Wednesday, June 14, 2006

രായപ്പയണ്ണന്‍!

"രായപ്പയണ്ണന്‍ ഗെള്‌ഫീന്ന് വന്ന്"

രാജപ്പന്‍ പിള്ള ഗോപിനാഥ പിള്ള എന്ന് പാസ്പോര്‍ട്ടില്‍ പേരുള്ള ഞങ്ങളുടെ രായപ്പയണ്ണനും ഗള്‍ഫില്‍ നിന്നും വന്നു. 8 വര്‍ഷം കഴിഞ്ഞുള്ള വരവാണ്‌.

പക്ഷെ രവിയണ്ണന്‍ വന്നതുപോലുള്ളവരവല്ല. ഇതു ശരിക്കും ഉള്ള ഗള്‍ഫീന്നുള്ള വരവ്‌. കെട്ടിയവളും 14 വയസുള്ള മോനും 12 വയസുള്ള മോളും ഒത്തുള്ള വരവ്‌.


വരവ്‌ തന്നെ ഒരു ആഘോഷമായിരുന്നു.
മുന്നില്‍ ഒരു ടാക്സിയില്‍ ഇവിടുന്നു 'ഏറോഡ്രാമില്‍' വിളിക്കാന്‍ പോയ ബന്ധു സംഘം. പിന്നിലെ കാറില്‍ കുത്തിനിറച്ച്‌ കുറേ നാട്ടുകാര്‍. നടുവില്‍ ഒരു ചുവന്ന എസ്റ്റീം കാറില്‍ കറുത്ത കൂളിംഗ്‌ ഗ്ലാസ്‌ വച്ച്‌ രായപ്പയണ്ണന്‍.
മഹാന്‍ തന്റെ ഒരു കൈ ഭാര്യയുടെ കഴുത്തില്‍ ചുറ്റിയിരിക്കുന്ന പോലെ അഭിനയിക്കുന്നുണ്ട്‌. എല്ലാ കാറുകള്‍ക്കും മുകളില്‍ ഒരുപാട്‌ പെട്ടികളിലായി 'പൊളിച്ചടുക്കി വച്ചിരിക്കുന്ന ഒരു കൊച്ചു ഗള്‍ഫ്‌.'


ജംഗ്ഷനിലെ ഗണപതി ക്ഷേത്രത്തിനു മുന്നിലെത്തിയപ്പോള്‍, രായപ്പയണ്ണന്റെ വണ്ടി നിന്നു. ഒരു കാന്തിക ശക്തിയില്‍ എന്നപോലെ മുന്നിലേയും പിന്നിലേയും വണ്ടികളും നിന്നും. കാറിന്റെ ഗ്ലാസ്‌ താഴ്ത്തി തന്റെ കൂളിംഗ്‌ ഗ്ലാസ്‌ മാറ്റാതെ രായപ്പയണ്ണന്‍ തൊഴുതു. കറുത്ത ഗ്ലാസിനുള്ളിലൂടെ ചാരനിറത്തിലുള്ള ഗണപതിയെ രായപ്പയണ്ണന്‍ കണ്ടു. തന്റെ മണിപേഴ്സില്‍ സൂക്ഷിച്ചു വച്ചിരുന്ന ഒരു ഗള്‍ഫ്‌ നാണയം അയാള്‍ ദൈവസന്നിധിയിലേക്ക്‌ എറിഞ്ഞു. വാഹനവ്യൂഹം നീങ്ങി.


