( പഴയകാലത്ത് കണ്ട ചില ജീവിതങ്ങൾ ഒരു കഥയുടെ പതിവു പൈങ്കിളിചിറകടിയോടെ.. എന്ന ജാമ്യം സമർപ്പയാമി :)“..ഇന്ത്യന്‍ മണ്ണില്‍ കാലമുയര്‍ത്തിയ രണ്ടാം താജ് മഹാൽഹോ ഹോ ജവഹർ ലാൽഹോ ഹോ ജവഹർ ലാൽ..”ജയചന്ദ്രന്റെ ഓര്‍മ്മ പിന്നെയും ആ വേദിയിൽ കുറെ നേരം കൂടി കുരുങ്ങിക്കിടന്നു. ജയചന്ദ്രൻ ഇപ്പോൾ ആ സ്റ്റേജിലെ സൈഡിലെ കര്‍ട്ടന്‍ ചെറുതായി വകഞ്ഞുമാറ്റി ആ സംഘഗാനം കേള്‍ക്കുകയാണ്. പതിവുപോലെ ജെസ്സി തന്നെയാണ് ഹൈ പിച്ചില്‍ ലീഡ് പാടുന്നത്. കഴിഞ്ഞവർഷവും ജില്ലാതലത്തിലെ യുവജനോത്സവത്തിൽ സംഘഗാനത്തിനു സ്കൂളിനു ഒന്നാം സമ്മാനം കിട്ടിയത് ഈ പാട്ടിനുതന്നെയാണ്. ഇത്തവണയും കിട്ടിയേക്കും എന്ന് അവനു അപ്പോൾ തോന്നി.
കണ്ണുനീരിൻ യമുനയ്ക്കരുകില്‍ കാലമുയര്‍ത്തിയ താജ് മഹാൽഹോ ഹോ ജവഹർ ലാൽഹോ ഹോ ജവഹര് ലാൽജവഹർലാൽജവഹർ ലാൽ.. അതിങ്ങനെ താഴ്ത്തിപ്പാടിയപ്പോൾ ജെസ്സിയുടെ നോട്ടം സൈഡിലെ കര്‍ട്ടന്റെ അരികിലേക്ക് ഒന്നു പാളി. അവനു സന്തോഷമായി.
ഓര്‍മ്മയിൽ നിന്നും പിടിവിടുമ്പോൾ, സ്കൂള്‍ കാലം വിട്ടുവരാന്‍ മടിച്ചുനില്‍ക്കുമ്പോൾ ജംഗ്ഷനിലെ തിരിവും കടന്ന് ജെസ്സി മറഞ്ഞു കഴിഞ്ഞു. അവളുടെ കടുത്ത പച്ചനിറമുള്ള സാരി മാത്രം കണ്ണിൽ. മനസിൽ അവനറിയാതെ മൂളുന്ന “വോ ഹോ ജവഹര് ലാലും”
“എന്തരാണെടെയ് ജെയാ, പഴയ കേസ് പൊടിതട്ടി എടുക്കാൻ വല്ല പരിപാടിയും ഒണ്ടാ? നിവർത്തിയിട്ട പാന്റിന്റെ തുണിയിൽ പതിഞ്ഞ ചോക്കുകൊണ്ട് ഷേപ്പ് വരച്ചിടുമ്പോള്‍ പ്രതീപ് ചോദിച്ചു.
“ഏയ്.. ഞാൻ അവളുടെ പണ്ടത്തെ പാട്ട് ആലോചിക്കേരുന്നു. ഇപ്പൊ പാട്ടുപരിപാടി ഒന്നുമില്ലേ അവൾക്ക്?“
“ഇപ്പം പാട്ടില്ല. പരിപാടി കാര്യമായിറ്റ് ഒണ്ടെന്നാണ് കേക്കണത്” പ്രതീപ് അര്‍ഥഗര്‍ഭമായി ചിരിച്ചു.
