ഏതെങ്കിലും വളവിനപ്പുറം താളം തെറ്റിയ കൂക്കല്‍ കേട്ടാല്‍ ഞങ്ങള്‍ക്കറിയാം, വളവുതിരിഞ്ഞു 'മറിഞ്ഞു'വരുന്നത് കണ്ണന്‍കോവിയാണെന്ന്.
ഗോപി (കോവി എന്ന് വായ്മൊഴി) സ്ഥലത്തെ പ്രധാന കുടിയനാണ്. ഉണ്ടക്കണ്ണുകളുള്ള കുടിയന്‍. നാട്ടുകാര്‍ അയാളെ സ്നേഹത്തോടെ കണ്ണന്‍കോവി എന്നു വിളിക്കും.
നന്നേ മെലിഞ്ഞിട്ടാണ് ലക്ഷണം (കുടിയന്മാരൊക്കെ മെലിഞ്ഞിരിക്കണം എന്നതാണ് മദ്യവര്‍ഗ്ഗ തത്വം).
ഗോപിയെ കണ്ടാല്‍ "ചാനലിലെ കുടിയന്‍" അയ്യപ്പബൈജുവിനെ പോലിരിക്കും, ചില മാനറിസങ്ങളും അതുപോലെ തന്നെ.
കണ്ണന്‍കോവിക്ക് ഒരു വീക്‌ക്‍നെസ്സേയുള്ളു, അതു മദ്യമല്ല.
മദ്യം ഗോപിയുടെ വീക്‌ക്‍നെസ്സല്ല നിലനില്‍പ്പാണ്. കണ്ണന്‍കോവി ചീത്തവിളിക്കും. ഓരോ വാചകത്തിലും കതിരിന്റെ ഇടയില്‍ കളപോലെ ഓരോ ചീത്ത മുളച്ചു നില്ക്കും. അതൊരു വീക്‌ക്‍നെസ്സ് തന്നെയാണ്.
പക്ഷെ കോവി ചീത്തവിളിക്കാറില്ല എന്നാണ് പുള്ളിക്കാരന്‍ അവകാശപ്പെടുന്നത്. ആളുകൂടുന്ന വൈകുന്നേരങ്ങളില്‍ പഴകുറ്റിയിലും
കൊല്ലങ്കാവിലുമൊക്കെ നിന്ന് കോവി പ്രഖ്യാപിക്കാറുണ്ട് "കണ്ണന്‍കോവി വെള്ളമടിക്കും വ്യവിചരിക്കും. പക്ഷേ ചീത്തവിള്‌ക്കില്ല" (ഒപ്പം വാക്യത്തിനു വാലായ് ഒരു ചീത്തയും).
സ്കൂളില്‍ പോകുന്ന കുട്ടികള്‍ റോഡ് ക്രോസ് ചെയ്യുമ്പോള്‍ അശ്രദ്ധ കാണിച്ചാല്‍ മുണ്ട് മടക്കിക്കുത്തി കോവി സ്നേഹത്തോടെ പറയും " ഒതുങ്ങിപ്പോയീന്‍ അപ്പികളെ (ഒപ്പം ഒരു കുഞ്ഞു ചീത്തയും)" അതാണ് കണ്ണന്‍കോവി.
ഇനി സംഭവത്തിലേക്ക്; ഒരു ഗള്‍ഫുകാരന്റെ വീടിന്റെ മുന്‍വശം.
ഒരു കുസൃതിയായ ഉണ്ണി. ഗേറ്റിലെ കമ്പിയില്‍ പിടിച്ചുതൂങ്ങിയാടുകയാണ്. അതിനു ആഹാരം കൊടുക്കുന്ന അമ്മ എത്ര വിളിച്ചിട്ടും അവന്‍ കൂട്ടാക്കുന്നില്ല. കൊതിപ്പിച്ചും വിരട്ടിയും അവരുടെ ക്ഷമകെട്ടു.
"കൂ..............."
വളവിനപ്പുറം കണ്ണന്‍കോവിയുടെ തലക്കെട്ട്. അതിനുതാഴെ ഒരു മൂന്നു പെഗ്ഗിന്റെ ചിരി.
