Monday, May 29, 2006

തിരിച്ചടിയുടെ "അണ്ണന്‍ സ്റ്റ്‌റാറ്റജി"

"ടേയ്‌ ഇത്തിരി അച്ചാറും കൂടെ കൊണ്ടുവരീം ചെല്ലാ"

ഓര്‍ഡറും എടുത്ത്‌ വെയ്റ്റര്‍ തിരിച്ചുപോകാനൊരുങ്ങുമ്പോള്‍ എന്തോ ഓര്‍ത്തിട്ടെന്ന പോലെ ഗോപാലകിഷയണ്ണന്‍ പറഞ്ഞു.
ആദ്യ പെഗ്‌ അടിക്കുമ്പോള്‍ അതിനു വാലായ്‌ തൊട്ടുതേയ്ക്കുന്ന അച്ചാറിന്റെ എരിവ്‌ അയാളുടെ മനോമുകുളങ്ങളില്‍ ഒരുനിമിഷം കൊതിയായ്‌ നിറഞ്ഞു.

"അപ്പഴ്‌, ടേയ്‌ പിള്ളരെ നമ്മള്‌ പറഞ്ഞുവന്ന കാര്യം എന്തരായിരിന്ന്?"

"കോവാലേഷണ്ണാ, നമ്മള്‌ തിരിച്ചടിക്കന കാര്യമാണ്‌ പറഞ്ഞോണ്ടിരിന്നത്‌. വെളപ്പെറത്തെ മോഹനനെ തിരിച്ച്‌ അടിക്കനകാര്യം." തിരിച്ചടിയുടെ സ്പിരിറ്റ്‌ ഉള്‍ക്കൊണ്ട്‌ പപ്പന്‍ പറഞ്ഞു.
വാചകത്തില്‍ തിരിച്ചടിയുടെ വിഷയത്തിലേക്ക്‌ എത്തിയപ്പോള്‍ത്തന്നെ ഓര്‍ഡര്‍ എടുക്കാന്‍ വെയ്റ്റര്‍ വന്നതു തന്നെ മദ്യപാനിയല്ലാത്ത പപ്പനു തീരെ ഇഷ്ടമായില്ല. വറുത്തതും കരിച്ചതും മനുഷ്യനെ കൊണ്ട്‌ തീറ്റിക്കുന്നത്‌ മദ്യമാണ്‌ എന്ന ഒരു ശക്തമായ ധാരണയാണ്‌ പപ്പന്‌. പപ്പന്റെ ചോരയില്‍ അലിയാതെ കിടക്കുന്ന അല്‍പ്പം കൊളസ്റ്റ്രോള്‍ആണ്‌ ഈ ധാരണകള്‍ക്കൊക്കെ കാരണം.


"അപ്പഴ്‌ തിരിച്ചടിക്ക്‍ന കാര്യം." ഗോപാലകിഷയണ്ണന്‍ തുടര്‍ന്നു. "ടേയ്‌ പിള്ളരെ നമ്മള്‌ ഇങ്ങനെ ഒതുങ്ങിയിരിക്കുംത്വോറും അവന്മാരു പയലുകള്‌ നമ്മളെ മേലേ ക്യാറിയിരുന്നു നെരങ്ങും. കാര്യങ്ങളെ പോക്ക്‌ ഇങ്ങനെയാണങ്കി നമ്മള പാര്‍ട്ടി ഒരു പുല്ലും അവൂലടെ ഇവടെ. അതുവൊണ്ട്‌ തിരിച്ചടിക്കിനം"

"ഈ തിരിച്ചടിക്ക്‍ണം തിരിച്ചടിക്ക്‍ണം എന്ന് പറഞ്ഞോണ്ടിരിക്കാതെ എങ്ങനെ അടിക്ക്‍ണം എന്ന് അണ്ണന്‍ പറ. ഈ കാര്യത്തില്‌ വൊരു തീരുമാനമായിറ്റ്‌ വേണം എനിക്കിപ്പം രണ്ടെണ്ണം അടിക്കാന്‍" സഹിച്ചിരുന്ന ദീപു തുറന്നടിച്ചു.

"ഒരു പൊടിക്ക്‌ അടങ്ങെടെ ദീവൂ. അപ്പഴ്‌ നമ്മള്‌ പറഞ്ഞുവന്ന കാര്യം...."

