Saturday, June 17, 2006

ആവര്‍സിയര്‍ !

ശ്രീമാന്‍ ഗോപാലപിള്ള ഓവര്‍സിയര്‍ അല്ല. ഗോപാലപിള്ള തൂപ്പുകാരന്‍ ആണ്‌.
പറയങ്കാവിലുള്ള കെ എസ്‌ ഈ ബി സബ്സ്റ്റേഷന്‍ വളപ്പൊക്കെ തൂത്ത്‌ വൃത്തിയാക്കി ആവശ്യമില്ലാത്ത പേപ്പൊറൊക്കെ കത്തിച്ചുകളയലാണ്‌ മഹത്തായ മുഖ്യ കര്‍മ്മം. പഴയ ഒരുപാട്‌ മഞ്ഞഫയലുകള്‍ ഗോപാലപിള്ളയ്ക്ക്‌ അവിടെ നിന്നും ലഭിക്കാറുണ്ട്‌. അതൊക്കെ കത്തിക്കാതെ സൂക്ഷിച്ചുവയ്ക്കും. ഉച്ചയോടെ പണിനിര്‍ത്തി വീട്ടിലേക്ക്‌ പോകുമ്പോള്‍ അവയൊക്കെ കക്ഷത്തില്‍ തിരുകി തല ഉയര്‍ത്തിപ്പിടിച്ചാണ്‌ നടപ്പ്‌. വീട്ടില്‍, ഉളുപ്പന്‍ കുത്തിത്തുടങ്ങിയ തടിയലമാരയില്‍ മഞ്ഞ ഫയലുകള്‍ കീറിയവയും കീറാത്തവയും പ്രത്യേകമായി അടുക്കി വയ്ക്കും.


ഇപ്പോള്‍ ഈ ഫയലുകള്‍ ഇല്ലാതെ ഗോപാലപിള്ളയ്ക്ക്‌ ജീവിക്കാന്‍ വയ്യാതായി. എക്സിക്യൂട്ടീവ്‌ എഞ്ചിനിയര്‍മാരുടെ ഓവര്‍സിയര്‍മാരുടെയും കക്ഷത്തിലുരുന്ന് വിയര്‍ത്തതാണി ഫയലുകള്‍. ചിലപ്പോള്‍ വെറുതെ പുറത്തേക്ക്‌ ഇറങ്ങുമ്പോള്‍ ഇതിലൊന്ന് എടുത്ത്‌ ഗോപാലപിള്ളയും കക്ഷത്തില്‍ തിരുകും. എന്നിട്ട്‌ തലയുയര്‍ത്തിനടന്നുപോകും.


"ഓവര്‍സിയറേ......."
യൂണിയന്‍ ഗ്രൌണ്ടിന്റെ വശത്തു നിന്നാണ്‌ ആദ്യമൊക്കെ വിളിവന്നു തുടങ്ങിയത്‌. പിന്നെയത്‌ ഓട്ടോ സ്റ്റാന്റിലേക്കും നീണ്ടു. ഗോപാലപിള്ളയുടെ തലകണ്ടാല്‍ മതി എവിടെ നിന്നെങ്കിലും നീണ്ട വിളി ഉയരും.
"ഓവര്‍സിയറേ......."
ആദ്യമൊക്കെ ഗോപാലപിള്ള രസിച്ചു, തല കുറച്ചു കൂടി ഉയത്തി നടന്നു. പിന്നെ പിന്നെ വിളിയുടെ ടോണും സ്റ്റൈലും മാറിത്തുടങ്ങി. സത്രംമുക്കിലും ബാങ്ക്‌ ജംഷനിലും കച്ചേരി നടയിലും ഒക്കെ വിളികള്‍ ഉയര്‍ന്നു..
"ഓവര്‍സിയറേ......."
ഇപ്പൊ കക്ഷത്തില്‍ ഫയലൊന്നും വേണ്ട, ഗോപാലപിള്ളയെ കണ്ടാല്‍ മതി.
"ഓവര്‍സിയറേ......."
കുടുംബവുമായി പുറത്തിറങ്ങിയാലും അമ്പലത്തില്‍ പോയാലും വിവാഹത്തിനു പോയാലും..
"ഓവര്‍സിയറേ......."


