Saturday, March 04, 2006

മേലാല്‍ റിപ്പീറ്റ്‌ ചെയ്യരുത്‌!

സോമന്‍ മേശിരി.

മേസ്തിരി എന്നുള്ളത്‌ ഞങ്ങള്‍ "മേശിരി" എന്നേ പറയു. വാശിയൊന്നുമല്ല, വായ്‌മൊഴിയില്‍ ഞങ്ങള്‍ക്ക്‌ വരമായ്‌ കിട്ടിയ മൊഴി ഇതാണ്‌

സോമന്‍ മേശിരി വീടിനോട്‌ ചേര്‍ന്ന് ഒരു മുറുക്കാന്‍ കട നടത്തുന്നു. വെറും പെട്ടിക്കടയല്ല, ഒരു സ്റ്റേഷനറിക്കടയോളമെത്തുന്ന ഒരു ഗ്ലോറിഫൈഡ്‌ മുറുക്കാന്‍ കട.

സോമന്‍ മേശിരിക്ക്‌ എല്ലാം അറിയാം. അറിയാത്തതായി ഈ ഭൂമി മലയാളത്തിലും തമിഴിലും തെലുങ്കിലും ഒന്നുമില്ല. എന്തിനെക്കുറിച്ചും വ്യക്തമായ ധാരണയും ശക്തമായ അഭിപ്രായവും സോമന്‍ മേശിരിക്കുണ്ട്‌. അതിനി പൊക്ക്രാനിലെ പൊട്ടലാണെങ്കിലും, ഇന്ത്യാ പാകിസ്താന്‍ ക്രിക്കറ്റ്‌ യുദ്ധമാണെങ്കിലും.
ഇന്ത്യ പാകിസ്താനോട്‌ പരാജയപ്പെട്ടാല്‍ മേശിരിപറയും

" അല്ലങ്കിലും എവന്മാരുക്ക്‌ സായിപ്പിനെ കണ്ടാ മുട്ടിടിക്കും." ഇന്ത്യക്കുപുറത്തുള്ളവരൊക്കെ മേശിരിക്ക്‌ സായിപ്പന്മാരാണ്‌.



മേശിരി വാടകയ്ക്ക്‌ വീടുകള്‍ കൊടുത്തിട്ടുണ്ട്‌. അതിലൊന്നില്‍ വാടകയ്ക്ക്‌ താമസിക്കുന്നത്‌ ഒരു ടാക്സി ഡ്രൈവര്‍ ആണ്‌. വൈകുന്നേരങ്ങളില്‍ അല്‍പ്പം മോന്തുന്നവന്‍.

മോന്തിക്കഴിഞ്ഞാന്‍ ഇംഗ്ലീഷ്‌ ഭാഷയുടെ അതിപ്രസരം സംസാരത്തില്‍ മുഴച്ചുനില്‍ക്കും.

മേശിരിക്കാണെങ്കില്‍ അത്‌ അല്‍പ്പം പോലും ഇഷ്ടമല്ല. കാരണം മേശിരിക്ക്‌ ഇംഗ്ലീഷെല്ലാം നല്ല പിടിയുണ്ടെന്നാണ്‌ അവകാശപ്പെടുന്നത്‌. ഡ്രൈവര്‍ പറയുന്നത്‌ ശരിക്കുള്ള ഇംഗ്ലീഷ്‌ വാക്കുകളല്ല എന്നും.

പണ്ട്‌ ഏ വി എമ്മിലൊക്കെ മേസിരി പണിക്കു പോയിട്ടുണ്ട്‌ (കെട്ടിടം പണിയായിരുന്നു മേഖല) അവിടെ വച്ച്‌ എം ജി ആറിനെയും ശിവാജി ഗണേശനെയും കണ്ടിട്ടുണ്ട്‌.
ശിവാജി ഗണേശന്‍ ഇപ്പോള്‍ കണ്ടാലും ചിലപ്പോള്‍ തിരിച്ചറിഞ്ഞേക്കും!
"ആരിത്‌ സോമാനാടേ?" എന്നു അദ്ദേഹം ചോദിച്ചേക്കും എന്നാണ്‌ പറയാറുള്ളത്‌.

താനും കാഴ്ചയില്‍ ഒരു ശിവാജിഗണേശനാണെന്നുള്ള ധാരണ മേശിരിക്കുണ്ടോ എന്നു ഞങ്ങള്‍ക്ക്‌ തോന്നാറുണ്ട്‌.
ദോഷം പറയരുതല്ലൊ, ശിവാജി ഗണേശനു ഐശ്വര്യം വറ്റിയപോലിരിക്കും നമ്മുടെ കക്ഷിയെക്കണ്ടാല്‍.