ഗോപാലകിഷയണ്ണന്‍ തുടര്‍ന്നു. കറകളഞ്ഞ ഒരു ഡെഡിക്കേറ്റട്‌ രാഷ്ടീയക്കാരന്‍ അല്ലെങ്കിലും അങ്ങനെ ഒരാള്‍ക്കുവേണ്ട എല്ലാ സ്പിരിറ്റും ഗോപാലകിഷയണ്ണനുണ്ട്‌. ഗോപാല കിഷയണ്ണന്‍ സെക്രട്ടറിയേറ്റിലെ ജോലിക്കാരനാണ്‌. രാഷ്ട്രീയം ഒരു ഹരവും. തിരഞ്ഞെടുപ്പ്‌ മുന്നിലെത്തുമ്പോള്‍ അത്‌ ഒന്നുകൂടി മൂക്കും.
ഇനി വിഷയത്തിലേക്ക്‌. ഇലക്ഷനുമായി ബന്ധപ്പെട്ട്‌ ഒരു പോസ്റ്റര്‍ ഒട്ടിക്കുന്ന പ്രശ്നത്തില്‍ ഗോപാലകിഷയണ്ണന്റെ മരുമകനു തല്ലുകിട്ടി. അതിനു എങ്ങനെ തിരിച്ചടിക്കും എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയാണ്‌ ഇവിടെ ഞങ്ങളുടെ ആസ്ഥാന ബാര്‍ ആയ സഫാരിയില്‍ നടക്കുന്നത്‌. മേശമേല്‍ നിരക്കാന്‍ പോകുന്ന ബ്രാണ്ടിയുടെ കൊതിപ്പിക്കുന്ന കത്തല്‍ ചര്‍ച്ചയെ ചൂടായി മുന്നോട്ട്‌ കൊണ്ട്‌ പോയി. വെയ്റ്റര്‍ ഗ്ലാസുകളും കുറേ സോഡയും കൊണ്ടുവന്നു മേശമേല്‍ ഇടിച്ചുവച്ചിട്ടു പോയി.


"ഞായ്‌ പറയാം വൊരു വഴി."

ഗോപലകിഷയണ്ണന്‍ മേശമേല്‍ അടിച്ച്‌ ഉറക്കെ പറഞ്ഞു. അവിടെയിരുന്ന സോഡാക്കുപ്പികള്‍ വിറച്ചു. അടുത്ത ടേബിളില്‍ ഇരുന്നവരൊക്കെ ഇവനിതാരെടാ വെള്ളം അടിക്കും മുന്‍പു ഫിറ്റായവന്‍ എന്ന അര്‍ഥത്തില്‍ തിരിഞ്ഞുനോക്കി.
കൂടിയാലോചനയില്‍ ഒപ്പമുണ്ടായിരുന്നവന്‍ ആകാംഷയോടെ ഗോപാലകിഷയണ്ണനെ നോക്കി.
കാര്യത്തിന്റെ ഗൌരവം മനസിലാക്കിക്കൊടുക്കാന്‍ ഒരു നിമിഷം ആ മഹാനുഭാവന്‍ അനന്തതയില്‍ നോക്കിയിരുന്നു.

വെയ്റ്റര്‍ അച്ചാറും ബ്രാണ്ടിയും കൊണ്ടുമേശപ്പുറത്ത്‌ വച്ചിട്ടു പോയി. ഗോപാലകിഷയണ്ണന്‍ സിനിമയില്‍ സി. ഐ. ഡിമാര്‍ പ്ലാന്‍ ചെയ്യുംപോലെ തല ചെറുതായി കുനിച്ച്‌ ശംബ്ദം താഴ്ത്തിപ്പറഞ്ഞു.
"ടേയ്‌ ലവയ്‌ യെന്നും ഉച്ചയ്ക്ക്‌ പപ്പനാവഅണ്ണന്റെ കടയില്‌ ഉണ്ണാന്‍ വരും എന്നാണ്‌ അറിഞ്ഞത്‌. അതിന്റെ താഴെമുക്കില്‌ നാലുവഴിക്കും കൂടി നമുക്കവനെ പൂട്ടണം. എന്നിട്ട്‌ അവിടെ ഇട്ടു കൊടുക്കാം അടി" ഗോപാലകിഷയണ്ണന്‍ ആക്രമണത്തിന്റെ സ്റ്റ്രാറ്റജി വ്യക്തമാക്കിതുടങ്ങി

"അതുകൊണ്ട്‌ പപ്പാ, നീയും ശശിയും മൊരളീം കൂടെ ബാങ്ക്‌ മുക്കീന്ന് വരണം, വന്ന് ആ തേരി ക്യാറി നില്‍ക്കണം. നിങ്ങള്‌ മൂന്നുവര്‌ സ്കൂളിന്റെ താഴേന്ന് വരണം. സെല്‍വനും, ദീവുവും, സതീശനും കൂടെ ബസ്റ്റാന്റീന്ന് വരണം. രായപ്പനും, കരീമും, ഗുണ്ട്‌ രായനും കൂടെ പോസ്റ്റാപ്പീസിന്റെ അവിടന്നും വരണം.

