Friday, January 19, 2007

സഫലമീയാത്ര

"നെനക്കെന്തരെടാ ച്വോറ് എറങ്ങണില്ലീ..?

എനിക്ക് ആകെ ഒരു അസ്വസ്തത. കൂടുതല്‍ കഴിച്ചാല്‍ കുഴപ്പമാകുമോ? അഹാരം വയറ്റില്‍ ഇല്ലെങ്കിലും ഛര്‍ദ്ദിക്കും എന്നാണ് സെല്‍‌വന്‍ പറഞ്ഞത്. പകുതിയോളം കഴിച്ചെന്നുവരുത്തി എണീറ്റു. ഷര്‍ട്ടിട്ട് പുറത്തേക്കിറങ്ങുമ്പോള്‍ അമ്മയെ ഒളികണ്ണിട്ടു നോക്കി. അമ്മയ്ക്ക് എന്തെങ്കിലും സംശയം ഉണ്ടോ? ഹേയ് വെറുതോന്നലാ, മനസുപറഞ്ഞു. വഴിയിലേക്കിറങ്ങാന്‍ അടുത്തപ്പോളാണ് ഓര്‍ത്തത് പൌഡറിന്റെ കാര്യം. തിരികെ വീട്ടിലേക്ക് ഓടി. 'കുട്ടിക്കൂറ'യുടെ അടപ്പ് തുറന്ന് ഷര്‍ട്ടിന്റെ ഉള്ളില്‍ കുറച്ചധികം അങ്ങ് കുടഞ്ഞു. ഷര്‍ട്ടിന്റെ കോളര്‍ പൊക്കി മണം ആവശ്യത്തിനില്ലേ എന്ന് ഉറപ്പുവരുത്തി. വീണ്ടും ഇറങ്ങുമ്പോള്‍ അമ്മ പറഞ്ഞു,

"സത്രം മുക്കില് പെയ് വായിനോക്കി ഇരിക്കാനല്ലീ ഈ പോണത്. ആ സമേത്ത് ഇവിടെയിരിന്ന് നാലക്ഷരം പടിക്കര്ത്. പടിച്ചാ ഈ പ്രീടിഗ്രി എങ്ങാനും ജയിച്ച് പെയ്യാലാ.."

പതിവുപോലെ ഒന്നും മറുപടി പറയാന്‍ നിന്നില്ല. സോമന്‍ മേശിരിയുടെ കടയില്‍ നിന്ന് ഗ്യാസു മുട്ടായി നാലെണ്ണം വാങ്ങി. കാശുകൊടുക്കുമ്പോള്‍ ഒരു ആവശ്യവും ഇല്ലാതെ ഞാന്‍ ഒരു വിശദീകരണം പറഞ്ഞു,
"നല്ല ഗ്യാസ്".

സോമന്‍ മേശിരി തന്റെ അറിവിന്റെ ഭണ്ഡാരത്തില്‍ നിന്നും ഒരു കുഞ്ഞറിവ് എനിക്ക് ഉത്തരമായി തന്നു.
"എടേയ് ഗ്യാസ് ക്യാറിയാ ഇതൊന്നും തിന്നിറ്റ് വൊരു കാരിയവും ഇല്ല. നീ ആ കിഷു മെഡിക്കലി ചെന്ന് രണ്ട് "ടയചീന്‍" വാങ്ങിച്ച് തിന്നു. കാര്‍ക്ക് ഇട്ടതുപോലെ ഗ്യാസ് നിയ്ക്കും"

ഞാന്‍ ഒന്നും പറയാന്‍ നിന്നില്ല.
മേലാംകോട് ഇടവഴിയില്‍ വച്ച് കണ്ടു, വളവു തിരിഞ്ഞു വരുന്ന കണ്ണന്‍ കോവിയെ. പതിവുപോലെ കാലുകള്‍ റോഡിന്റെ ഇരുവശയും ചിതറി തെറിപ്പിച്ച്, ഒറ്റയ്ക്ക് സംസാരിച്ചിട്ട്. എന്നെ കണ്ടതും ചിരിയോടെ ശബ്ദം ഉയര്‍ത്തി പതിവു വാക്ക് പറഞ്ഞു,