പുതുതായി പണിതീര്‍ന്ന വീട്ടിന്റെ നടയില്‍ വണ്ടി നിന്നു. മുന്‍കൂട്ടി തയ്യാറാക്കിയ ഒരു തിരക്കഥയിലെന്ന പോലെ മുന്നിലേയും പിന്നിലേയും സംഘം കാറിനിരുവശവും നിരന്നു.
രാജപ്പന്‍പിള്ള ഗോപിനാഥപിള്ള തന്റെ കാലുകള്‍ നിലത്തൂന്നി. വെറുതെ ചുറ്റും കൈ വീശി. എന്നിട്ട്‌ ഷര്‍ട്ടിന്റെ കോളര്‍ വലിച്ച്‌ മുകളിലേക്ക്‌ ഉയര്‍ത്തി പറഞ്ഞു.
"ഹാര്‍ സ്യാദാ"*
മുന്നില്‍ നിന്ന പിതാശ്രി കോവിപ്പിള്ള ശരിയാണെന്ന് തലയാട്ടി. രായപ്പയണ്ണന്‍ ജന്മനാട്ടിലെ തിരിച്ചെത്തിയ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യവാചകം വടക്കുനിന്നും വന്നകാറ്റില്‍ നാട്ടിലലിഞ്ഞു. . കേട്ട്‌ നിന്നവര്‍ അത്‌ വീടിനെക്കുറിച്ചാവും എന്നു കരുതി, കോവിപ്പിള്ളയെപ്പോലെ.

രായപ്പണ്ണന്‍ കൂളിംഗ്‌ ഗ്ലാസിനുള്ളിലൂടെ തന്റെ കൊട്ടാരം കണ്ണുകള്‍ കൊണ്ട്‌ ഒന്ന് ഉഴിഞ്ഞു. ബാല്ക്കണിയുടെ താഴെ നിരന്ന ദീര്‍ഘചതുരങ്ങളില്‍ അടിച്ചിരിക്കുന്ന ബഹുവര്‍ണ്ണങ്ങള്‍ രായപ്പയണ്ണന്റെ കണ്ണില്‍ കുളിരുവിരിയിച്ചു. വീട്‌ പണിക്കാരന്‍ രാമന്‍ മേസ്തിരിയുടെ തോളില്‍ കൈവച്ച്‌ ചോദിച്ചു.
"കൈഫാലക്ക്‌?"*
ആ പറഞ്ഞതു ശരിതന്നെ എന്നുള്ള അര്‍ഥത്തില്‍ രാമന്‍ മേശിരി തലകുലുക്കി.

രായപ്പയണ്ണന്‍ പിന്നെ അധികം ആരോടും മിണ്ടിയില്ല. ആകെ മിണ്ടിയതോ നാട്ടുകാര്‍ക്ക്‌ മനസിലാവാത്ത അറബിയും.


രായപ്പയണ്ണന്റെ മാറ്റം നാട്ടുകാര്‍ ഉള്‍ക്കൊണ്ടു. അതുകൊണ്ടാരും അധികം സംസാരിക്കാനും നിന്നില്ല.
നാട്ടുകാരൊക്കെ പറഞ്ഞു, രായപ്പന്‍ ആളാകെ മാറി. മലയാളം പോലും മറന്നു. ഇംഗ്ലീഷാണ്‌ സംസാരിക്കുന്നത്‌ എന്ന്.
എക്സ്‌ ഗള്‍ഫുകാരില്‍ പ്രമുഖനായ റമല്‌ ബാലന്‍ തിരുത്തി.
"അയ്യീ അത്‌ അറബാണ്‌. നമ്മള്‌ കൊറേക്കാലം പറഞ്ഞതല്ലീ, എന്റെ അറബാബയ്ക്ക്‌ ഇംഗ്ലീഷറിഞ്ഞൂടേരിന്ന്. കര്‍സാനയ്ക്ക്‌* കുഴയ്ക്കുമ്പം അറബാബ എപ്പഴും ചോയിക്കും ഇസ്മന്റ്‌ ആവശ്യത്തിനിട്ടാടാ എന്ന്."
അറബ്‌ പറയുമ്പോള്‍ ബാലന്‌ നൂറുനാവാണ്‌ ഒരു അറേബ്യന്‍ ഓര്‍മ്മയുടെ നിറംമുള്ള വര്‍ണ്ണങ്ങള്‍ ബാലന്റെ മുഖത്ത്‌ വിരിയും. പ്രവാസജീവിതത്തിനപ്പുറം നാട്ടില്‍ കെട്ടിടം പണിക്ക്‌ പോകുമ്പോഴും ബാലന്‍ ചില അറബ്‌ വാക്കുകള്‍ സ്ഥിരമായി ഉപയോഗിച്ചിരുന്നു.
"റമലരിച്ച്‌ കൊണ്ട്‌ വാ" എന്നൊക്കെ ബാലന്‍ നീട്ടിവിളിക്കുമ്പോള്‍ സഹപ്രവര്‍ത്തകര്‍ ആദ്യമൊക്കെ വാപൊളിക്കുമായിരുന്നു. ആ വാക്കിന്റെ അതി പ്രസരം ക്രമേണ ബാലന്‍ എന്ന പേരിനു മുന്‍പു ഒരു കൂട്ടുപേരായി നിന്നു. റമല്‌ *ബാലന്‍.

