവള്‍ അതിശയത്തോടെ നോക്കി. പിന്നെ ചിരിച്ചു. അവള്‍ പോലും അറിയാതെ വന്നു പോയ ചിരിയായതുകൊണ്ട് അല്പം ഉറക്കെയായിപോയി.
എല്ലാവരും ശ്രദ്ധിച്ചു.

മേശിരിക്കു ഭ്രാന്തിളകി. “വെകിളിത്തരം കാണിച്ചതും പോരാതെ നിന്ന് ഇളിക്കണാ.. എന്റെ വായിലു വരണത് വല്ലതും ഞായ് ഇപ്പം വിളിച്ച് പറയും. പിന്നെ മേശിരി അതുപറഞ്ഞ് ഇതുപറഞ്ഞ് എന്ന് പറയെരുത്”

അവള്‍ ചിരിയടക്കി പറഞ്ഞു, “എന്റെ മേശിരി ഇത് ഫ്രീയായിറ്റ് ഒന്നും കിട്ടും എന്നല്ല. കൊളസ്റ്റ്രോള്‍ ഫ്രീ എന്നാ”

“എന്നുവച്ചാ?”

“എന്നുവച്ചാ.. ഈ ഹോര്‍ളിക്സില്‍ കൊളസ്റ്റ്രോള്‍ അടങ്ങിയിട്ടില്ല എന്ന്. ഇതു കഴിച്ചാല്‍ കൊളസ്റ്റ്രോള്‍ ഉണ്ടാവില്ല എന്ന്. കൊളസ്റ്റ്രോള്‍ ഫ്രീ!“

മേശിരി നോക്കിയപ്പോള്‍ ആ വാക്കില്‍ എല്ലും എസ്സും ആറും ഒക്കെ കാണുന്നു. കാഴ്ചയില്‍ അങ്ങനെ ഒരു വാക്കുതന്നെ. മേശിരി വിട്ടുകൊടുത്തില്ല.

“ഇതെന്തരു ഇംഗ്ലീഷ്? ‘കൊളസ്റ്റ്രാളില്ല‘ എന്ന് എഴുതണേന് ഫ്രീ എന്നാണാ എഴുതാനൊള്ളത്? കൊളസ്റ്റ്രാള്‍ നോ എന്നല്ലി എഴുതാനൊള്ളത്. ശരിയായിറ്റൊള്ള ഇംഗ്ലീഷ് എഴുതീലങ്കി ഇതാണ് കൊഴപ്പം.”
‘ഹാര്‍ളിക്സ്’ എടുത്ത് തിരികെ സഞ്ചിയില്‍ ഇടുമ്പോള്‍ മേശിരി അടുത്തു നിന്നവരോടു പറഞ്ഞു.

42 comments:

Kumar Neelakandan © (Kumar NM) said...

നെടുമങ്ങാടീയത്തില്‍ സോമന്‍ മേശിരി വീണ്ടും.

ഇടിവാള്‍ said...

((ദേഷ്യം വന്നാലുംസന്തോഷം വന്നാലും സോമന്‍പിള്ളയ്ക്ക് ഇംഗ്ലീഷുവരും നാവിന്‍ തുമ്പില്‍. സോമന്‍പിള്ളയുടെ ))

അല്ല‍ കുമാര്‍ജീ..
ഈ സോമന്‍ മേശിരിയും സോമന്‍ പിള്ളയും ഒരാളു തന്നീ??

ഒരു ലാജിക്കില്ലലീ.. ;)കഥ പൊളപ്പന്‍ ക്യട്ടാ..

Kumar Neelakandan © (Kumar NM) said...

ഇടിവാളേ.. നന്ദി. സോമന്‍ പിള്ളയല്ല മേശിരി എന്ന ഒരാളേയുള്ളു. ഒരുപാടു സ്ഥലങ്ങളില്‍ നമ്മടെ മേശിരി “പിള്ളയായി“ പോയി. അരുതാത്തതാണ്. പക്ഷെ കോവിപ്പിള്ള മനസില്‍ കിടന്നു കണ്‍ഫ്യൂഷന്‍ ഉണ്ടായതാണ്.

പനിയായിട്ട് വീട്ടില്‍ കിടപ്പാണ്. ഇപ്പഴത്തെ പനിയുടെ ഓരോ കണ്‍ഫ്യൂഷന്‍സെ!

ഇടിവാള്‍ said...