“ഇവളുടെ കല്യാണം ഒന്നും കഴിഞ്ഞില്ലീ ഇതുവരെ? ഇവളിപ്പം എവിടേണ്?“
“താമസമൊക്കെ പഴേസ്ഥലത്ത് തന്നെ. അവക്കിപ്പം എന്നും കല്യാണം തന്നെ. ആകെ ഒണ്ടായിരുന്ന തള്ള ചത്തത് ഇന്നാളാണ്. അതോടെ കാര്യങ്ങള് ലൈസന്‍സോടെ ആയി. പക്ഷെ ഇപ്പം നന്നായിറ്റ് ഒന്ന് ഒടഞ്ഞിറ്റൊണ്ട്. സിറ്റിയില് നല്ല ആഫറാണെന്നാണ് പയലുകള് പറയണത്.”
“ഉം. ഞാൻ എറങ്ങണെടെ പ്രതീപെ.. നിന്റെ പണീം നടക്കട്ട്”
പലകപ്പടികളിൽ ജയചന്ദ്രന്റെ കാല്‍പ്പാടുകൾ ഇറങ്ങിപോകുന്ന ശബ്ദം താഴ്ന്നു തുടങ്ങിയപ്പോൾ പ്രതീപ് ഓര്‍ത്തത് ജയന്റെ സംസാരത്തിലുണ്ടായ താളമാറ്റമാണ്. നാടുവിട്ടവര്‍ക്കെല്ലാം തിരികെവരുമ്പോൾ ഒരു പ്രത്യേക മണവും സംസാരരീതികളുമാണ്. അളക്കാനുള്ള ടേയ്പ്പ് കഴുത്തിലേക്ക് ഇട്ടിട്ട് അവന്‍ കത്രിക കയ്യിലെടുത്തു.
***
“ഇന്നെന്തുപറ്റി ന്യാരത്തെ? കമ്പനികളൊന്നുമില്ലീ മുക്കില്‍?” ലീവിനുവന്നിട്ട് ആദ്യമായാണ് സന്ധ്യകഴിഞ്ഞപ്പോൾ തന്നെ വീട്ടിൽ തിരികെ എത്തുന്നത് എന്ന കാര്യം അവൻ അപ്പോഴാണ് ശ്രദ്ധിച്ചത്. വീടിന്റെ വടക്കുവശത്ത് ഇറക്കികെട്ടിയ മുറിയിലേക്ക് കയറുമ്പോള്‍ ജയൻ ഉത്തരമായി വെറുതെ ഒന്നു മൂളുകമാത്രം ചെയ്തു. കട്ടിലിൽ കിടക്കുമ്പോൾ എവിടെ നിന്നോ ഓടിവന്നതു പോലെ ആ പാട്ട്.
ഇന്ത്യൻ മണ്ണിൽ കാലമുയര്‍ത്തിയ രണ്ടാം താജ് മഹാൽ..
അവൻ വെറുതെ അതു മൂളി. ജെസ്സിയായിരുന്നു അന്നു സ്കൂളിലെ നല്ല പാട്ടുകാരി. ലളിതഗാനത്തിനും സംഘഗാനത്തിനും അവൾ തന്നെയായിരുന്നു 3 വര്‍ഷവും തുടര്‍ച്ചയായി സ്കൂൾ
യുവജനോത്സവത്തിൽ സമ്മാനം വാങ്ങുക. ലളിതഗാനത്തിൽ എല്ലയ്പ്പോഴും കിട്ടിയില്ലെങ്കിലും അവൾ നയിക്കുന്ന സംഘഗാനം ജില്ലാ തലത്തില രണ്ടുവർഷവും ഒന്നാമതായിരുന്നു. പത്താം തരത്തിൽ പഠിക്കുമ്പോൾ ജില്ലാതലത്തിൽ മത്സരിക്കാൻ പോകുന്ന കുട്ടികളുടെ സംഘത്തിൽ കയറിക്കൂടാൻ അവന്റെ കവിതകൾക്കും കഴിഞ്ഞിരുന്നു.
