Sunday, March 19, 2006

കുളസ്‌ട്രാള്‍!

നാടുമുഴുവനും ഊടുവഴികളിലൂടെ പപ്പന്റെ വീട്ടുമുറ്റത്തേയ്ക്ക്‌ ഒഴുകി. നാട്ടുകാരുടെ ചുണ്ടുകളില്‍ നിന്നുയര്‍ന്ന ചോദ്യങ്ങള്‍ വഴിക്കിരുവശവും വളര്‍ന്നു നില്‍ക്കുന്ന വേലിപ്പരുത്തിയിലും കുറുവട്ടിയിലും തട്ടിത്തെറിച്ചു.

“പപ്പനെന്തര് ‌പറ്റി?”

"പപ്പയ്‌ വാതില്‌ തൊറക്കണില്ല"

"വിളിച്ച്‌ നോക്കീല്ലീ?"

"വിളിച്ച്‌, പക്ഷെ എന്തരാന്തോ വാതില്‌ തൊറക്കണില്ല".

"പപ്പനെ രാവിലേം കണ്ടതാണല്ല്, ശിവരായ അണ്ണന്റെ കടേല്‌ ബോഞ്ചികുടിച്ചോണ്ട്‌ നിക്ക്നത്‌. പിന്നെ എന്തരു പറ്റിയത്‌?"

"യെങ്ങനെ അറിയായ്‌? വാതിലു തൊറന്നാലല്ലീ വല്ലതും ചോതിക്കാന്‍ പറ്റു!"

ബാക്കിവന്ന ചോദ്യങ്ങളുമായി നാട്ടുകാര്‍ എരിയുന്ന വെയിലില്‍ പപ്പന്റെ വീട്ടുമുന്നിലെ കൂട്ടമായി.

അവന്റെ അമ്മ പാറുഅമ്മ വീടിനു ചുറ്റും ഓടി നടന്ന് വിളിക്കുന്നു. അവന്റെ മുറിയുടെ വാതിലും ജനലും അടച്ചിട്ടിരിക്കുന്നു. ചുവരിനു മുകളില്‍ വായു സഞ്ചാരത്തിനുള്ള ചെറിയ വിടവുപോലും പേപ്പര്‍ ഉപയോഗിച്ച്‌ അടച്ചു വച്ചിരിക്കുന്നു പപ്പന്‍.

നാട്ടിലെ പ്രമുഖ രാഷ്ട്രീയ നേതാവ്‌ ഞങ്ങളുടെ കോവാലകിഷയണ്ണന്‍ പപ്പന്റെ അമ്മയോട്‌ തിരക്കി. "പാറുഅക്കാ, എന്തര്‌ പറ്റിയത്‌ പപ്പന്‌?"

മനസില്‍ അടച്ചു വച്ചതെല്ലാം നാട്ടുക്കൂട്ടത്തിലേക്ക്‌ വാരിയെറിഞ്ഞ്‌ പാറുഅമ്മ വിലപിച്ചു "എന്റെ കോവാലേഷാ ഇന്നലെ അവന്റെ കമ്പനീല്‌ ഡാക്ടരന്മാര്‌ വന്ന് സൌജന്യ പരിശോധന വൊണ്ടായിര്‌ന്ന്. എന്തര്‌ കുളസ്ട്രാളാ അങ്ങനെ എന്തരാ കൊഴുപ്പിന്റെ കൊഴപ്പം വൊണ്ടെന്ന് അവന്‍ ഇന്നലെ പറഞ്ഞിര്‌ന്ന്. രാവിലെ ചന്തേപ്പോയി മീനും മരിച്ചിനിയും വാങ്ങിച്ചിറ്റ്‌വന്ന് കേറി വാതിലടച്ച്‌ കെടന്നതാണ്‌. ഞായ്‌ കൊറേനേരമായിറ്റ്‌ വിളിക്കന്‌. അവയ്‌ വിളിക്യാക്കണത്‌ പോലും ഇല്ല. ഞാന്‍ എന്തര്‌ ചെയ്യിറ്റപ്പീ?"

പാറുഅമ്മ പിന്നെയും വിലപിച്ചു.


യുവജനത തീരുമാനിച്ചു, വാതില്‍ തല്ലിപ്പൊളിക്കാം.

