Monday, April 10, 2006

ഹൌവൈ വണ്ടാ വാട്ട്യു വാര്‍!

"ടിങ്കിള്‍ ടിങ്കിള്‍ ലിറ്റിസ്റ്റാര്‍
ഹൌവൈ വണ്ടാ വാട്ട്യു വാര്‍"
ശാരദചേച്ചി പാടി.

"ടിങ്കിള്‍ ടിങ്കിള്‍ ലിറ്റിസ്റ്റാര്‍
ഹൌവൈ വണ്ടാ വാട്ട്യു വാര്‍"
കുഞ്ഞുങ്ങള്‍ ചേര്‍ന്നു പാടി.
അതില്‍ ചിലര്‍ ചുമച്ചു. ചുറ്റും പുക. ശാരദചേച്ചി പാട്ട്‌ നിര്‍ത്തി. കുട്ടികളും.
ശാരദചേച്ചി അംഗന്‍വാടിയുടെ പിന്നാമ്പുറത്തേക്ക്‌ പോയി. ഉപ്പുമാവു വേവുന്ന അടുപ്പില്‍ നിന്നും പുക ഉയരുന്നു. അടുപ്പിനകത്തേക്ക്‌ വിറകുതള്ളിവച്ചിട്ട്‌ ശാരദചേച്ചി അതിനുള്ളിലേക്ക്‌ ഒന്ന് ആഞ്ഞ്‌ ഊതി. ചാരം പറന്നു. കണ്ണുകളില്‍ അത്‌ നീരിന്റെ ഉറവ പൊട്ടിച്ചു. ശാരദചേച്ചി തലയുയര്‍ത്തി മുന്നിലെ പാടത്തേക്ക്‌ നോക്കി. കണ്ണുനീരിനുള്ളിലൂടെ പാടം തിളങ്ങി. അതിന്റെ അങ്ങേത്തലക്കല്‍ ഇരുമ്പുപാലത്തിനും അപ്പുറം നാരായണിയക്കന്റെ പച്ചക്കറി കുട്ട തെളിഞ്ഞു. അവര്‍ക്കുമുന്നില്‍ ഇരുമ്പുപാലം വെയിലില്‍ ജ്വലിച്ചു. ശാരദചേച്ചി ഓര്‍ത്തു.അതും കടന്ന്‌ ഇതുപോലൊരു വെയിലിലാണ്‌ രവിയണ്ണന്‍ പോയത്‌.


രവിയണ്ണന്‍ നാട്ടിലെ അറിയപ്പെടുന്ന ഒരു പെയിന്റര്‍ ആയിരുന്നു. പക്ഷെ രവിവര്‍മ്മയെപോലൊരു പെയിന്റര്‍ അല്ല. ചുവരുകളും വാതിലുകളും പെയിന്റ്‌ ചെയ്യുന്ന പെയിന്റര്‍. നാട്ടുകാര്‍ക്ക്‌ പെയിന്റര്‍ ആയിരുന്നെങ്കിലും രവിയണ്ണന്‍ ശാരദചേച്ചിക്ക്‌ എല്ലാമായിരുന്നു.
ഉമ്മറത്തിണ്ണയില്‍ വാരികകള്‍ വായിച്ചിരുന്നതും, വൈകുന്നേരം കുളിച്ച്‌ ഈറന്മുടിയില്‍ ഒരു തുളസിയിലയും തിരുകി കൈകളില്‍ "മോഡേണ്‍ ഫാന്‍സിയില്‍" നിന്നും വാങ്ങിയ കുപ്പിവളകളുമണിഞ്ഞ്‌ വേലിക്കല്‍ കാത്തുനിന്നതും രവിയണ്ണനുവേണ്ടിയായിരുന്നു.
നാടുകുലുക്കിയ ഒരു പ്രണയം.


