( പഴയകാലത്ത് കണ്ട ചില ജീവിതങ്ങള്‍ ഒരു കഥയുടെ പതിവു പൈങ്കിളിചിറകടിയോടെ.. എന്ന ജാമ്യം സമര്‍പ്പയാമി :)“..ഇന്ത്യന്‍ മണ്ണില്‍ കാലമുയര്‍ത്തിയ രണ്ടാം താജ് മഹാല്ഹോ ഹോ ജവഹര് ലാല്‍ഹോ ഹോ ജവഹര് ലാല്‍..”ജയചന്ദ്രന്റെ ഓര്‍മ്മ പിന്നെയും ആ വേദിയില്‍ കുറെ നേരം കൂടി കുരുങ്ങിക്കിടന്നു. ജയചന്ദ്രന്‍ ഇപ്പോള്‍ ആ സ്റ്റേജിലെ സൈഡിലെ കര്‍ട്ടന്‍ ചെറുതായി വകഞ്ഞുമാറ്റി ആ സംഘഗാനം കേള്‍ക്കുകയാണ്. പതിവുപോലെ ജെസ്സി തന്നെയാണ് ഹൈ പിച്ചില്‍ ലീഡ് പാടുന്നത്. കഴിഞ്ഞവര്‍ഷവും ജില്ലാതലത്തിലെ യുവജനോത്സവത്തില്‍ സംഘഗാനത്തിനു സ്കൂളിനു ഒന്നാം സമ്മാനം കിട്ടിയത് ഈ പാട്ടിനുതന്നെയാണ്. ഇത്തവണയും കിട്ടിയേക്കും എന്ന് അവനു അപ്പോള്‍ തോന്നി.
കണ്ണുനീരിന്‍ യമുനയ്ക്കരുകില്‍ കാലമുയര്‍ത്തിയ താജ് മഹാല്ഹോ ഹോ ജവഹര് ലാല്‍ഹോ ഹോ ജവഹര് ലാല്ജവഹര് ലാല്ജവഹര് ലാല്‍... അതിങ്ങനെ താഴ്ത്തിപ്പാടിയപ്പോള്‍ ജെസ്സിയുടെ നോട്ടം സൈഡിലെ കര്‍ട്ടന്റെ അരികിലേക്ക് ഒന്നു പാളി. അവനു സന്തോഷമായി.
ഓര്‍മ്മയില്‍ നിന്നും പിടിവിടുമ്പോള്‍, സ്കൂള്‍ കാലം വിട്ടുവരാന്‍ മടിച്ചുനില്‍ക്കുമ്പോള്‍, ജംഗ്ഷനിലെ തിരിവും കടന്ന് ജെസ്സി മറഞ്ഞു കഴിഞ്ഞു. അവളുടെ കടുത്ത പച്ചനിറമുള്ള സാരി മാത്രം കണ്ണില്‍. മനസില്‍ അവനറിയാതെ മൂളുന്ന “വോ ഹോ ജവഹര് ലാലും”
“എന്തരാണെടെയ് ജെയാ, പഴയ കേസ് പൊടിതട്ടി എടുക്കാന്‍ വല്ല പരിപാടിയും ഒണ്ടാ? നിവര്‍ത്തിയിട്ട പാന്റിന്റെ തുണിയില്‍ പതിഞ്ഞ ചോക്കുകൊണ്ട് ഷേപ്പ് വരച്ചിടുമ്പോള്‍ പ്രതീപ് ചോദിച്ചു.
“ഏയ്.. ഞാന്‍ അവളുടെ പണ്ടത്തെ പാട്ട് ആലോചിക്കേരുന്നു. ഇപ്പൊ പാട്ടുപരിപാടി ഒന്നുമില്ലേ അവള്‍ക്ക്?“
“ഇപ്പം പാട്ടില്ല. പരിപാടി കാര്യമായിറ്റ് ഒണ്ടന്നാണ് ക്യാക്കണത്” പ്രതീപ് അര്‍ഥഗര്‍ഭമായി ചിരിച്ചു.