"ടാ, ഇവിടെ വാടാ അല്ലെങ്കി ഞാന്‍ കോവിമാമനോട് പറയും" അമ്മ ഒന്നുകൂടി കുഞ്ഞനെ വിരട്ടിനോക്കി.
,താളം നഷ്ടപ്പെട്ട ഗോപീപാദങ്ങള്‍ ഗേറ്റിനടുത്തെത്തി.
വീട്ടമ്മ പറഞ്ഞു " കോവി നോയ്ക്ക്യാണ് യെവന്‍ പറഞ്ഞിറ്റ് കേക്കിണില്ല. നീ ഒന്നു വെരട്ടിയാണ്"
ഗോപി അവരെ ഒന്നു നോക്കി. തന്റെ കുടിജീവിതത്തില്‍ ആദ്യമായാണ് ഒരാളെ വിരട്ടാനുള്ള ഓര്‍ഡര്‍ കിട്ടുന്നത്.
ഗോപി മുണ്ട് ഒന്നു മുറുക്കിയുടുത്തു.
ഞനിതൊക്കെ എത്ര കണ്ടതാണെന്നുള്ള ഭാവത്തില്‍ കുഞ്ഞു ഗോപിയെ നോക്കി.
എന്റെ പ്രിയ സുഹൃത്തുക്കളെ പിന്നെ അവിടെ നടന്നത് ചീത്തവിളിയുടെ ഒരു ഏകാംഗ കച്ചേരിയായിരുന്നു. ഇതുവരെ കേള്‍ക്കാത്ത വാക്കുകള്‍ കേട്ട് ആ പാവം കുഞ്ഞു പേടിച്ചരണ്ടു. അതിനേക്കാളും പേടിച്ച തള്ള ആ കുഞ്ഞിനെയും എടുത്ത് വീടിനകത്തേക്ക് പാഞ്ഞു കയറി വാതിലടച്ചു.
ഗേറ്റിന്റെ കൊളുത്തുപിടിച്ചിട്ടിട്ട് വഴിയിലേക്കിറങ്ങുമ്പോള്‍ ഗോപി പറഞ്ഞു "വെരട്ടാന്‍ പറഞ്ഞ് വെരട്ടി. എന്നിറ്റ് കാര്യം നടന്നപ്പം കണ്ടാ അവര് ഗ്യാറ്റ് പോലും അടയ്കാതെ വോടിക്കളഞ്ഞത്. ഇതാണ് പണ്ടൊള്ളോരുപറേണത് ഇന്നത്തെക്കാലത്ത് ആര്‍ക്കും വൊരു വുപകാരവും ആര്‌ക്കും ചെയ്യല്ലെന്ന്."
19 comments:
കുമാര്‍ ഭായ് കലക്കനാകുന്നുണ്ട് നെടുമങ്ങാട് ചരിത്രം!
ഞങ്ങളുടെ പുല്ലാന്നികോട് ആസ്ഥാനകുടിയന്മാര്‍ 3 പേരാണ് - കാടനും കീടനും ലാടനും. ആദ്യം കീടന്‍ മാത്രമായിരുന്നു.(അന്ന് “കീടം“ എന്നായിരുന്നു പുള്ളി അറിയപ്പെട്ടിരുന്നത്. ചുണ്ടൊക്കെ പൊട്ടി തൂങ്ങി നില്‍ക്കും) പിന്നീട് കാടനും (താടിയും മുടിയും നീട്ടി വളര്‍ത്തി കുളിക്കാതെ നടക്കുന്നൊരു സാധനം) ലാടനും (ആളുകളെ പറ്റിക്കുന്നതില്‍ ഡോക്ടറേറ്റ് എടുത്ത ഞൊണ്ടിക്കാലന്‍) പുള്ളിക്കാരന്റെ പാര്‍ട്ട്നേഴ്സ് ആയതോടെയാണ് കാടന്‍-കീടന്‍-ലാടന്‍ കോമ്പിനേഷന്‍ എസ്റ്റാബ്ലിഷായത്.
ഇന്ന് രാവിലെ അലൈനില്‍ നിന്ന് ചേട്ടന്‍ വിളിച്ചുപറഞ്ഞു കീടന്‍ ട്രെയിന്‍ ഇടിച്ച് മരിച്ചെന്ന്. ആത്മഹത്യയൊന്നുമല്ല - ഫിറ്റായിട്ട് ട്രെയിനിന്റെ മുന്നില്‍ പെട്ടതാകും!