ദേ പിന്നീം സംശയം.. ഇപ്രാവശ്യം നടെ തൃശ്ശൂരു ബാഷേല് അങ്ങ്ട് പൂശാംട്ടാ ബായീ..

അല്ലാ.. ഈ കോവിവ്പ്പിള്ളാ ആരാ? ആ ചുള്ളന്റെ പേരും 2 - 3 സല്‍ത്ത് പര്‍‌ഞ്ജ്ഞ്‌ണ്ടല്ലോ..

ഇന്‍‌ക്ക് ഗെഡീനെ മന്‍സ്സിലായില്ല്യാട്ടാ..

അപ്പുകുട്ടന്‍ ന്‍പിള്ളാന്നല്ലേ ആ ഡാവിന്റെ പേര്‍്/ ?? ദേ ഈ സല്‍ത്ത് ഒക്കെ കുമാര്‍ജീ പിള്ളേടെ പേരു മാറ്റി അലമ്പാക്കീണ്ട് ട്ടാ.. അതൂണ്‍ട്യങ്ങ്ട് ശെര്യാക്ക്യേ.. അല്ലാ പിന്നെ..


1- ((
അംഗന്‍‌വാടിയിലെ ശാരദ ചേച്ചിയും കുറച്ചു പെണ്‍കുട്ടികളും കൂടി നടത്തിയ സാക്ഷരതാ ക്ലാസില്‍ പോയി നാലക്ഷരം പഠിച്ചതല്ലാതെ അഞ്ചാമതൊരു അക്ഷര വിവരവും ഇല്ലാത്ത ആളാണ് കോവിപ്പിള്ള))

2 ((മായിന്‍” എന്നുവായിച്ചത് അന്ന് ക്ലാസില്‍ കൂട്ട ചിരി ഉയര്‍ത്തി. അത്തരത്തിലുള്ള കോവിപ്പിള്ളയ്ക്ക് സോമന്മേശിരിയുടെ ഇംഗ്ലീഷ് പരിജ്ഞാനത്തെകുറിച്ച് എന്നും അതിശയമാണ്.))

3 (( പച്ചക്കറി സഞ്ചീടുത്ത് ഇറങ്ങുമ്പോള്‍ കോവിപ്പിള്ള അകേത്തേയ്ക്ക് വിളിച്ചു പറഞ്ഞു, “എടീ മാധവിപ്പെണ്ണേ.. ഞായ് എറങ്ങണ്”))

4.

Kumar Neelakandan © (Kumar NM) said...

ഇടിവാളെ എന്നെ അങ്ങുകൊല്ല്!

പേരുകള്‍ എല്ലാംകൂടി ആകെ കണ്‍ഫ്യൂഷന്‍ ആയില്ലേ?
(തെങ്കാശിപ്പട്ടണത്തിലെ സലീം കുമാറിനെ പോലെ!)

എല്ലാം ശരിയാക്കി. പ്രൂഫ് റീഡിങ് എന്ന ഇന്റര്‍വ്യൂ ഇടിവാള്‍ ജയിച്ചിരിക്കുന്നു. അപ്പോയിന്റഡ്!

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഇന്നലെ രാത്രി ഒറക്കം തൂങ്ങിയിരുന്നെഴുതിയതല്ലേ അപ്പുക്കുട്ടന്‍ പിള്ള കോവിപ്പിള്ളേലേക്ക് പരകായപ്രവേശം നടത്തിയില്ലെങ്കിലേ അല്‍ഭുതമുള്ളൂ..:)

അകത്തിരിക്കുന്ന മാധവിപ്പെണ്ണിനോടെന്തിനാ അപ്പുപ്പിള്ള ഇറങ്ങാന്ന് പറേണത് ;) മേശിരി പറയുന്നത് ഓകെ.

Anonymous said...

പയ്യന്‍ കൈവിട്ടുപോയോ ഇടിവാളേ?
ക്കൊറേക്കാലത്തിനുശേഷം വല്ലതും എഴുതണതല്ലേ.മേശ്ശിരിക്ക് ആകെ നാലക്ഷറ്റം മാത്രം അറിയനപോലെ കുമാരങ്കുട്ടിയ്ക്കും ആകെ 2-3 പിള്ളമാര്യേ അറിയൂന്നു തോന്നുണു.

Kaithamullu said...