മേലങ്കോട്ടമ്മയുടെ പൊങ്കാലയ്ക്ക്‌ പൊങ്കാലക്കലത്തില്‍ തീ പൂട്ടുമ്പോള്‍ പുകയുടെ മറവില്‍, കണ്ണിന്റെ നീറ്റലില്‍, ജമന്തിപൂക്കളുടെ മഞ്ഞനിറത്തില്‍, ചെണ്ടയുടെ താളത്തില്‍ മുറുകി തുടങ്ങിയ നോട്ടം, കുറുകി തുടങ്ങിയ പ്രണയം. അതു കാലം ഏറുംതോറും കീഴേവീട്ടുനടയിലെ ഇടുങ്ങിയ വഴിയിലേക്കും, ഞാറയ്കാട്‌ തോടിന്റെ ഓരത്തുള്ള പടിക്കെട്ടിലേക്കും ഒക്കെ നീണ്ടു. അവര്‍ അവരുടെ പ്രണയം ആഘോഷിക്കുകയായിരുന്നു, ഞങ്ങളും! കാരണം അന്ന് അതു ഞങ്ങളുടെ നാടിന്റെ പ്രണയമായിരുന്നു.
റ്റൈപ്പ്‌ റൈറ്റിംഗ്‌ ഇന്‍സ്റ്റിറ്റ്യൂട്ടില്‍, മാഞ്ഞുതുടങ്ങിയ അക്ഷരങ്ങള്‍ക്ക്‌ മുകളില്‍ വിരല്‍ കുത്തിയടിക്കുമ്പോള്‍ ശാരദചേച്ചി വേഗം ഒരുമണിക്കൂര്‍ കഴിയണെ എന്ന് പ്രാര്‍ത്ഥിക്കും. പഞ്ചായത്ത്‌ വായനശാലയുടെ മതിലിനുള്ളില്‍ ചിലപ്പോള്‍ രവിയണ്ണന്‍ കാത്തുനില്‍പ്പുണ്ടാകും! ടൈപ്പ്‌ ചെയ്തു കഴിഞ്ഞ്‌ പേപ്പറില്‍ ബാക്കി സ്ഥലം വരുമ്പോള്‍ അടുത്താരും കാണാതെ ചില കീ കളില്‍ ഒരു ചിരിയോടെ ശാരദചേച്ചി വിരലമര്‍ത്തും, "റെമിങ്ങ്‌ടണിന്റെ" പഴയ മെഷിനില്‍ തേഞ്ഞുതുടങ്ങിയ അച്ചുകള്‍ പേപ്പറില്‍ വന്നടിക്കുമ്പോള്‍ ചതഞ്ഞു തെളിഞ്ഞുവരും, my dear ravindra anna i love you. എന്നിട്ട്‌ കള്ളചിരിയോടെ ആരും കാണാതെ അതു കീറിയെടുത്ത്‌ പേഴ്സിനുള്ളില്‍ തിരുകി ഇറങ്ങി ഓടും.


അവരുടെ പ്രണയത്തെ നാടിന്റെ ഭൂപടത്തില്‍ നിന്നും മായ്ചുകളഞ്ഞത്‌ ഒരു വിസയായിരുന്നു. സൌദിയിലുള്ള മൂത്തമച്ചമ്പി അയച്ചുകൊടുത്ത ഒരു 'സൌദി വിസ'.
പോകുന്നതിനു തലേന്നാള്‍ കോയിക്കല്‍ കൊട്ടാരത്തിന്റെ വളപ്പില്‍, നീരാഴിയുടെ പടവില്‍ വച്ച്‌ ശാരദചേച്ചിയുടെ കൈകള്‍ എടുത്ത്‌ നെഞ്ചില്‍ വച്ച്‌ രവിയണ്ണന്‍ സത്യം ചെയ്തു. "ഞായ്‌ വരും നീ യെനിക്ക്‌ വേന്‍ണ്ടി കാത്തിരിക്ക്‍നം"


"യെടീ ചാരദേയ്‌, ഇത്തിരിപ്പോരം കഞ്ഞിവെള്ളം ഇഞ്ഞോട്ട്‌ യെടുത്താണെടീയേയ്‌.."
നാരായണിയക്കന്‍ അടുത്തെത്തി. ശാരദചേച്ചി കണ്ണുതുടച്ചു. ചാരം കണ്ണില്‍ കലങ്ങി.
നാരായണിയക്കന്‍ പച്ചക്കറിക്കുട്ട നിലത്തേക്ക്‌ ഇറക്കിവച്ച്‌ മാറിലെ തോര്‍ത്തെടുത്ത്‌ മുഖം തുടച്ചുകൊണ്ട്‌ ചോദിച്ചു.