“എവള കല്യാണം ഒന്നും കഴിഞ്ഞില്ലീ ഇതുവരെ? എവളിപ്പം എവിടേടേയ്?“
“താമസമൊക്കെ പഴേസ്ഥലത്ത് തന്നെ. അവക്കിപ്പം എന്നും കല്യാണം തന്നെ. ആകെ ഒണ്ടായിരുന്ന തള്ള ചത്തത് ഇന്നാളാണ്. അതോടെ കാര്യങ്ങള് ലൈസന്‍സോടെ ആയി. പക്ഷെ ഇപ്പം നന്നായിറ്റ് ഒന്ന് ഒടഞ്ഞിറ്റൊണ്ട്. സിറ്റിയില് നല്ല ആഫറാണെന്നാണ് പയലുകള് പറയണത്.”
“ഉം. ഞാന്‍ എറങ്ങണെടെ പ്രതീപെ.. പോയിട്ട് കൊറച്ച് പണിയൊണ്ട്. നിന്റെ പണീം നടക്കട്ട്”
പലകപ്പടികളില്‍ ജയചന്ദ്രന്റെ കാല്‍പ്പാടുകള്‍ ഇറങ്ങിപോകുന്ന ശബ്ദം താഴ്ന്നു തുടങ്ങിയപ്പോള്‍ പ്രതീപ് ഓര്‍ത്തത് ജയന്റെ സംസാരത്തിലുണ്ടായ താളമാറ്റമാണ്. നാടുവിട്ടവര്‍ക്കെല്ലാം തിരികെവരുമ്പോള്‍ ഒരു പ്രത്യേക മണവും സംസാരരീതികളുമാണ്. അളക്കാനുള്ള ടേയ്പ്പ് കഴുത്തിലേക്ക് ഇട്ടിട്ട് അവന്‍ കത്രിക കയ്യിലെടുത്തു.
***
“ഇന്നെന്തുപറ്റി ന്യാരത്തെ? കമ്പനികളൊന്നുമില്ലീ മുക്കില്‍?” ലീവിനുവന്നിട്ട് ആദ്യമായാണ് സന്ധ്യകഴിഞ്ഞപ്പോള്‍ തന്നെ വീട്ടില്‍ തിരികെ എത്തുന്നത് എന്ന കാര്യം അവന്‍ അപ്പോഴാണ് ശ്രദ്ധിച്ചത്. വീടിന്റെ വടക്കുവശത്ത് ഇറക്കികെട്ടിയ മുറിയിലേക്ക് കയറുമ്പോള്‍ ജയന്‍ ഉത്തരമായി വെറുതെ ഒന്നു മൂളുകമാത്രം ചെയ്തു. കട്ടിലില്‍ കിടക്കുമ്പോള്‍ എവിടെ നിന്നോ ഓടിവന്നതു പോലെ ആ പാട്ട്.
ഇന്ത്യന്‍ മണ്ണില്‍ കാലമുയര്‍ത്തിയ രണ്ടാം താജ് മഹാല്‍..
അവന്‍ വെറുതെ അതു മൂളി. ജെസ്സിയായിരുന്നു അന്നു സ്കൂളിലെ നല്ല പാട്ടുകാരി. ലളിതഗാനത്തിനും സംഘഗാനത്തിനും അവള്‍ തന്നെയായിരുന്നു 3 വര്‍ഷവും തുടര്‍ച്ചയായി സ്കൂള്‍
യുവജനോത്സവത്തില്‍ സമ്മാനം വാങ്ങുക. ലളിതഗാനത്തില്‍ കിട്ടിയില്ലെങ്കിലും അവള്‍ നയിക്കുന്ന സംഘഗാനം ജില്ലാ തലത്തില രണ്ടുവര്‍ഷവും ഒന്നാമതായിരുന്നു. പത്താം തരത്തില്‍ പഠിക്കുമ്പോള്‍ ജില്ലാതലത്തില്‍ മത്സരിക്കാന്‍ പോകുന്ന കുട്ടികളുടെ സംഘത്തില്‍ കയറിക്കൂടാന്‍ അവന്റെ കവിതകള്‍ക്കും കഴിഞ്ഞിരുന്നു.