കുമാറേ,

ഫാഷേടെ ഓരേ കഴിവുകള് തന്നെ അപ്പീ....
വായിച്ച് വായിച്ച് ചിരിച്ചൂ!

മനോജ് കുമാർ വട്ടക്കാട്ട് said...

മേശിരി കൊള്ളാം കുമാറെ.

ബാഗ്ലൂരില്‍ പണ്ട് താമസിച്ചിരുന്ന സ്ഥലത്ത് അനാദി കച്ചവടം നടത്തിയിരുന്ന പെരിങ്ങത്തൂരുകാരന്‍ പ്രദീപിന്റെ കടയില്‍ ഒരു കന്നടച്ചെക്കന്‍ വന്ന് അവന്‍ വാങ്ങിയ ടൂത്ത് ബ്രഷിന്റെ കൂടെ ഫ്രീ കിട്ടേണ്ടിയിരുന്ന 200 grsm. ടൂത്ത് പേസ്റ്റ് എവിടെയെന്നും ചോദിച്ച് ബഹളം വച്ചത് ഓര്‍ത്തുപോയി :)

ആ ടൂത്ത് ബ്രഷിന്റെ കവറില്‍ free with 200g colgate tooth paste എന്നെഴുതിയിരുന്നു!

(ഫ്രീ കൊടുക്കേണ്ട സാധനങ്ങള്‍ വില്‍ക്കുന്നതില്‍ വിദഗ്ധനായിരുന്ന പ്രദീപന്‍ അന്തിച്ച് നിന്നുപോയ ആ കാഴ്ച എന്നെ ഇപ്പോഴും ചിരിപ്പിക്കുന്നു)

ഗുപ്തന്‍ said...

കലക്കി കുമാര്‍ ജി..ജീവിതത്തിന്റെ നല്ലൊരു പങ്ക് തിര്വന്തോരത്ത് ചെലവിട്ടിട്ടും എനിക്ക് തിര്വന്തോരം സ്ലാംഗ് വരൂല്ല. വീട്ടില്‍ ശീലിച്ചത് കൊല്ലത്തോടടുപ്പമുള്ള ഭാഷ :(

തിരുവനന്തപുരത്തിനു തെക്കുള്ള ഗ്രാമാന്തരീക്ഷം നന്നായിട്ട് പകര്‍ത്തീട്ടുണ്ട്. രംഗം കാണാനാവുന്നതുകൊണ്ട് ശരിക്കും രസിച്ചു.

എല്ലാ ഹാസ്യ സാഹിത്യകാരന്മാരോടും ഉള്ള മുന്നറിയിപ്പ്. ബാലന്‍ കെ നായരെകണ്ട് സില്‍ക്ക്, റ്റി ജി രവിയെ കണ്ട അനുരാധ ഈ വക മുതലായ പ്രയോഗങ്ങള്‍ out of date ആയിട്ടുണ്ട്. ഞരമ്പ് കണ്ട പിന്മൊഴി പോലെ എന്നെങ്കിലും മാറ്റി പ്രയോഗിച്ച് ഞങ്ങള്‍ വായനക്കാരെ രക്ഷിക്കേണ്ടതാകുന്നു...

Visala Manaskan said...

ഹഹഹ... അതലക്കി.

ഇനി മേലാക്കം ഇപ്പറയുന്ന ഫ്രീ കണ്ടാല്‍ ഞാന്‍ മേസിരിയെ ഓര്‍ക്കും. കുമാറിനെയും. രസായിട്ട് എഴുതിയിട്ടുണ്ട്.

:) ഡയലോഗ്സ് സുപ്പര്‍!

krish | കൃഷ് said...

ഇത്‌ന്തര് പൊളപ്പന്‍. അടിപൊളി.

ഗുപ്തന്‍ said...

ma - en maayan ...ithihaasathinte hangover maaranilla alle.. enne alpam chutichu hahaha !!!

Kumar Neelakandan © (Kumar NM) said...

മനു ഇതിഹാസത്തില്‍ എവിടെയാണത്?

ഇതു ഞങ്ങടെ നാട്ടില്‍ കേട്ട ഒരു സാക്ഷരതാ തമാശയാണ് “മാ” അധികം “ന്‍” (പറയുമ്പോള്‍ മാ അധികം ഇന്‍) മായിന്‍ എന്നത്.