അങ്ങനെ ഒരു സന്ധ്യക്ക്‌ രണ്ടു പെഗ്ഗില്‍ നന്നായി ഇംഗ്ലീഷും തൊട്ടുകൂട്ടി നമ്മുടെ വാടകക്കാരന്‍ ഡ്രൈവര്‍ ചേട്ടന്‍ വന്നു.
വണ്ടിയൊക്കെ ഒതുക്കിയിട്ടുള്ള വരവാണ്‌.
അയാള്‍ മേശിരിയുടെ കടയിലെ തടി ബഞ്ചില്‍ തന്റെ അടുന്ന ആസനം പാര്‍ക്ക്‌ ചെയ്തു.
അവര്‍ തമ്മില്‍ സംസാരമായി. സംസാരം പല നിലകളിലേക്ക്‌ ഉയര്‍ന്നു.
വിഷയം വീടിന്റെ ചില സ്ഥലങ്ങളിലെ ചോര്‍ച്ചയാണ്‌.
അപ്പുറത്തും ഇപ്പുറത്തും ഇരുന്നവരൊക്കെ കടയുടെ മുന്നിലേക്കെത്തി.
ഇന്നു എന്തെങ്കിലും സംഭവിക്കും.
വാടകക്കാരന്റെ വര്‍ത്താനത്തിനിടയില്‍ ബ്ബ്ലെഡിഫൂള്‍, ഇഡിയെറ്റ്‌, നാണ്‍സെന്‍സ്‌, ബിക്കാസ്‌, ഷിറ്റ്‌ എന്നിങ്ങനെ ആംഗലേയം പുട്ടിന്റെ ഇടയിലെ തേങ്ങപോലെ വീണുകൊണ്ടിരുന്നു.
ഒരോവാക്കും മനസില്‍ ഒന്നാവര്‍ത്തിച്ച്‌ മേശിരി പല്ലിറുമ്മി.
മനസിലാകാത്ത ചിലതൊക്കെ പിടിച്ചെടുത്ത്‌ തിരിച്ചു പറഞ്ഞു.
എന്നിട്ട്‌ ഇംഗ്ലീഷ്‌ പറഞ്ഞ അഹങ്കാരത്തില്‍ ചിരിച്ചു.


വാടകക്കാരന്‍ അയയുന്ന മട്ടില്ല.
ഒടുവില്‍ നാട്ടുകാര്‍ ഇടപെട്ടു, അപ്പോള്‍ വാടകക്കാരന്‍ ഒന്നു തണുത്തു.
അയാള്‍ പറഞ്ഞു,
"ഇനി ഇങ്ങനെ ഉണ്ടാകരുത്‌. ഞാന്‍ വാടകതന്നു താമസിക്കുന്ന ആളാണ്‌. ഞാന്‍ എന്തെങ്കിലും കമ്പ്ലൈന്റ്‌ ഇവിടെ വന്നു പറഞ്ഞാല്‍ എന്നോട്‌ ഇതുപോലെ ചൂടാവരുത്‌. ഇതു കുറേ നാളായി ഞാന്‍ സഹിക്കുന്നു."


വാടകക്കാരന്‍ പതിവുപോലെ ആംഗലേയത്തില്‍ പറഞ്ഞു നിര്‍ത്തി.
"ഇനി മേലാല്‍ റിപ്പീറ്റ്‌ (repeat) ചെയ്യരുത്‌!"


സോമന്‍ മേശിരിക്കത്‌ ഇഷ്ടപ്പെട്ടില്ല.

"ഞാന്‍ റിപ്പീറ്റ്‌ ചെയ്താ? നീയല്ലീ ആദ്യം റിപ്പീറ്റ്‌ ചെയ്തത്‌?

പിള്ളരേ നിങ്ങള്‍ കണ്ടതല്ലീ, ഞാന്‍ ഇവിടെ ചുമ്മായിരുന്നതാണ്‌. എവനാണ്‌ ഡിപ്ലീക്കോസും അടിച്ചോണ്ട്‌ വന്ന് എന്റെ നേരെ റിപ്പീറ്റ്‌ ചെയ്തത്‌. എന്നിട്ടിപ്പം അവന്‍ പറയിനത്‌ ഞാന്‍ റിപ്പീറ്റ്‌ ചെയ്തെന്നാണ്‌. ഇത്‌ എന്തരു അന്ന്യായം?"

16 comments:

സു | Su said...

ഇനിയെന്തെങ്കിലും റിപ്പീറ്റ് ചെയ്യാന്‍ ഉണ്ടോ?

aneel kumar said...