“ഓടി നടന്ന പൈക്കളും ഒരു കുടന്നപ്പൂവും
ഒടുവിലായ് നീയും
ഒന്നൊഴിയാതെ പടിയിറങ്ങിപ്പോയ്
കരിന്തിരികത്തും വിളക്കില്‍
പുകയുടെ നാമ്പുയരും രാവില്‍
കാറ്റിനായ് ഞാനാ ജാലകം തുറന്നിട്ടു,
കണ്ടില്ല നിന്റെ നിഴലുപോലും..”
അന്നെഴുതിയ കവിതയുടെ ചിലവരികള്‍ ഇടയ്ക്കൊക്കെ ഒരു അറിയാതെ മനസില്‍ വരും. പക്ഷെ അതിനെ ചുറ്റി വരുന്ന മറ്റു ചിലതിന്റെ ഓര്‍മ്മകള്‍ പുകപോലെ ചുറ്റുമ്പോള്‍ അവന്‍ ആ ഓര്‍മ്മകളെ പോലും വെറുക്കും. മനസിലിട്ട് കൊല്ലും. പക്ഷെ ഇന്ന് ജയന്‍ ഓര്‍ത്തു. പച്ചയും വെള്ളയുമാണ് ജെസ്സിയുടെ നിറം. അതായിരുന്നു അവരുടെ സ്കൂളിലെ എല്ലാ പെണ്‍കുട്ടികളുടേയും നിറം. അതില്‍ അവന്‍ ജെസ്സിയെ വേര്‍തിരിച്ചു കണ്ടിരുന്നത് അവളുടെ ചിരിയാണ്. ചിരിയില്‍ അവന്‍ വേര്‍തിരിച്ച് കണ്ടിരുന്നത് നിരതെറ്റി നില്‍ക്കുന്ന ഒരു പല്ലാണ്. അവന്‍ അതിനെ തേറ്റ എന്നായിരുന്നു പറഞ്ഞിരുന്നത്. അത് അവനെ ഒരുപാട് സന്തോഷിപ്പിച്ചിരുന്നു, മത്തുപിടിപ്പിച്ചിരുന്നു. ഒരു ദിവസം രാവിലെ അവര്‍ രണ്ടാളും മാത്രം നേരത്തെ ക്ലാസില്‍ എത്തിയ ദിവസം അവന്‍ ചോദിച്ചു, ഞാന്‍ ആ പല്ലിലൊന്നു തൊട്ടോട്ടേ എന്ന്. അവള്‍ ചിരിച്ചുകൊണ്ട് സമ്മതിച്ചു. ആ ചിരിയണയാതെ തന്നെ അവള്‍ നിന്നു. അവന്‍ ചൂണ്ടുവിരല്‍ കൊണ്ട് അതില്‍ തൊട്ടു. പെട്ടന്നെ കൈ തിരികെ എടുത്തു. രണ്ടുപേരും ചിരിച്ചു.
പതിവുപോലെയുള്ള ക്ലാസ്. പക്ഷെ അന്നവര്‍ പതിവു തെറ്റിച്ച് ഒരു കാര്യം കൂടി ചെയ്തു. ഒരുകാര്യവും ഇല്ലാതെ ഒരുപാടുതവണ പരസ്പരം നോക്കി.
“ജയചന്ദ്രന്‍ സീക്കേ.. ഇവിടെ ശ്രദ്ധിച്ചിരിക്കു.” കവിളില്‍ വന്നു കൊണ്ട ഒരു കഷണം ചോക്ക് ആ തരംഗങ്ങളെ തല്‍ക്കാലത്തേക്ക് മുറിച്ചു. ക്ലാസില്‍ ശ്രദ്ധിക്കാത്തതിന് നാഗപ്പന്‍ സാര്‍ ചിരിച്ചുകൊണ്ടൊരു വാണിങ്ങ് നോട്ടം അവനു കൊടുത്തു. പിന്നെ ഒരുപാടു ക്ലാസുകളില്‍ ഒരുപാടു നോട്ടങ്ങള്‍ ഒരുപാട് തരംഗവേഗങ്ങളില്‍ സഞ്ചരിച്ചു, ഒരു ചോക്കു കഷണത്തിനും പിടികൊടുക്കാതെ.