ഇതിഹാസം കാണാപ്പാടം എന്നു ധരിക്കുന്ന ആളാണ് ഞാന്‍. അതില്‍ എവിടെയാണ് ഈ പ്രയോഗം? (ഞാന്‍ മറന്നോ അതൊക്കെ?)

Rasheed Chalil said...

കുമാരേട്ടേ നെടുമങ്ങാടീയത്തിന്റെ പതിവ് തെറ്റിച്ചില്ല (നല്ല പോസ്റ്റ് എന്ന പതിവ്) ഇതും ഒത്തിരി ഇഷ്ടമായി... ഇവിടെ ഇങ്ങനെ ഇടയ്കെങ്കിലും വല്ലതും വരട്ടേ... അഞ്ചാറ് മാസം മുമ്പല്ലേ ഇങ്ങോട്ട് തിരിഞ്ഞ് നോക്കിയത്. അത്ര വേണ്ടായിരുന്നു.

SUNISH THOMAS said...

വര്‍ത്തമാനങ്ങള് കലക്കി. കഥ അലക്കി.
:)

കുട്ടു | Kuttu said...

കഥ പൊളപ്പന്‍...

asdfasdf asfdasdf said...

ഇത് തകര്‍പ്പന്‍ തന്നെ കുമാറേട്ടാ.
(ഓടോ : കുമാറേട്ടന്റെ പഴയ കഥകളൊക്കെ വായിച്ചുതുടങ്ങിയതേയുള്ളൂ..)

Allath said...

കലക്കി

ഗുപ്തന്‍ said...

"വായിയ്ക്കെടാ പാറ്റാടാ" നാടുനീങ്ങിയ രാമപ്പണിക്കരച്ചന്റെ ശബ്ദം കുട്ടാടന്‍ പൂശാരി വീണ്ടും കേട്ടു "ദെന്താ?"

വര്‍ഷങ്ങള്‍ക്കുമുന്‍പ്, എഴുത്തുപള്ളിയില്‍, അപ്രാപ്യമായ അക്ഷമാലയുടെ മുന്നില്‍ താനിരിക്കുകയാണ്.

"മാ--"
"പിന്നെ?"
"എന്‍‌--"
'ന്‍' എന്ന ചില്ലാണ്.
"കൂട്ടിവായിയ്ക്ക്"
"മായന്‍"
പണിക്കരച്ചന്‍ ചെകിട്ടത്ത് തല്ലി. തിരുത്തിവായിച്ചുകൊടുത്തു. "മാന്‍".
കുട്ടാടന്‍ വിതുമ്പി "മാന്‍".
"വേറേ വേറീം കൂട്ടീട്ടും വായിയ്ക്ക്".
"മാ -- എന്‍. മായന്‍".
എത്ര തന്നെ ശ്രമിച്ചിട്ടും ആ അനിവാര്യതയെജയിക്കാന്‍ കുട്ടാടനു കഴിഞ്ഞില്ല. ഓരോ തല്ലു വീഴുമ്പോഴും ദയനീയമായ ആവര്‍ത്തനമാണ്. .....
(അധ്യായം പതിനേഴ് "ശ്ലഥാക്ഷരങ്ങള്‍")

ഈ രംഗം കഴിയുമ്പോഴാണ് പണിക്കരച്ചന്റെ മകള്‍ ലക്ഷ്മി മധുരമായ നുള്ളുകളോടെ കുട്ടാടനെ വായിക്കാന്‍പഠിപ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്നത്. ഇതിഹാസത്തിലെ എനിക്ക് മറക്കാനിഷ്ടമില്ലാത്ത ഒരു രംഗമാണത്.

"..ലക്ഷ്മി അവന്റെ കവിളിലും തുടയിലും നുള്ളി. കുട്ടാടനു കരച്ചില്‍ വന്നു. എങ്കിലും ഇനിയും അവള്‍ നുള്ളണമെന്ന് തോന്നുകയാണ്... "

വിജയനും ബഷീറും ഖസാക്കില്‍ കണ്ടുമുട്ടിയതന്നേരമാണ് !!!! :)

Unknown said...

എന്തിരണ്ണാ ഇമ്മാതിരി പൊളപ്പ് സാദനങ്ങളൊക്കെ വീട്ടീ വെക്കിനത്? ചെല്ലക്കിളികള്‍ക്ക് കളിക്കാനാ? എട്ത്ത് ബ്ലോഗിലിടിന്‍ എല്ലാത്തിനേം.

