Monday, June 19, 2006

അനുരാധ.

അനുരാധ, അങ്ങിനെയായിരുന്നു അവൾ അറിയപ്പെട്ടിരുന്നത്. അറടിയോളം പൊക്കം. അരയിൽ ചുറ്റിയിരുന്നത് ഒരു ഒരു മുഷിഞ്ഞ സാരിത്തുണ്ട്. അത് അലസമായി മുട്ടിനു താഴെയായി കാലൊട്ടിക്കിടന്നു. ഇനി അഥവാ കാറ്റിൽ അതിനു സ്ഥാന ചലനങ്ങൾ ഉണ്ടായാലും അവൾക്ക് അതൊരു പ്രശ്നമല്ലായിരുന്നു. പക്ഷെ ഈആദ്യ കാഴ്ച മുതൽക്കു തന്നെ മാറു മറയ്ക്കുന്ന കാര്യത്തിൽ അവൾ അതീവ ശ്രദ്ധാലുവായിരുന്നു. അങ്ങിനെയല്ലാതെ ആരും അവളെ ഇന്നേവരെ ആ നാട്ടിൽ കണ്ടിട്ടുമില്ല.

രാത്രിമഴ കഴിഞ്ഞ്‌, അൽപ്പം താമസിച്ചു പുലർന്ന ഒരു ബുധനാഴ്ചയാണ്‌ ബസ്റ്റാന്റിന്റെ സിമന്റു ബഞ്ചിൽ അനുരാധ ആദ്യമായി പ്രത്യക്ഷപ്പെട്ടത്‌, അന്ന് അവൾക്ക് അനുരാധ എന്ന പേരില്ലായിരുന്നു. വെയിൽ മൂക്കുന്നത്‌ വരെ അവിടെ ബസിന്റെ വരവും പോക്കും നോക്കിയിരുന്നു, അവൾ. പരിസരങ്ങളിൽ ബസ് കാത്തു നിന്നവരിൽ ചിലർ അവളുടെ പുടവയിൽ കാറ്റിന്റെ വരവും പോക്കും നോക്കിനിന്നു..

ഓർമ്മയുടേത് എന്ന് നമ്മൾ തെറ്റിദ്ധരിക്കുന്ന നിശബ്ദതയിൽ നിന്നും, അവൾ ഉണർന്നെണീറ്റു നടന്നു. സ്റ്റാന്റിനു മുന്നില്‍ സ്ഥാപിച്ചിട്ടുള്ള "ഗോ സ്ലോ" എന്നുള്ള ബോർഡിൽ അവൾ കൈചുറ്റി ഒന്നു കറങ്ങി. അവളുടെ ചേല കാറ്റിലുലഞ്ഞു. കറങ്ങിവന്നു നിന്നപ്പോൾ അവളുടെനോട്ടം റോഡിലേയ്ക്ക് അലസമായി ഒന്നു പാളി, റോഡരുകിലെ പങ്കജാക്ഷൻ പിള്ളയുടെ കടയിലെ എന്തിലോ ആ നോട്ടം താഴിട്ടു നിന്നു.   പിന്നെ അവൾ പങ്കജാക്ഷൻ പിള്ളയുടെ കടയിലേക്ക്‌.

വയറിലെ ചേല അൽപ്പം താഴ്‌ത്തി മടിക്കുത്തിൽ കെട്ടിവച്ച ചില്ലറ തുട്ടുകൾ വലിച്ചെടുത്തു,  കടയ്ക്കരുകിൽ ബീഡിതെറുത്തിരുന്ന ചന്ദ്രപ്പന്റെ പതിവ് അശ്രദ്ധമായ നോട്ടങ്ങളിൽ ഒന്ന് അവളിലേക്കും എറിഞ്ഞു. അശ്രദ്ധ ഒരു നിമിഷത്തിന്റെ വേഗത്തിൽ ശ്രദ്ധയായി, പിന്നെ അയാൾ നോട്ടങ്ങൾ മറ്റൊരിടത്തേയ്ക്കും പായിച്ചില്ല.

കുറച്ച് നാണയങ്ങൾ എടുത്ത്‌ അവൾ മിഠായി കുപ്പിക്കു മുകളിൽ വച്ചു. പങ്കജാക്ഷൻ പിള്ള അവളെയും നാണയങ്ങളെയും മാറിമാറി നോക്കി. അവൾ രണ്ടുവിരൽ ഉയർത്തി പുകവലിച്ച് ഊതുന്ന ആക്ഷന്‍ കാണിച്ചു. പിള്ള ഞെട്ടി. ആ ഞെട്ടലിൽ നിന്നും തന്റെ ശോഷിച്ച ശരീരം ഊരിമാറ്റും മുന്‍പു തന്നെ അയാളുടെ വിരലുകൾ സിഗരറ്റ്  ടിന്നിലേയ്ക്ക് പോയി. അതല്ല എന്ന് അവള്‍ ഉറപ്പുള്ള ഒരു ആക്ഷന്‍ കാണിച്ചു. എന്നിട്ട്‌ ചന്ദ്രപ്പന്റെ നിറഞ്ഞുകിടക്കുന്ന ബീഡിമുറത്തിലേക്ക്‌ കൈ ചൂണ്ടി.
ഇപ്പോൾ ഞെട്ടിയത്‌ ചന്ദ്രപ്പനാണ്‌.

കയ്യിൽ കിട്ടിയ ബീഡികളിൽ ഒന്നു ചുണ്ടിൽ തിരുകിയശേഷം ബാക്കിയെല്ലാം വയറിനോട്‌ ചേർന്നുള്ള ശീലയറയിൽ വച്ചു. കീറിയിട്ടിരുന്ന സിഗരറ്റുകവറിന്റെ തുണ്ടിൽ നിന്നും ഒന്നെടുത്ത്‌ കുഞ്ഞു ചിമ്മിനി വിളക്കിൽ നിന്നും തീകത്തിച്ചു, ബീഡിയിലേക്ക്‌ പകർന്നു, ആഞ്ഞൊന്നുവലിച്ചു. ആ വലിയുടെ വലിപ്പത്തിൽ അവളുടെ വെളുത്ത വയറിൽ ചുളുവികൾ വീണത്‌ നാഗപ്പന്‍ കണ്ടു. അയാളുടെ കയ്യിലിരുന്ന നൂൽ, ബീഡിയുടെ കെട്ടിന്റെ മുറുക്കത്തിൽ വലിഞ്ഞു പൊട്ടി.

അവൾ നെടുമങ്ങാടിന്റെ തെരുവിലേക്കിറങ്ങി. അവൾ ഊതിവിട്ട പുക നെടുമങ്ങാടിന്റെ ഉച്ഛ്വാസവായുവിൽ അമർന്നു. ഇന്നുമുതൽ അവൾക്കും കൂടി അവകാ‍ശപ്പെട്ടതാണ് ആ വായുമണ്ഡലം.
ആ ചന്ദ്രപ്പൻ തീർത്ത ബീഡികൾ മാത്രമല്ല ഒരുപാട്‌ ചന്ദ്രപ്പന്മാർ ഒരുപാട്‌ കടകളിൽ ഇരുന്നു തീർത്തുവിട്ട ബീഡികൾ അവൾ വാങ്ങി കത്തിച്ച്‌ നാടിന്റെ തിരക്കിലേക്ക്‌ പുകയൂതി. ആ പുകയ്ക്കൊപ്പം അവളും നെടുമങ്ങാടിന്റെ ഭാഗമാവുകയായിരുന്നു.