ഒരുകാര്യം മറന്നു, നമ്മള്‍ ബാലനെക്കുറിച്ചോ അവന്റെ റമലിനെ കുറിച്ചോ അല്ല പറഞ്ഞുവന്നത്‌. വിഷയം മാറാന്‍ പാടില്ല. നമുക്ക്‌ രാജപ്പന്‍ പിള്ളയുടെ ബ്രൂട്ട്‌ മണത്തിന്റെ പിന്നാലെ പോകാം.

അതെ, നാട്ടുകാര്‍ അടിച്ചുറപ്പിച്ചു തന്നെ പറഞ്ഞു,
"രായപ്പണ്ണന്‍ മലയാളം മറന്നു"


പിറ്റേദിവസം തന്നെ രായപ്പയണ്ണന്‍ ഒരു 'സെക്കനാന്റ്‌' ചവര്‍ലെറ്റ്‌ (ഷവര്‍ലേ) കാറുവാങ്ങി. അന്നു വൈകുന്നേരം തന്നെ ത്രീ പീസ്‌ കോട്ടും അണിഞ്ഞ്‌ എക്സ്റ്റ്രാ ഫിറ്റിംഗ്‌ അല്ലാത്ത കണ്ണടയും വച്ച്‌ ഭാര്യയും ഒത്ത്‌ സിറ്റിയിലേക്ക്‌ പോയി. ആദ്യം പത്മനാഭസ്വാമിക്ഷേത്രത്തിലും പിന്നെ ആറ്റുകാല്‍ അമ്പലത്തിലും. അതുകഴിഞ്ഞ്‌ മസ്കറ്റ്‌ ഹോട്ടലില്‍ ഒരു ചായകുടി.

അതു കഴിഞ്ഞു നേരേ പോയത്‌ നോക്കിയയുടെ ഷോറൂമിലേക്ക്‌ ആണ്‌. ഗമ ഒട്ടും കുറയ്ക്കാതെ ഭാര്യയുടെ കൈ പിടിച്ച്‌ അയാള്‍ ആ ഷോപ്പിലേക്ക്‌ കയറി. സെക്കൂരിറ്റിക്കാരന്‍ ഭയ ഭക്തി ബഹുമാനത്തോടെ വാതില്‍ തുറന്നു. ഷോഫര്‍ ഡ്രിവണ്‍ ഷവര്‍ലേയില്‍ വന്നിറങ്ങിയ കോട്ടും സൂട്ടും ഇട്ട കസ്റ്റമറെ കണ്ട്‌ ഫുള്‍സ്ലീവും ടൈയും കെട്ടിയ സെയില്‍സ്മാന്‍ ഓടി വന്നു.
"സര്‍ മേ ഐ ഹെല്‍പ്പ്‌ യൂ?"
രായപ്പയണ്ണന്‍ കോട്ടിന്റെ പോക്കറ്റില്‍ നിന്നും തന്റെ മൊബെയില്‍ ഫോണ്‍ എടുത്തു. സെയില്‍സ്‌മാന്‍ ഭക്തിയാദരവോടേ അതു വാങ്ങി. എന്നിട്ട് ചോദിച്ചു
"സര്‍ വാട്ട്‌ യൂ വാണ്‍ മീ റ്റു ടൂ സര്‍?"