Dinkan-ഡിങ്കന്‍ said...

ഹിഹി :)

കൊളസ്റ്റ്രോളില് ഇതിപ്പ രണ്ടാമത്തെ പിടിയാണല്ലോ
ഈ കുളസ്റ്റ്രോളും കൊളസ്റ്റ്രോളും തമ്മില്‍ വ്യത്യാസം ഉണ്ടൊ?

Kumar Neelakandan © (Kumar NM) said...

മനു സമ്മതിച്ചു 100 വട്ടം. ഇപ്പോള്‍ ഓര്‍മ്മവന്നു. പക്ഷെ ഞങ്ങടെ നാട്ടിലെ പഴയ സാച്ചരതാ ക്ലാസുകളുടെ കാര്യത്തില്‍ മുന്നില്‍ നിന്ന തമാശകളില്‍ ഒന്നായിരുന്നു ഈ മായീന്‍!

സമ്മതിച്ചു. ഇതിഹാസം വായിക്കാത്ത മലയാളം വായനക്കാര്‍ ഇല്ലാത്തതുകൊണ്ട് ആ സംഭവം ഒരു ലിഫ്റ്റ് ആയിട്ട് ഞാന്‍ എടുത്ത് ഉപയോഗിച്ചതായി കാണില്ല എന്നു കരുതുന്നു.

മനുവിനു എന്റെ വക ഒരു നെടുമങ്ങാടന്‍ “ഹാര്‍ളിക്സ്”!

Anonymous said...

kumaaretta
anagane oru chintha ente manassil kuude polym poyilla.. sathyam.... I just saw it as a coincidence. athondalle hangover ennu paranje ...

Kumar Neelakandan © (Kumar NM) said...

ഡിങ്കാ എന്തു കുളം കൊളമായാലും അതിലെ സ്റ്റ്രോള്‍ ഞങ്ങള്‍ക്ക് “സ്റ്റ്രാള്‍” ആണ്. ക്ലോക്ക് ഞങ്ങള്‍ക്ക് ക്ലാക്ക് എന്നതുപോലെ.

നെടുമങ്ങാടിന്റെ ഭാഷാ നിഘണ്ടു ദാ ഇവിടെ വായിക്കാം. ഇതുവായിച്ചു കഴിഞ്ഞാല്‍ പിന്നെ സംശയം ഒന്നും ചോദിക്കാന്‍ പാടില്ല. ചോദിച്ചാല്‍ ഇടിച്ചു കൂമ്പുവാട്ടും

Anonymous said...

തള്ളെ കലിപ്പുകളാണല്ല് സോമന്‍ മേസ്തിരി.

ബിന്ദു said...

അതേയ്‌.. ഇത്രേം ഇടവേളയില്ലാതെ തന്നെ ഇതില്‍ എഴുതിക്കൂടേ? നേരില്‍ കാണുന്നതുപോലെ ആണ്‌ ഓരോ രംഗവും എഴുതുന്നത്‌(ഇതിനു മുന്‍പും പറഞ്ഞിട്ടുണ്ട്‌, എന്നാലും എന്റെ ആശ്വാസത്തിന്‌ ഒരിക്കല്‍ കൂടി).
:)

Kumar Neelakandan © (Kumar NM) said...

പ്രിയമുള്ള തിരുവനന്തപുരത്തുകാരാ ഈ “തള്ളേ കലിപ്പുകള്‍“ എന്നത് ശരിക്കും ഉള്ള തിരുവനന്തപുരത്തുകാര്‍ അധികം പറഞ്ഞുകേട്ടിട്ടില്ല. അതുകൊണ്ടുതന്നെ തിരുവനന്തപുരത്തുകാരന്‍ എന്ന ലേബലില്‍ അങ്ങനെ ഒരു കമന്റുകണ്ടപ്പോള്‍ അതിശയം തോന്നി.
അതൊരു മിമിക്രിഭാഷയായി മാറിയതാണ്. (പറയുന്നവര്‍ ഉണ്ടാകാം. പക്ഷെ അതൊരു സമൂഹത്തിന്റെ ഭാഷയല്ല!)

Kumar Neelakandan © (Kumar NM) said...