വസ്ത്രധാരണത്തിലെ അശ്രദ്ധയാണ്, വളരെ വേഗത്തിൽ അവൾക്ക് അനുരാധ എന്നുള്ള പേരു പതിച്ചുകൊടുത്തത്. അന്ന് അവിടുത്തെ സിനിമാ തീയറ്ററുകളിൽ നൂൺ ഷോയ്ക്ക് റീലുകൾ കറക്കിയിരുന്ന സെൻസേഷൻ ആയിരുന്നു, നടി അനുരാധ. എല്ലാവിധ അചാര്യ മര്യാദകളോടും കൂടി ആ പേരുതന്നെ അവൾക്ക് നാട്ടുകാർ സമ്മാനിച്ചു. അല്ലെങ്കിലും രസകരമയ പേരിടുന്നതിൽ ഞങ്ങൾ നെടുമങ്ങാട്ടുകാരും ഒട്ടും മോശമല്ല.

ബസ്റ്റാന്റിലെ സിമന്റ്‌ ബഞ്ചിൽ ഉറങ്ങിയും, എൽ പി സ്കൂളിലെ കുഞ്ഞുങ്ങളൊത്ത്‌ ചിരിച്ചും, പോലീസുകാരെ നോക്കി കൊഞ്ചിയും, മുന്നിൽ കാണുന്ന ചായക്കട ഏതായാലും അവിടെ ഒരു ഇലയ്ക്ക്‌ കൈനീട്ടിയും, സ്ഥലത്തെ പ്രധാന റൌഡികളോടൊത്ത്‌ തണ്ടുകാണിച്ചും, കണ്ടവരോടൊക്കെ തെണ്ടിയും അനുരാധ അവിടെ ജീവിച്ചു. അവളെക്കുറിച്ച്‌ ഒരു ചീത്തവക്കുപോലും അവിടുത്തെ രാത്രികൾ കേട്ടിട്ടില്ല, എന്നതും അവളുടെ കഥയിൽ എടുത്തു പറയേണ്ട കാര്യങ്ങളിൽ ഒന്നാണ്. ചില രാത്രികളിൽ ഞങ്ങൾക്ക്‌ അന്യമായ അവളുടെ ഭാഷയിൽ ആരൊടെന്ന പോലെ അവൾ ഉറക്കെ ഉറക്കെ സംസാരിക്കും. അതിൽ നിന്നും നാട്ടുകാരിൽ ചിലർ മനസിലാക്കി, ഇവൾക്ക്‌.. ഭ്രാന്താണ്‌.

മറ്റ്‌ എല്ലാവരേയും പോലെതന്നെ, എത്തിപ്പെട്ട നാട്ടിലെ ചീത്തകളാണ്‌
അവൾ ആദ്യം പഠിച്ച മലയാളം വാക്കുകൾ.

മാസങ്ങൾ കഴിയും തോറും അഴുക്ക് അടിഞ്ഞ് അനുരാധയുടെ രൂപം മാറി തുടങ്ങി. അവളുടെ നിറം നഷ്ടത്തെ കുറിച്ച് പറഞ്ഞിരുന്നവരുടെ മുന്നിൽ പങ്കജാക്ഷൻപിള്ള തന്റെ അറിവ്‌ പങ്കുവയ്ക്കുമ്പോലെ പറഞ്ഞു.
'ഭ്രാന്തൊള്ളവര്‌ കുളിക്കൂല"

ആ കടവരാന്തയിലെ പലരും അത് ശരിവച്ചു. പക്ഷെ അനുരാധയ്ക്ക്‌ മാത്രം അറിയില്ല, തന്റെ ഒരു ജീവിതയാഥാർഥ്യം നാട്ടുകാർ കണ്ടുപിടിച്ചതും, തുടർ ചർച്ചയ്ക്ക് വച്ചതും. അവൾ കണം കാലിന് മുകളിൽ സാരിത്തുണ്ടും തെറുത്തുകയറ്റി വലത്തു നിന്നും ഇടത്തേക്ക്‌ മാറും മറച്ച്‌ നടന്നു. രാത്രികളിൽ സിമന്റു ബഞ്ചില്‍ അവളുടെ ഭാഷയിൽ ആക്രോശിച്ചു. ബീഡിക്കറപുരണ്ട അവളുടെ വായിൽ നിന്നും ബീഡിപ്പുകയ്ക്ക് ഒപ്പം ഇടയ്ക്കിടെ പുറത്തേയ്ക്ക് വീണുകൊണ്ടിരുന്ന മലയാളം തെറികൾ, ഇരുളിൽ സിമന്റു ബഞ്ചിനു ചുറ്റും അനാഥമായി കിടന്നു.

വർഷം ഒന്നിനോട് അടുത്തുകാണും, കുളിക്കാത്ത അനുരാധയുടെ കുളിതെറ്റി. ജെയിംസ്‌ ആശാന്റെ പച്ചക്കറികടയിൽ നിന്നും അവൾ ഒരു പച്ചമാങ്ങ എടുത്ത്‌ കടിക്കുമ്പോൾ, തൊട്ടടുത്ത്‌ പച്ചപ്പയറും തേങ്ങയും വിൽക്കാനിരുന്ന ഭാര്‍ഗ്ഗവിത്തള്ളയാണ്‌ അത്‌ കണ്ടുപിടിച്ചത്‌. അവർ ഉറക്കെപ്പറഞ്ഞു,
"ആശാനെ ഇതു കണ്ടാ, അവള്‌ പച്ചമാങ്ങ എട്‌ത്ത്‌ കടിക്കിനത്‌ കണ്ടാ?. രണ്ടൂന്ന് ദെവസമായിറ്റ് യെവള് ചെല ലക്ഷണങ്ങളു കാണിക്കിന്. ആശാനെ യെവക്ക്‌ ഗെർപ്പം ആണ്‌. ചുമ്മയല്ല എവള്‌ ബസ്റ്റാന്റിലൊക്കെ മഞ്ഞ നിറത്തില് കക്കിക്കോണ്ട്‌ നടന്നത്‌."

അനുരാധ ഭാർഗ്ഗവിത്തള്ളയെ ഒന്നു അലസമായി നോക്കി. അപ്പോൾ ആ മുഖത്തു വന്ന ഭാവം ഡീക്കോഡ് ചെയ്യാൻ ഇന്നും ഭാർഗ്ഗവിത്തള്ള്യ്ക്കോ ജെയിംസ് ആശാനോ കഴിഞ്ഞിട്ടില്ല.

ഗർഭിണിയായ അനുരാധ, പുകയും വിട്ടു അങ്ങിനെ ഞങ്ങളുടെ തെരുവിലൂടെ നടന്നു. കുറച്ചു മാസങ്ങൾ കൂടി കഴിഞ്ഞപ്പോൾ അവൾക്ക്‌ മുന്നിലായി അവളുടെ വയറും നടന്നു.

വൈകുന്നേരത്തെ വെയിലിൽ, കല്ലമ്പാറ ആറ്റിന്റെ കരയിലെ പാറക്കല്ലിൽ കാലുകൾ വെള്ളത്തിലേക്ക്‌ ഇറക്കിവച്  അവളിരുന്നു. അവളുടെ വയറ്റിൽ വെയിൽ തട്ടിയപ്പോൾ അവിടെ കുഞ്ഞു പാദങ്ങൾ തെളിഞ്ഞുവന്നു. പിന്നെയും ഒരിക്കൽ കൂടി അവളുടെ വയർ ഒന്ന് അനങ്ങി. പക്ഷെ അവൾ മാത്രം അറിഞ്ഞില്ല അവളുടെ വയറ്റിലെ ആളനക്കം.