"നീ എന്തരുപെണ്ണേ ഇങ്ങനെ ഇരുന്ന് നിരുവിക്ക്നത്‌? പത്തിരുവത്‌ കൊല്ലം ആയില്ലീ? ഇനീം നീ എന്തരിന്‌ നിന്റെ ജീവിതം കളയിനത്‌? അവയ്‌ വടക്ക്‌ എവടയാ പെണ്ണുംകെട്ടി ജീവിക്കേണ്‌. മേലത്തെ മണിയന്‍ കണ്ടന്നല്ലീ പറയിനത്‌?"
അലുമിയപാത്രത്തില്‍ നിന്നും വെള്ളമെടുത്ത്‌ നാരായണിയക്കനു കൊടുക്കുമ്പോള്‍ പച്ചക്കറികുട്ടയില്‍ നോക്കി അവള്‍ വിഷയം മാറ്റാന്‍ വേണ്ടി ചോദിച്ചു
" ഇന്ന് എന്തരക്കാ വെള്ളരിക്ക മാത്രമേ ഒള്ളാ?"
"വോ, കത്തിരിയ്ക്കയ്ക്കും പയറ്റുവള്ളിക്കും ഒക്കെ മുടിഞ്ഞ വെല ചെല്ലാ." നാരയണിയമ്മ കുട്ടയെടുത്ത്‌ തലയില്‍ വച്ചിറങ്ങി.
ശാരദചേച്ചി അംഗന്‍വാടിയുടെ മുന്‍വശത്തേക്ക്‌ പോയി. കുഞ്ഞുങ്ങള്‍ക്കൊപ്പം പാടാന്‍. ഇന്നു ശാരദചേച്ചിക്ക്‌ മറ്റാരുമില്ല, ഈ "പകല്‍കുഞ്ഞുങ്ങള്‍" അല്ലാതെ.
ഇല്ലാത്തജീവിതം അവരുമായി ആഘോഷിക്കുകയാണ്‌ ശാരദചേച്ചി .
ഒരു ചോരവറ്റിയ പ്രണയത്തിന്റെ ജീവിക്കുന്ന രക്തമില്ലാസാക്ഷി.

രവിയണ്ണന്‍?
അറിയില്ല! ഇപ്പോള്‍ 'എവിടെയോ' 'ആരോ' ആണ്‌. ചിലപ്പോള്‍ ഇതൊന്നുമാവില്ല.

.." അപ്പ്‌ എബൌദ വേള്‍സോ ഹൈ
ലൈക്കേ ഡയ്‌മണ്‍ ഇന്‍ദസ്കൈ"
ശാരദചേച്ചി കുഞ്ഞുങ്ങള്‍ക്ക് താളത്തില്‍ പാടിക്കൊടുത്തു.

23 comments:

ശനിയന്‍ \OvO/ Shaniyan said...

കുമാര്‍ജീ,
ജീവന്റെ ഇപ്പോഴും സ്പന്ദിക്കുന്ന അസ്ഥിമാടം, അല്ലേ? വളരെ നന്നായിട്ടുണ്ട്..
:) :| :(
ഈ കഥാപാത്രങ്ങള്‍ ജീവിച്ചിരിപ്പുണ്ടോ?

viswaprabha വിശ്വപ്രഭ said...

ശാരദേച്ചി എന്റെ ഹൃദയത്തില്‍ വല്ലാതെ കോറിവലിക്കുന്നു ഇപ്പോള്‍...

“വണ്ടാ വാട്ട്യു വാര്‍.....”

മുന്‍പൊരിക്കല്‍, പണ്ടൊരിക്കല്‍, ഇതേ രാഗം കേട്ടുകേട്ടുരുകിയിട്ടുണ്ട്...
മൂടിക്കെട്ടിയ ചാരത്തിനുള്ളിലെ പഴയ കഥകളുടെ കനലിലേക്കാണു ശാരദേച്ചി ആഞ്ഞൂതിയതിപ്പോള്‍...

അന്ന് അമ്മുവമ്മയായിരുന്നു...
ബാഷ്പാര്‍ദ്രമായ കണ്ണുകള്‍ക്കിപ്പോള്‍ പുകയുന്ന
ഓര്‍മ്മകള്‍ക്കിടയിലൂടെ അവരെ കാണാം...