ബിന്ദു, ജീവിതമാകുന്ന അലയാഴിയില്‍ ഒഴുകിവരുന്ന നൌകകള്‍ അല്ലേ ഇടവേളകള്‍ (പഴയ ആട്ടോഗ്രാഫ്!) നീ എന്നെ മറന്നാലും ഞാന്‍ നിന്നെ മറക്കില്ല. (അന്നു ഓട്ടോഗ്രാഫ് എഴുതുന്ന കാലത്ത് അള്‍ഷൈമേര്‍സ് എന്ന രോഗാവസ്ഥ ഇല്ലായിരുന്നു എന്നു തോന്നുന്നു)

എന്റെ ഓട്ടോഗ്രാഫ് എവിടെയാണ്. ശരിക്കും ഞാന്‍ അതു മിസ് ചെയ്യുന്നു.

പഴയ ഓട്ടോഗ്രാഫ് കയ്യിലുള്ള ആരെങ്കിലും അതൊന്നു ബ്ലോഗു ചെയ്യുമോ? ഒരു നോവാള്‍ജിയക്കുവേണ്ടി എങ്കിലും.

Inji Pennu said...

“മാധവിയക്കന്‍ അകത്തേക്ക് പോയി, ചട്ടിയില്‍ മുറിഞ്ഞുകിടന്ന കൊഴിയാളയും ഒപ്പം പോയി. അവിടെ കെട്ടിനിന്ന മീനിന്റെ ഉലുമ്പു നാറ്റവും അവര്‍ക്കുപിന്നാലെ പോയി.” - ഇതെനിക്ക് വളരെ നന്നായിട്ട് തോന്നി. വളരെ നല്ല ഇമേജറി. അവിടെ വെച്ച് അതോര്‍ത്ത് ഞാന്‍ കൊറേ നേരം സ്റ്റക്കായിപ്പോയി...

എന്ത് രസം വായിക്കാന്‍! ഇത് ഇടക്കിടക്ക് മുടങ്ങാണ്ട് എഴുതണം എന്നൊരാഗ്രഹം.

ദിവാസ്വപ്നം said...

ഹ ഹ ഇത് പൊളപ്പന്‍ :-)

“ബ്ലടി റാസ്കല്‍”, പിന്നെ അവസാനത്തെ
“ശരിയായിറ്റൊള്ള ഇംഗ്ലീഷ് എഴുതീലങ്കി ഇതാണ് കൊഴപ്പം“
ഇതുരണ്ടുമാണ് ഏറ്റവും ഇഷ്ടപ്പെട്ടത്

ചില നേരത്ത്.. said...

ഓര്‍മ്മകളിലേക്ക് കൊത്തിവെയ്ക്കുന്ന കഥാപാത്രങ്ങളെ സൃഷ്ടിക്കുന്ന ശില്പിയാണ് കുമാര്‍ജി. അല്ലെങ്കില്‍ ശാരദ അക്കയെയും ആ നൊമ്പരങ്ങളും മേസിരിയും എല്ലാം വായിച്ച് മറന്ന കഥപാത്രങ്ങളൊപ്പം വിസ്മൃതിയിലാണ്ട് പോകാത്തതെന്താണ്?
ഒരു ചിത്രമാണ് ഇവിടെയും വരച്ചിട്ടിരിക്കുന്നത്.
ഇഷ്ടപ്പെട്ടു.

എതിരന്‍ കതിരവന്‍ said...

കുമാര്‍:
കേള്‍ക്കാന്‍ ഇമ്പമുള്ള തിരു‍വന്തോരം സ്ളാങ് മിമിക്രിക്കാര്‍ കയ്യാളി അപഹാസ്യമാക്കുന്നതില്‍ സങ്കടമുണ്ട്. ഏറ്റവും സംഗീതമയമാണ് ഇത്. പ്രശസ്ത സംഗീത സംവിധായകന്‍ ചിദംബരനാഥ് ഒരിക്കല്‍ പറയുകയുണ്ടായി തിരുവനന്തപുരത്തുകാര്‍ പറയുന്നത് ശങ്കരാഭരണരാഗത്തിലാണേന്ന്! ഒരു വാചകം ഉദാഹരണമായി “ചൊല്ലി” അതിലെ രാഗസൂക്ഷ്മതകള്‍ വെളിവാക്കി അദ്ദേഹം.

ഇനിയും രാഗവിസ്താരങ്ങള്‍ (“വിസ്സാരങ്ങള്‍?) വരട്ടെ.

Kumar Neelakandan © (Kumar NM) said...