ജിം അനിയും പട്ടാളം സാജുവും മസില്‍ പെരുക്കി മുന്നോട്ടുവന്നു.

സോമന്‍ മേശിരി വാതിലിന്റെ പാളിയില്‍ തട്ടി പറഞ്ഞു "നല്ല സ്റ്റ്‌ട്രാങ്ങ്‌ തടിയാണ്‌. നിങ്ങള്‌ വിചാരിച്ചപോലെ പൊളിയൂല്ല പിള്ളരെ."

കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ല. പപ്പന്റെ ജീവനാണ്‌ ഉള്ളില്‍.
കൊളസ്ട്രോള്‍ ഉണ്ടെന്നു സ്ഥീരികരിച്ച സ്ഥിതിക്ക്‌ ഇനി വല്ല അറ്റാക്കും? ആരും പരസ്പരം പറയാന്‍ ധൈര്യം കാണിക്കാത്ത ഈ ചോദ്യം അവരുടെ ഒക്കെ മനസില്‍ ഇരുന്നു പുകഞ്ഞു.

ജിമ്മും പട്ടാളവും ഒരുമിച്ച്‌ വാതിലിന്റെ നേര്‍ക്ക്‌.

..................!

വാതിലിന്റെ ഒരുപാളി പതിവുദിക്കില്‍തുറന്നു, മറ്റേതു ഉറഞ്ഞുതീര്‍ന്ന വെളിച്ചപ്പാട്‌, ദൈവത്തെ കൈവിട്ട്‌ നിലത്തേക്കുവീഴുന്ന പോലെ അകത്തേക്കും വീണു.

ചവിട്ടിപ്പൊളിയുടെ ശബ്ദത്തില്‍ ഞെട്ടി ഉണര്‍ന്ന പപ്പന്‍ കട്ടിലില്‍ നിന്നും ചാടി എഴുന്നേറ്റു. ഉള്ളിലേക്കുള്ള ചവിട്ടിന്റെ വേഗത്തില്‍ അനിയും സാജും ആദ്യം അകത്തേക്ക്‌ തെറിച്ചു.

"പപ്പാ..? "എന്ത്‌ എന്തരു പറ്റി"

ഒന്നുമറിയാത്ത പപ്പന്‍ പുരുഷാരത്തെ നോക്കി. പുരുഷാരം പപ്പനേയും. ആവിയിട്ട്‌ പഴുക്കാന്‍ വച്ച അറയില്‍ നിന്നും തിരിച്ചെടുത്ത നേന്ത്രവാഴക്കുലപോലെ നനഞ്ഞുകുതിര്‍ന്നു പപ്പന്‍ നിന്നു.

..... നിശബ്ദത. പാറു അക്കന്റെ കരച്ചില്‍ അതിനെ നിര്‍ദയാപൂര്‍വ്വം ബ്രേക്ക്‌ ചെയ്തു.

"എന്തരു പറ്റിയെട ചെല്ല നെനക്ക്‌?" പാറുഅമ്മ പപ്പന്റെ കൈക്കു പിടിച്ചു കൊണ്ട്‌ ചോദിച്ചു.
തകര്‍ന്നുകിടക്കുന്ന വാതില്‍ പാളിയില്‍ ഒന്നു നോക്കിയിട്ട്‌ പുരുഷാരത്തിന്റെ മുന്നില്‍ നില്ക്കുന്നവരോട്‌ പപ്പന്‍ പറഞ്ഞു
"ഞാന്‍ കുളസ്ട്രാള്‍ കൊറക്കേര്‌ന്ന്."
"......?" ആകാംക്ഷതുടിക്കുന്ന മുഖങ്ങള്‍.

പപ്പന്‍ തുടര്‍ന്നു.