അമേരിക്കന്‍ ദാനമായ ‘കെയര്‍’ ഉപ്പുമാവിനുവേണ്ടി ആര്‍ത്തിയോടെ സ്കൂള്‍വരാന്തയില്‍ നിരയായിരിക്കുന്ന കുട്ടികള്‍...

വെളുത്തുവിളറിയ കയ്യുകളില്‍ വിറങ്ങലിച്ച് കിടന്ന കുട്ടന്‍...
കള്ളക്കര്‍ക്കിടകത്തിന്റെ ഇരുളില്‍ വഴിതെറ്റിവന്ന നിലാവ്. കിണറ്റിനടിയില്‍ മാനം നോക്കിക്കിടന്ന അവന്റെ കണ്ണുകള്‍....

പാല്‍പ്പാടപോലെ പരന്നുകിടന്ന മാനത്ത് എവിടെയോ കരളറിയാത്ത കോണില്‍, പണ്ടെന്നോ പുറപ്പെട്ടു പോയ ലിറ്റിസ്റ്റാര്‍...

കുട്ടന്റെ തണുത്തുറഞ്ഞ കൃഷ്ണമണികള്‍ നിലാവിനക്കരെ അച്ഛനെ നോക്കിയുഴറി...

..."അപ്പ്‌ എബൌദ വേള്‍സോ ഹൈ
ലൈക്കേ ഡയ്‌മണ്‍ ഇന്‍ദസ്കൈ"

ആകാശഗംഗയില്‍നിന്നും ചിതറിയ വജ്രത്തിന്റെ തിളക്കം മോന്റെ കണ്ണുകളില്‍ പ്രതിഫലിച്ചു.
അമ്മുവമ്മ അതും നോക്കി തരിച്ചിരുന്നു...

....
....

അമ്മ മാത്രം പാടിക്കൊണ്ടേ ഇരുന്നു...
പാട്ടു കഴിയുമ്പോള്‍ വരിവരിയായി വെച്ച ഇലത്തുണ്ടുകളില്‍ അവര്‍ മഞ്ഞ ഉപ്പുമാവു കോരിവിളമ്പിക്കൊണ്ടേയിരുന്നു...

മഴക്കാലങ്ങള്‍ പിന്നെയും വന്നുകൊണ്ടേയിരുന്നു...

Unknown said...

കുമാര്‍,

ശാരദേച്ചി മനസ്സില്‍ നിന്നു മായുന്നില്ല. വളരെ നല്ല എഴുത്ത്.

ഇളംതെന്നല്‍.... said...

ശാരദചേച്ചി ഒരു നോവായി മനസ്സില്‍ മായാതെ നില്‍ക്കുന്നു...

"ടിങ്കിള്‍ ടിങ്കിള്‍ ലിറ്റിസ്റ്റാര്‍
ഹൌവൈ വണ്ടാ വാട്ട്യു വാര്‍"
ശാരദചേച്ചി പാടി .

ശാരദചേച്ചി പാടുമ്പോള്‍ നഷ്‌ടപ്പെടലിന്റെ ഒരു നിസ്‌സംഗത എവിടെയോ ഒളിച്ചിരിക്കുന്നു....

രാജീവ് സാക്ഷി | Rajeev Sakshi said...

നന്നായിട്ടുണ്ട് കുമാര്‍.
ഇപ്പോഴാണ് നെടുമങ്ങാടീയം പൂര്‍ണ്ണമായും ഒരു നാടിന്‍റെ കഥയാവുന്നത്.
പറയാതെ വയ്യ കുമാറിന്‍റെ എഴുത്ത്
പുതിയ സാധ്യതകള്‍ തേടിത്തുടങ്ങി.

സു | Su said...

:( ഞാന്‍ വെച്ച കമന്റ് ഡിലീറ്റ് ചെയ്തതില്‍ ശക്തമായ ദുഃഖം രേഖപ്പെടുത്തിക്കൊള്ളുന്നു. ഇനി പോസ്റ്റ് വെക്കുമ്പോള്‍ സു മാത്രം കമന്റ് വെക്കരുത് എന്നൊരു കുറിപ്പ് വെച്ചാല്‍ ഉപകാരം.

SORRY...

ദേവന്‍ said...