എതിരന്‍, തിരുവനന്തപുരം ഭാഷ ഒരിക്കലും ഒരു മോശം ഭാഷയല്ല. മറ്റുള്ള ദേശങ്ങളുടെ ഭാഷയെ വച്ചു നോക്കുമ്പോള്‍ ഒരു തരം താണ ഭാഷയും അല്ല. അതുകൊണ്ടാണ് എന്റെ നെടുമങ്ങാടന്‍ പോസ്റ്റുകളില്‍ മിമിക്രിഭാഷ ഞാന്‍ ഒഴിവാക്കുന്നത്. കാരണം ഇതു ഞങ്ങളുടെ സംസാരഭാഷയാണ്, മിമിക്രിയല്ല.

വിശദമായി പിന്നാലെ എഴുതാം

ഗുപ്തന്‍ said...

കുമാറേട്ടാ.. സ്ലഅംഗിലേക്ക് ചര്‍ച്ച വരുന്നതു സന്തോഷമാണ്. തള്ളേ എന്ന എക്സ്‌ക്ലമേഷന്‍ കാട്ടാക്കടക്കും പാറശാലക്കും ഇടയിലുള്ള ഏറിയായില്‍ ഉപയോഗിക്കുന്നുണ്ട്. പാറശാല അടുക്കുംതോറും പക്ഷേ തള്ളേ എന്നത് മാറി 'അപ്പോ !!!' എന്നാവും. "അപ്പോ.. അതിന്റെ മോളീക്കൂടെ എന്തരോ പോണത് കണ്ടാ.." ആണ് ഞാന്‍ ഓര്‍ത്തിരിക്കുന്ന ഡയലോഗ്. :)

Siju | സിജു said...

ഹോര്‍ലിക്സിനൊപ്പം കൊളസ്ട്രോള്‍ ഫ്രീയാണല്ലേ..

Kumar Neelakandan © (Kumar NM) said...

മനൂ,

തിരുവനന്തപുരം ഭാഷ, തൃശ്ശൂര്‍ ഭാഷപോലെയോ കോട്ടയം ഭാഷപോലെയോ കോഴിക്കോട് ഭാഷ പോലെയോ ഒന്നല്ല, സംസാരത്തിന്റെ താളത്തില്‍ അതു വ്യത്യാസപ്പെട്ട് കിടക്കുന്നു. ബാലരാമപുരത്തും (ബാലനാപുരം. അങ്ങനെയാണ് നാട്ടുകാര്‍ അധികവും പറയുക) നെയ്യാറ്റിന്‍ങ്കരയും സംസാരിക്കുന്ന ഭാഷയല്ല ആറ്റിങ്ങലും (ആറ്റിങ്ങ) വര്‍ക്കലയും സംസാരിക്കുക. നെടുമങ്ങാട്ടും (നെടുവങ്ങാട്) പാലോടും സംസാരിക്കുന്ന താളമല്ല മറ്റു സ്ഥലങ്ങളില്‍.

അതായത് “ടേയ് എന്തരെടേയ്” എന്നതും “എന്തരു ചെല്ലക്കിളീ”, “എന്തരപ്പീ” എന്നതും “ എന്തയ്‌ടേയ്” എന്നതും ഒക്കെ ഓരോരോ താളത്തില്‍ ഓരോരോ രിതിയായി പലസ്ഥലങ്ങളിലായ് സംസാരിക്കപ്പെടുന്നു. ആറ്റിങ്ങല്‍ കഴിഞ്ഞ് വര്‍ക്കല എത്തുമ്പോള്‍ അത് എന്തരെടേയുടേയും എന്തുവാടേയുടെയും ഒരു മിക്സ് ഭാഷയിലേക്ക് തിരിയുന്നു.

ഇതെല്ലാം ചേര്‍ത്ത് വിശദമായി എഴുതണം എന്നുണ്ട്.

എതിരന്‍ കതിരവന്‍ said...

Kumar:
What I meant was the slang is being teased by the mimicry artists,not by you. My comment was a positive one. How could you miss it? I did mean that it is musical.

vaadi prathiyaayO?

Kumar Neelakandan © (Kumar NM) said...

അയ്യയ്യോ എതിരവാ.. എന്നെ തെറ്റിദ്ധരിക്കല്ലെ! കതിരവന്‍ പറഞ്ഞതിന്റെ സന്തോഷത്തില്‍ അതിനെ സപ്പോര്‍ട്ട് ചെയ്ത് എഴുതിയ വരികള്‍ ആണ്. സന്തോഷം കൊണ്ട്.