അറിയാവുന്ന ഇംഗ്ലീഷ്‌ ആദ്യം രായപ്പയണ്ണന്‍ പറഞ്ഞു. ' ആച്ച്വലീ... യെസ്‌ യെസ്‌." പിന്നെ പിടിച്ചുനിലക്കാനായില്ല. മസ്കറ്റ്‌ ഹോട്ടലില്‍ പോയി ദോ ടീ, ദോ വടൈ എന്നു പറഞ്ഞപോലെ ഇവിടെ കാര്യം പറഞ്ഞു മനസിലാക്കാനാവില്ല.
ഒടുവില്‍ രായപ്പണ്ണന്‍ വാ തുറന്നു,
" എടേയ്‌ അതിന്റെ കൂട്‌ തായെ വീണ്‌ പ്വോറി പോയെടേ, അമ്മേണ. ചെല്ലക്കിളീ ഇതില്‌ ഒരു നല്ല പോതരവൊള്ള ഒരു കൂട്‌ ഇട്ട്‌ തരീ.."


വാല്‍ക്കഷണം : ഞങ്ങള്‍ ഈ നാട്ടുകാരുടെ നാവ്‌, പതിറ്റാണ്ടുകാലം മറ്റേതു ഭാഷയില്‍ ഉപ്പിലിട്ടാലും മുളകിലിട്ടാലും "ഇങ്ങ്‌നെ തന്നേരിക്കും, അമ്മേണ ഒള്ളതാണ്‌"


എന്നെ പോലെ ഗള്‍ഫുകാര്‍ അല്ലാത്തവര്‍ക്ക്
*"ഹാര്‍ സ്യാദാ" - ചൂട് കൂടുതലാണ്.
* “കൈഫാലക്ക്‌“ - How are you?
*റമല്‍ - മണല്‍
*കര്‍സാന - കോണ്‍ക്രീറ്റ്


(അറബ് വാക്കുകള്‍ പറഞ്ഞുതന്ന ഗള്‍ഫന്മാര്‍ക്ക് നന്ദി)

24 comments:

Kumar Neelakandan © (Kumar NM) said...

നെടുമങ്ങാടിയത്തിന്റെ നടുപ്പറമ്പില്‍ രാജപ്പന്‍ പിള്ള ഗോപിനാഥ പിള്ള എന്ന് പാസ്പോര്‍ട്ടില്‍ പേരുള്ള ഞങ്ങളുടെ രായപ്പയണ്ണന്‍ കാലുകുത്തി.

Kalesh Kumar said...

കാക്ക കുളിച്ചാല്‍ കൊക്കാകില്ല.ഇതുപോലെ എത്ര ജന്മങ്ങള്‍! റാഡോ വാച്ചണിഞ്ഞ കൈ കൊണ്ട് എയര്‍പോര്‍ട്ടിലെ ഡിസെംബാര്‍ക്കേഷന്‍ ഫോം പൂരിപ്പിക്കാന്‍ തരുന്ന ഒരാ‍ളെങ്കിലും കാ‍ണും നാട്ടില്‍ പോകുമ്പഴും വരുമ്പഴും!
കിടിലന്‍ കുമാര്‍ഭാ‍യ് കിടിലന്‍!

മുല്ലപ്പൂ said...

'പൊളിച്ചടുക്കി വച്ചിരിക്കുന്ന ഒരു കൊച്ചു ഗള്‍ഫ്‌.'...

പണ്ടു കാലത്തു സിനിമായില്‍ ഗള്‍ഫു കാരനെ കാണിക്കുന്നതിനു മുന്‍പു ഇതു കാണിക്കുമായിരുന്നു..

കുമാറെ... രായപ്പണ്ണന്‍ കൊള്ളാം

Sreejith K. said...

കുമാരേട്ടാ, ഈ കഥയും പതിവ് പോലെ ഉഗ്രന്‍. വിവരണം അതിലും ഉഗ്രന്‍. നേരില്‍ സംസാരിക്കുമ്പോള്‍ ഉള്ള നര്‍മ്മബോധം എഴുത്തിലും ഉണ്ടല്ലേ. ഐ ആം ഇമ്പ്രെസ്ഡ്.