"കണ്ണന്‍ കോവി കള്ളൂടിക്കും പെണ്ണുപിടിക്കും പക്ഷെ ചീത്തപറയൂല്ല." ഒപ്പം ആ പ്രസ്താവനയ്ക്ക് വാലായി ഒരു കുഞ്ഞു ചീത്തയും.

അടുത്തെത്തിയപ്പോള്‍ ഞാന്‍ അയാളുടെ മണം പിടിച്ചെടുക്കാന്‍ നോക്കി. ഏതോ വിലകുറഞ്ഞ മദ്യത്തിന്റെ രൂക്ഷ ഗന്ധം. പെട്ടന്ന് മനസിലോര്‍ത്തു, ഉദയനാണ് കുപ്പി ഒപ്പിച്ചുകൊണ്ട് വരാം എന്നു പറഞ്ഞത്. ഇനി അവനെങ്ങാനും ഇതു പോലെ നാറുന്ന സാധനമാകുമോ കൊണ്ടു വരുക? ഹേയ് ആവാന്‍ വഴിയില്ല. മിലിട്ടറി സാധനം എന്നാണ് അവന്‍ പറഞ്ഞത്. അവന്റെ ബന്ധത്തില്‍ ഏതോ ഒരാള്‍ ക്വാട്ടാ വാങ്ങി വില്‍ക്കുന്നുത്രെ! ചിന്തകള്‍ക്കൊടുവില്‍ ഞാന്‍ അറിയാതെ ഒരു രംഗം എങ്ങനെയോ എന്റെ മനസില്‍ കയറികൂടി.. മേലാംകോട് ഇടവഴിയിലൂടെ കണ്ണന്‍ കോവിയെപോലെ ഞാന്‍ ആടിയാടി ചീത്തയൊക്കെ പറഞ്ഞ് നടന്നുവരുന്ന ഒരു ലഹരിയുള്ള ചിത്രം.


കോയിക്കല്‍ കൊട്ടാരത്തിന്റെ അടുത്തുള്ള യൂണിയന്‍ ഗ്രൌണ്ടിലെ ഉണ്ടപ്ലാവിന്റെ ചുവട്ടില്‍ എല്ലാവരും ഉണ്ട്. പലരും അക്ഷമരായിട്ട് തന്നെ. സാബുവിനു കലികയറി.

"നീ എന്തരെടേയ് ഇത്തറീം താമസിച്ചത്? തള്ളേ..! മേക്കപ്പെക്കെ ഇട്ട് പൊളന്നാണല്ല് വരവ്"
ഞാനോര്‍ത്തു, പൌഡര്‍ അല്പം കൂടിപോയോ? തിരികെ വരുമ്പോള്‍ മണം ഉണ്ടായാലോ എന്നു പേടിച്ചാണ് അങ്ങനെ ഒരു കടന്ന കൈ ചെയ്തത്.

"ടെയ് ആലോയിച്ചോണ്ട് നിയ്ക്കാതെ നിന്റെ ഷെയറ് ഇഞ്ഞ് എടുത്താണ്"
പോക്കറ്റില്‍ മടക്കി വച്ചിരുന്ന രണ്ട് 20 രൂപാ നോട്ട് എടുത്തുകൊടുക്കുമ്പോള്‍ സാബു പറഞ്ഞു,
"കണക്കൊണ്ട്. ബാക്കിവന്നാ പിന്നെ തരാം"