"ഇന്നലെ ഡാക്ടര്‍ പറഞ്ഞ്‌ കുളസ്ട്രാള്‍ കൊറയ്ക്കാന്‍ വ്യായാമം ചെയ്യനം എന്ന്. അപ്പഴ്‌ ഞാന്‍ ചോതിച്ച്‌, എങ്ങനത്ത വ്യായാമം ആണ്‌ ചെയ്യേണ്ടതെന്ന്. അപ്പഴ്‌ അങ്ങേര്‌ പറഞ്ഞ്‌ എങ്ങനെ ചെയ്താലും കൊഴപ്പമില്ല, അരമണിക്കൂറു നന്നായി വെയര്‍ത്താ മതി എന്ന്. അതുകൊണ്ടല്ലീ ഞായ്‌ ഈ എരിയനാവെയിലത്ത്‌ വായു സഞ്ചാരം എല്ലാം അടച്ച്‌ കമ്പിളീം പൊതച്ച്‌ കെടന്നത്‌? നല്ല ഒറക്കോം ആയിര്‌ന്ന്." നാട്ടുമുഖങ്ങള്‍ പരസ്പരം നോക്കി.


വിയര്‍പ്പിലൂടെ കൊളസ്ട്രോള്‍ ഒഴുകിപോകുന്നത്‌ നോക്കി പപ്പന്‍ സംതൃപ്തിയോടെ ചിരിച്ചു. എന്നിട്ട്‌ ചോദിച്ചു " എന്തര്‌ എല്ലാരും കൂടെ ഇവിടെ? ടേയ്‌ സാജു അണ്ണാ എന്തരിനെടേയ്‌ നീ ഈ വാതില്‌ ചവിട്ടിപ്പൊളിച്ചത്‌?

20 comments:

കലേഷ്‌ കുമാര്‍ said...

സൂപ്പര്‍ മച്ചൂ‍!!

സാക്ഷി said...

കുമാര്‍ ഭായ്,
വളരെ നന്നായിട്ടുണ്ട്.
നെടുമങ്ങാടീയം എന്നെങ്കിലും എഴുതിത്തീരുകയാണെങ്കില്‍(ഇനിയും ഒത്തിരി കഥാപാത്രങ്ങള്‍ ചമയങ്ങളണിഞ്ഞ് അണിയറക്കുള്ളില്‍ അവസരവും കാത്തിരിപ്പല്ലേ) നമുക്കൊരു പുസ്തകമായി പുറത്തിറക്കണം.

ദേവന്‍ said...

കലക്കി കുമാറണ്ണാ.. ഇതിനെല്ലാം പകരം ഞാന്‍ എന്തരു തരാങ്? ഇച്ചിരീം കൊല്ലം സ്റ്റൈല്‍ മെഡിക്കല്‍ ഡിസ്കഷന്‍ മതിയോ.

എലിവേഷന്‍ കൊളാപ്സ് ചെയ്തപ്പോള്‍

ദേവന്‍ >ഭാഗീരഥി : “എന്ത്വാ പായിയേച്ചീ സുഖമാന്നോ?”
ഭാഗീരഥി> ദേവന്‍ : “ ഓ, സുഖവെന്തുവാ മോനേ, വീട്ടിയെല്ലാര്‍ക്കും വല്യവല്യ വ്യാധികളല്ലിയോ”

ദേ>ഭാ “വല്യ വല്യ വ്യാധിയോ?“
ഭാ>ദേ “ആന്നെന്ന്. ചേട്ടനു ആട്ടിന്‍റെ അസുഖമാ.”

ദേ>ഭാ “ആട്ടിന്‍റസുഖമോ? ആന്ത്രാക്സ് ആണോ?
ഭാ>ദേ“അല്ലെന്ന് ആട്ടിന്‍റെ വാല്‍വ് തേഞ്ഞ് പോന്ന്”

ദേ>ഭാ“ചികിത്സയൊന്നും?”
ഭാ>ദേ“ചെലപ്പം എലിവേഷന്‍
ചെയണ്ടി വരുമെന്ന് പറഞ്ഞ്. എനിക്കാണെങ്കില്‍ ഊട്ടര്‍സില്‍ കൊളാപ്സ്

ദേ>ഭാ“ എന്‍റെ ദൈവമേ ഊട്ടര്‍സ് കൊളാപ്സ് ചെയ്യാനും തൊടങ്ങിയോ? കലികാലം”

kumar © said...

ദേവാ പകരം തന്നതെനിക്കിഷ്ടപ്പെട്ടു. മുഴുത്ത രണ്ട് “Page Not Found“ തൃപ്തിയായി മക്കളെ തൃത്പിയായി. അതു കണ്ട് എന്റെ ആട്ട് അടിച്ചുപോയി.