ഉമേഷ്::Umesh said...

കലക്കി, കുമാറേ!

കുറുമാന്‍ said...

കലക്കന്‍ പോസ്റ്റ് കുമാറെ. രായപ്പയണ്ണന്‍ ആളൊരു രസികന്‍ തന്നെ. ഒഴുക്കോടെ വിവരിച്ചിരിക്കുന്നു.

പണ്ട് എന്റെ ഒരു അകന്ന ബന്ധത്തിലുള്ള ഒരു പെണ്‍കുട്ടി കല്യാണം കഴിഞ്ഞ് മുമ്പൈക്ക് പോയി മൂന്നു കൊല്ലം കഴിഞ്ഞ് അവധിക്കാദ്യമായി നാട്ടിലെത്തിയ സമയത്ത് നടന്ന ഒരു കല്യാണത്തിന്നു പങ്കെടുത്തു.

പന്തിക്കിരിക്കുന്നതിനിടെ ചുട്ട ഹിന്ദിയില്‍ തന്റെ കണവനുമായി യവള്‍ സംസാരത്തോടു സംസാരം, ഇടക്കിടെ നാട്ടുകാര്‍ തന്നേയും, തന്റെ ഹിന്ദിയേയും ശ്രദ്ധിക്കുന്നില്ലേ എന്നവള്‍ ഇടംകണ്ണിട്ട് ഉറപ്പുവരുത്തി.

നിലത്ത് ഓപ്പോസിറ്റിരുന്നിരുന്ന 20 വര്‍ഷത്തോളമായി കുവൈറ്റിലായിരുന്ന മണിയാന്റി ഒരു ചോദ്യം....

ഡ്യേ രാധികേ, മൂന്നു കൊല്ലം കൊണ്ട് നീ മലയാളം മറന്നാലും, ചമ്രം പടഞ്ഞ് നിലത്തിരുന്ന് കൈകൊണ്ടുരുള ഉരുട്ടി അണ്ണാക്കിലേക്കിടന്‍ മറന്നില്യാലോ....ഭാഗ്യം.

മനൂ‍ .:|:. Manoo said...

കുമാര്‍ജീ,

തകര്‍ത്തു.

രവിയണ്ണന്റെ വരവു നല്‍കിയ അസ്വസ്ഥത രായപ്പണ്ണന്‍ തീര്‍ത്തു!!!

കുറച്ചുകാലത്തെ ഡല്‍ഹിവാസം കഴിഞ്ഞു നാട്ടിലെത്തിയതിന്റെ ആഘോഷം സുഹൃത്തുകളൊടൊപ്പം നടക്കുമ്പോള്‍, വെള്ളം വേണോ സോഡവേണോ ഒഴിയ്ക്കാനെന്ന്, അറിയാതെ, ഹിന്ദിയില്‍ ചോദിച്ചുപോയി.

ജന്മത്തു കേട്ടിട്ടില്ലാത്ത ചീത്തകളായിരുന്നു അവരുടെ വായില്‍നിന്നു മറുപടിയായി വന്നത്‌. കൂട്ടത്തിലെ പ്രായം കൂടിയ ആളുടെ വക ആത്മഗതവും - 'യിവിടെ തേരാപാര നടന്ന ~!@#$%^&* (സ്നേഹപൂര്‍വ്വം എന്നെ വിശേഷിപ്പിച്ച വാക്ക്‌) - ഒക്കെ ഏതോ ~!@#$%^&*(സ്ഥലപ്പേര്‌)- ഒക്കെപോയി വന്നു നമ്മളോടു കിണ്ടിയില്‍ ഒലത്തുന്നോ??? '

അരവിന്ദ് :: aravind said...