ഞാന്‍ ഓര്‍ത്തു, ബോര്‍ഡ് എഴുതുന്ന സുധാകരയണ്ണന്റെ സഹായിയായി കഴിഞ്ഞ ശനിയാഴ്ച രാത്രിയില്‍നിന്നതുകൊണ്ട് പുലരുമ്പോള്‍ ഉറക്കക്കണ്ണിന്റെ മുന്നില്‍ കിട്ടിയ നോട്ടുകളാണിത്. അതു വാങ്ങുമ്പോള്‍ അതിനു പെയിന്റ് മണം ഉണ്ടായിരുന്നു. നേരം വെളുത്തു തിരികെ വീട്ടിലേക്ക് നടക്കുമ്പോള്‍ എങ്ങനെയോ ഉള്ളില്‍ വന്ന പുലരിവിശപ്പില്‍ മനസില്‍ ഓര്‍ത്തു, ഈ കാശില്‍ നിന്നും കുറച്ചെടുത്ത് ഷാജഹാനിലെ ബീഫും ബറോട്ടയും തിന്നണം ഒരു ദിവസം.

****

"ഷാജഹാനീന്ന് ബീഫ് കറീ ബറോട്ടേം വാങ്ങിച്ചാ മതി കേട്ടാ.. പഷേ ഫ്രൈ അവിടിന്ന് വായ്ക്കണ്ട. ഫ്രൈ നല്ലത് എസ് കേ വീ ലെ ആണ്. ഇത്തിരി സവാളയെക്കെ കൂടുവലു ഇട്ടോളാന്‍ പറ." പോക്കറ്റില്‍ നിന്നും കാശെടുത്ത് അജിയെ ഏല്‍പ്പിക്കുമ്പോള്‍ സാബു പറഞ്ഞു.

ഞാന്‍ ഉദയനെ നോക്കുകയായിരുന്നു. ആ 'സാധനം' ഒന്നു കാണാന്‍. ഉദയന്‍ ഒരു മോഷണമുതല്‍ കാണിക്കുന്ന അത്ര രഹസ്യമായി തന്റെ സൈക്കിളിന്റെ ബോക്സ് തുറന്നു കാണിച്ചു. അതില്‍ ഒരു വെളുത്ത പ്ലാസ്റ്റിക് കവറില്‍ പേപ്പറുകളാല്‍ ചുറ്റി നീണ്ട കഴുത്തുള്ള ഒരു കുപ്പി കിടക്കുന്നു. ബോക്സിനുള്ളില്‍ കൈ ഇട്ട് ഞാന്‍ അതിന്റെ കഴുത്തില്‍ വെറുതെ ഒന്നു പിടിച്ചു. അല്പം അഭിമാനത്തോടെ തന്നെ അവന്‍ പറഞ്ഞു,

"ചീള് സാധനം ഒന്നുവല്ല, ബിജോയിസാണ്. പയിന്റാണ്."

നേരത്തേ പ്ലാന്‍ ചെയ്തത് അനുസരിച്ച് രണ്ട് സൈക്കിളില്‍ ഞങ്ങള്‍ അഞ്ചുപേര്‍.
തിരിച്ചിട്ടപ്പാറ ലക്ഷ്യമാക്കി സൈക്കിളുകള്‍ പാഞ്ഞു. ഞാനിരുന്നത് ഉദയന്റെ സൈക്കിളിന്റെ മുന്നിലെ കമ്പിയില്‍. അതിന്റെ പിന്നിലെ ക്യാരിയറില്‍ ബൈജു. ഈ സംഘത്തില്‍ ഇതിനു മുന്‍പു ഒരിക്കല്‍ മദ്യം കഴിച്ചിട്ടുള്ളത് ഉദയന്‍ മാത്രമാണ്. അതുകൊണ്ട് തന്നെ തുടക്കം മുതല്‍ ഉദയന്റെ ഒപ്പം ഞാന്‍ നിന്നു. ഒരു റിസ്ക് എടുക്കുമ്പോള്‍ ഒരു എക്സ്പെര്‍ട്ട് കയ്യിലുള്ളത നല്ലതാണ്. വെയര്‍ ഹൌസിന്റെ അവിടുത്തെ ഇറക്കം ഇറങ്ങുമ്പോള്‍ ഉദയന്‍ ശരിക്കും ചാര്‍ജ്ജ് ആയി. ഒരു തമിഴ് പാട്ട് ഉദയന്റെ ചുണ്ടില്‍ വന്നു.