“ഓടി നടന്ന പൈക്കളും ഒരു കുടന്നപ്പൂവും
ഒടുവിലായ് നീയും
ഒന്നൊഴിയാതെ പടിയിറങ്ങിപ്പോയ്
കരിന്തിരികത്തും വിളക്കില്‍
പുകയുടെ നാമ്പുയരും രാവിൽ
കാറ്റിനായ് ഞാനാ ജാലകം തുറന്നിട്ടു,
കണ്ടില്ല നിന്റെ നിഴലുപോലും..”
അന്നെഴുതിയ കവിതയുടെ ചിലവരികൾ ഇടയ്ക്കൊക്കെ ഒരു അറിയാതെ മനസിൽ വരും. പക്ഷെ അതിനെ ചുറ്റി വരുന്ന മറ്റു ചിലതിന്റെ ഓര്‍മ്മകൾ പുകപോലെ ചുറ്റുമ്പോൾ അവൻ ആ ഓര്‍മ്മകളെ പോലും വെറുക്കും. മനസിലിട്ട് കൊല്ലും. പക്ഷെ ഇന്ന് ജയന്‍ ഓർത്തു. പച്ചയും വെള്ളയുമാണ് ജെസ്സിയുടെ നിറം. അതായിരുന്നു അവരുടെ സ്കൂളിലെ എല്ലാ പെണ്‍കുട്ടികളുടേയും നിറം. അതിൽ അവൻ ജെസ്സിയെ വേർതിരിച്ചു കണ്ടിരുന്നത് അവളുടെ ചിരിയാണ്. ചിരിയിൽ അവൻ വേർതിരിച്ച് കണ്ടിരുന്നത് നിരതെറ്റി നിൽക്കുന്ന ഒരു പല്ലാണ്. അത് അവനെ ഒരുപാട് സന്തോഷിപ്പിച്ചിരുന്നു, മത്തുപിടിപ്പിച്ചിരുന്നു. ഒരു ദിവസം രാവിലെ അവർ രണ്ടാളും മാത്രം നേരത്തെ ക്ലാസിൽ എത്തിയ ദിവസം അവന്‍ ചോദിച്ചു, ഞാൻ ആ പല്ലിലൊന്നു തൊട്ടോട്ടേ എന്ന്. അവള്‍ ചിരിച്ചുകൊണ്ട് സമ്മതിച്ചു. ആ ചിരിയണയാതെ തന്നെ അവൾ നിന്നു. അവൻ ചൂണ്ടുവിരൽ കൊണ്ട് ആ പല്ലിൽ തൊട്ടു. പെട്ടന്നെ കൈ തിരികെ എടുത്തു. രണ്ടുപേരും ചിരിച്ചു.
പതിവുപോലെയുള്ള ക്ലാസ്. പക്ഷെ അന്നവർ പതിവു തെറ്റിച്ച് ഒരു കാര്യം കൂടി ചെയ്തു. ഒരുകാര്യവും ഇല്ലാതെ ഒരുപാടുതവണ പരസ്പരം നോക്കി.
“ജയചന്ദ്രന്‍ സീക്കേ.. ഇവിടെ ശ്രദ്ധിച്ചിരിക്കു.” കവിളില്‍ വന്നു കൊണ്ട ഒരു കഷണം ചോക്ക് നോട്ടത്തിന്റെ തരംഗങ്ങളെ തൽക്കാലത്തേക്ക് മുറിച്ചു. ക്ലാസില്‍ ശ്രദ്ധിക്കാത്തതിന് നാഗപ്പന്‍ സാർ ചിരിച്ചുകൊണ്ടൊരു വാണിങ്ങ് നോട്ടം അവനു കൊടുത്തു. പിന്നെ ഒരുപാടു ക്ലാസുകളില്‍ ഒരുപാടു നോട്ടങ്ങൾ ഒരുപാട് തരംഗവേഗങ്ങളിൽ സഞ്ചരിച്ചു, ഒരു ചോക്കു കഷണത്തിനും പിടികൊടുക്കാതെ.