കുമാര്‍‌ജിയുടെ തിരുവനന്തപുരം പ്രയോഗങ്ങളാണ് ഡെ‌ഡ്‌ലി :-))
രായപ്പയണ്ണന്‍ അതിസൂപ്പര്‍ കുമാര്‍‌ജി! :-))


[അതേയ്..പിന്നേയ്....ബ്രൂട്ട് ബ്രൂട്ട് എന്ന് കളിയാക്കി, ഞാന്‍ വീട്ടിലിരുന്ന ബ്രൂട്ടെടുത്ത് കുപ്പയില്‍‌കളഞ്ഞ് പുത്യത് വാങ്ങി. എന്താന്ന് പറയൂലാ..ഇനി അതും കളയിക്കാന്‍! ;-))

ദേവന്‍ said...

ഈവിയുടെ കാച്ചില്‍ കൃഷ്ണപിള്ള തോല്‍ക്കും രായപ്പയണ്ണനോട്‌!

aneel kumar said...

:)
റമല് മറ്റേ ലവന്‍ അല്ലേ?
രായപ്പണ്ണനെ എത്തറ ആലോജിച്ചിറ്റും പിടികിട്ട്ണില്ല.

Vempally|വെമ്പള്ളി said...

കുമാറെ, രാജപ്പണ്ണന് ആളു പുലി തന്നെ. ബെല്ലാരി രാജയാണ് ആദ്യം തിരോന്തൊരം ഭാഷ പരിചയപ്പെടുത്തിയത് ദേ ഇപ്പൊ കുമാര രായ, ഇങ്ങളു രാജ തന്നെ!!!!!

bodhappayi said...

കുമാര്‍ജി കിടിലം... തമിഴ്‌നാട്ടില്‍ പോയ്‌വന്ന അണ്ണന്മാര്‍ ബസ്സില്‍ കേറി 'വഴി വിടു' 'വഴി വിടു' എന്നു പറയുന്നതോര്‍ത്തുപോയി...

Visala Manaskan said...
This comment has been removed by a blog administrator.
Visala Manaskan said...

പിന്മൊഴി പരീക്ഷണം

Visala Manaskan said...

എന്നാ കലക്കാണാശാനേ..!
ഇഷ്ടപ്പെട്ടു മാഷേ. ഇഷ്ടപ്പെട്ടു. കുമാറ് ബായ്, രായപ്പണ്ണന്റെ വരവു വിവരണം അതിഗംഭീരം.
**
ഓഫ് റ്റോപ്പിക്ക്:
അന്നെനിക്ക് ഗള്‍ഫില്‍ രണ്ട് ദിവസം മൂപ്പ്.
ഷാര്‍ജ്ജയില്‍ വച്ച് ഒരു സൌദിയക്കാരന്‍ അറബി
എന്നോട് ‘മര്‍ഹബ’ എന്ന് പറഞ്ഞു.

ഞാന്‍ കുറക്കേണ്ട എന്ന് കരുതി, മനപ്പാഠമാക്കിയ ‘അസ്സലാമു അലൈക്കും വ റഹ്‌മത്തൂള്ളാഹി മുബറക്കാത്തു ഹു‘ എന്ന് തിരിച്ചൊരു പൂശു പൂശി.

ആ ഡയലോഗില്‍ . ഞാനേതോ അറബി വീട്ടില്‍ ശമ്പളത്തിന് നില്‍ക്കണ ചെക്കനാണെന്ന് തെറ്റിദ്ധരിച്ച്
ചുള്ളന്‍ അറബീല് ഒരു ജാതി പെട !

എങ്കടങ്ങാണ്ട് പൂവാനൊള്ള വഴി ചോച്ചതണ്. ബെസ്റ്റ് . ഞാന്‍ ആളെ സമ്മതിച്ചു.

ഇവിടെ മനുഷ്യന്‍ അവനാന്റെ റൂം എവിടെയാണെന്നന്വേഷിച്ച് നടപ്പുതുടങ്ങിയിട്ട് മണിക്കൂറൊന്നായി!!