അനുരാധ എന്ന ഗർഭിണിയുടെ ബീഡിപ്പുക, ആ നാട്ടിൽ അതിന്റെ പതിവു ചുരുളൂകൾ നിവർത്തി നടന്ന ദിവസങ്ങളിൽ ഒന്നിൽ, കോലപ്പൻ വൈദ്യരുടെ വൈദ്യശാലയോട് ചേർന്നുള്ള മുറുക്കാൻ കടയിൽ  ബീഡിവാങ്ങാനായി അവൾ നിന്നപ്പോൾ, കടയിൽ ഇരുന്ന കമലാസനനോട്‌ വൈദ്യർ പറഞ്ഞു,
"അവക്ക്‌ നല്ല ക്ഷീണമൊണ്ട്‌. എങ്ങനെ ഇല്ലായിരിക്കും? പെറാനൊള്ള പെണ്ണ് കഴിക്കാനൊള്ളത് വല്ലതും എവളു കഴിച്ചിറ്റൊണ്ടാ?"
അതും പറഞ്ഞ്‌ വൈദ്യർ അകത്തു നിന്നും ഒരു ടിൻ ലേഹ്യം എടുത്തു കൊണ്ടുവന്ന് അവൾക്ക്‌ നീട്ടി.
വൈദ്യരെ ഒന്നു നോക്കിയ ശേഷം അതിൽ ചൂണ്ടുവിരലിട്ട് അൽപ്പം എടുത്ത്‌ നാക്കിൽ തേച്ചു. മുഖത്ത് അതിന്റെ ചവർപ്പ്‌. ആ ടിന്ന്‌ ഓടയിലേക്ക്‌ എറിഞ്ഞ്, അവിടെ തൂക്കിയിരുന്ന പഴക്കുലയിൽ നിന്നും ഒരു പഴം ചീന്തി എടുത്ത്‌ അവൾ കഴിച്ചു. കനിവുതോന്നിയ കടക്കാരൻ ഒരു പഴം കൂടി അവൾക്ക്‌ കൊടുത്തു. അവൾ അതു വാങ്ങാതെ, ആകാശത്തേക്ക്‌ ആഞ്ഞ് പുക ഊതി നിരത്തിലേക്കിറങ്ങി.

ഇപ്പോൾ ഈ നാടിന്റെ തന്നെ ഗർഭിണിയാണ്‌ അനുരാധ.
അവൾക്ക്‌ എന്തും നല്‍കാൻ തയ്യാറാണ്‌ നാട്ടുകാർ. അവളുടെ പേറ്‌ അടുക്കും തോറും ബസ്റ്റാന്റിലെ പതിവു കിടപ്പുകാർക്ക് ആകുലതയായി. അത് ഏറ്റവും അനുഭവിച്ചത് മൊണ്ടി കാർത്തു എന്ന കാർത്ത്യായനിയാണ്‌. കടകളുടെ മുൻഭാഗമൊക്കെ വൃത്തിയാക്കി അവർ കൊടുക്കുന്നതെന്തും വങ്ങിയാണ്‌ ആ തള്ള ജീവിച്ചിരുന്നത്‌. രാത്രിയിൽ അവർ അനുരാധ കാണാതെ അവൾക്ക്‌ കാവലിരുന്നു. അവൾ കണ്ടാൽ അവളുടെ പതിവുഭാഷയ്ക്കൊപ്പം തെറിയുടെ പൂരമാവും പിന്നെ ഉണ്ടാവുക എന്ന് കാർത്തുവിന് അറിയാം. മാത്രമല്ല, കിടക്കുന്നതിന് ചുറ്റും ഉരുളൻ കല്ലുകൾ നിരത്തിവയ്ക്കുന്ന ഒരു പുതിയ പരിപാടി അവൾ ഈയിടെയായി തുടങ്ങിയിട്ടുണ്ട്. ആശുപത്രിയിൽ നിർബദ്ധിച്ച്‌ പാർപ്പിക്കാനുള്ള ഒരു ശ്രമത്തിനു ശേഷമാണ്‌ അവളുടെ ഈ സുരക്ഷാ നീക്കം.

മകരമാസത്തിലെ ഞായറാഴ്ച സന്ധ്യമുതൽ നല്ല മഴയായിരുന്നു. കറണ്ടും ഇല്ല. അനുരാധയുടെ രാത്രി ആക്രമണം പേടിച്ച്‌ ബസ്റ്റാന്റിന്റെ വടക്കുവശത്ത്‌ കിടന്നുറങ്ങുകയായിരുന്നു മൊണ്ടി കാർത്തു. പതിവുപോലെ പുലരും മുൻപു ഉണർന്ന അനുരാധ കിടന്നിടത്തേക്ക്‌ നോക്കിയപ്പോൾ അവിടെ അവൾ ഇല്ല.
നേരിയ പുലരിവെട്ടത്തിലാണ്‌ കാർത്തു അത്‌ കണ്ടത്‌, സിമന്റ്‌ ബഞ്ചിൽ ചുറ്റും നിരത്തിവച്ച കല്ലുകൾക്ക്‌ നടുവിൽ കൈകാലിട്ടടിക്കുന്ന ഒരു ചോരക്കുഞ്ഞ്‌.
കാർത്തു അതിനെ വാരി എടുത്തു. കുഞ്ഞുകരഞ്ഞു. അതിന്റെ ചുണ്ടുകൾ കാർത്തുവിന്റെ മാറിൽ എന്തോ തപ്പി.
അതു വീണ്ടും കരഞ്ഞു. പിന്നെ നിർത്താതെ കരഞ്ഞു.
അതിന്റെ കരച്ചിലിൽ ആണ് അന്ന് സൂര്യൻ ഉദിച്ചത്.

അനുരാധയെപ്പിന്നെ ആരും കണ്ടിട്ടില്ല.

പകരം അവളുടെ കുട്ടിയെ എല്ലാവരും കണ്ടു, പെറ്റമ്മയില്ലെങ്കിലും ഒരു നാറ്റുമുഴുവൻ പോറ്റമ്മയായി. നെടുമങ്ങാടിന്റെ മാറിലിട്ട്‌ തന്നെ കാർത്തു ആ കുഞ്ഞിനെ വളർത്തി. പക്ഷെ ഉത്തരമില്ലാത്ത ഒരു ചോദ്യം മാത്രം ഇപ്പോഴും ബാക്കികിടക്കുന്നു, അതു പക്ഷെ ആ കുഞ്ഞിന്റെ അമ്മയക്കുറിച്ചായിരുന്നില്ല.

53 comments:

Sreejith K. said...

വ്വോ, തിരുവനന്തോരം ഫാഷ കേക്കണമെങ്കില്‍ ഇങ്ങട് വന്നാല്‍ മതിയല്ലേ പയലേ. കഥ ഒന്നാംതരം ആയിട്ടുണ്ട് കേട്ടാ അപ്പീ. മനോഹരം എന്ന് പറഞ്ഞാല്‍ കുറഞ്ഞ് പോകും.

എന്നാലും ചെല്ലക്കിളിയെക്കുറിച്ച് ഓര്‍ക്കുമ്പൊ അമ്മച്ചിയാണെ മനസ്സില്‍ ഒരു വേദന കേട്ടാ... തള്ളേ, ഇതൊക്കെ ഒള്ളത് തന്നേ?

myexperimentsandme said...

അതാരായിരിക്കുമെന്ന് അന്വേഷിക്കുന്നില്ല..
എന്തിനത് ചെയ്‌തു എന്ന് വിലപിക്കുന്നില്ല...