എന്നും തിരിച്ചു വീട്ടിലേക്ക് പോകുന്ന കൂട്ടങ്ങളിൽ നിന്നും അവർ മാത്രം മനപൂർവ്വം മാറി തുടങ്ങി. പകുതിയോളം ദൂരം അവരൊന്നിച്ചായിരുന്നു യാത്ര, ഒരുദിവസം ചീലാന്തിമുടുക്കിൽ എത്തിയപ്പോൾ, മുന്നിലും പിന്നിലും ആളില്ലാ എന്ന് ഉറപ്പുവരുത്തി അവൻ അവളുടെ ഇടതു കൈക്കു പിടിച്ചു. അവൾ ആ കൈ തട്ടിയില്ല. അവനെ ഒന്നു നോക്കുകമാത്രം ചെയ്തു. അവൻ പെട്ടന്ന് കൈ എടുത്തു. എപ്പോഴോ അതുപിന്നെ പതിവായി. വളർന്നു പന്തലിച്ചു കിടക്കുന്ന ചീലാന്തികളുടെ ഇടയിലൂടെ ഉള്ള വഴിയിൽ അവന്റെ കൈകൾ അവളുടെ വിരലിന്റെ തണുപ്പ് ഒരുപാടുതവണ അറിഞ്ഞു. അവളുടെ ആര്‍ദ്രമായ നോട്ടം അവനുമറിഞ്ഞു. ചീലാന്തിപ്പടര്‍പ്പുകൾ ഇതു രണ്ടും അറിഞ്ഞു. ആ അറിവിനു മറപിടിക്കാനെന്നവണ്ണം ചീലാന്തികള്‍ ഒരു നിമിഷം അവർക്കു വേണ്ടി നിശബ്ദമായി നിന്നുകൊടുത്തു.
.....
ജയചന്ദ്രൻ കട്ടിലിന്റെ അടിയിലെ ബാഗില്‍ നിന്നും വിദേശമദ്യത്തിന്റെ ഒരു കുപ്പി വലിച്ചെടുത്തു. കൂട്ടുകാർക്ക് കൊടുക്കാൻ ക്യാന്റീനിൽ നിന്നും വാങ്ങിക്കൊണ്ടുവന്നതിൽ ഒന്നാണത്. അതു പൊട്ടിച്ച് മേശപ്പുറത്തിരുന്ന ഗ്ലാസിന്റെ പകുതിയോളം ഒഴിച്ചു കൂജയിൽ നിന്നും തണുത്ത വെള്ളവും അല്പം ഒഴിച്ച് ഒറ്റവലിക്ക് കുടിച്ചു. എന്നിട്ട് കണ്ണുതുറന്നപ്പോഴാണ് അയാള്‍ തിരിച്ചറിഞ്ഞത്, ഒറ്റവലിക്കടിച്ചാൽ താന്‍ കണ്ണടയ്ക്കാറുണ്ടെന്ന്. തലയിൽ എവിടെയോ എന്തോ ഒന്നു വന്നു തുടങ്ങി. അവനു അതിനെ ഒന്നുകൂടി കൊഴുപ്പിക്കാൻ തോന്നി. ഒരു പെഗ് കൂടി ഒഴിച്ചു. കുറച്ചുമാത്രം വെള്ളം ഒഴിച്ചു. പക്ഷെ ഇത്തവണ രണ്ടായിട്ടാണ് വലിച്ചത്. എന്നിട്ട് കട്ടിലിലേക്കിരുന്നു. പത്താൻകോട്ടിലെ തണുപ്പിൽ പോലും രണ്ടെണ്ണം അടിച്ചാൽ വേഗം ഫിറ്റാകുന്നവൻ ആണ് താൻ എന്ന് അവനോർത്തു.
പക്ഷെ അത്തരത്തിൽ ഒരു ഭാരക്കുറവ് അവനു കിട്ടിത്തുടങ്ങിയത് കട്ടിലിലേക്ക് ചായ്ഞ്ഞപ്പോളാണ്.
ഹോ ഹോ ജവഹർ ലാൽ.. ഹോ ഹോ ജവഹർ ലാൽ..