വേറൊരു ആളെ ചൂണ്ടിക്കാട്ടിക്കൊടുത്ത് ‘ദേ ആളൊട് ചോച്ചോട്ടാ..’ എന്ന് പറഞ്ഞ് അങ്ങിനെ ഞാന്‍ സ്പോട്ടീന്ന് സ്കൂട്ടാവുകയായിരുന്നു..

ചില നേരത്ത്.. said...

രായപ്പയണ്ണന്‍ കലക്കി ..ഗള്‍ഫ്‌കാരെ ഇങ്ങിനെ നാണം കെടുത്തുന്ന ഗള്‍ഫുകാരുണ്ട്..നാട്ടുകാരും ..ഈ അറബിയും ഹിന്ദിയൊക്കെ ഗള്‍ഫിലെ ജീവിതറ്തില്‍ വന്ന് ചേരുന്നതല്ലേ..നെടുമങ്ങാടീയം വേറിട്ട ഹാസ്യം ..

ബിന്ദു said...

കുമാറെ.. ഒരു സിനിമ കാണുന്നതുപോലെ ....... ആരാന്നറിയുവോ ഈ രായപ്പണ്ണനായി?? മ്മടെ സലിം കുമാര്‍. കുഴപ്പമില്ലല്ലൊ അല്ലേ?? :)

evuraan said...

കുമാറേ,

നന്നായിട്ടുണ്ട് വിഷ്വലൈസേഷന്‍ (ദൃശ്യവത്ക്കരണം)

Santhosh said...

രായപ്പേണ്ണന്‍ കലക്കി, കുമാറേ!

സസ്നേഹം,
സന്തോഷ്

Adithyan said...

കുമാര്‍ഭായ് യെ എക് ബഹുത് അച്ചാ കഹാനി ഹൈ ഹൊ ഹൌ....

(അറബി അരവാക്കു പോലും അറിയില്ല... അല്ലെങ്കില്‍ കമന്റ്‌ അര്‍ബിക്കിലാക്കാരുന്നു)

Unknown said...

ഏതായാലും നന്നായി.. രവിയണ്ണന്‍ മറന്ന ഭാഷ രായപ്പയണ്ണന്‍ തിരിച്ചു കൊണ്ടു വന്നല്ലോ..

myexperimentsandme said...

കൊള്ളാം.. ഇതും ഇഷ്ടപ്പെട്ടു. ഇതുമായി ബന്ധമില്ലെങ്കിലും ഇടയ്ക്കിടയ്ക്ക് ഹിന്ദി ബോല്‍ത്തുന്ന ഞങ്ങളുടെ ഒരു സഖാവ് സഹപാഠി ഒരു ദിവസം റൂമില്‍ വന്നിട്ട് “അരേ തുമ്‌ഹാരേ പാസ് എഞ്ചിനീയറിംഗ് മെക്കാനിക്ക്‍സ് കാ കിതാബ് ഹേ ക്യാ” എന്ന് ചോദിച്ചപ്പോള്‍ അതെടുത്തു കൊടുത്തിട്ട് അവന്‍ റൂമിനു വെളിയിലിറങ്ങിയ തക്കം നോക്കി അവന്റെ ചന്തിക്ക് ആഞ്ഞൊരു തൊഴി കൊടുത്തപ്പോള്‍ അവന്റെ വായില്‍ നിന്നും വന്നു, നല്ല സ്ഫുടമായി:

ഹെന്റമ്മോ

Ajith Krishnanunni said...

കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ കൂടി ഇതു പോലൊരു രായപ്പണ്ണന്റെ വരവ്‌ കണ്ടായിരുന്നൂ..

കലക്കി കുമാറണ്ണാ കലക്കി ...

രാജീവ് സാക്ഷി | Rajeev Sakshi said...

നല്ല എഴുത്ത്.
നല്ല ഒഴുക്ക്.
നന്നായിട്ടുണ്ട് കുമാര്‍ജി.
പിന്നെ ഞാന്‍ പറഞ്ഞകാര്യം മറക്കണ്ടാ ട്ടോ.
യേത്?.. പുസ്തകേയ്.. പുസ്തകം.