പക്ഷേ നെടുമങ്ങാട്ടുകാരില്‍ ധാരാളം നല്ലവരെ കാണുന്നു- അനുരാധയ്ക്ക് ലേഹ്യം കൊടുത്ത കോലപ്പന്‍ വൈദ്യരും, ഒരു പഴം കൂടി കൊടുത്ത ആ കടക്കാരനും രാത്രിയില്‍ അനുരാധ അറിയാതെ അവര്‍ക്ക് കാവലിരുന്ന മൊണ്ടിക്കാര്‍ത്തുവും.... ഇവരോ അല്ലെങ്കില്‍ ഇവരുടെ മനസ്സുള്ളവരോ ഇനിയും കാണട്ടെ, നെടുമങ്ങാട്ടും മറ്റെല്ലായിടത്തും..

മുല്ലപ്പൂ said...

ഇതങ്ങു.. സൂപ്പര്‍ ആയിപ്പൊയല്ലൊ.. കുമാറെ..

“പക്ഷെ അതു ആ കുഞ്ഞിന്റെ അമ്മയക്കുറിച്ചായിരുന്നില്ല“

കഥ് നിര്‍ത്തിയ രീതി നന്നായിരിക്കുന്നു...


“അതില്‍ ഏറ്റവും വ്യകുലമായത്‌ മൊണ്ടിക്കാര്‍ത്തു എന്ന കാര്‍ത്യായനിയാണ്‌. കടകളുടെ മുന്‍ഭാഗമൊക്കെ വൃത്തിയാക്കി അവര്‍കൊടുക്കുന്നതെന്തും വങ്ങിയാണ്‌ ആ തള്ള ജീവിച്ചിരുന്നത്‌. അവര്‍ അനുരാധ കാണാതെ അവള്‍ക്ക്‌ കാവലിരുന്നു.“
ചിലപ്പോഴെങ്കിലും നഷ്റ്റപ്പെടാത്ത ഗ്രാമത്തിന്റെ നന്മ.....

രാജീവ് സാക്ഷി | Rajeev Sakshi said...

ഒരുപാടു കേട്ടിരിക്കുന്ന ഒരു കഥ, ആരും പറയാത്ത ശൈലിയില്‍, പറയാത്ത ആംഗിളില്‍ നിന്നും നെടുമങ്ങാടിന്‍റെ സ്വന്തം ഭാഷയില്‍ പറഞ്ഞിരിക്കുന്നു.
നോവു ബാക്കിവയ്ക്കുന്ന പര്യവസാനം.
വിരസതയില്ലാത്ത കഥ പറച്ചില്‍.
നെടുമങ്ങാടിയത്തിനു മുന്നിലെ അതിരുകള്‍ സ്വയമൊഴിഞ്ഞുപോകുന്നു.
കുമാര്‍ജി, ഇനിയുമേറെ മുന്നോട്ടുപോകട്ടെ.

മനൂ‍ .:|:. Manoo said...

കുമാര്‍ജീ,

മുന്‍പാരൊയ്ക്കെയോ പറഞ്ഞിരുനതുപോലെ, ഒരു സിനിമ കാണുമ്പോലെയാണ്‌ കുമാര്‍ജിയുടെ കഥകള്‍...
ഒരോ കഥപാത്രത്തേയും, കാലം, ചലനം... എല്ലാം അനുഭവിച്ചറിയാമെന്നപോലെ...

കൂടുതല്‍ വായിക്കുന്തോറും ആ അനുഭവങ്ങളുടെ വ്യാപ്തിയ്ക്കും, നിരീക്ഷണപാടവത്തിനും മുന്നില്‍ ഒരു ചെറിയകുട്ടിയുടെ കൌതുകത്തോടെ ഞാന്‍ നിലകൊള്ളുന്നു :)
ഒത്തിരി പ്രതീക്ഷകളോടെ...

Kalesh Kumar said...

സൂപ്പര്‍ കുമാര്‍ഭായ്! അതിമനോഹരമായിരിക്കുന്നു!

കുറുമാന്‍ said...

കുമാറേ - വളരെ മനോഹരമായി, എനാല്‍ ഇത്ര സിമ്പിളായി എങ്ങിനെ സാധിക്കുന്നു മാഷെ? ഈ കഥ എനിക്കൊരുപാടിഷ്ടായി.

ദേവന്‍ said...

ഉവ്വു മഴനൂലേ,
ഒരു സിനിമ പോലെ കുമാറിന്റെ നെടുമങ്ങാടീയം. ഈ പോസ്റ്റ്‌ അവസാനിക്കുന്നിടമൊക്കെ യുദ്ധത്തിന്റെ പ്രതീകമായി കൊമരം ഭീം നാടിന്റെ കുഞ്ഞിനെ കണ്ടെടുക്കുമ്പോലെ. ചിലതൊക്കെ വായിച്ചാല്‍ പിമ്പിരിയായി പോകും. ഈ ഈയം ഞാന്‍ പിമ്പിരി ലിസ്റ്റില്‍ ആഡ്‌ ചെയ്യുന്നു.

Visala Manaskan said...

...ഉച്ചയ്ക്ക്‌ കല്ലമ്പാറയില്‍ ആറ്റിന്റെ കരയില്‍ കാലുകള്‍ വെള്ളത്തിലേക്ക്‌ ഇറക്കി അവളിരുന്നു. അവളുടേ വയറ്റില്‍ വെയില്‍ തട്ടിയപ്പോള്‍ അവിടെ കുഞ്ഞു പാദങ്ങള്‍ തെളിഞ്ഞുവന്നു. പിന്നെയും ഒരിക്കല്‍ കൂടി അവളുടെ വയര്‍ അനങ്ങി. പക്ഷെ അവള്‍ മാത്രം അറിഞ്ഞില്ല അവളുടെ വയറ്റിലെ ആളനക്കം...

ബൂലോഗത്തിന്റെ യശ്ശസ് വര്‍ദ്ധിപ്പിക്കുന്നതില്‍ കുമാറിന്റെ എഴുത്തിനും പടങ്ങള്‍ക്കുമുള്ള പങ്ക് എടുത്തുപറയത്തക്കതാണ്.

ക്ലാസ് കഥ.

അരവിന്ദ് :: aravind said...

സൂപ്പര്‍ ശൈലി, സൂപ്പര്‍ കഥ.
കുമാര്‍ജി, വെറും തമാശയിലുപരി, തമാശയും വേദനയും , ജീവിതവും എല്ലാമുള്ള ക്വാളിറ്റി പോസ്റ്റുകള്‍ വഴങ്ങുന്ന പുലിയാണെന്ന് ഇത് തെളിയിക്കുന്നു. കുമാര്‍ജി വരച്ചുകാട്ടുന്ന നെടുമങ്ങാട് ചിത്രങ്ങള്‍, അദ്ദേഹത്തിന്റെ ഫോട്ടോകള്‍ പോലെത്തന്നെ വ്യക്തം, മനോഹരം, അര്‍ത്ഥസമ്പുഷ്ടം.
ജെം ഓഫ് എ പോസ്റ്റ്.

തണുപ്പന്‍ said...

നെടുമങ്ങാടിന്‍റെ കഥാ(?)കാരാ...ഉഗ്രനായിരിക്കുന്നു. ഉള്ളില്‍ തട്ടുന്ന ഭാഷ.ഉള്ളില്‍ ,ഒരു കൂരമ്പ് തറപ്പിച്ചാണല്ലോ കുമാര്‍ജി കഥ നിര്‍ത്തിയത്. ഇത് കഥ തന്നെയൊ?

വര്‍ണ്ണമേഘങ്ങള്‍ said...

കുമാര്‍ജീ..
വാക്കുകള്‍ മാത്രമല്ല താങ്കളുടേത്‌..
വരകളുമുണ്ട്‌ അതില്‍..
വായിക്കുമ്പോള്‍ നേരില്‍ കാണും പോലെ.
അനുരാധയെപ്പറ്റി വായിച്ചപ്പോള്‍ ദീപയെ ഓര്‍മ വന്നു.