പാവം ദൈവപുത്രി.
ഐ സീ ഡി എസ്‌ അയക്കുന്ന സ്റ്റോക്ക്‌ തീര്‍ന്നപ്പോ ദൈവത്തിന്റെ മുന്നിലെ കുടുക്കയിലെ 3 ഇരുപത്തഞ്ചു പൈസാ തുട്ടുകളില്‍ രണ്ടെണ്ണം കടമെടുത്ത്‌ അരക്കുപ്പി മോരു വാങ്ങി കാച്ചി പറമ്പിലെ മഴച്ചേമ്പും കൂട്ടിനു പുളിശ്ശേരിക്കറിയും കൊടുത്ത റ്റീച്ചറുചേച്ചിയെ എനിക്കറിയാമല്ലോ..

"അമ്പതു പൈസാക്കു 25 എണ്ണത്തിനു ഞാനെന്നാ കറി ഒണ്ടാക്കാനാ എന്റെ മോനെ കുഞ്ഞുങ്ങളെന്നെ പ്രാകിക്കാണും" എന്ന കുറ്റബോധത്തില്‍ "നാളേം പയറും എണ്ണേം വന്നില്ലേല്‍ ഞങ്ങക്കൊരു ചക്കേം രണ്ടു തേങ്ങേം കൊടുത്തു വിടണേ" എന്നു തന്റെ ക്ലാസ്സിന്റെ വിശപ്പിനെ നേരിടാന്‍ ഇരക്കേണ്ടി വന്ന അവര്‍ക്ക്‌ അവര്‍ക്ക്‌ ഇങ്ങനേയും ഒരു കഥ ഉണ്ടായിരുന്നോകുമാറേ
? നെഞ്ചില്‍ ടോഗ്ഗിള്‍ ബോള്‍ട്ട്‌ കയറിയപോലെ...

Kalesh Kumar said...

കുമാര്‍ ഭായ്,
ഹൃദയസ്പര്‍ശിയായ കഥ (സംഭവം?)
നെഞ്ചില്‍ തട്ടും വിധം എഴുതിയിരിക്കുന്നു.
അതിമനോഹരം!

Santhosh said...

ശാരദച്ചേച്ചിക്ക് നല്ലത് വരട്ടെ! കൂമാര്‍, തീക്ഷ്ണമായീരിക്കുന്നു, ഇത്.

Kumar Neelakandan © (Kumar NM) said...

സുവിനോട്, സുവിനോട് മാത്രം,

എന്റെ ഈ പോസ്റ്റ് പബ്ലീഷ് ചെയ്ത ഉടന്‍ വന്നതാണ് സൂവിന്റെ കമന്റ്.
പബ്ലീഷ് ചെയ്ത ഉടന്‍ (സുവിന്റെ കമന്റു കാണുന്നതിനു മുന്നെ തന്നെ) ഞാന്‍ എന്റെ പോസ്റ്റു ഒന്നുകൂടി എഡിറ്റ് ചെയ്തു. പാരഗ്രാഫിലെ സ്പേസ് കാരണം അതു ഡിലീറ്റ് ചെയ്ത് പുതുതായി ഒന്നു പബ്ലീഷ് ചെയ്യുകയായിരുന്നു.
അതിനിടയിലാണ് സുവിന്റെ കമന്റ് പെട്ടുപോയത്.
അതു മനസിലാക്കിയപ്പോള്‍ തന്നെ ഞാന്‍ സൂവിനു യാഹൂവില്‍ ഓഫ് ലൈന്‍ മെസേജ് കാര്യകാരണ ക്ഷമ സഹിതം അയച്ചു. (അതു കിട്ടിയിട്ടുണ്ടാവും എന്നു കരുതുന്നു)

അല്ലാതെ ഒരാളുടെ കമന്റു ഡിലീറ്റ് ചെയ്തു കളയാന്‍ വേണ്ട അല്പത്തരം എന്റെ കയ്യില്‍ സ്റ്റോക്ക് ഇല്ല. SORRY!.