എന്തുകഷ്ടമാണ്. ഈ പാട്ടെന്തിനു ഇപ്പോൾ ഇവിടെ വരുന്നു? അവൻ കിടക്കയിൽ കൈ മുറുക്കി ഇടിച്ചു. എന്നിട്ടും ജവഹർ ലാൽ അവന്റെ ഉള്ളിൽ കിടന്നു കറങ്ങി. ആ പാട്ടുകേൾക്കുമ്പോളൊക്കെ വെളുത്ത തൊപ്പി വച്ച് ഉടുപ്പിന്റെ കീശയിൽ റോസാപൂവും തിരുകി പിന്നിൽ കൈ കെട്ടി നില്‍ക്കുന്ന നെഹൃ അവന്റെ മനസിൽ വരും. ആ കിടപ്പിൽ അവന്‍ ആ നില്‍പ്പ് ഒന്നുകൂടി സങ്കല്‍പ്പിച്ചു. വെളുത്ത നിറവും പൂവും തൊപ്പിയും എല്ലാം സാവധാനം പച്ചയോട് ചേർന്ന് പച്ചയും വെള്ളയുമായി. തണുത്ത വിരലുകളായി. ആർദ്രമായ നോട്ടങ്ങളായി.
സംഘഗാനം അവസാന ദിനമാണ് സാധരണ നടക്കാറുള്ളത്. അതു കഴിഞ്ഞാൽ സമാപനചടങ്ങ്. പിറ്റേന്ന് രാവിലെ തിരിച്ച് പുറപ്പെടും. എല്ലാവരും താമസിച്ചിരുന്നത് പതിവുപോലെ ആ സ്കൂളില്‍ തന്നെ. പെൺകുട്ടികളും ആൺകുട്ടികളും ഒരു ഗ്രൌണ്ടിനു എതിരേയുള്ള കെട്ടിടങ്ങളില്‍. അവന്റെ സ്കൂളിനു പൊതുവേ സമ്മാനങ്ങൾ കൂടുതൽ കിട്ടിയതു കൊണ്ടാവും ടീച്ചേര്‍സും കുട്ടികളും ഒക്കെ ഗ്രൌണ്ടിന്റെ സൈഡിൽ നിന്ന് കൂട്ടമായി സംസാരിച്ചു നിന്നു. പലരുടേയും പെര്‍ഫോമന്‍സിനെ കുറിച്ചുള്ള വിലയിരുത്തലും. “ജയചന്ദ്രനു എന്തുപറ്റി? ഞങ്ങൾ ഉറപ്പായും പ്രതീക്ഷിച്ച മൂന്ന് ഒന്നാം സമ്മാനങ്ങളിൽ ഒന്നു ജയചന്ദ്രനായിരുന്നു.
എന്തുപറ്റി കുട്ടീ..? രാഗിണി ടീച്ചര്‍ അവന്റെ അടുത്തുവന്നു ചോദിച്ചു. അവൻ ഒന്നും മിണ്ടിയില്ല. സംഘഗാന സംഘത്തിലെ എല്ലാവരും രണ്ടാം തവണയും സമ്മാനം അടിച്ച സന്തോഷത്തിലാണ്. ഇരുട്ടു പരന്നു തുടങ്ങി എങ്കിലും അതിന്റെ ഇടയിലൂടെ നോട്ടത്തിന്റെ ചാട്ടുളി പാഞ്ഞു. തന്റെ കവിത സി ഗ്രേഡിലേക്ക് പോയത് അവന്‍ മറന്നു. അവന്റെ കൈകൾ തണുത്ത വിരലുകൾക്കു വേണ്ടി മോഹിച്ചു.
...
ജയചന്ദ്രൻ കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റു. ഗ്ലാസ് എടുത്തു. കുപ്പിയിലെ ബ്രാന്റി പകുതിയോളം ഒഴിച്ചു. പിന്നെ അത് നേരേ തൊണ്ടയിലേക്ക് ഒഴിച്ചു. പിന്നെ സാവധാനം കിടക്കയിലേക്കിരുന്നു. ഇരുപ്പിനേക്കാൾ വേഗത്തിൽ അവൻ കിടന്നു.