അതിയന്നെ! അങ്ങനെ ഒറിജിനല് സ്ലാങ്ങ്‌കള് പറഞ്ഞ്കൊട്.
എങ്കിലേ ‘പുലിയാണ് ശിങ്കമാണ്’ എന്നെക്കെ അല്ല തിരുവന്തരത്ത് വേഴം പറയിനതെന്ന് യിവിടത്തെ ആളുകക്കെങ്കിലും മനസിലാവൂ.

രാജീവ് സാക്ഷി | Rajeev Sakshi said...

കുമാര്‍ അസ്സലാവുന്നുണ്ട് നെടുമങ്ങാടിന്‍റെ കഥകള്‍, ഈ ചുവടു മാറ്റവും.

ചില നേരത്ത്.. said...

കുമാറെ..
ആസനം പാര്‍ക്ക് ചെയ്ത് ചിരിച്ചു ..
എന്നെ റിപ്പീറ്റ് ചെയ്യല്ലെ..
:)
ശൈലി കസറിയിരിക്കുന്നു..

Visala Manaskan said...

കുമാറേ, രസകരമായിട്ടുണ്ട്‌.

ജോലിത്തിരക്കുകൊണ്ട്‌, ടെന്‍ഷനില്ലാതെ ബ്ലോഗാന്‍ പറ്റാതായി. പക്ഷെ നിങ്ങളൊക്കെ ഇങ്ങിനെയൊക്കെ എഴുതിയാല്‍ എങ്ങിനെ വായിക്കാതിരിക്കും?

സിദ്ധാര്‍ത്ഥന്‍ said...

ഈശ്വര!
കുമാറും ചുവടു മാറ്റിയോ?

എന്റെ ഒരു പകുതി, പകുതി തിരുവനന്തപുരമാണു്‌. ആ സ്ഥിതിക്കു ഞാന്‍ കാല്‍ തിരുവനന്തപുരമായല്ലോ! അങ്ങനെ അനന്തപുരിയിലെ വിശേഷങ്ങള്‍ എന്റേയും താല്‍പര്യങ്ങളാവുന്നു.

എത്‌പ്പു്‌ ഒരു പിടിയുമില്ലാത്തതാണെന്നാണു്‌ ആ കാലുപറയുന്നതു്‌ പ്യാശ ലുങ്കിയാണെന്നതു സ്ഥിരീകരിക്കപ്പെട്ടു. ഇത്തരം, രായമാണിക്ക്യം പറയാത്ത ത്രിവേന്ദ്രോക്തികള്‍ക്കായി കാക്കുന്നു.

ദേവന്‍ said...

തള്ളേ, എന്തരു നാടുകള്? ചുമ്മാതിരിക്കുന്ന്വരുടെ തോളേക്കേറി റിപ്പീറ്റു ചെയ്തിട്ട്..

അസ്സലായി കുമാറേ.

Kumar Neelakandan © (Kumar NM) said...

ചുവടുമാറിയതല്ല സാക്ഷി/സിദ്ധാര്‍ത്ഥാ, നെടുമങ്ങാട് എന്റെ നാടാണ്. ഇവിടെ ഈ ചുവട്. അതാണ്‌ സുഖം. (തിരുവനന്തപുരമാണ് ഞങ്ങളുടെ നഗരം. നെടുമങ്ങാട് ഞങ്ങളുടെ നാടും) തോന്ന്യക്ഷരങ്ങള്‍ ഇവിടെ നടക്കില്ല.
അനിചേട്ടന്‍ പറഞ്ഞപോലെ, ഇതാണ് ഞങ്ങളുടെ ഭാഷ. ഈ വരികളില്‍ മിമിക്രിയില്ല. ലിപികള്‍ക്ക് എന്നും ബുദ്ധിമുട്ടുള്ള ഞങ്ങളുടെ പേച്ച് മാത്രം.

ദേവാ :) ഒരു ടീച്ചറെ വച്ചു ഭാഷകളു മുഴുവനും പഠിച്ചോളൂ. വഴയില തിരുവനന്തപുരത്തിനും നെടുമങ്ങാടിനും മധ്യത്തിലാ.. അവിടെ എല്ലാവരെയും പരിചയപ്പെട്ടോ? വഴയില ചങ്കരന്‍, വെട്ടോത്തി അമ്പി, ആട്ടോ വിനു, ഉദയന്‍, പാല്‍ രായന്‍, ജപ്പാന്‍, ജന്നല്‍, മോരുംവെള്ളം സുഗതന്‍.. ലിസ്റ്റ് നീളും. അടുത്ത ലീവിനാകട്ടെ വഴയില ജങ്ഷനില്‍ ഒരു യോഗം വയ്കാം.