കമന്റുകള്‍ ഒരു നല്ല പ്രചോദനമായിക്കണ്ട് എഴുതാന്‍ ശ്രമിക്കുന്നയാളാണ് ഞാന്‍. എന്നുവച്ച് എല്ലാവരും ഇവിടെ കമന്റ് എഴുതിയേ തീരൂ എന്നുള്ള വാശിയൊന്നും എനിക്കില്ല.
ചിലരുടെ കമന്റിന്റെ ജമന്തിപ്പൂക്കള്‍ ഇവിടെ മാത്രം വിരിയാതിരുന്നകാലത്തൊന്നും ഞാന്‍ പരാതി പറഞ്ഞില്ല. എങ്കിലും അവരെ അടുത്തു കിട്ടിയപ്പോള്‍ ചോദിച്ചു കാരണം എന്താണെന്ന്.
വ്യക്തമായ ഉത്തരം ഇനിയും കിട്ടിയിട്ടില്ല.

ഈ അടുത്താകാലത്തായി ഓഫ് ടോപ്പിക്കുകളില്‍ നിന്ന് വഴിമാറി നടക്കുന്നവനാണ് ഞാന്‍. അതുകൊണ്ട് ഈ വിഷയം ഇവിടെ തീരണം എന്നാഗ്രഹമുണ്ട്. ഒരു ചര്‍ച്ചയുടെ വഴിലേക്ക് പോകാതെ. സുവിനോട് ഒരാവര്‍ത്തികൂടി ക്ഷമ ചോദിക്കുന്നു.
ഒന്നു മറന്നു, ശാരദചേച്ചിയുടെ കഥകേള്‍ക്കാന്‍ ഇവിടെ വന്നവര്‍ക്കും വന്നുകൊണ്ടിരിക്കുന്നവര്‍ക്കും ഉള്ള നന്ദി.

അരവിന്ദ് :: aravind said...

കുമാര്‍ ജീ..ഹൃദ്യം..
പ്രതീക്ഷിച്ചത് പതിവുപോലെ ഒരു തമാശയാണെങ്കിലും, പ്രതീക്ഷിച്ചതിനേക്കാള്‍ നന്നായി ഈ വേറിട്ട കഥ.
അതെ, ഒരു നാടിന്റെ കഥയാകുമ്പോള്‍ എല്ലാം വേണം.
അഭിനന്ദനങ്ങള്‍! :-)

Anonymous said...

g[നെടുമങ്ങാടീയം] 4/10/2006 08:27:50 AM
പറയാന്‍ പറ്റില്ല. വിമാനം ദൂരെ നിന്നു കണ്ട് അഭിപ്രായം പറയുന്നതുപോലെയാണ്, അറിയാത്ത ആള്‍ക്കാരെപ്പറ്റിയും, വസ്തുതകളെപ്പറ്റിയും ഊഹിക്കുന്നത്. ഊഹമാവില്ല സത്യം.

രവിയണ്ണന്‍ ശാരദച്ചേച്ചിയേം ഓര്‍ത്ത്, ഒന്നുമാവാന്‍ കഴിയാതെ, തിരിച്ചുവന്ന് മുഖം കാണിക്കാന്‍ കഴിയാതെ, എവിടെയെങ്കിലും ഒറ്റപ്പെട്ട്, ശാരദച്ചേച്ചി എന്തെങ്കിലും, ആരെങ്കിലുമൊക്കെ ആയിട്ടുണ്ടാവും, താനായിട്ട് അത് നശിപ്പിക്കേണ്ട, എന്നോര്‍ത്ത് ഇരിക്കുന്നുണ്ടോന്ന് ആര്‍ക്കറിയാം.

--
Posted by സു | Su to നെടുമങ്ങാടീയം at 4/10/2006 08:27:50 AM

Visala Manaskan said...

' റെമിങ്ങ്‌ടണിന്റെ" പഴയ മെഷിനില്‍ തേഞ്ഞുതുടങ്ങിയ അച്ചുകള്‍ പേപ്പറില്‍ വന്നടിക്കുമ്പോള്‍ ചതഞ്ഞു തെളിഞ്ഞുവരും, my dear ravindra anna i love you.'

അതിഗംഭീരം എന്നതില്‍ കുറഞ്ഞൊന്നും പറയാന്‍ എനിക്ക് മനസ്സില്ല!

കുമാറിനെ ഞങ്ങള്‍ മിസ്സ് ചെയ്തു. കുമാറിന്റെ ചിത്രങ്ങളും വരയും എഴുത്തും മിസ്സ് ചെയ്യുക എന്നുവച്ചാല്‍ ഒരൊന്നൊന്നര മിസ്സാ..!