പ്രതിയാക്കിയില്ല. വാദിഭാഗത്തേക്ക് ചേര്‍ത്തു നില്‍ക്കുകയായിരുന്നു.

ആ കമന്റിലെ യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നു.

കുറുമാന്‍ said...

കുമാര്‍ ഭായ്, ഞാന്‍ വന്നപ്പോ ലേയ്റ്റായി പോയി....പനിയടിച്ചപ്പോ കമ്പ്യൂട്ടറും അടച്ചതാ.....നിങ്ങക്ക് പനി വന്നാ പോസ്റ്റ് വരും, ,എനിക്ക് പനി വന്നാ കമന്റു പോലും വരൂല്ല. കലക്കിയിരിക്കുന്നു (ഹോര്‍ളിക്സല്ല, പോസ്റ്റ്)......അതാതു സ്ഥലത്തെ ഭാഷ പറയാന്‍ ദേശക്കാര്‍ക്ക് കഴിയുമെങ്കിലും എഴുതി ഫലിപ്പിക്കാന്‍ അല്പം പ്രയാസം തന്നെ. ഇവിടെ മേശിരി കലക്കിപൊളിച്ചടുക്കി, കടുകുവറുത്ത്, ഉള്ളിമൂപ്പിച്ച് താളിച്ച് കറുവേപ്പിലപൊട്ടിച്ച്, ഉണക്കമുളകും മൂപ്പിച്ച് ഗംഭീറമാക്കിയിരിക്കുന്നു (ഇത് ഇനി എന്നാവോ കൈപ്പള്ളി പോഡ്കാസ്റ്റ് ഇറക്കുന്നത്)

മുസാഫിര്‍ said...

കുമാര്‍ജി,

ഇതിന്റെ ഒരു പഠാണീ ഭാഷ്യം ഇവീടെ കേട്ടിട്ടുണ്ട്.ഹാര്‍ലിക്സിനു പകരം കൊളസ്റ്റ്റോള്‍ ഫ്രീ കോണ്‍(Corn)ഓയില്‍ ആയിരുന്നു.
പക്ഷെ കൂരുമുളകിന്റെ വള്ളീ സായ്യിപ്പ് കട്ട് കൊണ്ട് പോയെന്നു പരാതി പറഞ്ഞ ശേവുകക്കാരനോടു ‘നമ്മുടെ തിരുവാതിര ഞാറ്റു വേല അയാള്‍ക്കു കൊണ്ടു പോവാന്‍ പറ്റില്ലല്ലോ , എന്ന് സാമൂതിരി പറഞ്ഞ പോലെ ഞാനും പറയുന്നു.പഠാണിക്കു നെടുമങ്ങാട് സ്ലാങ്ങില്‍ വായിക്കുന്നതിന്റെ രസം തരാന്‍ പറ്റില്ലല്ലോ.ഇത് ഇഷ്ടമാ‍യി എന്നു പ്രത്യേകം പറയേണ്ടല്ലോ.

ഷിബിന്‍ said...

“മാ”, “ന്‍” എന്നിവ കൂട്ടി വായിക്കാന്‍ ശാരദചേച്ചി പറയുമ്പോള്‍ “മായിന്‍” എന്നുവായിച്ചത് അന്ന് ക്ലാസില്‍ കൂട്ട ചിരി ഉയര്‍ത്തി


ഭാഷാ പ്രയോഗം ചിരി ഉണര്‍ത്തി ... സ്ഥിരം കേള്‍ക്കുന്നതില്‍ നിന്നും വ്യത്യസ്തം ..

പക്ഷെ ഖസാക്കിന്റെ ഇതിഹാസത്തിലെ ഡയലോഗ് കോപ്പി അടിച്ചു സോമന്റെ വായില്‍ തിരുകേണ്ട ആവശ്യം ഉണ്ടായിരുന്നോ ??
അതു പോലതന്നെ ഫാറ്റ് ഫ്രീയും കുറെ കേട്ട് ചളമായ വിറ്റ്‌ അല്ലെ???

ആ ഒരു ഫലിതത്തില്‍ മാത്രം വിശ്വസിച്ചു ഇത്രയും നീണ്ട ഒരു പോസ്റ്റ്‌...
വേണ്ടിയിരുന്നോ??