K.V Manikantan said...

പിന്നെ ആഞ്ഞൊന്നുവലിച്ചു. അവളുടെ വെളുത്ത വയറില്‍ ചുളുവികള്‍ വീണത്‌ നാഗപ്പന്‍ കണ്ടു.


അവളുടേ വയറ്റില്‍ വെയില്‍ തട്ടിയപ്പോള്‍ അവിടെ കുഞ്ഞു പാദങ്ങള്‍ തെളിഞ്ഞുവന്നു.

അവള്‍ ഇന്ന് ഈ നാടിന്റെ ഗര്‍ഭിണിയാണ്‌.


ചില വാക്കുകള്‍ കൊണ്ട്‌ ഒരു കഥ എങ്ങനെ വെറും കഥ അല്ലാതാകുന്നു എന്ന് ഇപ്പോള്‍ മനസിലായി.

അവസാന വരികൊണ്ട്‌ അങ്ങനെയൊരു കഥയെ ക്ലാസ്‌ ആക്കാം എന്നും മനസിലായി.

നന്ദി കുമാറിക്കാ. നന്ദി.

Kumar Neelakandan © (Kumar NM) said...

അനുരാധയെ കാണാന്‍ വന്ന എല്ലാവര്‍ക്കും നന്ദി.
ഇതൊരു കഥ തന്നെ ആണ്. പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ നാട്ടില്‍ അലഞ്ഞുനടന്നു കണ്ട ഒരു കഥാപാത്രവുമായി ഇതിനെ ബന്ധപ്പെടുത്താം. അവളുടെ അവസാനവും ഇങ്ങനെ ഒക്കെ ആയിരുന്നൊ? ഓര്‍മ്മയില്‍ ഇല്ല.

Anonymous said...

എന്തേ അനുരാധ കറുത്തെ? അതു എനിക്കു മനസ്സിലായില്ല..

Kumar Neelakandan © (Kumar NM) said...

L അതു താഴെയുള്ളതു വായിച്ചിട്ട് മനസിലായില്ലേ? :(
അപ്പോള്‍ എനിക്ക് അവിടെ എവിടെയോ തെറ്റി. സമയം കിട്ടുമ്പോള്‍ ഒന്നുകൂടി വായിച്ചിട്ട് ക്ലിയര്‍ ചെയ്യാം.
നന്ദി.

ബിന്ദു said...

നെടുമങ്ങാട്ടു ധാരാളം കഥാപാത്രങ്ങള്‍ ഉണ്ടാകട്ടെ എന്നു ഞാന്‍ ആശംസിക്കുന്നു. :)

Anonymous said...

യ്യൊ! എനിക്കു വായിച്ചിട്ട് മനസ്സിലാവാത്തതു കാര്യമാക്കാണ്ട..എന്റെ ബുദ്ധി അത്രേ ഒക്കെ ഉള്ളൂ.
ഗര്‍ഭിണി ആയെന്നും പ്രസവിച്ചെന്നും മനസ്സിലായി....പക്ഷെ ഗര്‍ഭിണി ആവുമ്പൊ കറക്കുമൊ?

Kuttyedathi said...

എത്ര മനോഹരമായി പറഞ്ഞിരിക്കുന്നു, കുമാര്‍. അനുരാധയുടെ വയറില്‍ കുഞ്ഞിപ്പാദങ്ങള്‍ തെളിഞ്ഞതുമൊക്കെ എങ്ങനെ ഇത്ര സൂക്ഷ്മമായി വിവരിക്കാന്‍ സാധിക്കുന്നു ?

രണ്ടു മൂന്നു വട്ടം വായിച്ചിട്ടും മതിയാവാത്ത കഥ. വക്കാരി പറഞ്ഞ പോലെ എത്ര നല്ല മനസ്സാണു നെടുമങ്ങാട്ടുകാര്‍ക്ക്‌.

Kumar Neelakandan © (Kumar NM) said...

L G, അത് ബാബു തന്നെ അതിനു താഴെ പറയുന്നുണ്ട്..
"തള്ളെ അവള്‌ കുളിക്കൂല. അമ്മേണ!
അതല്ലീ കറുകറാന്ന് ഇരിക്കിനത്‌"
"അപ്പഴ്‌ പിന്നെ അവളിവടന്ന് ഒന്നിരാടം ദെവസങ്ങളില്‌ ഒര്‌ പീസ്‌ സ്വാപ്പും വാങ്ങിച്ചോണ്ട്‌ പ്വോണത്‌ എന്തരിന്‌?" സംശയം തീരാതെ സോമന്‍ മേശിരി ചോദിച്ചു.
"അത്‌ അവള ആ തോളിച്ചീല എടുത്ത്‌ വച്ച്‌ കല്ലിലിട്ട്‌ ഒരയ്ക്കാന്‍. പിന്നല്ലാതെ എന്തരിന്‌"

... എന്താരാന്തോ? എല്‍ജി കൊച്ചിനു മനസ്സിലായാന്തോ ഞാന്‍ ഉത്തേശിച്ചത്...!

sami said...

എന്നെ നോവിച്ചത് ആ കുഞ്ഞിനെക്കുറിച്ചുള്ള ചിന്തയാ...ആ കുഞ്ഞെന്തു പിഴച്ചു....
കാര്‍ത്തു നോക്കുമായിരിക്കും.......പക്ഷെ പോറ്റമ്മയ്ക്ക് പെറ്റമ്മയാകാനൊക്കുമോ?

സെമി

Anonymous said...

സെമി,
>>പോറ്റമ്മയ്ക്ക് പെറ്റമ്മയാകാനൊക്കുമോ?

എന്തേ സെമി? രകതബന്ധം കൊണ്ടു മാത്രം അമ്മയാകുന്നവരേക്കളും എന്തുകൊണ്ടും സ്നേഹം കൊണ്ടു മാത്രം അമ്മയാകുന്നവര്‍ തന്നെ വലുതു.
പക്ഷെ അവര്‍ക്കു ആരുടെയും താങ്ങില്ലാന്നുള്ളതു ഒരു പരമാമായ സത്യം..

Santhosh said...

കുമാര്‍, മഥിപ്പിക്കുന്ന കഥപറച്ചില്‍ തന്നെ. നാട്ടിന്‍ പുറം നന്മകളാന്‍ സമൃദ്ധം.

സസ്നേഹം,
സന്തോഷ്

Unknown said...

കുമാര്‍,
കഥ ഗംഭീരം.. കഥ അവസാനിപ്പിച്ച രീതി അതിഗംഭീരം..
നെടുമങ്ങാടിന്റെ മാറില്‍ വളര്‍ന്ന കുഞ്ഞ്‌....
അവനെ / അവളെ കുറിച്ചാണ്‌ എന്റെ ഉത്കണ്ഠ..
അവന്‍ / അവള്‍ നെടുമങ്ങാടിന്റെ ഓമനയോ അതോ...?

Adithyan said...

കുമാര്‍,
വളരെ വളരെ നന്നായിരിയ്ക്കുന്നു.

എല്ലാ നാടിനും പറയാനുണ്ടാവുമല്ലേ ഇതു പോലെ ഓരോ അനുരാധമാരുടെ കഥകള്‍... എവിടെ നിന്നോ വന്ന്, എങ്ങോട്ടോ പോയ കുറെ രാധമാര്‍

myexperimentsandme said...