"ഇതൊര് പയിന്റേ ഒള്ളു അതാണ് എന്റെ വെഷമം. എനിക്ക് തന്നെ തെകയൂല്ല. ഹാ പോട്ട്. അട്‌ത്ത തവണയാവട്ട് നമക്ക് കലക്കാം." ഉദയന്‍ പറഞ്ഞു.
ഉദയന്റെ പറച്ചിലുകള്‍ എല്ലാം തികച്ചും ആധികാരികതയോടെ ആണ്. ഉദയന്‍ ഇതിനു മുന്‍പ് വെള്ളമടിച്ച കഥ പറഞ്ഞു. ആ കഥ ഇതു ആറാമത്തെ തവണയാണ് കേള്‍ക്കുന്നതു എന്ന കാര്യം ഞാന്‍ അങ്ങു മറന്നു. ഗുരുവാകാന്‍ പോകേണ്ട ആളാണ്. വെറുപ്പിക്കാന്‍ പാടില്ല. മാത്രമല്ല ഉദയന്റെ ആ കഥയില്‍ നിന്നാണ് ഞങ്ങള്‍ക്ക് ഇങ്ങനെ ഒരു ആഗ്രഹവും ആശയവും ഉരുത്തിരിഞ്ഞതു തന്നെ.
ആ സൈക്കിള്‍ കമ്പിയില്‍ ഇരുന്നുള്ള യാത്രയില്‍ ഒരു കാര്യം കൂടി ഞാന്‍ പഠിച്ചു, പയിന്റും ഫുള്ളും ക്വാര്‍ട്ടറും തമ്മിലുള്ള വ്യത്യാസം.

സൈക്കിളുകള്‍ തിരിച്ചിട്ടപ്പാറയുടെ താഴെയുള്ള ഗൌളീഗാത്രത്തെങ്ങിന്റെ ചുവട്ടില്‍ ചാരി വയ്ക്കുമ്പോള്‍ അതിന്റെ ലോക്ക് കറക്ടാണോ എന്ന് എല്ലാവരും ഒരിക്കല്‍ കൂടി ഉറപ്പുവരുത്തി.
ഉരുളന്‍ കല്ലുകളില്‍ പിടിച്ച് പാറയിലേക്ക് കയറുമ്പോള്‍ ഒരു വല്ലാത്ത ആവേശം ആയിരുന്നു. ഞാന്‍ ഓര്‍ത്തു, ഞാന്‍ ഇതുവരെ ഇത്രയും വേഗത്തില്‍ ആ കുന്നുകയറിയിട്ടില്ല എന്ന്. പെറോട്ടയും ബീഫും ഇരുന്ന പ്ലാസ്റ്റിക് സഞ്ചി സാബുവും 'ബിജോയ്സ്' ഇരുന്ന കവര്‍ ഉദയനും ആണ് വച്ചിരുന്നത്. ആ കവര്‍ ഉദയന്റെ അവകാശം പോലെ ആണ് അവന്‍ പിടിച്ചിരിക്കുന്നത്. എന്റെ കയ്യിലും ബൈജുവിന്റെ കയ്യിലും ഓരോ പ്ലാസ്റ്റി കുപ്പികളും. മുകളിലുള്ള നീരുറവയില്‍ നിന്നും വെള്ളം എടുക്കാന്‍ വേണ്ടി. മുകളില്‍ ചെന്നിട്ട് അവിടെ നീരുറവയില്‍ വെള്ളം ഇല്ലെങ്കില്‍ എന്തു ചെയ്യും? എനിക്ക് ആകെ പേടിയായിരുന്നു. പക്ഷെ ചീത്തവിളിപേടിച്ച് ആ സംശയം എന്റെ ഉള്ളില്‍ തന്നെ ഒതുക്കി.
സെല്‍‌വന്‍ നടക്കുമ്പോള്‍ അവന്റെ സഞ്ചിയില്‍ കിടന്ന 2 ഗ്ലാസുകള്‍ തമ്മിലുരഞ്ഞു ശബ്ദം ഉണ്ടാക്കി. ആ ശബ്ദം പോലും എന്റെ ഉള്ളില്‍ ആവേശമുണര്‍ത്തി. മനസില്‍ പറഞ്ഞു, ഒടുവില്‍ ഞാനും മദ്യപിക്കാന്‍പോണൂ.! ഞാനും പുരുഷനാകുന്നു.