എന്നും തിരിച്ചു വീട്ടിലേക്ക് പോകുന്ന കൂട്ടങ്ങളില്‍ നിന്നും അവര്‍ മാത്രം മനപൂര്‍വ്വം മാറി തുടങ്ങി. പകുതിയോളം ദൂരം അവരൊന്നിച്ചായിരുന്നു യാത്ര, ഒരുദിവസം ചീലാന്തിമുടുക്കില്‍ എത്തിയപ്പോള്‍, മുന്നിലും പിന്നിലും ആളില്ലാ എന്ന് ഉറപ്പുവരുത്തി അവന്‍ അവളുടെ ഇടതു കൈക്കു പിടിച്ചു. അവള്‍ ആ കൈ തട്ടിയില്ല. അവനെ ഒന്നു നോക്കുകമാത്രം ചെയ്തു. അവന്‍ പെട്ടന്ന് കൈ എടുത്തു. എപ്പോഴോ അതുപിന്നെ പതിവായി. വളര്‍ന്നു പന്തലിച്ചു കിടക്കുന്ന ചീലാന്തികളുടെ ഇടയിലൂടെ ഉള്ള വഴിയില്‍ അവന്റെ കൈകള്‍ അവളുടെ വിരലിന്റെ തണുപ്പ് ഒരുപാടുതവണ അറിഞ്ഞു. അവളുടെ ആര്‍ദ്രമായ നോട്ടം അവനുമറിഞ്ഞു. ചീലാന്തിപ്പടര്‍പ്പുകള്‍ ഇതു രണ്ടും അറിഞ്ഞു. ആ അറിവിനു മറപിടിക്കാനെന്നവണ്ണം ചീലാന്തികള്‍ ഒരു നിമിഷം അവര്‍ക്കു വേണ്ടി നിശബ്ദമായി നിന്നുകൊടുത്തു.
.....
ജയചന്ദ്രന്‍ കട്ടിലിന്റെ അടിയിലെ ബാഗില്‍ നിന്നും വിദേശമദ്യത്തിന്റെ ഒരു കുപ്പി വലിച്ചെടുത്തു. കൂട്ടുകാര്‍ക്ക് കൊടുക്കാന്‍ ക്യാന്റീനില്‍ നിന്നും വാങ്ങിക്കൊണ്ടുവന്നതില്‍ ഒന്നാണത്. അതു പൊട്ടിച്ച് മേശപ്പുറത്തിരുന്ന ഗ്ലാസിന്റെ പകുതിയോളം ഒഴിച്ചു കൂജയില്‍ നിന്നും തണുത്ത വെള്ളവും അല്പം ഒഴിച്ച് ഒറ്റവലിക്ക് കുടിച്ചു. എന്നിട്ട് കണ്ണുതുറന്നപ്പോഴാണ് അയാള്‍ തിരിച്ചറിഞ്ഞത്, ഒറ്റവലിക്കടിച്ചാല്‍ താന്‍ കണ്ണടയ്ക്കാറുണ്ടെന്ന്. തലയില്‍ എവിടെയോ എന്തോ ഒന്നു വന്നു തുടങ്ങി. അവനു അതിനെ ഒന്നുകൂടി കൊഴുപ്പിക്കാന്‍ അപ്പോള്‍ തോന്നി. ഒരു പെഗ് കൂടി ഒഴിച്ചു. കുറച്ചുമാത്രം വെള്ളം ഒഴിച്ചു. പക്ഷെ ഇത്തവണ രണ്ടായിട്ടാണ് വലിച്ചത്. എന്നിട്ട് കട്ടിലിലേക്കിരുന്നു. പത്താന്‍കോട്ടിലെ തണുപ്പില്‍ പോലും രണ്ടെണ്ണം അടിച്ചാല്‍ വേഗം ഫിറ്റാകുന്നവന്‍ ആണ് താന്‍ എന്ന് അവനോര്‍ത്തു.
പക്ഷെ അത്തരത്തില്‍ ഒരു ഭാരക്കുറവ് അവനു കിട്ടിത്തുടങ്ങിയത് കട്ടിലിലേക്ക് ചായ്ഞ്ഞപ്പോളാണ്.
ഹോ ഹോ ജവഹര് ലാല്‍ഹോ ഹോ ജവഹര് ലാല്‍..