...
ആ ക്ലാസിൽ ഒപ്പം താമസിച്ചിരുന്നവർ ആരും കാണാതെ അവൻ ക്ലാസിൽ നിന്നും പുറത്തിറങ്ങി. എതിരേയുള്ള കെട്ടിടത്തിലേക്ക് നോക്കി. ജനാല വഴി അവനെ കണ്ട ജെസ്സിയും പുറത്തേക്കിറങ്ങി. അവൻ കോറിഡോറിലൂടെ നടന്നു. എതിരേ നോക്കിയപ്പോൾ അവളും അതേദിശയില്‍നടക്കുന്നു. അവൻ നടത്തയ്ക്ക് വേഗത കൂട്ടി.അവളും. വലതുവശത്തായുള്ള ബിൽഡിങ്ങ് ഇരുട്ടിലാണ്.
ഇരുട്ട്. ഇരുട്ടിൽ ജെസ്സി ചുവർ ചാരി നിന്നും. അടുത്ത ബിൽഡിങ്ങിൽ നിന്നും വരുന്ന നേരിയ പ്രകാശത്തിന്റെ ചെറിയ പാളികൾ അവളുടെ കവിളിൽ തട്ടി. അപ്പോഴാണ് അവൻ ശ്രദ്ധിച്ചത് അവൾ ചിരിക്കുകയാണ്.
“എന്തു പറ്റി നെനക്ക് സി ഗ്രേഡ് ആയിപ്പോയത്?”
“എഴുതാനുള്ള വിഷയം കേട്ടപ്പം തന്നെ എന്റെ പ്രതീക്ഷ പോയി.“
പിന്നെ അവൾ ഒന്നും മിണ്ടിയില്ല. അവനും. അവളുടെ കൈകളിലേക്ക് നീങ്ങാനൊരുങ്ങുന്ന അവന്റെ കൈകളെ അവൻ പോക്കറ്റിന്റെ തടവിലിട്ടു.
“എന്താ ഈ ചെസ്റ്റ് നമ്പര് അഴിച്ചുമാറ്റാത്തത്.? ഞാൻ മാറ്റട്ടെ?”
അവള്‍ ഒന്നും മിണ്ടിയില്ല. അവന്‍ വിറയ്ക്കുന്ന കയ്യോടെ അവളുടെ ഉടുപ്പിൽ കൊരുത്തുവച്ചിരുന്ന മൊട്ടുസൂചിയിൽ കൈവച്ചു. അതിളക്കി മാറ്റുമ്പോൾ അവൾ ഒരുപാട് അടുത്തുവരുന്നതായി അവനറിഞ്ഞു. അത് ഇളക്കി മാറ്റാതെ തന്നെ അവൻ അവളെ ചേർത്തു പിടിച്ചു. അടുത്ത ബിൽഡിങ്ങിൽ നിന്നും വരുന്ന നേരിയ പ്രകാശത്തിന്റെ ചെറിയ പാളികൾ ഇപ്പോൾ അവരുടെ രണ്ടു പേരുടെയും കവിളിൽ തട്ടുന്നു. ആ പ്രകാശത്തിൽ നിന്നും ആ രണ്ടുകവിളുകളും ഒരുമിച്ച് വഴി മാറി.
ഇരുട്ട്.
സമാപന സമ്മേളനത്തിന്റെ ശബ്ദം ഉച്ചഭാഷിണിയിൽ. പക്ഷെ അവർ രണ്ടാളും അതൊന്നും കേട്ടില്ല. അവരുടെ ഉള്ളിലും ഇരുട്ടുകയറുന്നു.
ഇരുട്ട്.