"എവിടെ നിന്നോ വന്ന്, എങ്ങോട്ടോ പോയ കുറെ രാധമാര്‍"

അങ്ങിനെയെങ്കില്‍ രാധയെ അനുഗമിക്കുന്നവള്‍ അനുരാധ.. എങ്കില്‍ മൊണ്ടിക്കാര്‍ത്തുവാണോ ഇവിടെ അനുരാധ? :)

Adithyan said...

കുമാര്‍ജീടെ സീരിയസ് പോസ്റ്റായതു കൊണ്ടു ഞാന്‍ ഓഫ് ടോപിക്കിടുന്നില്ല....

വക്കാരീ, നീയങ്ങു വന്നേരെ, ക്ലബില്‍ കാണാം...

(ക്ലപ്പു തുറന്നപ്പോ വക്കാരി തന്നെ പറഞ്ഞതാ ക്ലപ്പ് ഇതിനും കൂടെ ആണെന്ന് ;-))

Kumar Neelakandan © (Kumar NM) said...

സെമി, LG പറഞ്ഞപോലെ പോറ്റമ്മയ്ക്ക് ചിലപ്പോള്‍ ചില പെറ്റമ്മമാരേക്കാള്‍ നല്ല അമ്മയാകാന്‍ കഴിയും.
എനിക്കങ്ങനെ തോന്നുന്നു.
അദിത്യവക്കാരിമാരെ, ഓഫ് ടോപ്പിക്കുകള്‍ ഇവിടെ ആവാം. സന്തോഷമേയുള്ളു :)

സപ്തവര്‍ണ്ണങ്ങളെ, അവളോ അവനോ എന്ന് ഞാന്‍ ഇതുവരെ തീരുമാനിച്ചില്ല. ഇനി നെടുമങ്ങാടിയത്തില്‍ ഒപ്പം വളരേണ്ട കുഞ്ഞല്ലേ. തരം പോലെ ആകാം ലിംഗനിര്‍ണ്ണയം.

കുട്ടിയേടത്തി, ഞാന്‍ കണ്ടിട്ടുണ്ട് അങ്ങനെ കുഞ്ഞിക്കാലുകള്‍ വയറില്‍ തെളിയുന്നത് (കുഞ്ഞിചവിട്ടുകള്‍!)

Unknown said...

ഈ കഥ വായിച്ചപ്പോള്‍ ഇതേപോലൊരു കവിത ഓര്‍മ്മ വന്നു. അനില്‍ പനച്ചൂരാന്‍ എഴുതി, “മകള്‍ക്ക്” എന്ന ജയരാജ് സിനിമയ്ക്ക് വേണ്ടി ചില മാറ്റങ്ങള്‍ വരുത്തി ചേര്‍ത്ത "അനാഥന്‍“ എന്ന കവിത. സിനിമയില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടാണ് ആലാപനം.

"അനാഥന്‍" അനില്‍ പനച്ചൂരാന്റെ ആലാപനം ഇവിടെ കേള്‍ക്കാം

കഥ വായിച്ചു കഴിഞ്ഞപ്പോള്‍ കവിത വായിച്ചപ്പോളെന്ന പോലെ എന്റെ കണ്ണിലും ബാഷ്പം!
കുമാര്‍ നന്നായി എഴുതിയിരിക്കുന്നു.

മുല്ലപ്പൂ said...

പെറ്റമ്മയെക്കാളും വലുതു പോറ്റമ്മ തന്നെ..

ഉണ്ടായിക്കഴിഞ്ഞപ്പൊള്‍ വിഴിയില്‍ ഉപേക്ഷിച്ചവര്‍, ഉണ്ടാകുന്നതിനു മുന്‍പും സാഹചര്യം അനുവദിചിരുന്നെങ്കില്‍ അതു ചെയ്തേനെ.. അപ്പോല്‍ പിന്നെ പെറ്റമ്മക്കു എന്തു പ്രാഥാന്യം...

കണ്ണൂസ്‌ said...

ഇന്നലെ വായിച്ച ഉടന്‍ തന്നെ പ്രണമിക്കണം എന്നുണ്ടായിരുന്നു. പറ്റിയില്ല. അല്‍പ്പം വൈകിയാണെങ്കിലും, കുമാറിന്‌ പ്രണാമം.

കണ്ണൂസ്‌ said...

പനച്ചൂരാന്റെ കാര്യം യാത്രാമൊഴി പറഞ്ഞപ്പോഴാണ്‌ ഓര്‍ത്തത്‌. കക്ഷിയുടെ മിക്ക കവിതകളും ഇങ്ങിനെ തന്നെ. മനസ്സില്‍ തട്ടും. തീക്ഷ്ണമായ ആലാപനവും. ശ്രദ്ധിക്കപ്പെടേണ്ട കവിയാണ്‌ അദ്ദേഹം.

Anonymous said...

എന്താണു ഈ തോളിച്ചീല ? ഹാന്റ് ബാഗ് ആണൊ? ദയവായി എന്നോടു പൊറുക്കണേ, പക്ഷെ ചോദിക്കാണ്ടിരിക്കാന്‍ പറ്റണില്ല്യ...

Kumar Neelakandan © (Kumar NM) said...

LG, ചോദിച്ചതില്‍ വളരെ വളരെ സന്തോഷം. നാട്ടിലെ ഭാഷയില്‍ “തോളിച്ചീല” എന്നു പറഞ്ഞാല്‍ തോളിലെ ചീല. തോള്‍ എന്നുവച്ചാല്‍ shoulder. ചീല = ശീല. അതായത് തുണി. തോളിലൂടെ ഇടുന്ന തുണി. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ മാറുമറയ്ക്കുന്ന തുണി.

എല്‍ജിയെ ഒരു വാക്കുകൂടി പഠിച്ചില്ലേ?
ഇത്തരം സംശയങ്ങള്‍ക്ക് ഉത്തരം പറയാന്‍ എനിക്ക് സന്തോഷമെയുള്ളു. ഇനിയും ചോദ്യങ്ങള്‍ പ്രതീക്ഷിക്കുന്നു. :)

ചില നേരത്ത്.. said...

ഹൃദ്യമായ മറ്റൊരു കഥ. തെരുവുകളില്‍ നിന്ന് ഗര്‍ഭം പേറുന്നവരെ കുറിച്ചൊരു കഥയില്ല തന്നെ..എല്ലാം ജീവിതയാഥാര്‍ത്ഥ്യം തന്നെ.

Kumar Neelakandan © (Kumar NM) said...

വഴയില എവിടെ ചെല്ലാ?
ആ കോയിപ്പുറത്ത് സാമില്ലിന്റെ അടുത്താണാ? എന്നാല്‍ ഇതുകൂടെ ഒന്നു വായിച്ചൊളൂ

Anonymous said...

“നെടുമങ്ങാടീയം”ത്തെക്കുറിച്ചു ഒരുപാടുകേട്ടൂ ഇപ്പൊള്‍ കണ്ടു.. വളരെ നന്നായിരിക്കുന്നു... ഭവുകങ്ങള്‍

Ajith Krishnanunni said...

കുമാറേട്ടാ, ഇപ്പോഴാ അനുരാധയെ കാണുന്നത്‌.
ആദ്യമൊക്കെ നെടുമങ്ങാടിനെ ത്രസ്സിപ്പിച്ചിരുന്ന അനുരാധ,ഒരു വേദനയും സമ്മാനിച്ചാണല്ലൊ പോയത്‌.

Anonymous said...

തിരുവന്തൊരത്തിന്റെ ഭഷകല്‍ നന്നയി കൈകാര്യം ചെയ്തിരിക്കുന്നു. ഈ അനുരാധ ജീവിച്ചിരുന്ന ആള്‍ തന്നെയൊ?

Manoj | മനോജ്‌ said...