എന്തുകഷ്ടമാണ്. ഈ പാട്ടെന്തിനു ഇപ്പോല്‍ ഇവിടെ വരുന്നു? അവന്‍ കിടക്കയില്‍ കൈ മുറുക്കി ഇടിച്ചു. എന്നിട്ടും ജവഹര് ലാല്‍ അവന്റെ ഉള്ളില്‍ കിടന്നു കറങ്ങി. ആ പാട്ടുകേള്‍ക്കുമ്പോളൊക്കെ അവന്റെ മനസില്‍ ജവര്‍ലാല്‍ നെഹ്രുവരും. വെളുത്ത തൊപ്പി വച്ച് ഉടുപ്പിന്റെ കീശയില്‍ റോസാപൂവും തിരുകി പിന്നില്‍ കൈ കെട്ടി നില്‍ക്കുന്ന നെഹ്രു. ആ കിടപ്പില്‍ അവന്‍ ആ നില്‍പ്പ് ഒന്നുകൂടി സങ്കല്‍പ്പിച്ചു. വെളുത്ത നിറവും പൂവും തൊപ്പിയും എല്ലാം സാവധാനം പച്ചയോട് ചേര്‍ന്ന് പച്ചയും വെള്ളയുമായി. തണുത്ത വിരലുകളായി. ആര്‍ദ്രമായ നോട്ടങ്ങളായി.
സംഘഗാനം അവസാന ദിനമാണ് സാധരണ നടക്കാറുള്ളത്. അതു കഴിഞ്ഞാല്‍ സമാപനചടങ്ങ്. പിറ്റേന്ന് രാവിലെ തിരിച്ച് പുറപ്പെടും. എല്ലാവരും താമസിച്ചിരുന്നത് പതിവുപോലെ ആ സ്കൂളില്‍ തന്നെ. പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരു ഗ്രൌണ്ടിനു എതിരേയുള്ള കെട്ടിടങ്ങളില്‍. അവന്റെ സ്കൂളിനു പൊതുവേ സമ്മാനങ്ങള്‍ കൂടുതല്‍ കിട്ടിയതു കൊണ്ടാവും ടീച്ചേര്‍സും കുട്ടികളും ഒക്കെ ഗ്രൌണ്ടിന്റെ സൈഡില്‍ നിന്ന് കൂട്ടമായി സംസാരിച്ചു നിന്നു. പലരുടേയും പെര്‍ഫോമന്‍സിനെ കുറിച്ചുള്ള വിലയിരുത്തലും. “ജയചന്ദ്രനു എന്തുപറ്റി? ഞങ്ങള്‍ ഉറപ്പായും പ്രതീക്ഷിച്ച മൂന്ന് ഒന്നാം സമ്മാനങ്ങളില്‍ ഒന്നു ജയചന്ദ്രനായിരുന്നു.
എന്തുപറ്റി കുട്ടീ..? രാഗിണി ടീച്ചര്‍ അവന്റെ അടുത്തുവന്നു ചോദിച്ചു. അവന്‍ ഒന്നും മിണ്ടിയില്ല. സംഘഗാന സംഘത്തിലെ എല്ലാവരും രണ്ടാം തവണയും സമ്മാനം അടിച്ച സന്തോഷത്തിലാണ്. ഇരുട്ടു പരന്നു തുടങ്ങി എങ്കിലും അതിന്റെ ഇടയിലൂടെ നോട്ടത്തിന്റെ ചാട്ടുളി പാഞ്ഞു. തന്റെ കവിത സി ഗ്രേഡിലേക്ക് പോയത് അവന്‍ മറന്നു. അവന്റെ കൈകള്‍ തണുത്ത വിരലുകള്‍ക്കു വേണ്ടി ദാഹിച്ചു.
...
ജയചന്ദ്രന്‍ കട്ടിലില്‍ നിന്നും ചാടി എഴുന്നേറ്റു. ഗ്ലാസ് എടുത്തു. കുപ്പിയിലെ ബ്രാന്റി പകുതിയോളം ഒഴിച്ചു. പിന്നെ അത് നേരേ തൊണ്ടയിലേക്ക് ഒഴിച്ചു. പിന്നെ സാവധാനം കിടക്കയിലേക്കിരുന്നു. ഇരുപ്പിനേക്കാള്‍ വേഗത്തില്‍ അവന്‍ കിടന്നു.
