Sunday, April 19, 2009

ഉത്തമനു സാഹിത്യ അക്കാഡമി അവാര്‍ഡ്

2008 ജൂണ്‍ 11 നു ഇവിടെ അവസാനമായി വന്ന പോസ്റ്റില്‍ ഉത്തമന്റെ തിരിച്ചുപോക്കായിരുന്നു.
അതിന്റെ തലേന്ന് ജൂണ്‍ പത്തിനു ഞങ്ങള്‍ നെടുമങ്ങാടുകാര്‍ക്ക് ഒരു “ചാവൊലി” എഴുതി വച്ചിട്ട് ഞങ്ങളുടെ സുഹൃത്തും കൂട്ടുകാരനും അയല്‍ക്കാരനുമൊക്കെയായ ഉത്തമന്‍ എന്ന പി ഏ ഉത്തമന്‍ (47) തിരികെ പോയി.



ഇന്നലെ ഉച്ചയ്ക് നാട്ടില്‍ നിന്നും വരിവരിയായി വന്ന ഫോണ്‍ കോളുകളില്‍ നിന്നാണ് അറിഞ്ഞത് “ചാവൊലി“ക്കു മികച്ച നോവലിനുള്ള സാഹിത്യ അക്കാഡമി പുരസ്കാരം എന്ന്. പറയുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും വല്ലാത്തസന്തോഷം അതിന്റെ ഏതോ ഉയരത്തില്‍ ഒരു നിശബ്ദത.

ശ്വാസകോശത്തിലെ അര്‍ബുദം ഉത്തമനെ പൂര്‍ണ്ണമായും കവരുന്നതിനും കുറച്ചു നാള്‍ മുന്‍പായിരുന്നു ഡി സി ബുക്സ് ചാവൊലി പബ്ലീഷ് ചെയ്തത്. നെടുമങ്ങാടിന്റെ സംസ്കൃതിയില്‍ പതിഞ്ഞുചേര്‍ന്ന കുറവരുടെ/സാമ്പവരുടെ നാലഞ്ചു തലമുറയുടെ കഥയാണ് ചാവൊലി. കൊച്ചേമ്പിയില്‍ തുടങ്ങി വെളുത്തമുത്തി, തേയി ആദിച്ചന്‍ തുടങ്ങി താവഴിയിലൂടെ രഘൂത്തമനിലേക്ക് എത്തിനില്‍ക്കുന്ന ജീവിതം.
നോവലിലെ സംസാരത്തിലും വിവരണത്തിലും ഇതുപോലെ പ്രാദേശികമായ ഭാഷ ഉപയോഗിച്ച മറ്റൊരു നോവല്‍ ഉണ്ടാകാന്‍ വഴിയില്ല. ഓരോ തലമുറയിലൂടെ ആ ഭാഷയിലും ജീവിത ചര്യയിലും ഉണ്ടാകുന്ന വ്യതിയാനം ആ സമുദായത്തില്‍ നിന്നുതന്നെ വന്ന ഉത്തമന്‍ വിവരിച്ചത് അതീവ ശ്രദ്ധയോടും സൌന്ദര്യത്തോടും കൂടിയാണ്. ഒരു സംബൂര്‍ണ്ണ ദളിത് നോവലായ ചാവൊലി, കീഴാളസാഹിത്യം എന്ന ലേബലില്‍ ചെയ്യപ്പെട്ട കൃതിയാണ്. കേരള സമൂഹം വായിക്കപ്പെടേണ്ടതും.
പക്ഷെ ഒരു ദളിത് നോവല്‍/സാഹിത്യം എന്ന ലേബലിന്റെ ഔദാര്യമില്ലാതെ തന്നെ ഒരു മികച്ച കൃതിയാണ് ചാവൊലി. `ദളിത്‌ നോവല്‍ എന്ന സാഹിത്യസൗജന്യം ചാവൊലിക്ക്‌ ആവശ്യമില്ലെ''ന്ന്‌ ഇതിന്റെ അവതാരികയില്‍ പി.കെ. രാജശേഖരന്‍ വ്യക്തമാക്കുന്നത്‌ എത്രമാത്രം ശരിയാണെന്ന് വായനകഴിയുന്ന വേളയില്‍ തിരിച്ചറിയുന്ന ഒരു യാഥാര്‍ഥ്യമാണ്. “ജീവന്റെ വിളുമ്പ്” എന്ന പേരില്‍ ശ്രീ പി കെ സുധി ചാവൊലിയെ കുറിച്ചെഴുതിയ വരികള്‍ ഇവിടെ വായിക്കാവുന്നതാണ്.