പകുതി ദൂരം എത്തിയപ്പോള്‍ താഴേക്ക് നോക്കി. ശിവന്റെ അമ്പലത്തിന്റെ മേല്‍ക്കൂര ചെറുതായി തുടങ്ങി. ഇടതു വശത്ത് തെങ്ങിന്റെ ചുവട്ടില്‍ രണ്ടു സൈക്കിളുകള്‍ അനാഥരായി.

സാധാരണ ഒരിടത്തെങ്കിലും പറങ്കിമാവിന്റെ ചില്ലയില്‍ കൈപിടിച്ച് അല്‍പ്പനേരം നില്‍ക്കുന്നതാണ്. ഇത്തവണ അങ്ങനെ ഒന്നും ഉണ്ടായില്ല. തമാശയും ചിരിയുമായി ആവേശം ഞങ്ങളെ മലകയറ്റിവിട്ടു. ആദ്യത്തെ പാറകയറി ഇടത്തോട്ട് നടന്നപ്പോള്‍ തന്നെ കണ്ടു, എന്റെ ഭയത്തിനെ അസ്ഥാനത്താക്കിക്കൊണ്ടുള്ള കാഴ്ച നീരുറവയില്‍ നിന്നും ഒഴുക്കുവന്ന് കുഞ്ഞിക്കുളം നിറഞ്ഞു കിടക്കുന്നു. അതിനു തണലായി നില്‍ക്കുന്ന നെല്ലിമരത്തിന്റെ പൊഴിഞ്ഞ ഇലകള്‍ മാറ്റി കുപ്പിയില്‍ വെള്ളം നിറച്ചു. ഐസിന്റെ തണുപ്പ്. നിലത്തുപൊഴിഞ്ഞുകിടന്ന നെല്ലിക്കകള്‍ പെറുക്കി എടുക്കുമ്പോള്‍ ബൈജു പറഞ്ഞു,

"തൊട്ടടിക്കാം"

"വ്യാണ്ട." ഉദയന്‍ തടഞ്ഞു. എന്നിട്ട് പറഞ്ഞു, "നെല്ലിക്ക നമ്മട ഫിറ്റ് കളയും ബാറിലെക്ക നെല്ലിയ്ക്കയച്ചാര്‍ ആണ് വച്ചിരിക്കിനത്. കുടിനമാര് കൂടുതല് അടിക്കാന്‍ വ്യാണ്ടിയൊള്ള വ്യാലയാണതെന്നാണ് എന്നാണ് കൂമ്പാള മണിയണ്ണന്‍ പറഞ്ഞ് ക്യാട്ടത്."

ഒരു വെറുപ്പോടെ ബൈജു നെല്ലിക്ക ദൂരെ എറിഞ്ഞു.