ഉച്ചത്തിലുള്ള കൂക്കിവിളി
അവർ രണ്ടുപേരും അതു കേട്ടു. ഞെട്ടിമാറി. ഒരു കൂക്കിവിളി അല്ല. ഒരുപാട് കൂകലുകൾ. ആരുടെയും മുഖങ്ങൾ വ്യക്തമല്ല. ശബ്ദം മാത്രം. ഇരുട്ടുപിടിച്ച രൂപങ്ങൾ. പക്ഷെ അതിൽ പല ശബ്ദങ്ങളും രൂപങ്ങളും ഏത് ഇരുട്ടിലും താൻ തിരിച്ചറിയുന്ന തന്റെ സഹപാഠികളുടേതുതന്നെ എന്ന് മനസിലാക്കാന്‍ കഴിഞ്ഞു. ഇരുട്ടിൽ തെന്നിവന്ന വെളിച്ചത്തിൽ ജയചന്ദ്രൻ ഒന്നു കണ്ടു. ഉടുപ്പിന്റെ കുടുക്കുകൾ വലിച്ചടുപ്പിച്ച് കൂട്ടത്തെ ഭേദിച്ച് അവൾ ഓടുന്നു. കൂട്ടം കൂകലുമായി അവളുടെ പിന്നാലെ കുറച്ചുദൂരം ഓടി. അവളെ വിട്ടിട്ട് കൂവലുകൾ ഇപ്പോൾ തന്റെ നേരേയാണ് വരുന്നത്. ജയചന്ദ്രന്റെ തൊണ്ട വരണ്ടു. ഇരുട്ടുമാറി പെട്ടന്ന് പകൽ ആയതുപോലെ. പക്ഷെ കണ്ണിൽ മാത്രം ഇരുട്ടുകയറും പോലെ.
...
അയാൾ ചാടി എഴുന്നേറ്റു. കാലുകൾ നിലത്തുറയ്ക്കുന്നില്ല. പുറത്തെ വെളിച്ചം ജനലിലൂടെ അകത്തേക്ക് വരുന്നു. ലൈറ്റ് ഇടാൻ തോന്നിയില്ല. ചെവിക്കു ചുറ്റും ഇപ്പോഴും കൂകലുകൾ മുഴങ്ങുന്നു. പിന്നെ ആ ശബ്ദങ്ങൾ അകലെയാകുന്നു. അയാളുടെ കൈകൾ മേശപ്പുറത്തിരുന്ന മദ്യകുപ്പി തേടി നടന്നു. ഇരുട്ടിലതിന്റെ കഴുത്തില്‍ പിടിച്ച് എടുത്തു. നേരിട്ട് തൊണ്ടയിലേക്ക് ഒഴിച്ചു. ദാഹം തീരുവോളം ഒഴിച്ചു.
വാതിൽ പിടിച്ചടച്ച് ഇറങ്ങുമ്പോൾ, അമ്മ അവിടെ അകത്തുണ്ടോ എന്നുപോലും ശ്രദ്ധിക്കാൻ അവനു തോന്നിയില്ല. ഇരുട്ടിലേക്ക് അവൻ നടന്നു. ഒരുപാട് നടന്നവഴികളിലെന്നപോലെ അവൻ വേച്ചുവേച്ച് നടന്നു. ഓരോ കയറ്റിറക്കങ്ങളും അവനെ താളത്തിലാട്ടി നടത്തി. അവന്റെ നാവിൽ ഒരുപാട്ട് വന്ന് കുഴഞ്ഞു കുരുങ്ങി. അവൻ പാടി.
“വോ ഹോ ജവഹർ ലാൽ.. വോ ഹോ ജവഹർ ലാൽ..“
ആ പാട്ടിന്റെ ശബ്ദത്തിന്റെ കയറ്റിറക്കത്തെ കുറിച്ച് അവൻ ബോധവാനായിരുന്നില്ല. പാട്ടുപാടൽ മാത്രമായിരുന്നു അവന്റെ കര്‍മ്മം. കർമ്മത്തിനു ബോധത്തെ ഉറക്കിക്കിടത്താൻ ലഭിക്കുന്ന ഒറ്റമൂലിയാണ് മദ്യം. എതിരെ വന്നവരിൽ പലരും മങ്ങിയ വെട്ടത്തിൽ അവനെ കണ്ടു. അവന്റെ പാട്ടു കേട്ടു. പക്ഷെ ആരെയും അവൻ കണ്ടില്ല. കാലുകൾ ആടുന്ന താളത്തിൽ അത്പോകുന്ന വഴിയിലേക്ക് അവനും സഞ്ചരിച്ചു.
