ബാബു!
അഥവാ ആട്ടോ ബാവു. തടിമില്ലിലെ പെട്ടി ആട്ടോ (ഓട്ടോ എന്നു നിങ്ങള്‍ പറഞ്ഞാല്‍ മതി) ഓടിക്കുന്നയാളാണ്.
സൌമ്യമായി ചിരിക്കുന്ന എണീറ്റ് നില്ക്കാന് ശേഷിയില്ലാത്ത സുമുഖനായ ചെറുപ്പക്കാരന്.
ഒരു കാലത്ത് അവിടം നടുക്കിയിരുന്ന ഗുണ്ട എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. പക്ഷേ ഇതുവരെ വിശ്വാസമായിട്ടില്ല. എങ്കിലും ബാബുവിന്റെ ധൈര്യവും തന്റേടവും ഒരുപാടുതവണ നേരില്‍ ഞാന്‍ കണ്ടിട്ടുണ്ട്. അവിടുത്തെ പ്രമുഖ ഗുണ്ടകളൊക്കെ ഇവനോട് മുട്ടില്ല എന്നും അറിയാം.
എന്റെ അമ്മാവപുത്രന്മാര്‍ ആ തടിമില്ലില്‍ പങ്കാളികള്‍ ആണ്. ഞാന്‍ അന്ന് തിരുവനന്തപുരത്ത് "ജ്വാലി" ചെയ്യുന്ന കാലം. നേരത്തെ ഓഫീസില്‍ നിന്നിറങ്ങാന്‍ കഴിഞ്ഞാല്‍ തടിമില്ലില്‍ തടിയുടെ പുറത്തിരുന്ന് അവര്‍ക്കൊപ്പം അല്‍പ്പം വായനോക്കും (ഹോ! ആലോചിച്ചിട്ട് വായില്‍ വെള്ളമൂറുന്നു).
അന്തക്കാലത്ത് ഒരു നാള്.
ബാബുവിന്റെ സംഘം (അവന്റെ ചേട്ടനടക്കം) കന്യാകുമാരിയില്‍ ഒരു അടിച്ചുപൊളിയാത്ര പോയി ഒരു വാനില്‍. ഇവിടം മുതലുള്ള ഷാപ്പുകളും ബാറുകളും ഔട്ട് ഓഫ് സ്റ്റോക്ക് ആക്കിക്കൊണ്ടുള്ള ഒരു ഒഴുക്ക്.
പിറ്റേന്നു വൈകുന്നേരത്ത് തിരിച്ചെത്തിയതും അടിച്ചു പൊളിഞ്ഞുതന്നെയാണ്.
കയ്യിലും കാലിലുമൊക്കെ ഒട്ടിപ്പും മുഖത്ത് കരുവാളിപ്പും മനസില്‍ പകയുമായി.
"എന്തര് പറയാനണ്ണാ, കിട്ടി, നന്നായിറ്റ് കിട്ടി. എല്ലാണ്ണോം വെള്ളങ്ങളായിരിന്ന്. പാണ്ടികളെല്ലാകൂടെ നമ്മളെ കാര്യമായിറ്റ് പൂശി. അടിച്ച് പൊളിക്കാന്‍ പോയ പോക്കായത് കൊണ്ട് നമ്മള 'റ്റൂള്‍സ്' ഒന്നും എടുത്തില്ലേരിന്ന്. എന്തിനണ്ണാ പറയണ ഒരു കെയിലാഞ്ചി (കത്തി) പോലും എടുത്തില്ലേരിന്ന്." ബാബു നിസ്സഹായതയോടെ പറഞ്ഞു.
"അമ്മച്ച്യാണ ഇത് തിരിച്ച് കൊട്ത്തിര്യ്ക്കും." ബാബുവിന്റെ ചേട്ടന്.