സൂര്യന്‍ തലയ്ക്കുമുകളിലും അങ്ങു ചക്രവാളത്തിന്റെ അതിരിനും നടുവിലുള്ള സ്ഥലത്ത് മേഘങ്ങളെ തന്റെ അയല്‍‌പക്കത്തൊന്നും അടുപ്പിക്കാതെ ജ്വലിക്കുന്നു.
രണ്ടുപാറകളുടെ ഇടയിലെ മണ്ണില്‍ വേരുറപ്പിച്ചു നിന്ന പേരമരത്തിന്റെ തണലില്‍ ഞങ്ങള്‍ വിരിവച്ചു. പത്ര താളുകളില്‍ രണ്ടു ചില്ലുഗ്ലാസുകള്‍ ആദ്യം വച്ചു. പിന്നെ പെറോട്ടയും ബീഫും തുറന്നുവച്ചു. വാഴയിലയില്‍ പൊതിഞ്ഞ ബീഫ് ഫ്രൈയുടെ മദിപ്പിക്കുന്ന ഗന്ധം ഒരു നിമിഷം നിറഞ്ഞു. സഹ്യന്‍ കടന്നുവന്ന തമിഴ് നാടന്‍ കാറ്റിന്റെ ഒരു തുണ്ട് അതുമായി പടിഞ്ഞാറേയ്ക്ക് കടന്നുകളഞ്ഞു. ഫ്രൈയുടെ ഇടയില്‍ കിടന്ന ഒരു തേങ്ങാചീളില്‍ എന്റെ കണ്ണുടക്കി. വായില്‍ വെള്ളം നിറഞ്ഞു. എല്ലാവര്‍ക്കും കൊതിയുറിയിട്ടുണ്ടാവും പക്ഷെ ആരും ആഹാരത്തില്‍ കൈവച്ചില്ല. ആ ബഹുമാനം ഉള്‍ക്കൊണ്ടുകൊണ്ട് അവ അവിടെ ഇരുന്നു കാറ്റുകൊണ്ടു. എന്റെ മനസിന്റെ പതിവു സംശയം, ആഹാരം ഇത്രയും മതിയാകുമോ? രണ്ടെണ്ണം അടിച്ചാല്‍ ഒടുക്കലത്തെ വിശപ്പാണ് എന്നാണ് പലരും പറയാറുള്ളത്. കണ്ണ‌ന്‍ കോവി മാത്രമാണ് ആ വാക്യത്തിനൊരു അപവാദം. കണ്ണന്‍ കോവി വാളുവച്ചാല്‍ അതില്‍ ഒരു പച്ചമുളകോ പുളിഞ്ചിക്കയോ ഒന്നും അല്ലാതെ വേറെ ഒന്നും ആ നാട്ടില്‍ ആരും കണ്ടിട്ടില്ല.

ഉദയന്‍ കുപ്പി കയ്യിലേക്ക് എടുത്തു ഇടതു കയ്യില്‍ പിടിച്ചു. എന്നിട്ട് എല്ലാവരേയുംനോക്കി. എല്ലാവരുടേയും ശ്രദ്ധാകേന്ദ്രം താന്‍ ആണെന്ന് ഉറപ്പുവരുത്തി. കുപ്പി തിരിച്ചുപിടിച്ചു. വലതുകകൈമുട്ടു മടക്കി കുപ്പിയുടെ താഴ്ഭാഗത്ത് ചെറുതായി ഒന്നു തട്ടി. എന്നിട്ട് പറഞ്ഞു.

" പൊട്ടിക്കിനേന് മുമ്പേ ആത്യം ഇങ്ങിനെ ചെയ്യനം. കുപ്പി കുറേ നാളായിറ്റ് ഇരിക്കിനതല്ലേ, അടീല് എല്ലാംകൂടി കട്ടിയായിറ്റ് കെടക്കാതിരിക്കാനാണ്"
എന്നിട്ട് ഉദയന്‍ കുപ്പി നേരേ പിടിച്ചു. എന്നിട്ട് എല്ലാവരേയുംനോക്കി പറഞ്ഞു
"അടപ്പു തൊറക്കും മുന്‍പെ വൊരു കാരിയം കൂടി ചെയ്യനം"
എന്നിട്ട് അവന്‍ അതിന്റെ അടപ്പിന്റെ ഭാഗത്ത് വലതു ഉയര്‍ത്തി അടിച്ചു.