പിടി കിട്ടിയാ?" ഒരു ചാണക്യചിരിയോടെ ഗോപാലകിഷയണ്ണന്‍ പറഞ്ഞവസാനിപ്പിച്ചു.


"അപ്പഴ്‌ അണ്ണനാ? അണ്ണയ്‌ എവിട്‌ന്ന് വരും?" സംശയത്തോടെ ദീപു ഗോപാലകിഷയണ്ണനോട്‌ ചോദിച്ചു.


ചൂണ്ട്‌ വിരല്‍ അച്ചാറില്‍ മുക്കി നാവില്‍ തേച്ച്‌ നാവ്‌ വച്ചൊരു ശബ്ദം പുറപ്പെടുവിച്ച്‌ അതിന്റെ അനുബന്ധ പ്രക്രിയയായ വായു അകത്തേയ്ക്ക്‌ വലിച്ചുകയറ്റലും കഴിഞ്ഞ്‌ ഇടതു കൈകൊണ്ട്‌ ദീപുവിന്റെ ചെവിയില്‍ സ്നേഹത്തോടെ നുള്ളി ഒന്നു കൊഞ്ചിക്കൊണ്ട്‌ ഗോപാലകിഷയണ്ണന്‍ മൊഴിഞ്ഞു

"അയ്യൊ, അണ്ണന്‌ നാളെ അപ്പീസില്‌ പോവാനുള്ളതല്ലീ.."

----------------------------------------------------------- ---------------

ആദ്യപിന്മൊഴികള്‍:
----------------------------------------------------------------------- -

ഹാഹാ ഇക്കഥ രസിച്ചു. ഈ തിരോന്തോരംകാര്‌ടെ ഓരോ കാര്യങ്ങളേ ;)
--
Posted by പെരിങ്ങോടന്‍ to നെടുമങ്ങാടീയം at 5/29/2006 12:03:13 AM
--------------------------------------
ഗോപാലകിഷയണ്ണന്‍ പുലിയാണ് കേട്ടാ.

കുമാറേട്ടാ, കഥ കലക്കി. നര്‍മ്മ അസ്സലായി കൈകാര്യം ചെയ്യാന്‍ അറിയാമല്ലേ. വിവരണം കലക്കിപ്പൊളിച്ചു.
--
Posted by ശ്രീജിത്ത്‌ കെ to നെടുമങ്ങാടീയം at 5/29/2006 12:05:27 AM
-------------------------------------
അണ്ണനാള് കൊള്ളാലോ..!
ഹഹ..മുടുക്കന്‍.

