Sunday, April 19, 2009

ഉത്തമനു സാഹിത്യ അക്കാഡമി അവാര്‍ഡ്

2008 ജൂണ്‍ 11 നു ഇവിടെ അവസാനമായി വന്ന പോസ്റ്റില്‍ ഉത്തമന്റെ തിരിച്ചുപോക്കായിരുന്നു.
അതിന്റെ തലേന്ന് ജൂണ്‍ പത്തിനു ഞങ്ങള്‍ നെടുമങ്ങാടുകാര്‍ക്ക് ഒരു “ചാവൊലി” എഴുതി വച്ചിട്ട് ഞങ്ങളുടെ സുഹൃത്തും കൂട്ടുകാരനും അയല്‍ക്കാരനുമൊക്കെയായ ഉത്തമന്‍ എന്ന പി ഏ ഉത്തമന്‍ (47) തിരികെ പോയി.



ഇന്നലെ ഉച്ചയ്ക് നാട്ടില്‍ നിന്നും വരിവരിയായി വന്ന ഫോണ്‍ കോളുകളില്‍ നിന്നാണ് അറിഞ്ഞത് “ചാവൊലി“ക്കു മികച്ച നോവലിനുള്ള സാഹിത്യ അക്കാഡമി പുരസ്കാരം എന്ന്. പറയുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും വല്ലാത്തസന്തോഷം അതിന്റെ ഏതോ ഉയരത്തില്‍ ഒരു നിശബ്ദത.

ശ്വാസകോശത്തിലെ അര്‍ബുദം ഉത്തമനെ പൂര്‍ണ്ണമായും കവരുന്നതിനും കുറച്ചു നാള്‍ മുന്‍പായിരുന്നു ഡി സി ബുക്സ് ചാവൊലി പബ്ലീഷ് ചെയ്തത്. നെടുമങ്ങാടിന്റെ സംസ്കൃതിയില്‍ പതിഞ്ഞുചേര്‍ന്ന കുറവരുടെ/സാമ്പവരുടെ നാലഞ്ചു തലമുറയുടെ കഥയാണ് ചാവൊലി. കൊച്ചേമ്പിയില്‍ തുടങ്ങി വെളുത്തമുത്തി, തേയി ആദിച്ചന്‍ തുടങ്ങി താവഴിയിലൂടെ രഘൂത്തമനിലേക്ക് എത്തിനില്‍ക്കുന്ന ജീവിതം.
നോവലിലെ സംസാരത്തിലും വിവരണത്തിലും ഇതുപോലെ പ്രാദേശികമായ ഭാഷ ഉപയോഗിച്ച മറ്റൊരു നോവല്‍ ഉണ്ടാകാന്‍ വഴിയില്ല. ഓരോ തലമുറയിലൂടെ ആ ഭാഷയിലും ജീവിത ചര്യയിലും ഉണ്ടാകുന്ന വ്യതിയാനം ആ സമുദായത്തില്‍ നിന്നുതന്നെ വന്ന ഉത്തമന്‍ വിവരിച്ചത് അതീവ ശ്രദ്ധയോടും സൌന്ദര്യത്തോടും കൂടിയാണ്. ഒരു സംബൂര്‍ണ്ണ ദളിത് നോവലായ ചാവൊലി, കീഴാളസാഹിത്യം എന്ന ലേബലില്‍ ചെയ്യപ്പെട്ട കൃതിയാണ്. കേരള സമൂഹം വായിക്കപ്പെടേണ്ടതും.
പക്ഷെ ഒരു ദളിത് നോവല്‍/സാഹിത്യം എന്ന ലേബലിന്റെ ഔദാര്യമില്ലാതെ തന്നെ ഒരു മികച്ച കൃതിയാണ് ചാവൊലി. `ദളിത്‌ നോവല്‍ എന്ന സാഹിത്യസൗജന്യം ചാവൊലിക്ക്‌ ആവശ്യമില്ലെ''ന്ന്‌ ഇതിന്റെ അവതാരികയില്‍ പി.കെ. രാജശേഖരന്‍ വ്യക്തമാക്കുന്നത്‌ എത്രമാത്രം ശരിയാണെന്ന് വായനകഴിയുന്ന വേളയില്‍ തിരിച്ചറിയുന്ന ഒരു യാഥാര്‍ഥ്യമാണ്. “ജീവന്റെ വിളുമ്പ്” എന്ന പേരില്‍ ശ്രീ പി കെ സുധി ചാവൊലിയെ കുറിച്ചെഴുതിയ വരികള്‍ ഇവിടെ വായിക്കാവുന്നതാണ്.



തിരുവല്ലയിലെ ട്രാവങ്കൂര്‍ ഷുഗേര്‍സ് ആന്റ് കെമിക്കത്സില്‍ ജോലി ചെയ്തിരുന്ന ഉത്തമന്‍ അവസാനമായി എഴുതിയ നോവല്‍ ഈ പഞ്ചസാരമില്ലും പരിസരവും പശ്ചാത്തലമാക്കി എഴുതിയ “തുപ്പെ തുപ്പെ”യാണ്. അത് പ്രസിദ്ധീകരിച്ചുകാണാനാകാതെയായിരുന്നു ഉത്തമന്‍ തിരിച്ചു നടന്നത്.
ഇന്നിപ്പോള്‍ ഈ പുരസ്കാരം തന്റെ എളിയചിരിയോടേ കൈനീട്ടിവാങ്ങാന്‍ ഞങ്ങളുടെ ഉത്തമന്‍ ഇല്ല എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുമ്പോള്‍ എവിടെയോ ഒരു വിഷമം.

ഉത്തമനു അഭിനന്ദനങ്ങള്‍