ഒരു കണ്ണന്‍ ഗോപിയെ എനിക്കുമറിയാം, പക്ഷേ ഈ കക്ഷിയുടെ കുണ്ടറ എക്യൂഇവാലെന്‍റ് ആണ് വരദനാശാന്‍.
ആശാനെക്കുറിച്ച് ഒരു കഥ കോവിയുടെ കാര്യം വായിച്ചപ്പോള്‍ ഓര്‍ത്തു. ഇനിയിപ്പോ അതൊന്ന് പറയുന്നതു വരെ എനിക്ക് ഒരു എരിപൊരി സഞ്ചാരമാ..
കുമാരനാശാനേ, എല്ലാ നാടിന്‍റെയും മെംബെര്‍ഷിപ് മാട്രിക്സ് ഒന്നു തന്നെയാണല്ലേ? ഒരു കണ്ണന്‍ ഗോപിയെ കൊടകരയും പെരിങ്ങോട്ടും നീലേശ്വരത്തും കുമിളിയിലും കാവശ്ശേരിയിലും കണ്ണൂരുമൊക്കെ കാണാം.
(ചാരായം കുടിയന്‍ മെലിഞ്ഞും കള്ളുകുടിയന്‍ തടിച്ചും ഇരിക്കുമെന്നാണ് കണക്ക്- ജാതകവശാല്‍ ആബ്സൊല്യൂട്ട് സ്പിരിറ്റ് പ്രമേഹത്തിനും നാച്ചുറല്‍ വൈന്‍സ് പൊണ്ണത്തടിക്കും കാരണമാകുമെന്നതാകാം. എന്നുവച്ച് മെലിഞ്ഞവരെല്ലാം ചാരായം കുടിയരും തടിച്ചവരെല്ലാം കള്ളുകുടിയരുമാണെന്നു പറഞ്ഞാല്‍ ഞാനും കലേഷും പ്രതിഷേധിക്കുമേ നാട്ടുകാരേ)
ചാരായക്കഥ പറഞ്ഞു പറഞ്ഞ് എഴുതാന്‍ വന്ന കാര്യം വിട്ടുപോയി.
ചീത്ത ഒഫ്ഫിഷ്യല്‍ മീഡിയം ഓഫ് കമ്യൂണിക്കേഷന്‍ ആയ ഒരു സ്ഥലം തിരുവനന്തപുരത്തുണ്ട് കുമാറേ, അറിയാമായിരിക്കും- പൊഴിയൂര്‍.
പൊഴിക്കര പൊഴി കണ്ടപ്പോള്‍ പൊഴിയൂര്‍ പൊഴി കൂടെ കാണണം എന്നൊരാഗ്രം തോന്നി സൂപ്പര്‍ ഫാസ്റ്റില്‍ കയറി വിഴിഞ്ഞത്തിറങ്നി. അവിടെന്നൊരു ട്രക്കറില്‍ പൊഴിയൂരെത്തി. എന്‍റീശ്വരാ, അവിടെ ആളുകള്‍ സ്നേഹത്തിലായാലും ദേഷ്യത്തിലായാലും വീട്ടുകാരോടായാലും അപരിചിതരോടായാലും പറയുന്ന ഭാഷ കേട്ടാല്‍..
കുമാര്‍ഭായീ,
പഞ്ചായത്തില്‍ നമ്മള്‍ മാത്രമേ ഉള്ളൂ എന്ന ധൈര്യത്തില്‍ കോവിയാശാന്‍ കുഞ്ഞിനെ പേടിപ്പിച്ച നാലു തിരുമൊഴി കൂടി എഴുതായിരുന്നു. :-)
ഫാ എന്തരാണെടാ ഗ്യാറ്റിക്കെടന്ന് തൂങ്ങണത് @#$#*@? ക്യാറിപ്പോടാ @#*#@ എന്നിവയില്‍ തുടങ്ങി ഒരു ഞെരിപ്പായിരുന്നു കണ്ണൂസേ. അതൊക്കെ എഴുതിയാല്‍ എന്നെ നിങ്ങളെല്ലാവരും കൂടി എന്നെ പുറത്താക്കും.