...
ആ ക്ലാസില്‍ ഒപ്പം താമസിച്ചിരുന്നവര്‍ ആരും കാണാതെ അവന്‍ ക്ലാസില്‍ നിന്നും പുറത്തിറങ്ങി. എതിരേയുള്ള കെട്ടിടത്തിലേക്ക് നോക്കി. ജനാല വഴി അവനെ കണ്ട ജെസ്സിയും പുറത്തേക്കിറങ്ങി. അവന്‍ കോറിഡോറിലൂടെ നടന്നു. എതിരേ നോക്കിയപ്പോള്‍ അവളും അതേദിശയില്‍നടക്കുന്നു. അവന്‍ നടത്തയ്ക്ക് വേഗത കൂട്ടി.അവളും. വലതുവശത്തായുള്ള ബില്‍ഡിങ്ങ് ഇരുട്ടിലാണ്.
ഇരുട്ട്. ഇരുട്ടില്‍ ജെസ്സി ചുവര്‍ ചാരി നിന്നും. അടുത്ത ബില്‍ഡിങ്ങില്‍ നിനിന്നും വരുന്ന നേരിയ പ്രകാശത്തിന്റെ ചെറിയ പാളികള്‍ അവളുടെ കവിളില്‍ തട്ടി. അപ്പോഴാണ് അവന്‍ ശ്രദ്ധിച്ചത് അവള്‍ ചിരിക്കുകയാണ്.
“എതുപറ്റി നെനക്ക് സി ഗ്രേഡ് ആയിപ്പോയത്?”
“വിഷയം കേട്ടപ്പം തന്നെ എന്റെ പ്രതീക്ഷ പോയി.“പിന്നെ അവള്‍ ഒന്നും മിണ്ടിയില്ല. അവനും. അവളുടെ കൈകളിലേക്ക് നീങ്ങാനൊരുങ്ങുന്ന അവന്റെ കൈകളെ അവന്‍ പോക്കറ്റിന്റെ തടവിലിട്ടു.
“എന്ത് ഈ ചെസ്റ്റ് നമ്പര് അഴിച്ചുമാറ്റാത്തത്.? ഞാന്‍ മാറ്റട്ടെ?”
അവള്‍ ഒന്നും മിണ്ടിയില്ല. അവന്‍ വിറയ്ക്കുന്ന കയ്യോടെ അവളുടെ ഉടുപ്പില്‍ കൊരുത്തുവച്ചിരുന്ന മൊട്ടുസൂചിയില്‍ കൈവച്ചു. അതിളക്കി മാറ്റുമ്പോള്‍ അവള്‍ ഒരുപാട് അടുത്തുവരുന്നതായി അവനറിഞ്ഞു. അത് ഇളക്കി മാറ്റാതെ തന്നെ അവന്‍ അവളെ ചേര്‍ത്തു പിടിച്ചു. അടുത്ത ബില്‍ഡിങ്ങില്‍ നിന്നും വരുന്ന നേരിയ പ്രകാശത്തിന്റെ ചെറിയ പാളികള്‍ ഇപ്പോള്‍ അവരുടെ രണ്ടു പേരുടെയും കവിളില്‍ തട്ടുന്നു. ആ പ്രകാശത്തില്‍ നിന്നും ആ രണ്ടുകവിളുകളും ഒരുമിച്ച് വഴി മാറി.
ഇരുട്ട്. സമാപന സമ്മേളനത്തിന്റെ ശബ്ദം ഉച്ചഭാഷിണിയില്‍. പക്ഷെ അവര്‍ രണ്ടാളും അതൊന്നും കേട്ടില്ല. അവരുടെ ഉള്ളിലും ഇരുട്ടുകയറുന്നു.