കലക്കന്‍ വിവരണം. നമിച്ചു മാഷെ.
കുമാറിന്റെ ഫോട്ടോകള്‍ പോലെയൊരു പെര്‍ഫെക്ട്നെസ്സ് ഫീല്‍ ചെയ്തു. അടിപൊളി പോസ്റ്റ്.
--
Posted by വിശാല മനസ്കൻ to നെടുമങ്ങാടീയം at 5/29/2006 12:14:05 AM
-----------------------------------------
ഹി ഹി..:-))
നന്നായി കുമാര്‍ജീ..രസകരം. :-))
ഒരോര്‍മ്മ ഓടി വരുന്നു. സമയം കിട്ടുമ്പോള്‍ എഴുതാം. :-)
--
Posted by അരവിന്ദ് :: aravind to നെടുമങ്ങാടീയം at 5/29/2006 12:16:09 AM
---------------------------------------
കുമാറേ, അണ്ണന്റെ കാര്യമൊക്കെ ഉഷാറായി. പക്ഷെ എന്തെങ്കിലും കാര്യം വരുമ്പോള്‍ ആ സ്വഭാവം അനുകരിച്ച് തടിതപ്പല്ലേ.
കണ്ണൂസ് പ്രത്യക്ഷപ്പെട്ടു :)
--
Posted by സു Su to നെടുമങ്ങാടീയം at 5/29/2006 12:17:51 AM
-------------------------------------
കുമാറേ,
നന്നായിട്ടുണ്ട്, കേട്ടോ..!!
Posted by evuraan to നെടുമങ്ങാടീയം at 5/29/2006 12:10:13 AM
-------------------------------------
യെന്തരു സ്റ്റോറികള് അണ്ണാ... ഞെരിപ്പുകളു തെന്നെ കെട്ടാ...
--
Posted by Adithyan to നെടുമങ്ങാടീയം at 5/29/2006 12:18:23 AM
--------------------------------------
കുമാറെ ഒരു തിരക്കഥ വായിച്ച പോലെ. ഒരു കൈ നോക്കിക്കൂടേ?
--
Posted by അതുല്യ :: atulya to നെടുമങ്ങാടീയം at 5/29/2006 12:22:35 AM
--------------------------------
കുമാറ്ജീ
വളരെ നന്നായിരിക്കുന്നു.
നല്ല പെര്‍ഫെക്ഷന്‍ ആയിട്ടാണ് എഴുതിയിരിക്കുന്നത്. അഭിനന്ദനങ്ങള്‍!!!
--
Posted by ചില നേരത്ത്.. to നെടുമങ്ങാടീയം at 5/29/2006 12:30:13 AM
-----------------------------------------
വരണ്ടുകിടക്കുന്ന നെടുമങ്ങാടീയത്തില്‍ മഴപെയ്യുന്നതും കാത്തിരിക്ക്യാരുന്നു ഞാന്‍. നല്ല ഞെരിപ്പന്‍ മഴ.
ആഹാ ആ പുതുമണ്ണിന്‍റെ മണം വീണ്ടും.
അപ്പോള്‍ നമുക്കിതെല്ലാം കൂടി ഒരു പുത്തകമാക്കേണ്ടേ?
--
Posted by സാക്ഷി to നെടുമങ്ങാടീയം at 5/29/2006 01:03:19 AM
------------------------------
കോവാലേഷണ്ണന്‍ ആള് പയിങ്കരനാണല്ല്.

ഓ.ടോ:
സു പറയിനത് മറ്റേ പോസ്റ്റ് കള്ളനെ അടിക്കിന കാര്യവല്ലീ? അതിന് മിയ്ക്കവാറും ഒരുവാട് കോവാലകിഷമ്മാരെ കിട്ടും.:)
--
Posted by അനില്‍ :‌Anil to നെടുമങ്ങാടീയം at 5/29/2006 01:38:03 AM
---------------------------
ഇപ്പോഴാണ്‌ വായിച്ചത്‌. തന്നെ തന്നെ, ഒരു ലേഡീ കോവാലകിഷന്‍ ആണ്‌ ഞാന്‍. :)( അയ്യോ എന്നു വച്ചു അടി കൂടിക്കാനും പ്ലാനൊന്നും ഇടില്ലാട്ടോ)
--
Posted by ബിന്ദു to നെടുമങ്ങാടീയം at 5/29/2006 09:12:59 AM
-----------------------------------

31 comments:

രാജ് said...

ഇവിടുത്തെ കമന്റൊക്കെ എവിടെ???

അവസാന വരിവായിച്ചു ഒന്നൂടെ ചിരിച്ചു.

ശനിയന്‍ \OvO/ Shaniyan said...

ഹാഹാ! നല്ല സ്ട്രാറ്റജി! കുരങ്ങിനേക്കൊണ്ട് എന്തോ മാന്തിക്ക്യാ എന്നു കേട്ടിട്ടുണ്ട്.. ഇതത് തന്നേ?

കൊള്ളാം കുമാര്‍ജീ..

reshma said...

പോകാന്‍ പാടില്ലാത്തിടത്ത് കേറിചെല്ലുന്ന ത്രില്ലോടെ ഇത് വായിച്ച് രസിച്ചു:) ഈ തിരോന്തോരം ഭാഷയും, കൊടകര ഡയലോഗ്സും എല്ലാം കേട്ട് ഞാന്‍ കോഴിക്കോടന്‍ മറന്ന് തൊടങ്ങ്യോന്ന്...

Kumar Neelakandan © (Kumar NM) said...