ദേവന്‍ said...

റിമോട്ട് ലിങ്കിങ് കൊളാപ്സ് ആയതാ. ക്ഷെമി
എലിവേഷന്‍

കൊളാപ്സ് എന്നിവ 404 വിളിക്കില്ലെന്നു തോന്നുന്നു.

വിശാല മനസ്കന്‍ said...

അതിഗംഭീര പോസ്റ്റ്.
100/100 മാറ്ക്ക്.
@/ (കൂട്ട റൈറ്റ്)

Sapna Anu B. George said...

കലക്കി കുമാര്‍ചേട്ടാ... കൊളസട്രോളു കുറക്കാന്‍ വഴി പറഞ്ഞതിനു നദി, കേട്ടൊ

അതുല്യ said...

ഒരു നാടകം കണ്ട പ്രതീതി കുമാറേ..

അരവിന്ദ് :: aravind said...

കലക്കീണ്ട് കുമാര്‍ജീ..നെടുമങ്ങാടീയം ആകെമൊത്തംടോട്ടല്‍ സൂപ്പറാവുന്നുണ്ട്.

കൊളസ്റ്റ്രോളുരുക്കാന്‍ ആ ഗഡി അടുപ്പിന്റെ മുകളില്‍ കയറി ഇരിക്കാഞ്ഞതു ഭാഗ്യം :-)

Narada said...

anna
aale kollalle

സൂഫി said...

കുമാറേട്ടാ... നെടുമങ്ങാടീയം തകര്‍ക്കുന്നു...
ആറ്റിക്കുറുക്കിയ ഭാഷ.. വേറിട്ട്‌ നില്‍ക്കുന്ന ശൈലി... നല്ല പാത്രബോധവും..
സാക്ഷി പറഞ്ഞതു പോലെ.. നമുക്കിതു പബ്ലിഷ്‌ ചെയ്യണം.

വക്കാരിമഷ്‌ടാ said...

പപ്പന്റെ കുളം‌സ്ട്രോള് ആവിയായപോലെ എന്റെ കമന്റും ആവിയായി...

അടിപൊളി കുമാറേ, ശരിക്കും അസൂയ തോന്നുന്നു :)

ആവിയുടെ കാര്യം പറഞ്ഞപ്പോഴാ..

ത്രേസ്യാച്ചേടത്തി കപ്പപുഴുങ്ങി അടുപ്പേന്നിങ്ങെടുത്തതേ ഉള്ളു, ആവിയിലെ (“ആവിയിൽ” വീട്ടുപേര്) തോമാച്ചേട്ടൻ അവിടെ വന്നു.

“കപ്പ താ അമ്മച്ചീ, കപ്പ താ അമ്മച്ചീ” പിള്ളേർ ഭയങ്കര ബഹളം.

“അടുപ്പേന്നിങ്ങെടുത്തതല്ലേ ഉള്ളൂ, ആവിപോട്ടടാ മക്കളേ” ത്രേസ്യാച്ചേടത്തി.

അവസാനഭാഗം മാത്രം കേട്ട തോമാച്ചേട്ടൻ ഫീലുചെയ്ത് പറഞ്ഞു

“നിങ്ങടെ ഒണക്കക്കപ്പ തിന്നാനൊന്നുമല്ല ഞാനിവിടെ വന്നത്. കഴിഞ്ഞ രണ്ടുമാസം മേടിച്ച ചാണകത്തിന്റെ കാശിങ്ങെട്”

ദേവേട്ടോ ഭഗീരഥിച്ചേച്ചീടെ ഊട്ടസും ചേട്ടന്റെ ആട്ടും ആവിയായോ എന്ന് പേടിച്ചു പോയി; രണ്ടാമത്തെ കമന്റ് കണ്ടപ്പോൾ സമാധാനമായി

യാത്രാമൊഴി said...

തച്ച തമിഴനെ കിട്ടാഞ്ഞ് കിട്ടിയ തമിഴനെ തച്ച,
കുളസ്ട്രോള്‍ വിയര്‍പ്പാക്കിയൊഴുക്കുന്ന, നെടുമങ്ങാടിന്റെ വീരപുത്രന്മാരുടെ ചരിതം
തുടര്‍ന്നാലും ചരിത്രകാരാ..