"ഇതു തിരിച്ച് കൊടുത്തില്ലങ്കി തള്ളേ എടാ ബാവു നമ്മളു ജീവിച്ചിര്ന്നിറ്റു കാര്യമൊണ്ടാ?"
ഒരാഴ്ച ബാബുവിനെ കണ്ടില്ല. ഓട്ടോ മാത്രം അനാഥനായി വട്ടവാളിന്റെ സ്വരം കേട്ട് പൊടിയും പിടിച്ചു കിടന്നു.
ശനിയാഴ്ച വൈകുന്നേരം തടിപ്പുറത്തിരിക്കുമ്പോള്‍ അവരെത്തി, അനിയനും ചേട്ടനും.
മുഖത്തെ കരിവാളിപ്പൊക്കെ പോയി. പകരം ദുബായ് ഓപ്പണില്‍ സാനിയ മിര്‍സയുടെ കളി മുന്‍നിരയില്‍ ഇരുന്നു കണ്ടിട്ടിറങ്ങുന്ന മറുനാടന്‍ മലയാളിയുടെ ഭാവമാണ്.
വന്നപാടെ തടിപ്പുറത്തേക്ക് വലിഞ്ഞുകയറി.
"കൊട്ത്ത്" ചേട്ടന് പറഞ്ഞു
"...?" എല്ലാവരും ആകാക്ഷയോടെ നോക്കി.
ബാക്കി കഥപറയണമെങ്കില്‍ കേള്‍ക്കാന്‍ ഇനിയും പ്രേക്ഷകര്‍ വേണം എന്നുള്ള ഭാവത്തില്‍ അവര്‍ ചുറ്റുപാടും നോക്കി. തടിപ്പണി കഴിഞ്ഞ സമയമായതുകൊണ്ട് ഒരോരുത്തരായി അവിടെ വന്നു തുടങ്ങി. അനിയനും ചേട്ടനും ആ സമൃദ്ധിയില്‍ ചാര്‍ജ്ജ് ആയി.
"മപ്പായിറ്റ് തിരിച്ച് കൊട്ത്ത്" ബാബു പറഞ്ഞു.
ഇടം കൈകൊണ്ട് ഉടുമുണ്ട് പൊക്കി വള്ളിനിക്കറിന്റെ പോക്കറ്റില്‍ നിന്നും ബീഡി എടുത്തുകൊണ്ട് വട്ടവാളിലെ അണ്ണാച്ചി പറഞ്ഞു : "ഉം കൊടുത്തി. എങ്കെയിട്ട് കൊടുത്തി?. സുമ്മാതാണ്ണ്‍?"
സര്‍വേക്കല്ലില്‍ ഓന്ത് ഇരിക്കുന്നപോലെ ആഞ്ഞിലി തുണ്ടിന്റെ മുകളിലിരുന്ന അണ്ണാച്ചിയെ നോക്കി ബാബു അലറി
"വാപ്പിളാട്ടാതെ മിണ്ടാതിരിന്ന് കേക്കീ അണ്ണാച്ചീ" പിന്നെ അവന് തുടര്‍ന്നു
"ഞങ്ങള്‍ ഒരാഴ്ചയായി തപ്പി നടക്കേരിന്ന്. സൌകര്യത്തിന് കൊറച്ച് തമിഴന്മാരെ. ഇന്ന് കിട്ടി. വാട്ടറ് വര്‍ക്ക്സിനെ കാമ്പൌണ്ടില് കൊറേ പാണ്ടിതമിഴന്മാര് പണി ചെയ്യേര്ന്ന്. പിന്നെ ഒന്നും നോക്കീല എട്ത്തിട്ടങ്ങ് ചാര്‍ത്തി. മപ്പായിറ്റ് ചാര്‍ത്തി."
"ഞായ് പിടിച്ചില്ലേരുന്നെങ്കീ യെവന് ഒരുത്തന്റെ തലമണ്ട അടിച്ചു പൊളിച്ചനെ" ചേട്ടന് അഭിമാനത്തോടെ പറഞ്ഞു.