കലേഷ് അപ്പോള്‍ ഈ പോസ്റ്റ് നമുക്ക് കീടനു സമര്‍പ്പിക്കാം.
ദേവാ പൊഴിയൂരറിയാം. ചീത്തമാത്രമല്ല അതിനുള്ള വെടിമരുന്നായ വാറ്റുചാരായവും പൊഴിയൂരിന്റെ മുഖ്യ സംഭവമാണ്.
കുമാര്‍ ബോസ്സ്,
ഞങ്ങടെ നാട്ടിലെ, എണ്ണം പറഞ്ഞ കുടിയന്മാരിലു ഒരുത്തനെ ഞോണ്ടിക്കോണ്ടു പോയി അല്ലേ..
സാരമില്ല…സംഗീതാത്മകമായി തെറി പ്രഭാഷണം നടത്തുന്ന മഹത്ജന്മങ്ങൾ ഇന്നീം ഇവടൊണ്ടു..
പതുക്കെ എറക്കിവിടാം…
ഞങ്ങളുടെ നാട്ടിലൊരു നാരായണന്‍ നായരുണ്ടായിരുന്നു. കണ്ണന്‍കോവിയ്ക്കൊരു കിടനില്‍ക്കാന്‍ മൂപ്പരെ ഇതിഹാസങ്ങളില്‍ കാണുകയുള്ളൂ. കുടിച്ചു കുന്തമറഞ്ഞ നാരായണന്‍ മനയ്ക്കലു ചെന്നു അവിടെ പത്തായപ്പുരയുടെ മുന്നില്‍ കെട്ടിയിരുന്ന ആനയെ ചങ്ങലയഴിച്ചിട്ടു, “നടയാനേ!“ എന്നൊരു അമറലും. മൂപ്പരു് കൂളായി നടന്നു, ആന പിന്നിലും.
ഒരു വീട്ടിനു മുന്നില്‍ ചെന്നു നിന്നു്: രാമുട്ട്യാരെ ദ് നോക്കിന്‍, ഞാന്‍ വിളിച്ചാല്‍ കണേശന്‍ വരെ പോരും! പാപ്പാനില്ലാതെ തനിച്ചു നില്‍ക്കുന്ന ആനയെയും ഒരു വെളിവുമില്ലാതെ നില്‍ക്കുന്ന നാരായണനെയും കണ്ടുവിളറി രാമുട്ട്യാര് ഓടിയ വഴിയിലിന്നും പുല്ലുമുളച്ചിട്ടില്ല (നടുറോട്ടിലെങ്ങന്യാടോ പുല്ലുമുളയ്ക്കുക!)
സൂപ്പറായിട്ടുണ്ട് കുമാറേ! :-))
സൂക്ഷിച്ചോ..മിക്കവാറും ഈ സംഭവം അയ്യപ്പബൈജു അടിച്ചു മാറ്റും.. :-)
ചെറുപുരക്കല്‍ മൌമാലി (മുഹമ്മദ് അലി) നിര്‍മ്മാണ തൊഴിലാളിയായിരുന്നു. സ്കൂളില്‍ പഠിച്ചിരുന്ന കാലത്ത് ബസിലെ തൊട്ടടുത്ത സീറ്റിലിരുന്നു മൌമാലി ആരോടെന്നില്ലാതെ എല്ലാവരും കേള്‍ക്കാന്‍ പറയും.മൌമാലി കള്ള് കുടിക്കും പെണ്ണ് പിടിക്കും കഞ്ചാവ് വലിക്കും പക്ഷേ തെമ്മാടിയല്ല എന്ന്..ഇതൊന്നുമല്ലേ തെമ്മാടിത്തമെന്ന് വിചാരിക്കാറുണ്ടായിരുന്നു അന്ന്. ചാരായകടയുടെ പിറകിലെ ഓലപ്പുരയില്‍ കഴിഞ്ഞിരുന്ന കദീശുമ്മായുടെ ഏകമകന്‍ മൌമാലി ഒരിക്കല്‍ ചാരായം കുടിച്ച് ചാരായത്തില്‍ കുളിച്ച് ബീഡി കത്തിച്ചു. എരിഞ്ഞു തുടങ്ങിയ മൌമാലിയെ രക്ഷിക്കാനോടിവന്നവരോട് തന്റെ മകനെയാരോ തീവെച്ചതാണെന്ന് കദീശുമ്മ വിഭ്രാന്തിയില്‍ വിളിച്ചു പറഞ്ഞു. രക്ഷിക്കാനെത്തിയവര്‍ കത്തിയമരുന്ന മൌമാലിയില്‍ നിന്നും ഓടിയകന്നു.