തിരുവല്ലയിലെ ട്രാവങ്കൂര്‍ ഷുഗേര്‍സ് ആന്റ് കെമിക്കത്സില്‍ ജോലി ചെയ്തിരുന്ന ഉത്തമന്‍ അവസാനമായി എഴുതിയ നോവല്‍ ഈ പഞ്ചസാരമില്ലും പരിസരവും പശ്ചാത്തലമാക്കി എഴുതിയ “തുപ്പെ തുപ്പെ”യാണ്. അത് പ്രസിദ്ധീകരിച്ചുകാണാനാകാതെയായിരുന്നു ഉത്തമന്‍ തിരിച്ചു നടന്നത്.
ഇന്നിപ്പോള്‍ ഈ പുരസ്കാരം തന്റെ എളിയചിരിയോടേ കൈനീട്ടിവാങ്ങാന്‍ ഞങ്ങളുടെ ഉത്തമന്‍ ഇല്ല എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുമ്പോള്‍ എവിടെയോ ഒരു വിഷമം.

ഉത്തമനു അഭിനന്ദനങ്ങള്‍

7 comments:

Kumar Neelakandan © (Kumar NM) said...

ഉത്തമന്റെ “ചാവൊലി“ക്കു മികച്ച നോവലിനുള്ള സാഹിത്യ അക്കാഡമി പുരസ്കാരം

Unknown said...

ഉത്തമന്‍ സാറിനെത്തേടി അംഗീകാരങ്ങള്‍ എത്തുമ്പോള്‍ അതില്‍ സന്തോഷിക്കാന്‍ സര്‍ ഇല്ല... നെടുമങ്ങാടിന്റെ സ്വന്തം കഥാകാരന്‍ ആയിരുന്നു ഉത്തമന്‍ സര്‍. ചാവൊലി യിലെ ഓരോ വാക്കും അത് നെടുമങ്ങാടിന്റെ ഹൃദയതുടിപ്പുകളെ തൊട്ടതാണ്.... ഈ അംഗീകാരത്തിനു ഒപ്പം ഒരു കണ്ണീര്‍ പുഷ്പം ഞാനും അര്‍പ്പിക്കട്ടെ ...

അനില്‍ വേങ്കോട്‌ said...

എന്റെ ഉത്തമയണ്ണനു സാഹിത്യ അക്കാദമി അവാർഡ്.
രോഗവും സമൂഹവും ആ മനുഷ്യനിൽ ഏൽ‌പ്പിച്ച നോവുകൾക്കു ഒരു പശ്ചാതാപം പോലെ.

[ nardnahc hsemus ] said...

മരണാനന്തരബഹുമതി..

എന്തു പറയാന്‍?

(ഇക്കഴിഞ്ഞ ഓസ്കാറിന് നല്ല സഹനടനുള്ള അവാര്‍ഡ് കിട്ടിയ ഹീത് ലെജ്ജറും അതിനു മുന്നേ ഈ ലോകത്തോട് വിടപറഞ്ഞിരുന്നു)

keralafarmer said...

ബഹുമതി മരണാനന്തരമാണെങ്കിലും അംഗീകാരം തന്നെ.

Kalesh Kumar said...

:(

Kvartha Test said...

അദ്ദേഹത്തെ നേരിട്ടറിയാന്‍ ഭാഗ്യം ഉണ്ടായിട്ടില്ല. എങ്കിലും ഈ ബ്ലോഗു വഴി വായിച്ചിട്ടുണ്ട്. അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍.

നെടുമങ്ങാട് താലൂക്കിന്‍റെ ഒരു മൂലയില്‍ ജനിച്ചു വളര്‍ന്ന്, തിരുവനന്തപുരത്തുകാരനായി, പിന്നെ നെടുമങ്ങാടിന്‍റെ മരുമകനായി ജീവിക്കുന്ന ഈയുള്ളവനും എന്തോ ഒരു സുഖം തോന്നുന്നു ഈ ബ്ലോഗ്‌ അഡ്രസ്‌ കാണുമ്പോള്‍ തന്നെ.

കൂടുതല്‍ നെടുമങ്ങാട്‌ വിശേഷങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ വളരെ നന്നായിരുന്നു. ആശംസകള്‍.