ശ്രീജിത്ത്‌ കെ said...

കുമാര്‍ജീ
നെടുമങ്ങാടിന്റെ ചരിത്രപുരുഷന്മാര്‍ ഹൃദ്യമാകുന്നു.

ചില നേരത്ത്.. said...

രസകരമായിരിക്കുന്നു നെടുമങ്ങാടിന്റെ പുത്രന്മാര്‍.
അഭിനന്ദനങ്ങള്‍!!!

ഉമേഷ്::Umesh said...

പോസ്റ്റു കലക്കി. അതിലും കലക്കി മുകളിലെഴുതിയിരിക്കുന്നതു്. ഇപ്പോഴാ കണ്ടതു് - “എന്തര് ഈയമെടേ ചെല്ലാ മോളിലെഴുതീരിക്കനത്”

എവിടന്നു കിട്ടുന്നെഡേ ഈ വക ഐഡിയായൊക്കെ?

evuraan said...

കുമാറേ,

കലക്കുന്നുണ്ട് കേട്ടോ.

ഈ ഭാഷ ഞങ്ങളുടെ നാട്ടിലുമുണ്ട്.

അല്ലെങ്കിലും, വടക്കന്മാരെക്കൊണ്ട് തോറ്റിരിക്കുകയാ. :)

പോകട്ടെ, ഇനിയും തെക്കോട്ടു പൊയ്ക്കോട്ടെ..

kumar © said...

നന്ദി! പതിവുപോലെ കലേഷിനാദ്യം.
സുഫീ, സാക്ഷി, ഇതൊരു പുസ്തകമാക്കി ഇറക്കി നാട്ടുകാര്‍ എന്നെ എടുത്ത് നിലത്തടിക്കുന്നതിനും സാക്ഷിയാകാനാണോ?
ദേവാ, സപ്ന, അതുല്യ, അരവിന്ദ് :)
വിശാലാ :) (എന്താ ഈ @/ (കൂട്ട റൈറ്റ്) ?
നാരദാ? നീയെവിടെ?
വക്കാരി, ആവിക്കഥ വായിച്ചു.
നെടുമങ്ങാടീയത്തിന്റെ മറുമൊഴിയില്‍ ഒരുപാട് ചെറിയ കഥകള്‍ വന്നുപോകുന്നു, രസകരം!
യാത്രാമൊഴീ, ശ്രീജിത്ത്, ഇബ്രു, :)

ഉമേഷ്, ആ ആനപ്പുറത്ത് നിന്ന് താഴെ ഇറങ്ങി ചെവിയോര്‍ത്തു നോക്കു, ഇതിനെക്കാളും കിടിലന്‍ ഐഡിയാസ് കിട്ടും.:)
ഏവൂരാനെ തെക്കോട്ട് അധികം പോകാന്‍ പറ്റില്ല. മാക്സിമം ഒരു 80-90 കിലോമീറ്റര്‍ അത്രേള്ളു. പിന്നെ അവിടുന്നു കിലോമീറ്ററില്‍ അല്ല, നോട്ടിക്കല്‍ മൈലിലാ അളവ്. നമ്മുടെ “കുമാരിമുനമ്പേ“!

കണ്ണൂസ്‌ said...

നെടുമങ്ങാട്‌ റോക്കിംഗ്‌!!!

Anonymous said...

കുളസ്റ്റ്രാള്‍ തകര്‍പ്പന്‍. ഇതു കൊള്ളാല്ലൊ, നെടുമങ്ങാടീയം. അതിനടിയില്‍ എഴുതിയിട്ടുള്ള എന്തര് ഈയം വളരെ ഇഷ്റ്റമായിതോന്നി. മൊത്തത്തില്‍ ഒരു സിനിമ കണ്ട പ്രതീതി. എവിടുന്നു കിട്ടുന്നു ഈ കഥാപാത്രങ്ങളെ?

രമേഷ്.
(ആദ്യത്തേതില്‍ പേരുവയ്ക്കാന്‍ വിട്ടു പോയി, വരാം വിശദമായിപരിചയപ്പെടാം. സുമേഷ് ആണ് ഈ ലിങ്ക് തന്നത്. (മനസിലായല്ലൊ അല്ലെ?)