"ഇപ്പം എന്തര് സുഖം. മനസ്സമാനം കിട്ടി. എത്തറ ദെവസമായിറ്റ് നടക്കേര്ന്ന്. അവന്മാരെ നാട്ടിലിട്ട് നമ്മക്കടി കിട്ടിയെങ്കി നമ്മളെ നാട്ടിലിട്ട് അവന്മാരക്കും കൊടുത്തു." ബാബു തടിയില്‍ നിന്നിറങ്ങി.
"അണ്ണാ ഒന്ന് മിസ്സിംഗ് ആവേണ് കേട്ടാ. ചെലപ്പം പേലകളു (പോലീസുകാര്‍) തപ്പി വരും.
തിരിച്ചടിച്ചതിന്റെ സന്തോഷത്തിലും സംതൃപ്തിയിലും അനിയനും ചേട്ടനും താഴേക്ക് നടന്നു.
സാമാന്യബുദ്ധിയെ മറയ്ക്കുന്ന ധൈര്യം അവന്മാരുടെ തലക്കുമുകളില്‍ ഒരു അലങ്കാരമായ് ഒപ്പം നടന്നു.
ഞങ്ങള്‍ പിറ്റേന്നത്തെ പത്രവും കാത്തിരുന്നു.
13 comments:
കുമാര്‍ ഭായ്, സൂപ്പര്‍!
പടമെടുപ്പു പോലെ എഴുത്തും ഫ്ലോ ലെസ്സ്!
കുമാറേ,
നന്നായിട്ട് എഴുതിയിരിക്കുന്നു.
കേമമായിട്ടുണ്ട്.
ഇന്നത്തെ ബ്ലോഗ് വായനയില്‍ രണ്ടാം തവണയാണ് സത്യന് അന്തിക്കാടിന്റെ "നരേന്ദ്രന് മകന് ജയകാന്തന്‍ വക" എന്ന ചിത്രം ഓര്‍മ്മ വരുന്നത്. ആദ്യം പ്രാപ്രയുടെ "ശാന്തം ഭീകരം. (http://prabeshp.blogspot.com/2006/03/blog-post.html വായിച്ചപ്പോള്‍ ബോംബ് ചാക്കില്‍ കെട്ടി നടന്ന അമ്മാവനെ ഓര്‍ത്തു. ഇപ്പോള്‍ കുമാര്‍ഭായിയുടെ ബാബുവിനെ കണ്ടപ്പോള്‍ " നീ മുല്ലപ്പെരിയാറില്‍ നിന്നും വെള്ളമെടുക്കും അല്ലേടാ തമിഴാ" എന്ന് ചോദിച്ച് പാര്‍ത്ഥിപനെ തല്ലാന്‍ പോയ ഇന്നച്ചനേയും ഓര്‍ത്തു.
വേറൊരാളെക്കൂടി ഓര്‍മ്മ വന്നു. ഹെല്‍സിങ്കിയില്‍, കമ്പനി ട്രെയിനിങ്ങിനിടയില്‍ നടന്ന പാര്‍ട്ടിയില്‍, അടിച്ചു ഫിറ്റായി ഞങ്ങളുടെ ചൈന കണ്ട്രി മാനേജരോട് " നീയെന്തിനാടാ തടിയാ അരുണാചല്‍ പ്രദേശില്‍ നുഴഞ്ഞു കയറിയത്" എന്നു ചോദിച്ച നായരേട്ടനെ
വായിച്ചു രസിച്ചു കുമാര്‍ജീ..:-))
എന്റെ വക ഇനി തന്നില്ലെന്നു വേണ്ട. സ്പാര്‍ക്കില്‍ സ്പാറിയതിനു ഒരു കംഗാരുറിലേഷന്സ്. :-)
സര്‍വേക്കല്ലില്‍ ഓന്ത് ഇരിക്കുന്നപോലെ ആഞ്ഞിലി തുണ്ടിന്റെ മുകളിലിരുന്ന അണ്ണാച്ചിയെ നോക്കി ബാബു അലറി
"വാപ്പിളാട്ടാതെ മിണ്ടാതിരിന്ന് കേക്കീ അണ്ണാച്ചീ“
ബാക്കി പോരട്ടെ..കുമാറേട്ടാ..