ഉച്ചത്തിലുള്ള കൂക്കിവിളി
അവര്‍ രണ്ടുപേരും അതു കേട്ടു. ഞെട്ടിമാറി. ഒരു കൂക്കിവിളി അല്ല. ഒരുപാട് കൂകലുകള്‍. ആരുടെയും മുഖങ്ങള്‍ വ്യക്തമല്ല. ശബ്ദം മാത്രം. ഇരുട്ടുപിടിച്ച രൂപങ്ങള്‍. പക്ഷെ അതില്‍ പല ശബ്ദങ്ങളും രൂപങ്ങളും ഏത് ഇരുട്ടിലും താന്‍ തിരിച്ചറിയുന്ന തന്റെ സഹപാഠികളുടേതുതന്നെ എന്ന് മനസിലാക്കാന്‍ കഴിഞ്ഞു. ഇരുട്ടില്‍ തെന്നിവന്ന വെളിച്ചത്തില്‍ ജയചന്ദ്രന്‍ ഒന്നു കണ്ടു.
ഉടുപ്പിന്റെ കുടുക്കുകള്‍ വലിച്ചടുപ്പിച്ച് കൂട്ടത്തെ ഭേദിച്ച് അവള്‍ ഓടി. കൂട്ടം കൂകലുമായി അവളുടെ പിന്നാലെ കുറച്ചുദൂരം ഓടി. അവളെ വിട്ടിട്ട് കൂവലുകള്‍ ഇപ്പോള്‍ തന്റെ നേരേയാണ് വരുന്നത്. ജയചന്ദ്രന്റെ തൊണ്ട വരണ്ടു. ഇരുട്ടുമാറി പെട്ടന്ന് പകല്‍ ആയതുപോലെ. പക്ഷെ കണ്ണില്‍ മാത്രം ഇരുട്ടുകയറും പോലെ.
...
അയാള്‍ ചാടി എഴുന്നേറ്റു. കാലുകള്‍ നിലത്തുറയ്ക്കുന്നില്ല. പുറത്തെ വെളിച്ചം ജനലിലൂടെ അകത്തേക്ക് വരുന്നു. ലൈറ്റ് ഇടാന്‍ തോന്നിയില്ല. ചെവിക്കു ചുറ്റും ഇപ്പോഴും കൂകല്‍ കേള്‍ക്കുന്നു. പിന്നെ ആ ശബ്ദങ്ങള്‍ അകലെയാകുന്നു. അയാളുടെ കൈകള്‍ മേശപ്പുറത്തിരുന്ന മദ്യകുപ്പി തേടി നടന്നു. ഇരുട്ടിലതിന്റെ കഴുത്തില്‍ പിടിച്ച് എടുത്തു. നേരിട്ട് തൊണ്ടയിലേക്ക് ഒഴിച്ചു. ദാഹം തീരുവോളം ഒഴിച്ചു.
വാതില്‍ പിടിച്ചടത്ത് ഇറങ്ങുമ്പോള്‍, അമ്മ അവിടെ അകത്തുണ്ടോ എന്നുപോലും ശ്രദ്ധിക്കാന്‍ അവനു തോന്നിയില്ല. ഇരുട്ടിലേക്ക് അവന്‍ നടന്നു. ഒരുപാട് നടന്നവഴികളിലെന്നപോലെ അവന്‍ വേച്ചുവേച്ച് നടന്നു. ഓരോ കയറ്റിറക്കങ്ങളും അവനെ താളത്തിലാട്ടി നടത്തി. അവന്റെ നാവില്‍ ഒരുപാട്ട് വന്ന് കുഴഞ്ഞു. അവന്‍ പാടി.
“വോ ഹോ ജവഹര് ലാല്‍.. വോ ഹോ ജവഹര് ലാല്‍..“
ആ പാട്ടിന്റെ ശബ്ദത്തിന്റെ കയറ്റിറക്കത്തെ കുറിച്ച് അവന്‍ ബോധവാനായിരുന്നില്ല. പാട്ടുപാടല്‍ മാത്രമായിരുന്നു അവന്റെ കര്‍മ്മം. കര്‍മ്മത്തിനു ബോധത്തെ ഉറക്കാന്‍ ലഭിക്കുന്ന ഒറ്റമൂലിയാണ് മദ്യം. എതിരെ വന്നവരില്‍ പലരും മങ്ങിയ വെട്ടത്തില്‍ അവനെ കണ്ടു. അവന്റെ പാട്ടു കേട്ടു. പക്ഷെ ആരെയും അവന്‍ കണ്ടില്ല. കാലുകള്‍ ആടുന്ന താളത്തില്‍ അത്പോകുന്ന വഴിയിലേക്ക് അവനും സഞ്ചരിച്ചു.