വാതില്‍ക്കൽ ഒരുപാടു തവണ മുട്ടി. ഒടുവിലത്തെ മുട്ടുകള്‍ കൈവീശിയുള്ള അടിയായിരുന്നു. ചുറ്റും അധികം വീടുകൾ ഇല്ല. ഉള്ളതിൽ പലതിനും പ്രകാശവും ഇല്ല. ലൈറ്റുണ്ടായിരുന്ന ഒരു വീട്ടിലെ പ്രകാശവും കെട്ടു. അടുത്ത അടിക്കു കയ്യോങ്ങുമ്പോൾ ആ വാതിൽ തുറന്നു.
ജെസ്സി. അവൾ ഉറക്കക്കണ്ണോടെ അവനെ നോക്കി. അവൾ ചിരിക്കാതിരുന്നിട്ടും അവളുടെ പല്ലുകളിലെ നിരയിൽ ഉന്തി നിൽക്കുന്ന പല്ലിന്റെ സ്ഥാനം അവനു കണ്ടുപിടിക്കാനായി. ഒരു നരച്ച നൈറ്റ് ഗൌണിൽ ഒരു വരണ്ട സ്വപ്നം പോലെ നിൽക്കുന്ന അവളെ നോക്കി അവൻ തളർന്ന ശബ്ദത്തിൽ വിളിച്ചു.
“ജെസ്സീ...”
അവൾ അവനെ ഒരു നിമിഷം നോക്കി നിന്നു. പിന്നെ അവൾ വഴിമാറി. അവൻ അകത്തേക്ക് കയറി.
“ജംഗ്‌ഷനില് വച്ച് കണ്ടു നിന്നെ. ഇന്നു വയ്യുംന്നേരത്ത്. നീ ഒരു പച്ചസാരിയെക്കെ ഉടുത്തിറ്റ്”
“നീ എന്ന് വന്നത്?”
“രണ്ടൂന്നു ദെവസായി”
പിന്നെ ആരും ഒന്നും മിണ്ടിയില്ല. തമ്മിൽ കാണാത്ത കുറേ വർഷങ്ങൾ അവരുടെ മുന്നിൽ കൊഴിഞ്ഞുവീണ്ടുകൊണ്ടിരുന്നു. അവന്റെ കാൽ ക്ഷീണിച്ചു. അവൻ കൂടുതല്‍ തളർന്നു.
“എനിക്ക് എവിടേങ്കിലും ഒന്ന് കെടക്കണം.“
കട്ടിലിന്റെ അടുത്തു നിന്ന അവൾ ഒരു വശത്തേയ്ക്ക് മാറി നിന്നു. അവൻ കട്ടിലിൽ ഇരുന്നു. അവളുടെ കുപ്പായത്തിനു കുപ്പായത്തിനു കുടുക്കുകളാണോ എന്നവൻ വെറുതേ നോക്കി. ചെസ്റ്റ് നമ്പർ കുത്തിവച്ചിട്ടുണ്ടോ? അവന്റെ കണ്ണുകൾ തിരഞ്ഞു. അവന്റെ തല തളർന്നു. അവൻ അവിടെ കിടന്നു. അവളുടെ തണുത്ത വിലരുകൾ തേടി അവന്റെ കൈകൾക്ക് പോകണമെന്നുണ്ട്. പക്ഷെ അവനു അവയെ എടുത്തുയർത്താനുള്ള ശക്തി പോലും ഇല്ല. തളർന്ന ശബ്ദത്തിൽ, അബോധാവസ്ഥയിൽ അവൻ പാടി.
..ഓ ഹോ ജഹവർ ലാൽ
ഓ ഹോ ജഹവർ ലാൽ
ഓ ഹോ...
അവന്‍ പിന്നെ ഉറങ്ങി.