എഡിറ്റ് ചെയ്തും പുതിയ പരീക്ഷണങ്ങള്‍ നടത്തിയും കമന്റുകള്‍ മാഞ്ഞുപോയി. :(
സാര്‍മില്ല, ഓരോന്നു പഠിക്കുമ്പോള്‍ ചിലതൊക്കെ നഷ്ടപ്പെടും. അങ്ങനെ കൂട്ടിയാല്‍ മതി. ഇതു രണ്ടാം തവണയാണ് എഡിറ്റ് ചെയ്ത് റീ പോസ്റ്റു ചെയ്യുമ്പോള്‍ കമന്റുനഷ്ടപ്പെടണേ.ഇനി ഉണ്ടാകില്ല എന്നു ആഴത്തില്‍ ആഴത്തില്‍ അടിച്ചു പറയുന്നു.

ആദ്യം കമന്റുവച്ച എല്ലാവര്‍ക്കും ഭീമന്‍ നന്ദി.
അവസാനത്തെ വരിവായിക്കാന്‍ വീണ്ടും വന്ന പെരിങ്ങോടന് നന്ദന്ദി.(ഉമേഷേ, ഇത് എന്റെ ഫാക്ടറിയില്‍ മുളപ്പിച്ച വാക്കാണ്. ഉമേഷേ തിരുത്തന്‍ വരരുത് )

myexperimentsandme said...

അതുകൊണ്ടല്ലേ, ഞാന്‍ കുറച്ച് വെയിറ്റു ചെയ്യാമെന്നു വെച്ചത് :) (അതുകൊണ്ടൊന്നുമല്ല കേട്ടോ, മടിയുടെ ഫലം എന്തോ ആണെന്ന് ആരോ പറഞ്ഞപോലെ മടിപിടിച്ചിരുന്നിരുന്ന് ഇപ്പോ ആകപ്പാടെ കട്ട് പൊഹ് (കഃട് ദേവേട്ടന്‍).

കുമാര്‍ജീ, ഫസ്റ്റ് ക്ലാസ്സ് കേട്ടോ. ശരിക്കും കണ്‍‌മുന്‍പില്‍ കാണുന്നതുപോലെ വായിച്ചു. തികച്ചും വേറിട്ട രീതിയിലുള്ള അവതരണം. വളരെ വളരെ ഇഷ്ടപ്പെട്ടു.

ദേവന്‍ said...

അണ്ണന്‍ ഇപ്പം എന്തരു ചെയ്യണത്‌? ഒരു മന്ത്രിയാകാനെക്കൊണ്ടൊള്ള യോഗ്യതകള്‌ ഒണ്ടല്ലപ്പീ.

വഴയിലേല്‍ നമ്മടെ വീടുകള്‌ പണിതീര്‍ന്നു വരുന്നു ചെല്ലാ, യെവരെയെല്ലാം ഒന്നു പരിചയപ്പെടാനെക്കൊണ്ട്‌ വരണോണ്ട്‌!്.

Anonymous said...

ഈ പോസ്റ്റും ഇപ്പോഴത്തെ പോസ്റ്റ് മോഷണവും അതിന്റെ പിന്നില്‍ നടക്കുന്ന അലോചനകളും തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടോ? അതിനെയല്ലേ വിഷയമാക്കി കുമാര്‍ജി ഈ പോസ്റ്റ് എഴുതിയിര്‍ക്കുന്നത്? ഗോപാലകൃഷ്ണ അണ്ണന്‍ അതില്‍ നിന്നുമുള്ള പ്രചോദനം അല്ലെ?
ഒരു പാവം അനോണി.

Kumar Neelakandan © (Kumar NM) said...

എന്റെ പ്രിയ അനോണിക്കുട്ടീ,
ഈ പോസ്റ്റ് കുറച്ചുനാളായി ഡ്രാഫ്റ്റ് ആയിട്ട് ഇരിക്കുന്നതാണ്. അതിലുപരി, ഒരു അനോണിക്കുഞ്ഞിന്റെ മുന്നില്‍ തെളിയിക്കാനുള്ളതല്ല എന്റെ വിഷയങ്ങള്‍.

ഈ പോസ്റ്റ് എഴുതിയ എനിക്കിതുവരെ തോന്നിയില്ല ആ വിഷയവും ഈ പോസ്റ്റും തമ്മില്‍ അങ്ങനെയൊക്കെ ബന്ധിപ്പിക്കാം എന്നു. എന്തുകൊണ്ടാ അനോണിക്കുഞ്ഞിനു ഇങ്ങനെ തോന്നിയത്? അതൊന്നു പറഞ്ഞുതരുമോ?