വാതില്‍ക്കല്‍ ഒരുപാടു തവണ മുട്ടി. ഒടുവിലത്തെ മുട്ടുകള്‍ കൈവീശിയുള്ള അടിയായിരുന്നു. ചുറ്റും അധികം വീടുകള്‍ ഇല്ല. ഉള്ളതില്‍ അധികവും പ്രകാശം ഇല്ല. പ്രകാശം ഉണ്ടായിരുന്ന ഒരു വീട്ടിലെ പ്രകാശവും കെട്ടു. അടുത്ത അടിക്കു കയ്യോങ്ങുമ്പോള്‍ ആ വാതില്‍ തുറന്നു.
ജെസ്സി. അവള്‍ ഉറക്കക്കണ്ണോടെ അവനെ നോക്കി. അവള്‍ ചിരിക്കാതിരുന്നിട്ടും ആ തേറ്റപ്പല്ലുകളുടെ സ്ഥാനം അവനു കണ്ടുപിടിക്കാനായി. ഒരു നരച്ച നൈറ്റ് ഗൌണില്‍ ഒരു വരണ്ട സ്വപ്നം പോലെ നില്‍ക്കുന്ന അവളെ നോക്കി അവന്‍ തളര്‍ന്ന ശബ്ദത്തില്‍ വിളിച്ചു.
“ജെസ്സീ...”
അവള്‍ അവനെ ഒരു നിമിഷം നോക്കി നിന്നു. പിന്നെ അവള്‍ വഴിമാറി. അവന്‍ അകത്തേക്ക് കയറി.
“ജംഗ്‌ഷനില് വച്ച് കണ്ട് നിന്നെ. ഇന്നു വയ്യുംന്നേരം. നീ ഒരു പച്ചസാരിയെക്കെ ഉടുത്തിറ്റ്”
“നീ എന്ന് വന്നത്?”
“രണ്ടൂന്നു ദെവസായി”
പിന്നെ ആരും ഒന്നും മിണ്ടിയില്ല. തമ്മില്‍ കാണാത്ത കുറേ വര്‍ഷങ്ങള്‍ അവരുടെ മുന്നില്‍ കൊഴിഞ്ഞുവീണ്ടുകൊണ്ടിരുന്നു. അവന്റെ കാല്‍ ക്ഷീണിച്ചു. അവന്‍ കൂടുതല്‍ തളര്‍ന്നു.
“എനിക്ക് എവിടേങ്കിലും ഒന്ന് കെടക്കണം. എന്റെ കാലെക്കെ തളര്ണ്.“
അവള്‍ അവനെ പിടിച്ച് കട്ടിലിലേക്കിരുത്തി. അവള്‍ അടുത്തേക്ക് വന്നപ്പോള്‍ അവളുടെ കുപ്പായത്തില്‍ കുടുക്കുകളാണോ എന്നവന്‍ നോക്കി. ചെസ്റ്റ് നമ്പര്‍ കുത്തിവച്ചിട്ടുണ്ടോ? അവന്റെ കണ്ണുകള്‍ തിരഞ്ഞു. അവന്റെ തല തളര്‍ന്നു. അവന്‍ അവളുടെ ചുമലിലേക്ക് ചാഞ്ഞു. അവന്‍ അങ്ങിനെ കിടന്നു. അവളുടെ തണുത്ത വിലരുകള്‍ തേടി അവന്റെ കൈകള്‍ക്ക് പോകണമെന്നുണ്ട്. പക്ഷെ അവനു അവയെ എടുത്തുയര്‍ത്താനുള്ള ശക്തി പോലും ഇല്ല. തളര്‍ന്ന ശബ്ദത്തില്‍ അവന്‍ പാടി.
..ഓ ഹോ ജഹവര് ലാല്‍
ഓ ഹോ ജഹവര് ലാല്‍
ഓ ഹോ...
അവന്‍ ഉറങ്ങി.