ഒരുദിവസം ഗോപാലപിള്ള ആ കടുംകൈ ചെയ്തു, സൂക്ഷിച്ചുവച്ചിരുന്ന ഫയലൊക്കെ വീട്ടുവളപ്പിലിട്ട്‌ കത്തിച്ചു.
എന്നിട്ടും..
"ഓവര്‍സിയറേ......."
നെടുമങ്ങാടിന്റെ യുവജനത ആ വിളി ഒരു മന്ത്രം പോലെ കൊണ്ട്‌ നടന്നു."നിങ്ങള്‌ പോലീസി പരാതി കൊടുക്കീം." സഹികെട്ട ഭാര്യയാണ്‌ ഒരു പോംവഴി പറഞ്ഞത്‌.
"നിങ്ങള്‌ ഇതെല്ലാം ക്യാട്ടോണ്ട്‌ മിണ്ടാതെ ഇരിന്നിറ്റാണ്‌ പിള്ളരുക്ക്‌ ഏളുവം കൂടണത്‌. ഒര്‌ പെടപെടയ്ക്ക്‌ പോയാ അവിടേം വര്‌ം വിളി, ആവര്‍സിയരേന്ന്. മേലാങ്കോട്ടമ്മച്ചീ ഇതെന്തര്‌ തലേവിധിയാണ്‌."


ഭാര്യ പറഞ്ഞതില്‍ കാര്യമുണ്ടെന്ന് ഗോപാലപിള്ളയ്ക്കും തോന്നി.
പിറ്റേന്ന് തിരുച്ചുവരുന്ന വഴിയില്‍ പോലീസ്‌ സ്റ്റേഷനില്‍ ഗോപാലപിള്ള കയറി. പാറാവുകാരനോട്‌ പറഞ്ഞു എസ്‌ ഐ യെക്കണ്ട്‌ ഒരു പരാതി ബോധിപ്പിക്കാനുണ്ടെന്ന്. അയാള്‍ എസ്‌ ഐ യുടെ മുറികാട്ടിക്കൊടുത്തു. ഹാഫ്‌ ഡോറില്‍ കൈവച്ചപ്പോള്‍ ഗോപാലപിള്ളയുടെ ഉള്ളുപിടച്ചു. "മാടന്‍ എസ്‌ ഐ" എന്നാണ്‌ ആ മഹാന്‍ നാട്ടില്‍ അറിഞ്ഞിരുന്നത്‌. അടിച്ചിടുന്നവന്‍ എന്നര്‍ഥം. തിരിച്ചുപോയാലോ എന്ന് ഓര്‍ത്തു. കാലുകള്‍ പരുങ്ങി.


"ആരാ അത്‌?" അകത്തുനിന്നും പാറയില്‍ പറണ്ടുന്ന പോലൊരു ശബ്ദം.
ഗോപാലപിള്ള താനറിയാതെ മൊത്തമായി അകത്തേക്ക്‌ നീങ്ങി.
കാലുകള്‍ മേശമേല്‍ കയറ്റിവച്ച്‌ എസ്‌ ഐ ഇരിക്കുന്നു. ഫിക്സ്‌ ചെയ്ത ആ ഇരിപ്പില്‍തന്നെ എസ്‌ ഐ ചോദിച്ചു
"എന്തുവേണം?"
മൂത്രം ഒഴിക്കണം എന്നു പറയണാണ്‌ ഗോപാലപിള്ളയ്ക്ക്‌ തോന്നിയത്‌. തോന്നലിന്റെ ഒടുവില്‍ അയാള്‍ പറഞ്ഞു
"യെന്റെ പേരു കോവാലവിള്ള. ഒര്‌ പരാതി ഒണ്ടാരിന്ന്."
"ഉം" പറഞ്ഞൊ എന്ന അര്‍ഥത്തില്‍ എസ്‌ ഐ മൂളി.
"യെന്നെ യെല്ലാവരും ആവര്‍സിയറേ, ആവര്‍സിയറേ എന്ന് വിളിച്ച്‌ കളിയാക്കിണ്‌. സാറ്‌ യെന്തരെങ്കിലും ചെയ്ത്‌ ഈ വിളി വൊന്നു നിര്‍ത്തി തരനം"
എസ്‌ ഐ കാലുകള്‍ ഇറക്കിവച്ചു നിലത്തേക്ക്‌ ഇറങ്ങി. ഗോപാലപിള്ളയുടെ അടുത്തുവന്നു. എന്നിട്ട്‌ സാവധാനം ചോദിച്ചു;
"എന്തരാണ്‌ നിന്റെ ജ്വാലി?"
"എലറ്റ്രിസിറ്റീല്‌ തൂപ്പാണ്‌"
"എത്രാംക്ലാസുവരെ പഠിച്ചിറ്റൊണ്ട്‌?"
"എട്ടാം ക്ലാസ്‌"
"ഉം."നിശബ്ദത.