എന്തായാലും ആ മോഷണ വിഷയ അഭിപ്രായ സമന്വയങ്ങളില്‍‍ ആഴത്തില്‍ ഇന്‍‌വോള്‍ഡ് ആയിട്ടുള്ള ആളാണ് ഈ അനോണി എന്ന് മനസിലാക്കാന്‍ എനിക്ക് അധികം സി ഐ ഡി തല ഉപയോഗിക്കേണ്ട കാര്യമില്ല.

ബിന്ദു said...

കുമാര്‍..(ജി എന്നു ചേര്‍ത്താല്‍ ..) ഞാന്‍ മുന്‍പെഴുതിയതായിരുന്നു, പെരും മഴയത്തു ഒലിച്ചു പോയി. :)
ഊണിനു മുന്നില്‍, പടയ്ക്കു പിന്നില്‍ എന്ന തത്വപ്രകാരം ഞാന്‍ കൊവാലകിഷണ്ണനെ ഫുള്‍ സപ്പോര്‍ട്ട്‌ ചെയ്യുന്നു.

evuraan said...

ഞാന്‍ നേരത്തേയിട്ട കമന്റുകളോ പോയി. ഇനീപ്പോ രണ്ടാമതും എഴുതണമെന്ന് വെച്ചാലതിന് കൂലി വേണം.

ലോഗോ.. ലോഗോ...

ഹിന്റ്.. ഹിന്റ്.. :)

നന്നായിട്ടുണ്ട് കുമാറേ, ഉഗ്രന്‍.

reshma said...

കമന്റെഴുത്തിന് കൂലി തരുമെങ്കില്‍ ഞാന്‍ ഭാഷാ/വിഷയ/ദേദമന്യേ കമന്റെഴുതി തരുന്നതാണ്. 5 കമന്റ് ഒന്നിച്ചെടുത്താല്‍ രണ്ട് കുത്തും അരബ്രാക്കറ്റും ഫ്രീ.ഉള്ള ജ്വാലി പോയികിട്ടി, ഇനി ഇതൊക്കെ വഴി. അപ്പോ ശരി കുമാറ് ഇനിഷ്യല്‍ അല്ലാത്ത ജി.

Kumar Neelakandan © (Kumar NM) said...

ഏവൂരാനെ, എല്ലാ കമന്റ്റുകളും ഇവിടെ ഒട്ടിച്ചുവചു, പോസ്റ്റിനു വാലായിട്ടു തന്നെ.
(ഹിന്റ് മനസിലായി. ഈ വീക്കില്‍ തന്നെ നിങ്ങള്‍ക്ക് മെയിലില്‍ അതു കിട്ടും)
രേഷ്മാ,ഇപ്പോള്‍ ചെയ്യുന്ന പണി തന്നെ ചെയ്തോളൂ, കമന്റെഴുതാന്‍ ഉള്ള വേക്കന്‍സി റദ്ദാക്കി.

Kuttyedathi said...

നന്നായിരിക്കുന്നു, കുമാര്‍. (ജി എന്ന വാലു വെട്ടി റ്റ്രാഷില്‍ എറിഞ്ഞു:) യെനിക്കീ നെടുമങ്ങാടു ഭാഷ ഭയങ്കര ഇഷ്ടാണുട്ടോ. പറയണ അതേ സ്റ്റയിലില്‍ അതെഴുതി പിടിപ്പിക്കണതപാര കഴിവു തന്നെ. ആ ഭാഷയുടെ ഒരു രസത്തിനു വേണ്ടി മാത്രം ഞാന്‍ പിന്നേം പിന്നേം വായിച്ചു. രായമാണിക്യം ആണെന്നു തോന്നുന്നു, ഭാഷക്കു പെട്ടെന്നൊരു പോപ്പുലാരിറ്റി കൊടുത്തത്‌.

Unknown said...

യെനിക്കും നാളെ ആപ്പീസിലു പോവേണ്ടതാണു കേട്ടാ.. എന്തെരായാലും ഗോപാലകിഷയണ്ണന്റെ സ്ട്രാറ്റജികളു വായിച്ചിട്ടു തന്നെ പോവണത്. ഒരേ ഞെരിപ്പു തന്നണ്ണാ..

സ്നേഹിതന്‍ said...

ഗോപാലകിഷയണ്ണനെ എനിയ്ക്ക് ഇന്റ്രൊ ചെയ്തത് വക്കാരിയാണ് കേട്ടാ. ചെവിയ്ക്ക് പിടിച്ച് വാത്സല്യത്തോടെയുള്ള അണ്ണന്റെ ആ ഡയലോഗ് ശരിയ്ക്കും ഷ്ട്ടായീട്ടാ! ഷാപ്പിലെ സീനുകളും.