Google Reader ഈയിടെ configure ചെയ്തതേയുള്ളൂ. അതുവഴി വളരെ യാദൃശ്ച്ഛികമായാണ് ഇവിടെയെത്തിയത്. ഓരോ കഥയും സാവകാശത്തില്‍ വായിച്ചു വരുന്നു. ഇക്കഥ വായിച്ചപ്പോള്‍ ഒരു വരി എഴുതാതെ പോകുന്നതു ശരിയല്ലെന്നു തോന്നിയതിനാല്‍ ഇതാ‍ എഴുതുന്നു.

മനസ്സില്‍ തട്ടുന്ന കഥ. വളരെ വളരെ ഇഷ്ടപ്പെട്ടു. ഇനിയും എഴുതണം. സ്നേഹപൂര്‍വ്വം...

ഡാലി said...

ഇങ്ങനെ ഒരു പണി ഒപ്പിച്ചണ്ട് കുമാറേട്ടാ. തല്ലണ്ടാ ഞാന്‍ ഇനീം ചെയ്യും

(ഞാന്‍ നേരത്തെ വായിക്കുമ്പോ ഇവിടെ ഒരു കമന്റ് കൂടെ ഉണ്ടാര്‍ന്നു ആഗസ്റ്റ് 1 നു ഇട്ടത് അതെവിടെ പോയാവോ!?)

Kumar Neelakandan © (Kumar NM) said...

ഡാലീ ആ പോസ്റ്റ് വായിച്ചു. അവിടെ കമന്റ് ഓപ്ഷന്‍ കണ്ടില്ല. അതുകൊണ്ട് ഇവിടെ തന്നെ അഭിപ്രായവും പറയുന്നു. ഒരു പേറിന്റെ വിഷമങ്ങള്‍ പോലും അറിയാതെ പേറ്റുകുളിയില്ലാതെ മറ്റു ചികിത്സകളും ഇല്ലാതെ എവിടേയ്ക്കോ ഇറങ്ങിപോയ അനുരാധയെ വീണ്ടും ഓര്‍ത്തതിനു നന്ദി.

ഡാലി പറഞ്ഞത് ശരിയാണ്. വളരെ ശരിയാണ്. സമനിലതെറ്റിനടക്കുന്നവളുടെ നാ‍റുന്ന ഉടലിന്‍ പുറത്തുപോലും മാംസദാഹംതീര്‍ക്കുന്ന അധമന്മാര്‍ ഉള്ള നാടാണിത്. അവന്റെ മറ്റൊരു പതിപ്പാണ് കുട്ടിയുടുപും ഇട്ട് കുഞ്ഞിക്ലാസിലേക്ക് നടക്കുന്ന കുഞ്ഞിസ്വപ്നത്തെ തകര്‍ത്ത് എറിയുന്നതും. പക്ഷെ ഇത് മൊത്തത്തില്‍ ആണിന്റെ കുഴപ്പം അല്ല. ആണിന്റെ ഇടയില്‍ ഒളിച്ചുനടക്കുന്ന അധമന്റെ നിലതെറ്റിയ മനസിന്റെ കുഴപ്പം ആണ്. ഇത്തരം കഥാപാത്രങ്ങള്‍ പെണ്‍കൂട്ടത്തിലും ഉണ്ട് എന്നതാണ് പുതിയ ഞെട്ടല്‍ സിദ്ധാന്തം.

Kumar Neelakandan © (Kumar NM) said...

അപ്പോള്‍ ഓഗസ്റ്റില്‍ ഒരു കമന്റ് ഇവിടെ ഉണ്ടായിരുന്നൊ? ഞാന്‍ കണ്ടില്ല. പക്ഷെ അതാരാ ഡിലീറ്റ് മാടിയത്??? :(

മൂര്‍ത്തി said...

ഇന്നാണിത് കണ്ടത്..
അവസാനത്തെ ചോദ്യമാണിതിന്റെ മര്‍മ്മം.
നന്ദി കുമാര്‍.
നന്ദി ഡാലി.

SUNISH THOMAS said...

ഞാനും വായിച്ചു. പുതിയ സംരംഭം കൊള്ളാം. കുമാറേട്ടാ.. ഈ വിധത്തിലും പുലിയാണല്ലേ?

ഡാലി said...

“ഇത്തരം കഥാപാത്രങ്ങള്‍ പെണ്‍കൂട്ടത്തിലും ഉണ്ട് എന്നതാണ് പുതിയ ഞെട്ടല്‍ സിദ്ധാന്തം.“

ഒരു ഭ്രാന്തനെ ലൈഗീകമായി പീഡിപ്പിക്കുന്ന ഒരു കൈകുഞ്ഞിനെ മാംസതുണ്ടായി കാണുന്ന സ്ത്രീ കേരളത്തില്‍ ഉണ്ടായേക്കാം, ഇല്ല എന്ന് പറയുന്നില്ല. എന്നാല്‍ അതും ഇക്കണ്ട ഭ്രാന്തി, വിദ്യാര്‍ത്ഥി, കൈകുഞ്ഞ് പ്രശ്നമായ്യി താരതമ്യം ചെയ്ത് രണ്ട് സൈഡിലും ഉണ്ട് എന്ന് പറഞ്ഞ് ജെനറലൈസ് ചെയ്ത് ഡിപ്ലോമറ്റിക് ആവല്ലേ കുമാറേട്ടാ. നൂറ്റാണ്ടിലൊരിക്കല്‍ ഉണ്ടാകുന്ന കാര്യത്തെ കണ്ണിനു നേരെ ഉള്ള കാഴ്ചയ്ക്കു നേരെ പിടിക്കരുത്. തള്ളവിരല്‍ കൊണ്ട് ചന്ദ്രനെ മറയ്ക്കാന്‍ പറ്റും എന്ന് തോന്നണത് വിഡ്ഡിത്താ.
അനുരാധയെ വരച്ചിട്ട കുമാറേട്ടന്‍ അതു പറയരുത്. നോവും.

ഡാലി said...

എല്ലാ പുരുഷന്മാരും ചീത്തയാ എന്നൊരു ധ്വനി എന്റെ എഴുത്തില്‍ എങ്ങും ഇല്ല എന്ന് തന്നെ ഞാന്‍‌ വിശ്വസിക്കുന്നു. അങ്ങനെ കരുതണത് മഹാ അബദ്ധവും.

Kumar Neelakandan © (Kumar NM) said...

ഡാലീ.. അനുരാധയെ കണ്ട അനുരാധയെ വരച്ചിട്ട കുമാറേട്ടന്‍ തന്നെ അങ്ങനെയുള്ള ഒരു പെണ്ണിനേയും കണ്ടിട്ടുണ്ടെങ്കില്‍ പറയുന്നതില്‍ തെറ്റുണ്ടോ? അങ്ങനെ പറഞ്ഞില്ലെങ്കില്‍ ആണ് തെറ്റ്.

എല്ലാ പുരുഷന്മാരും അങ്ങനെയാണ് എന്നൊരു ധ്വനി ഡാലിയുടെ പോസ്റ്റില്‍ ഒരിടത്തും ഇല്ല. അങ്ങനെ ആര്‍ക്കും തോന്നുകയും ഇല്ല.