എസ്‌ ഐയുടെ കൈ സ്വന്തം പാന്റിന്റെ പോക്കറ്റില്‍ എന്തോ തിരയുന്നു.
ഗോപാലപിള്ളക്ക്‌ ഇറങ്ങി ഓടാന്‍ തോന്നി.
കയ്യില്‍ തടഞ്ഞ പൊടിക്കുപ്പി എടുത്ത്‌ എസ്‌ ഐ തുറന്നു. ഇടതുകയ്യിലേക്ക്‌ കുടഞ്ഞു, വലതുകൈവിരലില്‍ അതെല്ലാം ചേര്‍ത്ത്‌ പിടിച്ച്‌ മൂക്കിലേക്ക്‌ തിരുകി.
ഉണര്‍ന്നു വന്ന ഒരു തുമ്മല്‍ ആസ്വദിച്ചടക്കി. ഗോപാലപിള്ളയെ നോക്കി.

"ഡാ നെനക്കറിയുമോ, കഷ്ടപ്പെട്ട്‌ പഠിച്ച്‌ ഞാന്‍ ഹിസ്റ്ററി എം എ എടുത്തു. കുത്തിയിരുന്നു പഠിച്ച്‌ പി എസ്‌ സി ടെസ്റ്റ്‌ എഴുതി ആദ്യം PWD ക്ലാര്‍ക്ക്‌ ആയി. അവിടെ ഇരുന്ന് ടെസ്റ്റ്‌ എഴുതി പോലീസിക്കേറി. സബ്‌ ഇന്‍സ്പെക്റ്റര്‍ വരെയായി ഉടനെ സി ഐ ആകും.
ആ എന്നെ ഇവിടെയുള്ള നായിന്റെ മോന്‍മാര്‍ വിളിക്കിനത്‌ "മാടന്‍" എന്നാണ്‌.
എട്ടാം ക്ലാസും ഗുസ്തിയും കഴിഞ്ഞു തൂത്തുവാരി നടക്കണ നിന്നെ "ഓവര്‍സിയറേ" എന്നു വിളിച്ചപ്പം നിനക്കു വലിയ നാണക്കേടാണല്ലേടാ" മാടന്‍ എസ്‌ ഐ അലറി
"എറങ്ങിപ്പോടാ വെളിയില്‍. അവന്റെ ഒരു ആവര്‍സിയര്‍!"


ഈ സംഭവത്തിന്റെ ത്രെഡ്‌ പറഞ്ഞ ഹരിക്ക്‌ നന്ദി.

20 comments:

Kuttyedathi said...

ചിരിച്ചു മരിച്ചൂ കുമാര്‍. യെന്റമ്മച്ചിയേ.. വയറു കുലുങ്ങി കുലുങ്ങി ചിരിച്ചു.