സു | Su said...

:(

Anonymous said...

കുമാറ്ജീ..
ഹൃദ്യമായിരിക്കുന്നു ഈ കഥ.
എനിക്കുമറിയാം ഒരു പാട് ശാരദചേച്ചിമാരെ.
പഞ്ചായത്ത് വക ഓണറേറിയത്തിനായി വരാന്ത കയറിയിറങ്ങുന്നതില്‍ അവര്‍ക്കത്ര ശുഷ്കാന്തിയുണ്ടായിരുന്നില്ല. പക്ഷേ തനത് ഫണ്ടില്‍ നിന്നും അനുവദിച്ച അരി വിഹിതത്തിന് അവര്‍ കാണിച്ചിരുന്ന വേവലാതിയും ആശങ്കയും മേലധികാരികളുടെ ചട്ടപടി മിനുട്സിലെ പത്താം നമ്പരോ പതിനഞ്ചാം നമ്പരോ തീരുമാനമായി വെറുതെ കിടന്നു.

ഇവിടെ നെടുമങ്ങാടിന്റെ മാത്രമല്ല കേരള സമൂഹത്തിന്റെ പരിച്ഛേദമാണ് ഞാന്‍ വായിച്ചെടുക്കുന്നത്. അഭിനന്ദനങ്ങള്‍!!

ചില നേരത്ത്.. said...

അയ്യോ എന്റെ കമന്റതാ അനോണിയായി കിടക്കുന്നു.

കണ്ണൂസ്‌ said...

ദൈവമേ, ഈ ലോകത്ത്‌ ആരൊക്കെ, എന്തൊക്കെ വേദനകളുമായാണ്‌ ജീവിക്കുന്നത്‌???

മനോഹരം...

Kumar Neelakandan © (Kumar NM) said...

ശാരദ ചേച്ചിയും (ശാരദേച്ചി അല്ല, ക്ഷമിക്കുക) രവിയണ്ണനുമൊക്കെ ജീവിച്ചിരിക്കുന്ന ഒത്തിരിപ്പേരില്‍ നിന്നും ഒരുപാട് സംഭവങ്ങളില്‍ നിന്നും ഒരുപാട് അനുഭവങ്ങളില്‍ നിന്നും കാഴ്ചകളില്‍ നിന്നുമൊക്കെ ജനിച്ചതാണ്. നിങ്ങളില്‍ ഓരോരുത്തരുടേയും മനസില്‍ ഒരു ശാരദചേച്ചി ഇല്ലേ? അപ്പോള്‍ ശാരദചേച്ചി ‘യൂണിവേഴ്‌സല്‍‘ ആണ്.

എല്ലാവര്‍ക്കും നന്ദി. എന്റെ ബ്ബ്ലോഗില്‍ നീലക്കുറിഞ്ഞിപോലെ വന്ന വിശ്വപ്രഭയ്ക്ക് പ്രത്യേകിച്ചും.

myexperimentsandme said...

ശരിക്കും മനസ്സില്‍ തട്ടിയ കഥ (?) കുമാറേ...

“അലുമിയപാത്രത്തില്‍ നിന്നും വെള്ളമെടുത്ത്‌ നാരായണിയക്കനു കൊടുക്കുമ്പോള്‍ പച്ചക്കറികുട്ടയില്‍ നോക്കി അവള്‍ വിഷയം മാറ്റാന്‍ വേണ്ടി ചോദിച്ചു........” വെറുതേ ഒന്ന് സങ്കല്പിച്ചു നോക്കി, ശാരദ ചേച്ചിയുടെ അപ്പോഴത്തെ മുഖം..

പക്ഷേ നമ്മളാരും രവിയണ്ണനെപ്പറ്റി ഓര്‍ക്കുന്നില്ലല്ലോ.... എന്തുകൊണ്ടായിരിക്കാം അദ്ദേഹം അങ്ങിനെ ചെയ്തത്? അദ്ദേഹത്തിനും കാണുമായിരിക്കുമല്ലോ എന്തെങ്കിലുമൊക്കെ പറയാന്‍......

viswaprabha വിശ്വപ്രഭ said...