ഇങ്ങനത്തെ പെണുങ്ങളും ഉണ്ട് എന്ന് പറയുകയായിരുന്നു. വളരെ ചെറിയ വിദ്യാര്‍ത്ഥിക്കു നേരേ തന്നെ വലവിരിച്ച് ആക്രമിച്ച, ആക്രമിക്കുന്ന സ്ത്രീയും അങ്ങനെ ഒരു നിലവാരമേ അര്‍ഹിക്കുന്നുള്ളു എന്നു മാത്രമേ ഞാന്‍ പറഞ്ഞുള്ളു. സത്യം ഞാന്‍ അതും ഇതിനൊപ്പം പറഞ്ഞില്ലെങ്കില്‍ എനിക്കും നോവും. കാരണം ഞാന്‍ കരുതിയത് ഡാലിയുടെ പോസ്റ്റില്‍ അധമത്തരത്തിന്റെ എണ്ണം എടുത്ത് ഒരു സ്ത്രീ പുരുഷ താരതമ്യം അല്ല എന്നാണ്.

ഒരു സൌഹൃദ തല്ലുകൂടലിനാണെങ്കില്‍ ഞാന്‍ റെഡിയാണ് ഡാലീകുട്ടീ...

ഡാലി said...

തീര്‍ച്ചയായും അധമതരത്തിന്റെ എണ്ണം സ്ത്രീപുരുഷ ലിസ്റ്റ് ഇല്‍ എടുക്കല്ല ഞാന്‍ ചെയ്തത്. സമൂഹ മനസ്സക്ഷിയുടെ ഇരുണ്ട കോണ്‍ ആണത്. ഒരു ഭ്രാന്തിയ്ക്കു നേരെ ഉണ്ടാകുന്ന ലൈഗീകാക്രമണളുടെ ഡാറ്റ എടുക്കുമ്പോള്‍ ഭ്രാന്തനു നേരെ ഉള്ളത് ഗ്രാഫില്‍ ഒരു പൊട്ടു പോലെയെ വരൂ. ശക്തമായ തിന്മായെ ആദ്യം എതിര്‍ക്കണം.സ്ത്രീകള്‍ക്കെതിരെ ഉള്ള ഇത്തരം ആക്രമണങ്ങള്‍ ഒറ്റപ്പെട്ടതല്ല. എന്നാല്‍ സ്ത്രീകള്‍ നടത്തുന്നു എന്ന് പറയുന്നവ വളരെ വളരെ ഒറ്റപ്പെട്ടതാണു. അപ്പോള്‍ ഒരു വലിയ ഇഷ്യൂനെ കുറിച്ച് പറയുമ്പോള്‍ ചെറിയൊരു കാര്യം പറഞ്ഞ് അതിന്റെ പ്രാധാന്യം കുറയ്ക്കുന്നത് വിഷയത്തോടുള്ള രാ‍ഷ്ട്രീയപരതയല്ല സൂചിപ്പിക്കുന്നത്.
ഒരു ഉദാഹരണം പറഞ്ഞാല്‍ കേരളാത്തിലെ റോഡുകളൂടെ ശോചനീയവസ്ഥയും മഴക്കാലെത്തെ സ്ഥിയും അതുമൂലം ഉണ്ടാകുന്ന അപ്കടങ്ങലും വിശകലനം ചെയ്യുമ്പോള്‍ കുടിച്ച് വണ്ടിയോടിച്ചും അപകടങ്ങള്‍ ഉണ്ടാകുന്നു എന്ന് പറയുന്നവനില്‍ അരാഷ്ട്രീയക്കാരനെ ആണു എനിക്ക് കാണാന്‍ കഴിയുക. പക്ഷേ അയാള്‍ പറയുന്നത് സത്യമാണു താനും.

(കുമാറേട്ടാ,കുമാറേട്ടന്‍ ഒരു കേസ് കണ്ടെങ്കില്‍ തൃശ്ശൂ‍ര്‍ മിഷന്‍ ആസ്പത്രിയില്‍ കുട്ടികളുടെ വാര്‍ഡില്‍ ഇത്തരം സംഭവങ്ങള്‍ കണ്ട്, അതുമനസ്സിലാക്കാന്‍ പോലും അറിവില്ലാത്ത മാതാപിതാക്കളെ കണ്ട് എന്റെ മനസ്സു മരവിച്ചിരുന്നൂ ഒരിക്കല്‍. അപ്പോ കേരളത്തിലെ എല്ലാ ആശുപത്രികളും എടുത്താലോ?, നല്ല ചര്‍ച്ചകള്‍ ബ്ലോഗില്‍ വേണം കുമാറേട്ടാ, ഞാന്‍ റെഡി. എന്നെ തെറിവിളിക്കാത്തിടത്തോളം ഞാന്‍ കാണും)

സാല്‍ജോҐsaljo said...

കഥ വായിച്ചു. വളരെ നന്നായി എഴുതിയിരിക്കുന്നു കുമാറേട്ടാ.

ഇതുകാണിച്ചു തന്ന ഡാലിച്ചേച്ചിക്ക് നന്ദി.

വെറും ചര്‍ച്ചകൊണ്ടെന്തു ഫലം ചേച്ചീ? എറണാകുളത്തുള്ള കുമാറേട്ടനും (?) ഈജിപ്റ്റിലുള്ള ചേച്ചിക്കും, ദുബായിലുള്ള എനിക്കും... ലോകത്തിന്റെ നാനാദിക്കിലുള്ള എല്ലാവര്‍ക്കും ചര്‍ച്ചചെയ്യാം.

ഭ്രാന്തനും ഭ്രാന്തിയും എന്നതല്ല പ്രശ്നം അവര്‍ അവഗണിക്കപ്പെടുന്നു, അല്ലെങ്കില്‍ ചൂഷണം ചെയ്യപ്പെടുന്നു എന്നതാണ് പ്രശ്നം.

അതിലേയ്ക് ഒരു തീരുമാനത്തിലെത്തിയാല്‍ അതാണ് ഉചിതം.

അതായത്, മെന്റല്‍ ഹോസ്പിറ്റലില്‍ അല്ലെങ്കില്‍ ഏതെങ്കിലും സംഘടനകളെ നെടുമ്മങ്ങാട്ടൂകാര്‍ (ഉദാഹരണം മാത്രമാണ്) എന്തുകൊണ്ട് അറിയിച്ചില്ല? ആ കുഞ്ഞെങ്ങനെ കാര്‍ത്തുവിന്റെ കൈയില്‍ വളര്‍ന്നൂ.?

കാഴ്ചകാണുകയായിരുന്നു എല്ലാവരും.!
സഹതപിക്കുകയായിരുന്നു എല്ലാവരും!
ആ ഉരുളന്‍ കല്ലുകള്‍ കടന്നു ചെല്ലാന്‍ കഴിയാത്ത ലോകത്തെ എഴുതിമാറ്റുന്നതെങ്ങനെ?
ചര്‍ച്ച ചെയ്തുമാറ്റുന്നതെങ്ങനെ?

(എതിര്‍പ്പുകാട്ടിയതല്ല. ഇത്രയും കാലം ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല എന്ന കുറ്റബോധം എനിക്കുണ്ട്! കുറേ എഴുതി എന്നതല്ലാതെ.)

Sathees Makkoth | Asha Revamma said...

സൂപ്പര്‍.
ഡാലിയ്ക്ക് നന്ദി.ഇതു കാണിച്ച് തന്നതിന്

ജിജ സുബ്രഹ്മണ്യൻ said...

അനുരാധയെ പിന്നെ ആരും അന്വേഷിച്ചില്ലേ..ആ കുഞ്ഞിന്റെ അച്ഛന്‍ ആ നാട്ടുകാരന്‍ തന്നെ ആയിരിക്കുമല്ലോ..ഒരു പോറ്റമ്മ ഉണ്ടായത് ഭാഗ്യം.
എത്ര നന്നായി കഥ എഴുതുന്നു കുമാര്‍ ജീ

ദീപക് രാജ്|Deepak Raj said...

കിടിലം മാഷേ..