ഏസ്‌ ഐ ടെ ഡയലോഗൊക്കെ നല്ല ലൈവായിട്ടു കേട്ടു, കണ്ടു. രസിച്ചു.. നന്നായിട്ടുണ്ട്‌.

ശനിയന്‍ \OvO/ Shaniyan said...

ഒരു ചെല്ലപ്പേരു വീണാല്‍ അതു ജീവിതകാലം മുഴുവന്‍ തലയിലാ.. ല്ലേ?

എന്തായാലും ഇതു കൊള്ളാം!! ജീവിതത്തില്‍ നിന്ന് വീണ്ടും ഏടുകള്‍..

Harikumar said...

എന്റെ പെരിയമ്മാ, എവന്‍ ഇതെന്തെരെക്ക എഴുതി വച്ചിരിയ്കിന്. ഞാനിത്തിപ്പൂലോല്ലേ പറഞ്ഞോള്ള്. എന്നാ ഇനി സിനിമയ്ക്‌ കാറില് പരസ്യം പറയണ് ആ ‘അണ്ണ’നെപ്പറ്റീം പറയാമ്പോവേണ്. എനിയ്ക്കും വയിയ്ക്കാല്ല്‌.

ദേവന്‍ said...

ഒരു പേരു വീണാ പോക്കാ അല്ലേ? (പ്ലാമൂട്ടില്‍ എന്ന വീട്ടുപേരു മാറാന്‍ മുറ്റത്തെ പ്ലാവു വെട്ടിയപ്പോ പ്ലാങ്കുറ്റി വീട്ടില്‍ എന്നും ആ കുറ്റിയും ആനയെക്കൊണ്ട് പിഴുതപ്പോള്‍ പ്ലാങ്കുഴി വീട്ടിലും ആയെന്ന് കേട്ടിട്ടുണ്ടേ).

കലക്കി കുമാറേ..അസ്സലായി

viswaprabha വിശ്വപ്രഭ said...

ഗൂഗിള്‍ എര്‍ത്തില്‍ തിരോന്തരം നഗരം, കൊച്ചി, നെടുമ്പാശ്ശേരി തുടങ്ങിയ സ്ഥലങ്ങളൊക്കെ ഇപ്പോ വളരെ നല്ല തെളിമയോടെ കാണാം!(since 2006 March 21)

ഇപ്പോഴും വേണ്ടത്ര ആയിട്ടില്ലെങ്കിലും, ബാക്കി പല സ്ഥലങ്ങളിലും മുമ്പത്തെക്കാളും തെളിച്ചം കൂടിയിട്ടുണ്ട്.

വിശാല മനസ്കന്‍ said...

കുമാറേ, ആവര്സിയര്‍ സൂപ്പര്‍. മാടന്‍ എസ്.ഐ.യെ വിവരിച്ചത് അതിഗംഭീരമായിട്ടുണ്ട്.

ഹരികുമാറിനും ഒരു സലാം.

സാക്ഷി said...

തകര്‍ത്തു കുമാര്‍ജി.
നെടുമങ്ങാടീയത്തിന്‍റെ ഏടുകളില്‍
പ്രതിഭയുടെ വിരല്‍പ്പാടുകളുണ്ട്
ഒരു ഗ്രാമത്തിന്‍റെ ഹൃദയതുടിപ്പുകളും.
കൂടുതല്‍ വിശേഷങ്ങള്‍ക്കായി
കാത്തിരിക്കുന്നു കുമാര്‍ജി.

കണ്ണൂസ്‌ said...

ഹായ്‌, ഹായ്‌.. രാവിലെ തന്നെ ആവര്‍സിയറെ വായിച്ചപ്പോ, വിശന്നിരിക്കുമ്പോ ഒരു പൂരിമസാല കഴിച്ച സന്തോഷം.

കാത്തിരിക്കുന്നു കുമാര്‍ഭായീ, കൂടുതല്‍ കഥകള്‍ക്കായി.

പെരിങ്ങോടന്‍ said...

ഹാഹാ മാടനും നെടുമങ്ങാടും അസ്സലായിരിക്കുന്നു.