അയ്യപ്പനും മറുഗാഡ് വിശ്വനും അരങ്ങ് തകര്‍ത്ത മംഗലം അങ്ങാടിയില്‍, കണ്ണന്‍ കോവിയോട് ചേര്‍ത്ത് വായിക്കാവുന്നത് ചെറുപുരക്കല്‍ മൌമാലിയുടെ കഥയാണ്.
നെടുമങ്ങാടു പുരാണം ആദി തൊട്ടേ വായിക്കുന്നുണ്ടു കുമാറേ. ഉഗ്രന്‍!
അങ്ങേരുടെ ഒറ്റക്കാലിലുള്ള ആടിയാടിയുള്ള നില്‍പ്പും, ഒരു കയ്യില്‍ കുപ്പിയും, ഒരു തലേല്‍ കെട്ടും ഒക്കെ മനസ്സില്‍ സങ്കല്‍പ്പിച്ചു, മനസ്സിത്തിരി വിഷമിച്ചിരിക്കുകയാണെങ്കിലും ചിരിച്ചു, ചിരിച്ചു...
ഞങ്ങളുടെ നാട്ടില്‍ ഒരു തൊമ്മന്‍ ആയിരുന്നു.
ബിന്ദു
ഉഗ്രനാവുന്നുണ്ട്, കുമാറേ..!!
വരദനാശാന്‍, നാരായണന്‍ നായര്‍, ചെറുപുരക്കല്‍ മൌമാലി, തൊമ്മന്‍, കാടന്‍, കീടന്‍, ലാടന്‍ എന്നിങ്ങനെ ആസ്ഥാന കുടിന്മാരൊക്കെ പുറത്തു വന്നു തുടങ്ങി.
സുഫി അവരൊക്കെ ഇറങ്ങിപ്പോരട്ടെ. ബ്ലോഗുലോകം മയങ്ങട്ടെ.
പെരിങ്ങോടാ നാരായണന്‍ നായരുടെ കഥ ഇത്ര ചെറുതാക്കി എഴുതി അതിന്റെ മഹത്വം കളയരുതായിരുന്നു. ഇവരൊക്കെ നമ്മുടെ നാടിന്റെ മഹത്വം മറുനാടിലും എത്തിക്കുന്നവരല്ലെ.
അരവിന്ദ് /ഇബ്രു /ഉമേഷ് /ഏവൂരാന്‍ :) / :) / :) / :)
ബിന്ദു ചിരിക്കാന്‍ നമുക്ക് കഴിയുന്നിടത്തോളം കാലം വിഷമം നമ്മുടെ അയല്‍ക്കാരനായി മാത്രം നില്‍ക്കും. ചിരിക്കുക. ചിരിപ്പിക്കുക.
മറൈന്‍ ഡ്രൈവില്‍ ചില ഞായറുകളില്‍ വരുക ഇവിടെ ചിരി ക്ലബ്ബുകള്‍ ഉണ്ട്.
കാവശ്ശേരിയിലെ കള്ളുകുടിയന്റെ കാര്യം എഴുതിയില്ലെങ്കില്‍ ഇനി ദേവന്‍ ചീത്ത പറഞ്ഞാലോ.