Kumar Neelakandan © (Kumar NM) said...

അയ്യയ്യോ, ഷാപ്പല്ല. ബാറാണ്. ഞങ്ങളുടെ നാടിന്റെ ആശയും ആവേശവും വശ്യസുന്ദരവുമായ ഏക ബാര്‍, സഫാരി. (ഇപ്പോള്‍ അതിന്റെ ഒരു കൂടിയ വെര്‍ഷന്‍ സൂര്യ എന്ന പേരില്‍ ഏ സി ഒക്കെ ചെയ്തു മറ്റൊരിടത്തായുണ്ട്.)

നെടുമങ്ങാടിന്റെ ഭൂപടത്തില്‍ ഇപ്പോള്‍ അറിയപ്പെടുന്ന ഷാപ്പുകള്‍ ഇല്ല. ചാരായ നിരോധനവും, മദ്യദുരന്തങ്ങളും അവയൊക്കെ മായ്ച്ചുകളഞ്ഞു.
അല്ലെങ്കില്‍ നല്ല കപ്പയും മീന്‍‍കറിയും കിട്ടുന്ന ഷാപ്പുകള്‍ കൊല്ലങ്കാവിലും പുത്തന്‍പാലത്തും ഉണ്ടായിരുന്നു. എങ്കിലും ആരും കള്ളുകുടിക്കില്ലായിരുന്നു. ‘മില്ലി’ എന്ന ഓമനപേരില്‍ അറിയപ്പെടുന്ന ചാരായമായിരുന്നു അന്നത്തെ കുടിയന്മാരുടെ മിത്രം. ഇപ്പോള്‍ അതും പോയി. ഇന്നു കിട്ടുന്ന ‘കലക്കും കാലാപാനിയും’ കുടിച്ച് പഴകുറ്റിയിലും സത്രം മുക്കിലും ഇരുന്നു പഴയകാല കുടിയന്മാര്‍ പഴയ ചാരായ ഓര്‍മ്മകള്‍ അയവിറക്കാറുണ്ട്. ഉള്ളില്‍ തേങ്ങാറുണ്ട്.
(ഇതൊരു പോസ്റ്റല്ല, മറുകമന്റാണ്)

ദേവന്‍ said...

സിറ്റിയില്‍ ഓവര്‍ ബ്രിഡ്ജിലെ സഫാരിയും ഈ ബാറുകാരുടേയാണോ കുമാറേ? തിരുവന്തോരം റ്റച്ച്‌ ഉള്ള ഊണുകളില്‍ എറ്റവും നല്ലതു കിട്ടുന്ന സ്ഥലങ്ങളില്‍ ഒന്നാണേ ആ സഫാരി. അല്ലേ?

Kumar Neelakandan © (Kumar NM) said...

തന്നെ. തന്നെ. അമ്മച്ചിയാണെ തന്നെ. ആ സഫാരിയുടെ സഫാരി തന്നെ ഈ സഫാരി. രണ്ടും പിന്നെ സൌത്ത് പാര്‍ക്കും അങ്ങനെ ചിലതും പിന്നെ ഞങ്ങളുടെ നാട്ടിലെ സൂര്യ എന്ന ഒരു 2? 3? സ്റ്റാര്‍ ഹോട്ടലും ഞങ്ങളുടെ നാട്ടുകാരന്‍ ദാസ് മുതലാളിയുടേത് തന്നെ.

നെടുമങ്ങാട് സഫാരിയിലെ ഊണും ഒരു സുഖകരമായ ഓര്‍മ്മതന്നെ. (ഉച്ചനേരത്ത് വെറുതെ കൊതിപ്പിച്ചു)
തിരുവന്തരത്തെ സഫാരിയില്‍ ചെറുതായി വക്കു പൊട്ടുന്ന പാത്രങ്ങളൊക്കെ പണ്ട് ഈ സഫാരിയില്‍ കാണാമായിരുന്നു.

Vempally|വെമ്പള്ളി said...

കുമാറെ, താങ്കളുടെ ഫോട്ടൊയും കഥേം ആര്‍ട്ട് വര്‍ക്കും എല്ലാം സൂപ്പറ്.