അരവിന്ദ് :: aravind said...

ഹാ ഹാ ഹാ ഹാ..
ഉഗ്രന്‍ വിവരണം..നല്ല കഥയുള്ള കോമഡി. രസിച്ചു ചിരിച്ചു.
സത്യമായിട്ടും കുമാര്‍ജീ, ഒരു കോപ്പിറൈറ്റ് എടുക്കുന്നത് നല്ലതായിരിക്കും..ഇതൊക്കെ
നല്ല ഉഗ്രന്‍ നമ്പറുകളാ..മിമിക്സ്കാരെങ്ങാനും കണ്ടാല്‍ :-))

വക്കാരിമഷ്‌ടാ said...

ഉഗ്രന്‍, കുമാറേ... സീനുകള്‍ കണ്‍‌മുന്‍പില്‍ തെളിഞ്ഞുവരുന്നപോലത്തെ വിവരണം.. ത്രെഡ്ഡിനു ഹരികുമാറിനും വിവരണത്തിന് കുമാറിനും നന്ദി.

ചില നേരത്ത്.. said...

പ്രാദേശികതയുടെ ചരിത്രം മനോഹരമാകുന്നു..
കുമാര്‍ജീ..
നെടുമങ്ങാടും ചിരപരിചിതമാകുന്നു..
മാടന്മാര്‍ ഇനിയും കഥ പറയട്ടെ..

സസ്നേഹം

ഇബ്രു

കലേഷ്‌ കുമാര്‍ said...

അടിപൊളി!
സ്ലാംഗും കലക്കന്‍!
കുമാര്‍ ഭായ്, ഒരു മാടന്‍ എസ്സൈയ്യേ കുറിച്ച് ഞാനും കേട്ടിട്ടുണ്ട്! ആ‍ മാടനാണോ എന്തോ ഈ മാടനും!

ഉമേഷ്::Umesh said...

കൊള്ളാം, കുമാറേ!

Reshma said...

പാവം പാവം ആവര്‍സീയര്‍. പറഞ്ഞുവന്ന രീതി ഒരുപാടിഷ്ടായി.

സ്വാര്‍ത്ഥന്‍ said...

കലക്കുന്നുണ്ട് നെടുമങ്ങാടീയരേ,
കൊടകരക്കൊപ്പം നെടുമങ്ങാടും മനസ്സില്‍ സ്ഥാനം പിടിച്ചു തുടങ്ങി :)

യാത്രാമൊഴി said...

കഥ കൊള്ളാം കുമാറേ..

സന്തോഷ് said...

എത്താന്‍ വൈകി, കുമാര്‍ജീ. രസിച്ചു:)

സസ്നേഹം,
സന്തോഷ്

Anonymous said...

എന്റമ്മേ അവസാനം അറ്യാതെ ചിരിച്ചുപോയി. ഇതൊക്കെ എങനെ ഒക്കുന്നു ആശാനെ ഒരു സിനിമ പോലെ? ഭാഷയിലാണ് ബലം. അനുകരിക്കാന്‍ തോന്നുന്ന സംസാരം. വെറുതെയല്ല സിനിമക്കാര്‍ ഇപ്പോള്‍ ഈ ഭാഷയുടെ പുറകെ പോകുന്നത്.
ഇനിയും വായിക്കാനുണ്ട്.

കാണാം. വരാം.
രമേഷ്

Anonymous said...

എന്റമ്മേ അവസാനം അറ്യാതെ ചിരിച്ചുപോയി. ഇതൊക്കെ എങനെ ഒക്കുന്നു ആശാനെ ഒരു സിനിമ പോലെ? ഭാഷയിലാണ് ബലം. അനുകരിക്കാന്‍ തോന്നുന്ന സംസാരം. വെറുതെയല്ല സിനിമക്കാര്‍ ഇപ്പോള്‍ ഈ ഭാഷയുടെ പുറകെ പോകുന്നത്.
ഇനിയും വായിക്കാനുണ്ട്.

കാണാം. വരാം.
രമേഷ്