കുഞ്ചുവിന്റെ വീടു് എന്റെ വീടിന്റെ പര്യമ്പ്രത്തു തന്നെയാണു്. ചാരായപാനി, മെലിഞ്ഞിരിക്കുന്നവന്‍. മകള്‍ തങ്കമ്മ ദൈവമായതറിഞ്ഞു് ( വെളിച്ചപ്പാടു്-കാവശ്ശേരിയില്‍ ഇങ്ങനെ മനുഷ്യര്‍ വെളിച്ചപ്പാടുകളാവുന്നതിനു് ഇരുണ്ടു വെളുക്കുന്ന സമയം തന്നെ വേണ്ട, വീടിനു പിന്നിലിള്ള ആറുവീടുകളില്‍ നാലു ദൈവങ്ങളുണ്ടു്) കുഞ്ചു കുടിയുടെ അളവു് കൂട്ടി. ഒരാഴ്ച്ച കഴിഞ്ഞൊരു ദിവസം കുഞ്ചു മകള്‍ ദൈവത്തോടു പരാതി പറഞ്ഞു.
"തേവ്യേ, എന്നെ ആരോ ചെയ്‌വന ചെയ്തര്‍ക്‌ക്‍ണൂ. ഊസ്മരക്കാരുടെ ആ വളവു തിരിഞ്ഞാ പിന്നെ രണ്ടു വേലിയും ഇങ്ങനെ വന്നെന്നെ തിക്‌ക്‍ണൂ." തെളിവിനായി രണ്ടു തോളിലുമുള്ള മുറിവും കാട്ടിക്കൊടുത്തു.
ഹിസ്റ്റീരിയയുടെ അനന്തരഥ്യകളിലെവിടെയോ വച്ചു്, മദ്യപന്റെ ഹാലൂസിനേഷന്‍ ദേവി തിരിച്ചറിഞ്ഞു. ദേവി മാറി മകളായി. മകളു തുള്ളല്‍ നിര്‍ത്തി 'ഫാാാാ' ന്നൊരാട്ടു്. പിന്നെ മരിക്കുന്നതു വരേക്കും കുഞ്ചുവിനെ വേലി തിക്കിയിട്ടില്ല.
* ചെയ്‌വന എന്നാല്‍ കൂടോത്രം. ഊസ്മരയ്ക്കാര്‍, യൂസഫ് മരക്കാര്‍.
കാമ്യവരദം പ്രകാശനം ചെയ്തു ഞാനെന്‍റെ വാക്കുപാലിച്ചു കുമാറേ. ആപ്പീസിലിരുന്ന് ഒളിച്ചടിച്ചതാണേ, വെട്ടുതിരുത്തുകള്‍ ചിലപ്പോ വേണ്ടിവരും
ഹയ്യോ!
പിന്മൊഴിയാള്‍ എന്നോടു പിണങ്ങിയോ??
--------------------------------
At 06 March, 2006 03:51, അരവിന്ദ് :: aravind said...
സൂപ്പറായിട്ടുണ്ട് കുമാറേ! :-))
സൂക്ഷിച്ചോ..മിക്കവാറും ഈ സംഭവം അയ്യപ്പബൈജു അടിച്ചു മാറ്റും.. :-)
---------------------------------
അരവിന്ദന്റെ നാവുമ്മെലു വെള്ളി!
സംഭവം അയ്യപ്പബൈജു അടിച്ചു മാറ്റിക്കഴിഞ്ഞല്ലോ.
“Note the point" എന്ന പേരിലിറങ്ങിയ ഒരു കാമഡി സിഡിയില്‍ ഈ പേടിപ്പിക്കല്‍ സംഭവം കണ്ടതിനു ഈയുള്ളവന്‍ സാക്ഷി.
"അയ്യപ്പബൈജു " What is this?Pls explain little more -S-
അയ്യപ്പ ബൈജു.! നിറഞ്ഞവേദികളിലും ചാനലുകളിലും ശുദ്ധനായ കുടിയനെ അവതരിപ്പിക്കുന്ന ഒരു അനുഗ്രഹീത കലാകാരന്‍. മദ്യപിക്കാത്ത ആ കലാകാരന്‍ തന്റെ ചുറ്റിലും കണ്ട കുടിയന്മാരില്‍ നിന്നുമാണ് “കുടിയാട്ടം” പഠിച്ചതെന്നു ഒരു ഇന്റര്‍വ്യൂവില്‍ കണ്ടു. ചാനലുകളില്‍ കുടിയന്മാരുടെ ഒരു നിര തന്നെ സൃഷ്ടിക്കാന്‍ ബൈജുവിനു കഴിഞ്ഞു. അതു കഴിവു തന്നെയാണ്.
Post a Comment