സൂ, ഇനിയും ഒരുപാട് റിപ്പീറ്റ് ചെയ്യും. തിരിച്ചും റിപ്പീറ്റ് ചെയ്യാം.
ചില നേരമേ, കമന്റു ഇവിടെ പാര്‍ക്ക് ചെയ്തതിനു ഒരു നെദുമങ്ങാടന്‍ :)
വിശാലാ:)

Kalesh Kumar said...

ഗ്ലോറിഫൈഡ്‌ മുറുക്കാന്‍ കട..
ഭൂമി മലയാളത്തിലും തമിഴിലും തെലുങ്കിലും..
രണ്ടു പെഗ്ഗില്‍ നന്നായി ഇംഗ്ലീഷും തൊട്ടുകൂട്ടി ..
അടുന്ന ആസനം പാര്‍ക്ക്‌ ചെയ്തു...

നെടുമങ്ങാട്‌ ചരിതം നന്നാകുന്നുണ്ട്‌! എനിക്ക്‌ ഇഷ്ടമായി!

അതിയന്നെ!അതിയന്നെ!അതിയന്നെ!

നമ്മള്‍ തിരുവനന്തപുരത്തുകാരുടെ ഭാഷയെ വലിച്ചുനീട്ടി കുളമാക്കിക്കളഞ്ഞു രാജമാണിക്കം സിനിമ. പൊതുജനം ഇപ്പം വിചാരിക്കുന്നത്‌ ആ സിനിമയില്‍ വന്നതാണ്‌ ശരിക്കുള്ള തിരുവനന്തപുരം സ്ലാങ്ങ്‌ എന്ന്!

Kumar Neelakandan © (Kumar NM) said...

ശരിയാണ് കലേഷ് ശരിയായ തിരുവന്തരം ഭാഷ പുറം ലോകം അറിയുന്നില്ല. അവരുടേത് തിരുവനന്തപുരത്തിന്റെ മിമിക്രി വെര്‍ഷന്‍ ആണ്.
മുകേഷ് മിക്കവാറും അവസരങ്ങളില്‍ അതുപയോഗിക്കാറുണ്ട്. ചില വേളകളില്‍ മോഹന്‍ലാലും. ജഗതി എല്ലാം വളരെ രസകരമായി അവതരിപ്പിക്കാറുണ്ട് അദ്ദേഹത്തിന്റെ മസ്റ്റര്‍ പീസാണ് “ഓ തന്ന തന്ന“ പക്ഷേ രാജമാണിക്യത്തില്‍ കേട്ടത് ഇതിന്റെ മിമിക്രി വെര്‍ഷന്‍ ആണ്. അതിങ്ങനെ “ഓ തെന്നെ തെന്നെ”.

വോ എന്തരോ ആവട്ട്!

Anonymous said...

ithu kollaamallo saadhanam. malayalathil ezhuthiyathukondu "repeat" cheyyuvo?

SURESH

Unknown said...

തള്ളേ..
ഒരേ കലിപ്പുകളു തന്നണ്ണാ..
മൊടകളു കാണിച്ചാല് മേശിരി ഇടിച്ചു നൂത്തളയും കേട്ടാ..

കണ്ണൂസ്‌ said...

നെടുമങ്ങാട്‌ ചരിതം പോരട്ടെ ഇനിയും!!

കുമര്‍ഭായി എറണാകുളത്താണെന്ന് എനിക്ക്‌ തോന്നാന്‍ കാരണമെന്താണാവോ?

ഒരിടത്തില്‍ നെടുമുടി അവതരിപ്പിച്ച ലൈന്‍മാന്റെ ത്‌രോന്ത്‌രം സ്ലാങ്ങ്‌ എങ്ങനെ ഇരുന്നു?

aneel kumar said...

കണ്ണൂസേ,
‘പ്യേര് എന്തര്?’
നെടുമുടി അവതരിപ്പിച്ച ലൈന്‍മാന്‍ ഒട്ടും പാളിയില്ല.

ദേവന്‍ said...

ന്തരിന് റ്റീച്ചറെ വെക്കണത് കുമാറണ്ണാ? ജഗതിയണ്ണന്‍റെ ധീം തരികിട തോം കണ്ടാ മതിയല്ല് തിരോന്തോരം ഭാഷ മുച്ചൂടും പഠിക്കാവല്ല്.

വഴയിലയില്‍ ആ പ്ലോട്ടുകളുടെ വാച്ചറെയല്ലാതെ ആരേം ഇതുവരെ പരിചയപ്പെട്ടില്ല. ഇക്കണ്ട വയസ്സെല്ലാം കഴിഞ്ഞ് എനിക്കിനി ഒരു തിരന്തോരത്തുകാരന്‍ ആകാന്‍ പറ്റുമോയെന്നറിയില്ല

Mr. K# said...

:-)