ഹിയ്യ്യൊ! നീലക്കുറിഞ്ഞിയോ? ഞാനോ?

കുമാര്‍ പോലുമറിയാതെ ഓരോ പോസ്റ്റുപുതുമഴയും ഇവിടെ (എവിടെയും) പെയ്യുമ്പോഴൊക്കെയും നിറവും മണവും ഗുണവും ഇല്ലാത്ത ഒരു കാട്ടുപൂവ് പാറക്കെട്ടുകള്‍ക്കിടയിലൊരിടത്ത് നിശ്ശബ്ദമായി പൊട്ടിവിടരാറുണ്ട്.

സര്‍ഗ്ഗേശ്വരന്മാരുടെ കോവിലുകളില്‍ പൂജക്കെടുക്കാന്‍ പോയിട്ട്, ഒരു പുല്‍ക്കൂട്ടില്‍ പോലും ചെന്നു പറ്റാനാവില്ലല്ലോ എന്ന ഖിന്നതയോടെ ആരാലും അറിയാതെ ആരോടും മിണ്ടാതെ വിരിഞ്ഞപോലെത്തന്നെ വാടിപ്പോവാറുമുണ്ട്.

സത്യം, അതു ഞാനാണ്.

Kuttyedathi said...

കുമാര്‍,

ശാരദ ചേച്ചിയെ ഇന്നലെ തന്നെ വായിച്ചിരുന്നു. കമന്റാന്‍ സമയം കിട്ടിയതിപ്പോള്‍.

ശാരദ ചേച്ചി ഊതിക്കൊണ്ടിരുന്ന അടുപ്പിലെ കനല്‍ ബ്ലോഗരുടെ മുഴുവന്‍ ഹൃദയത്തിലേക്കാണു കോരിയിട്ടത്‌, കുമാര്‍ജി. വായിച്ചു കഴിഞ്ഞപ്പോ, അടുപ്പിലെ പുക തട്ടിയിട്ടോ എന്തോ, എന്റെ കണ്ണിലും നീറ്റല്‍!

മനോഹരമായി കുമാര്‍, ശാരദ ചേച്ചിയുടെ ഈ പോര്‍റ്റ്രെയിറ്റ്‌.

Manjithkaini said...

കുമാര്‍ജീ,

ഒരറിവ് പങ്കു വയ്ക്കട്ടെ. പോസ്റ്റ് ചെയ്തതില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ പോസ്റ്റ് അപ്പാടെ ഡിലിറ്റ് ചെയ്യേണ്ട. എഡിറ്റ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് മാറ്റങ്ങള്‍ വരുത്തിയാല്‍ മതിയാകും. അപ്പോള്‍ പോസ്റ്റ് വീണ്ടും പാതാളക്കരണ്ടിയില്‍ കുടുങ്ങുക, കമന്റുകള്‍ ഡിലിറ്റ് ആയിപ്പോവുക തുടങ്ങിയ കയ്യബദ്ധങ്ങള്‍ ഒഴിവായിക്കിട്ടും. ഇങ്ങനെ കുറേ അബദ്ധങ്ങള്‍ ചെയ്തു പഠിച്ച ഒരറിവ് പങ്കുവച്ചുവെന്നു മാത്രം.

ശാരദേച്ച്യെ വായിച്ചു. ഹൃദയത്തിനുള്ളിലേക്കെടുത്തു ഇക്കഥ.

നന്ദി.

Sapna Anu B.George said...

ഈ പഴയ കഥകള്‍ , ഈ പുതിയ ജീവിതത്തിലും മഴയായി പെയ്തിരുന്നെങ്കില്‍. ശാരദച്ചേച്ചി‍ മന‍സ്സിനെ വല്ലാതെ പിടിച്ചുലച്ചു, ഇത്രക്ക് നന്നായി, ഹ്രുദയത്തില്‍ നിന്നിറങ്ങുന്ന പോലെയുള്ള വാക്കുകള്‍ എങ്ങനെ എഴുതി പിടിപ്പിക്കാന്‍ കഴിയുന്നു കുമാറെ. വളരെ നന്നായിരിക്കുന്നു. ഒരു ശാരദച്ചേച്ചി എനിക്കും ഉണ്ടായിരുന്നെങ്കില്‍ എന്നാശിച്ചു പോയി.