കോയമ്പത്തൂരു കാറ്റടിച്ച്, കുറ്റാലത്ത് വിളക്കണയ പോലെയുണ്ടല്ലോ കുമാറെ കഥ.
കുമാറേ.. നല്ല സുഖമുള്ള/രസമുള്ള വായന.. താങ്കളുടെ ചിത്രങ്ങൾ പോലെതന്നെ. താമരഹസ്സന്റെ സകലവാഴക്കുലവല്ലഭൻ എന്ന പടത്തിന്റെ പേരോർത്തു പോയി...
നെടുമങ്ങാടീയം എല്ലാം വായിക്കണം....
നാട്ടിൽ പോയപ്പോൾ താങ്കളുടെ ആപ്പീസിന്റെ കീഴേക്കൂടെ ഷട്ടിലടിച്ചിരുന്നു... ഒന്നു വിളിച്ചില്ലല്ലോ .....:)
ഓരോന്നു കഴിയുംതോറും കൂടുതല്‍ നന്നായി വരുന്നു.
അടുത്തതിനായി കാത്തിരിക്കുന്നു.
‘ദുബായ് ഓപ്പണില്‍ സാനിയ മിര്‍സയുടെ കളി മുന്‍നിരയില്‍ ഇരുന്നു കണ്ടിട്ടിറങ്ങുന്ന മറുനാടന്‍ മലയാളിയുടെ ഭാവമാണ്‘ ന്ദും...ങും...!
നെടുമങ്ങാടീയം കിടിലങ്ങാടീയമാകുന്നുണ്ട് കുമാറേ. :)
കണ്ണൂസേ.,
...അടിച്ചു ഫിറ്റായി ഞങ്ങളുടെ ചൈന കണ്ട്രി മാനേജരോട് " നീയെന്തിനാടാ തടിയാ അരുണാചല്‍ പ്രദേശില്‍ നുഴഞ്ഞു കയറിയത്" അത് തകറ്ത്തു റാ..!!
കണ്ണൂസേ ‘ഒന്നുമാവാന്‍ കഴിയാത്ത കൃമി‘ ആണെന്ന് പറഞ്ഞ് അതിവിനയം കാണിക്കല്ലേ.. താങ്കളന് (താങ്കള്‍) ഒരൊന്നൊന്നര പുലിയാണെന്നത് ആര്‍ക്കും ഒരു സംശയവുമില്ല.
പാവങ്ങള്‍. ഈ പാണ്ടികള് ഇല്ലാത്ത ഒരു അവസ്ഥയെ കുറിച്ച് ആലോചിക്കാന്‍ പറ്റുന്നില്ല. നാട്ടിലെ റൌഡികളും പോലീസുകാരും ഒരു പോലെ കൈത്തരിപ്പു മാറ്റുന്നതു ഇവരെ ഇടിച്ചാണ്.
പിറ്റേന്നത്തെ പത്രത്തില്‍ എന്തരെങ്കിലും ഉണ്ടായിരുന്നൊ? അതു പറഞ്ഞില്ലല്ലൊ.
ബിന്ദു
തള്ളെ.. ഒട്ടും മടിച്ചില്ല!!
ഒരേ ഞെരിപ്പുകളു തന്നണ്ണാ..
ബാവുവിന്റെ ഞെരിപ്പ് വായിക്കാനെത്തിയ എല്ലാവര്ക്കും നന്ദി.
Post a Comment