പണ്ട് പാടിയിരുന്ന “ദൈവമെ കൈതൊഴാം കെ.കുമാറാക്കണെ” എന്നത് ജീ. കുമാറാക്കണെ എന്നു മാറ്റിപ്പാടാന് തോന്നുന്നു. കണ്‍ഗ്രാറ്റ്സ്.

myexperimentsandme said...

എനിക്ക് കലവറ ഇഷ്ടാ, രംഗോളി ഇഷ്ടാ, ആര്യനിവാസ് ഇഷ്ടാ, പിന്നെ കൊച്ചുള്ളൂരെ കുട്ടപ്പന്റെ തട്ടും ഇഷ്ടാ. അവിടുത്തെ രസവട കേമം...(കുമാറേ ക്ഷമി-തീറ്റക്കാര്യം വന്നപ്പോള്‍ കണ്ട്രോളു പോയി).

സ്നേഹിതന്‍ said...

കുമാര്‍ : ബാറിന്റെ 'സ്റ്റാന്‍ഡേര്‍ഡ്' കുറച്ച് ഷാപ്പാക്കിയതിന് സോറീട്ടാ. ഞാനത് ഔപചാരികമായി നാട നടുവില്‍ മുറിച്ച് വീണ്ടും ബാറാക്കീട്ടാ :)

aneel kumar said...

ആള്‍ക്കാര്‍ കാശുകൊണ്ട് ചാരായക്കടയില്‍ കളയുന്നൂന്നല്ലേ പരാതി? അതു നല്ലകാര്യത്തിനു വേണ്ടിയും ചെയ്യുന്നവരാ നെടുമങ്ങാട്ടുകാര്‍ ;)
സ്ഥാപനവും അക്കൂട്ടത്തിലുണ്ടേ.

കുറുമാന്‍ said...

നാട്ടിലെ ട്രാന്‍സ്പോര്‍ട്ട് ബസ്സിന്റെ കാര്യം പോലേയായി, ഈയിടേയായി എന്റെ കാര്യങ്ങള്‍.......എത്തേണ്ട സമയത്ത് ഒരിക്കലും എത്തില്ല. ഇപ്പോള്‍ തന്നെ കണ്ടില്ലെ, നെടുമന്ന്ങാടീയത്തി എത്തിയപ്പോള്‍ രണ്ട് ദിവസം ലേറ്റ്........ഇന്നാലെന്താ.......

ഗ്ലാസില്ലുള്ളതടിച്ചിട്ട്, ആ വായു ഉള്ളിലേക്ക് വലിക്കണത് വായിച്ചപ്പോ, വായില്‍ വെള്ളമൂറി:)

Anonymous said...

അണ്ണന്റെ സ്റ്റ്രട്ടജി അപാരം. രസകരമായി എഴുതിയിരിക്കുന്നു. 100 മാര്‍ക്ക്.

Santhosh said...

ഗോപാലകിഷയണ്ണന്‍ തകര്‍ത്തു!

മുല്ലപ്പൂ said...

വായിക്കാന്‍ ഒരു ഇമ്പം ഉണ്ടു...

കൊള്ളാം കുമാര്‍ജീ..

Kalesh Kumar said...

അടിപൊളി കുമാര്‍ ഭായ്!
സൂപ്പറായിട്ടുണ്ട്!

Anonymous said...

തകര്‍പ്പുകളാണല്ലോ! നാട്ടുകാരൊക്കെ അറിഞ്ഞിട്ടാണോ ഈ ഒറ്റിക്കൊടുക്കല്‍? ഇതൊക്കെ ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങള്‍ തന്നേ?
അല്ലെങ്കിലനിയാ അടിവരണ വഴി അറിയില്ല.

വാണി said...

കുമാര്‍ജീ.. രസികന്‍ എഴുത്ത്..

Sathees Makkoth | Asha Revamma said...

കുമാര്‍ജീ,
താങ്കളുടെ ചിത്രങ്ങള്‍ മാത്രമേ ഇതേവരെ കണ്ടിട്ടുള്ളു.താമസിച്ചാണങ്കിലും ഇതു വായിക്കാനവസരമുണ്ടായത് മഹാഭാഗ്യം.
എന്താ ഒരെഴുത്ത്!
വായന്‍ തുടങ്ങിയിട്ട് തീര്‍ന്നത് അറിഞ്ഞതേയില്ല.
സൂപ്പര്‍ബ്.

Gungho Monk said...

ithupole okke ethu police karanum....( mathrubhumi parasyathile )ezhutham...........pinne vere oru paniyum koodi illangil parayukayum venda..........Than aruva.....?
hahahahahahah