............
ധിം.

ആ അടിക്ക് ആധികാരികതയുടെ കാഠിന്യം അല്പം കൂടുതലായിരുന്നു വലതുകൈ അതിനൊത്ത് പ്രിപയേര്‍ഡ് അല്ലായിരുന്നിരിക്കണം. അതിന്റെ ഉള്ളിലൂടെ കുപ്പി പാറയിലേക്ക്. അന്തരീക്ഷത്തില്‍ ബ്രാ‍ന്റിയുടെ രൂക്ഷഗന്ധം. കിഴക്കന്‍ കാറ്റിന്റെ ശക്തിയേയും അവഗണിച്ച് കുറേ നേരം നിന്നു. ഉദയന്‍ എല്ലാവരുടേയും മുഖത്തുനോക്കി. അപ്പോള്‍ അവന്റെ മുഖത്തുണ്ടായിരുന്ന ഭാവം ഡീകോഡ് ചെയ്യാന്‍ എനിക്കിതുവരേയും കഴിഞ്ഞിട്ടില്ല. ഞങ്ങള്‍ എല്ലാവരും പരസ്പരം മുഖം നോക്കി. എന്നിട്ട് ഞാന്‍ നിലത്തു ചിതറി കിടക്കുന്ന കുപ്പിച്ചില്ലുകളില്‍ നോക്കി. 'Bejoys" എന്ന വാക്ക് മുറിയാതെ ഒരു ചില്ലില്‍ തന്നെ ഉണ്ട്. കുപ്പിയുടെ കഴുത്തിനു മുകളിലെ കഷണത്തില്‍ അടപ്പ് അപ്പോഴും അടഞ്ഞുതന്നെ ഉണ്ട്.


തിരിച്ചിറങ്ങുമ്പോള്‍ ആരും ഒന്നും മിണ്ടിയില്ല. സാധാരണയായി മലയിറങ്ങല്‍ ഒരു സുഖമുള്ള പരിപാടിയായിരുന്നു. പക്ഷെ ആരുക്കും ഒരു മൂഡ് തോന്നിയില്ല. ഞാന്‍ ഓര്‍ത്തു കുരങ്ങന്മാര്‍ വെജ് ആണോ അതോ നോണ്‍ വെജോ? ആര്‍ക്കും കഴിക്കാന്‍ ഒരു രുചിയും ഇല്ലാതെ വച്ചിട്ടുവന്ന ബീഫും പെറോട്ടയും അവിടെ ഓടി നടക്കുന്ന കുരങ്ങന്മാര്‍ കഴിച്ചിട്ടുണ്ടാവുമോ? അതോ അതു കാക്കകൊത്തി തിന്നിട്ടുണ്ടാവുമോ?


കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടമായ ആദ്യ ചിയേര്‍സും അതുകഴിഞ്ഞാല്‍ ചൊല്ലാന്‍ മനസില്‍ വച്ചിരുന്നു കക്കാടിന്റെ"സഫലമീയാത്ര" ഒക്കെ ഒരു നിമിഷം തികട്ടിവന്നു. അത് ഉള്ളില്‍ ഒരു ദേഷ്യമായി പുകഞ്ഞു. പോക്കറ്റില്‍ ഉണ്ടായിരുന്ന ഗ്യാസ് മുട്ടായി എടുത്ത് കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു. അതു കണ്ടിട്ട് ആരും ഒന്നും പറഞ്ഞില്ല.

സൂര്യന്‍ മറുവശത്തു താണതുകൊണ്ടാവും പാറയുടെ ഈ വശത്ത് സന്ധ്യ വേഗം വന്നു.